മേല്‍വിലാസം
‘‘എനിക്കു പക്ഷേ ഇദ്ദേഹത്തെ അത്യാവശ്യമായി കണ്ടേ തീരൂ,’’ ഞാന്‍ മാനേജരോടു പറഞ്ഞു. ‘‘അതിന് എന്തെങ്കിലും വഴിയുണ്ടോ?’’
‘‘പ്രസാധകരോടു ചോദിച്ചാല്‍ ഒരു പക്ഷേ വിവരം കിട്ടിയേക്കും,’’ മാനേജര്‍ പുസ്തകത്തിന്‍റെ ക്രെഡിറ്റ് പേജ് പരിശോധിച്ചുനോക്കി അത് എനിക്കു നേരെ തിരിച്ചുപിടിച്ചു. ‘‘നോക്കൂ, Vidyavilasini Press, Kottayam എന്നാണ് പ്രസാധകരുടെ പേരായി കാണുന്നത്. ഞാന്‍ കേട്ടിട്ടുണ്ട് അവരെപ്പറ്റി. പത്തോ പന്ത്രണ്ടോ പുസ്തകങ്ങള്‍ക്കു ശേഷം പൂട്ടിപ്പോയി. ഇങ്ങനെ കുറേ പ്രസാധകരുണ്ട്. ഇനി അവരെ ഒന്നു ബന്ധപ്പെടാമെന്നു വെച്ചാല്‍ത്തന്നെ കൃത്യമായ ഒരു വിലാസംപോലും കാണാനില്ല പുസ്തകത്തില്‍.’’
‘‘വേറെ എന്തെങ്കിലും വഴിയുണ്ടാവില്ലേ എഴുത്തുകാരന്‍റെ വിലാസം കണ്ടെത്താന്‍? കുറേ പുസ്തകങ്ങള്‍ എഴുതിയ ആളല്ലേ?’’
‘‘അതു പറഞ്ഞിട്ട് കാര്യമില്ല,’’ പുസ്തകം എനിക്കുതന്നെ തിരിച്ചു തന്ന് മാനേജര്‍ തുടര്‍ന്നു. ‘‘ചില എഴുത്തുകാരുടെ വിധിയാണത്. എത്ര വലിയ എഴുത്തുകാരായിട്ടും കാര്യമില്ല. അവരെ വായനക്കാര്‍ പെട്ടെന്നു മറക്കും. അവരുടെ പുസ്തകങ്ങള്‍ ആര്‍ക്കും വേണ്ടാതാവും. ഈ പുസ്തകത്തിന്‍റെ കാര്യം തന്നെ നോക്കൂ. ആരും ചോദിച്ചുവരാത്തതുകൊണ്ടാണല്ലോ ഞങ്ങളിത് തൂക്കിവില്‍ക്കാനുള്ള കൂട്ടത്തില്‍ പെടുത്തിയത്.’’
‘‘ഈ എഴുത്തുകാരന്‍ പക്ഷേ മാവേലിക്കരയിലാണ് താമസം,’’ ഞാന്‍ പറഞ്ഞു. ‘‘ഒരു പുസ്തകക്കടക്കാരന് അതതു സ്ഥലത്തുള്ള എഴുത്തുകാരെ കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്.’’
‘‘മാവേലിക്കരയിലോ?’’ മാനേജര്‍ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് അയാളുടെ ഉച്ചത്തിലുള്ള പ്രതികരണത്തില്‍നിന്നു മനസ്സിലായി. എന്‍റെ കയ്യില്‍നിന്ന് പുസ്തകം തിരിച്ചുവാങ്ങി അയാള്‍ വീണ്ടും മറിച്ചുനോക്കി.
‘‘മുന്‍തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ വീട്ടുമുറ്റത്ത് ഉണ്ടായിട്ടും ഇത്രയും കാലം ഞാനത് അറിയാതെ പോയത് എനിക്കു നാണക്കേടാണ്,’’ മാനേജര്‍ പറഞ്ഞു. ‘‘ഇനി അദ്ദേഹത്തെ കണ്ടുപിടിക്കേണ്ടത് എന്‍റെയും കൂടി
ആവശ്യമാണ്.’’
അയാള്‍ മൊബൈലില്‍ മൂന്നുനാലു പേരെ വിളിച്ചുനോക്കി. കൂട്ടത്തില്‍ കോട്ടയത്തേക്ക് ആരെയോ വിളിച്ച് വിദ്യാവിലാസിനി പ്രസിന്‍റെ വിവരവും അന്വേഷിച്ചു. എല്ലാം കഴിഞ്ഞ് ഫോണ്‍ മേശപ്പുറത്തുതന്നെ വെച്ചു.
‘‘ഒരു രക്ഷയുമില്ല അല്ലേ?’’
‘‘അതെ. ഇവിടെയുള്ളവരൊന്നും കലയൂര്‍ കാര്‍ത്തികേയന്‍ എന്ന ഒരെഴുത്തുകാരനെ കേട്ടിട്ടില്ല. കോട്ടയത്തുള്ള കൂട്ടുകാരന്‍ പറഞ്ഞത് വിദ്യാവിലാസിനി പ്രസ് ഉണ്ടായിരുന്ന കെട്ടിടം ഇപ്പോള്‍ ഇല്ല എന്നാണ്.’’
