ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

വിട, കലയൂര്‍ മാവേലിക്കരയില്‍നിന്ന് മടങ്ങി കലയൂരിലെത്തിയപ്പോള്‍ ഇരുട്ടു പരന്നുകഴിഞ്ഞിരുന്നു. അവസാനത്തെ സ്റ്റോപ്പായതുകൊണ്ട് കാര്യമായി ആരും ഇറങ്ങാനുണ്ടായിരുന്നില്ല. ഞാനടക്കം നാലു പേരാണ് യാത്രക്കാരായി ബസിലുണ്ടായിരുന്നത്. ബസിന്‍റെ അന്നത്തെ അവസാനത്തെ ഓട്ടമായിരുന്നു അത്. പാലത്തിന്‍റെ ഓരത്തുള്ള വാകമരത്തിന്‍റെ ചുവട്ടിലേക്ക് പാര്‍ക്ക് ചെയ്തിട്ടേ അവര്‍ യാത്രക്കാരെ ഇറങ്ങാന്‍ അനുവദിച്ചുള്ളൂ. വേശുവമ്മയുടെ വീട്ടിലേക്കുള്ള പാതയില്‍ വഴിവിളക്കുകളൊന്നുമില്ല. ഇരുട്ടില്‍ വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഞാന്‍ മൊബൈലിലെ ടോര്‍ച്ചു തെളിച്ചു. അല്‍പദൂരം പോയതേയുള്ളൂ; പിന്നില്‍ ആരുടെയോ...

വിട, കലയൂര്‍

മാവേലിക്കരയില്‍നിന്ന് മടങ്ങി കലയൂരിലെത്തിയപ്പോള്‍ ഇരുട്ടു പരന്നുകഴിഞ്ഞിരുന്നു. അവസാനത്തെ സ്റ്റോപ്പായതുകൊണ്ട് കാര്യമായി ആരും ഇറങ്ങാനുണ്ടായിരുന്നില്ല. ഞാനടക്കം നാലു പേരാണ് യാത്രക്കാരായി ബസിലുണ്ടായിരുന്നത്. ബസിന്‍റെ അന്നത്തെ അവസാനത്തെ ഓട്ടമായിരുന്നു അത്. പാലത്തിന്‍റെ ഓരത്തുള്ള വാകമരത്തിന്‍റെ ചുവട്ടിലേക്ക് പാര്‍ക്ക് ചെയ്തിട്ടേ അവര്‍ യാത്രക്കാരെ ഇറങ്ങാന്‍ അനുവദിച്ചുള്ളൂ. വേശുവമ്മയുടെ വീട്ടിലേക്കുള്ള പാതയില്‍ വഴിവിളക്കുകളൊന്നുമില്ല. ഇരുട്ടില്‍ വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഞാന്‍ മൊബൈലിലെ ടോര്‍ച്ചു തെളിച്ചു.

അല്‍പദൂരം പോയതേയുള്ളൂ; പിന്നില്‍ ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടുവെന്നു തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ ശരിയാണ്; ഒരാള്‍ എന്നെ പിന്തുടരുന്നുണ്ട്. അജ്ഞാതന്‍റെ ഫോണ്‍വിളിയാണ് ഓർമവന്നത്. ഇത് അയാളാവുമോ? അല്ലെങ്കില്‍ ‘മനോമയം’ അയച്ച മറ്റൊരാള്‍?

പുറത്തു തൂക്കിയിട്ട ബാക്പാക്ക് അഴിച്ചെടുത്ത് നെഞ്ചോടമര്‍ത്തിപ്പിടിച്ചു. എനിക്ക് എന്‍റെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാനുണ്ടായിരുന്നു. നടത്തം ഒന്നുകില്‍ വേഗമാക്കാം; അല്ലെങ്കില്‍ വഴിയോരത്തേക്ക് നീങ്ങിനിന്ന് പിന്നിലുള്ള ആള്‍ക്ക് വഴികൊടുക്കാം.

രണ്ടാമത്തേതാണ് ചെയ്തത്.

പിന്തുടരുന്നു എന്നു സംശയിച്ചയാള്‍ എന്നെ കടന്നുപോയി. എനിക്കപ്പോള്‍ ചിരി വന്നു. കൈയിലിരിക്കുന്ന ‘ജമന്തിപ്പൂക്കളു’ടെ കൈയെഴുത്തുപ്രതി എന്നില്‍ അനാവശ്യമായ ഭീതി വിതക്കുകയാണ്. ഇത് എഡിറ്റര്‍ക്കു കൈമാറുന്നതു വരെ ഈ ഭീതിയും എന്‍റെ ഒപ്പമുണ്ടാവും. എത്രയും വേഗം ഇത് കയ്യില്‍നിന്ന് ഒഴിവാക്കിയേ മതിയാവൂ. 25 വാട്ട് ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ പൂമുഖത്തിരിക്കുന്ന വേശുവമ്മയെ വഴിയില്‍ വെച്ചുതന്നെ കണ്ടു. എന്നെ കാത്തിരിക്കുകയാവണം.

