വിശകലനം
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍നിന്ന് രാവിലെത്തന്നെ മടങ്ങിവന്നപ്പോള്‍ വേശുവമ്മ എന്തെങ്കിലും ചോദിക്കുമെന്നാണ് കരുതിയത്. സാധാരണയായി ഞാന്‍ മടങ്ങിയെത്തുമ്പോള്‍ ഇരുട്ടാറുണ്ടല്ലോ. പക്ഷേ, ഞാന്‍ നേരത്തേ മടങ്ങിവന്നത് അവര്‍ ഒട്ടും കാര്യമായി എടുത്തില്ല. അഥവാ അങ്ങനെ നടിച്ചു എന്നു പറയുകയാവും ശരി.
അല്ലെങ്കില്‍ വേശുവമ്മക്ക് ചോദിക്കാന്‍ ഒരുപാടുണ്ടായിരുന്നു. ഇന്നെന്താ ജോലിയില്ലേ? മുടക്കമാണെന്നറിഞ്ഞിരുന്നില്ലേ? അതോ ഇനിയും കുറച്ചുകഴിഞ്ഞാല്‍ വീണ്ടും പോകണോ?
ചോദിക്കാത്ത ചോദ്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കനം തൂങ്ങി.
‘‘ഞാനിതു വരെ വേശ്വമ്മയുടെ അത്താഴം മാത്രമല്ലേ കഴിച്ചിട്ടുള്ളൂ,’’ അന്തരീക്ഷം ലഘൂകരിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. ‘‘വേശ്വമ്മേ, എന്‍റെ ഉച്ചയൂണ് ഇന്ന് വേശ്വമ്മയുടെ കൂടെയാണ് കേട്ടോ.’’
അത് വേശുവമ്മയെ സന്തോഷിപ്പിച്ച് എന്നു തോന്നി. അവര്‍ മനസ്സു തുറന്ന് ചിരിച്ചു.
‘‘കാര്യമായ വിഭവങ്ങളൊന്നും ഉണ്ടാവില്ല കേട്ടോ,’’ വേശുവമ്മ പറഞ്ഞു. ‘‘എന്നാലും കഞ്ഞിയാവില്ല എന്നുറപ്പിച്ചോളൂ. അതിനുമുമ്പ് മോന് ഒരു കാപ്പി തരട്ടെ?’’
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലേക്കുള്ള പോക്കും വരവും കാരണം എന്തെങ്കിലും കുടിക്കണമെന്ന് എനിക്കും തോന്നിയിരുന്നു. കാപ്പി വേണമെന്നു ഞാന്‍ തലയാട്ടി.
കാപ്പി മാത്രമല്ല; കടിക്കാന്‍ ഒരു ചെറുകിണ്ണത്തില്‍ രണ്ടു ചുറ്റ് മുറുക്കുമുണ്ടായിരുന്നു.
‘‘വേശ്വമ്മ ഉണ്ടാക്കിയതാണോ?’’ ഞാന്‍ ചോദിച്ചു.
അവര്‍ അതെ എന്നു തലയാട്ടി.
‘‘ഒരുകാലത്ത് ഉണ്ടാക്കാത്ത പലഹാരങ്ങളൊന്നുമുണ്ടായിരുന്നില്ല,’’ വേശുവമ്മ പറഞ്ഞു. ‘‘അമ്മ എല്ലാം പഠിപ്പിച്ചുതന്നിരുന്നു. അതു കൊണ്ടുനടന്ന് വില്‍ക്കുന്ന പണിയും എന്‍റെയായിരുന്നു. അങ്ങനെയാണ് വീട്ടിലെ ചെലവുകള്‍ നടത്തിപ്പോന്നിരുന്നത്.’’
മുറുക്കിന് പേരു പോലെത്തന്നെ നല്ല മുറുക്കവുമുണ്ടായിരുന്നു. കാപ്പിയും ഒന്നാന്തരം.
‘‘ഇത്ര നന്നായി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ വേശ്വമ്മയ്ക്ക് ഹോട്ടല്‍ നടത്തിക്കൂടെ?’’
ചോദിക്കാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. ചിന്ത അറിയാതെ വാക്കുകളായി പുറത്തുവന്നതാണ്.
‘‘ചായക്കട നടത്തിയതുകൊണ്ടൊന്നും ഒരു മെച്ചവുമില്ല മോനേ,’’ വേശുവമ്മ പറഞ്ഞു. ‘‘വലിയച്ഛന്‍ അമ്മക്ക് ശമ്പളമായി ഒന്നും കൊടുത്തിരുന്നില്ലെന്നു പറഞ്ഞില്ലേ ഞാന്‍? അതിന് ഒരു കാരണവുമുണ്ടായിരുന്നു എന്ന് എനിക്കു പിന്നീടാണ് മനസ്സിലായത്. കടയില്‍ അധികവും പറ്റുകാരായിരുന്നു. വലിയച്ഛന്‍ വലിയ കടത്തിലാണ് മരിച്ചത്. പിന്നെ അതു വീട്ടിയത് വലിയമ്മയും അമ്മയും കൂടിയാണ്. രണ്ടു പേരും കുറെക്കൂടി കര്‍ശനമായി കാര്യങ്ങള്‍ നോക്കി. അതുകൊണ്ട് വലിയമ്മക്ക് കടത്തില്‍ കിടന്ന് മരിക്കേണ്ടിവന്നില്ല. എന്നാലും വലിയമ്മ മരിച്ചതോടെ അമ്മ ഹോട്ടല്‍ മുഴുവനായി അടച്ചു.’’
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കാര്‍ത്തികേയന്‍ സാറിനെ കാണാത്തതുകൊണ്ട് നോവലിന്‍റെ പണി ഒന്നുമില്ല. ഉച്ചയൂണുവരെ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടണമല്ലോ. ഏതെങ്കിലും പുസ്തകം കൈയിലെടുക്കാതിരുന്നത് ബുദ്ധിമോശമായിപ്പോയി.
