അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം തീമഴ

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. ‘ഉസ്മാൻ സാഹിബ്’ പള്ളിയിലെ മതാധിപതിയായിരിക്കെ സംഭവിച്ച വസ്തുതകളാണ് ‘തീമഴ’യെന്ന രൂപകത്തിലൂടെ അനാവൃതമാകുന്നത്. ഒരു പ്രഭാതത്തിൽ ഉണർന്നെണീറ്റ് കിടക്കയിലിരുന്ന് നോക്കുമ്പോൾ ഭാര്യയെ കാണുന്നില്ല. സ്വീകരണമുറിയിൽ ചെന്നു നോക്കുമ്പോൾ അവിടെ നിലത്തു വിരിച്ച പരവതാനിയിൽ അവളും മൂന്ന് വയസ്സുള്ള മകനും കിടന്നുറങ്ങുന്നു. കുട്ടിയുടെ നെറ്റിയിൽ നനഞ്ഞ തുണി പറ്റിച്ചിട്ടുണ്ട്. അവന് പനിയാണെന്നും ഭാര്യ അരീഫ രാത്രി ഉറക്കൊഴിച്ച്...

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.

‘ഉസ്മാൻ സാഹിബ്’ പള്ളിയിലെ മതാധിപതിയായിരിക്കെ സംഭവിച്ച വസ്തുതകളാണ് ‘തീമഴ’യെന്ന രൂപകത്തിലൂടെ അനാവൃതമാകുന്നത്. ഒരു പ്രഭാതത്തിൽ ഉണർന്നെണീറ്റ് കിടക്കയിലിരുന്ന് നോക്കുമ്പോൾ ഭാര്യയെ കാണുന്നില്ല. സ്വീകരണമുറിയിൽ ചെന്നു നോക്കുമ്പോൾ അവിടെ നിലത്തു വിരിച്ച പരവതാനിയിൽ അവളും മൂന്ന് വയസ്സുള്ള മകനും കിടന്നുറങ്ങുന്നു. കുട്ടിയുടെ നെറ്റിയിൽ നനഞ്ഞ തുണി പറ്റിച്ചിട്ടുണ്ട്. അവന് പനിയാണെന്നും ഭാര്യ അരീഫ രാത്രി ഉറക്കൊഴിച്ച് അവനെ പരിചരിക്കുകയായിരുന്നിരിക്കണമെന്നും ക്ഷീണിച്ച് ഉറങ്ങുകയാണെന്നും, അവിടെ പാലിന്റെ കപ്പും വെള്ളത്തിന്റെ ജഗും സ്പൂണും ചുടുവെള്ളത്തിന്റെ ഫ്ലാസ്കും മറ്റും കണ്ടപ്പോൾ അയാൾ ഊഹിച്ചു.

പെട്ടെന്നോർമ വന്നു, അയാളുടെ ഏറ്റവും ഇളയ അനിയത്തി ജമീലയും ഭർത്താവും അടുത്തമുറിയിൽ ഉണ്ടെന്ന്. അയാൾ അരീഫയെ തട്ടിയുണർത്താൻ തുനിഞ്ഞു. തളർന്നിരുന്ന അവൾ ഉടനെ എണീറ്റിരിക്കാത്തതിൽ അയാൾക്ക് ദേഷ്യംവന്നു. ഒരു ഫക്കീർ പാടാറുള്ള പാർട്ട് ഓർമയിലെത്തി. മുസ്‍ലിമിന് പന്നിമാംസം എത്രമേൽ ഹറാം ആണോ അത്രതന്നെ കോപവും ഹറാമാണ് എന്നർഥമുള്ള ആ ഗാനം അയാൾ നിരന്തരം ഉള്ളിൽ പാടാറുണ്ട്. എങ്കിലും ഇപ്പോൾ കോപം അടക്കാൻ കഴിയാതെ ആ മുതവല്ലി (കാര്യദർശി) അരീഫയുടെ കാലുകളിൽ ഒരു തട്ടുകൊടുത്തു. അവൾ പിടഞ്ഞെണീറ്റിരുന്നു: ‘‘അറയ്ക്കുള്ളിൽ കിടന്നുകൂടേ?’’ എന്നൊരു ചോദ്യം അവളുടെ നേരെ എറിഞ്ഞ് അയാൾ ഇറങ്ങിപ്പോയി. വസതിയിൽനിന്ന് ഒരു ഫർലോങ് അകലമുണ്ട് പള്ളിയിലേക്ക്. അയാൾ കാലു നീട്ടിവെച്ച് വേഗം നടന്നു. ദേഹം മുന്നോട്ടുനീങ്ങിയെങ്കിലും മനസ്സ് പിന്നോട്ട് വീട്ടിലേക്ക് ഓടി. തലേന്ന് നടന്നതെല്ലാം ഓർമയിലെത്തി.

തന്റെ ഏറ്റവും പ്രിയപ്പെട്ട അനിയത്തി. ഏറ്റവും ഇളയവൾ. അവൾക്ക് താൻ എന്തെല്ലാം കൊടുത്തു! സ്കൂൾ കഴിയുംവരെ പഠിപ്പിച്ചു. കല്യാണം നടത്തിക്കൊടുത്തു. പതിനെട്ട് പട്ടുസാരിയാണ് അന്ന് കൊടുത്തത്. സ്വർണപ്പണ്ടങ്ങളും അവളുടെ വരന് ഒരു മോട്ടോർബൈക്കും കൊടുത്തു. അഞ്ചു കൊല്ലത്തിനുശേഷം അവളെത്തിയിരിക്കയാണ് കുടുംബസ്വത്തിലെ ഭാഗം ചോദിക്കാൻ! എങ്ങനെ സഹിക്കും ഈ നന്ദികേട്! അയാൾക്ക് കോപംകൊണ്ട് ദേഹം പൊള്ളി.

ഭാഗം ചോദിക്കുക മാത്രമോ? അവൾ ഞെളിഞ്ഞുനിന്ന് വാദിക്കുന്നു: അണ്ണാ, ഞാൻ ചോദിക്കുന്നത്, അള്ളാഹുവും ഇസ്​ലാമിക ശരിഅത്തും ശരിവെച്ചിട്ടുള്ള സ്വത്തവകാശമാണ്. കുടുംബസ്വത്തിലുള്ള അവകാശം, അല്ലാതെ അണ്ണൻ സമ്പാദിച്ചതിലെയല്ല. നമ്മുടെ ബാപ്പ സമ്പാദിച്ച മൊതലിൽ ആറിലൊന്നിന് എനിക്ക് അവകാശമുണ്ട്.

‘‘എടുത്തോ ആറിലൊന്ന്!’’ എന്നും പറഞ്ഞ് കനത്തൊരടി കൊടുക്കാൻ തോന്നായ്കയല്ല. എങ്കിലും സ്വയം അടക്കി. അവളുടെ ആറടിക്കാരൻ ഭർത്താവ്, ഒരു അംഗരക്ഷകനെപ്പോലെ അവിടെ കസേരയിലിരിപ്പുണ്ട്.

