ജമന്തിപൂക്കൾ നീണ്ടകഥയുടെ കഥ

സമര്‍പ്പണം ലോഡ്ജില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു ‘മനോമയ’ത്തിന്‍റെ ഓഫീസ്. കൈയെഴുത്തുപ്രതിയുംകൊണ്ട് ബസില്‍ പോവുന്നത് സുരക്ഷിതമായി എനിക്കു തോന്നിയില്ല. എത്രയും ഭദ്രമായി ഇത് ‘മനോമയം’ പത്രാധിപരെ ഏൽപിക്കേണ്ടതുണ്ട്. അതോടെ, എന്‍റെ അവസാനത്തെ ദൗത്യത്തിന് വിരാമമാവുകയായി. ഇതു കഴിഞ്ഞ് നേരെ തന്‍റെ അടുത്തേക്ക് ചെല്ലണമെന്നാണല്ലോ എഡിറ്റര്‍ പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അതുതന്നെയാണ് ചെയ്യാന്‍പോവുന്നത്. വിവരം കൈമാറിക്കഴിഞ്ഞ് എഡിറ്റര്‍ എന്നെ റിസീവറുടെ കാബിനിലേക്കുതന്നെ തിരിച്ചയക്കുകയാണെങ്കില്‍ ‘ശാരിക’യോട് ‘ബൈ’ പറയണം. അതില്‍ എനിക്ക് ആശയക്കുഴപ്പമൊന്നുമില്ല. കഴിഞ്ഞ...

സമര്‍പ്പണം

ലോഡ്ജില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു ‘മനോമയ’ത്തിന്‍റെ ഓഫീസ്. കൈയെഴുത്തുപ്രതിയുംകൊണ്ട് ബസില്‍ പോവുന്നത് സുരക്ഷിതമായി എനിക്കു തോന്നിയില്ല. എത്രയും ഭദ്രമായി ഇത് ‘മനോമയം’ പത്രാധിപരെ ഏൽപിക്കേണ്ടതുണ്ട്. അതോടെ, എന്‍റെ അവസാനത്തെ ദൗത്യത്തിന് വിരാമമാവുകയായി.

ഇതു കഴിഞ്ഞ് നേരെ തന്‍റെ അടുത്തേക്ക് ചെല്ലണമെന്നാണല്ലോ എഡിറ്റര്‍ പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അതുതന്നെയാണ് ചെയ്യാന്‍പോവുന്നത്. വിവരം കൈമാറിക്കഴിഞ്ഞ് എഡിറ്റര്‍ എന്നെ റിസീവറുടെ കാബിനിലേക്കുതന്നെ തിരിച്ചയക്കുകയാണെങ്കില്‍ ‘ശാരിക’യോട് ‘ബൈ’ പറയണം. അതില്‍ എനിക്ക് ആശയക്കുഴപ്പമൊന്നുമില്ല.

കഴിഞ്ഞ ഒന്നരമാസത്തിനിടക്ക് ആരെയൊക്കെ കണ്ടു! എന്തെല്ലാം അറിഞ്ഞു! എന്തൊക്കെ അനുഭവിച്ചു! ഈ ലോകത്ത് നമ്മള്‍ അറിയാത്തതും കാണാത്തതുമായ എത്രയെത്ര ലോകങ്ങളുണ്ട്? ഇതുവരെ തിരിഞ്ഞുനോക്കാത്തതും പൈങ്കിളി വാരികകള്‍ എന്നുപറഞ്ഞ് പുച്ഛിച്ചതുമായ ലോകത്തില്‍ എന്തെല്ലാം സംഭവങ്ങള്‍!

എത്രയെത്ര ജീവിതങ്ങള്‍, എത്രയെത്ര കഥാപാത്രങ്ങള്‍! എത്ര​െയത്ര വിജയങ്ങള്‍, പരാജയങ്ങള്‍! പുഞ്ചിരികള്‍, നെടുവീര്‍പ്പുകള്‍? അവരുടെ വേദനകളും സന്തോഷങ്ങളും ഇന്നലെ വരെ എനിക്ക് അന്യമായിരുന്നു. ഇന്നും അത് പൂര്‍ണമായി പിടിച്ചെടുത്തിട്ടുണ്ടെന്നല്ല. പക്ഷേ, അതിലേക്ക് ഒരു വാതില്‍ തുറന്നുകിട്ടുകയെങ്കിലും ചെയ്തുവല്ലോ.

പത്രത്തില്‍ വാണ്ടഡ് കോളത്തിലെ ഒരു ചെറിയ പരസ്യം: ‘ഒരു പ്രമുഖപത്രസ്ഥാപനത്തിലെ ഡെസ്കിലേക്ക് ഒരാളെ ആവശ്യമുണ്ട് മുന്‍കാലപരിചയം നിര്‍ബന്ധമില്ല. നേരിട്ടോ ഫോണ്‍ വഴിയോ അപേക്ഷിക്കാം.’ നേരിട്ടു വിളിക്കുകയാണ് ഉണ്ടായത്. ആരാണ് അന്ന് ഫോണ്‍ എടുത്തത്? മാനേജിങ് എഡിറ്റര്‍തന്നെയാവണം. അദ്ദേഹമാണല്ലോ എന്‍റെ ശബ്ദത്തിന്‍റെ മനുഷ്യപ്പറ്റിനെപ്പറ്റി പറഞ്ഞത്! ശരിക്കും അതുണ്ടോ എന്‍റെ ശബ്ദത്തില്‍? ആര്‍ക്കറിയാം?

