ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

സോമേട്ടന്റെ പെട്ടിക്കടഗേറ്റിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ‘ജമന്തി’യില്‍നിന്ന് ആരുടെയോ ശക്തിയായ ചുമ കേട്ടു. കാര്‍ത്തികേയന്‍ സാര്‍ എത്തിയല്ലോ എന്നാണ് സന്തോഷത്തോടെ ചിന്തിച്ചത്. ഗേറ്റിൽ എത്തിയപ്പോള്‍ സിറ്റൗട്ടിന്‍റെ തിണ്ണയില്‍ ഇരിക്കുന്ന ഒരു രൂപം കണ്ടു. ഒറ്റനോട്ടത്തില്‍ കാര്‍ത്തികേയന്‍ സാറാണോ എന്ന് സംശയിച്ചെങ്കിലും അല്ല എന്ന് അടുത്ത നിമിഷം തന്നെ മനസ്സിലായി. എന്നാലും ആരാണ് എന്ന് എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുറ്റം കടന്ന് സിറ്റൗട്ടിന്‍റെ അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്: കോതച്ചിറ കുമാരന്‍ സാര്‍! ‘‘എവിടെപ്പോയെടാ നിന്‍റെ കാര്‍ത്തികേയന്‍ സാര്‍?’’ മദ്യത്തിന്‍റെ...

സോമേട്ടന്റെ പെട്ടിക്കട

ഗേറ്റിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ‘ജമന്തി’യില്‍നിന്ന് ആരുടെയോ ശക്തിയായ ചുമ കേട്ടു. കാര്‍ത്തികേയന്‍ സാര്‍ എത്തിയല്ലോ എന്നാണ് സന്തോഷത്തോടെ ചിന്തിച്ചത്. ഗേറ്റിൽ എത്തിയപ്പോള്‍ സിറ്റൗട്ടിന്‍റെ തിണ്ണയില്‍ ഇരിക്കുന്ന ഒരു രൂപം കണ്ടു. ഒറ്റനോട്ടത്തില്‍ കാര്‍ത്തികേയന്‍ സാറാണോ എന്ന് സംശയിച്ചെങ്കിലും അല്ല എന്ന് അടുത്ത നിമിഷം തന്നെ മനസ്സിലായി. എന്നാലും ആരാണ് എന്ന് എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുറ്റം കടന്ന് സിറ്റൗട്ടിന്‍റെ അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്:

കോതച്ചിറ കുമാരന്‍ സാര്‍!

‘‘എവിടെപ്പോയെടാ നിന്‍റെ കാര്‍ത്തികേയന്‍ സാര്‍?’’

മദ്യത്തിന്‍റെ മണം പ്രതീക്ഷിച്ചാണ് അടുത്തുചെന്നത്. പക്ഷേ കുമാരന്‍ സാര്‍ ഇന്ന് മര്യാദക്കാരനായാണ് എത്തിയിരിക്കുന്നത്. എനിക്ക് ആശ്വാസം തോന്നി.

‘‘സാറ് മാവേലിക്കരക്ക് പോയതാണ്. എന്നാണ് മടങ്ങിയെത്തുക എന്നു പറഞ്ഞിട്ടില്ല.’’

കുടിച്ചിട്ടില്ലെങ്കിലും കുമാരന്‍ സാര്‍ അന്നത്തേക്കാളും അവശനാണ് എന്നു തോന്നി. കൂടുതല്‍ വൃദ്ധനായിരിക്കുന്നു. ഷര്‍ട്ടും മുണ്ടുമൊക്കെ അന്നു വന്നപ്പോഴത്തേതുതന്നെ. ഒന്നുകൂടി മുഷിഞ്ഞിട്ടുണ്ടെന്നു മാത്രം.

‘‘അവിടെച്ചെന്നാല്‍ ഇവിടെ; ഇവിടെ വന്നാല്‍ അവിടെ!’’ ദേഹം ഉലയുമാറ് ചിരിച്ചുകൊണ്ട് കുമാരന്‍സാര്‍ തുടര്‍ന്നു. ‘‘ഒരു സന്തോഷവര്‍ത്തമാനം അവനെ ഒന്നറിയിക്കാം എന്നുവെച്ചാല്‍ സമ്മതിക്കില്ല.’’

കുമാരന്‍ സാറിന്‍റെ ചിരി പെട്ടെന്ന് ചുമയായി മാറി. ശക്തിയായ ചുമക്കിടയില്‍ സാര്‍ തുടര്‍ന്നു: ‘‘എനിക്കിനി മാവേലിക്കരയ്ക്കു പോവാനൊന്നും വയ്യ.’’

‘‘എന്താണ് വിശേഷമെന്നു വെച്ചാല്‍ സാര്‍ പറഞ്ഞാല്‍ മതി. ഞാന്‍ കാര്‍ത്തികേയന്‍ സാറിനെ അറിയിച്ചോളാം.’’

‘‘എന്നാല്‍ നീ അവനോടു പറഞ്ഞോ. അതു നടക്കില്ല. ‘മകയിരപ്പൂനിലാവ്’ പുസ്തകമാവില്ല!’’

ഇതാണോ സന്തോഷവര്‍ത്തമാനം എന്നു പറഞ്ഞത്!

‘‘എന്താ സംഭവിച്ചത് സര്‍?’’

‘‘എന്താ സംഭവിച്ചത് എന്നോ!’’ ചിരിക്കും ചുമയ്ക്കുമിടയില്‍ കുമാരന്‍ സാര്‍ തുടര്‍ന്നു. ‘‘അവന്‍ ചത്തു! അത്രതന്നെ! അതിൽപരം എന്തു സംഭവിക്കാന്‍?’’

‘‘ആരെപ്പറ്റിയാണ് സര്‍ പറയുന്നത്?’’

‘‘അന്നു പറഞ്ഞ ആ മനുഷ്യനില്ലേ? ആരാധകന്‍! അവന്‍തന്നെ. പുസ്തകവുമായി വരാം എന്നു പറഞ്ഞാണല്ലോ പോയത്. ഞാന്‍ എന്നും അവനെ കാത്തിരിക്കുകയായിരുന്നു. എന്നിട്ടു വന്നതോ, പത്രത്തില്‍ വാര്‍ത്തയായിട്ട്!’’

കുമാരന്‍ സാര്‍ ഷര്‍ട്ടിന്‍റെ കീശയില്‍നിന്ന് ഒരു കടലാസ് കഷണം വലിച്ചെടുത്ത് എനിക്കു നേരെ നീട്ടി. ഒരു പത്രത്തിന്‍റെ ചരമക്കോളമാണ്. അതിലെ ഒരു ചിത്രത്തില്‍ വലത്തെ കൈയിലെ ചൂണ്ടുവിരല്‍ കൊണ്ട് കുത്തിക്കൊണ്ട് സാര്‍ പറഞ്ഞു.

