കുട്ടിക്കാലത്ത് സ്ലേറ്റും പെൻസിലും ഉപയോഗിച്ചിരുന്ന നാളുകളിൽ സ്ലേറ്റിൽ എഴുതിയത് വൃത്തിയായി മായ്ച്ചുകളയുന്നതിന് പലതരം ചെടികളുടെ ഇലകളോ തണ്ടുകളോ ഉപയോഗിച്ചിരുന്നു. മഷിത്തണ്ട്, കള്ളിച്ചെടി, ഓണത്തണ്ട് എന്നിവ കൂടാതെ ഇലമുളച്ചിയുടെ ഇലകളും ഉപയോഗിച്ചിട്ടുണ്ടായിരുന്നു. അച്ചടിച്ചപ്പ് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പുസ്തകത്താളുകളിലായിരുന്നു ഇലമുളച്ചിയുടെ ഇലകൾ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നത്. വീടിനടുത്തുള്ള കശുമാവുകൾ വളർന്നുനിന്നിരുന്ന കുന്നിൻ ചെരിവുകളിൽ ഇലമുളച്ചികൾ വളർന്നുനിന്നിരുന്നു. ഇലയുടെ വക്കിൽനിന്ന് പൊട്ടിവരുന്ന കുഞ്ഞുതൈകൾ അന്ന് ഏറെ കൗതുകം ഉളവാക്കിയിരുന്നു. മൂന്നാം...
കുട്ടിക്കാലത്ത് സ്ലേറ്റും പെൻസിലും ഉപയോഗിച്ചിരുന്ന നാളുകളിൽ സ്ലേറ്റിൽ എഴുതിയത് വൃത്തിയായി മായ്ച്ചുകളയുന്നതിന് പലതരം ചെടികളുടെ ഇലകളോ തണ്ടുകളോ ഉപയോഗിച്ചിരുന്നു. മഷിത്തണ്ട്, കള്ളിച്ചെടി, ഓണത്തണ്ട് എന്നിവ കൂടാതെ ഇലമുളച്ചിയുടെ ഇലകളും ഉപയോഗിച്ചിട്ടുണ്ടായിരുന്നു.
അച്ചടിച്ചപ്പ് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പുസ്തകത്താളുകളിലായിരുന്നു ഇലമുളച്ചിയുടെ ഇലകൾ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നത്. വീടിനടുത്തുള്ള കശുമാവുകൾ വളർന്നുനിന്നിരുന്ന കുന്നിൻ ചെരിവുകളിൽ ഇലമുളച്ചികൾ വളർന്നുനിന്നിരുന്നു. ഇലയുടെ വക്കിൽനിന്ന് പൊട്ടിവരുന്ന കുഞ്ഞുതൈകൾ അന്ന് ഏറെ കൗതുകം ഉളവാക്കിയിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരോടൊത്ത് ചൊടക്ക് (ഇലമുളച്ചി) ഒടിക്കാൻ അടുത്തുള്ള കാച്ചാംകുന്നിലുള്ള ശ്മശാനത്തിലേക്ക് പോയിരുന്നതായി എഴുത്തുകാരി മൈന ഉമൈബാൻ പറയുന്നുണ്ട്. ‘‘പ്രജനനശേഷിയുള്ള ഇലയുടെ അഗ്രം രസഭരമായ ഒരു വൈചിത്ര്യംതന്നെ’’യെന്ന് ആഷാമേനോനും പറയുന്നു. (ഇലമുളച്ചികൾ)
“ ഇലമുളച്ചികളുടെ ധർമം പൂവിടുകയോ കായ്ക്കുകയോ അല്ല, ചുറ്റുമുള്ള മണ്ണിനെ ഉർവരമാക്കിത്തീർക്കുകയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏതായാലും ബാല്യകാലത്തെ ഒരുപാട് ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് ഇലമുളച്ചി. ഇലമുളച്ചികളുടെ ഒരു സാങ്ച്വറിയാണ് നമ്മുടെ കുന്നിൻ പ്രദേശങ്ങൾ.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇലമുളച്ചിയുടെ ജന്മദേശമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ ഉഷ്ണമേഖലയിലുടനീളം കണ്ടുവരുന്നു. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലെ പാറപ്രദേശങ്ങളിലും കുന്നിൻ ചെരിവുകളിലും സമതലങ്ങളിലും ഈർപ്പം കുറഞ്ഞ പ്രദേശങ്ങളിലും ഈ ഓഷധി വളരുന്നുണ്ട്.
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു രസഭരസസ്യമാണിത്. തണ്ടിനു സിലിണ്ടർ ആകാരമാണ്. മാംസളമായ തണ്ട് പെട്ടെന്ന് ഒടിഞ്ഞുപോകും. ഇലകൾ ദീർഘവൃത്താകൃതിയിൽ, അഗ്രഭാഗം അൽപം വീതി കുറഞ്ഞും മധ്യഭാഗം വീതി കൂടിയുള്ളതും തടിപ്പുള്ളതുമാണ്. ഇലകൾക്ക് 5-10 സെ. മീറ്റർ നീളവും 3-6 സെ. മീറ്റർ വീതിയും ഉണ്ടാകും. സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.
