കരിങ്ങോട്ട
പ്ലാസ്റ്റികിന്റെയും തുകലിന്റെയും പാദരക്ഷകൾ വരുന്നതിനുമുമ്പുതന്നെ മനുഷ്യർ അപൂർവമായി ധരിച്ചിരുന്നത് മരത്തിന്റെ ചെരുപ്പായിരുന്നു. മെതിയടി എന്നായിരുന്നു ഇതിനു പേര്. മരംകൊണ്ട്, പ്രത്യേകിച്ച് കുമ്പിൾ മരത്തിന്റെ തടികൊണ്ട് നിർമിച്ചിരുന്നതായിരുന്നു ഈ മെതിയടികൾ. എന്നാൽ, ചില സന്യാസിമാർ കരിങ്ങോട്ട മരത്തിന്റെ തടികൊണ്ട് നിർമിച്ചിരുന്ന മെതിയടികളാണത്രെ ധരിച്ചിരുന്നത്. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ചെറിയ വൃക്ഷമാണ് കരിങ്ങോട്ട. കായലോരങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും തീരദേശത്തെ കാവുകളിലും ഈ വൃക്ഷം വളരുന്നുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഇത്...
പ്ലാസ്റ്റികിന്റെയും തുകലിന്റെയും പാദരക്ഷകൾ വരുന്നതിനുമുമ്പുതന്നെ മനുഷ്യർ അപൂർവമായി ധരിച്ചിരുന്നത് മരത്തിന്റെ ചെരുപ്പായിരുന്നു. മെതിയടി എന്നായിരുന്നു ഇതിനു പേര്. മരംകൊണ്ട്, പ്രത്യേകിച്ച് കുമ്പിൾ മരത്തിന്റെ തടികൊണ്ട് നിർമിച്ചിരുന്നതായിരുന്നു ഈ മെതിയടികൾ. എന്നാൽ, ചില സന്യാസിമാർ കരിങ്ങോട്ട മരത്തിന്റെ തടികൊണ്ട് നിർമിച്ചിരുന്ന മെതിയടികളാണത്രെ ധരിച്ചിരുന്നത്.
ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ചെറിയ വൃക്ഷമാണ് കരിങ്ങോട്ട. കായലോരങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും തീരദേശത്തെ കാവുകളിലും ഈ വൃക്ഷം വളരുന്നുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഇത് കാണപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ തൊലിക്ക് കറുപ്പു കലർന്ന ചാര നിറമാണ്. കരിം പച്ച നിറമുള്ള തിളക്കമുള്ള ഇലകൾക്ക് 15-22 സെന്റി മീറ്റർ നീളവും 5-6 സെന്റി മീറ്റർ വീതിയും കാണും. ഇലകൾ വിന്യസിച്ചിരിക്കുന്നത് ഏകാന്തരക്രമത്തിലാണ്. ഇലഞെട്ടിന് 1-2 സെന്റി മീറ്റർ നീളമുണ്ടാകും. മരത്തിന് പൊതുവെ ഇരുണ്ട നിറമായതിനാലാകണം കരിങ്ങോട്ട എന്ന പേര് ലഭിച്ചത്.
ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. മിക്കവാറും എല്ലാ കാലത്തും പൂക്കൾ കാണുമെങ്കിലും നവംബർ-ജനുവരി മാസങ്ങളാണ് പ്രധാന പൂക്കാലം. പൂങ്കുലത്തണ്ടിന് 7-30 സെന്റി മീറ്റർ വരെ നീളമുണ്ടാകും. പൂങ്കുല ഛത്രമഞ്ജരിയാണ് (umbellate -കുടയുടെ ആകൃതിയുള്ളത്). പൂങ്കുലയിൽ പലപ്പോഴും പുളിയുറുമ്പുകൾ കൂട്ടംകൂടിയിരിക്കുന്നത് കാണാം. നാല് ദളങ്ങൾ. ദളങ്ങൾക്ക് ഇളംമഞ്ഞ നിറമോ ക്രീം നിറമോ ആണ്. കേസരങ്ങൾ എട്ടെണ്ണം കാണും. അണ്ഡാശയത്തിന് നാല് അറകൾ. ഫലങ്ങൾ മധ്യഭാഗം ഉയർന്ന് അൽപം പരന്നതും അണ്ഡാകൃതിയുള്ളവയുമാണ്. മൂന്നോ നാലോ മാസങ്ങൾകൊണ്ട് ഫലങ്ങൾ പാകമാകുന്നു.