‘‘മോനെ അന്വേഷിച്ച് ഒരു കുട്ടി വൈകുന്നേരം ഇവിടെ വന്നിരുന്നു,’’ വന്നു കയറിയ പാടെ വേശുവമ്മ പറഞ്ഞു. ‘‘മോന്‍ എങ്ങോട്ടാ പോയതെന്നും എപ്പോഴാണ് വരികയെന്നും എന്നോടു ചോദിച്ചു. മോന്‍ അതൊന്നും എന്നോട് പറഞ്ഞിരുന്നില്ലല്ലോ.’’

അതു പറയുമ്പോള്‍ അവരുടെ മുഖത്ത് നിഗൂഢമായ ഒരു ചിരിയുണ്ടായിരുന്നു എന്ന് എനിക്കു തോന്നി.

‘‘എന്താണയാള്‍ പറഞ്ഞത്? അല്ലെങ്കില്‍ എന്താണ് വേശ്വമ്മ അയാളോടു പറഞ്ഞത്?’’

‘‘ഞാനെന്തു പറയാന്‍! രണ്ടും എനിക്കറിയില്ലെന്നു പറഞ്ഞു.’’

‘‘അപ്പോള്‍ അയാളെന്തു പറഞ്ഞു?’’

‘‘രാവിലെ നേര്‍ത്തെ വരാമെന്ന്.’’

അതു ശരി. അപ്പോള്‍ ഒരു കാര്യം ഉറപ്പായി: നാളെ വളരെ നേരത്തേതന്നെ കലയൂര്‍ വിടണം. ‘മനോമയ’ത്തിന്‍റെ ആള്‍ വീണ്ടും ഇവിടെ വരുന്നതിനുമുമ്പ്.

‘‘ഞാന്‍ നാളെ രാവിലെ നേര്‍ത്തെ വീട്ടിലേക്കൊന്നു പോവുകയാണ്,’’ കഞ്ഞി കുടിക്കാനിരിക്കുമ്പോള്‍ ഞാന്‍ വേശുവമ്മയോടു പറഞ്ഞു. ‘‘രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താം.’’

പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇന്നും വീട്ടിലേക്ക് എന്നു പറഞ്ഞാണല്ലോ ഞാന്‍ പോയത് എന്ന് ഓർമിച്ചത്. പിന്നെ എന്തിന് ഇന്നു തിരിച്ചുവന്നു എന്ന് വേശുവമ്മ ചോദിക്കുമോ എന്ന് ഭയപ്പെട്ടുവെങ്കിലും അവര്‍ ഒന്നും ചോദിച്ചില്ല. ഞാന്‍ പറയുന്നതൊന്നും സത്യമല്ല എന്ന് അവര്‍ക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാവണം.

വേശുവമ്മ ഒരു ചുട്ട പപ്പടംകൂടി എന്‍റെ കിണ്ണത്തിലേക്കിട്ടു. അവര്‍ എന്‍റെ മുഖത്തേക്ക് നോക്കിയില്ല. ഒന്നും മിണ്ടിയതുമില്ല. ഞാന്‍ പറഞ്ഞത് കേട്ടിട്ടില്ലെന്നുണ്ടോ?

മടക്കത്തിന് കാര്യമായ ഒരുക്കങ്ങളൊന്നും വേണ്ടിവന്നില്ല. ഉണക്കാനിട്ട ഉടുപ്പുകളൊക്കെ നേരത്തേ വേശുവമ്മ തന്നെ എടുത്ത് മടക്കിവെച്ചിരുന്നു. അത് അവര്‍ കൃത്യമായി ചെയ്യാറുള്ളതാണ്. തുണികള്‍ തിരുമ്പിത്തരാം എന്ന് തുടക്കത്തില്‍ അവര്‍ എന്നോടു പറഞ്ഞിരുന്നതാണ്. അത് ഞാന്‍ ഏതായാലും സമ്മതിച്ചുകൊടുത്തില്ല.

ഉടുപ്പുകള്‍ പെട്ടിയിലേക്ക് അടുക്കി വെക്കുന്നതും മറ്റ് യാത്രക്കുള്ള തയാറെടുപ്പുകളും വേശുവമ്മ അടുത്തുതന്നെ നിന്ന് നിരീക്ഷിച്ചുവെങ്കിലും അവര്‍ എന്നോട് ഒന്നും മിണ്ടിയില്ല.

കിടക്കുന്നതിനു മുമ്പ് കുറച്ചു പണമെടുത്ത് വേശുവമ്മക്കു കൊടുത്തപ്പോള്‍ പക്ഷേ അവര്‍ പറഞ്ഞു.

‘‘രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിവരുമെന്നല്ലേ പറഞ്ഞത്? പിന്നെ എന്തിനാ ഇപ്പോള്‍ രൂപ?’’

‘‘ഇതു കയ്യിലിരിക്കട്ടെ. കണക്കൊക്കെ പിന്നെ പറയാം.’’

‘‘അല്ലെങ്കിലും ഇവിടത്തെ ചെലവുകളൊക്കെ മോനല്ലേ നടത്തിയിരുന്നത്?’’ വേശുവമ്മ അത് കയ്യില്‍ പിടിച്ച് കുറച്ചുനേരം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിന്നു.

‘‘കണക്കൊന്നും പറയല്ലേ വേശ്വമ്മേ,’’ ഞാന്‍ അവരുടെ മുഖത്തു നോക്കി ചിരിച്ചു.