വാങ്ങിയ ചില പുസ്തകങ്ങള്‍ക്ക് ബില്ലെഴുതിക്കാന്‍ വേണ്ടി ആ സമയത്ത് കൗണ്ടറില്‍ എത്തിയ ഒരാള്‍ ഞങ്ങളുടെ വര്‍ത്തമാനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘‘കലയൂര്‍ കാര്‍ത്തികേയന്‍ അല്ലേ?’’ അയാള്‍ പറഞ്ഞു. ‘‘കണ്ടിയൂര്‍ ശ്രീമഹാദേവക്ഷേത്രത്തിനടുത്ത് ഒരു ഫിസിയോതെറാപ്പി സെന്‍ററില്‍ അദ്ദേഹത്തിന്‍റെ മകള്‍ വരാറുണ്ട്.’’
‘‘ഫിറ്റ് വെല്‍ സെന്‍ററിലോ?’’ മാനേജര്‍ ചോദിച്ചു.
‘‘അതെ,’’ കൗണ്ടറിലെത്തിയ ആള്‍ തുടര്‍ന്നു. ‘‘എന്‍റെ മകള്‍ അവിടെ ഫിസിയോതെറാപ്പിസ്റ്റ് ആണ്. ഒരു ദിവസം അവള്‍ ചോദിച്ചു, അച്ഛന്‍ കേട്ടിട്ടുണ്ടോ ഇങ്ങനെയൊരെഴുത്തുകാരനെ എന്ന്. അവളുടെ പേഷ്യന്‍റ് ആണത്രേ അദ്ദേഹത്തിന്‍റെ പേരക്കുട്ടി. ധാരാളം കേട്ടിട്ടുണ്ട് എന്നു ഞാന്‍ പറഞ്ഞു. പക്ഷേ, ഒന്നും വായിച്ചിട്ടില്ല. നമ്മുടെ വായനയൊക്കെ വേറെ വഴിക്കാണല്ലോ.’’ അയാള്‍ പിന്നെ എന്‍റെ നേരെ തിരിഞ്ഞു. ‘‘അവിടെ ചോദിച്ചാല്‍ കാര്‍ത്തികേയന്‍റെ വിലാസം കിട്ടാതിരിക്കില്ല.’’
‘‘കണ്ടിയൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലേക്കാണെങ്കില്‍ ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ,’’ മാനേജര്‍ പറഞ്ഞു. ‘‘ഒരോട്ടോറിക്ഷ പിടിച്ചാല്‍ അഞ്ചുമിനിട്ടുകൊണ്ട് അവിടെയെത്താം.’’
എനിക്കിനി ഒട്ടും സമയം കളയാനില്ല. സന്തോഷമറിയിച്ച് പുസ്തകക്കടയില്‍നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ മാനേജര്‍ പിന്നാലെ വന്നു.
‘‘എനിക്കുവേണ്ടി ഒരു കാര്യം ചെയ്യാമോ?’’ അയാള്‍ ആ നൂറു രൂപാ നോട്ട് എന്‍റെ കയ്യില്‍ പിടിപ്പിച്ചിട്ട് പറഞ്ഞു. ‘‘സാറിന് ആവശ്യമില്ലെങ്കില്‍ ഈ പുസ്തകം കാര്‍ത്തികേയന്‍ സാറിന് ഞങ്ങളുടെ കോംപ്ലിമെന്‍റായി കൊടുക്കണം. ചിലപ്പോള്‍ സാറിന്‍റെ കയ്യില്‍ത്തന്നെ ഇതിന്‍റെ കോപ്പി ഉണ്ടായെന്നു വരില്ല.’’
ഫിസിയോതെറാപ്പി സെന്‍ററിലേക്ക് ഓട്ടോറിക്ഷ പിടിക്കാന്‍ റോഡിലേക്ക് നടക്കുമ്പോള്‍ മാനേജര്‍ കൂടെ വന്നു.
‘‘കഴിയും വേഗം ഞാന്‍ കാണാന്‍ വരുന്നുണ്ടെന്ന് കാര്‍ത്തികേയന്‍ സാറിനോടു പറയണം. മാവേലിക്കരയിലുള്ള പഴയ എഴുത്തുകാരെ ഓരോരുത്തരെയായി ബ്രാഞ്ചില്‍ വെച്ച് ആദരിക്കുന്ന ഒരു പരിപാടി ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കാര്‍ത്തികേയന്‍ സാറിനെ വെച്ചുതന്നെ തുടങ്ങാം.’’
ഫിസിയോതെറാപ്പി സെന്‍ററിന്‍റെ കൗണ്ടറില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. കാര്‍ത്തികേയന്‍ സാറിന്‍റെ പേരക്കുട്ടി എന്നു പറഞ്ഞത് കൃത്യമായി ഏറ്റു.
‘‘മാഡം ഇതാ ഇപ്പോള്‍ ഇവിടന്നു പോയതേയുള്ളൂ,’’ കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടി പറഞ്ഞു. ‘‘അവരുടെ കാര്‍ മിക്കവാറും പാര്‍ക്കിങ്ങിലുണ്ടാവും. ഗേറ്റു കടന്ന് പോവാനുള്ള സമയം ആയിട്ടില്ല.’’
പെണ്‍കുട്ടി ഒരറ്റന്‍ഡറെ വിളിച്ച് എന്നെ പാര്‍ക്കിങ്ങിലേക്കെത്തിക്കാന്‍ ആവശ്യപ്പെട്ടു.