ഇലകളുടെ വക്ക് ദന്തുരമാണ്. ദന്തുരസീമാന്തത്തിലുള്ള വിടവുകളിലുള്ള മുകുളങ്ങളിൽനിന്നാണു പുതിയ തൈകൾ മുളച്ചുവരുന്നത്. ഇലയിൽനിന്ന് തൈകൾ മുളച്ചുവരുന്നതിനാലാണ് ഇലമുളച്ചി എന്ന് പറയുന്നത്.
ശാഖാഗ്രങ്ങളിലാണ് പുഷ്പമഞ്ജരി ഉണ്ടാകുന്നത്. ഡിസംബർ-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. പുഷ്പമഞ്ജരിക്ക് 30-40 സെ. മീറ്റർ നീളമുണ്ടാകും. ഇതിൽ ധാരാളം പൂങ്കുലകൾ കാണും. ഓരോ പൂങ്കുലയിലും മൂന്ന് പൂക്കൾ ഉണ്ടാകും. ബാഹ്യദളപുടത്തിന് ചുകപ്പുനിറമോ പിങ്ക് നിറമോ ആയിരിക്കും. എട്ട് കേസരങ്ങൾ. ഫലം ഫോളിക്കിൾ ആണ്. ഫലത്തെ പൊതിഞ്ഞ് കൊഴിഞ്ഞുപോകാത്ത ദളങ്ങളും ബാഹ്യദളങ്ങളും സ്ഥിരമായി കാണപ്പെടുന്നു. വിത്തുകൾ തീരേ ചെറുതാണ്. വിത്തിനു ചുകപ്പു നിറം.
ആകാശച്ചെടി, അച്ചടിച്ചപ്പ്, ഇലച്ചെടി, ഇലമരുന്ന്, ഇലയിന്മേൽ തൈ, കള്ളിയിലച്ചെടി, കൊപ്പാട്ട, ചൊടുക്കുചെടി, പുണ്ണില, വനജ, വെടിത്തക്കാളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം Bryophyllum pinnatum എന്നാണ്. ഇലയിൽനിന്ന് മുളക്കുന്നത് (Bryo -sprout, phyllon -leaf) എന്നാണ് ജനുസ്സ് നാമം അർഥമാക്കുന്നത്. ക്രാസുലേസിയേ (Crassulaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Air plant, Good luck leaf, Life plant, Miracle leaf എന്നീ പേരുകളുണ്ട്.
അസ്ഥിഭക്ഷഃ, പർണബീജഃ എന്നിവയാണ് സംസ്കൃതനാമങ്ങൾ. ഇല ഔഷധമായി ഉപയോഗിക്കുന്നു. അതിസാരം, ഗ്രഹണി, മൂത്രാശയക്കല്ല്, ചുട്ടുനീറ്റൽ ചതവ്, തീപ്പൊള്ളൽ തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു.
ഇല ചതച്ച് മുറിവിൽ വെച്ചുകെട്ടിയാൽ മുറിവ് സുഖപ്പെടും. ചെറിയ വിഷജന്തുക്കൾ കടിച്ചാൽ കടിഭാഗത്ത് ഇല ചതച്ചത് ബാഹ്യലേപനമായി ഉപയോഗിക്കുന്നു. ഇലയുടെ നീര് നെയ്യുമായി ചേർത്ത് രക്താതിസാരത്തിനു മരുന്നായി നൽകാറുണ്ട്. ഇതുതന്നെ ചതവിനും പുരട്ടാം. ഗ്രഹണി, അതിസാരം, മുറിവ്, പൊള്ളൽ, ക്ഷതം, ചുട്ടുനീറ്റൽ എന്നിവക്കും ഔഷധമാണ്.
ഇലമുളച്ചിയുടെ പൂക്കൾ നെറ്റിയിൽ കുത്തി ‘ഞൊട്ട’യടിക്കാൻ ഉപയോഗിച്ചിരുന്നു. തിരുവനന്തപുരത്ത് അടുത്തകാലം വരെ സ്കൂൾ പരിസരങ്ങളിൽ ഇതിന്റെ പൂക്കൾ ‘ചൊടക്ക്’ എന്ന പേരിൽ ഇപ്പറഞ്ഞ ആവശ്യത്തിനായി ചന്തയിൽ വിൽപനക്കുണ്ടായിരുന്നു. ഊതി നെറ്റിയിലടിച്ചു പൊട്ടിക്കുന്നതിനാൽ മലപ്പുറത്ത് ചില ദേശങ്ങളിൽ ‘ഇലമ്മപ്പൊട്ടി’ എന്ന് പേരുണ്ട്.
ചെങ്കോമാളി (Red Pierrot) ശലഭത്തിന്റെ ലാർവാഭക്ഷണ സസ്യമാണിത്. ലാർവകൾ ഇലകൾക്കുള്ളിൽ തുളഞ്ഞുകയറി മാംസളമായ ഭാഗം ആഹരിക്കുകയും ഇലയുടെ നേർത്ത പുറന്തൊലിക്കുള്ളിൽ ഒളിച്ചിരിക്കുകയും ചെയ്യും. പ്യൂപ്പയാകുമ്പോൾ മാത്രമേ ഇലകൾക്കു പുറത്തേക്കു വരാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.