പൂര്‍ണവിരാമം
ഞാന്‍ കാറില്‍നിന്ന് ഇറങ്ങിയതു കണ്ട് കാര്‍ത്തികേയന്‍ സാര്‍ പത്രത്തില്‍നിന്ന് മുഖമുയര്‍ത്തിയെങ്കിലും അദ്ദേഹത്തിന് എന്നെ മനസ്സിലായില്ലെന്നു തോന്നി. നടന്നടുക്കുന്ന എന്നെ അദ്ദേഹം സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.
ഞാന്‍ സിറ്റൗട്ടിലേക്ക് കയറിയതും കാര്‍ത്തികേയന്‍ സാര്‍ കസേരയില്‍നിന്നെഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ചു.
‘‘നീയിത് എവിടന്നാണ് ഈ വിദ്വാനെ പിടിച്ചുകൊണ്ടുവന്നത്?’’ സന്തോഷം അടക്കാനാവാതെ അദ്ദേഹം ശ്രീജയോടു ചോദിച്ചു.
‘‘അല്ലെങ്കിലും ഈ മോളെപ്പറ്റി അച്ഛന്‍ എന്തറിഞ്ഞു!’’ ശ്രീജ ചിരിച്ചു. ‘‘അച്ഛന്‍ പറഞ്ഞാല്‍ അമ്പിളിമാമനെക്കൂടി പിടിച്ചുകൊണ്ടുവന്നു തരില്ലേ ശ്രീജ?’’
വിശ്വാസം വരാത്തതുപോലെ എന്‍റെ മുഖത്തേക്കുതന്നെ നോക്കുന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘‘തലിയാര്‍ഖാന്‍,’’ കാര്‍ത്തികേയന്‍ സാറിന്‍റെ ശബ്ദം ഇടറി. ‘‘തന്നോടു പറയാതെ ഓടിപ്പോന്നതിന് എന്നോടു ക്ഷമിക്കണം.’’
‘‘സാറിന് എന്നില്‍നിന്ന് അങ്ങനെ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ഉറപ്പായില്ലേ?’’ ഞാന്‍ ഗൗരവം നടിച്ചു പറഞ്ഞു.
‘‘അതെ; ഓന്ത് ഓടിയാല്‍ വേലി വരെ എന്നാണല്ലോ അല്ലേ?’’
‘‘നമുക്ക് എല്ലാം സമാധാനമായിരുന്ന് സംസാരിക്കാം,’’ അപ്പോഴേക്കും സിറ്റൗട്ടിലെത്തിയ ലീലാവതിയമ്മ പറഞ്ഞു. ‘‘ആദ്യം ഊണു കഴിക്കാം. അകലെനിന്ന് വന്നതല്ലേ ഇയാള്‍!’’
അപ്പോഴാണ് ഞാന്‍ മൊബൈലില്‍ നോക്കിയത്. സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
‘‘ഹോട്ടലില്‍നിന്നുള്ള പകര്‍ച്ചയല്ലാതെ നമുക്ക് കഴിക്കാം,’’ പിന്നെ ലീലാവതിയമ്മയുടെ നേരെ തിരിഞ്ഞ് അദ്ദേഹം തുടര്‍ന്നു. ‘‘ഇയാളെ നമുക്ക് നല്ലവണ്ണം തീറ്റിക്കണം. അറിയാമോ, ഹോട്ടലില്‍നിന്നു കൊണ്ടുവരുന്ന പകര്‍ച്ചയുടെ മുക്കാല്‍ ഭാഗവും ഈ പഹയനാണ് തിന്നു തീര്‍ക്കാറ്.’’
‘‘തലിയാര്‍ഖാന്‍റെ പ്രായം അതല്ലേ?’’ എന്‍റെ കിണ്ണത്തിലേക്ക് ചോറു വിളമ്പിത്തരുമ്പോള്‍ ലീലാവതിയമ്മ ചിരിച്ചു.
ഊണു കഴിക്കുമ്പോള്‍ കലയൂരിലെ വീട്ടില്‍ ഞങ്ങള്‍ ഒരു മാസത്തിലധികം നീണ്ട ജീവിത്തെപ്പറ്റിയാണ് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞുകൊണ്ടിരുന്നത്.
‘‘കേട്ടോ തലിയാര്‍ഖാന്‍,’’ ശ്രീജ പറഞ്ഞു. ‘‘അച്ഛന് ആ വിശേഷങ്ങളൊന്നും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.’’
‘‘അത് ഞാനത്രയ്ക്ക് ആസ്വദിച്ചു. അതുകൊണ്ടാണ്.’’
ഊണു കഴിഞ്ഞ് സ്വീകരണമുറിയിലിരിക്കുമ്പോള്‍ പക്ഷേ ഞങ്ങള്‍ക്ക് പരസ്പരം ഒന്നും പറയാനുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കിടയില്‍ എന്തോ അപരിചിതത്വം പോലെ.
ഞാന്‍ ബാക്പാക്കില്‍നിന്ന് ‘ജമന്തിപ്പൂക്ക’ളുടെ കൈയെഴുത്തുപ്രതിയെടുത്ത് ടീപോയില്‍ വെച്ചു. കാര്‍ത്തികേയന്‍ സാര്‍ അത് കണ്ടുവെങ്കിലും പ്രത്യേകിച്ച് ഒന്നും ഭാവിച്ചില്ല.
‘‘നമുക്കിത് പൂര്‍ത്തിയാക്കണ്ടേ സര്‍?’’ ഞാന്‍ ചോദിച്ചു.
‘‘വേണോ?’’ സാര്‍ ഒരു മറുചോദ്യം കൊണ്ടാണ് മറുപടി പറഞ്ഞത്.
‘‘തീര്‍ച്ചയായിട്ടും വേണം. മലയാളത്തിന് നല്ല ഒരു നോവല്‍ നഷ്ടപ്പെടുത്താന്‍ പാടില്ലല്ലോ.’’
‘‘നല്ല നോവല്‍! താനെന്താ തമാശ പറയുകയാണോ? അതൊരു നോവലാണോ? താനും കുറേശ്ശെ വായിക്കുന്ന ആളല്ലേ?’’
‘‘നല്ലതാണോ ചീത്തയാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് നമ്മളല്ലല്ലോ. വായനക്കാരല്ലേ?’’