തിടുക്കത്തില്‍ നടന്നത് നന്നായി. ശ്രീജ കാര്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞിരുന്നില്ല. ഞാന്‍ കൈ നീട്ടി ശ്രദ്ധ ആകര്‍ഷിച്ചു.
കൂടെ അറ്റന്‍ഡറെക്കൂടി കണ്ടതിനാലാവണം അവര്‍ കാര്‍ ഓഫ് ചെയ്ത് പുറത്തിറങ്ങി.
‘‘ഞാന്‍ കലയൂരില്‍നിന്നാണ്,’’ എങ്ങനെയാണ് സ്വയം പരിചയപ്പെടുത്തേണ്ടത് എന്നറിയാതെ ഞാന്‍ പറഞ്ഞു. ‘‘എനിക്ക്...’’
‘‘തലിയാര്‍ഖാന്‍?’’ ശ്രീജയുടെ മുഖം വിടര്‍ന്നു.
‘‘എങ്ങനെ മനസ്സിലായി?’’ ഞാന്‍ അത്ഭുതപ്പെട്ടു.
‘‘മനസ്സിലാവാനെന്താ വിഷമം? അച്ഛന്‍ നിങ്ങളെപ്പറ്റി പറയാത്ത ദിവസമില്ല. നിങ്ങളോട് യാത്രപോലും പറയാതെ കലയൂരില്‍നിന്ന് ഓടിപ്പോന്നത് തീരെ ശരിയായില്ല എന്ന് ഇടക്കിടെ പറയും. ഫോണ്‍ നമ്പര്‍പോലും വാങ്ങിവെച്ചില്ലല്ലോ എന്ന് വിഷമിച്ചിരിക്കുകയാണ്. ഞങ്ങള്‍ അങ്ങോട്ടുവന്ന് കാണാനിരിക്കുകയായിരുന്നു.’’
കാറിന്‍റെ പിന്‍വാതില്‍ തുറന്നു പിടിച്ച് അവര്‍ എന്നോട് കയറാന്‍ ആംഗ്യം കാട്ടി. മുൻ സീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ഞാനപ്പോഴാണ് കണ്ടത്.
‘‘അശ്വിന്‍,’’ ശ്രീജ പരിചയപ്പെടുത്തി. ‘‘ആഴ്ചയില്‍ രണ്ടു ദിവസം ഇവനെ എനിക്ക് ഇവിടെ കൊണ്ടുവരണം. നിങ്ങള്‍ ഇന്നു തന്നെ വന്നത് നന്നായി. അല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ കണ്ടുമുട്ടാതെ പോയേനെ.’’
‘‘അങ്ങനെയില്ല. മാവേലിക്കര അരിച്ചുപെറുക്കി എങ്ങനെയും സാറിനെ കണ്ടിട്ടേ പോവൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.’’
‘‘എങ്ങനെ ഇവിടെയെത്തി?’’ കാര്‍ ഓടിത്തുടങ്ങിയപ്പോള്‍ ശ്രീജ ചോദിച്ചു.
ഞാന്‍ കാര്യങ്ങളെല്ലാം ചുരുക്കിപ്പറഞ്ഞു.
‘‘കലയൂര്‍ കാര്‍ത്തികേയന്‍റെ പേരക്കുട്ടി!’’ ശ്രീജ ചിരിച്ചു. ‘‘അച്ഛനോട് പ്രത്യേകിച്ചു പറയണം. തന്നെ ആരും അറിയില്ലെന്നാണ് അച്ഛന്‍റെ വിചാരം. അത് മാറിക്കിട്ടട്ടെ!’’
‘‘അച്ഛന്‍ പെട്ടെന്ന് കലയൂരില്‍നിന്ന് ഓടിപ്പോരാന്‍ എന്താണ് കാരണം?’’ ഞാന്‍ ചോദിച്ചു.
ശ്രീജ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
‘‘എനിക്ക് ഒരു സൂചനപോലും തന്നില്ല. ഒരു ദിവസം രാവിലെ ചെന്നപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നതു കണ്ടത്.’’
‘‘അച്ഛനെ സംബന്ധിച്ചിടത്തോളം അതിന് ഒരു പുതുമയുമില്ല. കുറച്ചു ദിവസങ്ങളായി വളരെ സ്ട്രെയിഞ്ചായിട്ടാണ് പെരുമാറ്റം. ഒന്നിലും ഉറച്ചുനില്‍ക്കാന്‍ പറ്റാത്തതുപോലെയാണ്.’’
‘‘എനിക്കു മനസ്സിലായില്ല.’’
