ഡച്ച് എഴുത്താളായ യേൽ വാൻ ഡെർ വുഡന്റെ. 2025ലെ വിമൻസ് പുരസ്‌കാരം നേടിയ ‘ദ സേഫ്കീപ്’ (The Safekeep) വായിക്കുന്നു. വീടിനെ കേന്ദ്രസ്ഥാനത്ത് നിർത്തി, അതിലെ അന്തേവാസികളായ മനുഷ്യരുടെ സങ്കീർണമായ ബന്ധങ്ങളിലൂടെ ഒരു ചരിത്രത്തെ അനാവരണം ചെയ്യാൻ The Safekeep ശ്രമിക്കുന്നുവെന്ന് തന്റെ പംക്തിയിൽ നിരൂപകൻകൂടിയായ ലേഖകൻ എഴുതുന്നു. മനുഷ്യരുടെ ആവാസയിടം അവരുടെ അസ്തിത്വവുമായി ഏറ്റവുമധികം ചേർന്ന് നിൽക്കുന്ന ഘടകമാണ്. ജീവശ്വാസംപോലെ പ്രധാനമാണ് വസിക്കുന്നയിടവും അവിടത്തെ അന്തരീക്ഷവും അവിടെയുള്ള മറ്റു വസ്തുക്കളും. വീടിനോടുള്ള ഗാഢബന്ധവും അതിന്റെ ഓരോ അണുവുമായുള്ള സമ്പർക്കവും ചില ആളുകളെ അങ്ങേയറ്റം സ്വാധീനിക്കുന്നുണ്ട്....
ഡച്ച് എഴുത്താളായ യേൽ വാൻ ഡെർ വുഡന്റെ. 2025ലെ വിമൻസ് പുരസ്‌കാരം നേടിയ ‘ദ സേഫ്കീപ്’ (The Safekeep) വായിക്കുന്നു. വീടിനെ കേന്ദ്രസ്ഥാനത്ത് നിർത്തി, അതിലെ അന്തേവാസികളായ മനുഷ്യരുടെ സങ്കീർണമായ ബന്ധങ്ങളിലൂടെ ഒരു ചരിത്രത്തെ അനാവരണം ചെയ്യാൻ The Safekeep ശ്രമിക്കുന്നുവെന്ന് തന്റെ പംക്തിയിൽ നിരൂപകൻകൂടിയായ ലേഖകൻ എഴുതുന്നു.
മനുഷ്യരുടെ ആവാസയിടം അവരുടെ അസ്തിത്വവുമായി ഏറ്റവുമധികം ചേർന്ന് നിൽക്കുന്ന ഘടകമാണ്. ജീവശ്വാസംപോലെ പ്രധാനമാണ് വസിക്കുന്നയിടവും അവിടത്തെ അന്തരീക്ഷവും അവിടെയുള്ള മറ്റു വസ്തുക്കളും. വീടിനോടുള്ള ഗാഢബന്ധവും അതിന്റെ ഓരോ അണുവുമായുള്ള സമ്പർക്കവും ചില ആളുകളെ അങ്ങേയറ്റം സ്വാധീനിക്കുന്നുണ്ട്. ഗൃഹാതുരമായ ഓർമകളുടെ വലിയ ഒരു ശേഖരം വീടുമായി ചേർന്നു നിലനിൽക്കുന്നുവെന്നതും പ്രസക്തമാണ്. വിവിധ കാരണങ്ങളാൽ ഗൃഹനഷ്ടം സംഭവിച്ച മനുഷ്യരുടെ മാനസികാഘാതങ്ങൾ സർഗാത്മക സാഹിത്യത്തിന് താൽപര്യമുള്ള വിഷയമായി തീരുകയും ചെയ്തു. വീട് എന്നത് അഭയമേകുന്ന ഒരു കെട്ടിടമായി മാത്രം സ്ഥിതിചെയ്യുന്നില്ല. ഓരോരുത്തരുടെയും സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുത്തുന്ന ഇടം കൂടിയായി അത് മാറുന്നു.
