ഇലഞ്ഞി

‘‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകൽ കിനാവിൻ പനിനീർമഴയിൽ പണ്ടു നിൻമുഖം പകർന്ന ഗന്ധം...’’ ‘അയൽക്കാരി’ എന്ന ചലച്ചിത്രത്തിലെ ഈ ഗാനം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഇലഞ്ഞിപ്പൂക്കൾ അത്രയും സുഗന്ധമുള്ളവയാണ്. തൃശൂർപൂരത്തിന്റെ ഭാഗമായി നടക്കുന്ന ഇലഞ്ഞിത്തറമേളം വളരെ പ്രസിദ്ധമാണ്. വടക്കുംനാഥന്റെ മതിൽക്കെട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഇലഞ്ഞിമരത്തിന് ചുവട്ടിലാണ് ഈ മേളം കൊട്ടിയിരുന്നത്. അങ്ങനെയാണ് ഈ ചെണ്ടമേളത്തിന് ഇലഞ്ഞിത്തറ മേളം എന്ന പേര് വന്നതും. 2001ൽ ഈ ഇലഞ്ഞിമരം കടപുഴകി വീഴുകയും ആ സ്ഥാനത്ത് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി...

‘‘ഇലഞ്ഞിപ്പൂമണമൊഴുകി

വരുന്നു

ഇന്ദ്രിയങ്ങളിലതു പടരുന്നു

പകൽ കിനാവിൻ

പനിനീർമഴയിൽ

പണ്ടു നിൻമുഖം

പകർന്ന ഗന്ധം...’’

‘അയൽക്കാരി’ എന്ന ചലച്ചിത്രത്തിലെ ഈ ഗാനം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഇലഞ്ഞിപ്പൂക്കൾ അത്രയും സുഗന്ധമുള്ളവയാണ്.

തൃശൂർപൂരത്തിന്റെ ഭാഗമായി നടക്കുന്ന ഇലഞ്ഞിത്തറമേളം വളരെ പ്രസിദ്ധമാണ്. വടക്കുംനാഥന്റെ മതിൽക്കെട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഇലഞ്ഞിമരത്തിന് ചുവട്ടിലാണ് ഈ മേളം കൊട്ടിയിരുന്നത്. അങ്ങനെയാണ് ഈ ചെണ്ടമേളത്തിന് ഇലഞ്ഞിത്തറ മേളം എന്ന പേര് വന്നതും. 2001ൽ ഈ ഇലഞ്ഞിമരം കടപുഴകി വീഴുകയും ആ സ്ഥാനത്ത് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സെപ്റ്റംബറിൽ നട്ടതാണ്. അതിനു സമീപത്തായാണ് ഇപ്പോഴും പൂരംനാളിൽ ഈ മേളം നടക്കുന്നത്.

ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷമാണ് ഇലഞ്ഞി. കേരളത്തിലെ അർധ നിത്യഹരിതവനങ്ങളിലും നിത്യഹരിതവനങ്ങളിലും കാവുകളിലും വളരുന്നു. 20 മീറ്റർ വരെ പൊക്കത്തിൽ വളർന്നുകാണാറുണ്ട്. ഇരുണ്ട ചാരനിറമുള്ള തൊലിയിൽ നെടുകെ വിണ്ടുകീറിയ പാടുകൾ കാണാം. 4-12 സെന്റി മീറ്റർ നീളവും 3.5-7.5 സെന്റി മീറ്റർ വീതിയുമുള്ള തിളക്കമുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലയുടെ അഗ്രഭാഗം കൂർത്തതാണ്. ഇലഞെട്ടിനു 1.5-4 സെന്റി മീറ്റർ നീളം കാണും. ഡിസംബർ-ആഗസ്റ്റ് മാസങ്ങളിലാണ് പൂക്കുന്നത്. ഇലയിടുക്കുകളിലാണ് പൂക്കൾ കാണപ്പെടുന്നത്.

നക്ഷത്രാകാരത്തിലുള്ള വെളുത്ത പൂക്കൾ ഒറ്റയായും കൂട്ടമായും ഉണ്ടാകുന്നു. പൂക്കൾക്ക് നല്ല സുഗന്ധമാണ്. രണ്ടു വലയങ്ങളിലായി 8 വിദളങ്ങൾ. ഒരു സെന്റി മീറ്റർ വ്യാസമുള്ള പൂക്കളിൽ രണ്ടു വലയങ്ങളിലായി 24 ദളങ്ങൾ ഉണ്ട്. കേസരങ്ങൾ എട്ടെണ്ണം. 2.5 സെന്റി മീറ്റർ നീളവും1.5 സെന്റി മീറ്റർ വണ്ണവുമുള്ള കായകൾക്ക് പച്ചനിറമാണ്. പഴുക്കുന്നതോടെ ഓറഞ്ച് നിറമോ ചുവപ്പു നിറമോ ആയിത്തീരുന്നു. ഒരു വിത്ത് മാത്രമേ സാധാരണയായി ഉണ്ടാകൂ.

എരിഞ്ഞി, ബകുളം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Mimusops elengi എന്നാണ്. ഇലഞ്ഞി എന്ന മലയാളപദം തന്നെയാണ് സ്പീഷീസ് പേരായി നൽകിയിരിക്കുന്നത്. വാനരനോട് സാദൃശ്യമുള്ളത് എന്നാണ് ജനുസ്സ് നാമം സൂചിപ്പിക്കുന്നത്.