ഏതായാലും ഒന്നുറപ്പ്: എന്‍റെ ശബ്ദമാണ് എനിക്ക് ഈ ജോലി നേടിത്തന്നത്. പിന്നെ എന്‍റെ പേരും. ഇതുവരെ കേട്ടിട്ടില്ലെങ്കിലും വായിച്ചിട്ടില്ലെങ്കിലും സാക്ഷാല്‍ എ.എഫ്.എസ് തലിയാര്‍ഖാനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. മഹിതമായ ആ വ്യക്തിത്വം ഞാന്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളേണ്ടതുണ്ട്. റിസീവര്‍ എന്ന തസ്തിക എന്നെ ഓർമിപ്പിക്കുന്നത് അതാണ്. പലതും പഠിക്കേണ്ടതുമുണ്ട്. ഫോണിലൂടെയാണെങ്കിലും ചുണ്ടില്‍ ഒരു ചിരിയോടെ സംസാരിക്കുക. നമ്മുടെ മുഖം കാണില്ലെങ്കിലും ചുണ്ടിന്‍റെ ആ വിന്യാസവും ആ ചിരിയും അവരുടെ കാതില്‍ എത്തിക്കുമത്രേ. മേധാവിയോടും ആ ചിരി പുലര്‍ത്തണം. അനുസരിക്കണം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയണമെന്നു മാത്രം. പലതും പഠിച്ചു. ഏറ്റെടുക്കാന്‍ ഇഷ്ടം തോന്നാത്തതിനോട് ‘നോ’ എന്നു പറയുകതന്നെ വേണം എന്ന് ബാലഗോപാലന്‍ നായര്‍ പഠിപ്പിച്ച പാഠമടക്കം.

അത്ര മോശമൊന്നുമല്ല ‘ശാരിക’ പഠിപ്പിച്ച പാഠങ്ങള്‍. പത്തു മണി കഴിഞ്ഞിരിക്കുന്നു. കൈയില്‍ ‘ജമന്തിപ്പൂക്കളു’ടെ കൈയെഴുത്തുപ്രതി ഉണ്ടെന്ന് ഉറപ്പുവരുത്തി ഞാന്‍ ‘മനോമയം’ ഓഫീസിലേക്ക് ഒരു ഓട്ടോറിക്ഷയെടുത്തു. എന്‍റെ ദൗത്യത്തിന് അന്ത്യമാവുകയാണ്. അതിന്‍റെ അവസാനനിമിഷങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

മാവേലിക്കരയിലേക്ക് ‘മനോമയ’ത്തിന്‍റെ ദൂതന്‍ ചെന്നിട്ട് നാലു ദിവസം കഴിഞ്ഞിരിക്കുന്നു. കാര്‍ത്തികേയന്‍ സാര്‍ എന്‍റെ പേരു പറഞ്ഞിട്ടും അത്രയും ദിവസമായിരിക്കുന്നു. പിന്നെ അവരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. അതെന്തുകൊണ്ടാണ്? നോവലില്‍ അവര്‍ക്കുള്ള താല്‍പര്യം നഷ്ടപ്പെട്ടുവോ? അതോ അവര്‍ വേറെ വഴി തേടുകയാണോ? പല സംശയങ്ങള്‍ക്കും ഇന്ന് ഉത്തരം കിട്ടുമായിരിക്കും.

ഒറ്റനോട്ടത്തില്‍ത്തന്നെ ‘മനോമയം’ വാരികയുടെ ഓഫീസ് ‘ശാരിക’യുടേതിനേക്കാള്‍ വലുതായിരുന്നു. കൂറ്റന്‍ മൂന്നുനില കെട്ടിടം. ‘മനോമയ’ത്തിന് അതേ പേരില്‍ പത്രം കൂടിയുള്ളതുകൊണ്ട് അത് ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. വിശാലമായ മുറ്റത്ത് ഡെലിവറി വാനുകള്‍ നിരനിരയായി കിടക്കുന്നുണ്ട്. കാറുകളും ഇരുചക്രവാഹനങ്ങളും പുറമേ. അവക്കിടയില്‍ ജീവനക്കാരും സന്ദര്‍ശകരുമായി നിരവധി പേര്‍ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. ആകപ്പാടെ സജീവമായ ഒരന്തരീക്ഷം.

ഗേറ്റിലെ പാറാവുകാരന്‍ എന്നെ തടഞ്ഞു. എവിടെനിന്നാണ് വരുന്നതെന്നും ആരെ കാണാനാണെന്നും ചോദിച്ചു. പേരും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തി. സന്ദര്‍ശനോദ്ദേശ്യം പത്രാധിപരെ കാണുകയാണ് എന്നും എഴുതിവെച്ചു.

‘‘ഏതു പത്രാധിപരെ?’’ പാറാവുകാരന്‍ ചോദിച്ചു.

അപ്പോഴാണ് എഡിറ്ററോട് പത്രാധിപരുടെ പേര് ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്. എഡിറ്റര്‍ അതു പറഞ്ഞുതന്നതുമില്ല. ‘മനോമയം’ വലിയ ഒരു സ്ഥാപനമാണെന്നും അവിടെ ഒന്നിലധികം പത്രാധിപന്മാര്‍ ഉണ്ടാവുമെന്നും ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു. തെറ്റുകളില്‍നിന്ന് ഇനിയും ഞാന്‍ പാഠങ്ങളൊന്നും ഉള്‍ക്കൊള്ളുന്നില്ല.

‘‘വാരികയുടെ പത്രാധിപരെയാണ് കാണേണ്ടത്,’’ അല്‍പം സംശയിച്ച് ഞാന്‍ പറഞ്ഞു.

 

‘‘അതു ശരി. പക്ഷേ മൂന്നു പേരുണ്ടല്ലോ. അതില്‍ ആരെ?’’

‘‘ചീഫ് എഡിറ്ററെയാണ് കാണേണ്ടത്,’’ പെട്ടെന്നു തോന്നിയത് ഞാന്‍ പറഞ്ഞു.

