ജമന്തിപൂക്കൾ നീണ്ടകഥയുടെ കഥ

തി​രു​ത്ത് കെ. ​ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​രെ കാ​ണാ​ന്‍ ചെ​ല്ലു​ന്ന കാ​ര്യം എ​ഡി​റ്റ​ര്‍ ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ​ത് എ​നി​ക്കു കു​റ​ച്ച് ആ​ശ്വാ​സ​മു​ണ്ടാ​ക്കി. ഇ​ത്ത​രം ഒ​രു മു​ഖ​വു​ര​യു​മി​ല്ലാ​തെ​യാ​ണ​ല്ലോ കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ന്നെ പ​റ​ഞ്ഞു​വി​ട്ട​ത്. ഇ​ത്ത​വ​ണ ഏ​താ​യാ​ലും എ​ഡി​റ്റ​ര്‍ കു​റ​ച്ചു​കൂ​ടി ഔ​ചി​ത്യം കാ​ണി​ച്ചി​രി​ക്കു​ന്നു. എ​ങ്കി​ലും ഒ​ര​ധൈ​ര്യം എ​ന്നെ കീ​ഴ​ട​ക്കി​യി​രു​ന്നു. കാ​ര്‍ത്തി​കേ​യ​ന്‍ സാ​റു​മാ​യു​ള്ള ദൗ​ത്യം പ​രി​പൂ​ര്‍ണ​വി​ജ​യം ആ​യി​ല്ല​ല്ലോ. എ​ന്നാ​ല്‍, അ​ത്...

തി​രു​ത്ത്

കെ. ​ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​രെ കാ​ണാ​ന്‍ ചെ​ല്ലു​ന്ന കാ​ര്യം എ​ഡി​റ്റ​ര്‍ ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ക്കാ​മെ​ന്നു പ​റ​ഞ്ഞ​ത് എ​നി​ക്കു കു​റ​ച്ച് ആ​ശ്വാ​സ​മു​ണ്ടാ​ക്കി. ഇ​ത്ത​രം ഒ​രു മു​ഖ​വു​ര​യു​മി​ല്ലാ​തെ​യാ​ണ​ല്ലോ കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ന്നെ പ​റ​ഞ്ഞു​വി​ട്ട​ത്. ഇ​ത്ത​വ​ണ ഏ​താ​യാ​ലും എ​ഡി​റ്റ​ര്‍ കു​റ​ച്ചു​കൂ​ടി ഔ​ചി​ത്യം കാ​ണി​ച്ചി​രി​ക്കു​ന്നു. എ​ങ്കി​ലും ഒ​ര​ധൈ​ര്യം എ​ന്നെ കീ​ഴ​ട​ക്കി​യി​രു​ന്നു. കാ​ര്‍ത്തി​കേ​യ​ന്‍ സാ​റു​മാ​യു​ള്ള ദൗ​ത്യം പ​രി​പൂ​ര്‍ണ​വി​ജ​യം ആ​യി​ല്ല​ല്ലോ. എ​ന്നാ​ല്‍, അ​ത് എ​ഡി​റ്റ​ര്‍ അ​നു​വ​ദി​ച്ചു​ത​ന്നി​രി​ക്കു​ന്നു. അ​തു​പോ​ലെ​യാ​വി​ല്ല ഈ ​ദൗ​ത്യം. ഇ​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ അ​ത് അ​ദ്ദേ​ഹം ക്ഷ​മി​ച്ചു​കൊ​ള്ള​ണ​മെ​ന്നി​ല്ല. സ​മ്പൂ​ര്‍ണ പ​രാ​ജ​യം എ​ന്‍റെ പേ​രി​ലാ​ണ് എ​ഴു​തി​ച്ചേ​ര്‍ക്ക​പ്പെ​ടു​ക. എ​നി​ക്കു നി​ര​ത്താ​ന്‍ ഒ​ഴി​ക​ഴി​വു​ക​ളൊ​ന്നു​മി​ല്ല​ല്ലോ.

വൈ​റ്റി​ല​യി​ലെ കൂ​റ്റ​ന്‍ അ​പ്പാ​ര്‍ട്മെ​ന്റു​ക​ളി​ലൊ​ന്നി​ന്‍റെ ഏ​ഴാം നി​ല​യി​ലാ​യി​രു​ന്നു ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ ഫ്ലാ​റ്റ്.

ലി​ഫ്റ്റി​ൽ ഏ​ഴാം നി​ല​യി​ലേ​ക്ക് എ​ത്തി 1704ന്‍റെ വാ​തി​ലി​നു മു​ന്നി​ലെ​ത്തി കോ​ളി​ങ് ബെ​ല്ലി​ന്‍റെ സ്വി​ച്ചി​ല്‍ വി​ര​ല​മ​ര്‍ത്തി നി​ല്‍ക്കു​മ്പോ​ള്‍ എ​ന്‍റെ മ​ന​സ്സ് അ​ല്‍പം സം​ഭ്ര​മം​പൂ​ണ്ടി​രു​ന്നു.

ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ത​ന്നെ​യാ​ണ് വാ​തി​ല്‍ തു​റ​ന്ന​ത്. പി​ന്നി​ലേ​ക്കു ചീ​കി​വെ​ച്ച വെ​ളു​ത്ത ത​ല​മു​ടി ഈ ​പ്രാ​യ​ത്തി​ലും സ​മൃ​ദ്ധ​മാ​ണ്. വെ​ള്ളി​നി​റ​ത്തി​ലു​ള്ള ഫ്രെ​യ്മു​ള്ള ക​ണ്ണ​ട. ച​ന്ദ​ന​നി​റ​മു​ള്ള ജു​ബ്ബ​യും വെ​ളു​ത്ത ഡ​ബി​ള്‍ മു​ണ്ടു​മാ​ണ് വേ​ഷം.

കൈ ​ത​ന്ന​പ്പോ​ള്‍ അ​തി​ന്‍റെ മൃ​ദു​ത്വം എ​നി​ക്ക​നു​ഭ​വ​പ്പെ​ട്ടു. പ്രാ​യ​ത്തി​ന്‍റെ​യാ​വാം, ആ ​കൈ​ക​ള്‍ക്ക് നേ​രി​യ ഒ​രു വി​റ​യ​ലു​ണ്ടെ​ന്നു തോ​ന്നി. വാ​തി​ല്‍ മ​ല​ര്‍ക്കെ തു​റ​ന്നു ത​ന്ന് എ​നി​ക്ക് അ​ക​ത്തേ​ക്കു ക​ട​ക്കാ​ന്‍വേ​ണ്ടി അ​ദ്ദേ​ഹം അ​രി​കി​ലേ​ക്ക് ഒ​തു​ങ്ങി​നി​ന്നു.

അ​ഭി​ജാ​ത​മാ​യ ച​ല​ന​ങ്ങ​ള്‍.

‘‘നി​ങ്ങ​ളു​ടെ എ​ഡി​റ്റ​ര്‍ വി​ളി​ച്ചി​രു​ന്നു,’’ സോ​ഫ​യി​ലി​രി​ക്കാ​ന്‍ ക്ഷ​ണി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദ​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു. ക​ഫം​കെ​ട്ടി​യ തൊ​ണ്ട​യി​ല്‍നി​ന്ന് അ​തു പു​റ​ത്തു​വ​രാ​ന്‍ പ​ണി​പ്പെ​ടു​ന്നു​ണ്ടെ​ന്നു തോ​ന്നി.

