അവസാനത്തെ ദൗത്യം
നേരെ എഡിറ്ററുടെ കാബിനിലേക്കാണ് ചെന്നത്. അവിടെ അദ്ദേഹം മറ്റെല്ലാ പണികളും മാറ്റിവെച്ച് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചീഫ് എഡിറ്ററുടെ അടുത്ത് ഏറ്റവും മിനിമം സമയം കഴിച്ചുകൂട്ടാനേ പാടുള്ളൂവെന്ന് പ്രത്യേകം ഏൽപിച്ചിരുന്നിട്ടും അവിടെ വേണ്ടതിലധികം സമയം ഇരുന്നതില്‍ എഡിറ്റര്‍ കുപിതനാവുമെന്നു വിചാരിച്ചതാണ്. പക്ഷേ, എഡിറ്റര്‍ ഞാന്‍ പറഞ്ഞതു മുഴുവന്‍ ശാന്തനായി ഇരുന്നു കേള്‍ക്കുകയാണുണ്ടായത്.
സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങളടക്കം ഏറക്കുറെ മുഴുവന്‍ പറഞ്ഞുവെങ്കിലും അവസാനം എന്‍റെ മൊബൈല്‍ നമ്പര്‍ ചീഫ് എഡിറ്റര്‍ക്കു കൊടുത്ത കാര്യം ഞാന്‍ വെളിപ്പെടുത്തിയില്ല. അത് എന്‍റെ ഭാഗത്തുനിന്നു വന്ന ആലോചനക്കുറവാണല്ലോ.
അല്ലെങ്കില്‍ എന്തിനാണ് അദ്ദേഹം എന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയത്? എനിക്കതു മനസ്സിലാവുന്നേയില്ല. എന്നെക്കൊണ്ട് അദ്ദേഹത്തിന് ഇനി എന്താണ് ആവശ്യമെന്നും മനസ്സിലാവുന്നില്ല. എന്നിട്ടും പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ ഞാന്‍ നമ്പര്‍ കൊടുത്തതോ? എനിക്ക് ആരെയും കുറ്റപ്പെടുത്താന്‍പോലും ഇല്ലല്ലോ. എന്‍റെ ജാഗ്രതക്കുറവുതന്നെ.
പക്ഷേ, നമ്പര്‍ ചോദിച്ചിട്ട് കൊടുക്കാതിരിക്കുന്നതും കൂടുതല്‍ സംശയം ഉണ്ടാക്കുകയല്ലേ ചെയ്യുക?
എനിക്ക് ഒന്നും വേര്‍തിരിച്ച് എടുക്കാനാവുന്നില്ല.
‘‘ഇനി എന്താണ് സംഭവിക്കുക സര്‍? ഞാന്‍ കേട്ടെഴുതാന്‍ വിസമ്മതിച്ചുവെങ്കിലും അദ്ദേഹം ബാലഗോപാലന്‍ സാറിനെ സമീപിക്കില്ലേ? അപ്പോള്‍ നമ്മള്‍ നോവല്‍ തിരുത്തിയെഴുതാന്‍ വേണ്ടി അദ്ദേഹത്തെ സമീപിച്ച കാര്യവും അറിയില്ലേ?’’
‘‘ഉവ്വല്ലോ,’’ എഡിറ്റര്‍ ചിരിച്ചു. ‘‘അതൊഴിച്ച് എല്ലാ കാര്യവും ഇപ്പോള്‍ത്തന്നെ വെളിപ്പെട്ടില്ലേ? പിന്നെ ഇതുമാത്രമായി ഒരു രഹസ്യം ബാക്കിനില്‍ക്കില്ലല്ലോ!’’
‘‘സോറി സര്‍. ഞാന്‍ ഏറ്റെടുത്തതൊന്നും ശരിയായില്ല. ഞാന്‍ എല്ലാം കുളമാക്കി.’’
‘‘അതോര്‍ത്ത് താന്‍ വിഷമിക്കണ്ട. ഇപ്പോള്‍ത്തന്നെ ആ രഹസ്യം ചീഫ് എഡിറ്റര്‍ അറിഞ്ഞിട്ടില്ല എന്നാണോ താന്‍ കരുതുന്നത്?’’
‘‘എന്നുവെച്ചാല്‍?’’
‘‘അദ്ദേഹത്തിന്‍റെ ഇന്നത്തെ പ്രകടനം മുഴുവന്‍ ഒരഭിനയമായിരുന്നെടോ. തനിക്കതു മനസ്സിലാവാഞ്ഞിട്ടാണ്.’’
‘‘സര്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല.’’
‘‘നോവല്‍ കിട്ടാന്‍ നമ്മള്‍ നടത്തിയ എല്ലാ നീക്കങ്ങളും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട് എന്നുതന്നെ. ചീഫ് എഡിറ്ററെ എനിക്കു നല്ലതുപോലെ അറിയാം. താന്‍ വിചാരിച്ചതുപോലെ അയാള്‍ ബാലഗോപാലന്‍ സാറിനെ സമീപിക്കാനൊന്നും പോകുന്നില്ല. അത് തന്നെ ഒന്നു പരീക്ഷിച്ചുനോക്കിയതാണ്.’’
എനിക്ക് അല്‍പം ആശ്വാസം തോന്നി. എന്നാലും കഴിഞ്ഞ ഒന്നര മാസത്തെ അധ്വാനം ‘ശാരിക’ക്ക് ഒരു ഗുണവുമില്ലാതെ അവസാനിച്ചതിലെ കുണ്ഠിതം വിട്ടുമാറുന്നില്ല.
‘‘അങ്ങനെ നമ്മുടെ ദൗത്യം അപ്പാടെ പൊളിഞ്ഞുപോയി അല്ലേ സര്‍?’’
“എന്തു പൊളിഞ്ഞുപോയി എന്ന്?” കുടിച്ചുകഴിഞ്ഞ ചായക്കപ്പ് താഴെവെച്ച് എഡിറ്റര്‍ ചോദിച്ചു.
“ഇത്രയും രഹസ്യമായി നമ്മള്‍ നടത്തിയ നീക്കങ്ങള്‍, നല്ലനിലയില്‍ നടന്നുപോന്നിരുന്ന കേട്ടെഴുത്ത്, നമ്മള്‍ കൊടുക്കാന്‍ ഉദ്ദേശിച്ച പരസ്യം... എല്ലാം?”