‘‘കുറച്ചൊക്കെ എഴുതിയ ആള്‍ക്കു തന്നെ പറ്റും. പിന്നെ കേട്ടെഴുതിയ ആള്‍ക്ക് തീര്‍ച്ചയായും പറ്റും. തനിക്ക് അങ്ങനെയാണോ അഭിപ്രായം?’’
‘‘ഇത്രയുമായില്ലേ സര്‍? ഇത് പാതിക്കു വെച്ചു നിര്‍ത്തുന്നതു ശരിയാണോ? ഇത്ര പണിയെടുത്തതല്ലേ?’’
‘‘ഓ, പണി! തനിക്ക് ഒന്നും തന്നില്ലല്ലോ അല്ലേ? അവിടെനിന്ന് ഓടിപ്പോരുമ്പോള്‍ ഞാനതു വിട്ടുപോയി. അന്നു ചോദിച്ചപ്പോള്‍ എന്താണ് തന്‍റെ റേറ്റ് എന്ന് താനും പറഞ്ഞില്ലല്ലോ. ഇനി പറയണം. വക്കും മുനയും പൊട്ടാതെ എന്താണെന്നു വെച്ചാല്‍ ഇപ്പോള്‍ത്തന്നെ തരാം.’’
‘‘അതൊക്കെ പറയാം,’’ ഞാന്‍ പറഞ്ഞു. ‘‘പക്ഷേ അതുകൊണ്ടു മാത്രം സാറിന്‍റെ ബാധ്യത തീരുമെന്നു വിചാരിക്കുന്നുണ്ടോ?’’
‘‘പിന്നെ എന്താണ് വേണ്ടത്?’’
‘‘സാര്‍ ഈ നോവല്‍ എഴുതി പൂര്‍ത്തിയാക്കണം. കേട്ടെഴുതാന്‍ തയ്യാറായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. കലയൂരിലോ മാവേലിക്കരയിലോ, എവിടെ വെച്ചായാലും. ഞാന്‍ തയ്യാറാണ്. ഇനി വേറെ എവിടെ വെച്ചായാലും വേണ്ടില്ല. എനിക്കു സൗകര്യമാണ്.’’
‘‘സാധ്യമല്ല തലിയാര്‍ഖാന്‍.’’ സാറിന്‍റെ ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു.
‘‘എന്നാല്‍ എന്തുകൊണ്ട് എന്ന് എന്നെ ബോധ്യപ്പെടുത്താനുള്ള ബാധ്യതകൂടി സാറിനുണ്ട്. അതു കേള്‍ക്കാതെ ഞാനിവിടെനിന്നു പോവില്ല.’’
‘‘താനെന്നെ കഷ്ടപ്പെടുത്തിയേ അടങ്ങൂ അല്ലേ? ഈ വയസ്സനോട് എന്തു ക്രൂരതയും ആവാമെന്നാവും. ആവട്ടെ, ഞാന്‍ തന്നെ ഇഷ്ടപ്പെട്ടുപോയില്ലേ! ഇനി ഒഴിഞ്ഞുമാറുന്നത് ശരിയല്ലല്ലോ.’’
കാര്‍ത്തികേയൻ സാര്‍ സോഫയിലേക്ക് ചാരിയിരുന്നു.
‘‘എന്‍റെ നഷ്ടപ്പെട്ടു പോയ നോവലിനെപ്പറ്റി ഞാന്‍ തന്നോടു പറഞ്ഞിരുന്നുവല്ലോ. കലയൂരിലെ രണ്ടു കുടുംബങ്ങളുടെ കഥയായിരുന്നു അത്. ചായക്കട നടത്തുന്ന ജ്യേഷ്ഠാനുജന്മാരും ജ്യേഷ്ഠന്‍റെ ഭാര്യയും അടങ്ങുന്ന കുടുംബം. ആ ദേശത്ത് മറ്റു ചായക്കടകളൊന്നുമുണ്ടായിരുന്നില്ല. ദേശക്കാര്‍ എല്ലാവരും ഒത്തുചേരുന്ന സ്ഥലമായിരുന്നു ആ ചായക്കട. അവിടെ നടക്കുന്ന സംഭവങ്ങളിലൂടെ ആ ദേശത്തിന്‍റെ കഥതന്നെയാണ് പറഞ്ഞുവെച്ചത്. പൊറ്റെക്കാട്ട് ഒരു ദേശത്തിന്‍റെ കഥ എഴുതുന്നതിനു മുമ്പാണ് എന്നോര്‍ക്കണം. ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെടാതെ പോയത് എന്‍റെ എഴുത്തുജീവിതത്തില്‍ ഒരു ദിശാഭ്രംശമുണ്ടാക്കി. പിന്നീട് ഞാന്‍ എഴുതിയതിലൊന്നിലും എന്‍റെ മനസ്സുണ്ടായിരുന്നില്ല. എന്‍റെ ദേശവും. നോവലുകള്‍ക്കു പിന്നാലെ നോവലുകള്‍ എഴുതിക്കൂട്ടി. വായനക്കാര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടു മാത്രം. എനിക്ക് പണം കിട്ടിയിരുന്നു എന്നതു കൊണ്ടുമാത്രം.’’
ശ്രീജ അകത്തുനിന്ന് രണ്ടു ബൗളുകളില്‍ ഫ്രൂട്ട് സലാഡുമായി വന്നു. അതിലൊരെണ്ണം എനിക്കു തന്ന് മറ്റേ ബൗളുമായി എനിക്കെതിരെയുള്ള സോഫയില്‍ ഇരിപ്പുറപ്പിച്ചു.
‘‘അച്ഛന്‍ എല്ലാ വിധത്തിലുള്ള മധുരങ്ങളും ഉപേക്ഷിച്ചിരിക്കുന്നു,’’ ഞാന്‍ സംശയത്തോടെ നോക്കുന്നതു കണ്ട് ശ്രീജ പറഞ്ഞു.
‘‘കോട്ടയത്തെ ലോഡ്ജിലിരുന്ന് ഏഴു നോവലുകള്‍ ഒന്നിച്ച് എഴുതിയത് എനിക്കു മറക്കാനാവില്ല. ഞാന്‍ നോവലിനെ വെറുത്തു. എഴുത്തിനെ വെറുത്തു. ഞാന്‍ എന്നെത്തന്നെ വെറുത്തു. അതിനെപ്പറ്റിയും തന്നോടു പറഞ്ഞിട്ടുണ്ടല്ലോ.’’