അവൾ തുടർന്നു: ‘‘മഹല്ലിലെ നൂറുകണക്കിനുള്ള പ്രശ്നങ്ങൾക്കൊക്കെ അണ്ണൻ തീരുമാനമുണ്ടാക്കുന്നു. എന്നെ വിളിച്ചുവരുത്തി ‘ഇതാ നിനക്കുള്ള ഭാഗം’ എന്നുപറഞ്ഞ് എനിക്ക് സ്വത്ത് തരേണ്ടതായിരുന്നു. എന്റെ കാര്യം പോട്ടെ- സക്കീന അക്കയുടെ ഗതിയെന്താണ്? ഭർത്താവില്ല. മക്കൾക്ക് പണിയെടുക്കാൻ പ്രായമായിട്ടില്ല. പെൺമക്കളുടെ കല്യാണം നടത്താനെന്താണ് വഴി!’’

മുതവല്ലി ഓർത്തു: ‘‘എങ്ങനെയാണവൾക്കിങ്ങനെയൊക്കെ തർക്കിക്കാൻ ചങ്കൂറ്റം കിട്ടിയത്?’’ താനെന്തുകൊണ്ട് മിണ്ടാതെ കേട്ടുനിന്നു എന്നും ഓർത്തു. മാവിൻതോപ്പുകൾ, തെങ്ങിൻതോപ്പുകൾ, നെൽവയലുകൾ, പട്ടുപുഴുക്കളെ വളർത്തുന്ന സ്ഥലങ്ങൾ, നഗരത്തിലെ വീടുകൾ... സ്വത്തുവിവരണങ്ങൾ അയാളുടെ മനസ്സിൽ അണിനിരന്നു. ഇവയിലേതാണ് തന്റെ നാലു പെങ്ങൾമാർക്ക് പങ്കിട്ടുകൊടുക്കാൻ കഴിയുക?

ജമീല ഒരു തവളയെപ്പോലെ ഒച്ചയെടുത്തു: ‘‘അണ്ണാ, എന്നെ ഒരു നല്ല കുടുംബത്തിലേക്ക് കെട്ടിച്ചയച്ചു; ഇല്ലെന്ന് ഞാൻ പറയില്ല. എങ്കിലും, ഒന്നോർത്തു നോക്കൂ. പത്തുകൊല്ലം കഴിഞ്ഞില്ലേ? ബാപ്പ മരിച്ചിട്ട്? അന്ന് എനിക്കുള്ള ഭാഗം തന്നിരുന്നെങ്കിൽ, എന്റെ നിക്കാഹിന് ചെലവാക്കിയ പണത്തിന്റെ പത്തിരട്ടി എന്റെ കൈയിലുണ്ടായേനെ! അതൊന്നും ഞാനിപ്പോൾ ചോദിക്കുന്നില്ലല്ലോ.’’

മുതവല്ലി സാഹിബിന്റെ കോപത്തിന്റെ അണക്കെട്ടു പൊട്ടി. ഭാര്യ അരീഫ എല്ലാം കേട്ടുകൊണ്ടുനിൽക്കുന്നുണ്ട്. ജമീല ഇങ്ങനെയൊക്കെ പറയരുതായിരുന്നുവെന്ന തോന്നലില്ലായ്കയില്ല. എങ്കിലും അവൾ പറയുന്നതിൽ കാര്യമില്ലേ? നാലായിരം ക മാസത്തിൽ വാടക കിട്ടുന്ന പട്ടണത്തിലെ വീടും കാപ്പി എസ്റ്റേറ്റും അരീഫക്ക് കുടുംബത്തിൽനിന്ന് കിട്ടിയ പങ്കാണ്. അരീഫ ചോദിച്ചുമേടിച്ചതല്ല. അവളുടെ അച്ഛനമ്മമാർ അവളെയും ഭർത്താവിനെയും വിളിച്ചുവരുത്തി. ഒരു പുതിയ സാരിയും ബ്ലൗസും അവൾക്ക് സമ്മാനിച്ചു. അതോടൊപ്പം അവൾക്ക്, കുടുംബസ്വത്തിലുള്ള അവകാശം അനുസരിച്ചുള്ള വസ്തുവകകൾ രജിസ്റ്റർ ചെയ്തുള്ള ആധാരവും കൊടുത്തു. സ്നേഹപൂർവം യാത്രയാക്കി- ഇന്ന് ജമീലക്ക് അവളുടെ അവകാശത്തിനു വേണ്ടി പോരടിക്കേണ്ടിവന്നിരിക്കുന്നു.

ജമീലയു​ടെ കാണാപ്പാഠം പഠിച്ചപോലുള്ള പ്രസംഗം തുടർന്നു: ‘‘നിയമപ്രകാരം എനിക്ക് കിട്ടേണ്ടത് തരാതിരുന്നാൽ എനിക്ക് കോടതിവഴിക്ക് അത് നേടേണ്ടിവരും.’’

ഒരക്ഷരം മിണ്ടാതെ, കലികയറിയ സാഹിബ് കിടപ്പറയിലേക്ക് പോയി.

ആ രംഗങ്ങൾ ഇപ്പോൾ പള്ളിയിലെത്തിയിട്ടും അയാളുടെ മനസ്സിൽനിന്ന് മായുന്നില്ല. ശീതകാലമായിരുന്നതിനാൽ പള്ളിയുടെ പിന്നിലുള്ള കുളിമുറിയിലെ വെള്ളം ചൂടാക്കിയിട്ടുണ്ട്. അയാൾ ദേഹശുദ്ധി വരുത്തി, ശീലമെന്നപോലെ യാന്ത്രികമായി നമസ്കാരവും നിർവഹിച്ചു. എങ്കിലും ജമീലയുടെ വാക്കുകളിൽ മുഴങ്ങിയ ചങ്കൂറ്റവും ‘സ്വത്തുവിഭജിക്കുക’ എന്നോർക്കുമ്പോഴുള്ള പൊറുതികേടും അയാളെ വീർപ്പുമുട്ടിച്ചു. എങ്ങനെ അവളെ ഒതുക്കി സ്വത്ത് കൈവശം വെക്കാമെന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നു. വിശാലമായ പള്ളിയിൽ നമസ്കാരത്തിന് ചുരുക്കം പേരേ എത്തിയിരുന്നുള്ളൂ. അവരിൽ അടുത്ത ബന്ധത്തിൽപെട്ടവരില്ല. അയാൾ പള്ളിയിൽനിന്നിറങ്ങി. നേരെ വീട്ടിലേക്കല്ല നടന്നത്. ടൗണിലെ മദീന ഹോട്ടലിൽ പോയി ഒരു ചായ കുടിച്ചു.