എന്‍റെ മുത്തശ്ശിയാവാന്‍ പ്രായമുണ്ട് വേശുവമ്മക്ക്. ഒരു മകനോടോ പേരക്കുട്ടിയോടോ ഒക്കെയുള്ള വാത്സല്യമാണ് ഇതുവരെ അവര്‍ എന്നോടു കാട്ടിയിരുന്നത്. അതേസമയം, ഞാന്‍ ചെയ്യുന്നതിലൊന്നും തലയിട്ട് എന്‍റെ സ്വകാര്യതയിലേക്ക് അവര്‍ കടന്നുകയറിയതുമില്ല.

ഇല്ലേ? സ്വകാര്യമായി എല്ലാം അവര്‍ അറിഞ്ഞിരുന്നില്ലേ? അറിഞ്ഞില്ലെന്നു നടിക്കുകയായിരുന്നില്ലേ?

എനിക്ക് ഒന്നും ഉറപ്പിക്കാനാവുന്നില്ല. വേശുവമ്മയെ ഇപ്പോഴും എനിക്കു ശരിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നു പോലും. ഇവിടേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ചന്ദ്രേട്ടന്‍ ഞാന്‍ കൊടുക്കുന്ന വാടക വേശുവമ്മക്ക് ഒരു സഹായമാവും എന്നൊക്കെ പറഞ്ഞത് ഞാന്‍ മറന്നിരുന്നില്ല. അതുകൊണ്ട് ഞാന്‍ അരിയും പരിപ്പും പഞ്ചസാരയും കാപ്പിപ്പൊടിയും പച്ചക്കറികളുമൊക്കെ ഇടക്ക് വാങ്ങിക്കൊണ്ടുവന്നു കൊടുക്കാറുമുണ്ട്. അതൊന്നും വേണ്ട എന്ന് വേശുവമ്മ പറഞ്ഞിട്ടില്ല; നടിച്ചിട്ടുമില്ല.

ഒന്നര മാസത്തോളം കൂടെ താമസിച്ചിട്ടും എനിക്കു വേശുവമ്മയെ ശരിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നു രണ്ടുവട്ടം ഞാന്‍ അതറിയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും പറയാന്‍ വേശുവമ്മ തയ്യാറായില്ല. അച്ഛനെപ്പറ്റി ചില കാര്യങ്ങള്‍ പറഞ്ഞതു മാത്രമാണ് കിട്ടിയത്.

കലയൂരുള്ളവരെല്ലാം പാവങ്ങളാണെന്നും അവരുടെ ജീവിതം തുറന്ന പുസ്തകങ്ങളാണെന്നും ദാമുവേട്ടന്‍ പറഞ്ഞതൊക്കെ ദാമുവേട്ടനെ സംബന്ധിച്ചുപോലും ശരിയല്ല. ദാമുവേട്ടനും ഒന്നും വിട്ടുപറഞ്ഞിട്ടില്ലല്ലോ. വേശുവമ്മയുടെ കാര്യവും അങ്ങനെത്തന്നെയാണ്. അവരെപ്പറ്റി പിന്നീടു പറയാം എന്നു പറഞ്ഞ ചന്ദ്രേട്ടനോട് അതൊന്നും ചോദിക്കാനും കഴിഞ്ഞില്ല.

 

‘‘ഞാന്‍ കുറച്ചു നേരത്തെ കിടക്കുകയാണ് വേശ്വമ്മേ. എനിക്കു രാവിലെ നേര്‍ത്തെ പുറപ്പെടണം.’’

മൊബൈലില്‍ അലാറം വെച്ച് വിളക്കു കെടുത്തി ഞാന്‍ കട്ടിലിലേക്കു ചാഞ്ഞു.

‘‘താന്‍ നാളെ രാവിലെ വൈകാതെത്തന്നെ തിരിക്കുമല്ലോ അല്ലേ?’’ ഉറക്കംപിടിക്കുമ്പോള്‍ എഡിറ്റര്‍ വിളിച്ചു. ‘‘പോരുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവിടെ താമസിച്ചതിന്‍റെ ഒരു തെളിവും ബാക്കിവെയ്ക്കരുത്. താന്‍ താമസിക്കുന്ന വീട്ടിലെ കാര്യമാണ് പറയുന്നത്. ആ സ്ത്രീയോട് തന്‍റെ ഐഡന്‍റിറ്റിയൊന്നും വെളിപ്പെടുത്തിയിട്ടില്ലല്ലോ.’’

ഇല്ല എന്ന് എത്ര പറഞ്ഞിട്ടും എഡിറ്റര്‍ അതു മുഴുവന്‍ വിശ്വസിച്ചിട്ടില്ല എന്നു തോന്നി. വേശുവമ്മയെ എഡിറ്റര്‍ക്ക് എപ്പോഴും സംശയമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ‘‘തന്‍റെ ഫോണ്‍ നമ്പറും അവിടെ ആര്‍ക്കും കൊടുത്തിട്ടില്ലെന്നു വിചാരിക്കുന്നു. ഇനി അഥവാ താന്‍ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ നമുക്ക് ആ സിം മാറ്റേണ്ടിവരും.’’