‘‘ഉവ്വല്ലോ. അതാണല്ലോ സാറിന്‍റെ എഴുത്ത് ഈ സ്തംഭനത്തിലെത്തിച്ചത്.’’
‘‘കോട്ടയത്തെ ലോഡ്ജിലിരുന്ന് നോവലെഴുതിക്കൊണ്ടിരുന്ന കാലത്ത് എന്താണ് എന്‍റെ എഴുത്തുജീവിതം എന്ന് ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കാന്‍ ഞാന്‍ തയ്യാറായി. ഇരുപതു വയസ്സില്‍ തുടങ്ങിയതാണ്. എനിക്ക് അമ്പത്തിരണ്ടു വയസ്സായിരുന്നു. മുപ്പത്തിരണ്ടു കൊല്ലത്തെ എഴുത്ത്. നൂറിലധികം നോവലുകള്‍. അതില്‍ ഏഴെണ്ണം അമ്പത്തിരണ്ടാമത്തെ വയസ്സില്‍ ഒരേ സമയം എഴുതിയ നോവലുകളാണ്. എന്നിട്ട് ഞാന്‍ എന്താണ് നേടിയത്?’’
കാര്‍ത്തികേയന്‍ സാര്‍ കുറച്ചുനേരം ഒരിടവേളയെടുത്തു.
‘‘എഴുത്തിന്‍റെ 32 കൊല്ലങ്ങള്‍ക്കിടയില്‍ ഞാന്‍ കാര്യമായി ഒരു പുസ്തകവും വായിച്ചിട്ടുണ്ടായിരുന്നില്ല. അതായത് 1960ല്‍ എന്‍റെ വായന നിലച്ചുപോയിരുന്നു. എന്‍റെ വായന ബഷീറിനും പൊറ്റെക്കാട്ടിനും ഉറൂബിനും തകഴിക്കും ദേവിനുമപ്പുറം പോയിരുന്നില്ല. എന്നു മാത്രമല്ല അവര്‍ 1960നു ശേഷമെഴുതിയതുപോലും ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല. വീടു പണിതു; ബാങ്കില്‍ അത്യാവശ്യത്തിനു പണമുണ്ടായി; സ്നേഹമുള്ള ഭാര്യയെ കിട്ടി; രണ്ടു മക്കളുണ്ടായി. പക്ഷേ ഞാന്‍ പരമദരിദ്രനാണെന്ന് എനിക്കു തോന്നി.’’
‘‘അങ്ങനെയാണ് അച്ഛന്‍ വായനയിലേയ്ക്കു തിരിഞ്ഞത്,’’ ശ്രീജ ഇടയില്‍ക്കടന്നു പറഞ്ഞു. ‘‘തലിയാര്‍ഖാന്‍, ഇക്കണ്ട കാലത്തിനിടക്ക് അച്ഛന്‍ വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല.’’
‘‘അതെ. അധികവും നോവലുകളാണ് വായിച്ചത്. തകഴിയെയും ദേവിനെയും ഉറൂബിനെയും പൊറ്റെക്കാട്ടിനെയും ബഷീറിനെയും എം.ടി. വാസുദേവന്‍ നായരെയുമൊക്കെ തുടര്‍ന്നു വായിക്കുന്നത് അപ്പോഴാണ്. ഒ.വി. വിജയനെയും ആനന്ദിനെയുമൊക്കെ അറിയുന്നത് അപ്പോഴാണ്. മലയാളസാഹിത്യത്തില്‍ വന്ന മാറ്റങ്ങളും അപ്പോഴാണ് അറിയുന്നത്. പുതിയതായി വന്ന എഴുത്തുകാര്‍ എന്നെ അത്ഭുതപ്പെടുത്തി. പിന്നെയങ്ങോട്ട് വായന തന്നെയായിരുന്നു. ഇപ്പോഴത് ഈ 2025ലെ ഏറ്റവും പുതിയ എഴുത്തുകാരില്‍ വരെ എത്തിനില്‍ക്കുന്നു.’’
‘‘ഇതാ ഇതുവരെ അച്ഛന്‍ വായിച്ചുകഴിഞ്ഞു,’’ ശ്രീജ ടീപോയില്‍നിന്ന് എസ്. ഹരീഷിന്‍റെ ‘പട്ടുനൂല്‍പ്പുഴു’ എടുത്തുയര്‍ത്തി എന്നെ കാണിച്ചു.
‘‘പിന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യയിലെ മറ്റു ഭാഷാ നോവലുകളും വായിച്ചു. ഇംഗ്ലീഷ് കാര്യമായി സ്വാധീനമില്ലാത്തതുകൊണ്ട് വിവര്‍ത്തനം വഴിയാണ് വിദേശ സാഹിത്യവും വായിച്ചത്.’’ ഒന്നു നെടുവീര്‍പ്പിട്ടുകൊണ്ട് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘വായനയുടെ നീണ്ട 33 കൊല്ലങ്ങള്‍.’’
ലീലാവതിയമ്മ അകത്തുനിന്ന് ഒരു കപ്പുമായി വന്ന് കാര്‍ത്തികേയന്‍ സാറിനു കൊടുത്തു.
‘‘എന്‍റെ ചായപ്രാന്തൊക്കെ അയാള്‍ക്കറിയാം,’’ ലീലാവതിയമ്മ എന്നെ നോക്കുന്നതു കണ്ട് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘ഒന്നര മാസം ഞങ്ങളൊന്നിച്ച് താമസിച്ചതല്ലേ?’’
‘‘എല്ലാ തരത്തിലുമുള്ള മധുരം എന്നു ശ്രീജ പറഞ്ഞപ്പോള്‍ ചായയില്‍ ഒഴികെ എന്നുകൂടി പറയേണ്ടതായിരുന്നു,’’ ലീലാവതിയമ്മ കാര്‍ത്തികേയന്‍ സാറിരിക്കുന്ന ഇരട്ട സോഫയില്‍ ഇരുന്നു. ‘‘കുറച്ചു മധുരമിടാതെ സാര്‍ ചായ കുടിക്കില്ല.’’