വീട് നഷ്ടപ്പെടുക എന്ന് പറയുന്നത് കേവലം സ്ഥാവര-ജംഗമവസ്തുക്കൾ സ്വന്തമല്ലാതാവുക എന്നുമാത്രമല്ല. മറിച്ച്, ബിംബങ്ങളും രൂപങ്ങളും ഗന്ധങ്ങളും സ്നേഹസ്പർശങ്ങളുംകൂടി നഷ്ടപ്പെട്ട് അവ ഓർമയുടെ പുസ്തകത്തിലെ അധ്യായങ്ങളായി തീരുകയാണ്. ഒരു ഭൗതികഘടനയായി മാത്രം വീടിനെ കാണാൻ സാധിക്കില്ലെന്ന ടോണി മോറിസന്റെ കാഴ്ചപ്പാട് പ്രസക്തമാണ്. മോറിസൺ സൂചിപ്പിക്കുന്നതുപോലെ സ്വന്തമെന്ന വികാരത്തെക്കാളുപരിയായി സാമൂഹികനിലയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആലോചനകൂടിയാണ് ‘വീടു’മായി ബന്ധപ്പെട്ട് സംജാതമാവുന്ന ചിന്ത. ‘വീട്’ സൃഷ്ടിക്കുന്ന തത്ത്വവിചാരങ്ങളുടെ അലകൾ പലതലങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നുണ്ട്. വീട്, നാട്, പലായനം എന്നീ ഘടകങ്ങളിലൂടെ ചരിത്രസന്ധികളെ പുനഃസന്ദർശിക്കുന്ന നോവലാണ് ഡച്ച് എഴുത്താളായ യേൽ വാൻ ഡെർ വുഡന്റെ ‘ദ സേഫ്കീപ്’ (The Safekeep). 2025ലെ വിമൻസ് പുരസ്‌കാരം ഈ കൃതിക്കാണ് ലഭിച്ചത്.
വുഡൻ ഇസ്രായേലിലെ തെൽഅവിവി ലാണ് ജനിച്ചതെങ്കിലും നെതർലൻഡ്സിലായിരുന്നു വളർന്നത്. 2024ലെ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ വുഡൻ എഴുതിയ ഈ ആദ്യ നോവലും ഉൾപ്പെട്ടിരുന്നു. ഡച്ച്-ജൂത സ്വത്വബോധം പുലർത്തുന്ന നോവലിസ്റ്റിന്റെ വൈയക്തിക രാഷ്ട്രീയനിലപാടുകൾ നോവലിൽ പരോക്ഷമായി കാണാം. വീട് എന്നതിനെ രാഷ്ട്രത്തെയും സ്വദേശത്തെയും സൂചിപ്പിക്കുന്ന രൂപകമായി അവതരിപ്പിച്ചുകൊണ്ടാണ് നോവലിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. നെതർലൻഡ്‌സിലെ ഉൾനാടൻ പ്രദേശത്ത് 1961ൽ നടക്കുന്ന ആഖ്യാനമായി ആരംഭിക്കുന്ന ‘ദ സേഫ്കീപ്’ ഇസബെൽ, ഇവാ എന്നീ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്.
വീടിനെ കേന്ദ്രസ്ഥാനത്ത് നിർത്തി, അതിലെ അന്തേവാസികളായ മനുഷ്യരുടെ സങ്കീർണമായ ബന്ധങ്ങളിലൂടെ ഒരു ചരിത്രത്തെ അനാവരണം ചെയ്യാൻ ‘ദ സേഫ്കീപ്’ ശ്രമിക്കുന്നു. ചരിത്രസ്മാരകമായി നോവലിലെ വീട് നില നിൽക്കുകയാണെന്ന് ഉറപ്പിക്കാം. അധികാരവും അക്രമവും പലായനവും മറ്റും കടന്നുവരുന്നതോടെ ജീവിത പരിസരങ്ങൾക്ക് വ്യതിയാനം സംഭവിക്കുകയാണ്. ആവാസസ്ഥാനത്തിന്റെ ചുറ്റുപാടുകൾ മനുഷ്യരുടെ സാംസ്‌കാരിക സ്വത്വത്തെ മാറ്റിമറിക്കുന്ന കാഴ്ചകൾ ആഖ്യാനത്തിൽ കാണാം. രണ്ടാം ലോകയുദ്ധവും ഹിറ്റ്ലറുടെ ജൂതവേട്ടയും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന ജൂതവർഗത്തിന്റെ സ്ഥിതിയും പരോക്ഷമായി നോവലിൽ സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് നാസി സൈന്യത്തിന്റെ കാർമികത്വത്തിൽ നെതർലൻഡ്സിൽ നടമാടിയ ഹോളോകോസ്റ്റിന്റെ പരിണിതഫലങ്ങളിലൊന്നായിരുന്നു ഈ പലായനം. പതിനേഴാം നൂറ്റാണ്ട് മുതൽ ജൂതരുടെ സാന്നിധ്യമുണ്ടായിരുന്ന നെതർലൻഡ്സിൽ 1940കളുടെ ആരംഭത്തോടെ നാസികളുടെ വലിയരീതിയിലുള്ള ആക്രമണത്തെ നേരിടേണ്ടി വന്നു.
