‘ആനവായിൽ അമ്പഴങ്ങ’ എന്ന പഴഞ്ചൊല്ല് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അമ്പഴങ്ങ തിന്നിട്ടുള്ളവർ അതിലും ചുരുക്കമായിരിക്കും. ഞങ്ങളുടെ വീട്ടുപറമ്പിന്റെ അടുക്കളപ്പുറത്ത് ഇടത്തരം വലുപ്പമുള്ള ഒരു അമ്പഴമുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ അതിന്റെ ശാഖകൾ വെട്ടിയൊതുക്കുമായിരുന്നു. മാർച്ച് മാസത്തിൽ ‘ചള്ള്’ കായകൾ പറിച്ചെടുത്ത് ഉപ്പിലിട്ടുവെക്കുമായിരുന്നു. കുറച്ചെണ്ണമെടുത്ത് അച്ചാറുമാക്കും. ജൂൺമാസമാകുമ്പോഴേക്കും പഴുക്കുന്ന അമ്പഴങ്ങ പറിച്ചെടുത്ത് ഈമ്പിത്തിന്നുമായിരുന്നു. അധികം തിന്നാൽ ‘ചോരതൂറും എന്നാണ് മുതിർന്നവർ മുന്നറിയിപ്പു നൽകിയിരുന്നത്. ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന വലിയ...
‘ആനവായിൽ അമ്പഴങ്ങ’ എന്ന പഴഞ്ചൊല്ല് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അമ്പഴങ്ങ തിന്നിട്ടുള്ളവർ അതിലും ചുരുക്കമായിരിക്കും.
ഞങ്ങളുടെ വീട്ടുപറമ്പിന്റെ അടുക്കളപ്പുറത്ത് ഇടത്തരം വലുപ്പമുള്ള ഒരു അമ്പഴമുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ അതിന്റെ ശാഖകൾ വെട്ടിയൊതുക്കുമായിരുന്നു. മാർച്ച് മാസത്തിൽ ‘ചള്ള്’ കായകൾ പറിച്ചെടുത്ത് ഉപ്പിലിട്ടുവെക്കുമായിരുന്നു. കുറച്ചെണ്ണമെടുത്ത് അച്ചാറുമാക്കും. ജൂൺമാസമാകുമ്പോഴേക്കും പഴുക്കുന്ന അമ്പഴങ്ങ പറിച്ചെടുത്ത് ഈമ്പിത്തിന്നുമായിരുന്നു. അധികം തിന്നാൽ ‘ചോരതൂറും എന്നാണ് മുതിർന്നവർ മുന്നറിയിപ്പു നൽകിയിരുന്നത്.
ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന വലിയ വൃക്ഷമാണ് അമ്പഴം. കേരളത്തിലെ അർധനിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു. വീട്ടുപറമ്പുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്.
25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ തൊലിക്ക് 1.5-2.5 സെ.മീറ്റർ കനമുണ്ട്. തൊലിക്ക് ചാരനിറമാണ്. തൊലിയുടെ ഉൾവശത്തിന് ഇളം ചുകപ്പുനിറമാണ്. തൊലിക്ക് വെട്ടേറ്റാൽ ഊറിവരുന്ന കറ പശയായി ഉപയോഗിച്ചിരുന്നു. തൊലിക്കും ഇലക്കും അൽപം രൂക്ഷമായ ഗന്ധമുണ്ട്. ഇലകൾ ഏകപിച്ഛകസംയുക്തപത്രങ്ങളാണ്. 5-21 സഹപത്രകങ്ങൾ കാണപ്പെടുന്നു. സഹപത്രകങ്ങൾക്ക് 4-23 സെ. മീറ്റർ നീളവും 5-10 സെ.മീറ്റർ വീതിയും കാണും. മുഖ്യാക്ഷത്തിനു 25-45 സെ.മീറ്റർ നീളമുണ്ടാകും. ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലകളുടെ ഉപരിതലം തിളങ്ങുന്ന പച്ചയും അടിവശം ചാരനിറത്തിൽ സിരകൾ ഉന്തിനിൽക്കുന്നവയുമാണ്.
ഡിസംബർ-മാർച്ച് മാസങ്ങളിലാണു പൂക്കുന്നത്. പൂക്കുന്നതിനുമുമ്പായി ഇലകൊഴിക്കുന്നു. തടിയിലും ശാഖാഗ്രങ്ങളിലുമാണ് പൂങ്കുലകൾ കാണപ്പെടുക. മഞ്ഞകലർന്ന വെളുത്ത പൂക്കൾ. അഞ്ചു ദളങ്ങൾ. പത്ത് കേസരങ്ങൾ. ബാഹ്യദളപുടത്തിനു അഞ്ചു കർണങ്ങൾ ഉണ്ടായിരിക്കും. 3.8-5 സെ. മീറ്റർ നീളമുള്ള ഡ്രൂപ്പ് ആണ് കായ്കൾ. ഉൾഭാഗം മാംസളമാണ്. ഉറപ്പുള്ള ചകിരികൊണ്ടുള്ള കവചത്തിനകത്താണ് വിത്തുണ്ടാവുക. പഴുത്ത കായകൾക്ക് മഞ്ഞനിറം. പുളിയും മധുരവുമുള്ള പഴുത്ത കായകൾ ഭക്ഷ്യയോഗ്യമാണ്.