‘‘മറ്റുള്ളവരുടെ നല്ല കൃതികള്‍ വായിച്ചാല്‍ എഴുതാന്‍ മോഹം തോന്നുന്നതു കുറ്റമല്ലല്ലോ,’’ കാര്‍ത്തികേയൻ സാര്‍ പറഞ്ഞു. ‘‘കാര്യമായി എന്തെങ്കിലും എഴുതണം എന്നു തീരുമാനിച്ച് കടലാസും പേനയുമെടുത്ത് ഇരുന്നു. കടലാസും പേനയും കിട്ടിയതുകൊണ്ടു മാത്രം എഴുതാന്‍ കഴിയില്ലല്ലോ. അതെല്ലാം പാഴ്ശ്രമങ്ങള്‍ മാത്രമായി ഒടുങ്ങി. ഇനി ഒന്നും എഴുതേണ്ടതില്ല എന്ന ദൃഢനിശ്ചയത്തോടെ കഴിയുമ്പോഴാണ് ‘മനോമയം’ പത്രാധിപരുടെ വരവ്. ഞാനത് ഒട്ടും പ്രതീക്ഷിച്ചതല്ല. ആദ്യം എനിക്ക് അയാളോട് ദേഷ്യമാണ് തോന്നിയത്. പിന്നെ ഒരു പത്രാധിപരെങ്കിലും എന്നെ ഓർമിക്കുന്നുണ്ടല്ലോ എന്ന സന്തോഷവും തോന്നി. എന്നിട്ടും ഞാനയാളെ തിരിച്ചയച്ചു. പക്ഷേ രണ്ടാമതു വന്നപ്പോള്‍ ഞാന്‍ അയാളോടു പറഞ്ഞു.
‘‘നിങ്ങളുടെ വാരികയ്ക്കു പറ്റിയ ഒന്നാവില്ല ഞാന്‍ ഇനിയെഴുതുന്ന നോവല്‍. എഴുതിത്തീര്‍ന്നിട്ട് ആക്ഷേപിക്കരുത്.’’
‘‘മറ്റു പല നിബന്ധനകളോടൊപ്പം ഇതും അയാള്‍ അംഗീകരിച്ചു.
‘‘പിന്നെ സംഭവിച്ചതെല്ലാം തനിക്കും അറിയാമല്ലോ തലിയാര്‍ഖാന്‍?’’
‘‘കുറച്ചൊക്കെ അറിയാം. പക്ഷേ പ്രധാനപ്പെട്ട ഒന്ന് ബാക്കിയുണ്ട്: എന്താണ് പെട്ടെന്ന് കലയൂര്‍ വിട്ട് ഒളിച്ചോടിപ്പോരാനുള്ള കാരണം? അതും എന്നോട് ഒരു വാക്കുപോലും പറയാതെ?’’
കാര്‍ത്തികേയൻ സാര്‍ ചിരിച്ചു.
‘‘അതും തനിക്ക് ഊഹിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.’’
‘‘ഞാനെങ്ങനെ ഊഹിക്കാനാണ്?’’
‘‘ഞാന്‍ എഴുതിയതൊക്കെ പകര്‍ത്തിയെഴുതിയ ആളാണല്ലോ താന്‍. എന്നിട്ടും?’’
‘‘സാറിന്‍റെ മനസ്സിലുള്ളതു വായിക്കാന്‍ എനിക്ക് ദിവ്യശക്തിയൊന്നുമില്ലല്ലോ. അതും എഴുതിത്തീര്‍ന്നിട്ടില്ലാത്ത ഒരു കൃതി വെച്ച്.’’
‘‘എടോ, നോവല്‍ എന്ന പേരില്‍ ഞാന്‍ എന്താണ് തന്നെക്കൊണ്ട് കേട്ടെഴുതിച്ചത്? അത് നോവലായിരുന്നു എന്ന് തനിക്കു തോന്നുന്നുണ്ടോ?’’
‘‘നോവലായിരുന്നു എന്നു പറയാന്‍ വയ്യ. എന്നാല്‍ നോവല്‍ പോലെ വായിക്കാവുന്ന ഒരാത്മകഥ.’’
‘‘ആരുടെ ആത്മകഥ?’’
‘‘കലയൂര്‍ കാര്‍ത്തികേയന്‍റെ.’’
‘‘കലയൂര്‍ കാര്‍ത്തികേയന്‍! ആരാണയാള്‍? വായനാസുഖമുള്ള കുറച്ചു നോവലുകളെഴുതിയ ആള്‍. അതല്ലേ? എന്താണയാളുടെ ജീവിതം? ഒരു സംഭവമോ എന്തെങ്കിലും അത്ഭുതമോ ഇല്ലാത്ത വെറും ഒരു കഥ. തനി പച്ചവെള്ളംപോലെ ഒരാത്മകഥ!’’
‘‘അങ്ങനെ പറയാമോ? ഒരു കാലഘട്ടത്തിന്‍റെ കഥയല്ലേ അത്?’’
‘‘മണ്ണാങ്കട്ടയാണ്. വീട്ടിലേക്ക് പോവുകയാണെന്നും രണ്ടു ദിവസത്തെ ലീവു വേണമെന്നും പറഞ്ഞ് താന്‍ വീട്ടില്‍നിന്നു മടങ്ങിപ്പോയ ദിവസം. എത്ര അധമമായ രചനയാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടെ ഞാന്‍ എഴുന്നേറ്റ് ഇരിപ്പുമുറിയിലേക്ക് ചെന്നു. അത്രയും എഴുതിവെച്ചതെല്ലാം ഒരു വട്ടംകൂടി വായിച്ചുനോക്കുകപോലും ചെയ്യാതെ കത്തിച്ചുകളയാനാണ് ഞാന്‍ അവിടേക്ക് ചെന്നത്. പക്ഷേ, കൈയെഴുത്തുപ്രതി അവിടെ കണ്ടില്ല. താന്‍ അത് വേറെ എവിടെയോ ആണ് സൂക്ഷിക്കുന്നതെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. അല്ലെങ്കില്‍ ഈ കടലാസുകള്‍ അന്നേ ഞാന്‍ കത്തിച്ചുകളഞ്ഞേനെ.’’
ടീപോയിലെ കടലാസു കെട്ട് എടുത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
‘‘ഉദ്യമം എന്നേയ്ക്കുമായി അവസാനിപ്പിച്ച് മാവേലിക്കരയിലേയ്ക്കു മടങ്ങാന്‍ അന്നു രാത്രിയാണ് തീരുമാനിച്ചത്. എനിക്ക് രണ്ടു സങ്കടങ്ങളുണ്ടായിരുന്നു. ഒന്ന്: തലിയാര്‍ഖാനോട് യാത്ര പറയാതെ പോന്നത്. രണ്ട്: ഈ കയ്യെഴുത്തു പ്രതി കത്തിച്ചുകളയാന്‍ കഴിയാതെ പോയത്.’’