‘‘ദേ, ഇവന്‍ തന്നെ!’’

ഏകദേശം അമ്പതു വയസ്സു തോന്നിക്കുന്ന ഒരു സുമുഖന്‍. പേരു വായിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് കുമാരൻ സാര്‍ അത് എന്‍റെ കൈയില്‍നിന്നു തട്ടിപ്പറിച്ചു.

‘‘എന്‍റെ കൂടെക്കൂടിയപ്പോള്‍ അവനും ദുർദശ ബാധിച്ചു! പാവം, ഇത്രത്തോളം കരുതിയിട്ടുണ്ടാവില്ല.’’

കുമാരന്‍ സാര്‍ സ്വബോധത്തോടുകൂടിയല്ല സംസാരിക്കുന്നത് എന്ന് എനിക്കു തോന്നി. പറയുന്നത് കഥയാണോ സത്യമാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. തല ചെരിച്ച് തറപ്പിച്ചുള്ള നോട്ടം കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഒരുന്മാദിയുടേതുപോലെ തോന്നി.

പത്രത്തിന്‍റെ കട്ടിങ് ഷര്‍ട്ടിന്‍റെ കീശയിലേക്കുതന്നെ തിരുകിവെച്ച് കുമാരന്‍ സാര്‍ വീണ്ടും ചുമച്ചു. ചുമയ്ക്കിടയില്‍ തലയുടെ വശങ്ങളില്‍ രണ്ടു കൈകൊണ്ടും മുഷ്ടി ചുരുട്ടി ഇടിച്ചു.

‘‘വല്ലാതെ ദാഹിക്കുന്നു,’’ നെഞ്ചത്തു കൈവെച്ച് അദ്ദേഹം കിതച്ചു. ‘‘നീ എനിക്കു കുറച്ചു സംഭാരം തരുമോ?’’

‘‘ഏതാ ആ സാറ്,’’ അകത്തേക്കു ചെന്നപ്പോള്‍ സരോജിനി ചോദിച്ചു. ‘‘രാവിലെ ഞാനെത്തിയപ്പോള്‍ത്തന്നെ ഇവിടെ കയറിയിരിപ്പാണ്.’’

‘‘കാര്‍ത്തികേയന്‍ സാറിന്‍റെ കൂട്ടുകാരനാണ്. സാറിനെ കാണാന്‍ വന്നതാണ്.’’

‘‘എനിക്കു പേടിയായി,’’ സംഭാരം ഉണ്ടാക്കുന്നതിനിടയില്‍ സരോജിനി തുടര്‍ന്നു. ‘‘അയാളുടെ ഒരു നോട്ടവും സംസാരവും.’’

സരോജിനി ഒരു വലിയ സ്റ്റീല്‍പ്പാത്രം നിറച്ച് സംഭാരം ഉണ്ടാക്കിത്തന്നു.

തുടരെത്തുടരെ രണ്ടു ഗ്ലാസ് സംഭാരം കുടിച്ച് വിസ്തരിച്ച് ഒന്നു തേട്ടി കുമാരന്‍ സാര്‍ എഴുന്നേറ്റു.

‘‘കുറച്ചു രൂപ ചോദിക്കാമെന്നു വെച്ചാണ് ഞാന്‍ വന്നത്,’’ സിറ്റൗട്ടിന്‍റെ പടികള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുമാരന്‍ സാര്‍ പറഞ്ഞു. ‘‘ഈ ദിവസം ഒന്ന് ആഘോഷിക്കണമെന്നുണ്ടായിരുന്നു. പിന്നെ വേറെ ഒരു കാര്യവും അവനോടു പറയാനുണ്ടായിരുന്നു. പോട്ടെ. വിചാരിച്ചതൊന്നും നടക്കുന്നില്ലല്ലോ.’’

‘‘ബസ് സ്റ്റോപ്പു വരെ ഞാനും വരാം,’’ കുമാരന്‍ സാറിന്‍റെ ഒപ്പം ഞാനും ഇറങ്ങി.

കുമാരന്‍ സാറിന് നടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്‍റെ കൈ പിടിച്ചാണ് നടന്നിരുന്നത്. കലയൂർ സിറ്റി സ്റ്റോപ്പിലേക്കാണ് നടന്നിരുന്നതെങ്കിലും ഹെല്‍ത്ത് സെന്‍റര്‍ എത്തിയപ്പോള്‍ ഞാന്‍ നിന്നു. കുമാരന്‍ സാറിനെ ഇവിടെനിന്നു കയറ്റിവിടാം. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ കിട്ടില്ലെന്നേയുള്ളൂ. സാറിനെ സിറ്റി സ്റ്റോപ് വരെ നടത്തിക്കുന്നത് സാഹസമാവും.

ഹെല്‍ത്ത് സെന്‍റര്‍ എത്തുന്നതു വരെ ഇടക്കിടെ ചുമച്ചുകൊണ്ടിരുന്നുവെന്നല്ലാതെ കുമാരന്‍ സാര്‍ ഒന്നും മിണ്ടിയിരുന്നില്ല.

‘‘കലയൂരുമായുള്ള നിന്‍റെ ഇന്‍റര്‍വ്യൂ കഴിഞ്ഞുവോ?’’ ബസ് സ്റ്റോപ്പില്‍ നിലയുറപ്പിച്ചപ്പോള്‍ കുമാരന്‍ സാര്‍ ചോദിച്ചു. ‘‘അവന്‍ എന്തൊക്കെ പറഞ്ഞു?’’

‘‘തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും സാറിന് മാവേലിക്കരക്ക് പോവേണ്ടി വന്നു.’’

സോമേട്ടന്‍റെ പെട്ടിക്കടക്കു മുന്നില്‍ത്തന്നെയാണ് സ്റ്റോപ്പ്. കടയില്‍നിന്ന് സോമേട്ടന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കുമാരന്‍ സാറിനെ ബസ് കേറ്റി വിട്ടിട്ട് കടയില്‍ കേറണം. രണ്ടാഴ്ചയായി ‘ശാരിക’യുടെയും ‘മനോമയ’ത്തിന്‍റെയും ലക്കങ്ങള്‍ കണ്ടിട്ടില്ല. അത് വാങ്ങുകയുമാവാം. ഇതിനിടയില്‍ ‘മനോമയ’ത്തില്‍ ‘ജമന്തിപ്പൂക്കളു’ടെ പരസ്യം വന്നിട്ടുണ്ടോ എന്നും നോക്കണം.