‘‘നോവലെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് ‘മനോമയ’ത്തിന്‍റെ പത്രാധിപര്‍ വന്നതാണ് എല്ലാത്തിന്‍റെയും തുടക്കം,’’ എന്നെ ഒന്നു തിരിഞ്ഞുനോക്കി ചിരിച്ച് ശ്രീജ തുടര്‍ന്നു. ‘‘ആദ്യം ആട്ടിപ്പായിക്കുന്നതു പോലെയായിരുന്നു. പക്ഷേ, അദ്ദേഹം പിന്നെയും വന്നപ്പോള്‍ അച്ഛന്‍ ഒന്നയഞ്ഞു. വിവരം പിന്നീട് അറിയിക്കാം എന്നായി. അമ്മയോടും എന്നോടും അഭിപ്രായം ചോദിച്ചു. പ്രീജയെയും ഫോണില്‍ വിളിച്ചു. എഴുതണം എന്ന് ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. പ്രീജക്കായിരുന്നു കൂടുതല്‍ നിര്‍ബന്ധം. തന്‍റെ അച്ഛന്‍ എഴുത്തുകാരനാണ് എന്നതില്‍ എന്നെക്കാള്‍ അഭിമാനം അവള്‍ക്കാണ്. അച്ഛന്‍ എഴുത്തു നിര്‍ത്തിയതില്‍ അവള്‍ക്കായിരുന്നു കൂടുതല്‍ സങ്കടവും.’’
‘‘എഴുത്തു നിര്‍ത്താനുള്ള കാരണം എന്താണെന്ന് നിങ്ങള്‍ക്ക് അറിവുണ്ടാവുമല്ലോ അല്ലേ?’’
‘‘33 കൊല്ലത്തെ അച്ഛന്‍റെ ജീവിതം ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ,’’ ഞാന്‍ പറഞ്ഞതു ശ്രദ്ധിക്കാതെ ശ്രീജ തുടര്‍ന്നു. ‘‘അച്ഛന്‍ ധാരാളം വായിക്കുമായിരുന്നു. ഇവിടെ അടുത്തുള്ള വായനശാലയിലെ പുസ്തകങ്ങള്‍ ഒന്നും ബാക്കിവെച്ചിട്ടില്ല. പിന്നെ ഞാന്‍ എല്ലാ മാസവും അച്ഛന് ആയിരം-ആയിരത്തഞ്ഞൂറു രൂപയ്ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കും. അച്ഛന്‍ എല്ലാം ചിട്ടയോടെ വായിച്ചുതീര്‍ക്കും.’’
‘‘എനിക്ക് ഇനിയും എഴുതണം ലീലാവതീ,’’ ഒരിക്കല്‍ അച്ഛന്‍ അമ്മയോടു പറഞ്ഞു. ‘‘പക്ഷേ അത് ഇതുവരെ എഴുതിയപോലെയൊന്നുമായിരിക്കില്ല. മലയാളത്തിലെ എണ്ണപ്പെട്ട ഒരു നോവലായിരിക്കും അത്. അതോടെ, കലയൂര്‍ കാര്‍ത്തികേയനെ സാഹിത്യലോകം അംഗീകരിക്കും.’’
‘‘ഇപ്പോള്‍ത്തന്നെ നിങ്ങളെ അംഗീകരിച്ചിട്ടില്ലേ?’’ അമ്മ ചോദിച്ചു. ‘‘എത്രയെത്ര നോവലുകളാണ് എഴുതിയിട്ടുള്ളത്! അതിനൊക്കെ എത്രയെത്ര വായനക്കാരുണ്ട്!’’
അച്ഛന്‍ ചിരിച്ചു.
‘‘ഞാന്‍ ഇതുവരെ എഴുതിയതൊന്നും സാഹിത്യമായിരുന്നില്ല ലീലാവതീ. ശരിക്കുള്ള സാഹിത്യം ഇനിയാണ് വരാന്‍ പോവുന്നത്. എന്‍റെ ജന്മം സഫലമാവുന്നത് അപ്പോള്‍ മാത്രമായിരിക്കും.’’
‘‘ഇടയ്ക്ക് പലപ്പോഴും അച്ഛന്‍ എന്തൊക്കെയോ എഴുതാന്‍ ശ്രമിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ, അച്ഛന് ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. അതിന്‍റെ ഒരു നിരാശ അച്ഛനെ ബാധിച്ചിരുന്നു. എഴുതാന്‍ പ്രോത്സാഹിപ്പിക്കുമ്പോഴൊക്കെ അമ്മയോട് അച്ഛന്‍ തട്ടിക്കയറി.’’
‘‘എന്നെ ഇങ്ങനെ നിര്‍ബന്ധിക്കരുത്,’’ അച്ഛന്‍ പറഞ്ഞു. ‘‘എഴുതണോ എഴുതണ്ടേ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം.’’
‘‘അതില്‍പ്പിന്നെ അമ്മ ഒന്നും പറയാതായി. പക്ഷേ അച്ഛന്‍ ഒട്ടും സ്വസ്ഥനായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ‘മനോമയം’ പത്രാധിപരുടെ വരവ്. മറുപടി ഫോണ്‍ വഴി അറിയിക്കാമെന്ന് അച്ഛന്‍ പറഞ്ഞുവെങ്കിലും അവസാന തീരുമാനം എടുക്കാന്‍ അച്ഛനായില്ല.’’
‘‘പറ്റില്ലെങ്കില്‍ അതു പറഞ്ഞോളൂ,’’ ഒരു ദിവസം അമ്മ പറഞ്ഞു. ‘‘ഇങ്ങനെ ടെന്‍ഷനടിച്ചു നടക്കുന്നതു കാണുമ്പോഴാണ് ഞങ്ങള്‍ക്കു കൂടുതല്‍ വിഷമം.’’