സപ്പോട്ടയുടെ കുടുംബത്തിൽ (Sapotaceae) ഉൾപ്പെടുന്നു. Asian Bulletwood, Indian Medlar എന്നീ പേരുകളാണ് ഇംഗ്ലീഷ് ഭാഷയിൽ ഉള്ളത്. ബകുളഃ എന്നാണ് സംസ്കൃതനാമം.

ഹിന്ദുക്കളും ബുദ്ധരും ജൈനരും ഇലഞ്ഞിയെ ഒരു പുണ്യവൃക്ഷമായി കരുതുന്നു. ചന്ദ്രമുഖൻ എന്ന യക്ഷൻ കുടിയിരിക്കുന്ന ഒരു വൃക്ഷമാണിതെന്നും വിശ്വാസമുണ്ട്. അമരാവതിയിലെയും സാഞ്ചിയിലെയും സ്തൂപങ്ങളിൽ ഇലഞ്ഞിമരങ്ങൾ കാണാം. ബുദ്ധമതക്കാരുടെ ഏഴ് പുണ്യവൃക്ഷങ്ങളിൽ ഒന്നാണിത്. ജൈന തീർഥങ്കരന്മാരിൽ ഒരാളായ നേമിനാഥന് ബോധോദയം ലഭിച്ചത് ഇലഞ്ഞിമരച്ചുവട്ടിൽ നിന്നാണത്രെ. ഇതിന്റെ ചുവട്ടിൽനിന്ന് സ്ത്രീകൾ ഭക്ഷണം കഴിച്ചാൽ ഇലഞ്ഞിമരം പൂക്കുമെന്ന് തമിഴ്നാട്ടിൽ വിശ്വാസമുണ്ട്. ഇലഞ്ഞിക്ക് തമിഴ് ഭാഷയിലുള്ള പേരായ മഹിളം എന്ന വാക്കിന്റെ അർഥം തന്നെ മംഗളകരം എന്നാണ്.

പല ക്ഷേത്രങ്ങളിലും പഴക്കമുള്ള ഇലഞ്ഞിമരങ്ങൾ നിലനിൽക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ഇരുനൂറ് വർഷത്തിലധികം പ്രായമുള്ള ഒരു ഇലഞ്ഞിമരം ഇപ്പോഴും കാണാം. ഔഷധസസ്യമെന്ന നിലയിലും ഇലഞ്ഞിക്ക് പ്രാധാന്യമുണ്ട്. ഇതിന്റെ പഴത്തിനുള്ളിലെ മൃദുലമായ, മജ്ജപോലുള്ള ഭാഗം ഭക്ഷ്യയോഗ്യമാണ്. 1678ൽ പ്രസിദ്ധീകരിച്ച ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിൽ ഇലഞ്ഞിയുടെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു.

 “വേര് വിനാഗിരിയിൽ അരച്ച് മുഖത്തുപുരട്ടിയാൽ ആ ഭാഗത്തെ വീക്കം മാറുന്നു. വെള്ളത്തിൽ ചാലിച്ചു പുരട്ടുന്നത് വായിലെ വ്രണങ്ങൾക്കുത്തമം. തൊലി കഷായം വെച്ച് കവിൾകൊള്ളുന്നത് തൊണ്ടവീക്കത്തിനും പല്ലുവേദനക്കും നന്ന്. പൂക്കൾ സ്വേദനം ചെതെടുക്കുന്ന വെള്ളം കുടിക്കുന്നത് വിഷാദരോഗത്തിനും പനിക്കും പ്രതിവിധിയാണ്.”

പൂക്കളിൽനിന്നും ചില സുഗന്ധവസ്തുക്കൾ നിർമിക്കുന്നുണ്ട് വാടി വീണുകഴിഞ്ഞാലും പൂക്കളുടെ സുഗന്ധം ദിവസങ്ങളോളം നിലനിൽക്കും. ഇലഞ്ഞിപ്പൂമാല അണിയുന്നത് നാട്ടിൻപുറങ്ങളിലെ സ്ത്രീകൾക്ക് ഹരമായിരുന്നു.

തണൽമരമെന്ന നിലയിലും വീട്ടുപറമ്പുകളിലും പാതയോരങ്ങളിലും പൊതു ഇടങ്ങളിലും നട്ടുവളർത്താൻ പറ്റിയ ഒരു വൃക്ഷമാണിത്.

മൂവാറ്റുപുഴ താലൂക്കിലെ ഇലഞ്ഞി, പറവൂർ താലൂക്കിലെ ഇലഞ്ഞിക്കൽ, കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിലെ എരിഞ്ഞിക്കടവ് എന്നിവ ഇലഞ്ഞിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്.

അരളിശലഭത്തിന്റെ (Common Crow) ലാർവാഭക്ഷണ സസ്യം കൂടിയാണിത്. കൂടാതെ: Achaea serva, Metanastria hyrtaca എന്നീ നിശാശലഭങ്ങളുടെ ലാർവകളും ഇലഞ്ഞി ആഹരിക്കുന്നുണ്ട്.

Tags:    
News Summary - The Fragrant World of Ilanji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.