വി​ശാ​ല​മാ​യ മു​റി​യാ​യി​രു​ന്നു അ​ത്. വ​ള​രെ ല​ളി​ത​മാ​യി ഇ​ന്‍റീ​രി​യ​ര്‍ ചെ​യ്ത ഇ​രി​പ്പു​മു​റി. ര​ണ്ടു ചു​മ​രു​ക​ളി​ല്‍ പെ​യി​ന്‍റി​ങ്. അ​തി​ല്‍ ഒ​രെ​ണ്ണം അ​മൃ​താ ഷെ​ര്‍ഗി​ലി​ന്‍റെ ത്രീ ​വി​മെ​ന്‍ ആ​ണ്. മ​റ്റേ​ത് വാ​ന്‍ഗോ​ഗി​ന്‍റെ പൊ​ട്ടാ​റ്റോ ഈ​റ്റേ​ഴ്സ്. സോ​ഫാ സെ​റ്റി​നു മു​ക​ളി​ല്‍ സീ​ലി​ങ് ഫാ​ന്‍ വ​ള​രെ സാ​വ​ധാ​നം ക​റ​ങ്ങു​ന്നു​ണ്ട്.

‘‘വേ​ഗം കൂ​ട്ട​ണോ?’’ ഞാ​ന്‍ ഫാ​നി​ലേ​ക്ക് നോ​ക്കു​ന്ന​തു ക​ണ്ട് ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ചോ​ദി​ച്ചു.

‘‘വേ​ണ്ട.’’

‘‘എ​ന്താ​ണ് അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ട​ത് എ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ല്ല,’’ ഞാ​ന്‍ ഇ​രു​ന്ന​പ്പോ​ള്‍ ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ‘‘അ​ത് നി​ങ്ങ​ള്‍ പ​റ​യും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.’’

അ​ത് ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ഡി​റ്റ​ര്‍ നേ​രി​ട്ട് കാ​ര്യ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നും ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ എ​ല്ലാം സ​മ്മ​തി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നു​മാ​ണ് ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത്. ലാ​പ്ടോ​പ്പി​ലെ നോ​വ​ലി​ന്‍റെ കോ​പ്പി ഭം​ഗി​യാ​യി അ​ച്ച​ടി​ച്ചെ​ടു​ത്ത​ത് ഒ​രു ഫോ​ള്‍ഡ​റി​ലാ​ക്കി കൈ​യി​ല്‍ വെ​ച്ചി​ട്ടു​ണ്ട്. അ​തു കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് എ​ന്‍റെ ജോ​ലി എ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത്.

ഇ​ത്ത​വ​ണ​യും എ​ഡി​റ്റ​ര്‍ എ​ന്നെ ച​തി​ച്ചി​രി​ക്കു​ന്നു. കു​ട്ടി​ക്കു​ര​ങ്ങ​നെ​ക്കൊ​ണ്ട് ചു​ടു​ചോ​റു വാ​രി​ക്കു​ക എ​ന്ന ത​ന്‍റെ വി​നോ​ദം അ​ദ്ദേ​ഹം ഇ​നി​യും തു​ട​രു​ക​യാ​ണ്. എ​നി​ക്ക് അ​രി​ശം തോ​ന്നി.

തി​ക​ച്ചും അ​ധാ​ര്‍മി​ക​മാ​യ ഒ​രാ​വ​ശ്യ​വു​മാ​യാ​ണ് ഞാ​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന പ​രി​പൂ​ര്‍ണ​മാ​യ ബോ​ധ്യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച് ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ എ​ന്നെ ആ​ട്ടി​യോ​ടി​ച്ചാ​ല്‍ ദൗ​ത്യം അ​തോ​ടെ അ​വ​സാ​നി​ക്കും. എ​ന്‍റെ ര​ണ്ടാ​മ​ത്തെ ദൗ​ത്യ​വും ചീ​റ്റി​പ്പോ​വും.

അ​തു​ക​ണ്ട് ചി​രി​ക്കാ​നാ​ണോ എ​ന്നെ എ​ഡി​റ്റ​ര്‍ ഇ​ങ്ങോ​ട്ട​യ​ച്ചി​രി​ക്കു​ന്ന​ത്?

എ​ന്താ​യാ​ലും ഇ​നി ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല​ല്ലോ. ബാ​ക്പാ​ക്കി​ല്‍നി​ന്ന് ഫോ​ള്‍ഡ​റെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ലേ​ക്കു​വെ​ച്ചു. അ​ദ്ദേ​ഹം ഫോ​ള്‍ഡ​റി​ല്‍നി​ന്ന് നോ​വ​ലി​ന്‍റെ അ​ച്ച​ടി​ച്ച കോ​പ്പി വ​ലി​ച്ചെ​ടു​ത്ത് മ​ടി​യി​ലേ​ക്കു വെ​ച്ചു. ഓ​രോ നീ​ക്ക​ത്തി​ലും വാ​ർ​ധ​ക്യ​ത്തി​ന്‍റെ സ്പ​ര്‍ശം. കൈ​ക​ള്‍ ചെ​റു​താ​യി വി​റ​യ്ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ച​ല​ന​ങ്ങ​ള്‍ തി​ക​ച്ചും അ​ഭി​ജാ​തം ത​ന്നെ.

നോ​വ​ല്‍ സാ​വ​ധാ​നം ഒ​ന്നു മ​റി​ച്ചു​നോ​ക്കി അ​ദ്ദേ​ഹം എ​ന്‍റെ മു​ഖ​ത്തേ​ത്ത് നോ​ക്കി. ഇ​ത് ആ​രെ​ഴു​തി​യ​താ​ണ് എ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ആ ​നോ​ട്ട​ത്തി​ല്‍. നോ​വ​ലി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍റെ പേ​രൊ​ന്നും വെ​ച്ചി​രു​ന്നി​ല്ല. എ​ന്തു​പ​റ​യ​ണം? ക​ല​യൂ​ര്‍ കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റെ​യാ​ണ് എ​ന്നു പ​റ​യ​ണോ? ഏ​താ​യാ​ലും മ​റ​ച്ചു​വെ​ക്കാ​നൊ​ന്നു​മി​ല്ല. ഇ​നി മ​റ​ച്ചു​വെ​ച്ചി​ട്ടു കാ​ര്യ​വു​മി​ല്ല. ദൗ​ത്യം​ത​ന്നെ അ​താ​ണ​ല്ലോ.

ഞാ​ന്‍ വി​ഷ​യം മു​ഴു​വ​ന്‍ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. അ​ദ്ദേ​ഹം എ​ല്ലാം സ​ശ്ര​ദ്ധം കേ​ട്ടു.

അ​തി​നി​ട​ക്ക് പ​രി​ചാ​ര​ക​നെ​ന്നു തോ​ന്നി​പ്പി​ച്ച ഒ​രാ​ള്‍ ര​ണ്ടു ക​പ്പി​ല്‍ ചാ​യ​യു​മാ​യി വ​ന്നു. അ​തി​ലൊ​രു ക​പ്പെ​ടു​ത്ത് ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ എ​നി​ക്കു നേ​രെ നീ​ട്ടി. മ​റ്റേ ക​പ്പ് സാ​വ​ധാ​നം എ​ടു​ത്ത് അ​ല്‍പ​നേ​രം എ​ന്തോ ചി​ന്തി​ച്ചു​കൊ​ണ്ടി​രു​ന്നു.

‘‘മി​സ്റ്റ​ര്‍ ത​ലി​യാ​ര്‍ഖാ​ന്‍, നി​ങ്ങ​ള്‍ ഏ​തു വ​ര്‍ഷ​മാ​ണ് ജ​നി​ച്ച​ത്?’’

ഞാ​നെ​ന്‍റെ ജ​ന​ന​ത്തീ​യ​തി പ​റ​ഞ്ഞു: ജ​നു​വ​രി 15, 2004.

