കാരമുള്ള്
‘‘കാതുരുമ്മി കാരമുള്ളോണ്ട്കാതുകുത്തണ നേരം നോവുമ്പോൾ പച്ചിലനോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ...’’ ഇടനാടൻ ചെങ്കൽക്കുന്നുകൾ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. കാസർകോട് ജില്ലയിലെ തെയ്യക്കാവുകളിൽ പലതും ഇടനാടൻ ചെങ്കൽക്കുന്നിൻ പ്രദേശങ്ങളിലാണ്. ഇത്തരം പ്രദേശങ്ങളിൽ വളർന്നുനിൽക്കുന്ന കാരമുള്ളുമായി ബന്ധമുള്ള ഒരു തെയ്യമാണ് കാരഗുളികൻ. ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ തെയ്യക്കാവുകളിലാണ് ഇത് പ്രധാനമായും കെട്ടിയാടുന്നത്....
‘‘കാതുരുമ്മി കാരമുള്ളോണ്ട്
കാതുകുത്തണ നേരം
നോവുമ്പോൾ പച്ചിലനോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ...’’
ഇടനാടൻ ചെങ്കൽക്കുന്നുകൾ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. കാസർകോട് ജില്ലയിലെ തെയ്യക്കാവുകളിൽ പലതും ഇടനാടൻ ചെങ്കൽക്കുന്നിൻ പ്രദേശങ്ങളിലാണ്. ഇത്തരം പ്രദേശങ്ങളിൽ വളർന്നുനിൽക്കുന്ന കാരമുള്ളുമായി ബന്ധമുള്ള ഒരു തെയ്യമാണ് കാരഗുളികൻ. ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ തെയ്യക്കാവുകളിലാണ് ഇത് പ്രധാനമായും കെട്ടിയാടുന്നത്. കാരക്കുളിയൻ എന്നും ഈ തെയ്യം അറിയപ്പെടുന്നുണ്ട്. ഉമ്മട്ടക്കുളിയൻ, മാരണക്കുളിയൻ, ഉച്ചാര്ക്കുളിയൻ, അകനാള്ക്കുളിയൻ, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നിങ്ങനെ ഗുളികന്റെ വ്യത്യസ്ത കോലങ്ങളിൽ ഏറ്റവും അപൂർവമായ ഒന്നാണ് കാരക്കുളിയൻ.
വലിയപൊയിലിലെ കാരത്തോട് എന്ന ദേശത്ത് കാരക്കുളിയന് ഒരു പ്രധാന സ്ഥാനവുമുണ്ട്. നട്ടുച്ചനേരത്താണ് കാരക്കുളിയൻ പുറപ്പെടുക. തന്റെ പ്രചണ്ഡമായ കരുത്ത് കാണിക്കാനായിരിക്കണം ഈ തെയ്യക്കോലം കാരപ്പൊന്തകളിൽ മലർന്നുവീഴുകയും പൂർവാധികം വീര്യത്തോടെ എഴുന്നേറ്റ് വരികയും ചെയ്യുന്നത്. ഈ ചടങ്ങ് ഒരുപാട് പ്രാവശ്യം ആവർത്തിക്കാറുണ്ട്. മുൾപ്പടർപ്പുകളിൽ വീഴുന്ന തെയ്യത്തെ വലിച്ചുകയറ്റാനായി പ്രത്യേകം സഹായികളുമുണ്ടായിരിക്കും. സഹായികളിൽനിന്നും കുതറിമാറി വീണ്ടും വീണ്ടും കൂർത്തമുള്ളുകളിലേക്ക് വീണുകൊണ്ടിരിക്കും. ഇതുമായി ബന്ധപ്പെട്ട് ‘കാരക്കുളിയൻ’ എന്നൊരു ചെറുകഥ അംബികാസുതൻ മാങ്ങാട് എഴുതിയിട്ടുണ്ട്.
ഇന്തോ-മേലഷ്യൻ (Indo-Malesia) മേഖലയിൽ കാണപ്പെടുന്ന വലിയ കുറ്റിച്ചെടിയാണ് കാരമുള്ള്. കേരളത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും ചെങ്കൽക്കുന്നുകളിലും കാവുകളിലും വളരുന്നു. തൊലിക്ക് ചാരനിറമാണ്.
കാണ്ഡത്തിലും ശാഖകളിലും നീണ്ടു കൂർത്ത മുള്ളുകളുണ്ട്. മുള്ളുകൾക്ക് 1-3.2 സെന്റിമീറ്റർ വരെ നീളമുണ്ട്. 1.8-4.2 സെന്റിമീറ്റർ നീളവും 1.3.3 സെന്റിമീറ്റർ വരെ വീതിയുമുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് അണ്ഡാകൃതിയോ അപാണ്ഡാകൃതിയോ ആയിരിക്കും. ഇലകൾ ഞെരടിയാൽ അത്ര നല്ലതല്ലാത്ത മണമാണ്. മാർച്ച്-മേയ് മാസങ്ങളിലാണ് പൂക്കുന്നത്. മഞ്ഞിച്ച പച്ചനിറമുള്ള ചെറിയ പൂക്കൾ പത്രകക്ഷങ്ങളിൽ മുള്ളുകൾക്കടിയിലായിട്ടാണ് ഉണ്ടാകുന്നത്. പൂക്കൾ ചെറിയ കറ്റകളായിട്ടാണ് കാണപ്പെടുന്നത്. അര സെന്റിമീറ്റർ മാത്രം വ്യാസമുള്ള പൂവിന് നക്ഷത്രത്തിന്റെ ആകൃതിയാണ്. പൂമൊട്ടുകൾ ഗ്ഗോലാകാരത്തിലും ഒട്ടുന്ന സ്വഭാവമുള്ളതുമാണ്. കേസരങ്ങൾ നാലെണ്ണം. ഗോളാകൃതിയുള്ള പച്ചനിറമുള്ള ഫലത്തിനു 1-1.4 സെന്റിമീറ്റർ വലുപ്പമുണ്ടാകും. പഴുക്കുന്നതോടെ മഞ്ഞനിറമായിത്തീരുന്നു. രണ്ടു വിത്തുകൾ കാണും.