ഭാഗ്യം, അത് ഏറ്റു.

‘‘ഓ, വാസുദേവന്‍ സാറിനെയാണോ?’’ പാറാവുകാരന്‍റെ മുഖത്ത് അല്‍പം ബഹുമാനം നിഴലിച്ചതായി എനിക്കു തോന്നി. ഗേറ്റ് തുറന്നുതന്ന് അയാള്‍ തുടര്‍ന്നു. ‘‘സാറ് എത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല.’’

അയാള്‍ പറഞ്ഞതു ശരിയായിരുന്നു. ‘‘വാസുദേവൻ സാറ് ഇന്നു വരാന്‍ പറഞ്ഞിരുന്നുവോ,’’ റിസപ്ഷനിലിരിക്കുന്ന പെണ്‍കുട്ടി പേരും വിലാസവും സന്ദര്‍ശനോദ്ദേശ്യവുമൊക്കെ ആരാഞ്ഞതിനുശേഷം ചോദിച്ചു.

ഉണ്ടെന്നോ ഇല്ലെന്നോ അർഥം വരാവുന്ന മട്ടില്‍ ഞാന്‍ അവ്യക്തമായി ഒന്നു തലയാട്ടി.

‘‘സാറു വരാന്‍ ഇന്ന് കുറച്ചു വൈകുമെന്നു തോന്നുന്നു.’’ റിസപ്ഷനിലെ സോഫ ചൂണ്ടിക്കാട്ടി അവള്‍ തുടര്‍ന്നു: ‘‘കുറച്ചുനേരം വെയ്റ്റ് ചെയ്യൂ.’’

നാലു വലിയ സോഫകളുണ്ട്. അതില്‍ ചിലര്‍ ഇരിപ്പുണ്ട്. അവരൊക്കെ ചീഫ് എഡിറ്ററെ കാണാന്‍ വന്നവരാവുമോ? എങ്ങനെയായാലും കാത്തിരിക്കുകതന്നെ. ഞാന്‍ സോഫകളിലൊന്നില്‍ സ്ഥലം പിടിച്ചു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവസാനത്തെ ആശ്രയമായ ഫേസ്ബുക്ക് തന്നെ തുറന്നു. തിരക്കാണെന്നു നടിക്കുകയെങ്കിലും വേണമല്ലോ.

‘‘ആരെയെങ്കിലും കാണാന്‍ ചെല്ലുമ്പോള്‍, ഉദ്ദേശിച്ച ആള്‍ എത്തിയിട്ടില്ലെങ്കില്‍ എങ്ങനെയാണ് സമയം കൊല്ലേണ്ടത്?’’

പതിവുപോലെ മനസ്സ് തുറന്നതാണ്. ‘ഇവിടെ എന്തെങ്കിലും എഴുതൂ’ എന്നാണല്ലോ ഫേസ്ബുക്ക് നമ്മളോട് ആവശ്യപ്പെടുന്നത്.

അധികം വൈകാതെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഫേസ്ബുക്കില്‍ ഇത്രയേറെ അനുവാചകര്‍ മറ്റൊരു ചിന്തയും തൊഴിലുമില്ലാതെ കുത്തിയിരിക്കുന്നുണ്ടല്ലോ എന്നാലോചിച്ച് എനിക്കു ചിരി വന്നു.

‘‘സമയം കൊല്ലേണ്ടത് എങ്ങനെയെന്നോ? ഫേസ്ബുക്ക് തുറക്കുകതന്നെ.’’ ആദ്യത്തെ പ്രതികരണം തന്നെ അതായിരുന്നു.

‘‘വരും; വരാതിരിക്കില്ല.’’

‘‘ക്ഷമ പഠിക്കാനുള്ള അപൂർവമായ അവസരമാണത്. മുതലാക്കുക.’’

‘‘സമയം കൊല്ലേണ്ടതൊന്നുമില്ല. എഴുന്നേറ്റ് സ്ഥലം വിടുക.’’

‘‘കാത്തിരിക്കുന്നത് കാമുകിയെയാണെങ്കില്‍ ക്ഷമ ശരിക്കും പരീക്ഷിക്കപ്പെടും.’’

ഞാന്‍ ഫേസ്ബുക്ക് അടച്ചു. റിസപ്ഷനില്‍ ആരൊക്കെയോ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. സോഫകളില്‍ കാത്തിരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. റിസപ്ഷനിസ്റ്റ് തിരക്കിലാണ്. ടെലിഫോണ്‍ നിരന്തരം അടിക്കുന്നുണ്ട്. ഇന്‍റര്‍കോമിലും വിളികള്‍ വരുന്നുണ്ട്. ഇതിനിടെ രണ്ടോ മൂന്നോ പേര്‍ കയറിവന്ന് അകത്തേക്കു കടന്നുപോയി. അതില്‍ ആരെങ്കിലുമാവുമോ ചീഫ് എഡിറ്റര്‍? ഊഹിച്ചതു ശരിയായിരുന്നു. റിസപ്ഷനിസ്റ്റ് എന്നെ നോക്കി പറഞ്ഞു.

‘‘വാസുദേവൻ സാര്‍ എത്തിയിട്ടുണ്ട്. ഞാന്‍ പറയാം.’’

അവള്‍ ഇന്‍റര്‍കോം കറക്കി അടുത്തിരിക്കുന്ന ആള്‍ക്കുപോലും കേള്‍ക്കാത്തത്ര നേരിയ ശബ്ദത്തില്‍ എന്തോ സംസാരിച്ചു. പിന്നെ എന്‍റെ മുഖത്തുനോക്കി.