അവിടെനിന്നിറങ്ങി പട്ടണത്തിൽ ഒരു സർക്കിളിൽ ഒരു പൊലീസുകാരനെന്നപോലെ നിന്നു. പെട്ടെന്നൊരു ശബ്ദംകേട്ടു. ഒരു കാക്ക വൈദ്യുതി കമ്പിയിലടിച്ചു ചത്തു വീണതാണ്. എവിടെനിന്നെന്നറിയാതെ ഒരു കാക്ക പറന്നെത്തി കാ കാ എന്ന് വിളിമുഴക്കി. മ​ന്ത്രശക്തികൊണ്ടെന്നപോലെ തുരുതുരെ കാക്കകൾ പറന്നെത്തി. എല്ലാം കാ കാ വിളി മുഴക്കുന്നു. അയാൾ നടന്നുനീങ്ങാൻ പുറപ്പെടുമ്പോൾ അവ അയാളുടെ തലക്കുമീതെ ചുറ്റിപ്പറക്കാൻ തുടങ്ങി. ചലനമറ്റ കാക്ക അവിടെ കിടക്കുന്നു. കുത്തിക്കീറാനാവാത്ത കട്ടിയിരുട്ടിനടിയിൽ മഴവില്ലുപോലെ പല വർണങ്ങൾ ഉണ്ടോ എന്നൊരു വിഭ്രാന്തി അയാളെ പിടികൂടി. കാക്കകളുടെ വലയത്തിൽനിന്ന് രക്ഷപ്പെടാൻ അയാൾ വീട്ടിലേക്ക് നടന്നു. മനസ്സറിയാതെയെന്നപോലെയുള്ള നടന്നു. വീട്ടിലെത്തി നേരെ കിടപ്പറയിലേക്ക് നീങ്ങി. ഉറക്കംവരുന്നെന്നു തോന്നി, കിടന്നു.

അരീഫ വീട്ടുപണികളിലേർപ്പെട്ടു കഴിഞ്ഞിരുന്നു. പ്രാതലും കുട്ടികൾക്ക് സ്കൂളിലേക്കുള്ള ഉച്ചഭക്ഷണവും ഒരുക്കണം. പനിയായിക്കിടക്കുന്ന മോനെ ഇടക്കിടക്ക് ചെന്നുനോക്കണം. ജമീലക്കും ഭർത്താവിനും പ്രാതലിന് കൂടുതലായെന്തെങ്കിലുമുണ്ടാക്കണം. ആ ഗൃഹത്തിൽ പിറന്ന പെൺകിടാവാണ്. അവളെ വെറുപ്പിച്ചു കൂടാ. അരീഫയുടെ അമ്മ അവൾക്ക് ഉപദേശവും കൊടുത്തിട്ടുണ്ട്. ഭർതൃഗൃഹത്തിൽ പിറന്നവരെ വെറുപ്പിച്ചാൽ തീമഴ പെയ്യുമെന്ന്.

തലേന്നാൾ രാത്രി കിടക്കുംമുമ്പ് മുതവല്ലി സാഹിബിനോട് അവൾ പതുക്കെ പതുക്കെ പറഞ്ഞിരുന്നു. ‘‘വീട്ടിൽ പിറന്ന ആ മകളെ വെറുപ്പിക്കരുത്. ഖുർആനിൽ പറഞ്ഞിട്ടില്ലേ ​പെൺ പൈതലിന് നടത്തവകാശം കൊടുക്കണമെന്ന്! നാലു പെങ്ങൾമാർക്കും അവരുടെ ഭാഗം കൊടുത്തു. സ്വന്തം കൈ ശുദ്ധമാക്കുകയാണ് വേണ്ടത്. ബാക്കിയുള്ളതുകൊണ്ട് നമുക്ക് സുഖമായിക്കഴിയാൻ അല്ലാഹു അനുഗ്രഹിക്കും.’’ അരീഫ ഭർത്താവിനെ ഉപദേശിക്കാൻ മുമ്പൊരിക്കലും മുതിർന്നിട്ടില്ല. ഒരു പെണ്ണിന്റെ ഉപദേശം അനുസരിക്കാൻ നിൽക്കുന്നവനല്ല മുതവല്ലി സാഹിബ്. പെണ്ണ് നിൽക്കേണ്ടിടത്ത് നിൽക്കണം. അയാൾ തട്ടിക്കേറി: ‘‘മിണ്ടാതിരി. സ്വന്തം പണി നോക്ക്.’’ ഇതും പറഞ്ഞു തിരിഞ്ഞുകിടന്നു. ഉറക്കംപിടിച്ചു.

ചപ്പാത്തി പരത്തിക്കൊണ്ടിരിക്കുമ്പോഴും അരീഫ പ്രാർഥിക്കുകയായിരുന്നു: എല്ലാമറിയുന്ന അല്ലാഹുവേ അദ്ദേഹത്തിന് നല്ലബുദ്ധി തോന്നിക്കണേ! അടുക്കളപ്പണിക്കിടക്ക് മോൻ അൻസാർ കിടക്കുന്നിട​ത്തേക്ക് കൂടക്കൂടെ ഓടിച്ചെന്നു നോക്കും. അങ്ങനെ ഓടിയെത്തു​മ്പോഴാണ് പുറത്ത് കാത്തുനിൽക്കുന്ന ഒരുവളെ അരീഫ കണ്ടത്. ബുർക്കയും നിക്കാബും ധരിച്ചവൾ. അടിയിലൂടെ മുഷിഞ്ഞ സാരിയുടെ പഴക്കം കണ്ടു. ആളെ തിരിച്ചറിഞ്ഞു. സക്കീന അക്കയാണ്. സാഹിബിന്റെ അനുജത്തിമാരിൽ മൂത്തവൾ. വരാന്തയിൽ മറ്റുള്ളവരോടൊപ്പം കാത്തുനിൽക്കുന്നു. ഇരിപ്പുമുറിയുടെയും വരാന്തയുടെയും ഇടക്കുള്ള കർട്ടൻ കുറച്ചൊന്നു നീക്കി അരീഫ വിളിച്ചു. ‘‘സക്കീന അക്കാ എന്താണവിടെ നിൽക്കുന്നത്! അകത്തേക്കു വരൂ, ദയവായി അകത്തു വരൂ.’’ സക്കീന അക്കയുടെ മുഖഭാവമെന്തെന്നറിയാൻ കഴിഞ്ഞില്ല. കൂടെ നിൽക്കുന്ന ആൾ പറഞ്ഞു: ‘‘സാരമില്ല മാമി, ഞങ്ങളിവിടെ നിന്നോളാം; മാമ വരുമ്പോൾ കാര്യം പറഞ്ഞുപൊയ്ക്കോളാം; മാമി വിഷമിക്കേണ്ട.’’

