ചിത്രീകരണം: ചിത്ര എലിസബത്ത്

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

മാറ്റൊലി

കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ ഇത് രണ്ടാമത്തെ ദിവസമാണ്, ‘ജമന്തി’യുടെ പടി തുറക്കുമ്പോള്‍ ഞാന്‍ അതാണ് ആലോചിച്ചത്. മുറ്റത്തേക്ക് കടന്നെത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ശൂന്യമായ സിറ്റൗട്ട് ആണ്. രാവിലെ എട്ടരക്ക് എത്തണമെന്ന് കാര്‍ത്തികേയന്‍ സാര്‍ ഇന്നലെ പ്രത്യേകം പറഞ്ഞിരുന്നതാണ്. സിറ്റൗട്ടില്‍ എന്നെയും കാത്ത് അക്ഷമനായിരിക്കുന്ന കാര്‍ത്തികേയന്‍ സാറിനെയാണ് ഞാന്‍ പ്രതീക്ഷിച്ചത്.

‘‘തനിക്കറിയാമല്ലോ,’’ ഇന്നലെ പിരിയുമ്പോള്‍ കാര്‍ത്തികേയന്‍ സാർ പറഞ്ഞു, ‘‘സമയനിഷ്ഠ. അത് പ്രധാനമാണ്. വാക്കു തെറ്റിക്കുന്നതൊന്നും എനിക്കു സഹിക്കാന്‍ പറ്റില്ല. ആ ഇക്ബാലിനോടു ഞാന്‍ പറഞ്ഞതൊക്കെ താനും കേട്ടതാണല്ലോ. അത്തരം ഒരൊറ്റ അവസരം ഉണ്ടായാല്‍ മതി ഞാന്‍ തന്നോടും തെറ്റും.’’

അതൊക്കെ ശരിയാണ്. പക്ഷേ എല്ലാം തെറ്റിപ്പോയി. ഇന്നലെ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു ഡിക്റ്റേഷന്‍ തീര്‍ന്നപ്പോള്‍. അവസാനത്തെ ബസ് കിട്ടിയില്ലെങ്കില്‍ കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ കഴിച്ചുകൂട്ടേണ്ടിവരും. ഉടുപ്പുകളൊന്നും എടുത്തിട്ടില്ലാത്തതിനാല്‍ എനിക്കു മടങ്ങിപ്പോയേ മതിയാവുമായിരുന്നുള്ളൂ.

അപ്പോഴാണ് മറ്റൊരു ദുര്‍ഘടം. ഹോട്ടലില്‍നിന്ന് പകര്‍ച്ച കൊണ്ടുവന്ന കഞ്ഞി കുടിച്ചേ പോകാവൂ എന്ന് കാര്‍ത്തികേയന്‍ സാര്‍ നിർബന്ധം പിടിച്ചു. ഒരുവിധം കഴിച്ചുവെന്നു വരുത്തി ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് ഓടി. ഭാഗ്യം. അവസാനത്തെ ബസ് പോയിക്കഴിഞ്ഞിരുന്നില്ല. പത്തു മണിയോടെയാണ് ലോഡ്ജിലെത്തിയത്. തിടുക്കത്തില്‍ ഒന്നു കുളിച്ച് ഞാന്‍ ലാപ്ടോപ് തുറന്നു. കാക്കിരിപൂക്കിരിയായി എഴുതിക്കൂട്ടിയ കടലാസില്‍നിന്ന് എനിക്ക് ഒന്നും വ്യക്തമായി തിരിച്ചെടുക്കാനായില്ല.

കാര്‍ത്തികേയന്‍ സാറിന്‍റെ നാവില്‍നിന്ന് വാക്കുകള്‍ ഒരു തട്ടും തടവുമില്ലാതെ ഒഴുകുകയായിരുന്നല്ലോ. പാഡില്‍ നന്നായി എഴുതാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല. എഴുതുന്നുണ്ടെന്ന് സാറിന് തോന്നുകയെങ്കിലും വേണമല്ലോ എന്നുവെച്ച് ഒരഭിനയമായിരുന്നു. ഒടുവില്‍ മൊബൈലിലെ വോയ്സ് റെക്കോഡറില്‍നിന്നാണ് ഒരുവിധം തട്ടിക്കൂട്ടിയെടുത്തത്. അതും അത്ര സുഖമുള്ള പണിയായിരുന്നില്ല. വാക്കുകള്‍ പല സ്ഥലത്തും അവ്യക്തമായിരുന്നു. അതൊക്കെ വീണ്ടും വീണ്ടും കേട്ടാണ് എഴുത്തു മുഴുവനാക്കിയത്. അപ്പോഴേക്കും രാത്രി ഒരുമണി കഴിഞ്ഞിരുന്നു.