“അങ്ങനെ പറയാറായിട്ടില്ല,” എഡിറ്റര്‍ ഉറക്കെ ചിരിച്ചു. “നമ്മള്‍ പരസ്യം കൊടുക്കുന്നുണ്ട്.”
എഡിറ്റര്‍ മേശയുടെ വക്കത്ത് വെച്ചിരുന്ന എ-ഫോര്‍ ഷീറ്റുകളുടെ കെട്ടില്‍നിന്ന് ഒരെണ്ണം വലിച്ചെടുത്തു. പിന്നെ പേനപ്പാത്രത്തില്‍നിന്ന് തടിച്ച ഒരു സ്കെച്ച് പെന്‍ എടുത്ത് മുകളില്‍ വലിയ അക്ഷരങ്ങളില്‍ എന്തോ എഴുതി എനിക്കു നേരെയിട്ടു തന്നു. ഞാനതു വായിച്ചു:
‘ജമന്തിപ്പൂക്കള്‍’ -നീണ്ടകഥയുടെ കഥ
“വൈകാതെത്തന്നെ ഈ പരസ്യം ശാരികയില്‍ വരും.” പിന്നെ എന്‍റെ മുഖത്തുനോക്കി ചിരിച്ചു.
ഈ എഡിറ്റര്‍ക്കെന്താ ഭ്രാന്തു പിടിച്ചുവോ?
“എനിക്കൊന്നും മനസ്സിലാവുന്നില്ല സര്‍. ഇത്തരമൊരു പരസ്യമാവില്ലേ മനോമയത്തിലും വരിക?”
“അല്ലല്ലോ,” എഡിറ്റര്‍ പറഞ്ഞു. “മനോമയത്തില്‍ അങ്ങനെ ഒരു പരസ്യം വരില്ലല്ലോ!”
പിന്നെ തലയൊന്നു ചരിച്ച് എന്‍റെ മുഖത്തേക്കു നോക്കി എഡിറ്റര്‍ ചിരിച്ചു.
“പരസ്യം വരില്ലെന്നോ?”
“അതെ. പരസ്യം വരില്ല എന്നുതന്നെ. ഇനി ഞാനൊരു കാര്യം പറയട്ടെ? താന്‍ ഞെട്ടരുത്: അവര്‍ ജമന്തിപ്പൂക്കള്‍ പ്രസിദ്ധീകരിക്കാന്‍ പോവുന്നില്ല.”
“എന്താണ് സര്‍ പറയുന്നത്?” ഞാന്‍ ഞെട്ടല്‍ മറയ്ക്കാന്‍ ശ്രമിച്ചു.
“സത്യം. വെറും സത്യം. ഇപ്പോള്‍ത്തന്നെ അത് അവര്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണോ താന്‍ കരുതുന്നത്?”
“ഹെന്ത്!”
“താനിപ്പോള്‍ ചീഫ് എഡിറ്ററുടെ കാബിനില്‍ ചെന്നു നോക്കിയാല്‍ കാണാം ജമന്തിപ്പൂക്കള്‍ അവരുടെ ചവറ്റുകുട്ടയില്‍ കിടക്കുന്നത്.”
“അദ്ദേഹം അങ്ങനെ ചെയ്യുമോ?”
“ചെയ്യും; അങ്ങനെയേ ചെയ്യുകയുള്ളൂ.”
“അപ്പോള്‍ എന്‍റെ സമ്മതം ചോദിച്ചത്? ഞാനാണ് അതിന്‍റെ രണ്ടാമത്തെ അവകാശി എന്നു പറഞ്ഞത്? എന്‍റെ വിളി കാത്തിരിക്കുമെന്നു പറഞ്ഞത്?”
“അയാള്‍ അങ്ങനെ പറഞ്ഞുവോ?”
അപ്പോഴാണ് ചീഫ് എഡിറ്റര്‍ എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങിയ കാര്യം ഞാന്‍ വെളിപ്പെടുത്തിയിട്ടില്ലല്ലോ എന്നു ഞാന്‍ വീണ്ടും ഓർമിച്ചത്. ഇനി അതു മാത്രമായി പറയാതിരിക്കുന്നതില്‍ കാര്യമില്ലല്ലോ.
എഡിറ്റര്‍ മുഴുവനും സശ്രദ്ധം കേട്ടു. പക്ഷേ ഒന്നും മിണ്ടിയില്ല.
“എന്‍റെ ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടിയിരുന്നില്ല അല്ലേ സര്‍?”
“അതുകൊണ്ടെന്തുണ്ടാവാനാണ്,” എഡിറ്റര്‍ ചിരിച്ചു. “അയാള്‍ തന്നെ ഇനി വിളിക്കാനൊന്നും പോവുന്നില്ല.”
“അപ്പോള്‍ അവര്‍ നോവല്‍ പ്രസിദ്ധീകരിക്കില്ലെന്നു തന്നെയാണോ സര്‍ പറയുന്നത്?”
എഡിറ്റര്‍ ദേഹമപ്പാടെ കുലുങ്ങുമാറ് ഉറക്കെ ചിരിച്ചു.
“താനിത്ര വിഡ്ഢിയാണല്ലോ തലിയാര്‍ഖാന്‍! അത് അയാള്‍ നോവല്‍ മറിച്ചുനോക്കിയപ്പൊഴേ തീരുമാനിച്ചു കഴിഞ്ഞില്ലേ? ബാക്കിയൊക്കെ വെറും നാടകം. പിന്നെ ഇതിന്‍റെ പിന്നില്‍ കുറേ പണിയെടുത്ത തന്നെ വേദനിപ്പിക്കേണ്ടല്ലോ എന്നും വെറുതെ ഒന്നു സന്തോഷിപ്പിക്കാമെന്നും കരുതിക്കാണും. ഫോണ്‍ നമ്പര്‍ വാങ്ങിയതും ആ നാടകത്തിന്‍റെ ബാക്കിയാണ്.”
“ചവറ്റുകുട്ടയില്‍ ഇടാന്‍ മാത്രം അത് അത്രയ്ക്കു മോശമാണോ സര്‍?”
“ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ തലിയാര്‍ഖാന്‍. എഡിറ്റര്‍മാര്‍ തങ്ങളുടെ വാരികക്കു വേണോ വേണ്ടേ എന്നൊക്കെ തീരുമാനിക്കുന്നതിന്‍റെ മാനദണ്ഡങ്ങള്‍ വേറെയല്ലേ? ശാരികക്കു പറ്റിയതല്ല എന്ന് എനിക്കു തോന്നി. അതുപോലെ മനോമയം പത്രാധിപര്‍ക്കും തോന്നാമല്ലോ. തോന്നും. അതാണ് ഞാനിത്ര ഉറപ്പിച്ചു പറയുന്നത്. എടോ, ശാരികക്കും മനോമയത്തിനുമൊക്കെ പേരിലുള്ള വ്യത്യാസമല്ലേയുള്ളൂ!”
അതായത് വളരെ പ്രതീക്ഷയോടെ കാര്‍ത്തികേയന്‍ സാര്‍ എഴുതിത്തുടങ്ങിയ ‘ജമന്തിപ്പൂക്കള്‍’ എവിടെയുമെത്താതെ അവസാനിച്ചിരിക്കുന്നു.
ആ സത്യം ഉള്‍ക്കൊള്ളാനാവാതെ കുറച്ചുനേരം ഞാന്‍ കണ്ണടച്ചിരുന്നു.
“കൂള്‍ ഡൗണ്‍, കൂള്‍ ഡൗണ്‍ തലിയാര്‍ഖാന്‍,” എഡിറ്ററുടെ ശാന്തമായ ശബ്ദം എന്‍റെ കാതിലെത്തിയപ്പോള്‍ ഞാന്‍ കണ്ണു തുറന്നു. “കഥ ഇവിടെയൊന്നും അവസാനിക്കുന്നില്ല. നമുക്ക് പലതും തീരുമാനിക്കാനുണ്ട്.”
എഡിറ്റര്‍ ആ എ-ഫോര്‍ ഷീറ്റ് എന്‍റെ കൈയില്‍നിന്നു തിരിച്ചുവാങ്ങി ആ പരസ്യവാചകത്തിനു മുകളില്‍ എന്തോ ചിലതുകൂടി എഴുതിച്ചേര്‍ത്ത് എനിക്കു തന്നു.
ശാരികയില്‍ ഉടനെ ആരംഭി
ക്കുന്നു
ഒരു പുതിയ എഴുത്തുകാരന്‍റെ
പുതിയ നോവല്‍
‘ജമന്തിപ്പൂക്കള്‍’ -നീണ്ടകഥയുടെ കഥ
“സര്‍, എന്താണിതൊക്കെ? ഈ പുതിയ എഴുത്തുകാരന്‍ ആരാണ്?”
എന്‍റെ ചോദ്യത്തെ എഡിറ്റര്‍ ഒരു മറുചോദ്യംകൊണ്ടാണ് നേരിട്ടത്.
“തലിയാര്‍ഖാന്‍ എന്നത് നല്ല ഒരു തൂലികാനാമമല്ലേ?”
സംശയം തോന്നിയെങ്കിലും അത് എഡിറ്ററുടെ വായില്‍നിന്നു തന്നെ കേട്ടപ്പോള്‍ എനിക്ക് ഒരുള്‍ക്കിടിലമുണ്ടായി. ‘ശാരിക’ക്കു വേണ്ടി ഞാന്‍ ഒരു നോവല്‍ എഴുതുകയോ!
“ഞാന്‍ തന്‍റെ നോവല്‍ വായിച്ചിരുന്നെടോ. അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലെന്നേയുള്ളൂ. താന്‍ ഒന്നും ചോദിച്ചതുമില്ലല്ലോ. എനിക്കത് ഇഷ്ടപ്പെട്ടു. പക്ഷേ ശാരികയുടെ വായനക്കാര്‍ക്കു പറ്റുമോ എന്ന് എനിക്കുറപ്പില്ല. അതുകൊണ്ടാണ് ഞാനത് ഒന്നും പറയാതെ തിരിച്ചുതന്നത്. മാത്രമല്ല അത് ശാരികയില്‍ വരുന്നത് തനിക്ക് അത്ര ഇഷ്ടമുള്ള കാര്യമാവുമെന്ന് എനിക്കപ്പോള്‍ തോന്നിയതുമില്ല.”
അങ്ങനെയൊന്ന് ഞാന്‍ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. നോവലെഴുത്ത് എനിക്കു വഴങ്ങുമോ എന്നും അത് ഗൗരവമായി എടുക്കണോ എന്നും തീരുമാനിച്ചിരുന്നില്ല. ഒരൂക്കില്‍ എഴുതിപ്പോയി എന്നു മാത്രം. അതു നന്നായിട്ടുണ്ട് എന്ന് എഡിറ്റര്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.
“എന്നാലും സര്‍, നമ്മള്‍ വല്ലാതെ പണിപ്പെട്ട് നേടാന്‍ പോവുന്നു എന്നോ നേടി എന്നോ ധരിച്ചുപോയ കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ കൈവിട്ടുപോയി എന്നത് സാറിന് ഒരു വിഷമവുമുണ്ടാക്കുന്നില്ലേ?”
എഡിറ്റര്‍ ഒരു സിഗററ്റിന് തീപിടിപ്പിച്ചു.
“ഇനി ഞാന്‍ ഒരു കാര്യം പറയാം. അന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിങ്ങിനു വന്നപ്പോള്‍ താന്‍ എന്‍റെ ലാപ്ടോപ്പില്‍ ജമന്തിപ്പൂക്കളുടെ കോപ്പി പകര്‍ത്തിത്തന്നിരുന്നുവല്ലോ. അന്നു രാത്രി തന്നെ ഞാനതു വായിച്ചു. ഞാന്‍ വല്ലാതെ നിരാശനായി. ഈ നോവല്‍ കിട്ടിയതുകൊണ്ട് നമുക്ക് ഒരു നേട്ടവും ഉണ്ടാവില്ലെന്ന് എനിക്കുറപ്പായി. മാത്രമല്ല 33 വര്‍ഷത്തിനുശേഷം വരുന്ന കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ ഒരുതരത്തിലും ഒരു ചലനവും ഉണ്ടാക്കില്ലെന്നും മനസ്സിലായി.