‘‘അ​പ്പോ​ള്‍ നി​ങ്ങ​ള്‍ എ.​എ​ഫ്.​എ​സ് ത​ലി​യാ​ര്‍ഖാ​നെ കേ​ട്ടി​ട്ടു​ണ്ടാ​വി​ല്ല; അ​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ടി​ട്ടു​ണ്ടാ​വി​ല്ല.’’ ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ മൃ​ദു​വാ​യി പു​ഞ്ചി​രി​ച്ചു. ‘‘അ​ദ്ദേ​ഹം വെ​റു​മൊ​രു ക​മ​ന്‍റേ​റ്റ​ര്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല; അ​താ​യ​ത് ക​ളി​സ്ഥ​ല​ത്തു ന​ട​ക്കു​ന്ന​ത് വെ​റു​തെ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം. ത​ലി​യാ​ര്‍ഖാ​ന് ഉ​റ​ച്ച നി​ല​പാ​ടു​ക​ളും ക​ടു​ത്ത അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ന​ത്ത ശ​ബ്ദം മാ​ത്ര​മ​ല്ല, മൂ​ര്‍ച്ച​യു​ള്ള പേ​ന​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ത്താ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ത​ല​മു​റ ക്രി​ക്ക​റ്റ് കാ​ണു​ക​യാ​യി​രു​ന്നി​ല്ല; ത​ലി​യാ​ര്‍ഖാ​ന്‍റെ ശ​ബ്ദ​ത്തി​ലൂ​ടെ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.’’

എ​നി​ക്ക് കാ​ര്യ​മാ​യി ഒ​ന്നും പി​ടി​കി​ട്ടി​യി​ല്ല. ത​ലി​യാ​ര്‍ഖാ​ന്‍റെ ആ​രാ​ധ​ക​നാ​യി ഇ​തി​പ്പോ​ള്‍ മൂ​ന്നാ​മ​ത്തെ ആ​ളെ​യാ​ണ് ക​ണ്ടു​മു​ട്ടു​ന്ന​ത്. ആ​ദ്യം എ​ഡി​റ്റ​ര്‍, പി​ന്നെ ദാ​മു​വേ​ട്ട​ന്‍, ഇ​പ്പോ​ള്‍ കെ. ​ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍.

ഞാ​ന്‍ ഒ​ന്നും മി​ണ്ടാ​തെ അ​ദ്ദേ​ഹം പ​റ​യു​ന്ന​തി​ല്‍ താ​ല്‍പ​ര്യം ഭാ​വി​ച്ചു​കൊ​ണ്ട് ഇ​രു​ന്നു.

‘‘മി​സ്റ്റ​ര്‍ ത​ലി​യാ​ര്‍ഖാ​ന്‍, നി​ങ്ങ​ള്‍ ശാ​രി​ക​യി​ല്‍ ചേ​ര്‍ന്നി​ട്ട് എ​ത്ര കാ​ല​മാ​യി?’’

ഞാ​ന്‍ മാ​സം പ​റ​ഞ്ഞു. റി​സീ​വ​ര്‍ എ​ന്ന ത​സ്തി​ക​യെ​പ്പ​റ്റി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തെ ‘ശാ​രി​ക’​യും ‘മ​നോ​മ​യ’​വും ‘നാ​ളീ​ക’​വും വാ​യി​ച്ചി​ട്ടു​ള്ള അ​നു​ഭ​വ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞു.

ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ വീ​ണ്ടും കു​റ​ച്ചു​നേ​രം ചി​ന്ത​യി​ലാ​ണ്ടി​രു​ന്നു.

‘‘അ​തി​ല്‍ ‘നാ​ളീ​കം’ ക​ഴി​ഞ്ഞ ആ​ഴ്ച പൂ​ട്ടി​പ്പോ​യ​ത് നി​ങ്ങ​ള്‍ അ​റി​ഞ്ഞി​ട്ടു​ണ്ടാ​വു​മ​ല്ലോ. ഇ​ങ്ങ​നെ പൂ​ട്ടി​പ്പോ​വു​ന്ന എ​ത്രാ​മ​ത്തെ വാ​രി​ക​യാ​ണ് ‘നാ​ളീ​കം’ എ​ന്ന് അ​റി​യു​മോ?’’

അ​റി​യി​ല്ലെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു.

‘‘സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ല്‍ അ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ട്. അ​ക്ഷ​ര​ന​ഗ​രം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കോ​ട്ട​യ​ത്തി​നെ അ​ത്ത​രം വാ​രി​ക​ക​ളു​ടെ സെ​മി​ത്തേ​രി എ​ന്നും ഇ​ന്നു വി​ശേ​ഷി​പ്പി​ക്കാ​നാ​വും. 1985 മു​ത​ല്‍ 1995 വ​രെ നീ​ണ്ട ഒ​രു പ്ര​തി​ഭാ​സ​മാ​യി​രു​ന്നു കോ​ട്ട​യം വാ​രി​ക​ക​ള്‍. അ​തി​നു മു​മ്പ് അ​തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​ല്ല; നി​ങ്ങ​ളു​ടെ വാ​രി​ക​യാ​യ ‘ശാ​രി​ക’ ത​ന്നെ​യാ​ണ് ഉ​ദാ​ഹ​ര​ണം. ഒ​രു കാ​ല​ത്ത് ‘ശാ​രി​ക’ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പി​ന്നെ ഇ​ത്ത​രം നീ​ണ്ട​ക​ഥ​ക​ളൊ​ക്കെ കൊ​ടു​ത്തി​രു​ന്ന​ത് ‘ദേ​ശ​ധ്വ​നി’​യി​ലാ​യി​രു​ന്നു. അ​താ​യ​ത് അ​തി​ന്‍റെ ഞാ​യ​റാ​ഴ്ച​പ്പ​തി​പ്പി​ലാ​യി​രു​ന്നു. അ​ങ്ങ​നെ ര​ണ്ടു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലാ​യി കു​റെ നോ​വ​ലു​ക​ള്‍ വ​ന്നു. ഇ​ത്ത​രം നോ​വ​ലു​ക​ള്‍ക്ക് വി​ള​നി​ല​മൊ​രു​ക്കി​യ​ത് ആ ​ര​ണ്ട് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു.’’

അ​ദ്ദേ​ഹം എ​ന്‍റെ മു​ഖ​ത്തു നോ​ക്കി വ​ള​രെ മൃ​ദു​വാ​യി പു​ഞ്ചി​രി​ച്ചു.

 

‘‘പ​ക്ഷേ മു​മ്പു പ​റ​ഞ്ഞ ആ ​ഒ​രു കാ​ല​ഘ​ട്ട​മു​ണ്ട​ല്ലോ. 1985 മു​ത​ല്‍ 1995 വ​രെ​യു​ള്ള പ​തി​റ്റാ​ണ്ട്. അ​ത് കോ​ട്ട​യം വാ​രി​ക​ക​ളു​ടെ ബൂം ​പി​രീ​ഡ് ആ​ണ്. നാ​ഗ​മ്പ​ടം മു​ത​ല്‍ ഏ​റ്റു​മാ​നൂ​ര്‍ വ​രെ​യു​ള്ള പ​ത്തു കി​ലോ​മീ​റ്റ​റി​നി​ട​ക്ക് ഇ​രു​പ​തോ​ളം വാ​രി​ക​ക​ള്‍. അ​വ​ക്ക് മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​കാ​ര​ന്മാ​ര്‍ അ​ട​യാ​ള​പ്പെ​ടു​ത്താ​തെ പോ​യ ച​രി​ത്ര​മു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച ച​രി​ത്രം എ​ന്നു​ത​ന്നെ പ​റ​യ​ണം. പൈ​ങ്കി​ളി സാ​ഹി​ത്യം വാ​യി​ക്കു​ന്ന​തും അ​തി​നെ​പ്പ​റ്റി എ​ഴു​തു​ന്ന​തും അ​തി​നെ​പ്പ​റ്റി സം​സാ​രി​ക്കു​ന്ന​തു​പോ​ലും ന​മ്മു​ടെ നി​രൂ​പ​ക​ര്‍ക്ക് ആ​ഭി​ജാ​ത്യ​ക്കു​റ​വാ​ണ​ല്ലോ.’’