ഉറക്കം വന്നതുകൊണ്ട് കയ്യെഴുത്തുപണി ഇന്നത്തേക്കാക്കി. അതു തീര്‍ന്നപ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. അത്യാവശ്യം വേണ്ട ഉടുപ്പുകളും മറ്റും പെട്ടിയിലാക്കാന്‍ പിന്നെയും സമയമെടുത്തു. പിന്നെ കുളിച്ച് പ്രാതല്‍ കഴിച്ച് ബസിൽ കയറിയപ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞു.

കര്‍ക്കശക്കാരനായ കാര്‍ത്തികേയന്‍ സാറിനോട് ഇതൊന്നും പറഞ്ഞിട്ടു കാര്യമുണ്ടാവില്ല എന്നറിയാം. ഇനി സാറിന്‍റെ വായിലിരിക്കുന്നതു മുഴുവന്‍ കേള്‍ക്കുക തന്നെ.

കോളിങ് ബെല്ലിന്‍റെ സ്വിച്ചില്‍ വിരല്‍ വെക്കാന്‍ തുടങ്ങുമ്പോഴാണ് അകത്തേക്കുള്ള വാതില്‍ പാതി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എത്തിച്ചുനോക്കിയപ്പോള്‍ സരോജിനി ഇരിപ്പുമുറി അടിച്ചുവാരുകയാണ്.

അപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ എവിടെപ്പോയി?

‘‘സാറ് ഉറക്കമാണ് കുട്ടീ,’’ എന്നെ കണ്ട് സരോജിനി ചൂലുമായി സിറ്റൗട്ടിലേക്കെത്തി. ‘‘ഒമ്പതര വരെ പൂമുഖത്തു വന്ന് ഇരിക്കുന്നുണ്ടായിരുന്നു. കുട്ടിയെ കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നു. വരാന്‍ വൈകിയപ്പോള്‍ അകത്തേയ്ക്കു പോയതാണ്.’’

‘‘സാറ് വല്ലതും പറഞ്ഞുവോ?’’

‘‘കുട്ടി വന്നാല്‍ ഇരിക്കാന്‍ പറഞ്ഞു. ഉറക്കം തടസ്സപ്പെടുത്തണ്ട എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.’’

കാര്‍ത്തികേയന്‍ സാര്‍ ഉണര്‍ന്നുവരട്ടെ. അതുവരെ സിറ്റൗട്ടില്‍ത്തന്നെ ഇരിക്കാം.

‘‘അവിടെ തുടച്ചിട്ടില്ല,’’ ബാക്പാക് തോളത്തുനിന്ന് അഴിച്ചെടുത്ത് ഞാന്‍ തിണ്ണയില്‍ വെക്കാന്‍ തുടങ്ങുമ്പോള്‍ സരോജിനി തടഞ്ഞു. പിന്നെ സിറ്റൗട്ടിലെ കസേരയിലേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു: ‘‘കുട്ടി ഇവിടെയിരുന്നോളൂ.’’

അത് കാര്‍ത്തികേയന്‍ സാര്‍ ഇരിക്കുന്ന കസേരയായതുകൊണ്ട് എനിക്ക് അവിടെയിരിക്കാന്‍ മടി തോന്നി.

‘‘അതു സാരമില്ല,’’ തിണ്ണയില്‍ ശക്തിയായി ഊതി പൊടിപറത്തി അവിടെത്തന്നെയിരിക്കാന്‍ തുടങ്ങുമ്പോള്‍ സരോജിനി എന്നെ തടഞ്ഞു. ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കിത്തന്നു.

‘‘ഇരിപ്പുമുറി ഞാന്‍ ഇപ്പോള്‍ വൃത്തിയാക്കാം,’’ അകത്തേക്കു നടക്കുമ്പോള്‍ അവര്‍ പറഞ്ഞു. ‘‘കുട്ടിക്ക് ഞാന്‍ ചായ എടുക്കട്ടെ?’’

‘‘സാര്‍ ഉണര്‍ന്നുവന്നിട്ട് ഒന്നിച്ചുണ്ടാക്കിയാല്‍ മതി.’’

പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നി. കഴിഞ്ഞ ആഴ്ച വരെ അറിയാത്ത ഒരു പരിസരത്തിലാണ് ഇപ്പോള്‍ എന്‍റെ ഇരിപ്പ്. കലയൂര്‍ എന്നോ കലയൂര്‍ കാര്‍ത്തികേയന്‍ എന്നോ അതുവരെ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ ദേശത്തെ പ്രശസ്തനായ ഒരെഴുത്തുകാരന്‍ ഉണരുന്നതും കാത്ത് അദ്ദേഹത്തിന്‍റെ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കുന്നു.

അതും അദ്ദേഹം മറ്റൊരു പാര്‍ട്ടിക്കുവേണ്ടി എഴുതാന്‍ പോവുന്ന നോവല്‍ തട്ടിയെടുക്കുക എന്ന തികച്ചും വിചിത്രവും അപകടകരവുമായ ഒരു ദൗത്യവും പേറിക്കൊണ്ട്.

ഇന്നലെ രാത്രി ലോഡ്ജിലിരുന്ന് നോവല്‍ ലാപ്ടോപ്പിലേക്ക് പകര്‍ത്തുമ്പോള്‍ എഡിറ്റര്‍ വിളിച്ചു. ആദ്യത്തെ അധ്യായത്തിന്‍റെ പണിയിലാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി.

‘‘സാധനം എങ്ങനെയുണ്ട്?’’ അദ്ദേഹം ചോദിച്ചു.

‘‘ഒന്നും പറയാറായിട്ടില്ല സര്‍,’’ ഞാന്‍ പറഞ്ഞു. ‘‘ആകെ ഒരധ്യായമേ എഴുതിക്കഴിഞ്ഞിട്ടുള്ളൂ.’’

ആ അധ്യായം പക്ഷേ ‘ശാരിക’ക്കോ ‘മനോമയ’ത്തിനോ പറ്റുന്നതാവുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. ഒരു ഭഗ്നപ്രണയത്തിന്‍റെ നിഴല്‍ അതില്‍ വീണുകിടക്കുന്നുണ്ട് എന്നു തീര്‍ച്ച. പക്ഷേ, ആദ്യത്തെ അധ്യായത്തില്‍ത്തന്നെ ഉദ്വേഗമുണര്‍ത്താന്‍ അതിനു കഴിയുമോ?

ഒരുപക്ഷേ കഴിഞ്ഞേക്കാം. അത്തരം കാര്യങ്ങളൊന്നും കാര്‍ത്തികേയന്‍ സാറിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

പക്ഷേ ‘ശാരിക’യിലോ ‘മനോമയ’ത്തിലോ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന നോവലുകളുടെ പ്രകൃതവുമായി ഇത് ഒത്തുപോവുന്നില്ലല്ലോ.

അതിനൊക്കെപ്പുറമേ എന്‍റെ സംശയം ഇപ്പോഴും മാറിയിട്ടില്ല. ഇത്രയും കാലം എഴുത്തില്‍നിന്നു വിട്ടുനിന്ന കാര്‍ത്തികേയൻ സാറിനെ എന്തുകണ്ടിട്ടാണ് ‘മനോമയം’ തപ്പിയെടുത്ത് വീണ്ടും അവതരിപ്പിക്കുന്നത്? അതുപോട്ടെ, എന്തടിസ്ഥാനത്തിലാണ് ‘ശാരിക’യുടെ എഡിറ്റര്‍ അദ്ദേഹത്തിന്‍റെ പുതിയ നോവല്‍ തട്ടിയെടുക്കാന്‍വേണ്ടി ഈ സാഹസത്തിന് ഒരുമ്പെടുന്നത്?

‘ശാരിക’യുടെയും ‘മനോമയ’ത്തിന്‍റെയും ഇപ്പോഴത്തെ വായനക്കാര്‍ കാര്‍ത്തികേയന്‍ സാറിനെ ഓർമിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ത്തന്നെ അവര്‍ക്കു പഥ്യമായ ഒരു ഭാഷയാണോ ഈ നോവലിലുള്ളത്?

‘‘എന്നാലും,’’ എഡിറ്റര്‍ ചിരിച്ചു. ‘‘ആദ്യത്തെ അധ്യായം വളരെ പ്രധാനമാണല്ലോ. താനും ഈയിടെയായി കുറച്ചൊക്കെ വായിച്ചതാണല്ലോ. അതുവെച്ച് ഒരഭിപ്രായം പറയൂ.’’