കൈയിലിരിക്കുന്ന ‘ജമന്തിപ്പൂക്കള്‍’ എനിക്കു നേരെ നീട്ടിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു.
‘‘ഇനി ഇത് ഞാന്‍ തനിക്ക് തരുന്നു. എന്തുവേണമെങ്കിലും ചെയ്യാം. തന്‍റെ അദ്ധ്വാനം ഞാന്‍ വില കുറച്ചുകാണുന്നില്ല.’’
കത്തിച്ചുകളഞ്ഞാലും എല്ലാം ലാപ്ടോപ്പില്‍ സുരക്ഷിതമായി ഇരിക്കുന്നുണ്ട് എന്നു ഞാന്‍ കാര്‍ത്തികേയന്‍ സാറിനോടു പറഞ്ഞില്ല.
അങ്ങനെ ‘ജമന്തിപ്പൂക്കളു’ടെ കഥ അവസാനിക്കുകയാണ്. കൈയെഴുത്തുപ്രതിയെടുത്ത് ഞാന്‍ എന്‍റെ ബാക്പാക്കിലേക്ക് തിരുകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു പുസ്തകം എന്‍റെ കൈയില്‍ തടഞ്ഞത്. ഇതിനിടെ ഞാനതു മറന്നുപോയിരുന്നു.
ഒരു സര്‍പ്രൈസ് ആവട്ടെ എന്നു വിചാരിച്ച് ബാക്പാക്കില്‍നിന്ന് ‘ഈറ്റുനോവ്’ പുറത്തെടുത്ത് ഞാന്‍ കാര്‍ത്തികേയന്‍ സാറിനു നേരെ നീട്ടി.
‘‘ഇതെവിടെനിന്നു കിട്ടി?’’ കാര്‍ത്തികേയന്‍ സാര്‍ അത്ഭുതപ്പെട്ടു. പുസ്തകം തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖഭാവം ശ്രദ്ധിച്ചു.
ഞാന്‍ പ്രതീക്ഷിച്ച ആഹ്ലാദം അദ്ദേഹത്തിന്‍റെ മുഖത്തു കാണാനില്ല.
‘‘ആദ്യത്തെ നോവല്‍ കയ്യില്‍ കിട്ടിയിട്ടും സാറിന് എന്താണ് ഒരു സന്തോഷവുമില്ലാത്തതുപോലെ?’’
‘‘ഇതല്ലല്ലോ എന്‍റെ ആദ്യത്തെ നോവല്‍! ഇതു നമുക്ക് ലീലാവതിക്കു കൊടുക്കാം,’’ കാര്‍ത്തികേയന്‍ സാര്‍ ‘ഈറ്റുനോവ്’ അവര്‍ക്കെടുത്തു നീട്ടി. ‘‘എന്‍റെ നോവലുകള്‍ ശേഖരിക്കുന്നതിനിടയില്‍ ഈറ്റുനോവ് കിട്ടാത്തതില്‍ അവള്‍ക്കായിരുന്നു സങ്കടം.’’
‘‘എത്രവട്ടം തപ്പിയിട്ടുണ്ടെന്നോ ഈ നോവലിനു വേണ്ടി,’’ ലീലാവതിയമ്മ പറഞ്ഞു. അവര്‍ക്ക് സന്തോഷംസകൊണ്ട് ശ്വാസം മുട്ടുന്നുണ്ടെന്നു തോന്നി.
‘‘പറഞ്ഞുകേട്ടിട്ടുണ്ടെന്നല്ലാതെ ഞാനിത് ആദ്യമായിട്ടാണ് കാണുന്നത്,’’ ശ്രീജ പറഞ്ഞു. ‘‘ഇന്നത്തെ ദിവസം നമുക്ക് ഒന്ന് ആഘോഷിക്കണ്ടേ അച്ഛാ?’’
‘‘കേട്ടോ തലിയാര്‍ഖാന്‍,’’ ലീലാവതിയമ്മ പറഞ്ഞു. ‘‘കുറേ കാലത്തിനു ശേഷം ഇദ്ദേഹം ഒരു നോവലെഴുതാന്‍ പോവുന്നു എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. എല്ലാവരും എന്നെ മറന്നിട്ടുണ്ടാവും, ഇനി ഞാനെന്തിനാണ് എഴുതുന്നത് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ആരും മറന്നിട്ടില്ലെന്ന് ഇപ്പോള്‍ ഉറപ്പായില്ലേ? ഒരു ബുക്സ്റ്റാളില്‍, അതും മാവേലിക്കരയിലെ ഒരു ബുക്സ്റ്റാളില്‍ത്തന്നെ ഇദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വെച്ചിരിക്കുന്നതു കണ്ടില്ലേ?’’ അവര്‍ പുസ്തകം പിന്നെയും പിന്നെയും മറിച്ചുനോക്കിക്കൊണ്ടിരുന്നു.
‘‘നോവല്‍ ആവശ്യപ്പെട്ടുകൊണ്ട് മനോമയക്കാര്‍ വന്നപ്പോള്‍ ഇവിടെയിരുന്ന് എഴുതിയാല്‍ മതി എന്നും അല്ല കലയൂരാണെങ്കില്‍ കൂടെ വന്നുനില്‍ക്കാം എന്നുമൊക്കെ ഞാന്‍ പറഞ്ഞതാണ്,’’ ലീലാവതിയമ്മ പറഞ്ഞു. ‘‘പക്ഷേ ഒന്നും കൂട്ടാക്കിയില്ല. അതുകൊണ്ട് അത്യാഹിതം എന്തെങ്കിലും സംഭവിച്ചുവെന്നല്ല. പക്ഷേ പെട്ടെന്ന് എഴുത്തുപേക്ഷിച്ച് ഇങ്ങനെ മടങ്ങിവരാന്‍ ഞാന്‍ അവിടെയുണ്ടെങ്കില്‍ സമ്മതിക്കുമായിരുന്നില്ല. നോവലെഴുത്ത് ഉപേക്ഷിച്ചു എന്നു പറഞ്ഞ് ഒരു ദിവസം പെട്ടെന്ന് ഇവിടേക്ക് വന്നപ്പോള്‍ എനിക്ക് എന്തുമാത്രം സങ്കടം തോന്നിയെന്നോ! അങ്ങനെ ഉപേക്ഷിച്ചു പോരാനുള്ളതല്ലല്ലോ എഴുത്ത്! എത്ര ആളുകള്‍ വായിച്ചിരുന്നതാണ് കലയൂര്‍ കാര്‍ത്തികേയനെ. എനിക്കുറപ്പുണ്ട്: അവരൊക്കെ ഇപ്പോഴും കാത്തിരിക്കുന്നുണ്ട് ഇദ്ദേഹത്തിനെ. അവര്‍ക്കങ്ങനെ എളുപ്പം മറക്കാന്‍ കഴിയുമോ?’’