സക്കീന, സാഹിബി​ന്റെ പെങ്ങൾമാരിൽ മൂത്തവൾ. ആത്മാഭിമാനമുള്ളവൾ. ഭർത്താവ് മരിച്ചതിനുശേഷം തുന്നൽപ്പണിയെടുത്താണ് മൂന്നു മക്കളെ പോറ്റുന്നത്. പിറന്ന വീട്ടിൽനിന്ന് ഒരു തുള്ളി വെള്ളംപോലും കിട്ടണമെന്ന് കൊതിക്കാത്തവൾ. പെരുന്നാൾകാലത്ത് വരും അണ്ണായുടെ അനുഗ്രഹത്തിനുവേണ്ടി മാത്രം. ജമീലയെപ്പോലെ ഭാഗം ചോദിക്കാൻ വന്നതല്ലെന്ന് വ്യക്തം. അകത്ത് ഇരുപ്പുമുറിയിലേക്ക് കടന്നിരിക്കാൻ​പോലും ഒരുങ്ങാതെ, മറ്റു പരാതിക്കാരോടൊപ്പം പുറത്തു കാത്തുനിൽക്കുകയാണ്. അരീഫ കർട്ടനിടയിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നതു കണ്ടും കൊണ്ടെത്തിയ സാഹിബ് രുഷ്ടനായി: ‘‘അരീഫാാാ’’ എന്ന വിളി മുഴങ്ങി. അവൾ തിരിഞ്ഞുനിന്നു. സക്കീനാത്താ മറ്റുള്ളവരോടൊപ്പം അന്യരെപ്പോലെ കാത്തുനിൽക്കുന്നു. ഞാൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മുതവല്ലി പുറത്തുവന്നു. സക്കീനയെ കണ്ടപ്പോൾ കോപം മുഖത്തേക്ക് ഇരച്ചുകയറി. സക്കീന കൈകൾ കൂപ്പി. പരാതി ഒരൊറ്റ വീർപ്പിൽ പറഞ്ഞുതീർത്തു.

 

‘ഭായിസാബ്, എന്നെപ്പോലെ അനാഥയായ ഒരു വിധവയോട് കരുണയുണ്ടാവണേ. അണ്ണായെയും കുടുംബത്തെയും അള്ളാഹു കാക്കും. എന്റെ മോൻ ബി.എ ഒന്നാം വർഷത്തിലാണ്. ഒരു എൻജിനീയറിങ് കോളജിൽ അറ്റൻഡറുടെ പണിക്ക് അപേക്ഷിച്ചിട്ടുണ്ട്. മോന്റെ പേര് സെയ്ദ് അബ്റാർ എന്നാണ്. ആ പണി അവന് നേടിത്തരണം. തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അണ്ണാ അംഗമാണെന്ന് ഞാൻ കേട്ടു. ആപ്ലിക്കേഷന്റെ ​കോപ്പി ഇതാ... അണ്ണാ ഒരുവാക്കു പറഞ്ഞാൽ അവന് ആ പണി കിട്ടുമെന്ന് എല്ലാവരും പറഞ്ഞു. അവനത് കിട്ടിയാൽ ഞങ്ങളുടെ വീട് രക്ഷപ്പെടും. അണ്ണാ എല്ലാവരുടെയും സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുന്നവനല്ലേ! ഞങ്ങളോട് ദയയുണ്ടാവണേ.’’ മുതവല്ലി സാഹിബ് വാ തുറക്കുംമുമ്പേ സക്കീന അയാളുടെ കാൽക്കൽ വീണു. ഹരജി ഏൽപിച്ച് വേഗം തിരിച്ചുനടന്നു.

മുതവല്ലി പരാതികൾ ഓരോന്നായി സ്വീകരിക്കാൻ തുടങ്ങി. ഒരു സ്ത്രീ ഒരു കുഞ്ഞിനെ നെഞ്ചത്തടുക്കിപ്പിടിച്ച് അണ്ണാ ഈ കുഞ്ഞിന്റെ ബാപ്പക്ക് ഒരു കാളവണ്ടിയപകടത്തിൽ ഓപറേഷൻ വേണ്ടിവന്നു. വണ്ടിയും കാളകളെയും വിറ്റിട്ടാണ് ഓപറേഷനു വേണ്ട പണമുണ്ടാക്കിയത്. ഇനി ഒരു ഓപറേഷൻ കൂടി വേണമത്രെ. എന്റെ പക്കൽ ചില്ലിക്കാശില്ല... അവൾ തേങ്ങിക്കരഞ്ഞു. സാഹിബ് അവളുടെ പേരും ആശുപത്രിയുടെയും ഡോക്ടറുടെയും പേരുകളും ചോദിച്ചറിഞ്ഞു. വേണ്ടത് ചെയ്യാമെന്ന് ഏറ്റു. ഒരു സ്കൂൾകുട്ടി ഒരു നോട്ടുപുസ്തകം നീട്ടിക്കാട്ടി. ഒരു ഹയർ പ്രൈമറി സ്കൂളിലെ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ: സ്കൂൾ വികസന കമ്മിറ്റിയുടെ മീറ്റിങ്ങുണ്ട് അന്ന് മൂന്നുമണിക്ക്. മുതവല്ലി സാഹിബ് എത്തണമെന്നപേക്ഷ. അത് ഒപ്പിട്ടുകൊടുത്തു. മറ്റുള്ളവരുടെ നേരെ തിരിയുമ്പോഴേക്ക് ദാവൂദ് ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞെത്തി. അദ്ദേഹത്തി​ന്റെ വലംകൈയാണ് ദാവൂദ്, സാഹിബിന്റെ ഭാവങ്ങളറിഞ്ഞ് പെരുമാറുന്നവർ. അയാൾ പ്രഭാതത്തിലെ നമാസിനെത്തിയിരുന്നില്ല.

മുതവല്ലി സാഹിബ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റുമാത്രമല്ല, രാഷ്ട്രീയത്തിലും മുൻകൈയുള്ള ആളാണ്. താൻ പറഞ്ഞതുപോലെ എല്ലാ മുസ്‍ലിംകളും വോട്ടു ചെയ്യുമെന്ന് ഉറച്ചവിശ്വാസം പുലർത്തിയിരുന്നു. അത് സ്ഥാനാർഥികളും വിശ്വസിച്ചിരുന്നു. അ​ദ്ദേഹത്തെ നേരംപുലരുമ്പോഴേ കാണാനെത്തുന്നവരുടെ എണ്ണക്കൂടുതലിന് ഇതുമൊരു കാരണമായിരുന്നു. വയസ്സനായ ഒരാൾ തിമിരംമൂലം ശരിക്ക് കാഴ്ചയില്ലാതെ തട്ടിത്തടഞ്ഞു മുന്നോട്ടുവന്നു:

‘‘സാബ് സാബ് എന്റെ ഇളയ മോളുടെ നിക്കാഹാണ് അടുത്ത ആഴ്ച. കൈയിൽ പണമില്ല. എനിക്ക് സഹായം വേണം. അവളെ നിക്കാഹ് കഴിച്ചുകൊടുത്താൽ എനിക്ക് സ്വൈരമായി കണ്ണടക്കാം. അങ്ങ് എന്റെ ബാപ്പയെപ്പോ​ലെയാണ്. ദയവുണ്ടാവണേ.’’ അയാൾ കാൽക്കൽ വീഴാൻ നീങ്ങി. സാഹിബ് ചോദിച്ചു: ‘‘സാബ് ജാൻ ചിക്കപ്പാ.’’ എന്തു വേണമെന്നാണ് നിങ്ങൾ പറയുന്നത്.‘‘അധികമൊന്നും വേണ്ട. ഒരു നാൽപതിനായിരം മാത്രം.’’ ‘‘നാൽപതിനായിരമോ? എവിടുന്നുണ്ടാക്കും’’ എന്ന് സാഹിബ്.