കണ്ടൻകാര, കട്ടക്കാര, കഠാരമുള്ള്, കണ്ടകാര, പൂച്ചക്കാര എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Canthiun coromandelicum എന്നാണ്. കണ്ടൻകാര എന്ന മലയാള പദത്തിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമമായി നൽകപ്പെട്ടിരിക്കുന്നത്. കോറമണ്ഡൽ തീരത്തുനിന്നുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. കടമ്പും ചെത്തിയും ഉൾപ്പെടുന്ന റൂബിയേസിയേ (Rubiaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Wild Jessamine, Indian Barbed wire plant, Coromandel Box wood എന്നിവയാണ് ഇംഗ്ലീഷ് പേരുകൾ. ഗാങ്ഗേരുകീ, ഛായാതിനിശഃ എന്നിവയാണ് സംസ്കൃതനാമങ്ങൾ.
പഴം ഭക്ഷ്യയോഗ്യമാണ്. കുട്ടിക്കാലത്ത് പറിച്ചുതിന്നാറുണ്ട്. ഇതിന്റെ മുള്ളാണ് പണ്ട് പെൺകുഞ്ഞുങ്ങൾക്ക് കാത് കുത്താൻ ഉപയോഗിച്ചിരുന്നത്. സ്ത്രീകൾ പ്രസവിച്ചാൽ പ്രസവരക്ഷയിൽ കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ കാരയില ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. വിഷുവിന് ഉണ്ണിയപ്പം (കാരയപ്പം) എണ്ണയിൽനിന്നും എടുക്കാൻ ഇതിന്റെ കമ്പ് (ഒന്നോ രണ്ടോ മുള്ളുകൾ ഒഴിച്ച് ബാക്കിയുള്ളവ നീക്കം ചെയ്തത്) ഉപയോഗിച്ചിരുന്നു. കോൽക്കളിയിൽ ഉപയോഗിക്കുന്ന കോലുകൾ ഉണ്ടാക്കാനും കാരക്കമ്പുകൾ ഉപയോഗിക്കാറുണ്ട്.
വലിയ തെങ്ങുകളിൽ തേങ്ങ മോഷണം തടയുന്നതിനായി കെട്ടുന്ന ‘പൊത്തലിൽ’ കെട്ടുന്നതിനായി കാരമുള്ളിൻ കമ്പുകൾ ഉപയോഗിക്കുമായിരുന്നു. കൂടാതെ, വേലികെട്ടുമ്പോഴും കാരമുള്ളിൻ കമ്പുകൾ ഉപയോഗിച്ചിരുന്നു. ഇലയും വേരുകളും ഔഷധയോഗ്യങ്ങളാണ്. ദഹനക്കേട്, ഗ്രഹണി, അതിസാരം, മലബന്ധം, ഉദരകൃമി, തലവേദന തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.
1688ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസിന്റെ ഏഴാം വാല്യത്തിൽ കാരമുള്ളിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇപ്പോൾ നിലവിലില്ലാത്ത ‘വള്ളി-ക്കാര’ എന്നപേരിലാണ് ഈ ഗ്രന്ഥത്തിൽ ഈ സസ്യത്തെ പരാമർശിക്കുന്നത്. ശലഭങ്ങൾ ഉൾപ്പെടെ ധാരാളം ഷഡ്പദങ്ങളെ ആകർഷിക്കുന്നതാണ് കാരമുള്ളിന്റെ പൂക്കൾ. പൂക്കൾക്ക് രൂക്ഷമായ ഗന്ധമുണ്ട്.
കാരഗുളികൻ കെട്ടിയാടുന്ന ഇടങ്ങളിൽ തെയ്യത്തിന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ടുകൊണ്ടെങ്കിലും കാരപ്പൊന്തകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കാരക്കുളിയന്റെ പേരിലെങ്കിലും കാരപ്പൊന്തകൾപോലുള്ള ചെറു ആവാസവ്യവസ്ഥകളുടെ ശേഷിപ്പുകൾ നിലനിൽക്കുന്നത് അത്രക്കെങ്കിലും ആശാസ്യമാണ്. എന്നാൽ, കാരപ്പൊന്തകൾ നശിച്ച പ്രദേശങ്ങളിലുള്ള കാവുകളിൽ ഈ തെയ്യം കെട്ടിയാടുമ്പോൾ മറ്റെവിടെനിന്നെങ്കിലും കാരമുള്ളുകൾ വെട്ടിക്കൊണ്ടുവന്ന് ചെറിയ കൂനകളാക്കി ചടങ്ങ് നടത്തുന്ന പരിപാടിയും ഇപ്പോൾ കണ്ടുവരുന്നുണ്ട്! Egnasia ephyrodalis എന്ന നിശാശലഭത്തിന്റെ ലാർവാഭക്ഷണ സസ്യംകൂടിയാണ് ഈ സസ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.