ഞാന്‍ ഒന്നും മിണ്ടിയില്ല. കലയൂര്‍ കാര്‍ത്തികേയന്‍റെ ഏതെങ്കിലും പുസ്തകം പോട്ടെ; അദ്ദേഹത്തിന്‍റെ പേരുപോലും കേള്‍ക്കാത്തവരാണ് ഇപ്പോഴത്തെ വായനക്കാര്‍ എന്ന് അവരോടു പറയാന്‍ വയ്യല്ലോ.
‘‘ഇതിപ്പോഴും അപൂർണമാണ് മാഡം,’’ ഞാന്‍ ‘ജമന്തിപ്പൂക്കളു’ടെ കൈയെഴുത്തുപ്രതി ഉയര്‍ത്തിക്കാട്ടി. ‘‘എന്താണ് ചെയ്യേണ്ടതെന്ന് സാര്‍ പറയുന്നില്ല.’’
ലീലാവതിയമ്മ അപ്പോഴാണ് കൈയെഴുത്തുപ്രതി ശ്രദ്ധിച്ചത്. അവര്‍ കൗതുകത്തോടെ അതു തുറന്ന് വായിക്കാന്‍ തുടങ്ങി. അമ്മയോടു ചേര്‍ന്നിരുന്ന് ശ്രീജയും ഒപ്പം കൂടി.
‘‘ഇതു നമുക്കു പൂര്‍ത്തിയാക്കണ്ടേ?’’ ഞാന്‍ ലീലാവതിയമ്മയോടും ശ്രീജയോടുമായി ചോദിച്ചു.
‘‘തീര്‍ച്ചയായിട്ടും വേണം തലിയാര്‍ഖാന്‍,’’ ലീലാവതിയമ്മ പറഞ്ഞു. ‘‘അതു കേട്ടെഴുതാന്‍ തയ്യാറായല്ലേ നിങ്ങള്‍ വന്നിരിക്കുന്നത്?’’
‘‘എന്തിനും തയ്യാറായാണ് ഞാന്‍ വന്നിരിക്കുന്നത്.’’
‘‘പക്ഷേ, ഞാന്‍ ഒന്നിനും തയ്യാറല്ല എങ്കിലോ?’’ കാര്‍ത്തികേയൻ സാറിന്‍റെ ശബ്ദമുയര്‍ന്നു. ‘‘ഇനിയും ഞാന്‍ ഇതൊക്കെ വീണ്ടും പറയണോ നിങ്ങളോട്?’’
‘‘എങ്കില്‍പ്പിന്നെ ഇത് ഇനി എന്തു ചെയ്യണമെന്നുകൂടി പറയൂ സര്‍,’’ ഞാന്‍ കൈയെഴുത്തുപ്രതി ചൂണ്ടിക്കാട്ടി.
‘‘അതിന് ആവശ്യക്കാരുണ്ടല്ലോ,’’ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘ഇന്നലെ ‘മനോമയ’ത്തില്‍നിന്ന് ഒരാള്‍ ഇവിടെ വന്നിരുന്നു. ഞാന്‍ പറഞ്ഞു അത് തന്‍റെ കയ്യിലാണെന്ന്. അപ്പോള്‍ അയാള്‍ തന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അത് എന്‍റെ കയ്യില്‍ ഇല്ലെന്നു പറഞ്ഞത് ആദ്യം അയാള്‍ വിശ്വസിച്ചില്ല. ഞാന്‍ തന്‍റെ പേരു പറഞ്ഞുകൊടുത്തിട്ടുണ്ട്. കലയൂരാണ് തല്‍ക്കാലം താമസമെന്നും പറഞ്ഞിട്ടുണ്ട്. കലയൂര് എവിടെയാണ് താന്‍ തങ്ങുന്നത് എന്ന് എനിക്കും അറിയുമായിരുന്നില്ലല്ലോ. അയാളത് കണ്ടുപിടിച്ച് തന്‍റെ അടുത്ത് എത്തുമായിരിക്കും.’’
ആ വിവരം എന്നില്‍ ഒരു നടുക്കമുണ്ടാക്കിയെങ്കിലും അത് പുറത്തുകാണിക്കാതെ ഞാന്‍ ചോദിച്ചു.
‘‘എന്നാലും എഴുതിത്തീരാത്ത ഈ നോവല്‍ എങ്ങനെ പ്രസിദ്ധീകരിക്കണമെന്നാണ്?’’
‘‘പ്രസിദ്ധീകരിക്കണമെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. അയാള്‍ക്കു കൊടുക്കണോ പ്രസിദ്ധീകരിക്കണോ അതോ കത്തിച്ചുകളയണോ എന്നെല്ലാം താന്‍ തീരുമാനിച്ചാല്‍ മതി. ഇനി അതിന്മേലുള്ള എല്ലാ അവകാശവും തലിയാര്‍ഖാന്‍ എന്ന തനിക്കാണ്.’’
കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനം വന്നതുപോലെ എനിക്കു തോന്നി. എന്‍റെ ദൗത്യവും അവസാനിക്കുകയാണ്.
എന്നാലും ചില പ്രതിബന്ധങ്ങള്‍ നേരിടാനുണ്ട്. ‘മനോമയ’ത്തിന്‍റെ ദൂതന്‍ ഒട്ടും വൈകാതെ എന്നെ തേടിവരും എന്നുറപ്പായല്ലോ. അവര്‍ എത്തുക വേശുവമ്മയുടെ വീട്ടിലാണ്. അതിനുമുമ്പ് അയാള്‍ എന്‍റെ ഫോണ്‍ നമ്പര്‍ തപ്പിയെടുക്കുമോ?