അപ്പോള്‍ അച്ഛന്‍ പറഞ്ഞു: ‘‘എഴുതണം എന്നുതന്നെയാണ് എന്‍റെ തീരുമാനം. പക്ഷേ അത് ഇതുവരെ ഞാനെഴുതിയ നോവലുകളെപ്പോലെയാവരുതെന്ന് എനിക്കുണ്ട്. ഒരു നോവലെങ്കിലും സ്വന്തം ഇഷ്ടത്തിനുവേണ്ടി എഴുതണം.’’
‘‘അതിനെന്താണ് തടസ്സം എന്ന് അമ്മക്കും എനിക്കും മനസ്സിലായില്ല. എന്താണ് അച്ഛന്‍ ഉദ്ദേശിച്ചതെന്നും മനസ്സിലായില്ല. എന്തു തന്നെയായാലും ‘മനോമയം’ പത്രാധിപരോട് പറഞ്ഞുകൊള്ളാന്‍ അമ്മ പറഞ്ഞു. അച്ഛന്‍ ഫോണെടുത്ത് പത്രാധിപരെ വിളിച്ചു.’’ പക്ഷേ, അതൊന്നുമായിരുന്നില്ല അച്ഛന്‍ പത്രാധിപരോടു പറഞ്ഞത്.
‘‘എനിക്ക് മൂന്നു മാസത്തെ സമയം തരണം,’’ അച്ഛന്‍ പറഞ്ഞു. ‘‘മാത്രമല്ല ആദ്യത്തെ ഒരു മാസം നോവലിന്‍റെ കാര്യം അന്വേഷിച്ച് എന്നെ വിളിക്കുകയോ വന്നു കാണുകയോ അരുത്. നോവല്‍ പൂർണമായി എഴുതിക്കിട്ടുന്നതു വരെ വാരികയില്‍ പരസ്യം കൊടുക്കരുത്. മാത്രമല്ല; ഇങ്ങനെ ഒരു നോവല്‍ വരാന്‍ പോവുന്ന കാര്യം പത്രാധിപരോ ഞാനോ അല്ലാതെ ആരും തല്‍ക്കാലം അറിയുകയുമരുത്.’’
‘‘പത്രാധിപര്‍ പിറ്റേന്നു തന്നെ വീട്ടില്‍ വന്നു. ഒരു കവറെടുത്ത് അച്ഛനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. ‘‘സാര്‍ പറയുന്ന എല്ലാ നിബന്ധനകളും അംഗീകരിച്ചിരിക്കുന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക.’’
‘‘ഇതെന്താണ്?’’ പത്രാധിപര്‍ നീട്ടിയ കവറിലേക്കു ചൂണ്ടി അച്ഛന്‍ ചോദിച്ചു.
‘‘നോവലിന്‍റെ അഡ്വാന്‍സ് ആയി കരുതണ്ട. ചെറിയ ഒരു തുകയാണ്. ഞങ്ങളുടെ സന്തോഷത്തിന്.’’
‘‘അച്ഛന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല. അപ്പോള്‍ പത്രാധിപര്‍ അത് ടീപോയില്‍ വെച്ചു.’’
‘‘അതെടുത്തുകൊണ്ടു പോകൂ,’’ അച്ഛന്‍ ഉറക്കെ പറഞ്ഞു.
‘‘പത്രാധിപര്‍ അതു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. എന്നിട്ടും അയാള്‍ പിന്മാറാന്‍ തയ്യാറായില്ല.
‘‘അമ്പതിനായിരം രൂപയുണ്ട്. ഇതിവിടെ ഇരിക്കട്ടെ സാര്‍. ഞങ്ങളുടെ ഒരു സമാധാനത്തിന്.’’
‘‘പത്രാധിപര്‍ അതു ചെയ്യേണ്ടിയിരുന്നില്ല. അച്ഛന്‍റെ നിയന്ത്രണം അറ്റുപോയി.
‘‘എനിക്കു വിലയിടാന്‍ നിങ്ങളാരാണ്? ഇനിയും എന്നെ അടിമപ്പണിക്കു കൂട്ടാം എന്നു വിചാരിച്ചുവോ? ഞാനതൊക്കെ എന്നേ അവസാനിപ്പിച്ചതാണ്. ഞാന്‍ എന്തെങ്കിലും എഴുതണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് എടുത്തുകൊണ്ടു പോണം മിസ്റ്റര്‍.’’
‘‘അമ്മയും ഞാനും അച്ഛന്‍റെ അടുത്തേക്ക് ചെന്നു. ഞാന്‍ അച്ഛന്‍റെ പുറം തടവിക്കൊടുത്തു. അച്ഛന്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. സാരമില്ല, സാരമില്ല എന്ന് അമ്മ മന്ത്രിച്ചു.
‘‘പത്രാധിപര്‍ക്ക് സംഗതിയുടെ ഗൗരവം മനസ്സിലായി. വിറയ്ക്കുന്ന കൈകളോടെ അയാള്‍ കവര്‍ എടുത്തു.
‘‘സാറിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചതല്ല. ക്ഷമിക്കണം. ഈ സംഭവം മറക്കണം. ഞങ്ങള്‍ക്കു വേണ്ടി നോവല്‍ എഴുതിത്തരണം.’’
‘‘ഞാനിത് കുറേ അനുഭവിച്ചതാണ്. അതൊന്നും ഞാന്‍ മറന്നിട്ടില്ല. അന്നത്തെ ഗതികേടുകൊണ്ട് ഞാന്‍ കുറച്ചു പണം കൈപ്പറ്റി. അന്ന് ഞാനനുഭവിച്ച ആത്മനിന്ദ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.’’ പത്രാധിപരുടെ മുഖത്തു നോക്കി അച്ഛന്‍ തുടര്‍ന്നു.