‘‘നിന്‍റെ കാര്‍ത്തികേയന്‍ സാര്‍ ഒരു മഹാനാണെടാ,’’ കുമാരന്‍ സാർ എന്‍റെ തോളില്‍ കൈവെച്ചുകൊണ്ടു പറഞ്ഞു. ‘‘ഞാന്‍ അന്നു പറഞ്ഞില്ലേ? അവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ വരേണ്ടവനായിരുന്നില്ല.’’

ഞാന്‍ കുറച്ചു രൂപയെടുത്ത് കുമാരന്‍ സാറിന്‍റെ പോക്കറ്റിലേക്ക് തിരുകി വെച്ചു. കുമാരന്‍ സാർ അതു ശ്രദ്ധിച്ചു.

‘‘നിന്‍റെ കയ്യില്‍ ഇതിനും മാത്രമുള്ള പണമുണ്ടോ?’’

ഞാന്‍ അതു കേട്ടില്ലെന്നു നടിച്ചു.

‘‘ഒരു സംശയം ചോദിച്ചോട്ടെ കുമാരന്‍ സാർ? കാര്‍ത്തികേയൻ സാറിനോട് വേറെ ഒരു കാര്യം പറയാനാണ് വന്നതെന്നു പറഞ്ഞില്ലേ? എന്താ അത്? പറഞ്ഞുതന്നാല്‍ ഞാന്‍ സാറിനെ അറിയിച്ചോളാം.’’

‘‘ഹഹ! എന്നെ ആര്‍ക്കും വിഡ്ഢിയാക്കാന്‍ പറ്റില്ലെടാ. അന്നു കണ്ടപ്പോഴേ എനിക്കു മനസ്സിലായി നിങ്ങള്‍ ഇന്‍റര്‍വ്യൂ നടത്തുന്നതല്ല എന്ന്. കലയൂരിന്‍റെ ഇരിപ്പും ഭാവവും കണ്ടാല്‍ മറ്റാര്‍ക്കുമില്ലെങ്കിലും എനിക്കു മനസ്സിലാവും അവന്‍ എന്തോ എഴുതാനുള്ള പുറപ്പാടാണെന്ന്. അതാണ് അധികം നില്‍ക്കാതെ ഞാന്‍ മടങ്ങിയത്.’’ ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു. ‘‘അവനോട് എങ്ങനെയും അത് എഴുതിത്തീര്‍ക്കണമെന്നു പറയാനും കൂടിയാണ് ഞാന്‍ വന്നത്. ഈ പ്രായത്തില്‍ എഴുതാനൊക്കെ ബുദ്ധിമുട്ടുണ്ടാവും. പോരാത്തതിന് പത്തുമുപ്പതു കൊല്ലം കഴിഞ്ഞ് എഴുതുന്നതല്ലേ?’’

കുമാരന്‍ സാർ എന്‍റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു.

‘‘കുറച്ച് മുന്‍ശുണ്ഠിയുണ്ടെന്നേയുള്ളൂ. പാവമാണ്. നീയവനെ സഹായിക്കണം.’’

‘‘ഒരു സംശയംകൂടി കുമാരന്‍ സാര്‍,’’ സഹായിക്കാമെന്ന് തലയാട്ടി സമ്മതിച്ചതിനുശേഷം ഞാന്‍ ചോദിച്ചു. ‘‘സാറിന്‍റെ ആ ആരാധകന്‍ മരിച്ചു എന്നു പറഞ്ഞത് സത്യമാണോ? കേട്ടപ്പോള്‍ ഒരു കഥ പോലെ തോന്നി.’’

‘‘കഥയെഴുത്തൊക്കെ ഞാന്‍ എന്നോ അവസാനിപ്പിച്ചെടാ,’’ പൊട്ടിപ്പൊട്ടിവന്ന ചുമയ്ക്കിടയില്‍ കുമാരന്‍ സാര്‍ ഉറക്കെ ചിരിച്ചു. ‘‘കഥയെക്കാള്‍ വലുതല്ലേ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്! പിന്നെ എന്തിനാ കഥ? എന്നാലും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോന്നുവരുമ്പോള്‍ വല്ലതും എഴുതിയാലോ എന്നൊക്കെ തോന്നാറുണ്ട്.’’

കുമാരന്‍ സാര്‍ പറഞ്ഞതിന്‍റെ അർഥം എനിക്കു മനസ്സിലായില്ല. കൂടുതല്‍ ചോദിക്കുന്നതിനുമുമ്പ് കുമാരന്‍ സാറിനു പോവാനുള്ള ബസ് വന്നു. ബസിൽ നല്ല തിരക്കുണ്ട്.

‘‘കേറ് കേറ് കേറ്’’ എന്ന കണ്ടക്ടറുടെ തിരക്കുകൂട്ടലിനിടക്ക് കുമാരന്‍ സാറിനെ ബസിലേക്ക് ഞാന്‍ ഒരുവിധം തള്ളിക്കയറ്റിയതും ബസ് നീങ്ങാന്‍ തുടങ്ങി.

‘‘ഞാന്‍ പറഞ്ഞ കാര്യം മറക്കരുത്,’’ ബസിലെ ആളുകള്‍ക്കിടയില്‍നിന്ന് എന്നെ എത്തിനോക്കി കുമാരന്‍ സാര്‍ വിളിച്ചുപറഞ്ഞു.

‘‘കുറച്ചുദിവസമായിട്ട് കാണാറില്ലല്ലോ,’’ കടയിലേക്ക് ചെന്നപ്പോള്‍ സോമേട്ടന്‍ ചിരിച്ചു. ‘‘ഇവിടെയുണ്ടായിരുന്നില്ലേ?’’

‘‘ഉവ്വല്ലോ. ഞാനെവിടെപ്പോവാനാ സോമേട്ടാ?’’

‘‘ആരാ കൂടെയുണ്ടായിരുന്നത്?’’ സോമേട്ടന്‍ ചോദിച്ചു.

‘‘എഴുത്തുകാരനാണ്. കോതച്ചിറ കുമാരന്‍.’’

‘‘ഓ, എന്നാല്‍ അതുതന്നെയാണ്,’’ സോമേട്ടന്‍ പറഞ്ഞു. ‘‘ആ മുഖം എവിടെയോ കണ്ടുപരിചയമുള്ളതുപോലെ തോന്നി.’’