‘‘സാര്‍ വിളിക്കുന്നുണ്ട്. ചെന്നോളൂ. അകത്തേക്കു കടന്ന് ഇടത്തു വശത്തെ രണ്ടാമത്തെ കാബിന്‍.’’

ചീഫ് എഡിറ്ററുടെ കാബിന്‍ വലുതായിരുന്നു. ‘ശാരിക’യുടെ എഡിറ്ററുടെ കാബിന്‍റെ ഇരട്ടിയെങ്കിലുമുണ്ട്. ചില്ലു പതിച്ച മേശപ്പുറത്ത് നിറയെ കടലാസുകെട്ടുകളും ഫയലുകളുമാണ്. ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്ന അദ്ദേഹം കയ്യാംഗ്യത്തിലൂടെ എന്നോട് ഇരിക്കാന്‍ പറഞ്ഞു. റിസപ്ഷനിസ്റ്റിനെപ്പോലെ അദ്ദേഹവും വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

ചീഫ് എഡിറ്റര്‍ മധ്യവയസ്കനാണ്. എങ്കിലും യൗവനത്തിന്‍റെ ശേഷിപ്പുകള്‍ ബാക്കിയുണ്ട്. അത് അദ്ദേഹം വളരെ ശ്രദ്ധാപൂർവം പിടിച്ചുനിര്‍ത്തുന്നതാണെന്ന് ഒറ്റ നോട്ടത്തില്‍നിന്നു തന്നെ മനസ്സിലായി. വൃത്തിയായി കറുപ്പിച്ച് ചീകിവെച്ച മുടി മുതല്‍ കൃത്യമായി വെട്ടി നിര്‍ത്തിയ മീശയും താടിയും വരെ ആ കൗശലം വിളിച്ചോതുന്നുണ്ട്. അല്‍പം മേദസ്സുള്ള ശരീരം അദ്ദേഹം ധരിച്ച സഫാരി സൂട്ട് ഭംഗിയായി ഉള്‍ക്കൊള്ളുന്നുണ്ട്. സംസാരത്തിനിടെ സ്വര്‍ണ ഫ്രെയിമിനു പിന്നിലെ കണ്ണുകള്‍ തിളങ്ങി.

‘‘എന്താ?’’ സംസാരം നിര്‍ത്തി അദ്ദേഹം എന്‍റെ നേരെ തിരിഞ്ഞു.

‘‘ഞാന്‍ ഒരു നോവല്‍ തരാന്‍ വന്നതാണ്,’’ അപ്പോള്‍ അതാണ് എന്‍റെ വായില്‍നിന്നു വീണത്.

‘‘പുതിയ നോവലൊന്നും തല്‍ക്കാലം എടുക്കുന്നില്ലല്ലോ,’’ ചീഫ് എഡിറ്റര്‍ ക്ഷമാപണം നടിച്ച് പറഞ്ഞു. ‘‘വെയ്റ്റിങ് ആണ്. രണ്ടു കൊല്ലമെടുക്കും.’’

‘‘സോറി സര്‍. ഞാന്‍ കാര്‍ത്തികേയന്‍ സാറിന്‍റെ നോവലും കൊണ്ട് വന്നതാണ്.”

പെട്ടെന്ന് ചീഫ് എഡിറ്ററുടെ മുഖഭാവം മാറി. “എവിടെ,” എന്‍റെ നേരെ കൈനീട്ടി അദ്ദേഹം ആരാഞ്ഞു.

ബാക്പാക്കില്‍നിന്ന് ഫോള്‍ഡറെടുത്ത് ഞാന്‍ അദ്ദേഹത്തിനു നേരെ നീക്കിവെച്ചു. അദ്ദേഹം വളരെ തിടുക്കത്തില്‍ ഫോള്‍ഡറില്‍നിന്ന് കൈയെഴുത്തുപ്രതി വലിച്ചെടുത്തു.

“ജമന്തിപ്പൂക്കള്‍,” ആദ്യത്തെ പേജ് തുറക്കുന്നതിനിടയില്‍ അദ്ദേഹം മന്ത്രിച്ചു. പിന്നെ ഞാന്‍ മുന്നിലിരിക്കുന്ന കാര്യംതന്നെ മറന്ന പോലെ അദ്ദേഹം കൈയെഴുത്തുപ്രതിയിലൂടെ കടന്നുപോയി. അതിനിടയില്‍ എങ്ങനെയാണ് യാത്ര പറയേണ്ടതെന്നറിയാതെ ഞാന്‍ അനങ്ങാതെയിരുന്നു. കാബിനിലേക്ക് യൂനിഫോമിട്ട ഒരു മധ്യവയസ്കന്‍ ഒരു കപ്പ് ചായയുമായി കടന്നുവന്നപ്പോള്‍ അദ്ദേഹം തലയുയര്‍ത്തി ഒരെണ്ണം കൂടി കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു. തനിക്കു കൊണ്ടുവന്ന ചായ അദ്ദേഹം എന്‍റെ നേര്‍ക്ക് നീക്കി വെച്ച് വായനയിലേക്കു മടങ്ങി.

“എനിക്കു വേണ്ട സര്‍.” ഇപ്പോള്‍ യാത്രപറയാന്‍ പറ്റിയ സന്ദര്‍ഭമാണെന്നു തോന്നിയതുകൊണ്ട് ഞാന്‍ തിടുക്കത്തില്‍ പറഞ്ഞു.

“ഒരു ചായയൊക്കെ കുടിച്ചിട്ടു പോയാല്‍ മതി,” ഒന്നു ചിരിച്ച് കൈയെഴുത്തുപ്രതിയിലേക്കു തന്നെ മടങ്ങുന്നതിനിടയില്‍ ചീഫ് എഡിറ്റര്‍ തുടര്‍ന്നു. “ഐ നീഡ് ടു ടോക് ടു യൂ സംതിങ് വെരി ഇംപോര്‍ട്ടന്‍റ്.”