ക​പ്പ് ഒ​ന്നു മൊ​ത്തി അ​ദ്ദേ​ഹം തു​ട​ര്‍ന്നു.

‘‘ഈ ​വി​ഭാ​ഗ​ത്തി​ല്‍ ആ​കെ വ​ന്നി​ട്ടു​ള്ളൊ​രു പ​ഠ​നം ശ്രീ​കു​മാ​ര്‍ എ. ​ജി എ​ഡി​റ്റ് ചെ​യ്ത ഒ​രു പു​സ്ത​ക​മാ​ണ്: ‘ജ​ന​പ്രി​യ​സാ​ഹി​ത്യം മ​ല​യാ​ള​ത്തി​ല്‍’. കു​റേ സ​ത്യ​ങ്ങ​ള്‍ അ​തി​ല്‍ വെ​ളി​പ്പെ​ട്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ലും അ​തൊ​ക്കെ സൈ​ദ്ധാ​ന്തി​ക​മാ​യ വി​ശ​ക​ല​ന​മേ ആ​യി​ട്ടു​ള്ളൂ. നേ​രി​ട്ട് അ​നു​ഭ​വ​മു​ള്ള ആ​രും അ​തി​ല്‍ എ​ഴു​തി​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ധി​കാ​രി​ക​മാ​യ ഒ​രു പു​സ്ത​കം ഈ​യി​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദീ​ര്‍ഘ​കാ​ലം പ​ത്രാ​ധി​പ​രാ​യി​രു​ന്ന അ​മ്പാ​ട്ട് സു​കു​മാ​ര​ന്‍ നാ​യ​രു​ടെ ‘മം​ഗ​ള​ത്തി​ന്‍റെ ക​ഥ; എ​ന്‍റെ​യും’ എ​ന്ന പു​സ്ത​കം. അ​നു​ഭ​വ​ത്തി​ന്‍റെ തീ​ര്‍ച്ച​യും മൂ​ര്‍ച്ച​യു​മു​ള്ള പു​സ്ത​ക​മാ​ണ് അ​ത്. ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ നേ​ര്‍സാ​ക്ഷ്യം എ​ന്ന് അ​തി​നെ വി​ശേ​ഷി​പ്പി​ക്കാം.’’

‘‘സ​ര്‍, ഞാ​നൊ​ന്നു ചോ​ദി​ച്ചോ​ട്ടെ?’’ തി​ക​ട്ടി​വ​ന്ന ചോ​ദ്യം എ​നി​ക്ക് അ​ട​ക്കാ​നാ​യി​ല്ല. ‘‘സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ല്‍ അ​ത്ര​മാ​ത്രം ഗൗ​ര​വ​മു​ള്ള​താ​ണോ പൈ​ങ്കി​ളി വാ​രി​കാ പ്ര​സ്ഥാ​നം?’’

ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ എ​ന്‍റെ മു​ഖ​ത്തു നോ​ക്കി ചി​രി​ച്ചു.

‘‘ത​ലി​യാ​ര്‍ഖാ​ന്‍, സാ​ധാ​ര​ണ​ക്കാ​രാ​യ ഒ​രു​പാ​ടു വാ​യ​ന​ക്കാ​രു​ണ്ട് ന​മ്മു​ടെ നാ​ട്ടി​ല്‍. അ​വ​ര്‍ക്ക് വാ​യി​ക്ക​ണ​മെ​ന്നു​മു​ണ്ട്. ‘ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ’​വും ‘ആ​ള്‍ക്കൂ​ട്ട’​വു​മൊ​ന്നും അ​വ​ര്‍ക്ക് മ​ന​സ്സി​ലാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. മ​നു​ഷ്യ​ര്‍ ത​മ്മി​ലു​ള്ള ചെ​റി​യ ചെ​റി​യ പി​ണ​ക്ക​ങ്ങ​ള്‍, ഇ​ണ​ക്ക​ങ്ങ​ള്‍, ഇ​ഷ്ട​ങ്ങ​ള്‍, പ്രേ​മ​ബ​ന്ധ​ങ്ങ​ള്‍, പ്ര​തി​ബ​ന്ധ​ങ്ങ​ള്‍, പ്ര​തി​സ​ന്ധി​ക​ള്‍, സാ​ഫ​ല്യ​ങ്ങ​ള്‍.... അ​ങ്ങ​നെ ത​ങ്ങ​ള്‍ക്കു മ​ന​സ്സി​ലാ​വു​ന്ന കു​റ​ച്ചു വി​ഷ​യ​ങ്ങ​ള്‍ കേ​ള്‍ക്കാ​നും വാ​യി​ക്കാ​നും ഉ​ള്ള മാ​റ്റ​ര്‍ ആ​യി​രു​ന്നു അ​വ​ര്‍ക്കു​വേ​ണ്ടി​യി​രു​ന്ന​ത്. 1953ല്‍ ​മു​ട്ട​ത്തു വ​ര്‍ക്കി​യു​ടെ ‘ഇ​ണ​പ്രാ​വു​ക​ള്‍’ വാ​യി​ച്ച​പ്പോ​ള്‍ അ​വ​രി​ല്‍ ചി​ല​ര്‍ക്കെ​ങ്കി​ലും അ​ത് ത​ങ്ങ​ളു​ടെ ക​ഥ​കൂ​ടി​യാ​ണെ​ന്നു തോ​ന്നി​യി​രി​ക്ക​ണം. ത​ലി​യാ​ര്‍ഖാ​ന്‍ ‘ഇ​ണ​പ്രാ​വു​ക​ള്‍’ വാ​യി​ച്ചി​ട്ടു​ണ്ടോ?’’

‘‘ഇ​ല്ല സ​ര്‍.’’

‘‘ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ തു​ട​ക്കം ആ ​നോ​വ​ലി​ലാ​ണെ​ന്നു പ​റ​യാം. ര​ണ്ടു കൊ​ല്ലം ക​ഴി​ഞ്ഞ് ‘പാ​ടാ​ത്ത പൈ​ങ്കി​ളി’. അ​മ്പ​തു​ക​ളി​ലെ ദാ​രി​ദ്ര്യ​വും നി​ർ​ധ​ന​യാ​യ യു​വ​തി​യും സ​മ്പ​ന്ന​നാ​യ യു​വാ​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും അ​വ​രെ ആ​ക​ര്‍ഷി​ച്ചു. ‘ഇ​ണ​പ്രാ​വു​ക​ളേ’​ക്കാ​ള്‍ വാ​യി​ക്ക​പ്പെ​ട്ട നോ​വ​ലാ​യി​രു​ന്നു അ​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​സാ​ഹി​ത്യ​രൂ​പ​ത്തി​ന് പൈ​ങ്കി​ളി എ​ന്ന വി​ശേ​ഷ​ണം കി​ട്ടി​യ​ത് എ​ന്നും പ​റ​യു​ന്നു​ണ്ട​ല്ലോ. ഒ​രു​പ​ക്ഷേ ആ ​നോ​വ​ലി​നു കി​ട്ടി​യ ജ​ന​പ്രീ​തി​യാ​യി​രി​ക്കാം അ​ങ്ങ​നെ​യൊ​രു സം​ജ്ഞ കി​ട്ടാ​നു​ള്ള കാ​ര​ണം.’’