ഇനി അത് കൈയില്‍ വെച്ചുകൊണ്ടിരിക്കുന്നതില്‍ ഒരർഥവുമില്ലെന്ന് അന്നുതന്നെ ഞാന്‍ തീരുമാനിച്ചു. എല്ലാ ഓപറേഷനുകളും അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ പിന്നെ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. തന്നോട് പെട്ടെന്നു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടാല്‍ കാര്‍ത്തികേയന്‍ സാറിന് എന്തുതോന്നും എന്നായിരുന്നു എന്‍റെ ചിന്ത. അതില്‍ ഒരു മര്യാദകേടുമുണ്ടല്ലോ. നോവലെഴുത്ത് നിര്‍ത്തി അദ്ദേഹം കലയൂരില്‍നിന്ന് മടങ്ങിപ്പോയി എന്നു കേട്ടപ്പോള്‍ എനിക്ക് ആശ്വാസമാവുകയാണുണ്ടായത്. തന്നോട് മാവേലിക്കരക്കു പോവണ്ട എന്നു ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്.”
സിഗററ്റ് തുമ്പത്തെ ചാരം ആഷ്ട്രേയിലേക്കു തട്ടിയിട്ട് അദ്ദേഹം തുടര്‍ന്നു.
“പക്ഷേ, ഇവിടെ താന്‍ ഒന്നു ഫോര്‍വേഡ് കളിച്ചു. പന്തുമായി എന്നെ ഒന്നു വെട്ടിച്ചു മുന്നേറി. അതുവരെ ഞാന്‍ പറയുന്നതുപോലെ മാത്രം കളിച്ചുകൊണ്ടിരുന്ന താന്‍! എന്നാല്‍, അത് വളരെ സമർഥമായ ഒരു നീക്കമായിരുന്നു. ഒരിക്കല്‍ എന്നോടു ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞതാണല്ലോ. വീണ്ടും ചോദിക്കാന്‍ തനിക്കു മടിതോന്നിയത് എനിക്കു മനസ്സിലാവും. ഏതായാലും അതു നന്നായി. പന്ത് ഗോള്‍പോസ്റ്റിലേക്ക് നേരിട്ടെത്തിക്കാന്‍ അതുതന്നെയായിരുന്നു ശരിയായ നീക്കം. അതുകൊണ്ട് മെച്ചവുമുണ്ടായി. നോവല്‍ എന്തുചെയ്യണമെന്ന് നമുക്ക് ഒരു നിർദേശം കിട്ടിയല്ലോ.”
എഡിറ്ററുടെ പ്രശംസ സന്തോഷമുണ്ടാക്കിയെങ്കിലും എന്‍റെ സംശയം തീര്‍ന്നില്ല. എല്ലാം തീരുമാനിച്ചുവെച്ചിട്ടും എന്തിനാണ് അദ്ദേഹം എന്നെ ബാലഗോപാലന്‍ നായരുടെ അടുത്തേക്ക് കപടദൗത്യവുമായി അയച്ചത്? എനിക്കു ചോദിക്കാതിരിക്കാനായില്ല.
“തന്‍റെ സംശയം ന്യായംതന്നെ. പക്ഷേ അതിനും ഒരു ലക്ഷ്യമുണ്ടായിരുന്നു. തനിക്കറിയുമോ തലിയാര്‍ഖാന്‍, ഞാന്‍ ഈ രംഗത്തു വന്നിട്ട് 40 വര്‍ഷമായി. ബാലഗോപാലന്‍ നായര്‍ പറഞ്ഞ ആ സുവർണകാലം അടക്കം പല പല കാലങ്ങളും തൊട്ടറിഞ്ഞിട്ടുണ്ട്. വായനക്കാരെ കൂടെ നിര്‍ത്താന്‍ പല പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് വായനക്കാരെ ഉയര്‍ത്താനുള്ള പരിശ്രമങ്ങളായിരുന്നു അതൊക്കെ. പല പദ്ധതികളും വിജയിച്ചിട്ടുണ്ട്; അതിലധികം പരാജയപ്പെട്ടിട്ടുമുണ്ട്. മുഖ്യധാരയിലുള്ള എഴുത്തുകാരെ ശാരികയിലേക്ക് കൊണ്ടുവരാന്‍ നോക്കിയത് താന്‍ ഇവിടെ എത്തിയതിനു ശേഷമാണല്ലോ. അത് വിജയിച്ചുവോ പരാജയപ്പെട്ടുവോ എന്നൊന്നും ഇതുവരെ തീര്‍ച്ചയായിട്ടില്ല. കാലം മറുപടി തരട്ടെ.”
“അപ്പോഴും എന്തിനാണ് എന്നെ ബാലഗോപാലന്‍ നായര്‍ സാറിന്‍റെ അടുത്തേക്കു വിട്ടത് എന്ന് എനിക്കു മനസ്സിലായില്ല സര്‍.”
“പറയാം; ക്ഷമിക്കെടോ. സാര്‍ തന്നോടു പറഞ്ഞില്ലേ ഈ സാഹിത്യത്തിന്‍റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും കഥ? നമ്മുടെ വായനക്കാര്‍ക്ക് ചരിത്രമൊന്നും വായിക്കാനുള്ള ക്ഷമയില്ല തലിയാര്‍ഖാന്‍. ലേഖനത്തിന്‍റെ രൂപത്തില്‍ ഞാനതു പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. കാര്യമായി വായിക്കപ്പെട്ടില്ല. അത്തരമൊരു ചരിത്രം നോവലിന്‍റെ രൂപത്തില്‍ വന്നാല്‍ അവരതു വായിച്ചേക്കും. ശരിയാണെന്നു തോന്നുന്നില്ലേ?”
എഡിറ്റര്‍ എവിടെയുമെത്തുന്നില്ല എന്നു തോന്നിയെങ്കിലും ഞാന്‍ ക്ഷമയോടെ ഇരുന്നു.
“ഇവിടെയാണ് തന്‍റെ നോവലിന്‍റെ പ്രസക്തി. അത് താന്‍ മുഖ്യധാരക്കു വേണ്ടിയാണോ എഴുതിയത് എന്നതൊന്നും എന്നെ ബാധിക്കുന്നില്ല. പക്ഷേ ഒന്നുണ്ട്: സുഖമായി വായിക്കാവുന്ന നോവലാണ് അത്. അതാണ് ഒരു നോവലിന് ആദ്യമായി വേണ്ടത് എന്നാണ് എന്‍റെ വിശ്വാസം. തനിക്ക് എഴുത്തിന്‍റെ മർമമറിയാം. അതില്ലെങ്കില്‍ ഒരെഴുത്തും വിജയിക്കാന്‍ പോവുന്നില്ല. പക്ഷേ അതുമാത്രം മതിയോ? പോരാ എന്നാണ് എന്‍റെ പക്ഷം. വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും കടിക്കാന്‍ കിട്ടണം. വായിച്ചുതീര്‍ന്നാലും അതിന്‍റെ സ്വാദ് നാവിലുണ്ടാവണം. തന്‍റെ നോവലില്‍ അതുണ്ട്.”