ആര്‍ക്കും കൊടുത്തിട്ടൊന്നുമില്ല. പക്ഷേ ഇന്ന് ഇതിലേക്ക് ഒരജ്ഞാതന്‍റെ ഫോണ്‍ വന്നിരുന്നുവല്ലോ. ഞാന്‍ അക്കാര്യം എഡിറ്ററോടു പറഞ്ഞില്ല. അതു മാത്രമല്ല; കാര്‍ത്തികേയന്‍ സാറിനെ കാണാന്‍ പോയ കാര്യവും പറഞ്ഞിട്ടില്ല.

ഒന്നു നിര്‍ത്തി എഡിറ്റര്‍ തുടര്‍ന്നു.

‘‘കയ്യെഴുത്തുപ്രതിയുടെ കാര്യം ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ. താന്‍ അത് ഇപ്പോള്‍ത്തന്നെ തന്‍റെ പെട്ടിയിലേക്ക് വെയ്ക്കുക. അതു നഷ്ടപ്പെട്ടാല്‍ നമ്മുടെ ദൗത്യം മുഴുവന്‍ പരാജയപ്പെടും. ഓർമയുണ്ടല്ലോ. ആ സ്ത്രീയെ കണ്ണടച്ചു വിശ്വസിക്കരുത്.’’

‘ശാരിക’യുടെ ഓഫീസില്‍ പോയി തിരിച്ചുവന്നപ്പോള്‍ അത് ആരോ വായിച്ചുനോക്കിയതായി എനിക്കുണ്ടായ സംശയമൊന്നും ഞാന്‍ എഡിറ്ററുമായി പങ്കുവെച്ചിരുന്നില്ല. എന്നിട്ടു തന്നെ എഡിറ്റര്‍ക്ക് വേശുവമ്മയെ സംശയമായിരിക്കുന്നു.

രാവിലെ അഞ്ചു മണിക്ക് അലാറം അടിച്ചപ്പോള്‍ എഴുന്നേറ്റു. കുളി കഴിഞ്ഞുവന്നപ്പോഴേക്കും വേശുവമ്മ കട്ടന്‍കാപ്പിയുമായി മുന്നിലെത്തി.

‘‘വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമാവില്ലേ?’’ ഒരു കടലാസുപൊതി എനിക്കു നേരെ നീട്ടിക്കൊണ്ട് വേശുവമ്മ ചോദിച്ചു. ‘‘വിശക്കുമ്പോള്‍ കഴിച്ചോളൂ.’’

രണ്ടു നേന്ത്രപ്പഴമായിരുന്നു.

വീട് വളരെ അകലെയാണെന്ന് അവര്‍ ധരിച്ചിട്ടുണ്ടായിരുന്നു. അതു ശരിയായിരുന്നു താനും. പക്ഷേ, ഞാന്‍ വീട്ടിലേക്കല്ലല്ലോ പോവുന്നത്. ഞാന്‍ പൊതിയെടുത്ത് സഞ്ചിയിലിട്ടു.

പെട്ടിയെടുത്ത് ഇറങ്ങുന്നതിനു മുമ്പ് മുറിയാകെ പരിശോധിച്ചു. ഇല്ല. ഒരു കടലാസു തുണ്ടുപോലും ഇവിടെ ഉപേക്ഷിച്ചിട്ടില്ല. കേട്ടെഴുത്തുകാരന്‍ തലിയാര്‍ഖാന്‍ ഇവിടെ താമസിച്ചുവെന്നതിന് ഒരു തെളിവുപോലും അവശേഷിച്ചിട്ടില്ല.

‘‘ആ കടലാസുകെട്ട് എടുത്തിട്ടില്ലേ മോനേ?’’ ഇറങ്ങുമ്പോള്‍ വേശുവമ്മ ചോദിച്ചു.

പുറത്തിറങ്ങുമ്പോഴൊക്കെ ഞാനത് കയ്യിലെടുത്തിരുന്നത് അവര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അതോടെ തീര്‍ച്ചയായി. വായിച്ചിട്ടുണ്ടോ എന്ന് അറിയില്ലെങ്കിലും അവര്‍ ചിലതെല്ലാം ഊഹിച്ചിട്ടുണ്ട് എന്ന് ഉറപ്പായി. എന്നിട്ട് ഒന്നും അറിഞ്ഞില്ലെന്നു നടിക്കുകയാണ്.

സമയം ആറേകാലായിരിക്കുന്നു. ആറരക്കാണ് ബസ്. വേശുവമ്മയോടു യാത്രപറഞ്ഞ് ഞാന്‍ മുറിക്കു പുറത്തിറങ്ങി.

ഇറയത്തേക്ക് വേശുവമ്മ കൂടെ വന്നു.

‘‘ഇന്നലെ വന്ന ആ കുട്ടി വരുമ്പോള്‍ എന്താ പറയേണ്ടത്?’’ ഞാന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ വേശുവമ്മ ചോദിച്ചു. ‘‘രണ്ടു ദിവസം കഴിഞ്ഞാല്‍ തിരിച്ചെത്തുമെന്നു പറഞ്ഞോട്ടെ?’’