ജർമനിയിൽനിന്നും ജർമനിക്ക് കീഴ്പെട്ടിരിക്കുന്ന ഇടങ്ങളിൽനിന്നും എത്തിച്ചേർന്ന ജൂതരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കണക്കുകൾ പ്രകാരം 1940നും 1945നും ഇടയിൽ ഡച്ച്-ജൂത ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനം (ഏകദേശം ഒരു ലക്ഷത്തിനു മേൽ) മനുഷ്യരെ നാസിസൈന്യം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തിരുന്നു. നെതർലൻഡ്‌സ് പിടിച്ചടക്കിയ നാസികൾ ജൂതർക്ക് കനത്ത ആഘാതമാണ് നൽകിയത്. ഭൂരിപക്ഷം ഡച്ച് ജൂതന്മാരെയും നാസികൾ കൊന്നൊടുക്കി. നെതർലൻഡ്സിൽ ശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ ജൂതരുടെ ഒരു കൂട്ടായ്മ വികസിപ്പിക്കാമെന്ന ആഗ്രഹത്തെയാണ് ഹിറ്റ്ലറുടെ സംഘം പരാജയപ്പെടുത്തിയത്.
ഡച്ച് സമൂഹവുമായി ചേർന്ന് ജീവിച്ച ജൂതർക്ക് സ്വത്തുവകകൾ ഉപേക്ഷിച്ച് പ്രാണരക്ഷാർഥം രാജ്യത്തുനിന്ന് മറ്റൊരു അഭയകേന്ദ്രം ലക്ഷ്യമാക്കി നീങ്ങാതെ നിവൃത്തിയില്ലെന്നായി. രാജ്യത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട താക്കോൽസ്ഥാനങ്ങളിൽ നാസി അനുയായികൾ പിടിമുറുക്കുകയും ജൂതരുടെ പതനത്തിനു വഴിയൊരുക്കുകയും ചെയ്‌തു. കലുഷമായ സാഹചര്യങ്ങളിൽ, തീമഴ പെയ്യുന്ന തെരുവുകളിൽനിന്ന് ആശ്രയം അന്വേഷിച്ച് എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കേണ്ടിവന്ന മനുഷ്യരെ കുറിച്ചുള്ള ഓർമകളെ തിരികെ വിളിക്കാനും ആഖ്യാനത്തിന് സാധിക്കുന്നു. വീടുപേക്ഷിച്ചു പോയവരുടെ പേരുവിവരങ്ങൾപോലും അന്വേഷിക്കാതെ മറ്റുള്ളവർ വീടും സ്വത്തും കൈക്കലാക്കുന്ന പ്രവണത പതിവായ ഒരു കാലമായിരുന്നു അത്.
മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റവരെയും വേർപിരിച്ചുകൊണ്ട് യുദ്ധവും വർഗീയതയും ആസുരനൃത്തം ചവിട്ടിയ നാളുകളിൽ മൂകസാക്ഷിയായി സ്ഥിതികൊണ്ട വീടിനെ ഇവാ തിരിച്ചു പിടിക്കുകയാണ്. ഓരോ വീടിനും ഒരു ചരിത്രമുണ്ട് എന്ന ഒരു കഥാപാത്രത്തിന്റെ പരാമർശം ശ്രദ്ധേയമാണ്. യുദ്ധവും പട്ടിണിയും പലായനവും വീടുകളെ ശൂന്യമാക്കുന്നു എന്നും അയാൾ കൂട്ടിച്ചേർക്കുന്നുണ്ട്. അമ്മയുടെ മരണശേഷം ഇസബെൽ മാത്രമാണ് കുടുംബവീട്ടിൽ ജീവിക്കുന്നത്. ജ്യേഷ്ഠനായ ലൂയിസുമായി അത്ര അടുപ്പം അവൾക്കില്ല.
