സുഹൃത്തുക്കൾക്കിടയിൽ കാവുണ്ണി എന്നറിയപ്പെടുന്ന, എഴുത്തുകാരനായ ഇ. ഉണ്ണികൃഷ്ണനോടൊപ്പം കാവുകൾ കയറിയിറങ്ങുന്നതിനിടയിലാണ് വെങ്കണനീലി എന്ന പേരു കേൾക്കുന്നത്. വെങ്കണമരത്തിൽ മുട്ടയിടുന്ന ഈ നിശാശലഭത്തിന്റെ ലാർവകൾ ഇതിന്റെ തളിരിലകളിൽ കുത്തനെ നിൽക്കുന്നത് കാണാറുണ്ടായിരുന്നു. ഈ നിശാശലഭമാണ് വെങ്കണ എന്ന മരത്തെ കൂടുതലായി അറിയാൻ പ്രേരണ നൽകിയത്. ഇന്തോ-മലേഷ്യൻ മേഖലയിലും ആ സ്ട്രേലിയയിലും കാണപ്പെടുന്ന വലിയ വൃക്ഷമാണിത്. കേരളത്തിലെ അർധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വീട്ടുപറമ്പുകളിലും വളരെ സാധാരണമായി വളരുന്നു.25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന തിരശ്ചീന ശാഖകളുള്ള നിത്യഹരിതവൃക്ഷമാണിത്. തൊലിക്ക് ഇരുണ്ട...
സുഹൃത്തുക്കൾക്കിടയിൽ കാവുണ്ണി എന്നറിയപ്പെടുന്ന, എഴുത്തുകാരനായ ഇ. ഉണ്ണികൃഷ്ണനോടൊപ്പം കാവുകൾ കയറിയിറങ്ങുന്നതിനിടയിലാണ് വെങ്കണനീലി എന്ന പേരു കേൾക്കുന്നത്. വെങ്കണമരത്തിൽ മുട്ടയിടുന്ന ഈ നിശാശലഭത്തിന്റെ ലാർവകൾ ഇതിന്റെ തളിരിലകളിൽ കുത്തനെ നിൽക്കുന്നത് കാണാറുണ്ടായിരുന്നു. ഈ നിശാശലഭമാണ് വെങ്കണ എന്ന മരത്തെ കൂടുതലായി അറിയാൻ പ്രേരണ നൽകിയത്. ഇന്തോ-മലേഷ്യൻ മേഖലയിലും ആ സ്ട്രേലിയയിലും കാണപ്പെടുന്ന വലിയ വൃക്ഷമാണിത്. കേരളത്തിലെ അർധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വീട്ടുപറമ്പുകളിലും വളരെ സാധാരണമായി വളരുന്നു.
25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന തിരശ്ചീന ശാഖകളുള്ള നിത്യഹരിതവൃക്ഷമാണിത്. തൊലിക്ക് ഇരുണ്ട ചാരനിറം 10-12 സെ.മീറ്റർ കനമുള്ള തൊലിയുടെ പുറംഭാഗം വിണ്ടുകീറിയതുപോലെയാണ്. തായ്ത്തടിയുടെ അടിഭാഗത്ത് കണ്ടൽ വൃക്ഷങ്ങൾക്കുള്ളതുപോലെ താങ്ങു വേരുകൾ കാണപ്പെടുന്നു. എണ്ണമിനുപ്പുള്ള, കട്ടിയുള്ള ഇലകൾക്ക് 4-11 സെ.മീറ്റർ നീളവും 2-7 സെ.മീറ്റർ വീതിയും കാണും. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പത്രവൃന്തത്തിന് ഒരു സെ.മീറ്റർ നീളമുണ്ടാകും.
ഒക്ടോബർ-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. ദ്വിലിംഗ പുഷ്പങ്ങളാണ്. പൂക്കൾക്ക് ക്രീം നിറമോ പച്ചകലർന്ന മഞ്ഞനിറമോ ആണ്. ബാഹ്യദളപുടത്തിനും ദളപുടത്തിനും 5-8 കർണങ്ങൾ കാണും. ദളങ്ങൾ 5-8. 10-16 കേസരങ്ങൾ. അണ്ഡാശയത്തിന് 3-5 അറകൾ. കായ 5-6 മില്ലി മീറ്റർ മാത്രം വ്യാസമുള്ള ഡ്രൂപ് ആണ്. പഴുത്തകായകൾക്ക് ചുവപ്പുനിറം. ഒരു കായിൽ ഒരു വിത്ത്.
കരക്കണ്ടൽ, വല്ലഭം, വറങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Carallia brachiata എന്നാണ്. ഈ വൃക്ഷത്തിന് തെലുഗു ഭാഷയിലുള്ള ‘കരാലി’ എന്ന പദത്തിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ്നാമമായി നൽകിയിരിക്കുന്നത്. മട്ടകോണായി ശാഖകളുണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് സ്പീഷീസ് നാമം.
ഭ്രാന്തൻ കണ്ടൽ, കുറ്റിക്കണ്ടൽ എന്നിവ ഉൾപ്പെടുന്ന സസ്യകുടുംബമായ റൈസൊഫോറേസിയെ (Rhizophoraceae) കുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Bilbong Tree, Carallia Wood, Freshwater Mangrove എന്നീ പേരുകളുണ്ട്. കടുപ്പമുള്ള കാതലുള്ള മരമാണിത്. കാതലിനു ഓറഞ്ചു നിറമാണ്. ഫോട്ടോഫ്രെയിം, കൃഷിയായുധങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മത്സ്യം പിടിക്കുന്നതിനായുള്ള ‘കുറ്റിവലകൾ’ക്ക് കുറ്റിയായും ഉപയോഗിക്കാറുണ്ട്.
ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം വോള്യത്തിൽ ‘കരെ-കണ്ടൽ’ എന്നാണ് ഈ വൃക്ഷത്തെ പരാമർശിച്ചിരിക്കുന്നത്. കരപ്രദേശത്തു കാണുന്ന കണ്ടൽ എന്ന അർഥത്തിലായിരിക്കണം ഈ പേരുള്ളത്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പ്രസ്തുത ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: “ഈ മരത്തിന്റെ ഇലകൾ പാടങ്ങളിൽ വളമായി ഉപയോഗിക്കുന്നു. തളിരിലകൾ കഞ്ഞിവെള്ളത്തിൽ വേവിച്ചെടുക്കുന്ന ദ്രാവകം വായ്പുണ്ണിനും മറ്റും ഉത്തമം.”
ഈ വൃക്ഷത്തിന് തെലുഗു ഭാഷയിലുള്ള ‘കരാലി’ എന്ന പദത്തിന്റെ ലാറ്റിൻരൂപമാണ് ജനുസ്സ്നാമമായി നൽകിയിരിക്കുന്നത്. മട്ടകോണായി ശാഖകളുണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് സ്പീഷീസ് നാമം. വെങ്കണനീലിക്കു (Blue Tiger Moth- Dysphania percota) പുറമെ തേക്കില ശലഭത്തിന്റെയും (Teak defoliator-Hyblaea puera) ലാർവാ ഭക്ഷണ സസ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.