എന്‍റെ മുഖം വിടര്‍ന്നിരിക്കണം. എഡിറ്റര്‍ അത് ശ്രദ്ധിച്ചിട്ടുമുണ്ടാവണം. അദ്ദേഹം തുടര്‍ന്നു.
“വെറുതെ പ്രശംസിക്കാന്‍ വേണ്ടി പറയുന്നതല്ല. കുറച്ചു കാലമായി എന്നെ അലട്ടുന്ന ഒരു പ്രശ്നമുണ്ട്. ഒരു കാലത്ത് ലക്ഷക്കണക്കിനു വായനക്കാര്‍ ഉണ്ടായിരുന്ന നമ്മുടെ വാരികകള്‍ എന്തുകൊണ്ട് ഈ സ്ഥിതിയിലെത്തി? നമുക്ക് അതൊന്ന് കാര്യമായി അന്വേഷിക്കണ്ടേ? അതു നമുക്ക് ഒരു നോവലിന്‍റെ രൂപത്തില്‍ ആക്കിയാലെന്താ?”
“എന്‍റെ നോവല്‍ മാറ്റിയെഴുതണമെന്നാണോ സര്‍ പറയുന്നത്?”
“അല്ലേയല്ല,” എഡിറ്റര്‍ ചിരിച്ചു. “ആ നോവല്‍ എഴുതിയ ആളുടെ പുതിയ നോവല്‍.”
“എനിക്ക് മനസ്സിലാവുന്നില്ല സര്‍.”
“പുതിയ എഴുത്തുകാരന്‍റെ പുതിയ നോവല്‍ അത് അന്വേഷിക്കുന്നതാവണം. കലയൂരില്‍ താന്‍ പലതും ബാക്കിവെച്ചിട്ടാണ് പോന്നിരിക്കുന്നത്. കാര്‍ത്തികേയന്‍, ദാമു കലയൂര്‍, ജമന്തി - മൂന്നു പേരായിരുന്നില്ലേ പൂമൊട്ടുകളിലെ എഴുത്തുകാര്‍? അതില്‍ കാര്‍ത്തികേയനെ മാത്രമല്ലേ താന്‍ കലയൂരില്‍ കണ്ടുമുട്ടിയുള്ളൂ? രണ്ടു പേര്‍ ബാക്കിയില്ലേ?”
അപ്പോഴാണ് ദാമുവേട്ടനെ ഞാന്‍ സ്ഥിരമായി കണ്ടുമുട്ടാറുള്ള കാര്യം എഡിറ്ററോട് പറഞ്ഞിട്ടില്ലല്ലോ എന്ന് എനിക്ക് ഓർമ വന്നത്. വെളിപ്പെടുത്തിയാല്‍ എഡിറ്റര്‍ക്ക് ഇഷ്ടപ്പെടില്ല എന്നതുകൊണ്ട് അതിത്രയും കാലം മറച്ചുവെക്കുകയാണുണ്ടായത്. എല്ലാ രഹസ്യനീക്കങ്ങളും അവസാനിച്ചതിന്‍റെ അവസ്ഥക്ക് ഇനി അത്തരം കാര്യങ്ങളൊന്നും മൂടിവെക്കേണ്ട കാര്യമില്ലല്ലോ.
ദാമുവേട്ടനുമായി എനിക്കുണ്ടായ സൗഹൃദം വിശദമായിത്തന്നെ ഞാന്‍ എഡിറ്ററെ പറഞ്ഞു കേള്‍പ്പിച്ചു.
“അപ്പോള്‍ രണ്ടു പേരായി. പക്ഷേ മൂന്നാമത്തെ ആള്‍? ഏറ്റവും പ്രധാനം അവരല്ലേ? നോവലിലെ നായിക? നോവലിന്‍റെ പേരുതന്നെ അവരെ സൂചിപ്പിക്കുന്നതല്ലേ?” ഒരു നിമിഷം എന്തോ ഓര്‍ത്തിട്ട് പെട്ടെന്ന് എഡിറ്റര്‍ ചോദിച്ചു: “താന്‍ ആരുടെ കൂടെയാണ് താമസിച്ചത്? കണ്ണിനു കാഴ്ച കുറവാണ് എന്നു പറഞ്ഞ ആ സ്ത്രീ; അവരുടെ പേരെന്താണെന്നാണ് പറഞ്ഞത്?”
“വേശുവമ്മ.”
“അവരെപ്പറ്റി തനിക്ക് കൂടുതല്‍ അറിയണമെന്നു തോന്നുന്നില്ലേ?”
ഉവ്വ്. ചിലതൊക്കെ മറച്ചുവെച്ചിട്ടുണ്ടെങ്കിലും ദാമുവേട്ടന്‍ കുറച്ചെങ്കിലും വെളിപ്പെട്ടിട്ടുണ്ട്. പക്ഷേ വേശുവമ്മ ഇതുവരെ തീരെ പിടി തന്നിട്ടില്ല. ഞാന്‍ പിടിച്ചുപിടിച്ചു പെരുമാറിയതുകൊണ്ടാവുമോ അത്?
അല്ലെങ്കില്‍ ആരാണ് എല്ലാം തുറന്നുപറഞ്ഞിട്ടുള്ളത്? കാര്‍ത്തികേയന്‍ സാര്‍പോലും മുഴുവനും എന്നോടു പറഞ്ഞിട്ടുണ്ടോ? ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോന്ന ജീവിതമാണ് സാറിന്‍റേതെന്നാണ് ദാമുവേട്ടന്‍ പറഞ്ഞത്. എഴുതിയിടത്തോളം അങ്ങനെ നടുക്കമുണ്ടാക്കുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എങ്കില്‍ ഇതൊന്നും അല്ലെന്നുണ്ടോ കാര്‍ത്തികേയന്‍ സാറിന്‍റെ യഥാർഥജീവിതം? എഴുതിവെച്ചേടത്തോളം ‘ജമന്തിപ്പൂക്കള്‍’ വെറും കല്‍പിതകഥയാണെന്നുണ്ടോ?