അപ്പോഴേക്ക് ദാവൂദ് തള്ളിക്കയറി.

‘‘അണ്ണാവരെ ഒരു അടിയന്തിരകാര്യമുണ്ട്. ഈ ഉലകം എങ്ങോട്ടാണ് പോകുന്നത്. ഭയങ്കരം നീതി, നിയമം, ധർമം -എല്ലാം നശിച്ചു! ‘‘അറിഞ്ഞില്ലേ? ഇസ്‍ലാമിനെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. അണ്ണാവരെ, മുസ്‍ലിമിന് വിലയില്ലാതായി.’’ ‘‘കാര്യമെന്തെന്ന് പറയൂ.’’ എന്ന് ക്ഷമകെട്ട സാഹിബ്.

‘‘നിസാർ എന്ന പെയിന്ററില്ലേ? പണം വാങ്ങി പണിചെയ്യാതെ എല്ലാവരെയും കബളിപ്പിച്ചു നടക്കുന്നവൻ. പള്ളി പെയിന്റ് ചെയ്യാൻ ഇരുനൂറ് വാങ്ങി മുങ്ങി. പണം മുഴുവൻ കുടിക്കാനാണൊഴുക്കുന്നത്.

അവന്റെ ചതി സാഹിബിന് നന്നായോർമയുണ്ട്. അവനെ പിടിച്ച് മരത്തിൽ കെട്ടി അടിച്ചതും ഓർത്തു. ‘‘അവനെന്തുപറ്റി?’’ ‘‘അവൻ ഒരു കുളത്തിൽ മുങ്ങിച്ചത്തു. കുറെനാൾ മുമ്പാണ്. ഏതാണ്ട് ഒന്നരമാസം. ശവംപൊങ്ങി. പൊലീസ് അത് ഹിന്ദു ശ്മശാനത്തിൽ അടക്കി.’’

എന്താണീ ​കേൾക്കുന്നത്! എല്ലാവരും ഇടിവെട്ടേറ്റപോലായി. ഒരു മുസ്‍ലിമിന്റെ ദേഹം ഹിന്ദു ശ്മശാനത്തിൽ അടക്കുക! ഇസ്‍ലാം നശിക്കാൻ ഇതിൽപരം എന്തുവേണം. കേട്ടവരെല്ലാം സ്വന്തം പരാതികൾ മറന്നു -മകളുടെ കല്യാണക്കാര്യവും കൊണ്ടെത്തിയ കിഴവനുൾ​െപ്പടെ. ഒരു മുസ്‍ലിമിന്റെ ദേഹം ഖബറിസ്ഥാനിലല്ലാതെ വേറെ എവിടെ അടക്കിയാലും അവന് ഗതിയില്ല. സാഹിബ് ​ചോദിച്ചു, ‘‘അവൻ സുന്നത്ത് നടത്തിയിരുന്നില്ലേ?’’ ദാവൂദ് ഈ സാ​ങ്കേതിക പ്രശ്നം ഓർത്തിരുന്നില്ല. ‘‘നടത്താതിരിക്കുമോ! പൊലീസിന് അതു വല്ലതും അറിയണോ? ശവം മറവുചെയ്യണമെന്നല്ലാതെ. മറ്റെന്തെങ്കിലും അവർ കരുതുമോ? അത് നിസാറിന്റെ ദേഹമാണെന്നവരെങ്ങനെ നിശ്ചയിച്ചു?’’

അയാളെ കാണാനില്ലാതായി. കുറെ നാൾ കഴിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അവർ ശവത്തി​ന്റെ മേലുണ്ടായിരുന്ന വസ്ത്രങ്ങൾ കാട്ടിക്കൊടുത്തു. അത് അയാളുടെതന്നെയാണെന്നവൾ തിരിച്ചറിഞ്ഞുവത്രെ.

ആ കുത്തിത്തിരിപ്പുകാരൻ ശങ്കരനും ഇതിലൊരു കൈയുണ്ട്. അയാളാണ് ഹിന്ദു ശ്മശാനത്തിൽ അടക്കാൻ ​പൊലീസുകാർക്ക് തെളിവു കൊടുത്തത്.

നിസാർ ജീവിച്ചിരുന്ന കാലത്ത് കൊല്ലത്തിൽ രണ്ടു തവണയേ നമസ്കാരത്തിനെത്താറുള്ളൂ -റമദാൻ, ബക്രീദ്. ജീവിച്ചിരിക്കുമ്പോൾ മതവിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും മരിച്ചാൽ മതാചാരങ്ങളോടെ സംസ്കാരം ഉണ്ടാവണം. സാബ്ജാൻ കൂടി പറഞ്ഞു: ‘‘മരണം ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, ആർക്കും ഇതുപോ​ലെ ഭയങ്കരമായ ഒരു മരണം ഉണ്ടാവരുതേ. ആചാരങ്ങളൊന്നും ഇല്ലാത്ത ഒരു അടക്കൽ! നാളെ നമുക്കും ഇതുപോലെയുള്ള ഭയങ്കരമായ ഒരന്ത്യം ഉണ്ടാവാ.’’

ഒരു മുസ്‍ലിമിന്റെ ദേഹം ഹിന്ദു ശ്മശാനത്തിലടക്കുക! ഇതിനേക്കാൾ വലിയൊരനീതി ഉണ്ടാവാനുണ്ടോ!’

എല്ലാവരും അസ്വസ്ഥരായി. ‘‘ഒരു പരിഹാരം കണ്ടേ തീരൂ.’’ പുരുഷന്മാർ മാത്രമല്ല; സ്ത്രീകളും പേടിച്ചരണ്ടു. അരീഫപോലും മക്കളെ സ്കൂളി​ലേയക്കേണ്ടതുപോലും മറന്ന് സ്തബ്ധരായി നിന്നു. ജമീല ഉണർന്നെത്തി കഥകേട്ട് മറ്റെല്ലാം മറന്ന് തരിച്ചുനിന്നു: പാവം മനുഷ്യൻ! അവന് ഗതികിട്ടാൻ എല്ലാ ആചാരങ്ങളുമനുസരിച്ചുള്ള ‘അടക്കൽ’ കിട്ടണം. മുസ്‍ലിമിന്റെ മൃതദേഹത്തിന് ആറടി ഖബറിസ്ഥാൻതന്നെ വേണം’’ ഇസ്‍ലാമിനെ രക്ഷിക്കാനുള്ള വിശുദ്ധമായ യുദ്ധം ഉടനെ തുടങ്ങണം. മുതവല്ലി ആഹ്വാനം ചെയ്തു. ‘നിസാറിന്റെ ദേഹം ആ കുഴിയിൽനിന്ന് എടുത്ത് ഇവിടെ ഖബറിസ്ഥാനിൽ അടക്കാൻ ഉടനെ എല്ലാവരുംകൂടി ഒത്തുപിടിച്ച് ശ്രമിക്കണം.’’ അദ്ദേഹം യൂത്ത് കമ്മിറ്റിയെ (യുവജനസഭ) അറിയിക്കാൻ ദാവൂദിനെ ചുമതലപ്പെടുത്തി. ‘അവരെത്തിയാൽ എല്ലാവരുംകൂടി ജില്ല കമീഷണറെയും പൊലീസ് സൂപ്രണ്ടിനെയും കാണാൻ പോകണം. പണത്തിന്റെ കാര്യം ഞാനേറ്റു. പള്ളിയിൽ ഇപ്പോൾ പണമില്ല. ചെലവെല്ലാം ഞാൻ വഹിക്കുമെന്നവരോട് പറയണം.