‘‘എഴുത്തുകാരനാണെന്ന് നിങ്ങളൊക്കെ പറയുമായിരിക്കും. പക്ഷേ ഞാന്‍ ഒരു മനുഷ്യനുമാണെന്ന് ഓര്‍ക്കണം.’’
‘‘താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് പത്രാധിപര്‍ക്ക് പിടികിട്ടിയിട്ടുണ്ടാവില്ല. എന്നാലും എല്ലാ തെറ്റിനും മാപ്പുചോദിക്കുന്നതുപോലെ അയാള്‍ കൈകള്‍ തൊഴുതുപിടിച്ചു.
‘‘ക്രമേണ അച്ഛന്‍ അടങ്ങി. മടങ്ങാന്‍ തുടങ്ങിയ പത്രാധിപരോട് പറഞ്ഞു.
‘‘നിബന്ധനകളൊക്കെ ഓർമയുണ്ടല്ലോ. എന്തെങ്കിലും പിഴവു വരുത്തിയാല്‍ ആ നിമിഷം ഞാന്‍ എഴുത്തു നിര്‍ത്തും.’’
‘‘പത്രാധിപര്‍ പോയതിനുശേഷം കുറേ നേരം അച്ഛന്‍ ഇരിപ്പുമുറിയില്‍ത്തന്നെ ഇരുന്നു. ഞങ്ങള്‍ ശല്യപ്പെടുത്താന്‍ പോയില്ല.
‘‘എനിക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല,’’ ഉച്ചക്ക് ഊണു കഴിക്കാനിരിക്കുമ്പോള്‍ അച്ഛന്‍ അമ്മയോടും ചോദിച്ചു. ‘‘മുപ്പത്തിമൂന്നു കൊല്ലം! ഇത്രയും ഗ്യാപ്പിനു ശേഷം എനിക്ക് നോവല്‍ എഴുതാന്‍ കഴിയുമോ?’’
‘‘എന്തുകൊണ്ടു കഴിയില്ല?’’ അമ്മ ചിരിച്ചു. ‘‘ആ തോന്നല്‍ മാറ്റിവെച്ചാല്‍ത്തന്നെ എഴുതാന്‍ കഴിയും. പിന്നെ ഞങ്ങളൊക്കെയില്ലേ അടുത്ത്?’’
‘‘കഴിയും അല്ലേ എന്നു ചോദിക്കുന്നതുപോലെ അച്ഛന്‍ ചിരിച്ചുകൊണ്ട് അമ്മയെ നോക്കി.
‘‘അന്നു വൈകുന്നേരം തന്നെ ഞങ്ങള്‍ അച്ഛനുള്ള എഴുത്തുമുറിയൊരുക്കി. അച്ഛന്‍റെ കിടപ്പുമുറിക്കു സമീപം ധാരാളം കാറ്റും വെളിച്ചവും കിട്ടുന്ന ഒരു ചെറിയ മുറിയുണ്ടായിരുന്നു. ആ മുറിയിലിരുന്നായിരുന്നു അച്ഛന്‍ വായിച്ചിരുന്നത്. മുറിയിലെ സോഫയും ടീപോയും മാറ്റി ഞങ്ങള്‍ അവിടെ ഒരു മേശയും കസേരയും ഇട്ടു കൊടുത്തു. കുറെ കടലാസും രണ്ടുമൂന്നു പേനകളും മേശപ്പുറത്തു വെച്ചു. അകത്തുനിന്ന് സാക്ഷയിടാവുന്ന വാതിലുകളുള്ള മുറിയായിരുന്നു അത്. എന്‍റെ കുട്ടികളടക്കം ആരും അച്ഛനെ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തി. ഊണിനും കാപ്പിക്കും പോലും അച്ഛനെ വിളിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. അച്ഛന് തോന്നുമ്പോള്‍ മാത്രം പുറത്തുവന്നാല്‍ മതി. ഇടയ്ക്കു കുടിക്കാനായി ഫ്ലാസ്കില്‍ ചായ നിറച്ചുവെച്ചു. വിശപ്പു തോന്നുമ്പോള്‍ തിന്നാന്‍ വേണ്ടി ബിസ്കറ്റും പഴക്കഷണങ്ങളും ഒരു കിണ്ണത്തിലാക്കി കൊണ്ടുവെച്ചു.
‘‘വീട്ടില്‍ ഒരു ബഹളവും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ തമ്മില്‍ മിണ്ടുന്നതുപോലും ശബ്ദം അടക്കിപ്പിടിച്ചായിരുന്നു. മിക്സിയുടെയും ഗ്രൈന്‍ഡറിന്‍റെയും ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ വേണ്ടി അടുക്കള വാതില്‍ അടച്ചു. കുക്കര്‍ ചീറ്റുന്നതിന്‍റെ ശബ്ദംപോലും അച്ഛനെ ശല്യപ്പെടുത്തരുതെന്ന് ഞങ്ങള്‍ മനസ്സിരുത്തി.