ചിലതെല്ലാം എഴുത്തുകാര്‍തന്നെ പൂരിപ്പിക്കേണ്ടിവരും എന്നല്ലേ ദാമുവേട്ടന്‍ പറഞ്ഞത്?
“അപ്പോള്‍ ഞാന്‍ പറഞ്ഞില്ലേ? അവരൊക്കെ പലതും പറയാന്‍ ബാക്കിവെച്ചിട്ടുണ്ട്,” എഡിറ്റര്‍ തുടര്‍ന്നു. “തനിക്ക് അതൊക്കെ പൂരിപ്പിച്ചെടുക്കാനാവും. കൂട്ടത്തില്‍ എന്താണ് പൈങ്കിളി സാഹിത്യം എന്നും മലയാളത്തില്‍ അതിന് എന്താണ് സംഭവിച്ചത് എന്നുമൊക്കെ പഠിക്കാവുന്നതേയുള്ളൂ. ഇരുപതോളം വാരികകള്‍ ഒരു കാലത്ത് ഉണ്ടായിരുന്നത് ഇപ്പോള്‍ വെറും രണ്ട് എന്ന സംഖ്യയില്‍ എത്തിയില്ലേ? തീര്‍ച്ചയായും അത് ഒരു പഠനം അര്‍ഹിക്കുന്നുണ്ട്. തനിക്കതിനു കഴിയും. അതിന് ഒരു പ്രചോദനം കിട്ടാനാണ് ഞാന്‍ തന്നെ ബാലഗോപാലന്‍ നായരുടെ അടുത്തേക്ക് അയച്ചത്. അദ്ദേഹത്തെ തനിക്ക് ഇനിയും കാണാവുന്നതേയുള്ളൂ.”
“അതായത് കോട്ടയത്തെ പൈങ്കിളി വാരികകളുടെ പശ്ചാത്തലത്തില്‍ പുതിയ ഒരു നോവലോ?”
“പ്രിസൈസിലി. അതാണ് ഞാനിപ്പോള്‍ തന്നെ ഏൽപിക്കുന്ന യഥാർഥ ദൗത്യം.”
നോവലിന്‍റെ പരസ്യത്തിനുവേണ്ടി എഴുതിയ കടലാസെടുത്ത് ഒന്നുകൂടി വായിച്ചുനോക്കി എഡിറ്റര്‍ അതില്‍ എന്തോ വെട്ടുകയും എഴുതുകയും ചെയ്ത് എന്‍റെ നേരെ നീട്ടി.
ഇപ്പോള്‍ അത് ഇങ്ങനെ വായിക്കാം:
ശാരികയില്‍ ഉടനെ ആരംഭിക്കുന്നു
ഒരു പുതിയ എഴുത്തുകാരന്‍റെ
പുതിയ നോവല്‍
‘പൂമൊട്ടുകള്‍’
‘ജമന്തിപ്പൂക്കള്‍’ -നീണ്ടകഥയുടെ കഥ
“എല്ലാം തുടങ്ങിയത് ആ കയ്യെഴുത്തു മാസികയില്‍നിന്നല്ലേ?” എഡിറ്റര്‍ ചിരിച്ചു. “അതുകൊണ്ട് നമുക്ക് പേര് ഇങ്ങനെയാക്കാം.”
ഇത് ആകപ്പാടെ ഒരപസര്‍പ്പക നോവല്‍ പോലെയായിട്ടുണ്ടല്ലോ എന്ന് എനിക്കു തോന്നി. ഇത് മുഖ്യധാരയിലോ ജനപ്രിയധാരയിലോ പെടുക എന്ന സംശയവും തോന്നി.
കഴിഞ്ഞ ഒരാഴ്ച ഓഫീസില്‍നിന്നു വിട്ടുനിന്നപ്പോള്‍ കിട്ടിയ ബോധോദയങ്ങളാണോ എഡിറ്റര്‍ എനിക്കു മുന്നില്‍ ഇപ്പോള്‍ വിളമ്പുന്നത്? ഞാനതു ചോദിക്കുകതന്നെ ചെയ്തു.
“ഇടയ്ക്ക് ഞാനതു പതിവുണ്ട്,” എഡിറ്റര്‍ പറഞ്ഞു. “ചില വെളിപാടുകള്‍ കിട്ടാറുമുണ്ട്. മനോമയം കൂടി ഈ രംഗത്തുനിന്ന് അപ്രത്യക്ഷമായാല്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ സങ്കൽപിച്ചു നോക്കി. അപ്പോഴാണ് അതിന് ഒരു ത്രില്ലുമില്ലെന്ന് എനിക്കു മനസ്സിലായത്. അവര്‍ നിലനിന്നേ തീരൂ. അവരുടെ ആവശ്യത്തിനു മാത്രമല്ല; നമ്മുടെ ഗുണത്തിനും. ഒരു ഗുസ്തിക്കാരന്‍ ഒറ്റക്ക് ഗോദയില്‍ നില്‍ക്കുന്നതൊന്ന് സങ്കൽപിച്ചുനോക്കൂ. എത്രമാത്രം ബോറാണത്! അന്നു ഞാന്‍ തീരുമാനിച്ചതാണ് കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ മനോമയത്തിന് എത്തിച്ചുകൊടുക്കണമെന്ന്.”
ചായക്കപ്പുകളെടുക്കാന്‍ വന്ന കരുണാകരനോട് എഡിറ്റര്‍ ഓരോ ചായ കൂടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എഡിറ്ററെ അറിയാമായിരുന്നതുകൊണ്ട് എനിക്കതില്‍ അത്ഭുതം തോന്നിയില്ല.
“എനിക്കു വേണ്ട,” ഞാന്‍ പറഞ്ഞു.
“കുടിക്കെടോ,” എഡിറ്റര്‍ ചിരിച്ചു. “പല ആശയങ്ങളും എന്‍റെ തലയിലുദിക്കുന്നത് ചായ കുടിക്കുമ്പോഴാണ്. പിന്നെ ഈ സിഗററ്റ് വലിക്കുമ്പോഴും.”
അതു പറഞ്ഞ് എഡിറ്റര്‍ ഒരു സിഗററ്റിന് തീ കൊളുത്തി.