ജമീലയുടെ ഭർത്താവ് പോക്കറ്റിൽനിന്ന് 250 ക ഉടനെ എടുത്തുകൊടുത്തു. മുതവല്ലിയോട് പറഞ്ഞു: ‘‘ഭയ്യാ ഇക്കാര്യത്തിനുവേണ്ടി ഇത് ചെലവാക്കിയാൽ അതിന്റെ പുണ്യം എനിക്കു കിട്ടും. അല്ലാഹു അങ്ങേപ്പോലുള്ള നല്ലവർക്ക് കരുത്തുതരട്ടെ.’’ ഇതുപോലെ ഗൗരവപ്പെട്ട ഒരു പ്രശ്നമുള്ളപ്പോൾ ഭാഗം ചോദിക്കുന്ന കാര്യം അത്ര ശരിയല്ല എന്ന് അയാൾക്ക് തോന്നി. ഭർത്താവിന്റെ നിർബന്ധം കാരണം അതിനൊരുങ്ങിയ ജമീലക്ക് അയാളുടെ ഭാവമാറ്റം കണ്ടപ്പോൾ തെല്ലൊരാശ്വാസം തോന്നി.

ചെറുപ്പക്കാരോടൊപ്പം മുതവല്ലി ആദ്യം ഡിസ്ട്രിക്ട് കമീഷണറെ കണ്ടു. ജെ.എൻ.യുവിൽ പഠിച്ച ഒരു ബംഗാളി ബ്രാഹ്മണൻ മുതവല്ലി കൊടുത്ത കത്ത് വായിച്ച് കാര്യത്തിന്റെ പോക്ക് മനസ്സിലാക്കി. ഉള്ളിൽ ചിരിച്ചെങ്കിലും മുഖത്ത് ഗൗരവം വരുത്തി. മണ്ണ് എല്ലാ സ്ഥലത്തും ഒരുപോലെയല്ലേ എന്ന് ചോദിക്കാതിരുന്നില്ലെങ്കിലും അസിസ്റ്റന്റ് കമീഷണർക്ക് ഉടനെ വേണ്ടതുചെയ്യാൻ ഉത്തരവ് കൊടുത്തു.

ശങ്കർ എന്ന ‘അലവലാതി’ പോലും ഒരെതിർപ്പുമുണ്ടാക്കിയില്ല. എങ്കിലും ​പൊലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ഉടനടി പ്രവർത്തിക്കയുണ്ടായില്ല. ദിവസങ്ങൾ കടന്നുപോകുന്നു. ജമാഅത്തിൽ ഇതല്ലാതെ മറ്റൊരു വിഷയവും ആർക്കും ഇല്ല എന്നനില. എല്ലാവരും നിസാറി​ന്റെ മൃതദേഹത്തിന് മുസ്‍ലിം ഖബറിസ്ഥാനിൽ അടക്കത്തിന് ഭാഗ്യമുണ്ടാവാൻ പ്രാർഥിച്ചു.

ഈ മാന്യമായ ഉദ്യമം വിജയിക്കാൻവേണ്ടി കൈയയച്ച് പണം കൊടുക്കാൻ മുസ്‍ലിംകൾ എല്ലാവരും ഒരുങ്ങി. ഒടുവിൽ കുഴിതോണ്ടി അളിഞ്ഞുകഴിഞ്ഞ ദേഹം പുറത്തെടുത്തു. കഠിനമായ നാറ്റം സഹിക്കാനാവാതെ കഷ്ടപ്പെട്ടെങ്കിലും വിശുദ്ധ ജലവും സമൃദ്ധമായി സുഗന്ധദ്രാവകങ്ങളും കനത്ത ശവക്കച്ചക്കുമേലേ ഒഴിച്ചു. മുല്ലപ്പൂ മാലകൊണ്ട് അലങ്കരിച്ചു. ശവഘോഷയാത്ര കുറച്ചധികം ദൂരം പിന്നിടേണ്ടിയിരുന്നു. വലിയ ജനക്കൂട്ടം –അധികം നേരം ആർക്കും ശവമഞ്ചം ചുമക്കാനാവില്ല. ആളുകൾ മാറിമാറി ചുമന്നു. ഖബറിസ്ഥാനടുത്തെത്തി. ഒരു പത്തടി കൂടിയേ പിന്നിടാനുള്ളൂ. അന്നേരത്താണ് ഒരാൾ മുന്നിലേക്ക് ചാടിയത്. അയാൾ തെറി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആളെ കണ്ട ഉടനെ മുതവല്ലി തിരിച്ചറിഞ്ഞു. മുഖംവിളറി.

കാലു വിറച്ചു. ഒരടി മുന്നോട്ടുനീങ്ങാനാവാതെയായി. എല്ലാവരും സ്തബ്ധരായി. തൊണ്ടവരണ്ടു. ശബ്ദം നിലച്ചവരായി. അയാൾമാത്രം അശ്ലീലം വിളിച്ചുപറഞ്ഞുകൊണ്ട് നടന്നുനീങ്ങി. ഘോഷയാത്ര നീങ്ങാത്തതു കണ്ടപ്പോൾ ഒരു പൊലീസുകാരൻ ലാത്തിയുമായി ആ കുടിയനെ നേരിടാനെത്തി. മുതവല്ലി ബോധം വീണ്ടെടുത്ത് മുന്നോട്ട് അടിവെച്ചു. പിന്നാലെ മറ്റുള്ളവരും. മുതവല്ലി ദാവൂദിനെ നോക്കി. അയാൾ തലതാഴ്ത്തി. എല്ലാവരും കണ്ണുകൊണ്ട് അന്യോന്യം സംസാരിച്ചു. ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല. പൊലീസുകാർ അവനെ അകറ്റിയതോടെ, ഘോഷയാത്ര ഖബറിസ്ഥാനിലെത്തി. ദേഹം ആചാരപ്രകാരം അടക്കി. മുതവല്ലിക്ക് തലയിലെ ഞരമ്പുകൾ പൊട്ടുമോ എന്നു തോന്നി. ആരുടെ ശവമാണ് തങ്ങൾ സംസ്കരിച്ചത്?