‘‘തുടങ്ങിയിട്ടല്ലേയുള്ളൂ സര്‍? നമുക്കു നോക്കാം.’’

എഡിറ്റര്‍ക്ക് ആകാംക്ഷയുണ്ട് തീര്‍ച്ച. എന്നെവെച്ച് ഒരു കൈവിട്ട കളിക്കാണല്ലോ അദ്ദേഹം മുതിര്‍ന്നിരിക്കുന്നത്. അതിന്‍റെ തിങ്ങലൊക്കെ ശരിക്കും അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഞാനാണെങ്കിലും.

ഇന്നലെ കാര്‍ത്തികേയന്‍ സാറിന്‍റെ അടുത്ത് ഇരിക്കുമ്പോള്‍ അനര്‍ഹമായ ഒരിടത്താണ് ഇരിക്കുന്നതെന്ന തോന്നല്‍ എന്നെ പിന്തുടര്‍ന്നിരുന്നു. കള്ളത്തരം ഏതു നിമിഷവും പിടിക്കപ്പെടും എന്ന തോന്നല്‍ എന്നെ എപ്പോഴും അസ്വസ്ഥനാക്കിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കളവുമുതല്‍ അക്ഷരങ്ങളാ​െണങ്കിലും അതും ഒരു തരത്തില്‍ കവര്‍ച്ചതന്നെയല്ലേ? മാത്രമല്ല; കാര്‍ത്തികേയന്‍ സാറിനെപ്പോലെ ഒരു പ്രശസ്ത വ്യക്തിയെയാണ് ഞാന്‍ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രായവും എന്‍റെ കുറ്റബോധത്തിന് ആക്കം കൂട്ടുന്നുണ്ട്.

അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല. എഡിറ്റര്‍ എന്നെ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ഓരോ നീക്കവും അതിജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ഒരു ചെറിയ പിഴവുപോലും വന്നുകൂടാ എന്ന് നിഷ്കര്‍ഷിക്കുന്നുമുണ്ട്.

ദൗത്യം തുടങ്ങിയിട്ടേയുള്ളൂ. ഇത് എവിടെയെത്തു​െമന്ന് ഇനിയും ഒരുറപ്പായിട്ടില്ല. അസ്വസ്ഥതകള്‍ക്കിടയിലും എനിക്ക് കുറച്ചൊരു ത്രില്‍ തോന്നുന്നുണ്ട് എന്നതും സത്യമാണ്. കള്ളത്തരം പിടിക്കപ്പെടാതെ കാര്‍ത്തികേയന്‍ സാറിന്‍റെ സമ്പൂര്‍ണ നോവലുമായി ഇവിടെനിന്നു തിരിച്ചുപോവുക എന്ന സ്വപ്നമാണ് ഇപ്പോള്‍ എന്നെ അടക്കിഭരിച്ചുകൊണ്ടിരിക്കുന്നത്.

‘മനോമയ’ത്തില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ട നോവല്‍ ഒടുവില്‍ ‘ശാരിക’യില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ സാഹിത്യലോകത്ത് എന്തെന്തു പുകിലുകളാണ് ഉണ്ടാവുക? അതില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്ത എന്‍റെ ഭാവി എങ്ങനെയായിരിക്കും? ഈ അധർമത്തിനു മുതിര്‍ന്ന എഡിറ്ററും മാനേജിങ് എഡിറ്ററുമാവും പ്രധാന പ്രതികളെങ്കിലും നോവല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഞാനും അതിലെ കൂട്ടുപ്രതിയാവില്ലേ? അഥവാ ഞാനാവില്ലേ അതിലെ ഒന്നാം പ്രതി?

തല്‍ക്കാലം എന്‍റെ മനസ്സില്‍നിന്ന് ഞാനീ ആശങ്കകളൊക്കെ മാറ്റിവെക്കാന്‍ ശ്രമിക്കുകയാണ്. എന്നാലും ചിലപ്പോള്‍ അവിചാരിതമായി കടന്നുവന്ന് അത് എന്നെ അസ്വസ്ഥനാക്കുന്നുണ്ടു താനും.

‘‘താന്‍ വന്നിട്ട് കുറെ നേരമായോ?’’

കാര്‍ത്തികേയന്‍ സാര്‍ അടുത്തുവന്നു നിന്നപ്പോഴാണ് ഞാനറിഞ്ഞത്. തിണ്ണയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്നെ സാര്‍ തടഞ്ഞു.