ഹെൻറിക് എന്ന ഇളയ സഹോദരനാകട്ടെ സെബാസ്റ്റിയൻ എന്ന ആൺസുഹൃത്തിനൊപ്പം മറ്റൊരിടത്താണ് കഴിയുന്നത്. ക്ഷണിക്കപ്പെടാത്ത അതിഥിയായി വീട്ടിലേക്കു വരുന്ന ലൂയിസിന്റെ കാമുകിയായ ഇവാക്ക് ആ വീടിനോടുള്ള നിഗൂഢമായ ബന്ധം ചുരുളഴിയുന്നിടത്ത് ആഖ്യാനം ആകാംക്ഷജനകമാവുന്നുണ്ട്. അടിച്ചമർത്തപ്പെട്ട ചരിത്രങ്ങളുടെ എഴുതപ്പെടാത്ത രേഖയായി ഈ വീടിനെ കാണുന്നതിൽ തെറ്റില്ല. പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത, മാഞ്ഞുപോയി എന്ന് കരുതാവുന്ന ജൂതസാന്നിധ്യത്തിന്റെ അടയാളങ്ങളായി പ്രസ്തുത വീടിന്റെ അകത്തളങ്ങളെ വായിച്ചെടുക്കുകയും ചെയ്യാം. സ്വന്തം വീടിന്റെയും നാടിന്റെയും ഉള്ളകങ്ങളിൽനിന്ന് പുറത്തുപോകേണ്ടി വരുന്നവർക്ക് സംഭവിക്കുന്ന അപരഭാവത്തെ സംബന്ധിച്ച് പറയേണ്ടതില്ല.
വീടിന്റെ പരിപാലനത്തിനായി സ്വയം ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഇസബെലിന്റേത് എന്നതിൽ സംശയമില്ല. കൃത്യമായ തീയതി അറിയില്ലെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ സമയത്താണ് സഹോദരങ്ങൾ ഈ വീട്ടിലേക്ക് എത്തിച്ചേർന്നത്. അവിടത്തെ വിലയേറിയ വസ്തുക്കളുടെ ഒരു പട്ടിക അവൾ കൃത്യതയോടെ അടയാളപ്പെടുത്തിയിരുന്നു. പൂന്തോട്ടവും പൂക്കളും പുരാതനകാലം തൊട്ടേ ഉപയോഗിച്ച് പോന്നിരുന്ന പാത്രങ്ങൾ എന്നിവയൊക്കെ അവളുടെ അധികാരപരിധിയിലുള്ള വിഷയങ്ങളായി തീർന്നു. തന്റെ വീട്ടിലെ പാത്രങ്ങളും മറ്റും അമ്മ ഉപയോഗിച്ചിരുന്നതാണെന്ന ‘വിശ്വാസ’ത്തിൽ കൈകാര്യംചെയ്ത ഇസബെൽ പരിസരങ്ങളിൽ കുഴിച്ചിട്ട പാത്രങ്ങൾ കണ്ടെത്തുന്നുമുണ്ട്. ശ്രദ്ധാപൂർവം കാത്തുസൂക്ഷിച്ചുകൊണ്ട് വീടിന്റെ തന്റെ ശരീരത്തിന്റെതന്നെ ഭാഗമാക്കി മാറ്റുകയാണ് അവൾ.
അങ്ങേയറ്റം ശ്രദ്ധയോടെയും കരുതലോടെയും വീട് കാത്തുസൂക്ഷിച്ചുകൊണ്ടിരുന്ന ഇസബെലിന്റെ സമവാക്യങ്ങളെ തകർത്തുകൊണ്ട് ഇവാ അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാൻ എത്തുന്നു. ഒരു ഘട്ടത്തിൽ ഇവായുമായി ആകർഷണം അനുഭവപ്പെടുന്ന ഇസബെലിന്റെ അതുവരെയുള്ള ജീവിതരീതി പൂർണമായും മാറുകയാണ്. അവർ ഇരുവരും മാത്രമായി ആ വീട്ടിൽ ജീവിക്കേണ്ടിവരുന്ന നാളുകളിൽ അവർക്കിടയിൽ ഒരു ബന്ധം രൂപപ്പെടുകയും അത് സംഘർഷത്തിന് വഴി മാറുകയോ ചെയ്യുന്നു. ശാരീരികമായ അടുപ്പം സൃഷ്ടിക്കുന്ന സമ്മർദങ്ങൾ താങ്ങാനാവാതെയാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നത് എന്ന് വ്യക്തമാണ്. അവർക്കിടയിലെ പിരിമുറുക്കം കടുത്തതാവുകയും ഇസബെൽ ഇവായെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നതോടെ ആഖ്യാനം ചടുലമാവുന്നുണ്ട്. ഇവാ മറന്നുവെച്ച ഡയറി വായിക്കാനിടയായ ഇസബെൽ ഇവായെ സംബന്ധിച്ച വലിയൊരു രഹസ്യം മനസ്സിലാക്കി.