അത് അവര്‍ക്ക് എവിടന്നു കിട്ടാനാണ്? എന്നാലും എന്‍റെ പേരിന്‍റെ പ്രത്യേകതകൊണ്ട് ഒരുപക്ഷേ അവര്‍ക്കത് സാധിച്ചുകൂടെന്നില്ല. ‘മനോമയ’ത്തിന് ‘ശാരിക’യില്‍ ഉണ്ടാവില്ലേ ആരെങ്കിലും ചാരനായി? ഞാനത് തുടക്കത്തിലേ സംശയിക്കുന്നതാണ്. ചാരന്‍ എന്നുപോലും പറയേണ്ടതില്ല. എതിര്‍ചേരിയിലുള്ള ആരെങ്കിലുമായി സൗഹൃദം സ്ഥാപിക്കുന്നത് തെറ്റൊന്നുമല്ലല്ലോ. ബാബുവോ ശ്രീരാഗോ ദേവനോ ആരെങ്കിലും എന്‍റെ ഫോണ്‍ നമ്പര്‍ കൊടുക്കാനും മതി. ഏതായാലും കുറച്ചു ദിവസങ്ങളായി അറിയാത്ത നമ്പറില്‍നിന്നു വിളി വന്നാല്‍ എടുക്കേണ്ട എന്ന തീരുമാനമെടുത്തിരുന്നു ഞാന്‍. എന്നാല്‍, ഇതുവരെ അങ്ങനെയൊരു വിളി എവിടെനിന്നും വന്നിട്ടുമില്ല.
‘ശാരിക’യില്‍നിന്ന് എഡിറ്റര്‍ എന്നെ അയച്ചതാണ് എന്ന് കാര്‍ത്തികേയൻ സാര്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്നേ അവസാനിച്ചേനെ. മൂല്യങ്ങള്‍ക്ക് വില കൽപിക്കുന്ന ഈ എഴുത്തുകാരന്‍ അത്തരം ആള്‍മാറാട്ടമൊന്നും വെച്ചുപൊറുപ്പിക്കുകയില്ലെന്നു തീര്‍ച്ച.
അതിന് ഇതുവരെ ഒരു പോറല്‍പോലും ഏല്‍ക്കാതിരുന്നതാണ് അധാർമികമായ ഈ ദൗത്യത്തിനിടയിലും ഞാന്‍ ആർജിച്ച പുണ്യം.
ഞാന്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ എന്‍റെ കൈ പിടിച്ചു.
‘‘ഈ ഉദ്യമംകൊണ്ട് എനിക്ക് ആകെയുണ്ടായ സമ്പാദ്യം താനുമായുള്ള സൗഹൃദമാണ്. അത് വാക്കുകള്‍കൊണ്ടോ പണംകൊണ്ടോ അളക്കാനാവില്ല. കേട്ടെഴുത്തിന് തനിക്ക് ഞാന്‍ ഒന്നും തന്നില്ല. അത് തന്നെ അപമാനിക്കുന്നതുപോലെയാവും എന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നു.’’
കാര്‍ത്തികേയന്‍ സാറിന്‍റെ കണ്ണു നിറഞ്ഞു.
‘‘ചില കടങ്ങളൊന്നും വീട്ടാന്‍ കഴിയില്ലെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്. വേഗം പൊയ്ക്കോളൂ. കലയൂരിലെത്താന്‍ കുറേ പോവേണ്ടതാണല്ലോ. ഇപ്പോള്‍ ഇറങ്ങിയാല്‍ രാത്രി വല്ലാതെ വൈകുന്നതിനു മുമ്പ് അവിടെയെത്താം.’’
സിറ്റൗട്ടിലേക്ക് അവര്‍ മൂന്നു പേരും ഒപ്പം വന്നു.
‘‘ഒരു കാര്യം ചോദിക്കാന്‍ മറന്നു,’’ കാര്‍ത്തികേയൻ സാര്‍ പറഞ്ഞു. ‘‘തന്‍റെ ഗവേഷണം എന്തായി?’’
സാര്‍ എന്താ ചോദിക്കുന്നതെന്ന് എനിക്ക് പെട്ടെന്നു മനസ്സിലായില്ല. പിന്നെയാണ് ആദ്യദിവസത്തെ സംഭവങ്ങള്‍ ഓർമിച്ചത്.
‘‘കുഴപ്പമില്ല സര്‍. അതു തുടരുന്നുണ്ട്. തുടങ്ങിയിട്ടല്ലേയുള്ളൂ.’’
‘‘കുറേ ദിവസം എന്‍റെ പിന്നാലെ നടന്നിട്ട് സമയം കുറേ പാഴാക്കിയല്ലേ? ഇനിയെങ്കിലും അത് ഊർജിതമായി മുന്നോട്ടു കൊണ്ടുപോവുക. തനിക്ക് എല്ലാവിധ ആശംസകളുമുണ്ട്.’’
കാര്‍ത്തികേയന്‍ സാറിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ഞാനിറങ്ങി.
‘മനോമയ’ത്തില്‍നിന്നുള്ള ദൂതന്‍ അന്വേഷിച്ച് എത്തും മുമ്പ് എനിക്കിത് എഡിറ്ററുടെ കൈയില്‍ ഏൽപിക്കേണ്ടതുണ്ട്. അതോടെ, എനിക്ക് സമാധാനമായി സഞ്ചരിക്കാം.
പിന്നെ എല്ലാം എഡിറ്ററുടെ തീരുമാനമനുസരിച്ചിരിക്കും. എനിക്കതില്‍ ഒരു പങ്കുമില്ല.
ഒരു രസത്തിനുവേണ്ടി ഞാന്‍ ആലോചിച്ചു: നോവല്‍ പ്രസിദ്ധീകരിക്കാന്‍ എഡിറ്റര്‍ തീരുമാനിക്കുകയാണെങ്കില്‍ എന്താവും പരസ്യവാചകം?
‘വലിയ ഒരെഴുത്തുകാരന്‍റെ പൂര്‍ത്തിയാകാത്ത നോവല്‍ അല്ലെങ്കില്‍ അവസാനത്തെ നോവല്‍’ എന്നായിരിക്കുമോ?
നല്ല പരസ്യമാണ്. ഒരുപക്ഷേ പൂര്‍ത്തിയായ നോവലിനെക്കാളും ചാരുതയുണ്ട് അപൂർണമായ നോവലിന്. ബസിലിരിക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു.