‘‘നമുക്ക് കുറച്ചുനേരം ഇവിടെയിരിക്കാം. അകത്ത് സരോജിനിയുടെ പണി കഴിഞ്ഞിട്ടില്ല.’’

കാര്‍ത്തികേയന്‍ സാര്‍ സിറ്റൗട്ടിലെ ചാരുകസേരയില്‍ ഇരിപ്പുറപ്പിച്ചു.

‘‘താന്‍ എന്തു തീരുമാനിച്ചു?’’ ചോദ്യം വേണ്ടത്ര വ്യക്തമായില്ല എന്ന് അദ്ദേഹത്തിനുതന്നെ തോന്നിയതുകൊണ്ടാവണം ഇങ്ങനെ തുടര്‍ന്നു: ‘‘അല്ല, ഡ്രസ്സൊക്കെ കൊണ്ടുവന്നിട്ടില്ലേ?’’

ഞാന്‍ പെട്ടി ചൂണ്ടിക്കാട്ടി.

ഇന്ന് തിരിച്ചുപോവാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി ഇതു കഴിയുന്നതു വരെ കലയൂരില്‍ത്തന്നെ താമസിക്കണം. ഇടക്ക് വല്ലപ്പോഴും ഓഫീസിലൊന്നു പോയിവരണമെന്നു മാത്രം. റിസീവറുടെ പണി തല്‍ക്കാലം ദേവന്‍ തന്നെ നോക്കിക്കൊള്ളുമെന്നാണ് എഡിറ്റര്‍ പറഞ്ഞത്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് തല്‍ക്കാലത്തേക്ക് ഒഴിവു തന്നിട്ടുമുണ്ട്.

‘‘താമസം ഇവിടെയാക്കാന്‍ പറ്റില്ലേ?’’ കാര്‍ത്തികേയന്‍ സാര്‍ ചോദിച്ചു. ‘‘അത്യാവശ്യം സൗകര്യങ്ങളൊക്കെയുണ്ട്. ഇതു പോരെങ്കില്‍ മതി മറ്റു സ്ഥലമന്വേഷിക്കലൊക്കെ.’’

‘‘ഇവിടത്തെ സൗകര്യം മതിയാവാഞ്ഞിട്ടല്ല. സാറിന് അസൗകര്യമാവേണ്ടല്ലോ എന്നുവെച്ചിട്ടാണ്. ഞാന്‍ വേറെ താമസിച്ചോളാം.’’

ഇവിടെ താമസിക്കുമ്പോള്‍ എനിക്ക് ഒരു സുരക്ഷിതത്വബോധമില്ല എന്നതാണ് സത്യം. ‘മനോമയ’ക്കാര്‍ ഏതു നിമിഷവും കയറിവരുമെന്ന ഒരു പേടിയാണ്. അതു പക്ഷേ സാറിനോടു പറയാന്‍ വയ്യല്ലോ.

‘‘അതൊക്കെ തന്‍റെ ഇഷ്ടംപോലെ,’’ കാര്‍ത്തികേയന്‍ സാര്‍ തുടര്‍ന്നു. ‘‘പക്ഷേ വീടൊക്കെ താനായിത്തന്നെ കണ്ടുപിടിക്കേണ്ടിവരും. എനിക്ക് ഈ നാട്ടില്‍ വലിയ പരിചയമൊന്നുമില്ല.’’

അതെനിക്ക് ഇവിടെ വന്നിറങ്ങിയപ്പൊഴേ മനസ്സിലായതാണല്ലോ.

‘‘ഞാന്‍ ഈ വീട്ടില്‍ അധികം താമസിച്ചിട്ടൊന്നുമില്ല. എഴുത്തൊക്കെ അധികവും ലോഡ്ജുകളില്‍ വെച്ചായിരുന്നു എന്നു തന്നോട് പറഞ്ഞിരുന്നുവല്ലോ. പിന്നെ ഇവിടെയുള്ള സമയത്തും പുറത്തിറങ്ങുന്നതൊക്കെ കുറവ്. നാട്ടുകാരുമായുള്ള ബന്ധം ഇരുപതു വയസ്സില്‍ അവസാനിപ്പിച്ചതാണ്. ഈ വീടിന്‍റെ ചുറ്റുവട്ടത്തുള്ളവരെപ്പോലും ശരിക്കറിയില്ല.’’