ചാ​യ കു​ടി​ച്ചു തീ​ര്‍ത്ത് അ​ദ്ദേ​ഹം ക​പ്പ് താ​ഴെ വെ​ച്ചു.

‘‘പ​ക്ഷേ ആ ​സാ​ഹി​ത്യ​വും പി​ന്നീ​ട് മാ​റി​പ്പോ​യി. സാ​ഹി​ത്യം വെ​റും ക​ച്ച​വ​ട​മാ​യി മാ​റി​യ​താ​യി​രു​ന്നു കാ​ര​ണം. നോ​വ​ലു​ക​ളി​ല്‍ ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ലാ​ളി​ത്യ​മൊ​ക്കെ പി​ന്നെ​പ്പി​ന്നെ പൊ​യ്പ്പോ​യി. അ​തി​ല്‍ ക്രൗ​ര്യ​വും പ്ര​തി​കാ​ര​വും അ​ധോ​ലോ​ക​വും മ​ന്ത്ര​വാ​ദ​വു​മൊ​ക്കെ ക​ട​ന്നു​വ​ന്നു. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ങ്കി​ലും ത​ലി​യാ​ര്‍ഖാ​ന്‍ ഇ​പ്പോ​ള്‍ വ​രു​ന്ന നോ​വ​ലു​ക​ളൊ​ക്കെ വാ​യി​ക്കാ​റു​ണ്ടാ​വു​മ​ല്ലോ.’’

“ഉ​വ്വ് സ​ര്‍.’’

“1985 മു​ത​ല്‍ 1995 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തെ​പ്പ​റ്റി പ​റ​ഞ്ഞു​വ​ല്ലോ. പു​തി​യ വാ​രി​ക​ക​ളോ​ടൊ​പ്പം പു​തി​യ പു​തി​യ എ​ഴു​ത്തു​കാ​രും വ​ന്നു. വാ​യ​ന​ക്കാ​രു​ടെ എ​ണ്ണ​വും അ​തി​ന​നു​സ​രി​ച്ച് പെ​രു​കി​യോ എ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ല. പ​ക്ഷേ, അ​വ​ര്‍ ഒ​ന്നി​ല​ധി​കം വാ​രി​ക​ക​ള്‍ വാ​യി​ക്കാ​ന്‍ തു​ട​ങ്ങി. അ​തു​കൊ​ണ്ടാ​ണ​ല്ലോ അ​തി​ലൊ​രു വാ​രി​ക​ക്ക് പ​തി​നേ​ഴു ല​ക്ഷ​ത്തി​ല​ധി​കം പ്ര​ചാ​ര​മു​ണ്ടാ​യ​ത്. ഇ​പ്പ​റ​ഞ്ഞ വാ​രി​ക​ക​ളി​ല്‍ ഒ​രു ഡ​സ​ന്‍ വാ​രി​ക​ക​ള്‍ക്കെ​ങ്കി​ലും ഒ​രു ല​ക്ഷ​ത്തി​ലേ​റെ പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നു. സോ​കോ​ള്‍ഡ് മു​ഖ്യ​ധാ​രാ വാ​രി​ക​ക​ള്‍ക്ക് ഇ​രു​പ​ത്ത​യ്യാ​യി​ര​മോ ഏ​റി​വ​ന്നാ​ല്‍ അ​മ്പ​തി​നാ​യി​ര​മോ കോ​പ്പി​ക​ള്‍ മാ​ത്രം പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​തെ​ന്ന് ഓ​ര്‍ക്ക​ണം.” കു​റ​ച്ചു​നേ​രം ഓ​ർ​മ​ക​ളി​ല്‍പ്പെ​ട്ട് അ​ദ്ദേ​ഹം നി​ശ്ച​ല​നാ​യി ഇ​രു​ന്നു.

“പ​തി​നേ​ഴു വാ​രി​ക​ക​ള്‍. അ​വ​യി​ലൊ​ക്കെ എ​ട്ടും ഒ​മ്പ​തും നോ​വ​ലു​ക​ള്‍. ഫ​ല​ത്തി​ല്‍ ഒ​രേ​സ​മ​യ​ത്ത് നൂ​റ്റ​മ്പ​തോ​ളം നോ​വ​ലു​ക​ളു​ടെ ആ​വ​ശ്യ​മു​ണ്ടാ​യി. അ​ത്ര​യും എ​ഴു​ത്തു​കാ​രു​ണ്ടാ​യി​രു​ന്നോ ന​മു​ക്ക്? ഇ​ല്ല. പു​തി​യ പു​തി​യ എ​ഴു​ത്തു​കാ​ര്‍ രം​ഗ​ത്തു​വ​ന്നു. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ള്‍ എ​ഴു​ത്തു​കാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞു. ചി​ല​ര്‍ക്ക് എ​ഴു​തു​ന്ന​തി​നെ​ക്കാ​ളും സ്വാ​ധീ​നം പ​റ​ഞ്ഞു​കൊ​ടു​ത്ത് എ​ഴു​തി​ക്കു​ന്ന​താ​യി​രു​ന്നു. അ​പ്പോ​ള്‍ അ​തി​നു സ​ന്ന​ദ്ധ​രാ​യ കേ​ട്ടെ​ഴു​ത്തു​കാ​രും ലോ​ഡ്ജു​ക​ളി​ലെ​ത്തി. കൈ​യ​ക്ഷ​രം വ​ള​രെ മോ​ശ​മാ​യി​രു​ന്ന​തു​കൊ​ണ്ട് പ​ക​ര്‍ത്തി​യെ​ഴു​ത്തു​കാ​രു​ടെ​യും ആ​വ​ശ്യം വ​ന്നു.

ഓ​രോ മു​റി​യു​ടെ മു​ന്നി​ലും വാ​രി​ക​ക​ളി​ല്‍നി​ന്നു​ള്ള ശി​പാ​യി​മാ​ര്‍ അ​ത​ത് ആ​ഴ്ച​യി​ലേ​ക്കു​ള്ള അ​ധ്യാ​യ​ങ്ങ​ള്‍ വാ​ങ്ങി​ക്കൊ​ണ്ടു​പോ​വാ​ന്‍ അ​ക്ഷ​മ​രാ​യി കാ​ത്തു​നി​ന്നു. എ​ഴു​ത്തു​കാ​ര്‍ക്കും സ​ഹാ​യി​ക​ള്‍ക്കും ചാ​യ​യും വ​ട​യും എ​ത്തി​ക്കാ​നു​ള്ള ആ​ളു​ക​ളും ക​യ​റി​യി​റ​ങ്ങി. ഹോ​ട്ട​ലി​ലേ​ക്കു​ള്ള പോ​ക്കും വ​ര​വും എ​ഴു​ത്തി​ന്‍റെ വേ​ഗ​ത്തെ ബാ​ധി​ക്കു​മെ​ന്നു ക​രു​തി പ​ല എ​ഴു​ത്തു​കാ​ര്‍ക്കും അ​വി​ടെ​നി​ന്ന് അ​ടു​ക്കു​പാ​ത്ര​ങ്ങ​ളി​ല്‍ പ​ക​ര്‍ച്ച എ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ല്ലാ​വ​രും​കൂ​ടി ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ല്‍ തി​ക്കും​തി​ര​ക്കു​മാ​യി. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ക​ട​ലാ​സും മ​ഷി​യും കി​ട്ടാ​താ​യി എ​ന്നാ​ണ് അ​ക്കാ​ല​ത്തെ​പ്പ​റ്റി ത​മാ​ശ​യാ​യി പ​റ​യാ​റു​ള്ള​ത്.”