എന്നാലും ‘അവസാനത്തെ’ എന്ന വാക്ക്. എത്ര നല്ല പരസ്യവാചകമായാലും അത് എന്നെ വേദനിപ്പിക്കുന്നുണ്ട്. ഒന്നിനും ഒന്നും ഒരവസാനമാവാതിരിക്കട്ടെ.
പക്ഷേ, അങ്ങനെ ഒരു തടസ്സവുമില്ലാതെ ഇത് പ്രസിദ്ധീകരിക്കാനാവുമോ? ‘മനോമയ’ത്തിനുവേണ്ടി എഴുതിയതല്ലേ? അങ്ങനെ പ്രസിദ്ധീകരിക്കുന്നതില്‍ എന്താണ് ധാർമികത?
ആര്‍ക്കറിയാം? കൈയെഴുത്തുപ്രതി എഡിറ്റര്‍ക്കു കൈമാറുന്നതോടെ എന്‍റെ ദൗത്യം തീരും. എന്നാല്‍, ഇനി എഡിറ്റര്‍ നടത്താന്‍ പോവുന്ന നീക്കങ്ങള്‍ എന്തായിരിക്കും?
എന്‍റെ മൊബൈല്‍ ശബ്ദിച്ചു. എഡിറ്ററാണ്.
‘‘താന്‍ എവിടെയാണ്?’’ എടുത്ത ഉടനെ അദ്ദേഹം ചോദിച്ചു.
എന്തു പറയണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചു വെച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ കാര്‍ത്തികേയന്‍ സാറിനെ പോയി കണ്ടത് എന്തായാലും വെളിപ്പെടുത്താന്‍ വയ്യല്ലോ. ഞാന്‍ മറുപടി പറയാന്‍ വൈകിച്ചു.
‘‘ബസിന്‍റെ ശബ്ദം കേള്‍ക്കാനുണ്ടല്ലോ. താന്‍ യാത്രയിലാണോ?’’
അതെ എന്നു പറഞ്ഞാല്‍ എവിടെനിന്ന് എന്നും എവിടേക്ക് എന്നും ചോദ്യം വരും. ഇടക്ക് നിർദോഷമായ ചില നുണകള്‍ക്ക് വലിയ വിലയുണ്ട്.
‘‘നടക്കാനിറങ്ങിയതാണ് സര്‍,’’ ഞാന്‍ പറഞ്ഞു. ‘‘ഒരു ബസ് ഇതിലെ കടന്നുപോയതാ.’’
‘‘ആട്ടെ. കാര്‍ത്തികേയന്‍ സാര്‍ മടങ്ങിവന്നുവോ?’’
എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ ഒന്നു തപ്പി.
‘‘ചോദിച്ചതു കേട്ടില്ലേ? കാര്‍ത്തികേയന്‍ സാര്‍ മടങ്ങിവന്നുവോ എന്ന്.’’
‘‘ഇല്ല. ഇല്ല സര്‍.’’ എന്‍റെ ശബ്ദത്തില്‍ വിക്കലുണ്ടായിരുന്നു.
‘‘ശരി ശരി. ഞാനിപ്പോള്‍ തന്നെ വിളിച്ചതെന്താണെന്നു വെച്ചാല്‍ താന്‍ നാളെ ഓഫീസിലെത്തണം. കുറച്ചു വിഷയങ്ങള്‍ നമുക്ക് അടിയന്തരമായി തീരുമാനിക്കേണ്ടതുണ്ട്. രാവിലെത്തന്നെ എത്തണം.’’
ശരി എന്നുപറഞ്ഞ് ഫോണ്‍ കെടുത്താന്‍ ഭാവിച്ചപ്പോള്‍ എഡിറ്റര്‍ തുടരുകയായിരുന്നു.
‘‘വരുമ്പോള്‍ പെട്ടിയൊക്കെ എടുത്തോളണം. കലയൂരിലെ താമസം അവസാനിപ്പിക്കാം. കേട്ടല്ലോ.’’
അത് ഞാനും ഊഹിച്ചിരുന്നു. കലയൂരില്‍ നിന്നിട്ട് ഇനി എന്തു കിട്ടാനാണ്!
എന്നാലും അടിയന്തരമായി തീരുമാനിക്കേണ്ട വിഷയങ്ങള്‍ എന്നു പറഞ്ഞത് എന്തൊക്കെയാണാവോ! ‘ജമന്തിപ്പൂക്കളു’ടെ കാര്യം തന്നെയാവുമോ? അങ്ങനെയാണെങ്കില്‍ ഇന്ന് കാര്‍ത്തികേയന്‍ സാറിനെ കാണാന്‍ പോയ കാര്യം പറയാതിരിക്കുന്നതെങ്ങനെ? അപ്പോള്‍ എന്താവും എഡിറ്ററുടെ പ്രതികരണം?
അറിയില്ല. എഡിറ്ററുടെ ഭാവങ്ങളെപ്പറ്റി ഇതുവരെ എനിക്ക് ഒന്നും മുന്‍കൂട്ടി പ്രവചിക്കാനായിട്ടില്ല. എന്നാലും, ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു: ഞാന്‍ കാര്‍ത്തികേയന്‍ സാറിനെ കാണാന്‍ പോയതുകൊണ്ട് ഒരു ദോഷവും സംഭവിച്ചിട്ടില്ല. കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ആവുകയാണല്ലോ ഉണ്ടായത്.
മൊബൈല്‍ വീണ്ടും ശബ്ദിച്ചു. എഡിറ്റര്‍തന്നെയാവും. എന്തെങ്കിലും പറയാന്‍ വിട്ടുപോയതാവും. ഞാന്‍ മൊബൈല്‍ എടുത്തു. എഡിറ്ററായിരുന്നില്ല. പരിചയമില്ലാത്ത ഒരു നമ്പര്‍ ആയിരുന്നു. കുറച്ചുനേരം അടിക്കാന്‍ വിട്ടപ്പോള്‍ അതു നിലച്ചു.
‘മനോമയ’ത്തില്‍നിന്ന് ആവാനാണ് വഴി. എങ്കില്‍ അയാള്‍ ഇനിയും വിളിച്ചേക്കും. അതു തടയാന്‍ ഇനി ഒരൊറ്റ വഴിയേയുള്ളൂ: ആ നമ്പര്‍ ബ്ലോക് ചെയ്തുവെക്കുക. ഞാന്‍ ബസിന്‍റെ സീറ്റിലേക്ക് ചാരിയിരുന്ന് പുറത്തേക്കു നോക്കി. വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.