പിന്നെ തോന്നി. ഫേസ്ബുക്ക് ഉണ്ടല്ലോ. ഇപ്പോള്‍ അധികം പേരും വായിക്കുന്ന പുസ്തകം അതാണല്ലോ! ഒരുമാസം മുമ്പ് അതു തുറന്ന് ‘‘റിസീവര്‍ എന്നാല്‍ മുകളില്‍നിന്നുള്ള എല്ലാ ആജ്ഞകളും മുന്‍പിന്‍ നോക്കാതെ അനുസരിക്കേണ്ട ആളാണ്. അക്ഷരാർഥത്തില്‍ എല്ലാം സ്വീകരിക്കുന്ന ആള്‍. പഞ്ചേന്ദ്രിയങ്ങളില്‍ അയാള്‍ക്ക് കാതുകള്‍ മാത്രമേ ആവശ്യമുള്ളൂ’’ എന്ന പോസ്റ്റിട്ടതിനുശേഷം ആ വഴിക്കു പോയിട്ടില്ല.
ആ പോസ്റ്റിനുള്ള പ്രതികരണങ്ങളൊക്കെ നിലച്ചുപോയിരുന്നു. എന്നാലും അടച്ചില്ല. താഴെത്താഴെയായി നിരവധി പോസ്റ്റുകള്‍ കിടപ്പുണ്ട്. കുറച്ചുനേരം അതിലൂടെ കണ്ണോടിച്ചു. അവസാനത്തെ പുറം എന്ന ഒന്നില്ലാത്ത പുസ്തകമാണല്ലോ ഫേസ്ബുക്ക്.
ഫേസ്ബുക്കിന്‍റെ ആവശ്യമൊക്കെ ഇപ്പോഴാണ് മനസ്സിലാവുന്നത്. പ്രത്യേകിച്ച് ഒരു പണിയുമില്ലെങ്കില്‍ ഇത്രമാത്രം ഉപകാരമുള്ള ഒരു സോഷ്യല്‍ പ്ലാറ്റ്ഫോം വേറെയില്ല. തുറന്നുവെച്ചാല്‍ സമയമങ്ങനെ പൊയ്ക്കോളും.
ഒരു സമയത്ത് ഞാന്‍ ഇതിന്‍റെ മുന്നില്‍ കുറേ സമയം ചെലവഴിക്കാറുള്ളതാണ്. എന്നാല്‍, കുറച്ചുകാലമായി ഞാന്‍ ഫേസ്ബുക്കില്‍ തീരെ സജീവമല്ല. കൂട്ടുകാരൊക്കെ ഇപ്പോഴും കൃത്യമായി ഹാജരുണ്ട്. ഞാന്‍ മാത്രമാണ് വിട്ടുനില്‍ക്കുന്നത്. വെറുതെ ഒരു പോസ്റ്റ് കൂടിയിട്ട് സാന്നിധ്യം ഉറപ്പിച്ചുകളയാം.
‘‘ജീവിതത്തില്‍ സജീവമായി നില്‍ക്കുന്ന ഒരാള്‍ ഒരു ദിവസം പെട്ടെന്ന് ഒരു കാരണവുമില്ലാതെ അപ്രത്യക്ഷമായാല്‍ അയാളെ കണ്ടുപിടിക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?’’
ആ പോസ്റ്റിട്ടപ്പോഴാണ് അതിന് അപ്പോള്‍വരെ തോന്നാത്ത ഒരു സാംഗത്യം എനിക്കു തോന്നിയത്. കാര്‍ത്തികേയന്‍ സാറിന്‍റെ തിരോധാനമായിരുന്നുവോ എന്‍റെ മനസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നത്? പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ എഴുതിപ്പോയ വാചകമായിരുന്നു അത്.
മറ്റുള്ളവരുടെ പോസ്റ്റുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ എന്‍റെ പോസ്റ്റിനുള്ള പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. അധികമാളുകളും അത് ഫേസ്ബുക്കില്‍നിന്നുള്ള എന്‍റെ തിരോധാനമായിട്ടാണ് കണ്ടത്.
‘‘ഒന്നും ചെയ്തില്ലെങ്കിലും തരക്കേടൊന്നുമില്ല; ചിലര്‍ ഇങ്ങനെ അകാരണമായി പൊന്തിവരുകയും ചെയ്യുമല്ലോ.’’
‘‘അധികം അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല; ഫേസ്ബുക്കിനപ്പുറത്തും ലോകമുണ്ടല്ലോ.’’
‘‘നല്ല കാര്യമാണ്. തിരോധാനത്തിനു ശേഷം ഇങ്ങനെ അപ്രതീക്ഷിതമായ തിരിച്ചുവരവ് കൂടുതല്‍ സന്തോഷമുണ്ടാക്കും.’’
പ്രതികരണങ്ങള്‍ അങ്ങനെ വന്നുകൊണ്ടിരുന്നു. ലൈക്കും സൂപ്പര്‍ ലൈക്കും സ്മൈലിയുമൊക്കെയായി പുറമെയും. കുറച്ചുകാലം വിട്ടുനിന്നുവെങ്കിലും ആരും എന്നെ മറന്നിട്ടില്ല എന്നു മനസ്സിലായി.
ആദ്യത്തെ കുറച്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പതിവുപോലെ പ്രതികരണങ്ങളുടെ ഒഴുക്ക് മന്ദഗതിയിലായി. മറ്റുള്ളവരുടെ കുറേ പോസ്റ്റുകളിലൂടെ പിന്നെയും കടന്നുപോയി. തുടക്കത്തില്‍ ഒരു ഉന്മേഷമൊക്കെ തോന്നിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കു മടുപ്പുവന്നു.
ഈയിടെയായി ഫേസ്ബുക്കില്‍ അധികവും പുതിയ പുസ്തകങ്ങളുടെ അറിയിപ്പുകളാണ്. ഇറങ്ങാന്‍ പോവുന്ന പുസ്തകത്തിന്‍റെ പുറംചട്ടയുടെ പ്രകാശനം, പുസ്തകമിറങ്ങുമ്പോള്‍ നടക്കുന്ന പ്രകാശനത്തിന്‍റെ അറിയിപ്പുകള്‍, റിപ്പോര്‍ട്ടുകള്‍, പുസ്തകമിറങ്ങിയാല്‍ അതിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കൂട്ടുകാരുടെ പോസ്റ്റുകള്‍... ഫേസ്ബുക്ക് മറ്റെന്തിനേക്കാളും വലിയൊരു പുസ്തകച്ചന്തയാണ് എന്നുപറയണം. പുസ്തകങ്ങളെപ്പറ്റി ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള റീലുകള്‍ ഇടുന്നതാണത്രേ ഏറ്റവും പുതിയ ട്രെന്‍റ്. അതുവഴി ഒന്നോ രണ്ടോ പുസ്തകങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതുകൊണ്ടാണ് എല്ലാവരും ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിട്ടുള്ളത്.
ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണ്. അത്രയേറെ പുസ്തകങ്ങളാണ് ഇന്ന് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ശ്രദ്ധ കിട്ടണമെങ്കില്‍ ഉറക്കെ കൂവിയേ തീരൂ. ഏറ്റവും ഉച്ചത്തില്‍ കൂവുന്നവരെയേ കേള്‍ക്കൂ. അതുകൊണ്ട് ഈ ആര്‍പ്പുവിളികള്‍ പലപ്പോഴും ആര്‍ത്തനാദങ്ങള്‍ പോലെയായിത്തീരുന്നുമുണ്ട്.
ഒരു കൗതുകം തോന്നി. ഈ കൂട്ടനിലവിളിയില്‍ ജനപ്രിയ സാഹിത്യകാരന്മാരുണ്ടോ? അവരുടെ പുസ്തകങ്ങളുണ്ടോ?
ഒന്നു പരതിനോക്കിയെങ്കിലും അങ്ങനെ ഒരു പോസ്റ്റും കണ്ടെത്തിയില്ല. അപ്പോഴാണ് മറ്റൊരു കൗതുകം തോന്നിയത്: കലയൂര്‍ കാര്‍ത്തികേയന്‍ ഫേസ്ബുക്കില്‍ ഉണ്ടാവുമോ? ഒട്ടും സാധ്യതയില്ലാത്തതാണ് എന്ന് ഉറപ്പുണ്ടായിട്ടും ഞാന്‍ ഒരു തമാശക്കുവേണ്ടി ആ പേര് തിരച്ചിലിനിട്ടു.
കുറേ കാര്‍ത്തികേയന്മാരെ നിർദേശിച്ചുകൊണ്ട് ഫലങ്ങള്‍ വന്നു. ഏതായാലും അതില്‍ കലയൂര്‍ കാര്‍ത്തികേയന്‍ ഇല്ല. കാര്‍ത്തികേയന്‍ സാറിന് ഇത്തരം നൂതനസങ്കേതങ്ങളെപ്പറ്റിയൊന്നും ധാരണയുണ്ടാവാന്‍ ഒരു വഴിയുമില്ല.
സാറിന്‍റെ കൂട്ടുകാരനായ കോതച്ചിറ കുമാരനെയും കാണാനില്ല.
അപ്പോള്‍ മറ്റൊരു പേര് തിരഞ്ഞു: ‘കയ്പമംഗലം കരുണാകരന്‍.’
ഒട്ടും താമസമുണ്ടായില്ല. മറ്റു കുറേ കരുണാകരന്മാരോടൊപ്പം കയ്പമംഗലം കരുണാകരനും സ്ക്രീനില്‍ തെളിഞ്ഞു.
അദ്ദേഹത്തിന്‍റെ DP പക്ഷേ വളരെ ചെറുപ്പത്തിലെയാണ്. ഈയിടെ ‘ശാരിക’യില്‍ കണ്ട ഫോട്ടോയുമായി അതിന് ഒരു താരതമ്യവും ഉണ്ടായിരുന്നില്ല.
കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളുടെ വിവരവും കൂട്ടുകാരുടെ പ്രൊഫൈലുകളും കണ്ടെത്തി.
അത് മറ്റൊരു ഗ്രൂപ്പിലേക്കുള്ള പ്രവേശനം കൂടിയായത് യാദൃച്ഛികമായാണ്. ‘ജനപ്രിയസാഹിത്യം’ എന്ന ഒരു ഗ്രൂപ്പിലേക്ക് അത് എന്നെ നയിച്ചു.
ഒറ്റനോട്ടത്തില്‍ കുറെയേറെ പോസ്റ്റുകള്‍ കണ്ടു. ഒപ്പം കുറേ എഴുത്തുകാരുടെയും അവരുടെ രചനകളുടെയുമൊക്കെ വിവരങ്ങളും. നിരവധി പുസ്തകങ്ങളുടെ പുറംചട്ടകളും അവ പ്രസിദ്ധീകരിക്കുമ്പോള്‍ വാരികകളില്‍ വന്നിരുന്ന പേജുകളുടെ സ്ക്രീന്‍ ഷോട്ടുകളും.
അതിലുമധികം രസം തോന്നിയത് വാരികകളുടെ പുറംചട്ടകള്‍ കണ്ടപ്പോഴാണ്. പലപ്പോഴായി ഇറങ്ങുകയും പൂട്ടിപ്പോവുകയും ബാക്കിയാവുകയും ചെയ്ത വാരികകള്‍. ഒരറിവിനുവേണ്ടി അവയുടെ പേരുകള്‍ എക്സലില്‍ രേഖപ്പെടുത്തി നോക്കി: 44 എണ്ണം!
ഈ ശ്രേണിയില്‍ ഇത്രയധികം വാരികകള്‍ ഉണ്ടായിട്ടുണ്ട് എന്നത് തികച്ചും പുതിയ അറിവായിരുന്നു. അവയില്‍ ഇപ്പോള്‍ ബാക്കിനില്‍ക്കുന്നതോ വെറും രണ്ടേ രണ്ടെണ്ണം: ‘ശാരിക’യും ‘മനോമയ’വും.
കൂടുതല്‍ പോസ്റ്റുകളിലൂടെ കടന്നുപോയപ്പോള്‍ വീണ്ടും അത്ഭുതപ്പെട്ടുപോയി: ഞാന്‍ പേരുപോലും കേള്‍ക്കാത്ത എത്രയെത്ര എഴുത്തുകാര്‍! അവരെഴുതിയ എത്രയെത്ര നോവലുകള്‍! ഒരു കാലത്ത് ധാരാളം വായിക്കപ്പെട്ട സാഹിത്യം!