കാ​ര്‍ത്തി​കേ​യ​ന്‍ സാ​റി​ന്‍റെ നോ​വ​ലി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​തു​കൊ​ണ്ട് എ​നി​ക്ക് അ​ക്കാ​ല​ത്തെ​പ്പ​റ്റി ഒ​രേ​ക​ദേ​ശ ധാ​ര​ണ​യു​ണ്ട്.

“നോ​വ​ലു​ക​ള്‍ എ​ഴു​തി​ക്കി​ട്ടു​ന്ന​തും അ​ത്ര​യൊ​ന്നും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ വേ​ണ​മ​ല്ലോ. അ​ക്കാ​ല​ത്ത് മി​ക്ക വാ​രി​ക​ക​ളും ലെ​റ്റ​ര്‍ പ്ര​സി​ലാ​ണ് അ​ച്ച​ടി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ത്തെ​യ​ത്ര വേ​ഗ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കി​ല്ല. എ​ന്നാ​ലും ന​മ്മു​ടെ എ​ഴു​ത്തു​തൊ​ഴി​ലാ​ളി​ക​ള്‍ ഓ​വ​ര്‍ടൈം ജോ​ലി​ചെ​യ്ത് ഉ​ൽ​പാ​ദ​നം കൂ​ട്ടി. ലോ​ഡ്ജു​ക​ള്‍ വ്യ​വ​സാ​യ​ശാ​ല​ക​ള്‍പോ​ലെ​യാ​യി​രു​ന്നു. സോ​പ്പു ഫാ​ക്ട​റി​യി​ല്‍നി​ന്ന് സോ​പ്പു​ക​ട്ട​ക​ള്‍ നി​ര​നി​ര​യാ​യി പു​റ​ത്തേ​ക്കു വ​രു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു ലോ​ഡ്ജു​ക​ളി​ല്‍നി​ന്ന് നോ​വ​ലു​ക​ള്‍ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്.”

അ​തി​ല്‍നി​ന്നു​ണ്ടാ​യ മ​ടു​പ്പാ​ണ​ല്ലോ കാ​ര്‍ത്തി​കേ​യ​ൻ സാ​ർ എ​ഴു​ത്തു​ത​ന്നെ നി​ര്‍ത്താ​നു​ള്ള കാ​ര​ണം.

“എ​ല്ലാ​ത്തി​നും സാ​ച്ചു​റേ​ഷ​ന്‍ ലെ​വ​ല്‍ എ​ന്ന ഒ​ന്നു​ണ്ട​ല്ലോ. ഒ​രു കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം അ​വ​യു​ടെ പ്ര​ചാ​ര​ത്തി​ല്‍ ഒ​രു കോ​പ്പി പോ​ലും വ​ർ​ധി​ച്ചി​ല്ല എ​ന്നു മാ​ത്ര​മ​ല്ല ഓ​രോ​ന്നോ​രോ​ന്നാ​യി പൂ​ട്ടി​പ്പോ​വാ​നും തു​ട​ങ്ങി. കേ​ര​ള​ത്തി​ല്‍ ടി.​വി ചാ​ന​ലു​ക​ള്‍ വ​ന്ന​തും അ​വ​യി​ലൊ​ക്കെ സീ​രി​യ​ലു​ക​ള്‍ തു​ട​ങ്ങി​യ​തു​മാ​ണ് അ​തി​നു​ള്ള കാ​ര​ണം എ​ന്ന് സാ​മാ​ന്യ​മാ​യി പ​റ​യാ​റു​ണ്ടെ​ങ്കി​ലും അ​ത് മു​ഴു​വ​നും ശ​രി​യ​ല്ല. വാ​രി​ക​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ ഭാ​വ​നാ​ശൂ​ന്യ​ത​യും ആ​ര്‍ത്തി​യു​മാ​ണ് അ​തി​നു കാ​ര​ണം. സ​ര്‍ക്കു​ലേ​ഷ​ന്‍ എ​ന്ന ഒ​റ്റ വാ​ക്കി​ലാ​യി അ​വ​രു​ടെ ശ്ര​ദ്ധ മു​ഴു​വ​നും.”

 

എ​ഡി​റ്റ​റു​ടെ വേ​വ​ലാ​തി എ​പ്പോ​ഴും സ​ര്‍ക്കു​ലേ​ഷ​നെ​പ്പ​റ്റി​യാ​ണ​ല്ലോ എ​ന്ന് ഞാ​നോ​ര്‍ത്തു. ‘മ​നോ​മ​യം’ ‘ശാ​രി​ക’​യെ മ​റി​ക​ട​ക്കു​ന്നു​ണ്ടോ എ​ന്ന ഉ​ത്ക​ണ്ഠ പ​ല​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സാ​ര​ത്തി​ല്‍ ക​ട​ന്നു​വ​രാ​റു​ണ്ട്. അ​തി​ല്‍ ജ​യി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ​ല്ലോ എ​ഡി​റ്റ​ര്‍ പു​തി​യ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്.

“എ​ഡി​റ്റ​ര്‍മാ​ര്‍ വാ​യ​ന​ക്കാ​രു​ടെ അ​ഭി​രു​ചി​യെ വി​ല കു​റ​ച്ചു​കാ​ണാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. അ​വ​ര്‍ക്കും ബു​ദ്ധി​യും വി​വേ​ക​വു​മു​ണ്ടെ​ന്ന് ഓ​ര്‍ക്കേ​ണ്ട​താ​യി​രു​ന്നു. എ​ത്ര വ​ള​മി​ട്ടാ​ലും ഒ​രു വി​ത്തും ഒ​രേ മ​ണ്ണി​ല്‍ അ​ധി​കം​കാ​ലം ന​ല്ല വി​ള​വു ത​രി​ല്ലെ​ന്ന് കൃ​ഷി​ചെ​യ്യു​ന്ന​വ​ര്‍ക്ക​റി​യാം. അ​ത് രാ​സ​വ​ളം​കൂ​ടി​യാ​യാ​ലോ? ക്ഷ​മാ ധ​രി​ത്രീ എ​ന്നൊ​ക്കെ പ​റ​യാ​മെ​ന്ന​ല്ലേ​യു​ള്ളൂ!”

“അ​താ​യ​ത് സ​ര്‍ പ​റ​യു​ന്ന​ത് അ​ക്കാ​ല​ത്തെ പ​ത്രാ​ധി​പ​ന്മാ​രാ​ണ് ആ ​പ്ര​സ്ഥാ​നം ന​ശി​പ്പി​ച്ച​തെ​ന്നാ​ണോ?”

“അ​ങ്ങ​നെ തീ​ര്‍ത്തു​പ​റ​യാ​ന്‍ വ​യ്യ. എ​ഴു​ത്തി​ല്‍ വ​ലി​യ വാ​സ​ന​യൊ​ന്നു​മി​ല്ലാ​ത്ത കു​റ​ച്ച് എ​ഴു​ത്തു​കാ​രും അ​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.” ഒ​ന്നു​നി​ര്‍ത്തി ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ തു​ട​ര്‍ന്നു. “പി​ന്നെ ന​മു​ക്ക് ഇ​ത് കു​റ​ച്ചു​കൂ​ടി വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ നോ​ക്ക​ണം. എ​ഴു​ത്തും വാ​യ​ന​യു​മൊ​ന്നും ഒ​രി​ട​ത്തും ത​ങ്ങി​നി​ല്‍ക്കി​ല്ല. എ​ന്തെ​ല്ലാം പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​മ്മു​ടെ ഭാ​ഷാ​സാ​ഹി​ത്യം ത​ന്നെ ക​ട​ന്നു​പോ​ന്നി​ട്ടു​ള്ള​ത്! സ്ഥി​ര​മാ​യി ഒ​ന്നു​മി​ല്ല. പൈ​ങ്കി​ളി​പ്ര​സ്ഥാ​ന​വും അ​തു​പോ​ലെ​ത്ത​ന്നെ. ഇ​നി​യും അ​ത് പ​ല​രൂ​പ​ത്തി​ലും വ​ന്നു​കൂ​ടെ​ന്നി​ല്ല. ഇ​പ്പോ​ള്‍ ഇ​റ​ങ്ങു​ന്ന ചി​ല പു​സ്ത​ക​ങ്ങ​ളി​ല്‍ അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാ​നു​ണ്ട​ല്ലോ. ത​ലി​യാ​ര്‍ഖാ​ന്‍, അ​തു​കൊ​ണ്ട് ഇ​തി​നെ​പ്പ​റ്റി​യൊ​ന്നും ന​മ്മ​ള്‍ വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ല.”

ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ഇ​ട​ക്ക് ഒ​ന്നു നി​ര്‍ത്തി എ​ന്‍റെ മു​ഖ​ത്തു​നോ​ക്കി ചി​രി​ച്ചു.

“നി​ങ്ങ​ള്‍ക്കു ബോ​റ​ടി​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. എ​ന്‍റെ പ്ര​ഭാ​ഷ​ണം കേ​ള്‍ക്കാ​ന​ല്ല നി​ങ്ങ​ള്‍ വ​ന്നി​ട്ടു​ള്ള​ത് എ​ന്നും എ​നി​ക്ക് ന​ല്ല​തു​പോ​ലെ അ​റി​യാം. ഇ​ങ്ങ​നെ ഒ​രു ദൗ​ത്യ​വു​മാ​യി വ​രു​ന്ന ആ​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​വെ​ന്നേ​യു​ള്ളൂ.”

ആ ​വാ​ക്കി​ല്‍ ഈ ​കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ക്കു​ക​യാ​യി എ​ന്ന സൂ​ച​ന​യു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നി. പ​ക്ഷേ ഇ​പ്പോ​ഴും ‘ജ​മ​ന്തി​പ്പൂ​ക്ക​ള്‍’ വി​ഷ​യ​മാ​യി​ട്ടി​ല്ല. അ​തി​ല്‍ എ​ന്തു തീ​ര്‍പ്പാ​ണ് ഉ​ണ്ടാ​വു​ക എ​ന്ന​റി​യാ​ന്‍ ഉ​ത്ക​ണ്ഠ തോ​ന്നി.

“ജീ​വി​ത​ത്തി​ല്‍ നി​ര​വ​ധി തോ​ല്‍വി​ക​ള്‍ നേ​രി​ട്ടി​ട്ടു​ള്ള ഒ​രാ​ളാ​ണ് ഞാ​ന്‍. പ​ല​തും എ​ന്‍റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടു ത​ന്നെ​യാ​യി​രു​ന്നു. മു​ഖ​ത്തു നോ​ക്കി നോ ​എ​ന്നു പ​റ​യാ​നു​ള്ള ബു​ദ്ധി​മു​ട്ട് എ​നി​ക്കെ​ന്നു​മു​ണ്ടാ​യി​രു​ന്നു. വേ​ണ്ട സ​മ​യ​ത്ത് വേ​ണ്ട​തു​പോ​ലെ അ​തു പ​റ​യാ​ന്‍ ക​ഴി​യ​ണം. പ​ക്ഷേ, സാ​ഹി​ത്യ​ത്തി​ന്‍റെ വി​ഷ​യം വ​ന്നാ​ല്‍ അ​ങ്ങ​നെ പ​റ​യാ​ന്‍ ഞാ​ന്‍ ഇ​തു​വ​രെ മ​ടി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും മ​ടി​ക്കു​ന്നി​ല്ല.”

അ​ല്‍പം​കൂ​ടി ശ​ബ്ദ​മു​യ​ര്‍ത്തി അ​ദ്ദേ​ഹം തു​ട​ര്‍ന്നു.

“അ​തു​കൊ​ണ്ട് ഞാ​നി​പ്പോ​ള്‍ നി​ങ്ങ​ളു​ടെ മു​ഖ​ത്തു​നോ​ക്കി ഒ​രു വ​ലി​യ നോ ​പ​റ​യു​ന്നു.”

എ​ന്‍റെ വ​യ​റ്റി​ല്‍ ഒ​രാ​ന്ത​ലു​ണ്ടാ​യി. എ​ഡി​റ്റ​റു​ടെ ‘ഓ​പ്പ​റേ​ഷ​ന്‍ ജ​മ​ന്തി​പ്പൂ​ക്ക​ള്‍’ ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ പോ​വു​ക​യാ​ണ​ല്ലോ. ഒ​ടു​വി​ല്‍ എ​ന്‍റെ ഈ ​ദൗ​ത്യ​വും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.

എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന​റി​യാ​തെ ഞാ​ന്‍ ഒ​ന്നും മി​ണ്ടാ​തെ​യി​രു​ന്നു.

“എ​ന്തു​കൊ​ണ്ട് നോ ​എ​ന്ന ഒ​രു ചോ​ദ്യം ഞാ​ന്‍ നി​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു,” അ​ദ്ദേ​ഹം തു​ട​ര്‍ന്നു. “പ​ക്ഷേ അ​തു​ണ്ടാ​യി​ല്ല. എ​ന്നാ​ലും ഞാ​ന്‍ പ​റ​യാം. ഇ​ത് ക​ല​യൂ​ര്‍ കാ​ര്‍ത്തി​കേ​യ​ന്‍ മു​പ്പ​ത്തി​മൂ​ന്നു കൊ​ല്ല​ത്തി​നു ശേ​ഷം എ​ഴു​തി​യ നോ​വ​ലാ​ണെ​ന്ന​ല്ലേ നി​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്? അ​ത് നി​ങ്ങ​ള്‍ പ​റ​യാ​തെ​ത്ത​ന്നെ എ​നി​ക്ക​റി​യാം. ഞാ​ന്‍ ഇ​ത് ഒ​ന്നു മ​റി​ച്ചു​നോ​ക്കി​യ​ത​ല്ലാ​തെ മു​ഴു​വ​ന്‍ വാ​യി​ച്ചി​ട്ടി​ല്ല എ​ന്ന് നി​ങ്ങ​ള്‍ ക​ണ്ടു​വ​ല്ലോ. എ​നി​ക്ക​തു വാ​യി​ച്ചു​നോ​ക്ക​ണ​മെ​ന്നു തോ​ന്നി​യി​ല്ല. മ​റ്റൊ​രു കാ​ര്യം: മു​പ്പ​ത്തി​മൂ​ന്നു കൊ​ല്ലം മു​മ്പു​ത​ന്നെ​യാ​ണ് ഞാ​നും പ​ത്രാ​ധി​പ​രു​ടെ ജോ​ലി വി​ട്ട​ത്. അ​തി​നു ശേ​ഷം ഈ ​സാ​ഹി​ത്യ​ശാ​ഖ​യി​ല്‍ എ​ന്തൊ​ക്കെ ന​ട​ന്നു എ​ന്ന് ഞാ​ന്‍ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല. ഞാ​ന്‍ അ​തൊ​ന്നും വാ​യി​ക്കാ​റു​മി​ല്ല. അ​മ്പ​ത്തേ​ഴു വ​യ​സ്സു​വ​രെ നി​ര​ന്ത​രം ഒ​രേ കാ​ര്യം ത​ന്നെ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​താ​ണ്. അ​ത് അ​റു​പ​തു വ​യ​സ്സു​വ​രെ​യെ​ങ്കി​ലും തു​ട​ര്‍ന്നു​കൊ​ണ്ടു​പോ​വാ​ന്‍ എ​നി​ക്കാ​യി​ല്ല. ഒ​രാ​ളു​ടെ ആ​യു​സ്സി​ല്‍ അ​തൊ​ക്കെ ധാ​രാ​ള​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​വ​ണം കാ​ര്‍ത്തി​കേ​യ​നും ഈ ​രം​ഗം വി​ട്ടു​പോ​യ​ത്.”