‘‘ആദ്യ ദിവസം അങ്ങനെ കഴിഞ്ഞു. അങ്ങോട്ട് എന്തെങ്കിലും ചോദിച്ച് അച്ഛനെ പ്രകോപിപ്പിക്കരുതെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. ഒളികണ്ണിട്ടുപോലും ഞങ്ങള്‍ ആ മുറിയിലേക്ക് നോക്കിയില്ല.
രണ്ടാം ദിവസം അച്ഛന്‍ പറഞ്ഞു: ‘‘ഒന്നും എഴുതാന്‍ കഴിയുന്നില്ല.’’
‘‘എന്താണ് കാരണം എന്ന് ഞങ്ങള്‍ ചോദിക്കാന്‍ പോയില്ല.
‘‘കൈ വിറയ്ക്കുന്നുണ്ട്,’’ മൂന്നാം ദിവസം അച്ഛന്‍ പറഞ്ഞു. ‘‘പേന കയ്യില്‍ ഉറയ്ക്കുന്നില്ല.’’
‘‘പറഞ്ഞുകൊടുത്ത് എഴുതിക്കാന്‍ ആളെ നോക്കണോ എന്ന് അപ്പോള്‍ അമ്മയാണ് അച്ഛനോടു ചോദിച്ചത്. ആദ്യം അതൊന്നും വേണ്ടെന്നു പറഞ്ഞുവെങ്കിലും പിന്നീട് അച്ഛന്‍ അതിനു സമ്മതിച്ചു. അച്ഛന്‍റെ പരിചയത്തില്‍ ഒരു ഇക്ബാല്‍ ഉണ്ടെന്നും അയാളോടു ചോദിക്കാമെന്നും അച്ഛന്‍തന്നെയാണ് പറഞ്ഞത്.
‘‘ഞാന്‍ കലയൂര്‍ക്കു പോയാലോ എന്ന് വിചാരിക്കുകയാണ്,’’ നാലാമത്തെ ദിവസം അച്ഛന്‍ പറഞ്ഞു. ‘‘ഇവിടെയിരുന്ന് ഒന്നും എഴുതാന്‍ കഴിയുന്നില്ല.’’
‘‘അമ്മ കൂടെച്ചെല്ലാമെന്നു പറഞ്ഞതാണ്. അച്ഛന്‍ സമ്മതിച്ചില്ല. ഇവിടത്തെ കാര്യം ഓര്‍ത്തിട്ടാവാം. ആരെയും ബുദ്ധിമുട്ടിക്കുന്നത് അച്ഛന് പണ്ടേ ഇഷ്ടമല്ലായിരുന്നു. പിന്നെ ലോഡ്ജിലിരുന്നായിരുന്നല്ലോ അച്ഛന്‍റെ എഴുത്തു പതിവ്. ഇവിടെയിരുന്ന് ഒന്നും എഴുതാന്‍ കഴിയാതെ പോയത് ഞങ്ങള്‍ കൂടെയുണ്ടായിരുന്നതുകൊണ്ടാണെന്ന് അച്ഛന്‍ കരുതിയെന്നു തോന്നുന്നു. എന്നാലും ഇവിടെനിന്ന് ഇറങ്ങുമ്പോള്‍പ്പോലും അച്ഛന് അർധമനസ്സായിരുന്നു.
‘‘കലയൂരില്‍ എത്തിയപ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറി. പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതൊന്നും അച്ഛന് ഒട്ടും വശമുള്ളതല്ല. എന്നിട്ടും ഇപ്പോള്‍ അതു നടക്കുന്നുണ്ടെന്നു പറഞ്ഞു. ഇങ്ങനെ പോയാല്‍ അതു സാധിക്കും എന്ന് വിളിക്കുമ്പോഴൊക്കെ അച്ഛന്‍ പറഞ്ഞു. അച്ഛന്‍ എന്നും വിളിക്കുമായിരുന്നു. പക്ഷേ, ഒരു ദിവസം അച്ഛന്‍റെ ഫോണ്‍ വന്നില്ല. അമ്മക്ക് ആധിയായി. അങ്ങോട്ടു വിളിക്കുന്നതൊന്നും അച്ഛന് ഇഷ്ടമല്ല. ഇടക്കിടക്ക് വിളിക്കരുതെന്നും വിളിച്ചാല്‍ത്തന്നെ നോവലിനെപ്പറ്റി ചോദിക്കരുതെന്നും അച്ഛന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ, രണ്ടുദിവസം വിളി വരാതിരുന്നപ്പോള്‍ പേടിച്ചുപേടിച്ച് അമ്മ വിളിച്ചു.
പരസ്പരബന്ധമില്ലാതെ അച്ഛന്‍ എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഞാനിതെല്ലാം ഉപേക്ഷിച്ച് തിരിച്ചുവരികയാണ് ലീലാവതീ എന്നുപറഞ്ഞ് കരഞ്ഞു. അമ്മ വളരെ പണിപ്പെട്ടാണ് അച്ഛനെ അതില്‍നിന്നു പിന്തിരിപ്പിച്ചത്. അതു നന്നായി എന്നു തോന്നി. അച്ഛന്‍ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞു. എന്നാലും അച്ഛന് ഒരു തൃപ്തിയുള്ളതായി തോന്നിയില്ല. വിളികളൊക്കെ ചടങ്ങുപോലെയായി. എഴുത്തിനെപ്പറ്റിയൊന്നും കാര്യമായി പറഞ്ഞിരുന്നില്ല. എന്നാലും എഴുത്തു നടക്കുന്നുണ്ട് എന്നറിഞ്ഞ് ഞങ്ങള്‍ ആശ്വസിച്ചു. പക്ഷേ ഒരു ദിവസം അതിരാവിലെ ഒരു കാറിന്‍റെ ശബ്ദം കേട്ട് പുറത്തെത്തിയ ഞാന്‍ ഞെട്ടിപ്പോയി.’’