മലയാള സാഹിത്യഭൂപടത്തില്‍ ഇവ ഏതുനിലയിലാവും വിലയിരുത്തപ്പെടുക? ഈ എഴുത്തുകാര്‍ ഏതു കളങ്ങളിലാണ് പ്രതിഷ്ഠിക്കപ്പെടുക? ഈ വാരികകളുടെ ശേഖരം സൂക്ഷിക്കാന്‍ എത്ര വലിയ അലമാരകള്‍ പണിയേണ്ടിവരും?
കൂട്ടത്തില്‍ അന്വേഷണങ്ങളുമുണ്ട്. വായിച്ചുമറന്ന നോവലിലെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്‍റെ പേരുപറഞ്ഞ് നോവലിന്‍റെ പേര് അന്വേഷിക്കുന്നത്, പുസ്തകത്തിന്‍റെ പേരുപറഞ്ഞ് നോവലിസ്റ്റ് ആരാണെന്നു ചോദിക്കുന്നത്, ഏതെങ്കിലും പുസ്തകം ഇപ്പോള്‍ കിട്ടാനുണ്ടോ എന്ന് ആരായുന്നത്... അങ്ങനെ പലതും. ചില നോവലുകളിലൂടെ കടന്നുപോയ കാലത്തെ മധുരമായി ഓര്‍ത്തെടുക്കുന്ന ധാരാളം പോസ്റ്റുകളും പ്രതികരണങ്ങളുമുണ്ട്.
ജനപ്രിയ സാഹിത്യം എന്ന ജനുസ്സിൽപെട്ട വാരികകളുടെയും അവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട എണ്ണമറ്റ നോവലുകളുടെയും അവയുടെ രചയിതാക്കളുടെയും വലിയ ഒരു ഡാറ്റാബേസ് ആണ് ഈ ഗ്രൂപ്പ് എന്നു മനസ്സിലായി.
അതുതന്നെ ‘ജനപ്രിയ വായന’ എന്ന മറ്റൊരു ഗ്രൂപ്പിലേക്കും എന്നെഎത്തിച്ചു. പ്രതിപാദ്യത്തില്‍ ഏറക്കുറെ സമാനസ്വഭാവമുള്ളതാണ് ഈ ഗ്രൂപ്പ്. രണ്ടു ഗ്രൂപ്പുകളും ഇപ്പോള്‍ അത്രയൊന്നും സജീവമല്ല എന്നാണ് എനിക്കു തോന്നിയത്. ഒരു കാലത്ത് വളരെയേറെ പേര്‍ കയറിയിറങ്ങിയിരുന്ന ഇടമാണ് എന്നും പഴയ പോസ്റ്റുകളിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലായി.
ജനപ്രിയ വായന ഇപ്പോള്‍ അത്ര ജനപ്രിയമല്ല എന്നാണോ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്? എങ്കില്‍ അതിന്‍റെ കാര്യകാരണങ്ങള്‍കൂടി ഇതിലൂടെ അറിയാനാവും എന്നു പ്രതീക്ഷിച്ചത് വെറുതെയായി. കാര്യമായ ഒരു ചിന്തയും അന്വേഷണവുമൊന്നും ആരും ഇതുവരെ നടത്തിക്കാണുന്നില്ല.
ഫേസ്ബുക്കും ലാപ്ടോപ്പും അടച്ചുവെച്ച് കുറച്ചുനേരം വെറുതെയിരുന്നു. കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ സജീവമായി ഇരിക്കേണ്ട സമയമാണ് ഇത്. ആരും താമസമില്ലാത്ത വീട്ടിലായിരുന്നെങ്കില്‍ ഇറയത്തുചെന്ന് പുറത്തേക്കുനോക്കി വെറുതെയിരിക്കാമായിരുന്നു. ഇവിടെ വേശുവമ്മയുടെ നിരീക്ഷണത്തിലാണല്ലോ ഞാന്‍. ഒന്നും ചെയ്യാതെ ഇരിക്കുന്നത് വേശുവമ്മയില്‍ സംശയങ്ങളുണ്ടാക്കും.
കാര്യമായി ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും വേശുവമ്മ ഒരുക്കിയ ഉച്ചയൂണ് വിഭവസമൃദ്ധമായിരുന്നു. കാളനും സാമ്പാറും പയറു തോരനും ഉള്ളിത്തീയലും. കടുമാങ്ങയും കാച്ചിയ പപ്പടവും. ഇതെല്ലാം എത്ര പെട്ടെന്നാണ് വേശുവമ്മ ഒരുക്കിയത്! എനിക്ക് അത്ഭുതം തോന്നി.
‘‘ഞാന്‍ ഇവിടെ സ്ഥിരതാമസമാക്കിയാലോ വേശ്വമ്മേ?’’ ഞാന്‍ ചോദിച്ചു.
‘‘എന്നാലും ഉച്ചയൂണു കഴിക്കാന്‍ മോനുണ്ടാവില്ലല്ലോ,’’ വേശുവമ്മ ചിരിച്ചു. ‘‘പ്രാതലു കഴിഞ്ഞാല്‍ വാലിനു തീ പിടിച്ചപോലെ ഓടിപ്പോവണ്ടേ ജോലിക്ക്?’’
ജോലി എന്ന വാക്ക് അവര്‍ ഉച്ചരിച്ചത് ഒരു പ്രത്യേക ഈണത്തിലാണ് എന്ന് എനിക്കുതോന്നി. ഞാന്‍ ചെയ്യുന്നത് സാധാരണ മട്ടിലുള്ള ജോലിയല്ല എന്ന് സൂചിപ്പിക്കുന്നതാണോ? കേട്ടെഴുതാനാണ് ഞാന്‍ പോവുന്നതെന്ന് മനസ്സിലായിട്ടുണ്ട് എന്നാണോ?
അതോ ഇതെല്ലാം എനിക്കു വെറുതെ തോന്നുന്നതാണോ?
‘‘ഏതായാലും നാളെ ഇങ്ങനെ ഓടിപ്പോകണ്ട,’’ അവര്‍ തുടര്‍ന്നു. ‘‘മുടക്കമില്ല എന്ന് ഉറപ്പുവരുത്തിയിട്ടുമതി ഓട്ടം.’’