“അ​പ്പോ​ള്‍ ഞാ​ന്‍ എ​ഡി​റ്റ​റോ​ട് എ​ന്താ​ണ് പ​റ​യേ​ണ്ട​ത്?”

“ദൂ​ത​ന്‍ എ​ന്ന നി​ല​യ്ക്ക് നി​ങ്ങ​ള്‍ക്ക് ഇ​നി ഇ​ത്ര​യേ ചെ​യ്യാ​നു​ള്ളൂ. ഞാ​ന്‍ ഉ​ച്ച​രി​ച്ച ഈ ‘​നോ’ അ​തേ​പ​ടി നി​ങ്ങ​ളു​ടെ എ​ഡി​റ്റ​റു​ടെ പ​ക്ക​ല്‍ എ​ത്തി​ക്കു​ക. അ​തു മാ​ത്ര​മേ നി​ങ്ങ​ളു​ടെ പ​ക്ക​ല്‍ ഇ​പ്പോ​ള്‍ എ​നി​ക്കു ത​ന്ന​യ​യ്ക്കാ​നു​ള്ളൂ.”

ഒ​ന്നു നി​ര്‍ത്തി അ​ദ്ദേ​ഹം തു​ട​ര്‍ന്നു. “നി​ങ്ങ​ളു​ടെ എ​ഡി​റ്റ​ര്‍ എ​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണ്. ക​ഴി​ഞ്ഞ നാ​ല്‍പ​തു കൊ​ല്ല​മാ​യി എ​നി​ക്ക​ദ്ദേ​ഹ​ത്തെ അ​റി​യാം. ‘ശാ​രി​ക’​യെ ഈ ​നി​ല​യി​ല്‍ എ​ത്തി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​ന​പ​രി​ശ്ര​മ​മാ​ണ്. അ​തൊ​ന്നും കു​റ​ച്ചു​കാ​ണ​രു​ത്. ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തെ എ​ന്‍റെ ഈ ‘​നോ’ ഒ​രി​ക്ക​ലും ബാ​ധി​ക്കു​ക​യി​ല്ലെ​ന്ന് ഞാ​ന്‍ ആ​ശി​ക്കു​ന്നു. ന​മു​ക്ക് ഇ​നി​യും കാ​ണാം.”

അ​ത് എ​ന്‍റെ സ​ന്ദ​ര്‍ശ​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സൂ​ച​ന​യാ​യി തോ​ന്നി​യ​പ്പോ​ള്‍ ഞാ​ന്‍ എ​ഴു​ന്നേ​റ്റു. ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​രും ഒ​പ്പം എ​ഴു​ന്നേ​റ്റു.

“ത​ലി​യാ​ര്‍ഖാ​ന്‍, ആ​ദ്യം ക​ണ്ട​പ്പൊ​ഴേ എ​നി​ക്കു തോ​ന്നി​യ ഒ​രു കാ​ര്യം പ​റ​യ​ട്ടെ,” നേ​രി​യ ഒ​രു പു​ഞ്ചി​രി​യോ​ടെ അ​ദ്ദേ​ഹം തു​ട​ര്‍ന്നു. “നി​ങ്ങ​ള്‍ക്ക് ഒ​രെ​ഴു​ത്തു​കാ​ര​ന്‍റെ ലു​ക്ക് ഉ​ണ്ട്. എ​ഴു​ത്തു​കാ​ര​ന്‍റെ ലു​ക്ക് എ​ന്നു​കേ​ട്ട് ചി​രി​ക്കു​ക​യൊ​ന്നും വേ​ണ്ട. മൂ​ന്നു​നാ​ലു വാ​രി​ക​ക​ളി​ല്‍ പ​ത്രാ​ധി​പ​രാ​യി​രു​ന്ന കാ​ല​ത്തൊ​ക്കെ എ​ന്‍റെ മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ല​രി​ല്‍ ഞാ​ന്‍ ഇ​തു ക​ണ്ടി​ട്ടു​ണ്ട്. അ​വ​രെ​ക്കൊ​ണ്ടൊ​ക്കെ എ​ഴു​തി​ച്ചി​ട്ടു​ണ്ട്. അ​വ​രി​ല്‍ പ​ല​രും പി​ന്നീ​ട് ന​ല്ല എ​ഴു​ത്തു​കാ​രാ​യി​ത്തീ​ര്‍ന്നി​ട്ടു​മു​ണ്ട്. പി​ന്നെ ഒ​രു കാ​ര്യം: എ​ഴു​ത്ത് എ​ന്നു പ​റ​ഞ്ഞ​തി​ന് നോ​വ​ലെ​ഴു​ത്ത് എ​ന്നു മാ​ത്ര​മ​ല്ല അ​ർ​ഥം. പ​ല​ത​രം എ​ഴു​ത്തു​ക​ളി​ല്‍ അ​ത് ഒ​ന്നു​മാ​ത്ര​മാ​ണ്.”

നോ​വ​ല്‍ വെ​ച്ച ഫോ​ള്‍ഡ​ര്‍ തി​രി​ച്ചു​ത​ന്ന് അ​ദ്ദേ​ഹം എ​ന്‍റെ പു​റ​ത്തു ത​ട്ടി.

“പി​ന്നെ ഞാ​ന്‍ പ​റ​ഞ്ഞി​ല്ലേ? എ.​എ​ഫ്.​എ​സ് ത​ലി​യാ​ര്‍ഖാ​ന്‍ ന​ല്ല ക​മ​ന്‍റേ​റ്റ​ര്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല. ന​ല്ല എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു.”

അ​ദ്ദേ​ഹം കൈ ​നീ​ട്ടി എ​ന്‍റെ ​ൈക​യി​ല്‍ പി​ടി​ച്ചു.

“നി​ങ്ങ​ള്‍ ഇ​തി​ന​കം വ​ല്ല​തും എ​ഴു​തി​യി​ട്ടു​ണ്ടോ എ​ന്നൊ​ന്നും ഞാ​ന്‍ ചോ​ദി​ക്കു​ന്നി​ല്ല. ഇ​ല്ലെ​ങ്കി​ലും സാ​ര​മി​ല്ല. നി​ങ്ങ​ള്‍ ന​ല്ല ഒ​രെ​ഴു​ത്തു​കാ​ര​നാ​വ​ട്ടെ. എ​ന്‍റെ ആ​ശീ​ര്‍വാ​ദ​ങ്ങ​ള്‍!”

പു​റ​ത്തേ​ക്കു​ള്ള വാ​തി​ല്‍ തു​റ​ന്നു​ത​ന്ന് അ​ദ്ദേ​ഹം ഒ​തു​ങ്ങി​നി​ന്നു. ഞാ​ന്‍ പു​റ​ത്തു​ക​ട​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ മ​ന്ദ​ച​ല​ന​ങ്ങ​ളോ​ടെ ലി​ഫ്റ്റ് വ​രെ എ​ന്നെ അ​നു​ഗ​മി​ച്ചു. ലി​ഫ്റ്റി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ ര​ണ്ടു കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്‍റെ കൈ ​മു​റു​കെ​പ്പി​ടി​ച്ചു കു​ലു​ക്കി. ഒ​രു തൊ​ണ്ണൂ​റു വ​യ​സ്സു​കാ​ര​ന്‍റെ വി​റ​ക്കു​ന്ന കൈ​ക​ളാ​യി​രു​ന്നി​ല്ല അ​പ്പോ​ള്‍ അത്.

(തു​ട​രും)

Tags:    
News Summary - malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.