എഡിറ്ററുടെ നിർദേശം ഞാന്‍ ഓർമിച്ചു. പെട്ടെന്ന് തിരിച്ചുപോരാനാണല്ലോ അദ്ദേഹം പറഞ്ഞത്. എന്നാലും കുഴപ്പമൊന്നുമില്ല. ഒന്നും വിട്ടുപറയാതിരുന്നാല്‍ മതിയല്ലോ.

ചായ വീണ്ടും വന്നപ്പോള്‍ അദ്ദേഹം അതു കൈയിലെടുത്ത് വായന തുടര്‍ന്നു. അദ്ദേഹത്തിന്‍റെ മുഖത്തെ ഭാവമാറ്റങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ഞാന്‍ ചായ കുടിക്കാന്‍ തുടങ്ങി. നിത്യാഭ്യാസംകൊണ്ടാവണം ചീഫ് എഡിറ്റര്‍ അതിവേഗത്തിലാണ് വായിക്കുന്നത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം തന്‍റെ ചായകുടിയും വായനയും അവസാനിപ്പിച്ച് എന്‍റെ നേര്‍ക്കു തിരിഞ്ഞു.

“ബാക്കി എവിടെ?”

“കാര്‍ത്തികേയന്‍ സാര്‍ ഇത്രയേ എഴുതിയിട്ടുള്ളൂ സര്‍.”

“ഓഹ്! റിയലി?” അദ്ദേഹം ആശ്ചര്യപ്പെട്ടു. “ഐ പ്രിസ്യൂം ദാറ്റ് യൂ ആര്‍ ദ സ്ക്രൈബ്? അതായത് ഈ നോവല്‍ കേട്ടെഴുതിയത് നിങ്ങളല്ലേ? അപ്പോള്‍ എന്താണ് അദ്ദേഹം ഇങ്ങനെ പാതിയെഴുതിനിര്‍ത്താന്‍ കാരണം എന്നും നിങ്ങള്‍ക്ക് അറിവുണ്ടാവുമല്ലോ.”

എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങി. കൂടുതല്‍ സംസാരിക്കാന്‍ പോയാല്‍ പലതും വെളിപ്പെടുത്താന്‍ ഞാന്‍ നിർബന്ധിതനായേക്കും.

“എനിക്കു പോവാന്‍ കുറച്ച് തിരക്കുണ്ട് സര്‍.” പറഞ്ഞുകഴിഞ്ഞപ്പോള്‍ത്തന്നെ അത് ശരിക്കുള്ള ഒരു മറുപടിയായില്ല എന്ന് എനിക്കു തോന്നി.

“ദാറ്റ് ഐ വില്‍ ടെയ്ക് കെയര്‍ ഓഫ്. നിങ്ങള്‍ എവിടന്നാണ് വരുന്നത്? ഞാനവിടെ നിങ്ങളെ ഡ്രോപ് ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തോളാം.”

“അതൊന്നും വേണ്ട സര്‍. ഞാന്‍ ഇരിക്കാം.” ലോഡ്ജിന്‍റെ പേരു പറഞ്ഞാല്‍ കൂടുതല്‍ പ്രശ്നമാവുമെന്ന് എനിക്കു തോന്നി.

“ഓക്കെ, ഓക്കെ,” ചീഫ് എഡിറ്റര്‍ ചിരിച്ചു. “ദ വണ്‍ ഇംപോര്‍ട്ടന്‍റ് തിങ് ഐ വാണ്ടഡ് ടു ആസ്ക്: എങ്ങനെയുണ്ട് അദ്ദേഹത്തിന്‍റെ ആരോഗ്യം? ഐ അസ്യൂം ഹി ഈസ് ഇന്‍ ഹിസ് ലെയ്റ്റ് എയ്റ്റീസ്. കയ്യിന് വിറയൊക്കെ ഉണ്ടാവാമല്ലോ. അപ്പോള്‍ ഏതെങ്കിലും കേട്ടെഴുത്തുകാരനെ അങ്ങോട്ടു വിടണോ എന്ന് ഞാന്‍ ചോദിച്ചതാണ്. ഒന്നും വേണ്ടെന്നും വണ്‍ മിസ്റ്റര്‍ ഇക്ബാല്‍ വേറെ ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മൂപ്പര്‍ പറഞ്ഞു. അതാണല്ലേ നിങ്ങള്‍! ഗുഡ് ജോബ്, ഇന്‍ഡീഡ്!”

അദ്ദേഹം അഭിനന്ദനസൂചകമായി വലത്തെ കൈയിലെ തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടി.

“ബൈ ദ ബൈ, എന്താണ് നിങ്ങളുടെ പ്രൊഫെഷന്‍? ആര്‍ യൂ എ പ്രൊഫെഷണല്‍ സ്ക്രൈബ്? ഓര്‍ എ ഗോസ്റ്റ് റൈറ്റര്‍?”

ചോദ്യങ്ങള്‍ പിന്നാലെപ്പിന്നാലെ പാഞ്ഞുവരികയാണ്. അവിടെ അധികം ഇരിക്കുന്നത് അത്ര നല്ലതല്ല എന്ന് എനിക്കു തോന്നി. പക്ഷേ പെട്ടെന്ന് എഴുന്നേറ്റു പോരുന്നത് അദ്ദേഹത്തിന് കൂടുതല്‍ സംശയം ഉണ്ടാക്കാനാവും സഹായിക്കുക.

“അങ്ങനെയൊന്നുമില്ല, ഇങ്ങനെ ഒരവസം വന്നപ്പോള്‍ ചെയ്തു എന്നുമാത്രം.”