ഉച്ചക്ക് കിടന്ന് ഉറങ്ങിയിട്ടും വൈകുന്നേരം വെറുതെ പുറത്ത് നടന്നുവന്നിട്ടും സമയം ബാക്കി. നടന്നുവന്നത് കാര്‍ത്തികേയന്‍ സാര്‍ തിരിച്ചുവന്നിട്ടുണ്ടാവുമോ എന്നു നോക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. വീട് അടഞ്ഞുതന്നെ കിടക്കുകയാണ്. വല്ലാത്ത നിരാശ തോന്നി.
ഒരു വേള ഇങ്ങനെയൊരു ദൗത്യം എന്നെ ഏൽപിച്ച എഡിറ്ററോട് എനിക്ക് അരിശവും തോന്നി.
പിറ്റേന്ന് രാവിലെ കുറച്ചു നേരത്തേ ഇറങ്ങി. ഇന്നത്തെ നടത്തം കുറച്ചുകൂടി നീട്ടി കാര്‍ത്തികേയന്‍ സാറിന്‍റെ വീടുവരെയാക്കാം എന്നു തീരുമാനിച്ചു. രാത്രിയെങ്ങാന്‍ വൈകി വീട്ടില്‍ എത്തിയിട്ടുണ്ടെങ്കിലോ?
നടത്തം മാത്രമായി ഫലം. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.
എന്‍റെ സമയം പിഴച്ചതു കാരണം ദാമുവേട്ടനെ കണ്ടുമുട്ടിയത് അദ്ദേഹം ചന്ദ്രേട്ടന്‍റെ ചായക്കടയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ്. എന്നെ കണ്ടിട്ടുണ്ടാവില്ല എന്നുകരുതി കടന്നുപോവാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍നിന്ന് വിളി വന്നു.
‘‘ഇന്നും തിരക്കാണോ? ഇന്നലെയും തിരക്കിട്ട് ഓടിപ്പോയല്ലോ!’’
നില്‍ക്കുകയല്ലാതെ എനിക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
‘‘ആരെയോ തിരഞ്ഞ് ഓടുന്നതുപോലെയുണ്ടല്ലോ,’’ ദാമുവേട്ടന്‍ ചിരിച്ചു. ‘‘ആരെയെങ്കിലും കാണാതായിട്ടുണ്ടോ?’’
ദാമുവേട്ടന്‍ എന്തുദ്ദേശിച്ചിട്ടാണ് അതു പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. കാര്‍ത്തികേയന്‍ സാര്‍ അപ്രത്യക്ഷമായത് അദ്ദേഹം അറിഞ്ഞിട്ടുണ്ടോ? ഇതിനു മുമ്പ് ഞാന്‍ കേട്ടെഴുത്തുകാരനാണ് എന്നു മനസ്സിലാക്കിയതും എങ്ങനെയാണ്? കാര്‍ത്തികേയന്‍ സാറും ദാമുവേട്ടനും തമ്മില്‍ നിരന്തരസമ്പര്‍ക്കമുണ്ടെന്നാണോ? ഞാന്‍ അല്‍പം അമ്പരപ്പോടെ ദാമുവേട്ടനെ നോക്കി.
‘‘ഹേയ്, അങ്ങനെയൊന്നുമില്ല.’’ ഞാന്‍ വെറുതെ ഒന്നു ചിരിച്ചുകാണിച്ചു.
‘‘അല്ല, അങ്ങനെ വല്ലതുമുണ്ടെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം,’’ ദാമുവേട്ടന്‍ പറഞ്ഞു. ‘‘എല്ലാത്തിനും ഒരു മറുമരുന്നുണ്ടല്ലോ. ചന്ദ്രേട്ടന്‍റെ ചായ!’’
‘‘എനിക്കു ചായ വേണ്ട.’’
‘‘ഒരു നിർബന്ധവുമില്ല. എന്നാലും എന്‍റെ കൂടെ ചന്ദ്രേട്ടന്‍റെ കടയിലേയ്ക്ക് ഒന്നു വന്നുകൂടെ? നമുക്ക് എന്തെങ്കിലുമൊക്കെ മിണ്ടാമല്ലോ.’’
ചന്ദ്രേട്ടന്‍റെ കടയില്‍ കയറില്ല എന്ന എന്‍റെ മുന്‍തീരുമാനത്തിന് എതിരായി ഞാന്‍ ദാമുവേട്ടന്‍റെ ഒപ്പം ചെന്നു. ഞാന്‍ ദാമുവേട്ടന്‍റെ ഒപ്പം ചായ കുടിക്കാനെത്തിയത് ചന്ദ്രേട്ടന് കൗതുകമുളവാക്കിയിട്ടുണ്ടാവണം.
‘‘സാറ് പതിവില്ലാതെ!’’ ഞങ്ങളുടെ നേരെ വന്ന് അയാള്‍ പറഞ്ഞു.
ചായക്കടയില്‍ രാവിലത്തെ തിരക്കുണ്ട്. എല്ലാവരും എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് എനിക്കു തോന്നി. ചന്ദ്രേട്ടന്‍റെ മുന്നില്‍ വെച്ച് ദാമുവേട്ടന്‍ കാര്‍ത്തികേയന്‍ സാറിനെപ്പറ്റിയൊക്കെ ചോദിക്കുകയോ പറയുകയോ ചെയ്താല്‍ ഇതുവരെ ഞാന്‍ കാത്തുസൂക്ഷിച്ച രഹസ്യങ്ങളൊക്കെ പുറത്താവും. ഞാന്‍ ചന്ദ്രേട്ടന്‍റെ മുഖത്തു നോക്കിയില്ല. മാത്രമല്ല, ചായക്കടയിലിരിക്കുന്ന ആരുടെയും മുഖത്ത് കണ്ണു ചെല്ലാതിരിക്കാന്‍ ശ്രദ്ധിച്ച് നിലത്തു കണ്ണുനട്ട് മുഖം കുനിച്ചിരുന്നു. എന്നിട്ടും എല്ലാവരുടെയും കണ്ണുകള്‍ എന്‍റെ മേല്‍ വന്നു പതിക്കുന്നതായി എനിക്കനുഭവപ്പെട്ടു.
‘‘കടുപ്പം കൂടിയ രണ്ടു ചായ. ഒന്നില്‍ മധുരം വേണ്ട.’’
വേണ്ടെന്നു പറഞ്ഞിട്ടും ദാമുവേട്ടന്‍ എനിക്കുവേണ്ടി ചായ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ലെങ്കിലും ഞാന്‍ ഒന്നും മിണ്ടിയില്ല.