ആ കുടിയൻ നിസാർ ആയിരുന്നുവെന്ന് മുതവല്ലിക്കും ദാവൂദിനും മാത്രമല്ല, ഘോഷയാത്രയിലെ ബഹുഭൂരിപക്ഷം ആളുകൾക്കും മനസ്സിലായിരുന്നു. ചടങ്ങ് നിർബാധം നടത്താൻ ചുറ്റുംനിന്ന ​പൊലീസുകാർക്കുമാത്രം വസ്തുത മനസ്സിലായില്ല. ദാവൂദിനെയും നിസാറിന്റെ ഭാര്യയെയും അറുത്തുമുറിക്കാൻ തക്ക കോപമുണ്ടായെങ്കിലും ആരുംതന്നെ പൊലീസിനെ വിവരമറിയിക്കാതെ തന്റെ മാനം രക്ഷിച്ചതിൽ മുതവല്ലിക്ക് ആശ്വാസം തോന്നി. ആളുകൾ ശവക്കുഴി മൂടുമ്പോൾ അതു മുഴുമിക്കുംമുമ്പുതന്നെ മുതവല്ലി വീട്ടിലേക്ക് നടന്നു. ആയിരക്കണക്കിന് കാക്കകൾ തലയിൽ തൊടുന്നുവെന്നും കാ കാ എന്ന് കൂകി തല കൊത്തിപ്പറിക്കുന്നുവെന്നും തോന്നി. അത് ഹിന്ദു ശവമായിരുന്നോ! മുസ്‍ലിം ശവമായിരുന്നോ? കാ കാ എന്ന കൂക്കുമാത്രം തല​​ച്ചോറിൽ മുഴങ്ങി. അവരെന്നെ കൊത്തിക്കൊല്ലുംപോലെ തോന്നി.

വല്ലപാടും അയാൾ വസതിയിലെത്തി. തളർന്ന് സോഫയിലിരുന്നു –അരീഫാാാ നീട്ടിവിളിച്ചു. ‘‘ഒരു ഗ്ലാസ് വെള്ളം താ’’ അരീഫയല്ല മകളാണ് വന്നത്. ‘‘നീ സ്കൂളിൽ പോയില്ലേ?’’ ‘‘അമ്മ ഇവിടെയില്ല. അതുകൊണ്ട് ഞാൻ പോയില്ല.’’ ‘‘അമ്മ എങ്ങോട്ടുപോയി’’ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. ‘‘അൻസാറിന് പനി കൂടി അമ്മ അവനോടൊപ്പം ആശുപത്രിയിലാണ്.’’ ‘‘എന്താ പറഞ്ഞത്?’’ അവൾ കരയുകയായിരുന്നു. രണ്ടുമൂന്നാഴ്ചയായി അൻസാറിന് പനി കൂടിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി. തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ‘‘അൻസാറിന് പനി കൂടി അമ്മ അവനോടൊപ്പം ആശുപത്രിയിലാണ്.’’ ‘‘എന്താ പറഞ്ഞത്?’’ അവൾ കരയുകയായിരുന്നു. രണ്ടു മൂന്നാഴ്ചയായി അൻസാറിന് പനി കൂടിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി. തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ഡോക്ടർ പറയുന്നു തലച്ചോറിനെ ബാധിക്കുന്ന പനിയാണെന്ന്; ‘മെനിഞ്ചൈറ്റിസ്’. മുതവല്ലിയുടെ കൈയിൽനിന്ന് ഗ്ലാസ് വഴുതിവീണു.പലപല ശബ്ദങ്ങൾ അയാളുടെ കാതിൽ മുഴങ്ങി.

അണ്ണാ എനിക്കുള്ള ഭാഗം തരൂ; അണ്ണാ ഈ പാവം വിധവയോട് ദയയുണ്ടാവൂ... എന്റെ മോളുടെ കല്യാണത്തിന്ന് കടം തരൂ... ഒരു തീമഴ പെയ്യുംപോലെ അയാൾക്ക് തോന്നി –കരിങ്കാക്കകളും നരച്ച കാക്കകളും തല കൊത്തിപ്പറിക്കുന്നു.

ഐറണി, സറ്റയർ, ദൈന്യം എന്നിവയുടെ ഒരു ത്രികോണ ചിത്രവും അതിനുള്ളിൽ മൂന്ന് ഭുജങ്ങളെയും സ്പർശിക്കുന്ന ജീവിതവൃത്തവും വരഞ്ഞിരിക്കുന്ന ഇതുപോലൊരു കഥ രചിക്കാൻ ഒരു മുസ്‍ലിം വനിതക്ക് ധൈര്യമുണ്ടാവുക –സാഹിത്യ ലോകത്തിലെ അവിശ്വസനീയമായ അത്ഭുതങ്ങളിലൊന്നാണിത്. ‘‘മണ്ണ് എവിടെയും ഒരുപോലെത്തന്നെയല്ലേ?’’ എന്ന ചോദ്യം ഒരു ഭരണകർത്താവിന്റെ നാവിൽനിന്ന് മന്ദമന്ദമായി സ്മരിക്കുമ്പോൾ, അത് കഥാകൃത്തിന്റെ ജിഹ്വയിൽനിന്ന് മന്ദ്ര മന്ദ്രമായി, ഇടിവെട്ടുപോലുള്ള ഒരു സ്ഫോടനമായി, ദിക്കുകളിലെല്ലാം മാറ്റൊലികൊള്ളുന്നു. മതപരമായ പൊരുളിന്റെ കുത്തക മുതലാളിയായ ഒരു മുതവല്ലിയുടെ മുഖത്ത് ഈ മൂർച്ചയേറിയ ചോദ്യമെറിയാൻ, നീതിയുടെയും നിയമത്തിന്റെയും പാലനം ഭാഷണംകൊണ്ടു നിർവഹിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ടെന്നുള്ള വിശ്വാസത്തിന്റെ ധീരത പുലർത്തുന്നവർക്കേ കഴിയൂ.

 

ബാനു മുഷ്താഖ്

ധീരരായ ഭരണകർതൃത്വം വഹിക്കുന്ന പുരുഷന്മാർപോലും ‘വിമർശനഹാസ്യം’ തുടിക്കുന്ന ‘ചിരി’ ഉള്ളിലൊതുക്കി മുഖത്ത് ഗൗരവംവരുത്തി മാത്രം ഉച്ചരിക്കാൻ മുതിരുന്ന തരത്തിലുള്ള ഒരു ചോദ്യമാണത് –മണ്ണിനടിയിൽപെട്ട് ഏതു ശരീരത്തെയും ഒരുപോലെ ബാധിക്കുന്ന സത്യമാണ്, ‘പുഴുവുതിർന്ന് പൊലിഞ്ഞുപോലും’ എന്നത് പുഴുക്കൾക്ക്, അത് തിന്ന് വിശപ്പടക്കാനുള്ള ഒരു സാമഗ്രി മാത്രമാണ്. ആണെന്നോ പെണ്ണെന്നോ, ധനികനെന്നോ ദരിദ്രനെന്നോ ഹിന്ദുവെന്നോ മുസ്‍ലിമെന്നോ, വെള്ളക്കാരനെന്നോ കാപ്പിരിയെന്നോ ഭേദഭാവനയില്ല. വെറും തീറ്റപ്പണ്ടംമാത്രം. പുഴുക്കൾക്കുള്ള സമഭാവന മനുഷ്യർക്കില്ലാതെ പോവുന്നതിലെ ഐറണിയും പരിഹാസവും ആണ് ഒരു മതാധിപതിയുടെ മുഖത്തേക്ക് ഉന്നംപിഴക്കാതെ എറിയുന്നത്. കഥയിലെ മുതവല്ലി അതിന്റെ തീക്ഷ്ണ ഗുരുത തിരിച്ചറിയാതിരിക്കുകയോ തിരിച്ചറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്യാം.