അതും മനസ്സിലായിട്ടുണ്ട്. കാര്‍ത്തികേയന്‍ സാറിന്‍റെ ബൈലൈനില്‍ മാത്രമാണല്ലോ ഇപ്പോള്‍ കലയൂര്‍ ഉള്ളത്.

‘‘പിന്നെ കഴിഞ്ഞ പത്തിരുപതു കൊല്ലമായി മാവേലിക്കരയിലാണല്ലോ താമസം. വല്ലപ്പോഴുമൊക്കെ ഒന്നു വരും. ഏറിയാല്‍ നാലു ദിവസം. അപ്പോഴേക്കും തിരിച്ചുചെല്ലാന്‍ ആവശ്യപ്പെട്ട് ശ്രീജ വിളിക്കും. പിന്നെപ്പിന്നെ ഞങ്ങള്‍ക്കും അവിടെയാണ് സുഖം എന്നു തോന്നിത്തുടങ്ങി.’’

കാര്‍ത്തികേയന്‍ സാര്‍ കുറച്ചുനേരം പുറത്തേക്ക് നോക്കിയിരുന്നു.

‘‘ഇന്നലെ തന്നെ യാത്രയാക്കിയശേഷം കുറെനേരം ഇവിടെത്തന്നെ ഇരുന്നു. തനിക്ക് ബസ്സു കിട്ടിയില്ലെങ്കില്‍ മടങ്ങിവന്നാലോ എന്നു കാത്ത്. അത്രയും വൈകി തന്നെ ഇവിടന്നു പറഞ്ഞയക്കേണ്ടിയിരുന്നില്ല എന്നു തോന്നി. പത്തു മണിയൊക്കെയായപ്പോഴാണ് തനിക്ക് ബസ്സു കിട്ടിയിട്ടുണ്ടാവും എന്ന് ഉറപ്പായത്. അപ്പോള്‍ പോയി കിടന്നു.’’

കോട്ടുവായിട്ടുകൊണ്ട് സാര്‍ തുടര്‍ന്നു. ‘‘കിടന്നു എന്നേയുള്ളൂ. ഉറക്കം വന്നില്ല. എന്തൊക്കെയോ ആലോചിച്ചു കൂട്ടി. ഉറങ്ങിയപ്പോഴോ കുറെ ദുഃസ്വപ്നങ്ങള്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ വല്ലാത്ത ക്ഷീണം തോന്നി. അതാണ് പ്രാതല്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കിടന്നത്.’’

‘‘സാറിന് സുഖമില്ലെങ്കില്‍ നമുക്ക് ഇന്നുവേണ്ട. ഞാന്‍ നാളെ വരാം.’’

‘‘അതൊന്നും വേണ്ട. നമുക്ക് ഇതു തീര്‍ത്തുകൊടുക്കണ്ടേ? മൂന്നു മാസമല്ലേ ഉള്ളൂ. ഒരുകാലത്ത് ഒരു നോവലെഴുതിത്തീര്‍ക്കാന്‍ എനിക്ക് അത്രയൊന്നും സമയം വേണ്ടിയിരുന്നില്ല. ഒന്നു തുടങ്ങിയാല്‍ ഇരുപതു ദിവസം; ഏറിയാല്‍ ഒരു മാസം. ഇപ്പോള്‍ അത്തരം ആത്മവിശ്വാസമൊന്നുമില്ല. ഇത് മൂന്നുമാസം കൊണ്ടുതന്നെ തീര്‍ക്കാന്‍ കഴിയുമോ എന്നുറപ്പില്ല. മൂന്നു മാസമെന്നല്ല; എഴുതിത്തീര്‍ക്കാന്‍ തന്നെ പറ്റുമോ എന്ന് തീര്‍ച്ചയില്ല. പിന്നെയല്ലേ?’’

‘‘33 കൊല്ലത്തെ ഗ്യാപ് ഏതായാലും ഉണ്ടാവുമല്ലോ.’’

‘‘അതാണ് പണ്ടുള്ളവര്‍ ഏതു കലയും സാധകം ചെയ്തുകൊണ്ടേയിരിക്കണം എന്നു പറയുന്നതിന്‍റെ പൊരുള്‍. അതില്ലെങ്കില്‍ ഏതു വിദ്യയും കയ്യില്‍നിന്നുപോവും.’’