“ഓക്കെ, ഓക്കെ. കാര്‍ത്തികേയന്‍ സാറുമായി എങ്ങനെയാണ് നിങ്ങള്‍ക്കു പരിചയം? ഈസ് ഹി യോര്‍ നൈബര്‍ ഓര്‍ വാട്ട്? കലയൂരാണോ നിങ്ങളുടെ സ്വദേശം? ഓര്‍ ഈസിറ്റ് മാവേലിക്കര?”

“അങ്ങനെയൊന്നുമില്ല. കാര്‍ത്തികേയന്‍ സാര്‍ ഒരു പുതിയ നോവലെഴുതുന്നുണ്ടെന്നും തനിക്ക് ഒന്നു സഹായിക്കാമോ എന്നും എന്‍റെ ഒരു സ്നേഹിതന്‍ എന്നോടു ചോദിച്ചു. അപ്പോള്‍ ഞാനതിനു തയ്യാറായി എന്നുമാത്രം. ജസ്റ്റ് എ കോയിന്‍സിഡെന്‍സ്.”

“ആ ഫ്രന്‍റാണല്ലേ ഇക്ബാല്‍? ഗുഡ്!” ചീഫ് എഡിറ്റര്‍ ചിരിച്ചു. “കാര്‍ത്തികേയന്‍ സാറിന്‍റെ കാര്യങ്ങള്‍ പലതും മിസ്റ്ററിയാണ്. നോവലിസ്റ്റ് എന്ന നിലയില്‍ ഉയരത്തിലിരിക്കുമ്പോള്‍ പെട്ടെന്ന് പിന്‍വാങ്ങുക; പിന്നെ 33 കൊല്ലം ഒന്നും എഴുതാതിരിക്കുക. ഇനി ഒന്നും എഴുതുകയില്ലെന്ന് ദൃഢപ്രതിജ്ഞയെടുക്കുക! ഞാന്‍ വെറുതെ ഒന്നു ശ്രമിച്ചുനോക്കിയതാണ്. ആന്‍ഡ് സര്‍പ്രൈസിങ് ലി, ഹി ഫെല്‍ ഇന്‍ ടു മൈ ബൈറ്റ്! പക്ഷേ പിന്നെയും എന്തൊക്കെയോ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു. ഒരു മാസത്തേക്ക് തന്നെ കോണ്‍ടാക്റ്റ് ചെയ്യരുത് എന്നു പറയുക, അതു കഴിഞ്ഞിട്ടു കാണാന്‍ ചെന്ന എന്‍റെ എംപ്ലോയിയെ കാണാന്‍ കൂട്ടാക്കാതിരിക്കുക, വെറുംകയ്യോടെ തിരിച്ചയക്കുക. എന്നിട്ട് നോവല്‍ പൂര്‍ത്തിയാക്കാതെ മാവേലിക്കരയിലേക്ക് ഓടിപ്പോവുക. മാവേലിക്കരയിലേക്ക് അന്വേഷിച്ചുചെന്ന എന്‍റെ ആളാണ് നിങ്ങളുടെ കയ്യിലാണ് നോവല്‍ എന്നറിയിച്ചത്. സിന്‍സ് ദെന്‍ ഐ വാസ് എക്സ്പെക്റ്റിങ് യൂ.”

ഞാന്‍ എല്ലാം കേട്ട് വെറുതെ ചിരിച്ചുകാണിച്ചു.

“ആന്‍ഡ് ഫൈനലി, എഴുതിക്കഴിഞ്ഞപ്പൊഴോ, ഇറ്റ്സ് മോര്‍ ലൈക്ക് ആന്‍ ഓട്ടോബയോഗ്രഫി ദാന്‍ എ നോവല്‍! ഈസിന്‍റിറ്റ്?”

ഇതെല്ലാം എന്തിനാണ് എന്നോടു പറയുന്നത് എന്ന് ഞാന്‍ അസ്വസ്ഥനായി. എന്‍റെ മൊബൈലില്‍ ഒരു മിസ്ഡ് കോള്‍ വന്നു. നോക്കിയപ്പോള്‍ അത് എഡിറ്ററുടെയാണ്.

“സംസാരിച്ചോളൂ,” ചീഫ് എഡിറ്റര്‍ ഉദാരനായി. “കട്ട് ചെയ്യണ്ട.”

അസ്സലായി; ഇദ്ദേഹത്തിന്‍റെ മുന്നില്‍വെച്ച് എഡിറ്ററോടു സംസാരിക്കുക!

“വേണ്ട സര്‍.”

ഞാനിവിടെ കൂടുതല്‍ സമയം എടുക്കുന്നുണ്ടോ എന്നറിയാനാവും എഡിറ്റര്‍ മിസ്ഡ് കോള്‍ തന്നത്. അത് ഒരു മുന്നറിയിപ്പുമാണ്. ചീഫ് എഡിറ്ററെ കണ്ടുകിട്ടാന്‍ തന്നെ മുക്കാല്‍ മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതൊന്നും എഡിറ്റര്‍ക്കറിയില്ലല്ലോ.

“ഞാന്‍ നീങ്ങട്ടെ സര്‍,” ഞാന്‍ പറഞ്ഞു. “വീട്ടില്‍നിന്നാണ്. അച്ഛന്‍ വിളിക്കുന്നു. ചെന്നിട്ട് അത്യാവശ്യമുണ്ട്.”

“ഓക്കെ ഓക്കെ. ഞാന്‍ നിങ്ങളെ ഡീറ്റെയ്ന്‍ ചെയ്യുന്നില്ല. ഒരു കാര്യംകൂടി പറഞ്ഞിട്ട് നിങ്ങള്‍ക്കു പോവാം.”