കരിഞ്ഞോട്ട എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Quassia indica എന്നാണ്. സിമറുബേസീ (Simaroubaceae) കുടുംബത്തിൽ ഉൾപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുരിനാമിലെ (Suriname) തോട്ടമുടമയും സസ്യങ്ങൾ ശേഖരിക്കുന്നതിൽ തൽപരനുമായിരുന്ന സി.ജി. ഡാൽബർഗിന്റെ (C.G. Dahlberg) ജോലിക്കാരനായിരുന്ന ഗ്രമൻ ക്വാസിയോടുള്ള (Graman Quassi) ആദരസൂചകമാണ് ഈ സസ്യത്തിന്റെ ജനുസ്സ് നാമമായ Quassia എന്ന പദം. ക്വാസി എന്ന ജോലിക്കാരൻ ഈ സസ്യത്തിന്റെ പട്ട പനിക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്നുവത്രെ. ഇൻഡിക്ക (indica) എന്ന സ്പീഷീസ് നാമം ഇന്ത്യയിൽനിന്നുള്ളത് എന്ന അർഥമുള്ളതാണ്. Quassiaയുെട രണ്ടു സ്പീഷീസുകൾ മാത്രമേ കേരളത്തിൽ കാണപ്പെടുന്നുള്ളൂ. മറ്റൊന്ന് സുരിനാമിച്ചെടി എന്നറിയപ്പെടുന്ന Quassia amara എന്ന അലങ്കാരച്ചെടിയാണ്.
കരിങ്ങോട്ടയുടെ ഇംഗ്ലീഷ് നാമം Niepa Bark Tree എന്നാണ്. നീലവൃക്ഷഃ, നീലസാരഃ എന്നിവയാണ് സംസ്കൃതനാമങ്ങൾ. കരിങ്ങോട്ടയുടെ തൊലി, ഇല, കാതൽ, വിത്തിൽനിന്നെടുക്കുന്ന എണ്ണ എന്നിവ ഔഷധമായി ഉപയോഗിച്ചുവരുന്നു. കരിങ്ങോട്ടത്തൈലം ശക്തമായ ഒരു വാതഹരൗഷധമാണ് (വാതത്തെ ഹരിക്കുന്നത് അല്ലെങ്കിൽ ഇല്ലാതാക്കുന്നത്). സന്ധിവാതം, ആമവാതം തുടങ്ങിയ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.
സന്ധിവേദന, നീർക്കെട്ട് എന്നിവക്ക് കരിങ്ങോട്ടത്തൈലം പുരട്ടാറുണ്ട്. വിത്ത് മാലയായി കഴുത്തിലണിഞ്ഞാൽ ആസ്ത്മ, നെഞ്ചുവേദന എന്നിവക്ക് ആശ്വാസം കിട്ടും എന്നും കരുതപ്പെടുന്നു. ചിതലുകളെ അകറ്റാൻ കഴിവുള്ള ചില ആൽക്കലോയ്ഡുകൾ ഇതിന്റെ ഇലകളിൽ അടങ്ങിയിട്ടുണ്ട്. പണ്ടുകാലത്ത് വീടുപണിയുമ്പോൾ ഇതിന്റെ ഇലകൾ തറയിലും കട്ടിളപ്പടിയുടെ ഉള്ളിലും ഇടാറുണ്ട്. ഓല മേഞ്ഞ വീടുകളാണെങ്കിൽ ഓല മേയുന്നതിനു മുമ്പായി ഉത്തരം, കഴുക്കോൽ എന്നിവയിൽ കരിങ്ങോട്ടയിലകൾ വെച്ചുകെട്ടിയതിനു ശേഷമാണ് ഓല മേഞ്ഞിരുന്നത്.
വിറകുപുരകളിലും ചിതൽ ശല്യം ഉണ്ടാകാതിരിക്കാനായി ഈ മരത്തിന്റെ ഇലകൾ വിതറാറുണ്ട്. കുരുമുളക് ചെടികളുടെ ചുവട്ടിൽ കരിങ്ങോട്ടയിലകൾ പുതയിട്ടാൽ നിമാവിരകളെയും ചിതലുകളെയും മറ്റു കീടങ്ങളെയും അകറ്റുന്നതായി കൃഷിക്കാർ പറയുന്നുണ്ട്. വളരെ അപൂർവമായി മാത്രം ഇലകൾ കൊഴിയുന്ന കരിങ്ങോട്ട വീട്ടുപറമ്പുകളിലും തീരപ്രദേശങ്ങളിലും ഇടനാട്ടിലെ പാതയോരങ്ങളിലും വെച്ചുപിടിപ്പിക്കാൻ അനുയോജ്യമാണ്.
ഒരു ഇല കൊഴിയണമെങ്കിൽതന്നെ ഏതാണ്ട് ഒരു വർഷത്തിലേറെ സമയമെടുക്കും. വേരുകൾ ആഴത്തിൽ പോകുന്നതിനാൽ കാറ്റിനെ പ്രതിരോധിച്ചുനിൽക്കാനുള്ള ശേഷിയും ഇവക്കുണ്ട്. വിത്തുകൾ പാകി തൈകൾ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇരുതലച്ചി (Monkey Puzzle) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യംകൂടിയാണ് കരിങ്ങോട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.