എന്നാൽ, ഇന്നാട്ടിൽ ജീവനുള്ളവരായി വാഴുന്ന മതനേതാക്കൾ അങ്ങനെ ആ ചോദ്യത്തെ അവഗണിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? ആ ചോദ്യം ഗോലിയത്തിനെതിരെ ദാവീദ് എയ്യുന്ന ഒരു കവണക്കല്ലാകുമെന്നും ഗോലിയത്ത് തോൽക്കുമെന്നും സങ്കൽപിക്കാനാകുമോ? മതസഹിഷ്ണുത പുലർത്തുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിൽപോലും ഇപ്രകാരം ഒരു ചോദ്യം ഒരു മൊല്ലാക്കയുടെ മുഖത്തേക്കെറിയാൻ ധൈര്യപ്പെടുന്നവരുണ്ടാവാനിടയില്ല. അതിനാൽ, അഗ്നിവർഷം എന്ന കഥാശീർഷകം, കഥാകർത്രിയുടെ വാങ്മയവർഷത്തിനും പൂർണമായി ചേരുന്നു.

വാക്ക്-അഗ്നി എന്ന രൂപകത്തിന് നമ്മുടെ നാട്ടിൽ വൈദിക ഘട്ടത്തോളം പഴക്കമുണ്ട്. എങ്കിലും അതിന്റെ ദാഹകശക്തി ഇത്രയേറെ പ്രകടിപ്പിക്കപ്പെടുന്ന സന്ദർഭങ്ങൾ വിരളമാണ്. കഥയിൽ ഒരു മുതവല്ലിയെ മാത്രമല്ല, ഒരു വിഭാഗം ജനഗണത്തെയൊട്ടാകെ വിമർശഹാസ്യത്തിനിരയാക്കിയിരിക്കുന്നു. വൈദ്യുതാഘാതത്താൽ ചത്തുവീഴുന്ന ഒരു കാക്കയും ആ മൃത്യുവിന്റെ ആഘാതം അതീന്ദ്രിയ പ്രവർത്തനത്തിലെന്നപോലെ അറിഞ്ഞുവന്നെത്തുന്ന കാക്കയും അതിന്റെ നിലവിളി കേട്ട് എത്തുന്ന കാക്കപ്പരമ്പരയും പ്രതീകാത്മകമാണ്.

കൂട്ടത്തിലൊരംഗത്തിന്റെ കൃതിയിൽ സംഘംചേർന്നുള്ള പ്രതികരണമാണ് അവരുടേതും. തങ്ങളുടെ കൂട്ടത്തിലൊരുവനെ കൊന്നത് ധീരമനുഷ്യനാണെന്ന് കരുതി അവ അയാൾക്കെതിരായി ആവുന്നത്ര ഉച്ചത്തിൽ ആക്രോശിക്കുന്നു. കൂട്ടത്തിലൊരുവന്റെ മൃതദേഹം വേണ്ടുന്നപോലെ സംസ്കരിക്കപ്പെട്ടില്ലെന്ന് ഒരു ഗണംമനുഷ്യർ കരുതുന്നു. വിശേഷബുദ്ധിയില്ലാത്ത കാക്കകളുടെ ഗണത്തിൽനിന്ന് ഒട്ടുംതന്നെ വളർച്ചയോ ഉയർച്ചയോ നേടിയിട്ടില്ലെന്നാണ് വിശേഷബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യഗണം തെളിയിക്കുന്നതെന്ന വ്യംഗ്യം ആ പ്രതീക കൽപനയിൽ ഒളിച്ചിരിപ്പുണ്ട്.

മതനേതാവ് അവകാശപ്പെടുന്നത് താൻ ഗണത്തിലെല്ലാവർക്കും വേണ്ടി നീതിയും അർഹതയുമനുസരിച്ച് പ്രവർത്തിക്കുന്നവനെന്നാണ്. എന്നാൽ, കൂടപ്പിറപ്പായ ഒരു വിധവയുടെ ദൈന്യത്തോടുപോലും അയാൾക്ക് അനുകമ്പയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതല്ല അയാളുടെ മനേഭാവം. അവൾ വിധവയായിപ്പോയെന്ന് അയാളറിയാതിരിക്കില്ലല്ലോ. കുടുംബസ്വത്തിൽ അവൾക്ക് ഖുർആനിൽ വിധിച്ചതുപോലുള്ള അവകാശം കൊടുത്തു. അവളോട് നീതികാട്ടാൻ അയാൾ മുതിർന്നിട്ടില്ല. ഭർത്താവിന്റെ നിർബന്ധത്താൽ സ്വത്തവകാശം​ ചോദിക്കാനെത്തിയ ഏറ്റവും ഇളയ സഹോദരിയോട് അയാൾ പ്രകടിപ്പിച്ചത് വെറുപ്പാണ്. വീട്ടിൽ കൊള്ളാത്തവൻ നാട്ടിൽക്കൊള്ളാവുന്നവനാകാറില്ല. കാപട്യത്തിന്റെ മൂർത്തിമദ്ഭാവമായി ഒരു മതനേതാവിനെ രൂപപ്പെടുത്തിയതും ധീരതയുടെ ഉൽപന്നമാണ്.

ജീവനുള്ള മനുഷ്യനോടില്ലാത്ത സ്നേഹാദരങ്ങൾ ശവത്തോട് ഉണ്ടാവുന്നത് ആചാരാനുഷ്ഠാനങ്ങൾക്ക് ജീവിതത്തേക്കാൾ മൂല്യം കൽപിക്കുന്നതിനാലാണല്ലോ. മതസ്ഥാപകർ ആചാരാനുഷ്ഠാനങ്ങൾ വിധിച്ചത് ജീവിതത്തെ അർഥവത്താക്കാനാണ്. അനുയായികൾ ആകട്ടെ അവയെ നിലനിർത്താൻ ജീവിതത്തെ ബലികൊടുക്കുന്നു –തിര്യക്കുകളുടെ ജീവിതത്തിൽ ഈ വൈരുധ്യമില്ല. അവ സ്വന്തം വംശത്തെ വിഭക്തമാക്കുന്നില്ല. അവ ഒന്നിച്ച് കാകാരവം മുഴക്കുന്നു. കരിങ്കറുപ്പുള്ള കാക്കയും കണ്ഠത്തിൽ ചാരനിറമുള്ള കാക്കയും വർഗഭേദം കൂടാതെ ഒറ്റക്കെട്ടായി വർത്തിക്കുന്നു. കരിംകാവ് മഴവില്ലു കാട്ടിത്തരുംപോലെ അവ തങ്ങളുടെ കട്ടിക്കരിങ്കറുപ്പിന് അടിയിലുള്ള വർണരാജി കാട്ടിത്തരുന്നു

(തുടരും)

Tags:    
News Summary - Stories of Kannada writer Banu Mushtaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.