അതെന്തായിരിക്കുമെന്ന് ആന്തലോടെ ചിന്തിച്ചുകൊണ്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു.

“മറ്റൊന്നുമല്ല. ഒരുവട്ടം കൂടി നിങ്ങള്‍ക്ക് സ്ക്രൈബിന്‍റെ ജോലി ചെയ്യാനാവുമോ എന്നു ചോദിക്കാനാണ്. മിനിയാന്നു വിളിച്ചപ്പോള്‍ അത് എന്തു ചെയ്താലും ഒരു വിരോധവുമില്ലെന്നാണ് കാര്‍ത്തികേയന്‍ സാര്‍ എന്നോടു പറഞ്ഞത്. അതു ശരിയല്ലല്ലോ. നമുക്കിതു പൂര്‍ത്തിയാക്കിയേ തീരൂ. ഞാന്‍ കാര്‍ത്തികേയന്‍ സാറിനെ വിളിച്ച് അപേക്ഷിക്കാന്‍ പോവുകയാണ്. ഇത്രയുമായില്ലേ? ഇതിന്‍റെ ബാക്കികൂടി വേണം നമുക്ക്. ഞാന്‍ വീണ്ടും നിങ്ങളെ അദ്ദേഹത്തിന്‍റെ അടുത്തേക്ക് അയയ്ക്കാം. അതു നിങ്ങള്‍ ചെയ്തുതരണം.”

കളി അപകടത്തിലേക്കാണ് നീങ്ങുന്നത് എന്ന് എനിക്കു മനസ്സിലായി. ഞാന്‍ ഒന്നും മിണ്ടിയില്ല.

“അവിടെയും അവസാനിക്കുന്നില്ല,” ചീഫ് എഡിറ്റര്‍ തുടര്‍ന്നു. “ഞങ്ങളുടെ വാരികക്ക് നല്ല ഒരു എഡിറ്ററുണ്ടായിരുന്നു. നിങ്ങള്‍ ഒരുപക്ഷേ കേട്ടിട്ടുണ്ടാവും. ബാലഗോപാലന്‍ സാര്‍. കെ. ബാലഗോപാലന്‍ നായര്‍ ഈസ് ഹിസ് ഫുള്‍ നെയ്ം. ഫെയ്മസ് ആണ്. ഇറ്റ് വാസ് ഇന്‍ ഹിസ് പിരീഡ് ദാറ്റ് അവര്‍ വീക് ലി ടച്ച്ഡ് ഇറ്റ്സ് പീക്ക്. അദ്ദേഹം നോവലുകള്‍ എഡിറ്റ് ചെയ്യുന്നതിലും റീറൈറ്റ് ചെയ്യുന്നതിലും ഒരെക്സ്പെര്‍ട്ട് ആയിരുന്നു. ആന്‍ഡ് ദാറ്റ് വാസ് ദ സീക്രട്ട് ഓഫ് ഹിസ് സക്സസ്, റാതര്‍ അവര്‍ സക്സസ്. ഇപ്പോള്‍ 90 വയസ്സായി. അപ്രോച് ചെയ്താല്‍ നമ്മളെ സഹായിച്ചേക്കും.”

ദൈവമേ, വണ്‍ ആന്‍ഡ് ദ സെയ്ം ബാലഗോപാലന്‍ നായര്‍! ഞാന്‍ നടുങ്ങി.

“വാട് ഡൂ യു സേ? കുഡ് യു ഹെല്‍പ് അസ്?”

“ഞാന്‍ രണ്ടു ദിവസത്തിനുള്ളില്‍ ബാംഗളൂര്‍ക്കു പോവുകയാണ്,” അപ്പോള്‍ നാവില്‍ വന്ന ഒരു നുണ ഞാന്‍ പറഞ്ഞു.

“എന്താ അവിടെ ജോലി ശരിയായിട്ടുണ്ടോ?”

ഉവ്വ് എന്ന് തിടുക്കത്തില്‍ തലയാട്ടി.

“അതിന്‍റെ ചില ഒരുക്കങ്ങള്‍ ബാക്കിയുണ്ട്. അതാണ് അച്ഛന്‍ ഇപ്പോള്‍ വിളിച്ചത്. ഞാന്‍ പോട്ടെ സര്‍.”

“ഓക്കെ ഓക്കെ. ഞാന്‍ കംപെല്‍ ചെയ്യുന്നില്ല. ഡു ആസ് പെര്‍ യോര്‍ കണ്‍വീനിയന്‍സ്.”

ചീഫ് എഡിറ്ററും എഴുന്നേറ്റു. എനിക്കു കൈ തന്ന് അദ്ദേഹം തുടര്‍ന്നു.

“താങ്ക്യൂ ഫോര്‍ യോര്‍ ഹെല്‍പ്. പക്ഷേ ഇതുകൊണ്ട് അവസാനമായി എന്നു കരുതണ്ട. എനിക്കു നിങ്ങളെക്കൊണ്ട് ഇനിയും ആവശ്യമുണ്ട്. മൊബൈല്‍ നമ്പര്‍ തരാമോ?”

ഒരു നിമിഷം സംശയിച്ച് ഞാന്‍ എന്‍റെ നമ്പര്‍ പറഞ്ഞുകൊടുത്തു. അദ്ദേഹം അത് തന്‍റെ മൊബൈലിലേക്കു പകര്‍ത്തി.

“താങ്ക്യൂ വണ്‍സ് മോര്‍. ബൈ ദ ബൈ, എന്തു പേരിലാണ് ഇതു ഞാന്‍ സെയ്വ് ചെയ്യേണ്ടത്? വണ്‍ ഖാന്‍. മെഹ്മൂദ്ഖാന്‍ ഓര്‍ ബിസ്മില്ലാഖാന്‍?”