‘‘വേശ്വമ്മ അങ്ങനെ കൃത്യമായിട്ട് ഒന്നും പറയേണ്ട,’’ തിരക്കു നടിച്ച് നടക്കുന്നതിനിടയില്‍ ഞാന്‍ വേശുവമ്മയോടു പറഞ്ഞു. ‘‘ഒന്നും അറിയില്ലെന്നു പറഞ്ഞാല്‍ മതി.’’

ഞാന്‍ തിരിച്ചുവരില്ലെന്നുകൂടി അവര്‍ ഊഹിച്ചിട്ടുണ്ട്, ചെത്തിമിനുക്കിയ മുറ്റം കടക്കുമ്പോള്‍ എനിക്കു തോന്നി. പുതിയ ആള്‍ വരുന്നതിന്‍റെ സൂചന തന്നത് വെറുതെയാവില്ല.

പക്ഷേ കലയൂരില്‍ ആരു വരാനാണ് വാടകക്കു താമസിക്കാന്‍? എന്താണ് വേശുവമ്മ ആലോചിച്ചുകൂട്ടുന്നത്? അതോ വെറുതെ എന്നെ പ്രകോപിപ്പിക്കാന്‍ പറഞ്ഞതാണോ അത്? അതു പറയുമ്പോള്‍ അവരുടെ മുഖത്തുണ്ടായിരുന്ന കുസൃതിച്ചിരി എനിക്കു മറക്കാനാവുന്നില്ല.

‘‘മോനേ!’’

പടി കടന്ന എന്നെ വേശുവമ്മ തിരിച്ചുവിളിച്ചു.

ഞാന്‍ തിരിഞ്ഞുനിന്നു.

‘‘നോക്കൂ, മോന്‍ അന്നു പറഞ്ഞതുപോലെ മാവ് പൂത്തിരിക്കുന്നു!’’

വിടര്‍ന്ന കണ്ണുകളോടെ വേശുവമ്മ മുറ്റത്തെ മാവിലേക്കുതന്നെ നോക്കിനില്‍ക്കുകയാണ്.

ഞാന്‍ തിരിച്ച് മുറ്റത്തേക്കുതന്നെ എത്തി മാവിലേക്കുനോക്കി. ശരിയാണ് മാവ് നിറയെ പൂത്തിരിക്കുന്നു. പൂക്കുലകള്‍കൊണ്ട് മാവ് ആസകലം ചുവന്നിരിക്കുന്നു.

‘‘മാങ്ങ വീണു തുടങ്ങുമ്പോഴേക്കും മോന്‍ തിരിച്ചുവരണം,’’ വേശുവമ്മ മനോഹരമായി ചിരിച്ചു. ‘‘നമുക്ക് രണ്ടു പേര്‍ക്കും കൂടി മാമ്പഴം പൂളിത്തിന്നണം.’’

‘‘വരാം വേശ്വമ്മേ.’’

ഇനി ഒരിക്കലും ഇതുവഴി വരില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ പറഞ്ഞു. ഒരുപക്ഷേ വേശുവമ്മക്ക് അത് അറിയുമായിരിക്കും. രണ്ടു ദിവസം കഴിഞ്ഞാല്‍ തിരിച്ചുവരുമെന്ന് ഞാന്‍ പറഞ്ഞത് അവര്‍ വിശ്വസിച്ചിട്ടില്ലെന്നു തീര്‍ച്ചയായി.

മറ്റൊരു സംശയവും തോന്നി: കാഴ്ചശക്തി കുറവാണ്; അടുത്തു വന്നാലേ ആളുകളെ തിരിച്ചറിയൂ എന്നു പറഞ്ഞ വേശുവമ്മ എങ്ങനെയാണ് മാവു പൂത്തതു കണ്ടത്?

സംശയമില്ല; വേശുവമ്മ പറയുന്നതൊന്നും മുഖവിലക്കെടുക്കാന്‍ വയ്യ.

അല്ലെങ്കില്‍ ഞാനും അവരില്‍നിന്ന് പലതും മറച്ചുവെക്കുകയാണല്ലോ ഉണ്ടായത്, എനിക്കു ചിരി വന്നു. കളികളില്‍ പരസ്പരം അറിഞ്ഞുകൊണ്ടു തന്നെ ചില നിയമങ്ങള്‍ പാലിക്കുക മാത്രമായിരുന്നു രണ്ടു പേരും എന്നു കരുതിയാല്‍ മതി.

ആറരയാവാന്‍ ഇനിയും അഞ്ചു മിനിറ്റുണ്ട്. പാലത്തിനടുത്ത് ശ്രീലക്ഷ്മി ദിവസത്തിലെ ആദ്യത്തെ ഓട്ടത്തിന് തയ്യാറെടുക്കുന്നു. നാലോ അഞ്ചോ യാത്രക്കാര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. ക്ലീനര്‍ സീറ്റെല്ലാം തുടച്ച് നനവുമാറ്റുകയാണ്. അതു കഴിഞ്ഞ് ഷട്ടറുകള്‍ ഉയര്‍ത്തുന്നതുവരെ ആരും കയറിയില്ല.

