ഉതി
പയ്യന്നൂരിനടുത്ത കണ്ടോത്ത് ഗ്രാമത്തിലെ കൂർമ്പ ഭഗവതിക്കാവിൽ ശിവന്റെ അവതാരമെന്ന നിലയിൽ ഒരു തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. പൊലത്തെയ്യം എന്നാണ് ഈ തെയ്യം അറിയപ്പെടുന്നത്. ഒരു ചെറിയ കിരീടവും ലളിതമായ ചമയങ്ങളും ഉടയാടകളുമാണ് ഇതിനുള്ളത്. കാർഷികവൃത്തിയുമായി ബന്ധമുള്ള പൊലത്തെയ്യത്തിന് നേർച്ച(കാണിക്ക)യായി സമർപ്പിക്കുന്നത് നെല്ലാണ്. പ്രാദേശികമായി ‘പൂല്’ എന്നറിയപ്പെടുന്ന മരത്തിന്റെ ചുവട്ടിൽ കെട്ടിയാടപ്പെടുന്നതിനാൽ ‘പൂലിന്റെ കീയിലെ തെയ്യം’ എന്നാണ് ഈ തെയ്യത്തെ പ്രദേശവാസികൾ വിളിക്കുന്നത്. ‘പൂല്’ എന്നാൽ ഉതി എന്ന വൃക്ഷമാണ്. ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണിത്....
പയ്യന്നൂരിനടുത്ത കണ്ടോത്ത് ഗ്രാമത്തിലെ കൂർമ്പ ഭഗവതിക്കാവിൽ ശിവന്റെ അവതാരമെന്ന നിലയിൽ ഒരു തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. പൊലത്തെയ്യം എന്നാണ് ഈ തെയ്യം അറിയപ്പെടുന്നത്. ഒരു ചെറിയ കിരീടവും ലളിതമായ ചമയങ്ങളും ഉടയാടകളുമാണ് ഇതിനുള്ളത്. കാർഷികവൃത്തിയുമായി ബന്ധമുള്ള പൊലത്തെയ്യത്തിന് നേർച്ച(കാണിക്ക)യായി സമർപ്പിക്കുന്നത് നെല്ലാണ്. പ്രാദേശികമായി ‘പൂല്’ എന്നറിയപ്പെടുന്ന മരത്തിന്റെ ചുവട്ടിൽ കെട്ടിയാടപ്പെടുന്നതിനാൽ ‘പൂലിന്റെ കീയിലെ തെയ്യം’ എന്നാണ് ഈ തെയ്യത്തെ പ്രദേശവാസികൾ വിളിക്കുന്നത്. ‘പൂല്’ എന്നാൽ ഉതി എന്ന വൃക്ഷമാണ്.
ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും നാട്ടിൻപുറങ്ങളിലും വളരുന്നു. 25 മീറ്റർ വരെ ഉയരത്തിൽ വളർന്നുകാണാറുള്ള ഇതിന് കട്ടിയുള്ള തൊലിയുണ്ട്. തൊലി ഛേദിച്ചാൽ ചുവപ്പുനിറത്തിലുള്ള കറ പുറത്തുവരും. തടിക്ക് ഇരുണ്ട തവിട്ടുനിറമോ ചാരനിറമോ ആണ്. അസമപിച്ഛാകാര സംയുക്തപത്രം (imparipinnate leaves) ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഒരു ഇലയിൽ ആയതാകൃതിയുള്ള പത്രകങ്ങൾ ഏഴോ ഒമ്പതോ കാണും. അവക്ക് 5-12 സെന്റിമീറ്റർ നീളവും 3-8 സെന്റിമീറ്റർ വീതിയും ഉണ്ടാകും. അഗ്രഭാഗം കൂർത്തതാണ്.