“ഒരു വിശേഷംകൂടിയുണ്ടെടോ. ഇതു വര്‍ഷം 2025 അല്ലേ? ഞാന്‍ അന്ന് എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ പറഞ്ഞത് ഓർമയുണ്ടല്ലോ. അടുത്ത കൊല്ലം ശാരികയുടെ നവതിയാണ്. നമ്മളത് 33 കൊല്ലത്തിനു ശേഷം കലയൂര്‍ കാര്‍ത്തികേയന്‍ എഴുതുന്ന നോവല്‍കൊണ്ട് ആഘോഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇനി കാര്‍ത്തികേയന്‍ സാറിന്‍റെ ജമന്തിപ്പൂക്കള്‍ കൊണ്ടല്ല തലിയാര്‍ഖാന്‍ എഴുതിയ പൂമൊട്ടുകള്‍കൊണ്ടാണ് നമ്മളത് ആഘോഷിക്കാന്‍ പോവുന്നത്.”
ഞാന്‍ ഒന്നും മിണ്ടിയില്ല. എനിക്കിപ്പോള്‍ എല്ലാം മനസ്സിലാവുന്നുണ്ട്.
വീണ്ടും മറ്റൊരു ദൗത്യമാണ് എഡിറ്റര്‍ എന്നെ ഏൽപിച്ചിരിക്കുന്നത്. ഇത്തവണത്തേത് കൂടുതല്‍ വലിയ ഭാരമാണ്. ‘ശാരിക’ക്കു വേണ്ടി ഒരു നോവലെഴുതുക!
അല്ലെങ്കില്‍ ഈ യഥാർഥ ദൗത്യത്തിലേക്ക് എന്നെ നയിക്കാനാണോ എഡിറ്റര്‍ ഇതുവരെയുള്ള നാടകമത്രയും കളിച്ചത്?
ആലോചിക്കാന്‍ എനിക്കു സമയം അനുവദിച്ചുതന്നതുപോലെ എഡിറ്റര്‍ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ സിഗററ്റുവലിയില്‍ മാത്രം ശ്രദ്ധിക്കുന്നതുപോലെ ഇരുന്നു.
കരുണാകരന്‍ രണ്ടു കപ്പ് ചായയുമായി വീണ്ടുമെത്തി പഴയ കപ്പുകള്‍ എടുത്തുകൊണ്ട് മടങ്ങിപ്പോയി.
“എന്താ തന്‍റെ തീരുമാനം?” എഡിറ്റര്‍ ചോദിച്ചു.
“സര്‍, എനിക്ക് ആലോചിക്കാന്‍ കുറച്ചുസമയം വേണം.”
എന്‍റെ മുഖത്തെ പാരവശ്യം കണ്ട് എഡിറ്റര്‍ ചിരിച്ചു.
“തീര്‍ച്ചയായും,” അദ്ദേഹം ഒരു ചായക്കപ്പെടുത്ത് എനിക്കു നേരെ നീക്കിവെച്ചു. “അതിനിടയ്ക്ക് നമുക്കു ചായ കുടിക്കാം. അല്ലെങ്കില്‍ ചൂടാറിപ്പോവും.”
ചായ ഒരു കവിള്‍ കുടിച്ച് അദ്ദേഹം തുടര്‍ന്നു.
“പക്ഷേ ഒരു കാര്യമുണ്ട് തലിയാര്‍ഖാന്‍. ശാരികയുടെ നവതി ആഘോഷങ്ങള്‍ തുടങ്ങാന്‍ ഇനി ആറുമാസം കൂടിയേ ഉള്ളൂ. ഏഴാം മാസം ആദ്യം നമുക്ക് നമ്മുടെ സ്പെഷല്‍ പതിപ്പ് ഇറക്കണം. അതില്‍ നമുക്ക് പൂമൊട്ടുകളുടെ ആദ്യത്തെ അധ്യായം കൊടുക്കണം. അതുകൊണ്ട് നോ ആയാലും യെസ് ആയാലും മറുപടിക്ക് അധികം സമയമെടുക്കരുത്.”
ഞാന്‍ യാന്ത്രികമായി തലയാട്ടി. പക്ഷേ മനസ്സില്‍ രണ്ടു ചോദ്യങ്ങള്‍ പരസ്പരം തിക്കിത്തിരക്കിക്കൊണ്ട് ഉയര്‍ന്നു:
‘നോ’ പറയണോ? ‘യെസ്’ പറയണോ?
‘യെസ്’ പറയണോ? ‘നോ’ പറയണോ?
‘നോ’ പറഞ്ഞാല്‍ ഇതോടെ ഈ ദൗത്യം തീരും. ‘ശാരിക’യും എഡിറ്ററും കലയൂര്‍ കാര്‍ത്തികേയനുമൊക്കെ അവസാനിപ്പിച്ച അധ്യായങ്ങളാവും.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് മുഖത്തുനോക്കി ‘നോ’ പറയണമെന്ന് ബാലഗോപാലന്‍ നായര്‍ പറഞ്ഞത് മറന്നിട്ടില്ല. അതു പറയാനറിയാത്ത കാലത്തോളം പല തോല്‍വികളും ഏറ്റുവാങ്ങേണ്ടിവരും. അറിഞ്ഞുകൊണ്ട് തോല്‍വി ഏറ്റുവാങ്ങേണ്ടതുണ്ടോ?
അതു ശരി തന്നെ. പക്ഷേ ‘നോ’ പറയേണ്ട സന്ദര്‍ഭമാണോ ഇത്? അങ്ങനെ ഒറ്റയടിക്ക് എല്ലാം അവസാനിപ്പിക്കേണ്ടതുണ്ടോ?
എഴുതണമെന്ന് എഡിറ്റര്‍ മാത്രമല്ല, ബാലഗോപാലന്‍ നായരും പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍, എഴുത്താണ് എന്‍റെ ജീവിതവഴിയെങ്കില്‍ത്തന്നെ അത് ‘ശാരിക’ക്കുള്ള എഴുത്താണോ?
എഴുതിയാല്‍ എന്താണ് തെറ്റ്? സാഹിത്യത്തില്‍ അധമം, ഉത്തമം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ ഇപ്പോഴുമുണ്ടോ?
‘യെസ്’ പറഞ്ഞാല്‍ എല്ലാം വീണ്ടും തുടങ്ങുകയായി. അതായത് കലയൂര്‍ എന്ന ആ ലോകത്തേക്ക് മടങ്ങുകയായി.
കലയൂര്‍!
ഒന്നര മാസത്തോളം മാത്രം താമസിച്ച് ആരോടും യാത്ര പറയാതെ തിരിച്ചുപോന്നതാണ്. മനസ്സുകൊണ്ട് യാത്ര പറഞ്ഞുപോന്ന പ്രദേശമാണ്.