ഓർമയെ സാഹിത്യാംശമാക്കി പരിണമിച്ചുകൊണ്ടുള്ള എഴുത്തിന്റെ സാധ്യത എക്കാലവും നിലനിൽക്കുമെന്നതിൽ തർക്കമില്ല. ഓർമയെന്ന രൂപകത്തിലൂടെ വ്യക്തിപരവും സാമൂഹികവുമായ ചിന്തകളുടെ വെളിപ്പെടുത്തലാണ് സാഹിത്യകൃതികൾ സാധ്യമാക്കുന്നത്. ഭാവനയുടെ വ്യവഹാരം ഓർമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ സാഹിത്യകൃതികളിൽ കാണാം. ‘The Site of the Memory’ എന്ന ലേഖനത്തിൽ മോറിസൺ ഇത് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “വീടുകൾക്കും താമസയോഗ്യമായ സ്ഥലങ്ങൾക്കും ഇടം നൽകുന്നതിനായി അവർ മിസിസിപ്പി നദിയെ ചില സ്ഥലങ്ങളിൽ ‘നേരെ’യാക്കി എന്ന് അവർ സൂചിപ്പിക്കുന്നു. ഓർമകളെ ലളിതമായതരത്തിൽ ഋജുവായി അവതരിപ്പിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. ഇടക്കിടെ നദി ഈ സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നു. ‘വെള്ളപ്പൊക്കം’ എന്ന വാക്കാണ് എഴുത്തുകാർ ഉപയോഗിക്കുന്നത്. പക്ഷേ, വാസ്തവത്തിൽ അത് വെള്ളപ്പൊക്കമല്ല; അത് ഓർമപ്പെടുത്തലാണ്.
സ്ഥലകാലങ്ങളെ അത് ഓർമയിലേക്ക് എത്തിക്കുന്നു. ഒഴുകുന്ന വെള്ളത്തിനും ഒരു തികഞ്ഞ ഓർമയുണ്ട്, അത് എപ്പോഴും ഉണ്ടായിരുന്നിടത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നു. എഴുത്താളരും അങ്ങനെയാണ്: എവിടെയായിരുന്നുവെന്നും ഏത് താഴ്വരയിലൂടെയാണ് അവർ ഓടിയതെന്നും, തീരങ്ങൾ എങ്ങനെയായിരുന്നുവെന്നും അവിടെ ഉണ്ടായിരുന്ന വെളിച്ചത്തെക്കുറിച്ചും യഥാർഥ സ്ഥലത്തേക്കുള്ള തിരിച്ചുവരവിനെ പറ്റിയും അവർ ഓർമിക്കുന്നു.” ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിസന്ധികളെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് ഭാവനയുടെ ഒരു ‘വെള്ളപ്പൊക്ക’ത്തെയാണ് വുഡൻ ഈ നോവലിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.