മിണ്ടാനാണ് കൂട്ടിക്കൊണ്ടുപോവുന്നത് എന്നു പറഞ്ഞുവെങ്കിലും ചായ വരുന്നതുവരെയും ചായ കുടിക്കുമ്പോഴും ദാമുവേട്ടന്‍ ഒരക്ഷരം ഉച്ചരിച്ചില്ല. അതെനിക്ക് അല്‍പം ആശ്വാസമുണ്ടാക്കി. കാര്‍ത്തികേയന്‍ സാറിന്‍റെ തിരോധാനം ചായക്കടയില്‍ ഒരു സംസാര വിഷയമായില്ലല്ലോ.
ഞാന്‍ പണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ദാമുവേട്ടന്‍ തടഞ്ഞു.
‘‘നോ നോ! ഇന്ന് എഴുത്തുകാരന്‍ എന്‍റെ അതിഥിയാണ്.’’
പണം കൊടുത്ത് ഞങ്ങള്‍ ചായക്കടയില്‍നിന്നിറങ്ങി. ദാമുവേട്ടന്‍ എന്‍റെ ചുമലില്‍ കൈവെച്ചു.
‘‘എഴുത്തുകാരനെ എന്തൊക്കെയോ അലട്ടുന്നുണ്ട് എന്നു മനസ്സിലായി. ചായ കുടിച്ചതുകൊണ്ട് അതു തീരുമെന്നു വെച്ചിട്ടല്ല. എന്നാലും തന്‍റെ കൂടെ കുറച്ചുനേരം ഇരിക്കണമെന്നു തോന്നി. അതാണ് ഞാന്‍ വിളിച്ചത്. പക്ഷേ അവിടെ വെച്ച് ഒന്നും സംസാരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചില്ല. നമുക്ക് വേറെ എവിടെയെങ്കിലും പോയി കുറച്ചുനേരം ഇരിക്കാം.’’
ദാമുവേട്ടന്‍ നടത്തം തുടങ്ങി. എനിക്ക് ഒപ്പം നടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
നടത്തം കലയൂര്‍പ്പുഴയുടെ തീരത്തെത്തും വരെ ദാമുവേട്ടന്‍ ഒന്നും സംസാരിച്ചില്ല. എനിക്കാണെങ്കില്‍ അദ്ദേഹത്തിന്‍റെ ഒപ്പമുള്ള നടത്തം ഇന്ന് തീര്‍ത്തും അസുഖകരമായിത്തോന്നി. കൂട്ടത്തില്‍ ഈ മൗനവും എന്നെ വീര്‍പ്പുമുട്ടിച്ചു.
പുഴക്കരയിലെ കാഞ്ഞിരത്തിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ദാമുവേട്ടന്‍ നടത്തം നിര്‍ത്തി. കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ ഒരിടം കണ്ടെത്തി ഞങ്ങളിരുന്നു.
ഇപ്പോള്‍ അതു ചോദിക്കാമെന്നു തന്നെ എനിക്കു തോന്നി. ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ?
‘‘ദാമുവേട്ടാ, കാര്‍ത്തികേയന്‍ സാര്‍ നാടുവിട്ടുപോയതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?’’
‘‘അതിന് അവന്‍ ഇപ്പോള്‍ ഇവിടെയില്ലേ?’’
അത് എന്നെ കളിയാക്കാന്‍ വേണ്ടിയാണെന്ന് ഊഹിച്ചുവെങ്കിലും പെട്ടെന്ന് തിരോഭവിച്ച കാര്‍ത്തികേയന്‍ സാറിനെ ഓര്‍ത്താണ് എന്‍റെ ബേജാറ് എന്ന് ദാമുവേട്ടന്‍ ധരിച്ചിട്ടുണ്ടോ എന്ന് ഞാന്‍ സംശയിച്ചു.
‘‘ഞാന്‍ പഴയ കഥയാണ് പറയുന്നത്. ബോംബേയ്ക്കു പോയ കാര്യം.’’
ദാമുവേട്ടന്‍ എന്‍റെ മുഖത്തു നോക്കി ചിരിച്ചു. എല്ലാം എനിക്കറിയാം എന്ന് പറയുന്ന ചിരിയായിരുന്നു അത്.
അപ്പോള്‍ ഞാന്‍ കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ കേട്ടെഴുതാന്‍ വന്നതാണ് എന്ന് ദാമുവേട്ടന്‍ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നല്ലേ? മറ്റു പലരില്‍നിന്നും എനിക്ക് എന്‍റെ ദൗത്യം രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും ദാമുവേട്ടനില്‍നിന്ന് അതു മറച്ചുവെക്കാന്‍ കഴിഞ്ഞില്ല എന്നല്ലേ?
എന്നാലും പൂർണമായി പിടികൊടുക്കേണ്ട സമയമായിട്ടില്ല.
അതേസമയം, ഈ അവസരം ‘ജമന്തിപ്പൂക്കളി’ലെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ ദാമുവേട്ടനെ ഉപയോഗിച്ചെങ്കിലോ എന്ന ഒരു തോന്നലുമുണ്ടായി.
ജമന്തിയുടെ വീട്ടില്‍ ദാമുവേട്ടന്‍ ഉണ്ടായിരുന്നു എന്നത് കാര്‍ത്തികേയന്‍ സാറിന്‍റെ വെറും സംശയം മാത്രമായിരുന്നുവോ? അതോ ദാമുവേട്ടന്‍ തന്നെയായിരുന്നുവോ അപ്പോള്‍ അകത്ത് ഉണ്ടായിരുന്നത്? ആ കൈയെഴുത്തു മാസിക അവസാനിപ്പിച്ചതിന്‍റെ പിന്നില്‍ എന്തായിരുന്നു യാഥാർഥ്യം? എല്ലാം ചോദിക്കണമെന്നുണ്ട്.
അതേസമയം, ദാമുവേട്ടന്‍ സത്യം പറയുമോ എന്ന കാര്യത്തില്‍ എനിക്കു സംശയവുമുണ്ടായിരുന്നു.
‘‘ദാമുവേട്ടന്‍ എന്‍റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല,’’ ഞാന്‍ ഓർമിപ്പിച്ചു.