ഞാന്‍ സോമേട്ടനോട് ഉപ്പു സോഡ പറഞ്ഞു.

‘‘എങ്ങനെയുണ്ടായിരുന്ന ആളാണ്! കണ്ടാല്‍ നസീറിനെപ്പോലെയിരിക്കും. ചുരുണ്ടമുടി നെറ്റിയിലേക്ക് വീണുകിടക്കും. നസീറിന്‍റേതു പോലത്തെ മീശയും. ആരും നോക്കിനിന്നുപോവും. ഇപ്പോള്‍ കണ്ടാല്‍ ആ ആളാണെന്നു പറയില്ല.’’

‘‘സോമേട്ടന്‍ വായിച്ചിട്ടുണ്ടോ കോതച്ചിറ സാറിന്‍റെ നോവലുകള്‍?’’

‘‘ഉണ്ടോ എന്നോ? ഒരെണ്ണംപോലും വിടാതെ വായിച്ചിട്ടുണ്ട്. അങ്ങനത്തെ എഴുത്താ സാറിന്‍റെ. ഒരു കാലത്ത് കോതച്ചിറയുടെ നോവലില്ലാതെ വാരികകള്‍ ഇറങ്ങാറില്ല. ഒന്നു കഴിഞ്ഞാല്‍ ഉടനെ അടുത്ത നോവലിന്‍റെ പരസ്യം വരും. വായനക്കാരെ പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണത്രേ. പ്രിയദ എന്നൊരു വാരികയുണ്ടായിരുന്നു. അതില്‍ വന്ന ‘മകയിരപ്പൂനിലാവ്’ മറക്കില്ല.’’

ഉപ്പുസോഡ തന്ന് സോമേട്ടന്‍ തുടര്‍ന്നു.

‘‘അതിനിടയ്ക്ക് ആളുടെ എഴുത്ത് ഒന്നു മാറി. കുറേശ്ശെ എരിവുകൂട്ടാന്‍ തുടങ്ങി. അതോടെ, ആള്‍ക്ക് ചീത്തപ്പേരായി. പിന്നെപ്പിന്നെ എഴുത്തും നിന്നു. ഇപ്പോള്‍ കുറച്ചുകാലമായി മൂപ്പരുടെ പേരുതന്നെ കേള്‍ക്കാറില്ല. മരിച്ചുപോയിട്ടുണ്ടാവും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍.’’

 

കുമാരന്‍ സാര്‍ എന്തിനാണ് വന്നതെന്നും ആരെ കാണാനാണെന്നും എങ്ങനെയാണ് ഞാനുമായുള്ള പരിചയമെന്നുമൊക്കെ ചോദിക്കുമെന്നു പേടിച്ചെങ്കിലും സോമേട്ടന്‍ ഒന്നും അന്വേഷിച്ചില്ല. സോമേട്ടന്‍ അങ്ങനെയാണ്. ഇത്രയും ദിവസമായിട്ടും ഞാന്‍ ആരാണെന്നുപോലും അന്വേഷിച്ചിട്ടില്ല.

സോഡ കുടിച്ചുകഴിഞ്ഞ് മുന്നില്‍ തൂങ്ങിക്കിടക്കുന്ന ‘ശാരിക’യുടെയും ‘മനോമയ’ത്തിന്‍റെയും പുതിയ ലക്കങ്ങളെടുത്തു കൈയിൽ പിടിച്ചു. ‘മനോമയം’ തിടുക്കത്തില്‍ മറിച്ചുനോക്കാന്‍ തുടങ്ങി. ഇല്ല. പരസ്യമൊന്നും വന്നുതുടങ്ങിയിട്ടില്ല. ആശ്വാസം തോന്നി.

‘‘എന്തു പറ്റി?’’

എന്‍റെ മുഖത്തെ പരിഭ്രാന്തി സോമേട്ടന്‍ ശ്രദ്ധിച്ചുവെന്നു തോന്നുന്നു. ഞാന്‍ ഒന്നുമില്ലെന്നു തലയാട്ടി.

‘‘കരയാമ്പൂവ് നോക്കിയതാവും അല്ലേ?’’ സോമേട്ടന്‍ ചിരിച്ചു. ‘‘മനോമയം കിട്ടിയാല്‍ ഞാനും അതാണ് ആദ്യം വായിക്കുക. ഓരോ ലക്കവും അവസാനിപ്പിക്കുമ്പോള്‍ വല്ലാത്ത ആകാംക്ഷയുണ്ടാക്കും കയ്പമംഗലം കരുണാകരന്‍. എഴുത്തില്‍ ജോയ്സിക്കും കെ.കെ. സുധാകരനുമൊപ്പം വെക്കാവുന്ന ആളാണ് കയ്പമംഗലം സാറ്.’’

ഞാന്‍ അതെയെന്നു തലയാട്ടി. ‘കരയാമ്പൂവ്’ ഞാന്‍ വായിച്ചിട്ട് ഒരു മാസത്തിലധികമായിരിക്കുന്നു. കലയൂരിലെത്തിയതിനുശേഷം ‘ശാരിക’യും ‘മനോമയ’വുമൊന്നും ശരിക്കു വായിച്ചിട്ടില്ല. ആഴ്ചതോറുമുള്ള എഡിറ്റോറിയല്‍ മീറ്റിങ്ങിന് ഇരിക്കേണ്ടിവരുമ്പോള്‍ എല്ലാം ചിട്ടയോടെ വായിക്കാറുള്ളതാണ്.

‘‘ശാരികയിലെ കണ്ണീര്‍ക്കയവും ഒത്തതാ. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് ആ നോവലിനാ.’’

‘‘സോമേട്ടന്‍റെ കടയില്‍നിന്ന് കൂടുതല്‍ ചെലവാകുന്നത് ഏതാ?’’ ചെറിയ ഒരു സര്‍വേ ആകാമെന്നുവെച്ച് ഞാന്‍ ചോദിച്ചു. ‘‘ശാരികയോ മനോമയമോ?’’

‘‘ഏകദേശം ഒപ്പത്തിനൊപ്പമാണ്,’’ സോമേട്ടന്‍ പറഞ്ഞു. ‘‘എന്നാലും ഒരു മിനുസം ശാരികയാണ്. ശാരിക ഇരുപത്, മനോമയം പതിനെട്ട്.’’

‘‘ഇതൊക്കെ കലയൂരിലെ മാത്രമല്ലേ?’’

‘‘അതെ. ഇതൊന്നും ഒരു കണക്കല്ല മോനേ. പണ്ട് എന്തായിരുന്നു! പത്തുപതിനാറു വാരികകള്‍. അവക്ക് നാല്‍പതും അമ്പതും വരിക്കാര്‍. അതൊക്കെ ഒരു കാലമായിരുന്നു!’’