അമ്പലത്തില്‍നിന്ന് പ്രഭാതങ്ങളിലെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാനുണ്ട്. വേശുവമ്മയുടെ വീട് അടുത്താണെങ്കിലും അവിടെയിരുന്നാല്‍ ഇതു കേള്‍ക്കില്ല. ബസ് ഓടിത്തുടങ്ങിയപ്പോള്‍ തണുത്ത കാറ്റു വന്നു. ധനു മാസത്തിന്‍റെ നേര്‍ത്ത കുളിരുണ്ട്. ഞാന്‍ പുറത്തേക്ക് നോക്കി. ബസ് കലയൂര്‍പ്പാലവും കടന്നുപോവുകയാണ്.

ഒരു നാട്ടില്‍നിന്ന് മടങ്ങാന്‍ ഏറ്റവും നല്ല സമയം പുലര്‍ച്ചെയാണ് എന്ന് എനിക്കു തോന്നി. എങ്കില്‍ നല്ല ഓർമകളാവും നമുക്ക് കൂടെക്കൊണ്ടുപോരാനുണ്ടാവുക.

കുറച്ചുനാളായി ഒരു പ്രത്യേകതരത്തിലുള്ള ജീവിതമായിരുന്നു എന്‍റേത്. രാവിലത്തെ നടത്തം, ദാമുവേട്ടന്‍റെ വര്‍ത്തമാനങ്ങള്‍, തിരിച്ചുവന്ന് കാര്‍ത്തികേയന്‍ സാറിന്‍റെ കേട്ടെഴുത്ത്, രാത്രിയിലെ പകര്‍ത്തിയെഴുത്ത്. ഇത്തിരി രഹസ്യാത്മകതയുണ്ടായിരുന്നതു കൊണ്ട് ചെറിയ ഒരു ത്രില്ലുമുണ്ടായിരുന്നു. എഡിറ്ററുടെ ഇടക്കിടെയുള്ള ഫോണ്‍വിളി അത് വർധിപ്പിക്കുകയും ചെയ്തു.

എല്ലാം അവസാനിച്ചിരിക്കുന്നു.

കലയൂര്‍ സിറ്റിയിലെത്തിയപ്പോഴേക്കും ബസ് ഏറക്കുറെ നിറഞ്ഞുകഴിഞ്ഞിരുന്നു.

മോഡേണ്‍ കഫേയുടെ മുന്നില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഞാന്‍ ചായക്കടയിലേക്കു നോക്കി. ചന്ദ്രേട്ടന്‍ തിരക്കിട്ടു നടക്കുന്നതു കണ്ടു. കടയില്‍ ആറേഴു പേര്‍ ഉണ്ട്. അവരില്‍ അവിടെ ആദ്യം ചെന്നപ്പോള്‍ കണ്ട താടിക്കാരനായ മോഹനേട്ടന്‍ ഉണ്ടോ? വട കടിച്ചുകൊണ്ട് എന്നെ തുറിച്ചുനോക്കിയ തലയിലും മുഖത്തും തീരെ രോമമില്ലാത്ത ആ ആളുണ്ടോ? അവരെയൊന്നും പിന്നീടു കണ്ടില്ല. രഹസ്യമായ എന്‍റെ താമസത്തിനിടക്ക് അതു സാധ്യവുമായിരുന്നില്ലല്ലോ.

ചന്ദ്രേട്ടന്‍ ബസിലേക്ക് നോക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. പക്ഷേ അതുണ്ടായില്ല. സ്ഥിരം കാഴ്ചയായതുകൊണ്ടാവാം. പിന്നെ ചന്ദ്രേട്ടന്‍ തിരക്കിലുമാണ്.

ചന്ദ്രേട്ടനോട് യാത്ര പറയേണ്ടതായിരുന്നു. കലയൂരില്‍ എത്തിയിട്ട് ആദ്യമായി പരിചയപ്പെട്ട ആളെന്ന നിലയില്‍ മാത്രമല്ല; കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നതും വേശുവമ്മയുടെ വീട് കണ്ടുപിടിച്ചുതന്നതും ചന്ദ്രേട്ടനാണല്ലോ. വേശുവമ്മയുടെ വീട്ടില്‍ താമസമാക്കിയതിനുശേഷം ചന്ദ്രേട്ടനെ ശരിക്കു കണ്ടതുതന്നെയില്ല. മിനിയാന്ന് ദാമുവേട്ടന്‍ ചായക്കടയിലേക്ക് വിളിച്ചുകൊണ്ടുപോയപ്പോഴാണ് പിന്നെ ശരിക്കൊന്നു കണ്ടത്. അപ്പോഴും ചന്ദ്രേട്ടനു മുഖം കൊടുക്കാതിരിക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്.

ഹെല്‍ത്ത് സെന്‍ററിലെ സോമേട്ടന്‍റെ പെട്ടിക്കട തുറന്നിട്ടില്ല. സോമേട്ടനോട് കുറച്ചുകൂടി സംസാരിക്കണമെന്നുണ്ടായിരുന്നു. തിടുക്കത്തില്‍ വിട്ടുപോവുന്നതുകൊണ്ട് സാധിച്ചില്ല. സോമേട്ടനോടെന്നല്ല ആരോടും യാത്രപറയാന്‍ കഴിഞ്ഞില്ല.

ചന്ദ്രേട്ടനോട് അടക്കം എല്ലാവരോടും അകന്നുനിന്നുകൊണ്ടുള്ള അടുപ്പം മാത്രമേ സാധിച്ചുള്ളൂ.