ദാമുവേട്ടന്‍ എന്‍റെ മുഖത്തേക്ക് കുറച്ചുനേരം തറപ്പിച്ചുനോക്കി.
‘‘നാടുവിട്ടു പോവുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം!’’
അത് ഒരൊഴിഞ്ഞുമാറലാണ്. അങ്ങനെ വിട്ടുകൊടുക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല.
‘‘എന്നാല്‍, ഒരുകാര്യംകൂടി ചോദിച്ചോട്ടെ? ആ നോവലിന് എന്തുസംഭവിച്ചു? ദാമുവേട്ടന്‍ എന്തുകൊണ്ടാണ് അതു തിരിച്ചുകൊടുക്കാതിരുന്നത്?’’
ദാമുവേട്ടന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
‘‘കഥയാണ് കവിതയാണ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറരുത് ദാമുവേട്ടാ. ആ കയ്യെഴുത്തു മാസികക്ക് എന്തു സംഭവിച്ചുവെന്നും എനിക്കറിയണമെന്നുണ്ട്. പറഞ്ഞു തരാമോ?’’
‘‘കഴിഞ്ഞോ? അതോ ഇനിയും ചോദ്യങ്ങള്‍ ബാക്കിയുണ്ടോ?’’ ദാമുവേട്ടന്‍ ചിരിച്ചു.
‘‘ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടട്ടെ ആദ്യം,’’ ഞാനും ചിരിച്ചു.
‘‘ഉത്തരങ്ങള്‍ എല്ലാം കൂടിക്കുഴഞ്ഞുകിടക്കുകയാണ്,’’ ദാമുവേട്ടന്‍ പറഞ്ഞു. ‘‘ഞാന്‍ പറയുന്നതൊന്നും ആരും വിശ്വസിച്ചുവെന്നു വരില്ല. കാര്‍ത്തികേയനും വിശ്വസിച്ചില്ലല്ലോ. പിന്നെ ഞാനെന്തിനു പറയണം?’’
‘‘എന്നാലും പറയണം. കഥയില്‍ ജമന്തി കാര്‍ത്തികേയനെ തിരസ്കരിച്ചുവെന്നു പറയുന്നുണ്ട്. അതിന് ദാമുവേട്ടനായിരുന്നുവോ കാരണം? ജമന്തിയെ കൂട്ടിക്കൊണ്ടുപോവാന്‍ കാര്‍ത്തികേയന്‍ അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ ദാമുവേട്ടന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നുവോ? അതോ അതെല്ലാം കാര്‍ത്തികേയന്‍റെ വെറും തോന്നലായിരുന്നുവോ?’’
‘‘പലതും അവന്‍റെ വെറും തോന്നലായിരുന്നു എഴുത്തുകാരാ,’’ കുറച്ചു നേരത്തെ മൗനത്തിനുശേഷം ദാമുവേട്ടന്‍ പറഞ്ഞു. ‘‘ജമന്തി അവനെ പ്രേമിച്ചിരുന്നു എന്നതുപോലും. അവന് ഭാവന കുറേ കൂടുതലായിരുന്നു. അതിന്‍റെ പ്രശ്നമാണ്.’’
‘‘അപ്പോള്‍ കാര്‍ത്തികേയന്‍ ജമന്തിയുടെ വീട്ടില്‍ ചെന്നതും അവളുടെ വീട്ടില്‍നിന്ന് ദാമുവിന്‍റെ ശബ്ദം കേട്ടതും... എല്ലാം?’’
‘‘എന്തൊക്കെയാണ് അവന്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഏതായാലും അതു മുഴുവനും അവന്‍റെ ഭാവനയായിരുന്നുവെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ജമന്തിക്ക് ഇഷ്ടം അവനോടു മാത്രമായിരുന്നു എന്ന് അവന്‍ ധരിച്ചതു തെറ്റായിരുന്നു. അവള്‍ക്ക് പലരെയും ഇഷ്ടമായിരുന്നു; എന്നെയും ഇഷ്ടമായിരുന്നു. എന്നു മാത്രമല്ല എന്നോടായിരുന്നു ഇഷ്ടം. കാര്‍ത്തികേയന്‍റെ വീട്ടില്‍ അവള്‍ ചെന്നിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷേ പലവട്ടം എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ അവളുടെ വീട്ടിലും പോയിട്ടുണ്ട്.’’
‘‘എന്നിട്ട്? ജമന്തി ആരെയാണ് വിവാഹം കഴിച്ചത്?’’
‘‘എന്താ ചോദിച്ചത്?’’
ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
‘‘കാര്‍ത്തികേയന്‍ ജമന്തിയെ പ്രേമിച്ചു; ജമന്തി ദാമുവിനെ പ്രേമിച്ചു; പക്ഷേ അവള്‍ മറ്റൊരാളെ വിവാഹം കഴിച്ചു! എന്തു വിചിത്രമാണല്ലേ ലോകം!’’
ദാമുവേട്ടന്‍ ആവശ്യത്തിലധികം ഉച്ചത്തില്‍ ചിരിച്ചു.
ഇനിയും പൂരിപ്പിക്കാനുണ്ടല്ലോ ദാമുവേട്ടാ. കാര്‍ത്തികേയന്‍ സാര്‍ ലീലാവതിയെ വിവാഹം കഴിച്ചു; ദാമുവേട്ടന്‍ ആരെ വിവാഹം കഴിച്ചു?’’
‘‘അതെല്ലാം വളരെ പഴയ കഥകളാണ്. ഞാന്‍തന്നെ വീണ്ടും ഓർമിക്കാന്‍ ഇഷ്ടപ്പെടാത്ത കഥകള്‍. നമുക്ക് വേറെ വല്ലതും സംസാരിക്കാം. അല്ലെങ്കിലും വിവാഹങ്ങള്‍ മാത്രമല്ലല്ലോ ജീവിതം!’’
‘‘അതു തെറ്റ്. ജനപ്രിയ വാരികകളില്‍ വിവാഹമാണ് ഏറ്റവും പ്രധാനം. അതില്ലാതെ നമുക്ക് നോവല്‍ അവസാനിപ്പിക്കാനാവില്ല ദാമുവേട്ടാ.’’