‘‘ഏതായാലും സാറ് നോവല്‍ എഴുതിക്കൊടുക്കാന്‍ തീരുമാനിച്ചതു നന്നായി,’’ ഞാന്‍ പറഞ്ഞു.

‘‘തനിക്കു നന്നായി എന്ന് അല്ലേ?’’ കാര്‍ത്തികേയൻ സാര്‍ ചിരിച്ചു. ‘‘ആട്ടെ ഒരു കാര്യം ഞാന്‍ ചോദിക്കാന്‍ വിട്ടുപോയി. ഈ കേട്ടെഴുത്തിന് എന്താ തന്‍റെ കൂലി?’’

അങ്ങനെ ഒരു കാര്യം തന്നെ ആലോചിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. ഞാന്‍ വെറുതെ ചിരിച്ചു.

‘‘ചിരിച്ചിട്ടൊന്നും കാര്യമില്ല. റേറ്റ് എന്താണെന്നു വെച്ചാല്‍ പറഞ്ഞോളൂ. അധ്യായത്തിന് ഇത്ര എന്നോ പേജിന് ഇത്ര എന്നോ? എന്താണെന്നു വെച്ചാല്‍ പറയാം. ബാര്‍ഗെയിനിങ്ങൊന്നും എന്‍റെ ഭാഗത്തുനിന്നുണ്ടാവില്ല.’’

‘‘വാക്കിന് ഒരു രൂപയാണ് എന്‍റെ റേറ്റ്!’’ ഞാന്‍ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

‘‘അതു പറഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം ഓർമ വരുന്നുണ്ട്,’’ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു.

‘‘വാരികകളുടെ മഹാപ്രളയം എന്നു പറയപ്പെടുന്ന കാലമുണ്ടായിരുന്നല്ലോ. ഞങ്ങള്‍ എഴുത്തുകാരുടെയൊക്കെ പ്രതിഫലം കുത്തനെ ഉയര്‍ന്ന കാലമായിരുന്നു അത്. ഒരെഴുത്തുകാരന്‍ തനിക്ക് പ്രതിഫലം ഇരട്ടി വേണമെന്ന് ശഠിച്ചു. അയാള്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ അപ്പോള്‍ വളരെ ജനപ്രിയമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രതിഫലം കൂട്ടിച്ചോദിച്ചത് പത്രാധിപര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. എങ്കിലും അല്‍പം തമാശ മട്ടില്‍ നിങ്ങള്‍ ഇനി ഒരു വാക്കിന് ഇത്ര എന്നു പറയുമോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ആ എഴുത്തുകാരന്‍ പറഞ്ഞു, പാശ്ചാത്യ രാജ്യങ്ങളിലൊക്കെ അത് ഇപ്പോള്‍തന്നെ നടപ്പിലുണ്ട് എന്ന്.’’

 

‘‘കേട്ടെഴുത്തുകാര്‍ക്കും വിദേശത്ത് നല്ല വിലയുണ്ട് സര്‍,’’ ഞാന്‍ ഗൗരവം വിട്ടില്ല.

‘‘അതു ശരി!’’ കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു. ‘‘താനങ്ങനെ കാശുണ്ടാക്കാന്‍ നോക്കണ്ട. അങ്ങനെയാണെങ്കില്‍ ഞാന്‍ നോവല്‍ നാലധ്യായങ്ങളിലായി ചുരുക്കിയെഴുതും.’’

റേറ്റു പറയാന്‍ സാര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് കാര്യമായിത്തന്നെയാണ് അദ്ദേഹം വിഷയം എടുത്തിട്ടുള്ളതെന്ന് എനിക്കു മനസ്സിലായത്.

‘‘പ്രതിഫലത്തിനു വേണ്ടിയല്ല ഞാന്‍ സാറിന്‍റെ നോവല്‍ കേട്ടെഴുതാന്‍ തീരുമാനിച്ചത്.’’

‘‘പിന്നെ?’’ പരിഹാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ അദ്ദേഹം തുടര്‍ന്നു. ‘‘ഇതുകൊണ്ട് തനിക്ക് എന്തെങ്കിലും പുണ്യം കിട്ടുമെന്നു കരുതിയാണോ? ശരി ശരി. 33 വര്‍ഷങ്ങള്‍ക്കു ശേഷം എഴുത്തിലേക്ക് തിരിച്ചുവരുന്ന പ്രശസ്ത നോവലിസ്റ്റ് കലയൂര്‍ കാര്‍ത്തികേയന്‍റെ നോവലിന് അക്ഷരരൂപം കൊടുക്കുക! സംശയമില്ല; പുണ്യംതന്നെ. സാഹിത്യലോകത്ത് തന്‍റെ പേര് സുവര്‍ണ ലിപികളില്‍ എഴുതപ്പെടും.’’