വീട് നഷ്ടപ്പെടുന്ന വേദനയിൽ, അത് എങ്ങനെ തിരികെ ലഭിക്കുമെന്ന ആലോചനയിൽ തളരുന്ന അമ്മയെ ഇവാ ഓർക്കുന്നു. യുദ്ധത്തിനുമുമ്പ്, പ്രിയപ്പെട്ടതെല്ലാം ഒരു പെട്ടിയിൽ ശേഖരിച്ചുവെക്കുന്ന ഒരു കുട്ടി അവൾക്ക് മുന്നിൽ ഇപ്പോഴുമുണ്ട്. നിറമുള്ള പെൻസിലുകളും നീണ്ട മുടിയുള്ള പാവയും സ്റ്റഫ്ചെയ്ത ഒരു ചെറിയ മുയലും അവൾ സൂക്ഷിച്ചുവെച്ചിരുന്നു. മുയലിനെ കുറിച്ച് പിന്നീടും പറയുന്ന ഇവാ മറക്കാനാവാത്ത ഒരു കാലത്തിന്റെ ചിഹ്നമായി അതിനെ സങ്കൽപിച്ചിരുന്നുവെന്നു വിചാരിക്കാം. പിന്നീടെപ്പോഴോ തന്റെ അമ്മയുടെ പ്രിയപ്പെട്ട ജീവി മുയലാണെന്നും വീട്ടിൽ മുയലിന്റെ ചിത്രം പതിച്ച പാത്രങ്ങളുണ്ടെന്നും ലൂയിസ് പറഞ്ഞത് കേട്ട് അവൾ നടുങ്ങുന്നുമുണ്ട്. മറ്റാരെയും തൊടാൻ അനുവദിക്കാത്ത ‘മുയൽ’പാത്രം തങ്ങളുടേതായിരുന്നുവെന്ന സത്യം ഇവായുടെ സ്വാസ്ഥ്യം കെടുത്തി.
വ്യക്തിപരമായ ഓർമകളെ കൂട്ടായ ഓർമയിലേക്ക് (Collective Memory) പരിവർത്തനം ചെയ്യാനുള്ള ഉദ്യമമായി വുഡന്റെ രചനാരീതിയെ സമീപിക്കുന്നതിൽ തെറ്റില്ല. തന്റെ സ്വത്വബോധത്തെ ഗൂഢമായതലത്തിൽ മറച്ചുവെച്ചിരുന്ന ഇവാക്ക്, ഒരു സന്ദർഭത്തിൽ അവയെ അടക്കി വെക്കാനായില്ല. ലൂയിസ് അയാളുടെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയപ്പോൾ, അവളുടെ ഓർമകൾ പൊയ്‌പ്പോയ ഏതോ കാലത്തുനിന്ന് ആർത്തലച്ചു വരുകയായിരുന്നു. ഇവായുടെ പിന്നീടുള്ള മനോഭാവം സ്വതവും.ഓർമയും വ്യക്തതയുള്ള അനുപാതത്തിൽ ലയിച്ചുചേരുന്നതിന്റെ ദൃഷ്ടാന്തമായി നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. നിഴൽമൂടിയ ജീവിതാംശങ്ങൾക്ക് പതുക്കെ തെളിച്ചം വരുന്ന ദൃശ്യം കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നതായി അവൾക്ക് അനുഭവപ്പെട്ടു. ജൂതമുഖമുണ്ടായിരുന്നതുകൊണ്ട് സഹിക്കേണ്ടിവന്ന അപമാനങ്ങളും ഉപദ്രവങ്ങളും മറക്കാനാവാത്ത ഓർമയാണ്. എങ്കിലും അവയെ മറികടക്കാൻ ഇവാ ബോധപൂർവം ശ്രമിച്ചിരുന്നുവെന്നു നമുക്ക് വ്യക്തമാവുന്നുണ്ട്.
അതുപോലെ ദൃഷ്ടിഗോചരമായതും വാക്കാലുള്ളതുമായ ആശയവിനിമയത്തെ ഫലപ്രദമാക്കുന്ന ഉപാധിയായി ‘വീട്’ എന്ന ബിംബം പരിണമിക്കുന്നു. ലൂയിസിന്റെ കാമുകിയായി ഇപ്പോൾ അയാളുടേതായ വീട്ടിലേക്ക് എത്തിയ ഇവാ അമ്മയുടെ മുറിയും സാധനസാമഗ്രികളും തിരിച്ചറിഞ്ഞു. എന്നാൽ, അവ തന്റേതാണെന്ന വസ്തുത ആരെയും അറിയിക്കാൻ കഴിയാതെ അവൾ സമ്മർദത്തിലാവുകയും ചെയ്തു. ഒരു ദുർബല സാഹചര്യത്തിൽ ‘അമ്മ ഉപയോഗിച്ചിരുന്ന സ്പൂൺ മോഷ്ടിക്കുന്നതിലൂടെ അവളുടെ അടക്കാനാവാത്ത വിങ്ങൽ ബോധ്യപ്പെടുന്നു. ഇതിനിടെ ഇസബെലിന് ഇവായുമായി കാമാതുരമായ ബന്ധം ഉടലെടുക്കുകയും ആഖ്യാനം അവരുടെ ശാരീരികബന്ധത്തിനായി കൂടുതൽ പുറങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്.