അമ്പായം, മാമ്പുളി എന്നും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Spondias pinnata എന്നാണ്. മാവിന്റെ കുടുംബമായ അനാക്കാർഡിയേസിയേ(Anacardiaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Hog plum; Indian Hog plum എന്നീ പേരുകളുണ്ട്.
അംബരീഷഃ, അധ്വഗഭോഗ്യ, ആമ്രാതകം എന്നിവയാണ് സംസ്കൃതനാമങ്ങൾ. ഇളം കായ്കൾ ഉപ്പിലിടുന്നതിനും അച്ചാറുണ്ടാക്കുന്നതിനും നല്ലതാണ്. കറിയിൽ ചേർക്കാനുള്ള പുളിയായും ഉപയോഗിക്കുന്നു. ചട്നിയും ഉണ്ടാക്കാം. പഴുത്ത കായ്കൾകൊണ്ട് ജാമും ജെല്ലിയും ഉണ്ടാക്കാറുണ്ട്. ചില പട്ടണങ്ങളിൽ അമ്പഴങ്ങ വിൽപനക്കു വെച്ചിരിക്കുന്നതു കാണാം.
തൊലി, ഇല, വേര്, ഫലം എന്നിവ ഔഷധയോഗ്യമാണ്. ഗ്രഹണിക്കും അതിസാരത്തിനും വേർന്മേൽതൊലി ഉപയോഗിക്കുന്നു. ആർത്തവം ക്രമീകരിക്കുന്നതിനു വേര് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണ്. തൊലി പൊടിച്ച് മോരും ചേർത്ത് കഴിക്കുന്നത് അതിസാരം സുഖപ്പെടുത്താൻ സഹായിക്കുന്നു. തൊലിയിൽ നിന്നെടുക്കുന്ന പശ മൃദുഗുണത്തോടുകൂടിയതിനാൽ ചൂർണരൂപത്തിലുള്ള ഔഷധങ്ങൾ ചേർത്തുകൊടുക്കാൻ ഉപയോഗിക്കുന്നു. പഞ്ചാമ്ലതൈലം, പുഷ്യാനുഗം ഗുളിക എന്നിവയിൽ ചേരുവയാണ്.
1678ൽ പ്രസിദ്ധീകരിച്ച ഹോർത്തുസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തിൽ അമ്പഴത്തിന്റെ ഉപയോഗത്തെക്കുറിച്ച് പറയുന്നുണ്ട്: “വേര് സ്ത്രീകളുടെ രഹസ്യഭാഗത്ത് പ്രവേശിപ്പിച്ചാൽ ആർത്തവതടസ്സം നീങ്ങും. തൊലി പൊടിച്ച് മോരും ചേർത്ത് കൊടുത്താൽ അതിസാരം നിൽക്കുന്നു. ഇതിന് അതിന്റെ ചാറ് അരിപ്പൊടിയിൽ ചേർത്ത് ഒരുതരം അപ്പം ഉണ്ടാക്കി കഴിച്ചാലും മതി. മരഭാഗം കഷായംവെച്ച് ഗൊണോറിയക്ക് കൊടുക്കുന്നു. ഇലയുടെ ചാറും കായ് പൊടിച്ചതും ചേർത്ത് ചെവിവേദനക്ക് ഒഴിക്കുന്നു.”
‘അമ്പഴങ്ങ തുലോം നന്ന് രുചിക്കും
ദഹനത്തിനും
വാതപിത്തങ്ങളെ തീർക്കും
വർധിപ്പിക്കും ബലത്തിനെ
കിഞ്ചിൽ കഫത്തെയുണ്ടാക്കും
വിരേചനകൺഠതൻ
സുഗന്ധചൂതംവൃഷൂസാൽ
ദീപനം ബലവർധനം’
(ഗുണപാഠം, സഹസ്രയോഗം)
പണ്ടുകാലത്ത് ഗർഭിണികൾ ഒമ്പതാം മാസത്തിൽ അനുഷ്ഠിക്കുന്ന ‘പുളികുടി’ എന്ന കർമത്തിന് അമ്പഴത്തണ്ട് ഉപയോഗിച്ചിരുന്നു.
വിത്ത് പാകി മുളപ്പിച്ച് പുതിയ തൈകളുണ്ടാക്കാം. വലിയ കമ്പുകളും നട്ടുപിടിപ്പിക്കാൻ ഉപയോഗിക്കാം.
Mango Shoot Borer (Selepa celtis), Penicillaria jocosatrix എന്നീ നിശാശലഭങ്ങളുടെ ലാർവാഭക്ഷണസസ്യമാണ് അമ്പഴം.
താമരശ്ശേരിക്കടുത്തുള്ള അമ്പായത്തോട്, കൊട്ടിയൂരിനടുത്തുള്ള അമ്പായത്തോട്, മണ്ണാർക്കാടിനടുത്തുള്ള അമ്പാഴക്കോട് എന്നീ സ്ഥലനാമങ്ങൾ അമ്പഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. വനങ്ങളിൽ വളരുന്ന കാട്ടമ്പഴം (solenocarpusindicus) എന്ന വൃക്ഷവും അമ്പഴത്തോട് ഏറെ സാദൃശ്യമുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.