‘‘അതു തന്നെയാണെന്നു വെച്ചോളൂ.’’

‘‘ഉവ്വുവ്വ്. എടോ, നോവല്‍ എന്‍റെ പേരിലാണ് വരിക. തന്‍റെ പേര് എവിടെയും കാണില്ല. എഴുതിത്തീര്‍ന്നാല്‍ കിട്ടിയ കാശും എണ്ണിനോക്കി കേട്ടെഴുത്തുകാരന്‍ ഉടന്‍ സ്ഥലം വിട്ടോളണം.’’

സരോജിനി അകത്തുനിന്ന് രണ്ടു കപ്പ് ചായയുമായി വന്നു.

‘‘രാവിലെ പത്തുമണിയുടെ ചായ സരോജിനിയോട് ഉണ്ടാക്കാന്‍ പറഞ്ഞു,’’ കാര്‍ത്തികേയൻ സാര്‍ പറഞ്ഞു.

‘‘ഇന്നു മുതല്‍ ഒരു പരിഷ്കാരം. രാവിലെ ആറു മണിയുടെ ചായ ഹോട്ടലില്‍നിന്നുതന്നെ വേണം. ആ സമയത്തേക്ക് സരോജിനി എത്തുകയില്ലല്ലോ.’’

സരോജിനിയുടെ ചായക്ക് മധുരം വേണ്ടതിലധികമുണ്ടെന്നു തോന്നി. കാര്‍ത്തികേയന്‍ സാര്‍ പക്ഷേ അതിനെപ്പറ്റിയൊന്നും മിണ്ടാതിരുന്നത് എന്താണെന്നു മനസ്സിലായില്ല. ലീലാവതിയമ്മയുടെ അഭാവം ശരിക്കും മുതലാക്കുകയാണെന്നു തോന്നുന്നു.

‘‘ഇന്നലെ പറഞ്ഞുതന്നതിന്‍റെ കയ്യെഴുത്ത് താന്‍ ഇന്നു കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. മറന്നിട്ടില്ലല്ലോ.’’

ഞാന്‍ ബാക്പാക് തുറന്ന് കടലാസ് പുറത്തെടുത്തു. ആദ്യത്തെ അധ്യായം പന്ത്രണ്ടു പേജുണ്ട്. മൊട്ടുസൂചി കുത്തിയുറപ്പിച്ച കടലാസ് സാറിനു നേരെ നീട്ടിക്കാണിച്ചു.

ചായക്കപ്പ് ചാരുകസേരയുടെ കയ്യിലേക്കുവെച്ച് കാര്‍ത്തികേയൻ സാര്‍ കടലാസ് വാങ്ങി. ഉടനെത്തന്നെ വായനയും തുടങ്ങി. എന്‍റെ കയ്യക്ഷരത്തെപ്പറ്റി എന്തെങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല.

ഞാന്‍ സാറിന്‍റെ മുഖഭാവം ശ്രദ്ധിച്ചു. ആദ്യം ആ മുഖത്തുണ്ടായിരുന്ന പ്രസന്നഭാവം പതിയെപ്പതിയെ മങ്ങുന്നുണ്ടെന്ന് എനിക്കു തോന്നി. പേജുകള്‍ ഓരോന്നോരോന്നായി മറിയുന്നുണ്ട്. താമസിയാതെ അവസാനത്തെ പേജിലെത്തി.

‘‘നമുക്കിത് ഇവിടെവെച്ചു നിര്‍ത്താം.’’ കാര്‍ത്തികേയൻ സാര്‍ ഉറക്കെപ്പറഞ്ഞു.

അടുത്തനിമിഷം അദ്ദേഹം കയ്യിലെ കടലാസ് കീറിപ്പറിക്കുന്നതാണ് കണ്ടത്. തിണ്ണയില്‍നിന്ന് എഴുന്നേറ്റ് ഞാന്‍ അടുത്തു ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

‘‘ഇതു ശരിയാവില്ലെടോ.’’

എന്‍റെ കയ്യില്‍പ്പിടിച്ച് സാര്‍ ദയനീയമായി എന്നെ നോക്കി. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

(തുടരും)

Tags:    
News Summary - malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.