‘‘ചിലത് എഴുത്തുകാര്‍ക്കു തന്നെ പൂരിപ്പിക്കേണ്ടിവരും. അതിനല്ലേ ഭാവനാശാലികളായ നിങ്ങളുടെ കയ്യില്‍ ദൈവം പേന നല്‍കിയിരിക്കുന്നത്!’’
ദാമുവേട്ടന്‍ എഴുന്നേറ്റു.
‘‘എനിക്കിത്രയൊക്കെയേ പറയാനുള്ളൂ,’’ ഒപ്പം എഴുന്നേറ്റ എന്‍റെ തോളില്‍ തട്ടി ദാമുവേട്ടന്‍ തുടര്‍ന്നു. ‘‘നമ്മളിനി നേരില്‍ കണ്ടില്ലെങ്കിലും ഞാന്‍ തന്‍റെ കൂടെയുണ്ടെന്ന് ഉറപ്പിച്ചോളൂ. തനിക്കു നല്ലതു വരട്ടെ.’’
അത് ഒരു യാത്ര പറച്ചിലാണെന്നു മനസ്സിലാക്കാന്‍ വിഷമമൊന്നുമുണ്ടായിരുന്നില്ല. ദാമുവേട്ടന്‍റെ പക്കല്‍നിന്ന് ഇനി ഒന്നും ചോര്‍ന്നുകിട്ടില്ല എന്ന് എനിക്കുറപ്പായി.
ദാമുവേട്ടന്‍ തിരിഞ്ഞു നോക്കാതെ നടന്നു. കാലുകള്‍ അകത്തിയുള്ള നടപ്പ്.
ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്? തിരിച്ച് താമസസ്ഥലത്തെത്തിയിട്ട് ഒരു പകല്‍കൂടി ഇങ്ങനെ കഴിച്ചുകൂട്ടുകയോ? ഇന്നലത്തെ ദിവസം തന്നെ വളരെ ബുദ്ധിമുട്ടിയാണ് തീര്‍ത്തത്. കാര്‍ത്തികേയൻ സാര്‍ തിരിച്ചുവന്നിട്ടില്ലെന്നു പറയാന്‍ ഇന്നലെ എഡിറ്ററെ വിളിച്ചുവെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. എന്‍റെ വിളി കണ്ടിട്ടും തിരിച്ചുവിളിച്ചതുമില്ല. ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കില്‍ ദിവസത്തില്‍ ആറോ ഏഴോ വട്ടം വിളിക്കാറുള്ള ആളാണ്.
വേശുവമ്മയുടെ വീട്ടിലെത്തുന്നതിനു മുമ്പുതന്നെ ഞാന്‍ എഡിറ്ററെ വിളിച്ചു.
‘‘എന്താണിത്ര നേരത്തെ?’’ എഡിറ്റര്‍ ഫോണെടുത്തു. സാധാരണയായി ഞാന്‍ അങ്ങോട്ടു ചോദിക്കണമെന്നു വിചാരിക്കാറുള്ള ചോദ്യമാണ്.
കാര്‍ത്തികേയന്‍ സാര്‍ രണ്ടു ദിവസമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം അല്‍പം വിശദമായിത്തന്നെ ഞാന്‍ അറിയിച്ചു. എഡിറ്റര്‍ എല്ലാം ശാന്തമായി കേട്ടു.
‘‘ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്?’’ ഞാന്‍ ചോദിച്ചു. ‘‘മാവേലിക്കരയില്‍ പോയി അന്വേഷിക്കണോ?’’
‘‘താന്‍ ഒരു കരയിലും പോകണ്ട,’’ എഡിറ്ററുടെ സ്വരം വളരെ ശാന്തമായിരുന്നു. ‘‘സമാധാനമായിരിക്കെടോ. രണ്ടു ദിവസംകൂടി കാക്കാം നമുക്ക്. അതുവരെ താന്‍ അവിടെത്തന്നെ നിന്നാല്‍ മതി. എന്താണ് വേണ്ടതെന്ന് ഞാന്‍ പറയാം.’’
എഡിറ്റര്‍ ഫോണ്‍ വെച്ചു.
സമാധാനമായിരിക്കാനാണ് എഡിറ്റര്‍ പറഞ്ഞതെങ്കിലും എനിക്ക് ഒരു സമാധാനവും തോന്നിയില്ല. കലയൂരില്‍ തങ്ങിയിട്ട് ഞാനെന്തെടുക്കാനാണ്? വീട്ടിലിരിക്കാനും പുറത്തിറങ്ങാനും പറ്റാത്ത നിസ്സഹായാവസ്ഥയിലാണ് ഞാനെന്ന് എഡിറ്റര്‍ക്കറിയില്ലല്ലോ.
വേശുവമ്മ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. തുളസിക്കും മന്ദാരത്തിനും നനക്കുകയാണ്. ഇതെന്താ പതിവില്ലാതെ?
അപ്പോഴാണ് ഞാന്‍ അതു ശ്രദ്ധിച്ചത്: കാടു പിടിച്ചുകിടന്നിരുന്ന മുറ്റം മുഴുവനും ചെത്തി വെടുപ്പാക്കിയിരിക്കുന്നു.
‘‘ഇതെന്താ വേശ്വമ്മേ?’’ ഞാന്‍ ചോദിച്ചു.
‘‘മുറ്റം ഇങ്ങനെ അശ്രീകരമായി കിടക്കണ്ട എന്നു വെച്ചു,’’ വേശുവമ്മ പറഞ്ഞു. ‘‘ഇനിയും ആളുകള്‍ വന്നാലോ? അവര്‍ക്ക് ഇതൊന്നും ഇഷ്ടമായെന്നു വരില്ല. മോനെപ്പോലെയാവണമെന്നില്ലല്ലോ എല്ലാവരും.’’
വേശുവമ്മ എന്താണ് ഉദ്ദേശിക്കുന്നത്? ഞാന്‍ വൈകാതെ ഇവിടെനിന്നു പോവുമെന്നോ? വേറെ ആളുകള്‍ വരുമെന്നോ?
ആരാണ് ഇനിയും വരാനിരിക്കുന്ന താമസക്കാര്‍?
ഞാന്‍ വേശുവമ്മയുടെ മുഖത്തു നോക്കി. അവരുടെ മുഖത്ത് അപ്പോള്‍ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.