ശ്രീജ അല്‍പനേരം മൗനിയായി.
‘‘തലിയാര്‍ഖാന്‍, ഞാനത് എങ്ങനെയാണ് പറയുക? അത് അച്ഛനായിരുന്നു എന്ന് എനിക്കു വിശ്വസിക്കാനായില്ല. അങ്ങനെയുള്ള ഒരു രൂപമായിരുന്നു അതില്‍നിന്നിറങ്ങിയത്. മരിച്ചുപോയ ഒരാളെപ്പോലെ. അടുത്തു ചെന്ന എന്നെ തിരിച്ചറിയാന്‍പോലും അച്ഛനു കഴിഞ്ഞില്ല. സിറ്റൗട്ടിലേക്ക് എങ്ങനെയൊക്കെയോ ഞാന്‍ പിടിച്ചെത്തിച്ചു. പിന്നെ ഒറ്റയിരിപ്പായിരുന്നു. ഞങ്ങള്‍ വിളിച്ചതും പറഞ്ഞതുമൊന്നും കേള്‍ക്കാതെ.’’
പിന്നില്‍നിന്ന് നിരന്തരം ഹോണടിച്ച് തിടുക്കം കാണിച്ച ഒരു കാറിന് വഴിയൊഴിഞ്ഞുകൊടുത്ത് ശ്രീജ തുടര്‍ന്നു.
‘‘അച്ഛനെ സമാധാനിപ്പിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. നോവലെഴുത്തൊന്നുമല്ലല്ലോ പ്രധാനം ജീവിതമല്ലേ എന്ന് അമ്മ ചോദിച്ചത് പക്ഷേ അച്ഛനെ ക്ഷുഭിതനാക്കി.’’
‘‘നിങ്ങള്‍ക്കൊന്നും അതു മനസ്സിലാവില്ല,’’ അച്ഛന്‍ പറഞ്ഞു. ‘‘ഞാനിതൊക്കെ ആരോടാ ഒന്നു പറയുക!’’
‘‘അച്ഛന്‍ നോവലെഴുത്തു നിര്‍ത്തിയതില്‍ ഞങ്ങളെക്കാളൊക്കെ സങ്കടം പ്രീജക്കായിരുന്നു. വിവരം കേട്ട് അവള്‍ കാസര്‍ക്കോട്ടുനിന്ന് ഓടിയെത്തി. പക്ഷേ, അവള്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അച്ഛന്‍റെ എഴുത്തുകാലം ഇനി തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവന്നു.’’
‘‘ഇപ്പോള്‍ സാറിന്‍റെ സ്ഥിതിയെന്താ?’’
‘‘ഇപ്പോള്‍ ശാന്തനായിട്ടുണ്ട്,’’ പിന്നിലേയ്ക്കു തിരിഞ്ഞ് എന്നെ ഒന്നു നോക്കി ശ്രീജ ചിരിച്ചു. ‘‘ധരിച്ചോളൂ, നിങ്ങളെപ്പറ്റി അച്ഛന് വലിയ മതിപ്പാണ്. ഫോണ്‍ ചെയ്യുമ്പോഴൊക്കെ നിങ്ങളെപ്പറ്റി പറയും. ഈ പ്രായത്തില്‍ ഇത്രക്ക് പക്വതയുള്ളവര്‍ ചുരുക്കമാണത്രേ.’’
‘‘എന്നിട്ടാണോ എന്നോടു യാത്രപോലും പറയാതെ കാര്‍ത്തികേയൻ സാര്‍ അവിടെനിന്ന് ഓടിപ്പോന്നത്?’’
‘‘അതെല്ലാം നേരിട്ടു ചോദിച്ചോളൂ,’’ ശ്രീജ പറഞ്ഞു. ‘‘ക്രോസ് വിസ്താരത്തിനു തയ്യാറായി പ്രതി ഹാജരുണ്ടല്ലോ.’’
കാര്‍ ഒരു ഗേറ്റ് കടന്ന് മുറ്റത്തെ ഗരാഷിലേക്ക് നീങ്ങുകയായിരുന്നു. ശ്രീജയുടെ വീടെത്തിയിരിക്കുന്നു എന്ന് അപ്പോഴാണ് ഞാനറിഞ്ഞത്.
ഭംഗിയും ഒതുക്കവുമുള്ള ഒരു ടെറസ് വീടായിരുന്നു അത്. ഇഷ്ടിക പാകിയ മുറ്റത്തിന്‍റെ ഓരങ്ങളില്‍ നിരത്തി വെച്ചിരിക്കുന്ന ചെടിച്ചട്ടികളില്‍ പലവിധം ചെറുപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു.
ഞാന്‍ കാറില്‍നിന്ന് ഇറങ്ങി.
സിറ്റൗട്ടില്‍ ഒരു കസേരയില്‍ എന്തോ വായിച്ചുകൊണ്ടിരിക്കുന്ന കാര്‍ത്തികേയന്‍ സാറിനെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.