ജനുവരി-ഏപ്രിൽ മാസങ്ങളിലാണ് പൂക്കുന്നത്. പൂക്കുന്നതിനു മുന്നോടിയായി ഇലകൾ പൊഴിക്കാറുണ്ട്. പൂവിന് പച്ച കലർന്ന മഞ്ഞനിറമാണ്. ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ കുലകളിൽ കാണപ്പെടുന്നു. നാല് ദളങ്ങൾ. അസമമായ എട്ട്-പത്ത് കേസരങ്ങൾ ഉണ്ടാകും. 12 മില്ലിമീറ്റർ വ്യാസമുള്ള ദീർഘഗോളാകാരത്തിലുള്ള കായകൾക്ക് പച്ചനിറമാണ്. പഴുക്കുമ്പോൾ മഞ്ഞകലർന്ന പിങ്ക് നിറമായിത്തീരുന്നു.
ഉദി, ഒടിമരം, കരയം, കലയം, കലശം കരശ്, കാരിലവ്, ചെങ്കരയം, പുകില്, പൂല്, വടക്കൻ കരയം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Lannea coromandelica എന്നാണ്. ലാറ്റിൻ ഭാഷയിൽ കമ്പിളിരോമം എന്നർഥമുള്ള പദമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. കോറമണ്ഡലിക്ക എന്ന സ്പീഷീസ് നാമത്തിനർഥം കോറമണ്ഡൽ തീരത്ത് നിന്നുള്ളത് എന്നാണ്. മാവും അമ്പഴവും ഉൾപ്പെടുന്ന അനാകാർഡിയേസിയേ (Anacardiaceae) കുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Indian Ash Tree, Wodier എന്നീ പേരുകളുണ്ട്. ജിംഗിണീ, ത്ധിംഗിണീ, തപിംഗഡീ, പ്രമോദിനീ എന്നിവയാണ് സംസ്കൃതനാമങ്ങൾ.
1683ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ കലശം എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ മരത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ‘മരപ്പട്ട ഇടിച്ചുപൊടിച്ച് വെണ്ണ ചേർത്ത് പുരട്ടുന്നത് മാരകമായ മുറിവുപറ്റുമ്പോൾ വരുന്ന ഞരമ്പുവലിച്ചിലും വിറയലും ഇല്ലാതാക്കുന്നു. അതേപോലെ സാരമായ മുറിവുകളും ഹൃദയത്തിന്റെ വേദനയും ഇല്ലാതാക്കുന്നു. മരപ്പട്ട ചതച്ച് നീരെടുത്ത് കഴിക്കുന്നത് ആസ്ത്മ മാറ്റുന്നു.
എല്ലുപൊട്ടലുമായി ബന്ധപ്പെട്ട ചികിത്സയിൽ ഉതി ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് കളരി ചികിത്സകനായ തൃശ്ശൂർ തളിക്കുളത്തെ ജഗദീശൻ ആശാൻ പറയുന്നു. മൂത്ത ഉതിമരത്തിന്റെ നീര് അകന്നുനിൽക്കുന്ന എല്ലുകളെ യോജിപ്പിക്കുവാൻ അത്യുത്തമമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊലിയിൽനിന്നുള്ള കറ കാലിക്കോ അച്ചടിയിലും മിഠായി നിർമാണത്തിലും ഉപയോഗിച്ചിരുന്നു.
കേരളത്തിൽ കാണപ്പെടുന്ന മലേഷ്യൻ അമ്പിളിക്കണ്ണൻ (Malaysian Moon Moth) എന്ന മനോഹരമായ നിശാശലഭത്തിന്റെ ലാർവാഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്. കൂടാതെ, Cinnamon Gliding Hawkmoth എന്ന നിശാശലഭത്തിന്റെ ലാർവകളും ഈ വൃക്ഷത്തിന്റെ ഇലകൾ ആഹരിച്ചു വളരുന്നുണ്ട്. ചതുർവരയൻ നീലി (Pale Four Line Blue) എന്ന ചിത്രശലഭത്തിന്റെ ലാർവകളും ഇതിൽ വളരുന്നുണ്ട്. കേരളത്തിലെമ്പാടും ഈ വൃക്ഷം വളരെ സാധാരണമായി വളർന്നുകാണുന്നുണ്ട്. ഇതിനു കാരണം ബുൾബുൾ, ചിന്നക്കുട്ടുറുവൻ തുടങ്ങിയ നാട്ടുപക്ഷികൾ വഴി ഇതിന്റെ വിത്തുകൾ വിതരണം ചെയ്യപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.