കുറെ ആമകൾ കഴുത്തുനീട്ടി ഒരു വള്ളിക്ക് അപ്പുറവും ഇപ്പുറവുമായി അണിചേർന്നിരിക്കുന്നതുപോലുള്ള ഒരു ചെടി വീട്ടുപറമ്പുകളിലുള്ള മരങ്ങളിൽ പറ്റിവളർന്നിരിക്കുന്നത് പലരും കണ്ടിരിക്കും. മരങ്ങളിൽ പറ്റി വളരുന്ന സസ്യങ്ങളെല്ലാം പരാദസസ്യങ്ങളായ ഇത്തിക്കണ്ണികളാണെന്നാണ് പലരും കരുതാറുള്ളത്. എന്നാൽ, അരിക്കാച്ചിവള്ളി ഈ വിഭാഗത്തിൽ പെടുന്നില്ല. ഇന്ത്യ, മലയ, മഡഗാസ്കർ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ബഹുവർഷിയായ ഓഷധിയാണിത്. മരങ്ങളിലോ പാറകളിലോ വേരുകൾകൊണ്ട് പറ്റിപ്പിടിച്ചുവളരുന്ന ഈ സസ്യം വനപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്നുണ്ട്. കടും പച്ചനിറത്തിലുള്ള അൽപം കട്ടിയുള്ള ഇലകൾ ...
കുറെ ആമകൾ കഴുത്തുനീട്ടി ഒരു വള്ളിക്ക് അപ്പുറവും ഇപ്പുറവുമായി അണിചേർന്നിരിക്കുന്നതുപോലുള്ള ഒരു ചെടി വീട്ടുപറമ്പുകളിലുള്ള മരങ്ങളിൽ പറ്റിവളർന്നിരിക്കുന്നത് പലരും കണ്ടിരിക്കും. മരങ്ങളിൽ പറ്റി വളരുന്ന സസ്യങ്ങളെല്ലാം പരാദസസ്യങ്ങളായ ഇത്തിക്കണ്ണികളാണെന്നാണ് പലരും കരുതാറുള്ളത്. എന്നാൽ, അരിക്കാച്ചിവള്ളി ഈ വിഭാഗത്തിൽ പെടുന്നില്ല.
ഇന്ത്യ, മലയ, മഡഗാസ്കർ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ബഹുവർഷിയായ ഓഷധിയാണിത്. മരങ്ങളിലോ പാറകളിലോ വേരുകൾകൊണ്ട് പറ്റിപ്പിടിച്ചുവളരുന്ന ഈ സസ്യം വനപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്നുണ്ട്.
കടും പച്ചനിറത്തിലുള്ള അൽപം കട്ടിയുള്ള ഇലകൾ ഏകാന്തരക്രമത്തിൽ, അടുത്തടുത്ത് വിന്യസിച്ചിരിക്കുന്നു. രണ്ടു ഖണ്ഡങ്ങളുള്ള ഇലകൾക്ക് 2.5-7.5 സെ.മീറ്റർ നീളവും 1-2 സെ.മീറ്റർ വീതിയും ഉണ്ടാകും. ഇലകൾ തണ്ടിനോട് ചേരുന്ന ഭാഗം ചെറുതും ആമയുടെ കഴുത്തുപോലെയുമാണ്.
മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് പൂക്കുന്നത്. നിറയെ ചെറു പൂക്കളുള്ള പുഷ്പമഞ്ജരിക്ക് ഗോളാകൃതിയാണ്. പൂവിന് ആറു കേസരങ്ങൾ. വർത്തികാഗ്രം മൂന്നു ചെറുപല്ലുകളുള്ളതാണ്. ദീർഘ ഗോളാകൃതിയുള്ള വെളുത്ത കായ്കൾ പഴുക്കുന്നതോടെ തിളങ്ങുന്ന ചുവപ്പുനിറമാകുന്നു.
കുയിലുകൾ, കുട്ടുറുവൻ തുടങ്ങിയ പക്ഷികളാണ് കായകൾ ആഹരിച്ച് വിത്തുവിതരണം നടത്തുന്നത്.
ആനച്ചക്കര, ആനപ്പരുവ, ആമക്കഴുത്ത്, പരുവക്കൊടി, പരുവള്ളി, മരക്കൊടി, മെരുവള്ളി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. Pothos scandens എന്നാണ് ശാസ്ത്രീയനാമം. ചേമ്പും ചേനയും ഉൾപ്പെടുന്ന Araceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Climbing Aroid എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
ഈ സസ്യത്തിന് സിംഹള ഭാഷയിലുള്ള പദത്തിന്റെ ലാറ്റിൻ രൂപമാണ് Pothos എന്ന ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. കയറിപ്പറ്റുന്നത് എന്നാണ് സ്പീഷീസ് പേരിനർഥം.
ഈ ജനുസ്സിൽപ്പെട്ട 75ലധികം സസ്യങ്ങൾ കാണപ്പെടുന്നുണ്ട്. ഇന്ത്യയിൽ കണ്ടുവരുന്ന 10 സ്പീഷീസുകളിൽ 5 എണ്ണം കേരളത്തിൽ വളരുന്നു.
വേരും കാണ്ഡവും ഇലയും ഔഷധമായി ഉപയോഗിക്കുന്നു. വേര് ചതച്ചിട്ട് കാച്ചിയെടുക്കുന്ന എണ്ണ, തലയിലുള്ള ചൊറി, പരുക്കൾ എന്നിവ സുഖപ്പെടുത്തുന്നു. ഇതിന്റെ ഇലകൾ ചുരുട്ടി കർപ്പൂരവുമായി ചേർത്ത് പുകവലിക്കുന്നത് ആസ്ത്മ രോഗത്തിനു ശമനമുണ്ടാക്കുന്നു.
തീപ്പൊള്ളലിനും ഇത് ഔഷധമാണ്. ഔഷധി എന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഔഷധ നിർമാണക്കമ്പനിയുടെ ‘ബേൺ ക്യൂർ’ (തീപ്പൊള്ളലിനുള്ള ഓയിന്റ്മെന്റ്) എന്ന മരുന്നിലെ പ്രധാന ചേരുവയാണിത്.
ഇത് നല്ലൊരു കാലിത്തീറ്റയാണ്. ആടുകളുടെ ഇഷ്ടഭക്ഷണം.
കായകൾ ഭക്ഷ്യയോഗ്യമാണ്. ഇതിന്റെ പരിപ്പ് കറി വെക്കാൻ ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.