കുറച്ചെങ്കിലും മനസ്സിലാക്കിയത് ദാമുവേട്ടനെയായിരുന്നു. ഇനി തിരിച്ചുവരില്ല എന്ന ബോധ്യമുള്ളതുകൊണ്ട് ദാമുവേട്ടനെ ഒരിക്കല്‍ക്കൂടി ഒന്നു കണ്ടാല്‍ക്കൊള്ളാമെന്നുണ്ടായിരുന്നു എനിക്ക്. രണ്ടു ദിവസം നടക്കാന്‍ വന്നില്ല. അല്ലെങ്കിലും ദാമുവേട്ടന്‍ അങ്ങനെ കൃത്യമായി നടക്കാന്‍ വരാറില്ല. തൊണ്ണൂറു വയസ്സിനോടടുത്ത അദ്ദേഹത്തെ ആരോഗ്യനില ഇടക്കിടെ ശല്യപ്പെടുത്തുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ.

ഹൈസ്കൂള്‍ കടന്ന് ടൗണിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനു തൊട്ടുമുമ്പ് ഇടത്തുവശത്തുള്ള വിളക്കുകാലില്‍ ഒരു പോസ്റ്റര്‍ തൂങ്ങിക്കിടക്കുന്നത് ഒരു മിന്നല്‍പോലെ കണ്ണില്‍പ്പെട്ടു. അതില്‍ ‘ആദരാഞ്ജലികള്‍’ എന്നും അതിനു താഴെ ഒരു മുഖവും കണ്ടു. ഒരു വിറയല്‍ എന്‍റെ ഉള്ളിലൂടെ പാഞ്ഞുപോയി.

ദാമുവേട്ടന്‍റെ മുഖമല്ലേ അത്?

തിരിഞ്ഞുനോക്കിയപ്പോഴേക്കും ബസ് ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞുകഴിഞ്ഞിരുന്നു. മൂന്നു കാലിനപ്പുറം വീണ്ടും ആ മുഖം കണ്ടു. അതും ശരിക്കു കാണുന്നതിനു മുമ്പ് ബസ് കടന്നുപോയി.

‘‘നമ്മളിനി നേരില്‍ കണ്ടില്ലെങ്കിലും ഞാന്‍ തന്‍റെ കൂടെയുണ്ട് എന്നു കരുതിക്കോളൂ.’’ മിനിയാന്നു പിരിയുമ്പോള്‍ ദാമുവേട്ടന്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് ഓർമവന്നു. അത് ഒരു യാത്രപറച്ചിലായിരുന്നുവോ?

അടുത്തുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അവിടത്തെ വിളക്കുകാലില്‍ വീണ്ടും ആ പോസ്റ്ററുണ്ടായിരുന്നു. ആകാംക്ഷയോടെ തല പുറത്തേക്കിട്ട് എത്തിച്ചുനോക്കി.

അല്ല; അത് മറ്റേതോ മുഖമാണ്. എന്നാലും പേരു മുഴുവന്‍ വായിക്കാന്‍ കഴിയും മുമ്പേ ബസ് വിളക്കുകാല്‍ കടന്നുപോയി.

ആരെങ്കിലുമാവട്ടെ. അത് ദാമുവേട്ടനല്ലല്ലോ.

‘തന്നെ അറിയിച്ചിട്ടേ ഞാന്‍ പോവൂ’ എന്നു പറഞ്ഞിട്ടുണ്ടല്ലോ ദാമുവേട്ടന്‍. ഇനി എങ്ങനെ അറിയിക്കാനാണ്! ഇനി കാണുകയില്ലെന്ന് ദാമുവേട്ടനു തോന്നിയിരിക്കണം. അതുതന്നെ വേശുവമ്മക്കും തോന്നിയിരിക്കണം. അതാണ് അവരുടെ മുഖത്തെ ഗൂഢമായ ചിരി തന്ന സൂചന.

ഏതായാലും ഇന്നലെ കാര്‍ത്തികേയന്‍ സാറിനോടു യാത്രപറയുമ്പോള്‍ അങ്ങനെ തോന്നിയതേയില്ല. ദാമുവേട്ടനെയും വേശുവമ്മയെയും പോലെയല്ല; കാര്‍ത്തികേയന്‍ സാറിനെ ഇനിയും കാണാനുള്ള സാധ്യതയുണ്ടു താനും. നോവലിന്‍റെ പ്രസിദ്ധീകരണവും മറ്റുമായി ഇനിയും പലവട്ടം കാണാനിരിക്കുന്നതേയുള്ളൂ.

എഡിറ്ററെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തികേയന്‍ സാറിനെ ചെന്നു കണ്ട കാര്യം പറയണോ, പറയാതിരിക്കണോ? ഏതാണ് തെറ്റ്? ഏതാണ് ശരി? എനിക്കു തീരുമാനിക്കാന്‍ കഴിഞ്ഞില്ല.

എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു തീരുമാനമായി അതെന്നാണ് എനിക്കു തോന്നുന്നത്. ദൗത്യത്തിന് കൃത്യമായ ഒരന്ത്യമായല്ലോ.