‘‘അന്ന് ഏതൊക്കെ വാരികകളാണ് ഉണ്ടായിരുന്നത്?’’

‘‘ദേ, ഇതൊക്കെ കണ്ടില്ലേ,’’ സോമേട്ടന്‍ കടയുടെ മുന്നില്‍ തൂങ്ങിക്കിടക്കുന്ന പഴയ വാരികകളിലേക്ക് ചൂണ്ടിക്കാട്ടി. ‘‘ആ പേരുകള്‍തന്നെ എന്തു രസമായിരുന്നു! നന്ദിനി, കല്‍ക്കണ്ടം, മധുരം, മാലേയം...’’

ഞാന്‍ കടയുടെ മുന്നിലെ വാരികകളിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു. ഒരു കാലത്ത് ഇത്രയധികം വാരികകള്‍ ഇറങ്ങിയിരുന്നു എന്നു കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സോമേട്ടന്‍റെ കടയില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോഴാണ് ഉറപ്പായത്.

‘‘ആ കാലത്ത് സോമേട്ടന്‍ ഈ വാരികകളൊക്കെ വായിച്ചിരുന്നുവോ?’’

‘‘ഏറെക്കുറെ. എന്‍റെ അന്നത്തെ പ്രായവും അതായിരുന്നുവല്ലോ. പതിനഞ്ച്-ഇരുപത്. പരീക്ഷയില്‍ തോല്‍ക്കാനുള്ള കാരണവും അതായിരുന്നു.’’

‘‘ഏതുവരെ പഠിച്ചു?’’

‘‘പത്തില്‍ തോറ്റപ്പോള്‍ നിര്‍ത്തി. അതിന് വേറെ ഒരു കാരണവുമുണ്ടായിരുന്നു. അച്ഛന് ചില അസുഖങ്ങള്‍ തുടങ്ങി. ഒരു സഹായിയെ ആവശ്യമായി. കച്ചവടം ഒറ്റക്ക് കൊണ്ടുനടക്കാന്‍ പറ്റാതായപ്പോള്‍ തുടര്‍ന്ന് പഠിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അച്ഛനും എതിരൊന്നും പറഞ്ഞില്ല.’’

‘‘എന്തായിരുന്നു കച്ചവടം?’’

‘‘പത്രം തന്നെ. അതായത് രണ്ടു പത്രങ്ങളും പതിനാറു വാരികകളും. അച്ഛന്‍ സബ് ഏജന്‍റായിരുന്നു. അച്ഛന്‍റെ കീഴില്‍ പന്ത്രണ്ട് ഏജന്‍റുമാര്‍. അവര്‍ക്ക് വാരികകള്‍ തരംതിരിച്ച് എണ്ണിക്കൊടുക്കലും പണം വാങ്ങലും കണക്കു സൂക്ഷിക്കലുമൊക്കെയായി നല്ല പണിയായിരുന്നു. ഞാന്‍ കൂടെക്കൂടിയത് അച്ഛനു വലിയ സഹായമായി. വൈകാതെ അച്ഛന്‍ കിടപ്പിലായപ്പോള്‍ ഞാന്‍തന്നെ എല്ലാം ഏറ്റെടുത്തു.’’

സണ്‍ലൈറ്റ് സോപ്പ് ചോദിച്ച് കടയിലേക്കു വന്ന ആള്‍ക്ക് അതെടുത്തു കൊടുത്ത് സോമേട്ടന്‍ തുടര്‍ന്നു.

‘‘ഞാന്‍ പറഞ്ഞില്ലേ? അതൊക്കെ ഒരു കാലമായിരുന്നു. ഏജന്‍റുമാര്‍ക്കുള്ള കോപ്പികള്‍ തരംതിരിച്ചുകൊടുത്തു കഴിഞ്ഞ് ഞാന്‍ സൈക്കിളുമായി ഇറങ്ങും. കലയൂരിലുള്ളവര്‍ക്ക് വാരികകള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കണമല്ലോ. ഒരു ദിവസമെങ്ങാനും വൈകിയാല്‍ വലിയ പുകിലായിരുന്നു. പ്രത്യേകിച്ചും പെണ്ണുങ്ങള്‍ക്ക്. കാഴ്ചബംഗ്ലാവില്‍ ഭക്ഷണം കാത്തുകിടക്കുന്ന കടുവയെ കണ്ടിട്ടില്ലേ? അതുപോലെ!’’

ആ ഉപമ എനിക്കു പിടിച്ചു.

‘‘എനിക്കും അങ്ങനെയായിരുന്നു. വാരിക കിട്ടിയാല്‍ നോവലുകള്‍ ആദ്യം വായിച്ചുതീര്‍ക്കും. എത്ര നല്ല നല്ല എഴുത്തുകാരുണ്ടായിരുന്നെന്നോ! ചെമ്പില്‍ ജോണ്‍, ജോണ്‍സണ്‍ പുളിങ്കുന്ന്, ഏറ്റുമാനൂര്‍ ശിവകുമാര്‍, പ്രസന്നന്‍ ചമ്പക്കര, മെഴുവേലി ബാബുജി, പതാലില്‍ തമ്പി... കോട്ടയം പുഷ്പനാഥിന്‍റെ നോവലില്ലാതെ ഒരു വാരികയ്ക്കും നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.’’

‘‘അപ്പോള്‍ മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ, വല്ലച്ചിറ മാധവന്‍ തുടങ്ങിയവരോ?’’

‘‘അവരെപ്പറ്റിയൊന്നും പ്രത്യേകിച്ചു പറയേണ്ട അവശ്യമില്ലല്ലോ. രാജാക്കന്മാരല്ലായിരുന്നോ അവര്‍! ‘ദേശധ്വനി’യില്‍ മുട്ടത്തു വര്‍ക്കിയുടെ നോവല്‍ ഒരു ലക്കം മുടങ്ങിയപ്പോള്‍ വായനക്കാര്‍ പത്രമാപ്പീസിലേക്ക് ജാഥ നയിച്ചു എന്ന് കേട്ടിട്ടുണ്ട്. ശരിയാവും. കാരണം അതായിരുന്നു വര്‍ക്കിസ്സാറിന്‍റെ എഴുത്തിന്‍റെ മാജിക്. തുടങ്ങിക്കഴിഞ്ഞാല്‍ നിര്‍ത്താന്‍ പറ്റില്ല. നോവലില്‍ വര്‍ക്കിസ്സാര്‍ കഴിഞ്ഞിട്ടേ ഒരാളുള്ളൂ എന്ന് അച്ഛന്‍ എപ്പോഴും പറയും. വയ്യാതെ കിടക്കുമ്പോഴും അച്ഛന്‍ വര്‍ക്കിസ്സാറിന്‍റെ നോവലുകള്‍ വിടാതെ വായിക്കുമായിരുന്നു.’’