“തലിയാര്‍ഖാന്‍ സര്‍.”

“യെസ്. കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞിരുന്നു. എ പെക്യൂലിയര്‍ നെയ്ം ഈസിന്‍റ് ഇറ്റ്?”

സാക്ഷാല്‍ തലിയാര്‍ഖാനെപ്പറ്റി എന്തെങ്കിലും പറയാന്‍ തുടങ്ങുമോ എന്നു പേടിച്ച് ഞാന്‍ കാബിനില്‍നിന്നു പുറത്തുകടന്നു. എത്രയും വേഗം അവിടെനിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്. റിസെപ്ഷനിസ്റ്റിനോടു യാത്ര പറഞ്ഞ് ഞാന്‍ ഗേറ്റിലെത്തി. ഗേറ്റ് തുറന്നു തരുമ്പോള്‍ പാറാവുകാരന്‍ സലാം വെച്ചു. സലാം മടക്കിക്കൊടുക്കുമ്പോള്‍ എന്‍റെ ഫോണില്‍ ഒരു വിളി വന്നു. അറിയാത്ത നമ്പറാണ്. അറിയാത്ത നമ്പറില്‍നിന്ന് വിളികള്‍ എടുക്കരുത് എന്ന എഡിറ്ററുടെ നിർദേശം ഓർമിച്ചുവെങ്കിലും ഇനി അത്തരം അപകടങ്ങള്‍ എല്ലാം ഒഴിവായല്ലോ എന്നു കരുതി ഫോണ്‍ എടുത്തു.

 

“തലിയാര്‍ഖാനല്ലേ,” അപ്പുറത്തുനിന്ന് ഒരു ചിരി കേട്ടു.

പരിചയമുള്ള ശബ്ദമാണല്ലോ! എന്നിട്ടും അത് ആരാണെന്നു മനസ്സിലായില്ല.

“എനിക്കു മനസ്സിലായില്ല.”

“ചീഫ് എഡിറ്ററാണ്. ഒന്നിനുമല്ല. നിങ്ങള്‍ തന്ന നമ്പര്‍ ശരിയല്ലേ എന്ന് ഒന്ന് അടിച്ചുനോക്കിയതാണ്. താങ്ക്യൂ.”

ചീഫ് എഡിറ്റര്‍ ചില്ലറക്കാരനല്ല. ഞാന്‍ കൊടുത്തത് കള്ളനമ്പറാണോ എന്ന് പരീക്ഷിച്ചതാവണം.

“ഓക്കെ സര്‍.”

“വെയ്ക്കാന്‍ വരട്ടെ,” ചീഫ് എഡിറ്റര്‍ തിടുക്കത്തില്‍ പറഞ്ഞു. “ഒരുകാര്യം കൂടി എനിക്കു നിങ്ങളോട് പറയാനുണ്ട്. ജമന്തിപ്പൂക്കളെപ്പറ്റിത്തന്നെ. എന്തും ചെയ്തുകൊള്ളാനുള്ള പെര്‍മിഷന്‍ കാര്‍ത്തികേയന്‍ സാര്‍ തന്നിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ. നൗ, വാട്ട് ഐ വാണ്ട് ഈസ് എ പെര്‍മിഷന്‍ ഫ്രം യൂ. ടെല്‍ മി, ഈഫ് ഐ ഡിസൈഡ് ടു സ്ക്രാപ് ദിസ് നോവല്‍, വില്‍ ഇറ്റ് ഹര്‍ട്ട് യൂ?”

“ഞാനെന്തു പറയാനാണ് സര്‍? അത് കാര്‍ത്തികേയന്‍ സാറിന്‍റെ നോവലല്ലേ?”

“യെസ്. ബട്ട് ഡെഫനിറ്റിലി യൂ ടൂ ഹാഫ് എ സേ ഇന്‍ ദിസ് ബുക്. മുഴുവന്‍ പകര്‍ത്തിയെടുത്തത് നിങ്ങളാണല്ലോ. അതുകൊണ്ട് കാര്‍ത്തികേയന്‍ സാര്‍ കഴിഞ്ഞാല്‍ പിന്നത്തെ അവകാശി നിങ്ങളാണ്. മാത്രമല്ല ഞാന്‍ വിളിച്ചപ്പോള്‍ സാര്‍ പറഞ്ഞത് എല്ലാം തലിയാര്‍ഖാനോട് ചോദിച്ചിട്ടു ചെയ്താല്‍ മതി എന്നാണ്.”

എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ നിശ്ശബ്ദത പാലിച്ചു.

“ഇപ്പോള്‍ പറയണമെന്നില്ല,” ചീഫ് എഡിറ്റര്‍ ചിരിച്ചു. “യൂ ടെയ്ക് യോര്‍ ഓണ്‍ ടൈം. എന്നിട്ട് എന്നെ വിളിച്ചാല്‍ മതി. ഇപ്പോള്‍ എന്‍റെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ കയ്യിലുണ്ടല്ലോ. യൂ മെ കോള്‍ മി എനി ഡേ, അറ്റ് എനി ടൈം. ആന്‍ഡ്, മൈന്‍ഡ് യൂ, ഐ വില്‍ എക്സ്പെക്റ്റ് യോര്‍ കോള്‍.”

ചീഫ് എഡിറ്റര്‍ ഫോണ്‍ കട്ട് ചെയ്തു.

ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. ഇത്തവണ എഡിറ്ററാണ്.

“താന്‍ എവിടെയാണ്?”

“സര്‍,” ഇങ്ങോട്ട് കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തിടുക്കത്തില്‍ പറഞ്ഞു. “ഞാന്‍ അങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അര മണിക്കൂര്‍.”

(തുടരും)

Tags:    
News Summary - malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.