അതുകൊണ്ട് മറ്റൊരു കാര്യവും ഉറപ്പായി. ‘മനോമയ’ത്തില്‍നിന്ന് ആരെങ്കിലും എന്നെ പിന്തുടരാതിരിക്കില്ല. അത് ഉടനെത്തന്നെ സംഭവിക്കുകയും ചെയ്യും.

അവര്‍ ഇനി എഡിറ്ററെയല്ല എന്നെയാണ് നോട്ടംവെക്കുക. ഞാന്‍ തിരിഞ്ഞ് ബസിലെ യാത്രക്കാരെ ആകെയൊന്നു നോക്കി. ആരെങ്കിലും എന്നെ പിന്തുടരുന്നുണ്ടോ? നല്ല തിരക്കുള്ളതുകൊണ്ട് ഇരിക്കുന്ന ആരെയും ശരിക്കു കാണാനാവുന്നില്ല. ബാക്പാക് തുറന്ന് കൈയെഴുത്തുപ്രതി അതില്‍ത്തന്നെയില്ലേ എന്ന് ഒരിക്കല്‍ക്കൂടി നോക്കി ഉറപ്പുവരുത്തി.

 

മൂന്നാലു ദിവസമായി ശരിക്കുറങ്ങിയിട്ട്. കാര്‍ത്തികേയന്‍ സാറിന്‍റെ തിരോധാനത്തിനു പിന്നാലെ നഷ്ടപ്പെട്ട ഉറക്കമാണ്. ഇന്നലെ കാര്‍ത്തികേയന്‍ സാറിനെ കണ്ടുവന്നതില്‍പ്പിന്നെ നല്ല ആശ്വാസം തോന്നിയതാണ്. അതുകൊണ്ട് രാത്രി സുഖമായി ഉറങ്ങുമെന്നും വിചാരിച്ചതാണ്. പക്ഷേ ഉറക്കം ശരിയായില്ല.

‘മനോമയ’ത്തില്‍നിന്നുള്ള അജ്ഞാതന്‍റെ വിളി എപ്പോള്‍ വേണമെങ്കിലും വരാം. ആ നമ്പര്‍ ബ്ലോക്ചെയ്തു വെച്ചിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ, അയാള്‍ മറ്റു വല്ല നമ്പറില്‍നിന്നും വിളിക്കാതിരിക്കുമോ?

എന്നാല്‍, ഇന്നലെ വിളിയൊന്നും വന്നില്ല. ഇന്നും ഇതുവരെ അനക്കമൊന്നുമുണ്ടായിട്ടില്ല.

ബസ് ഒന്നു നിര്‍ത്തിയപ്പോള്‍ വഴിയോരത്തെ ബോര്‍ഡില്‍ എന്‍റെ കണ്ണുടക്കി:

നന്ദി

കലയൂര്‍ പഞ്ചായത്ത്

വീണ്ടും വരിക

ഇല്ല; ഇല്ല പഞ്ചായത്തേ, ഇനി ഈ വഴിക്ക് വരവൊന്നുമുണ്ടാവില്ല.

കലയൂര്‍ വിട്ടപ്പോള്‍ ഞാന്‍ മൊബൈല്‍ വൈബ്രേഷന്‍ മോഡിലിട്ടു. നഗരത്തിലെത്താന്‍ ഇനിയും മുക്കാല്‍ മണിക്കൂറെടുക്കും. പറ്റുമെങ്കില്‍ ഒന്നു മയങ്ങണം. കണ്ണടച്ച് ചാരിയിരുന്നു.

വിചാരിച്ചതേയുള്ളൂ. ഞാന്‍ നല്ലവണ്ണം ഉറങ്ങിപ്പോയി.

ആരോ എന്‍റെ കാലില്‍ പിടിച്ചു വലിക്കുന്നുണ്ടെന്നു തോന്നി ഞാന്‍ ഉണര്‍ന്നു ചുറ്റിലും നോക്കി. ബസിലിപ്പോള്‍ തിരക്കു കുറവാണ്. എന്‍റെ സീറ്റില്‍ ഞാനൊറ്റക്കാണ്. ചുറ്റിലുള്ള ആരും എന്നെ ശ്രദ്ധിക്കുന്നില്ല. വീണ്ടും ഒന്നു മയങ്ങാം എന്നു വിചാരിച്ച് ചാരിയിരുന്നപ്പോള്‍ ഒരു ഞെട്ടലോടെ ഞാനറിഞ്ഞു: മടിയില്‍ എന്‍റെ ബാക്പാക്ക് കാണാനില്ല!

എഴുന്നേറ്റു നിന്ന് ബസ് നിര്‍ത്താന്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങിയതാണ്. അപ്പോഴേക്കും ഞാനതു കണ്ടെത്തി. എന്‍റെ കാലിന്‍റെ താഴെയുണ്ട്. ഞാന്‍ തന്നെയാണല്ലോ അത് അവിടെ വെച്ചത്! ഞാനത് എന്‍റെ മടിയിലേക്ക് വെച്ച് മുറുകെ കെട്ടിപ്പിടിച്ച് ഇരുന്നു. അപ്പോള്‍ അതിനെക്കാള്‍ വിലപ്പെട്ടതായി ഈ ഭൂമിയില്‍ എനിക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല.

(തുടരും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.