സോമേട്ടന്‍ എന്തോ ആലോചിച്ച് കുറച്ചുനേരം നിന്നു.

‘‘അച്ഛനെപ്പോലെയായിരുന്നു ഞാനും. തിരക്കിനിടയിലും നോവലുകള്‍ മുടക്കിയിരുന്നില്ല. ആഴ്ചയില്‍ പത്തമ്പതെണ്ണം വായിച്ചു തീര്‍ക്കണം. അതായത് നോവലുകളിലെ പുതിയ അധ്യായങ്ങള്‍. അതിന് ഒരു കാരണവുമുണ്ടായിരുന്നു. ഏജന്‍റുമാരില്‍ നോവലുകള്‍ എന്നെപ്പോലെ വായിക്കുന്ന ആരും ഉണ്ടായിരുന്നില്ല. മാത്രമല്ല, ഏജന്‍റുമാരുടെ മീറ്റിങ്ങില്‍ അതിലെ നോവലുകളെപ്പറ്റി അഭിപ്രായം പറയുന്ന രണ്ടു പേരില്‍ ഒരാള്‍ ഞാനായിരുന്നു.’’

‘ശാരിക’യിലെ എഡിറ്റോറിയല്‍ മീറ്റിങ്ങുകള്‍ ഞാന്‍ ഓര്‍ത്തുപോയി. ഏജന്‍റുമാരും അത് ചര്‍ച്ചചെയ്യാറുണ്ടെന്നത് എനിക്ക് പുതിയ വിവരമായിരുന്നു.

‘‘ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം മാത്രമല്ല പറയുക. വീടുകളില്‍ വാരികകള്‍ ഇടാന്‍ പോവുമ്പോള്‍ ഞാന്‍ വീട്ടുകാരോട് നോവലുകളെപ്പറ്റി ചോദിക്കും. അവര്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയും. ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല എന്നു പറയാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. അവരോടു സംസാരിച്ചാല്‍ കൃത്യമായ അഭിപ്രായം കിട്ടും. അച്ഛനാണ് ഈ ടെക്നിക് എനിക്കു പറഞ്ഞുതന്നത്.’’

‘‘അച്ഛന്‍ ഇപ്പോഴുമുണ്ടോ?’’

‘‘ഇല്ല. രണ്ടായിരത്തി മൂന്നില്‍ മരിച്ചു. വാരികകള്‍ ഓരോന്നോരോന്നായി പൂട്ടിത്തുടങ്ങിയപ്പോള്‍ അച്ഛന് മനസ്സിന്‍റെ സമനില തെറ്റിയപോലെയായി. എങ്ങനെയാണ് ജീവിക്കുക എന്നതുതന്നെയായിരുന്നു പേടി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അച്ഛനെന്നല്ല ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. ഒരു നില്‍ക്കക്കള്ളിയുമില്ലാതായപ്പോള്‍ പെട്ടിക്കട തുടങ്ങാമെന്ന് ഞാനാണ് പറഞ്ഞത്.’’

‘‘അങ്ങനെ തുടങ്ങിയതാണോ ഈ കട?’’

‘‘അതെ. പക്ഷേ, അച്ഛന് സമ്മതമായിരുന്നില്ല. ഒടുവില്‍ വാരികകളും പത്രങ്ങളുമൊക്കെ കൂട്ടത്തില്‍ വില്‍ക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് കഷ്ടിച്ച് സമ്മതം മൂളിയത്.’’

‘‘എന്തു കാര്യത്തിലായിരുന്നു അച്ഛന് എതിര്‍പ്പ്?’’

‘‘സബ് ഏജന്‍റില്‍നിന്ന് വെറും പെട്ടിക്കടക്കാരനാവുക എന്നത് അച്ഛന് ചിന്തിക്കാന്‍പോലും കഴിഞ്ഞില്ല. മരണം വരെ അങ്ങനെയായിരുന്നു. പല പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും അച്ഛന്‍ ഈ കടയിലേക്ക് വന്നിട്ടില്ല.’’

സോമേട്ടന്‍റെ ശബ്ദം ഒന്ന് ഇടറിയെന്ന് എനിക്കു തോന്നി.

‘‘എനിക്കു പക്ഷേ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. എന്‍റെ മൂത്തത് രണ്ടു പെണ്‍കുട്ടികള്‍. അവര്‍ക്ക് വിവാഹപ്രായമായിത്തുടങ്ങിയിരുന്നു. വാരികകള്‍ പൂട്ടിപ്പോയതോടെ ഞങ്ങളുടെ വരുമാനം നിലച്ചതുപോലെയായി. നിത്യച്ചെലവ് തട്ടിമുട്ടി കൊണ്ടുപോവാമെന്നുമാത്രം. പക്ഷേ, മക്കളുടെ കല്യാണം നടത്താനുള്ള നീക്കിയിരിപ്പൊന്നും ഉണ്ടായിരുന്നില്ല. ആ ആധിയിലാണ് അച്ഛന്‍ മരിച്ചുപോയത്. പിന്നെ എല്ലാം എന്‍റെ തലയിലായി.’’

‘‘ഇത്രയും വായനക്കാരുണ്ടായിരുന്നിട്ടും എന്താ ആ വാരികകളൊക്കെ പൂട്ടിപ്പോവാനുള്ള കാരണം?’’