ആ ദേശത്തേക്കാണ് ഇനിയും പോകേണ്ടത്.
ദാമുവേട്ടന്‍റെ നാട്. വേശുവമ്മയുടെ വീട്. ചന്ദ്രേട്ടന്‍റെ ചായക്കട. സോമേട്ടന്‍റെ പെട്ടിക്കട.
കലയൂര്‍പ്പുഴ. കലയൂര്‍പ്പാലം. അമലശ്ശേരിയിലെ ഭഗവതിയമ്പലം. കലയൂര്‍ സിറ്റി, ഹെല്‍ത്ത് സെന്‍റര്‍, കലയൂര്‍ ഹൈസ്കൂള്‍, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി. പള്ളി പിന്നിട്ട് നൂറു മീറ്റര്‍ കഴിഞ്ഞ് വലത്തോട്ടുള്ള വഴി. അവിടെനിന്ന് വീണ്ടും വലത്തോട്ടുള്ള ചെമ്മണ്‍പാത; ‘ജമന്തി’യിലേക്കുള്ള വഴി.
‘ജമന്തി’. കാര്‍ത്തികേയന്‍ സാറിന്‍റെ വീട്. അവിടേക്ക് സാര്‍ ഇനിയും വരില്ലെന്ന് ഉറപ്പായിട്ടുണ്ടോ? വീണ്ടും ചെല്ലുമ്പോള്‍ മുറ്റമടിച്ചുകൊണ്ടു നില്‍ക്കുന്ന സരോജിനിയെ കാണുമോ?
കാര്‍ത്തികേയന്‍ സാറിനെ കാണാന്‍ കോതച്ചിറ കുമാരന്‍ സാര്‍ ഇനിയും എത്തിക്കൂടാ എന്നുണ്ടോ?
ഒന്നിനും അവസാനമായിട്ടില്ലെന്നാണോ?
നോവല്‍ എഴുതണോ എഴുതണ്ടേ എന്നൊക്കെ തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. പക്ഷേ എഴുതുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വീണ്ടും കലയൂര്‍ക്കു പോകണമെന്ന കടുത്ത ആഗ്രഹം തോന്നുന്നു എനിക്കിപ്പോള്‍.
ഇതുവരെ ഒരു തരത്തില്‍ ഒളിച്ചുള്ള താമസമായിരുന്നു. ഇനി ചെല്ലുമ്പോള്‍ അതു വേണ്ട. ചന്ദ്രേട്ടന്‍റെ ചായക്കടയില്‍ കയറാം. അവിടെ വരുന്നവരെയെല്ലാം പരിചയപ്പെടാം. എല്ലാവരോടും തുറന്നു സംസാരിക്കാം.
കലയൂര്‍ക്കു വീണ്ടും ചെല്ലുമ്പോള്‍ വേശുവമ്മയുടെ വീട്ടില്‍ത്തന്നെ താമസിക്കാമല്ലോ.
“മാങ്ങ വീണു തുടങ്ങുമ്പോഴേയ്ക്കും മോന്‍ തിരിച്ചുവരണം; നമുക്ക് രണ്ടു പേര്‍ക്കും കൂടി മാമ്പഴം പൂളിത്തിന്നണം.”
പിരിയുമ്പോള്‍ വേശുവമ്മ പറഞ്ഞത് അറംപറ്റുകയാണോ? അവര്‍ എന്നെ ശരിക്കും കാത്തിരിക്കുന്നുണ്ടാവുമോ?
‘പൂമൊട്ടുകളി’ലെ പ്രധാനപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ജമന്തിയാണല്ലോ. മനസ്സിലായിട്ടില്ല എന്നു ഭാവിച്ചുകൊണ്ട് ഇനി പെരുമാറേണ്ട ആവശ്യമില്ല. മനസ്സുവെച്ചാല്‍ അവരെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാമെന്നാണല്ലോ ദാമുവേട്ടന്‍തന്നെ പറഞ്ഞത്.
ഞാന്‍ തിരിച്ചുചെല്ലുമെന്ന് ദാമുവേട്ടന്‍ പ്രതീക്ഷിക്കുന്നുണ്ടാവുമോ?
“നമ്മളിനി നേരില്‍ കണ്ടില്ലെങ്കിലും ഞാന്‍ തന്‍റെ കൂടെയുണ്ടെന്ന് ഉറപ്പിച്ചോളൂ. തനിക്കു നല്ലതു വരട്ടെ.”
അവസാനം കണ്ടപ്പോള്‍ ദാമുവേട്ടന്‍ പറഞ്ഞ വാക്കുകളാണ്; അതില്‍ ഒരു ക്ഷണം ബാക്കി നിൽപില്ലേ?
കാര്‍ത്തികേയന്‍ സാറിനെയും കാണണം. അന്നവിടെനിന്നു പോരുമ്പോള്‍ ഇനിയും കാണുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. ലീലാവതിയമ്മ, ശ്രീജ, ഇനിയും കണ്ടുമുട്ടിയില്ലാത്ത പ്രീജ. മുജ്ജന്മബന്ധം പോലെ ആ കുടുംബത്തോട് ഒരടുപ്പം തോന്നുന്നു -
“താന്‍ ചായ കുടിച്ചില്ലല്ലോ,” എഡിറ്റര്‍ എന്നെ ചിന്തയില്‍നിന്നുണര്‍ത്തി: “ഇപ്പോള്‍ തണുത്തിട്ടുണ്ടാവും.”
ചായ മുന്നിലിരിക്കുന്ന കാര്യം മറന്നുപോയിരുന്നു. കപ്പെടുത്ത് ഒരു കവിള്‍ കുടിച്ചു.
കടുത്ത മധുരം. സ്വതേത്തന്നെ കരുണാകരന്‍റെ ചായക്ക് മധുരം കൂടുതലാണ്. ഇതിലാവട്ടെ പതിവില്‍ക്കവിഞ്ഞ അളവില്‍ പഞ്ചാസാരയിട്ടിരിക്കുന്നു.
“എന്താ ചായ തണുത്തുവോ?” എന്‍റെ മുഖഭാവം കണ്ട് എഡിറ്റര്‍ ചോദിച്ചു. “കരുണാകരനോട് വേറെ കൊണ്ടുവരാന്‍ പറയണോ?”
“വേണ്ട സര്‍.”
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.