 

‘‘അതു ഞാന്‍ പ്രത്യേകിച്ചു പറയണോ മോനേ? വാരികകളുടെ എണ്ണം കൂടിയപ്പോള്‍ അത്രയും നോവലുകളുടെ ആവശ്യവും വന്നു. ആരെഴുതിക്കൊടുക്കാനാണ്? രണ്ടു കയ്യല്ലേയുള്ളൂ നമുക്കൊക്കെ? ഇപ്പറഞ്ഞ എഴുത്തുകാരൊക്കെ രണ്ടു കയ്യുകൊണ്ടും എഴുതിയാലും മതിയാവില്ലെന്നു വന്നപ്പോള്‍ പുതിയ എഴുത്തുകാരെ തേടിപ്പിടിക്കാനുള്ള ശ്രമമായി. അക്ഷരം കഷ്ടിച്ച് കൂട്ടിവായിക്കാന്‍ പറ്റുന്നവരൊക്കെ നോവലെഴുതാന്‍ തുടങ്ങി. കോട്ടയത്ത് ലോഡ്ജുകളില്‍ തമ്പടിച്ച് എഴുതുകയല്ലായിരുന്നോ അവരൊക്കെ? എങ്ങനെയെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്ത് ഓരോ ലക്കവും നിറക്കാന്‍ തുടങ്ങി. നോവല്‍ എന്നൊന്നും അതിനെ പറയാന്‍ വയ്യ. എന്താണ് കഥയെന്നോ ആരൊക്കെയാണ് കഥാപാത്രങ്ങളെന്നോപോലും ഒരു തീര്‍ച്ചയുമില്ലാത്ത എഴുത്തായിരുന്നു. വായനക്കാര്‍ക്കുമില്ലേ സാറേ കുറച്ചൊക്കെ ബുദ്ധി? അവര്‍ക്കു മടുത്തുകാണും.’’

‘‘നോവലുകളായിരുന്നുവല്ലേ വാരികകളുടെ പ്രചാരത്തിലെ പ്രധാനഘടകം?’’

‘‘പിന്നല്ലേ? ഏജന്‍സി മീറ്റില്‍ മാനേജര്‍മാര്‍ മാത്രമല്ല, അന്നൊക്കെ പത്രാധിപന്മാരും പങ്കെടുത്തിരുന്നു. അവര്‍ ഞങ്ങളുടെ അഭിപ്രായങ്ങള്‍ വിലമതിച്ചിരുന്നു. പക്ഷേ വാരികകളുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്ക് അതൊന്നും ശ്രദ്ധിക്കാനുള്ള നേരമില്ലാതെ പോയി. അവരെയും പറഞ്ഞിട്ടു കാര്യമില്ല. പുതിയ എഴുത്തുകാര്‍ക്ക് എക്സ്പീരിയന്‍സിന്‍റെ കുറവുണ്ടായിരുന്നു.’’

‘‘ആരൊക്കെയായിരുന്നു ആ പുതിയ എഴുത്തുകാര്‍ എന്ന് ഓർമയുണ്ടോ?’’

‘‘എങ്ങനെ ഓർമിക്കാനാണ്? ചുരുങ്ങിയത് അമ്പതു പേരെങ്കിലും കാണും. പേരൊന്നും ഓർമയില്ല. അവരൊന്നും ശരിക്കുള്ള എഴുത്തുകാരായിരുന്നില്ല മോനേ. പക്ഷേ, അക്കാലത്ത് എഴുതിത്തുടങ്ങിയ ജോയ്സിയും കെ.കെ. സുധാകരനുമൊക്കെ ഇപ്പോഴും ഭംഗിയായി എഴുതുന്നുണ്ട്. അവരൊക്കെയാണ് ശരിക്കുള്ള എഴുത്തുകാര്‍. അവര്‍ക്ക് ധാരാളം വായനക്കാരുമുണ്ട്. അവരൊക്കെയുള്ളതുകൊണ്ടല്ലേ ഇപ്പോഴുള്ളതൊക്കെ ഇങ്ങനെയെങ്കിലും നിലനിന്നുപോവുന്നത്?’’

‘‘അക്കാലത്ത് എഴുത്ത് നിര്‍ത്തി പോയവരുമുണ്ടോ?’’

കലയൂര്‍ കാര്‍ത്തികേയന്‍ എന്ന പേര് പറയും എന്ന പ്രതീക്ഷയിലാണ് ഞാന്‍ അങ്ങനെ ചോദിച്ചത്.

‘‘അധികവും പോയില്ലേ? അവരൊക്കെ ഇപ്പോള്‍ കടയില്‍ എടുത്തുകൊടുപ്പുകാരായോ ഹോട്ടലില്‍ സപ്ലയര്‍മാരായോ ജീവിച്ചുപോവുന്നുണ്ടാവും. ഓരോരുത്തര്‍ക്കും ഓരോ തൊഴില് പറഞ്ഞിട്ടുണ്ട്. അതല്ലാതെ എന്തുചെയ്താലും വിജയിക്കാന്‍ പോണില്ല.’’

‘‘ഈ നാട്ടിലും ഒരെഴുത്തുകാരനുണ്ടായിരുന്നില്ലേ?’’ ഒടുവില്‍ ഗതികെട്ട് ഞാന്‍ ചോദിച്ചു. ‘‘എന്താ അയാളുടെ പേര്? സോമേട്ടന് ഓർമയുണ്ടോ?’’

‘‘ഓർമയുണ്ടോ എന്നോ! അസ്സലായി! കാര്‍ത്തികേയന്‍ സാര്‍ കലയൂരിന്‍റെ അഭിമാനമല്ലേ?’’

‘‘അദ്ദേഹവും അക്കാലത്താണ് എഴുത്തു നിര്‍ത്തിയതെന്നു കേള്‍ക്കുന്നുണ്ടല്ലോ. അതു ശരിയാണോ?’’

‘‘ആ കാലത്ത് സാറിന്‍റെ ഏഴു നോവലുകള്‍ ഒരേസമയം വന്നുകൊണ്ടിരുന്നതായി ഓര്‍ക്കുന്നു. ഞാന്‍ എല്ലാം വായിച്ചിരുന്നു. പേരൊന്നും ഓർമയില്ല. എല്ലാം നന്നായിരുന്നു എന്നു തോന്നുന്നില്ല. സാറിന്‍റെ ‘മണവാട്ടി’ ഒന്നു വായിച്ചുനോക്കണം. അപ്പോള്‍ അറിയാം കലയൂര്‍ കാര്‍ത്തികേയന്‍ ആരാണെന്ന്. സാറും ഒടുവില്‍ കടുംവെട്ടുകാര്‍ക്കു നിന്നുകൊടുത്തു എന്നാണ് എനിക്കു തോന്നുന്നത്. അതു വേണ്ടിയിരുന്നില്ല.’’

‘‘കടുംവെട്ടുകാരോ?’’

‘‘അതെ. ഒരുതരം കടുംവെട്ടായിരുന്നു അന്നത്തെ വാരികകള്‍ മിക്കതും. കുറഞ്ഞ സമയംകൊണ്ട് മാക്സിമം പണം ഉണ്ടാക്കുക. അതിന് എന്തും ചെയ്യാന്‍ മടിയില്ലാത്ത പത്രാധിപന്മാര്‍. ആ വാരികകളൊക്കെ പൂട്ടിപ്പോയതില്‍ എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല മോനേ.’’

‘‘കാര്‍ത്തികേയന്‍ സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?’’

സോമേട്ടന്‍ എന്നെ രൂക്ഷമായൊന്നു നോക്കി.

‘‘മരിച്ചാല്‍ ഞങ്ങള്‍ അറിയാതിരിക്കുമോ? കലയൂരല്ല ഇപ്പോള്‍ താമസമെങ്കിലും കാര്‍ത്തികേയന്‍ സാര്‍ ഞങ്ങളുടെ സ്വന്തമാണ്.’’

‘‘അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’’

‘‘പലവട്ടം കണ്ടിട്ടുണ്ട്. പക്ഷേ ഞാന്‍ അടുത്തുചെന്നിട്ടില്ല. ഒന്നും മിണ്ടിയിട്ടുമില്ല. അദ്ദേഹം ഇവിടെയല്ലല്ലോ ഇപ്പോള്‍ താമസം. എന്നാലും ഒരിക്കല്‍ ഒന്നു നേരിട്ടു കാണണം എന്നും സംസാരിക്കണമെന്നും മോഹം തോന്നിയിട്ടുണ്ട്. ഈ നാട്ടുകാര്‍ക്കും അങ്ങനെയൊരു മോഹമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടുകൊല്ലം മുമ്പ് ഇവിടെ ഒരു പരിപാടി വെച്ചത്. കലയൂരിലെ പ്രമുഖരെ ആദരിക്കാനുള്ള ഒരു ചടങ്ങ്. പക്ഷേ കാര്‍ത്തികേയന്‍ സാര്‍ വന്നില്ല.’’

‘‘അതെന്താ സാറ് വരാതിരുന്നത്?’’

‘‘ആവോ, ആര്‍ക്കറിയാം?’’ സോമേട്ടന്‍ കൈ മലര്‍ത്തി. ‘‘ഒരു തരത്തില്‍ സാറ് വരാതിരുന്നതു നന്നായി. വരാമെന്നേറ്റ മന്ത്രി അന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടാണ് എത്തിയത്. കാര്‍ത്തികേയന്‍ സാര്‍ വന്നിരുന്നെങ്കില്‍ കാത്തിരുന്ന് വശം കെട്ടേനെ.’’

‘‘കാര്‍ത്തികേയന്‍ സാര്‍ പുതിയ ഒരു നോവലെഴുതുന്നു എന്നു കേട്ടതു ശരിയാണോ?’’ ഞാന്‍ സോമേട്ടനോടു ചോദിച്ചു. സംഭവത്തിന് എത്ര കണ്ട് പ്രചാരം കിട്ടിയിട്ടുണ്ട് എന്ന് അറിയണമല്ലോ.

‘‘നോവലോ? കാര്‍ത്തികേയന്‍ സാറോ?’’ സോമേട്ടന്‍ ഞെട്ടി. ‘‘ആരാ പറഞ്ഞത്? ആരായാലും അതു വെറുതെ പറഞ്ഞതാവാനേ വഴിയുള്ളൂ.’’

‘‘അല്ല. ശരിക്കും അങ്ങനെ കേള്‍ക്കുന്നുണ്ട്.’’

‘‘എന്നാല്‍, ആ കേട്ടത് സത്യമാവല്ലേ എന്നാണ് എന്‍റെ പ്രാർഥന.’’

‘‘ഞാനും അതു വിശ്വസിച്ചില്ല. പിന്നെ അത് ഒന്ന് അന്വേഷിക്കാം എന്നുവെച്ചാണ് ഇവിടെ വന്നത്. അപ്പോള്‍ അദ്ദേഹം ഇല്ല. വീട് അടഞ്ഞുകിടക്കുകയാണ്.’’

‘‘അതിന് അദ്ദേഹം ഇവിടെയല്ലല്ലോ താമസം,’’ സോമേട്ടന്‍ തുടര്‍ന്നു. ‘‘മൂപ്പരെ കാണണമെങ്കില്‍ മാവേലിക്കരയിലേക്ക് പോകണം. അല്ലാ, മോന്‍ അങ്ങോട്ടു പോകുന്നുണ്ടോ?’’

‘‘തീരുമാനിച്ചിട്ടില്ല. എന്തേ?’’

‘‘കാണുന്നുണ്ടെങ്കില്‍ ഒരു കാര്യം അദ്ദേഹത്തോടു പറയണം. കാര്‍ത്തികേയന്‍ സാര്‍ എഴുതിക്കൊണ്ടിരുന്ന കാലമൊന്നുമല്ല ഇന്നത്തേത്. നോവലും മാറി, അതിലെ വിഷയവും മാറി. സാറിനൊന്നും പറ്റിയതല്ല ഈ എഴുത്ത്.’’

‘‘ഞാന്‍ എന്താ സാറിനോടു പറയേണ്ടത്?’’

‘‘നോവല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നു പിന്തിരിയണമെന്നു പറയണം. ഇനിയൊരു തിരിച്ചവരവു നടത്തി സ്വന്തം പേര് മോശമാക്കരുതെന്നു പറയണം. ഈ കാലത്ത് ആരും കലയൂര്‍ കാര്‍ത്തികേയനെ കാത്തിരിക്കുന്നില്ലെന്നു പറയണം.’’

‘‘ഒരാളോട്, അതും വലിയ ഒരെഴുത്തുകാരനോട് എഴുതാന്‍ പാടില്ലെന്നു പറയുന്നത് ശരിയാണോ സോമേട്ടാ?’’

‘‘ഓരോന്നിനും ഓരോ സമയമുണ്ട്. തുടങ്ങാനെന്നതു പോലെ അവസാനിപ്പിക്കാനും,’’ സോമേട്ടന്‍ പറഞ്ഞു. ‘‘കാര്‍ത്തികേയന്‍ സാര്‍ തുടങ്ങിയ സമയം പോലെത്തന്നെ അത് അവസാനിപ്പിച്ച സമയവും നന്നായിരുന്നു. അത് ഒന്ന് ഓർമിപ്പിച്ചാല്‍ മതി.’’

‘‘ആരു പറഞ്ഞുവെന്നാണ് ഞാന്‍ പറയേണ്ടത്?’’ ഞാന്‍ ചിരിച്ചു.

‘‘അദ്ദേഹത്തിന്‍റെ നോവല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണെന്നു പറഞ്ഞാല്‍ മതി. അദ്ദേഹത്തിന്‍റെ പഴയ ഒരാരാധകന്‍. ആരാധകര്‍ക്ക് അതു പറയാന്‍ അവകാശമുണ്ടല്ലോ.’’

(തുടരും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.