ഇവാ അനുഭവിക്കുന്ന വർത്തമാനകാലത്തിനെ ഭൂതകാലത്തിന്റെ തിക്തമായ ഓർമകളിലേക്ക് അടുക്കിവെക്കുന്ന തരത്തിലാണ് വുഡന്റെ എഴുത്ത്. ഭൂതകാലത്തെ മടക്കിക്കൊണ്ടുവരാനാകില്ലെങ്കിലും ഓർമകളെ സജീവമാക്കാൻ വീട്ടിലേക്കുള്ള മടക്കം ഉപകരിക്കുമെന്ന് കരുതുന്ന ഇവായുടെ ആസൂത്രിത നീക്കമാണ് ആഖ്യാനത്തിന്റെ കാതൽ. വ്യക്തിഗത അനുഭവത്തിലൂടെ കൂട്ടായ ചരിത്രത്തെക്കുറിച്ചുള്ള ധാരണ ബലപ്പെടുന്ന വിധമാണ് നോവൽ വിഭാവനം ചെയ്തിരിക്കുന്നത്. ഡയറിക്കുറിപ്പുകളിലെ രേഖപ്പെടുത്തലുകൾ ഓരോന്നും അത് ഉറപ്പുവരുത്തുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ പലവഴിക്കും വിവിധ പുനരധിവാസ ക്യാമ്പുകളിലുമായിത്തീരുന്നതോടെ പരസ്പരബന്ധമുള്ള കണ്ണികൾ വേർപിരിയുകയാണ്.
യുദ്ധം കഴിഞ്ഞതോടെ, തങ്ങളുടെ പഴയ വീട് അന്വേഷിച്ചുപോയവർക്ക് പുതിയ ഉടമസ്ഥർ അവിടങ്ങളിൽ വസിക്കുന്നതായിരുന്നു കാണാൻ കഴിഞ്ഞത്. പോയകാലത്തിന്റെ അവശേഷിപ്പുകളായ അവരുടെ ഭക്ഷണപാത്രങ്ങളെപ്പോലും വീണ്ടെടുക്കാൻ അവർക്കായില്ല. ചുരുക്കം ചിലർ അവ മോഷ്ടിക്കാനും യത്നിച്ചിരുന്നു. വളരെ കുറച്ചു പേർക്ക് വീട് തിരികെ ലഭിച്ചെങ്കിലും അവർക്ക് കനത്ത നികുതി കൊടുക്കേണ്ടിവന്നു. ചുരുക്കത്തിൽ, കഷ്ടപ്പെട്ട് നേടിയ മുതലുകളെല്ലാം തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് പൊതുവെ സംജാതമായിരുന്നത്. ജനിച്ചുവളർന്ന വീട്ടിൽ താമസിക്കാനുള്ള ആഗ്രഹംമൂലം അവിടെ വീട്ടുജോലിക്കായി ചേരുന്ന പെൺകുട്ടികളെ കുറിച്ചും ഇവാ കേട്ടു. അമ്മയുടെ കൂടെ ഒരു വീട്ടിൽ പോയതിനെ പറ്റി ഇവാ ഡയറിയിൽ കുറിച്ചിട്ടുണ്ട്. തങ്ങളുടെ വീടായിരുന്നുവെന്നു പറഞ്ഞുകൊണ്ട് അമ്മ വാതിലുകൾ മുട്ടി. എന്നാൽ, വാതിൽ തുറന്നെത്തിയ സ്ത്രീ അവരെ ആട്ടിയോടിക്കുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ക്യാമ്പുകളിലെ ജീവിതം മാറാരോഗിയാക്കിയ അമ്മ ഒടുവിൽ ദുരിതപൂർണമായ അന്തരീക്ഷത്തിൽ മരണമടയുകയായിരുന്നു. ഗുരുത്വാകർഷണബലംപോലെ ജന്മസ്ഥലവും വീടുമായി അടുപ്പം പുലർത്തുന്ന അവസ്ഥയെ സംബന്ധിച്ച് സ്വദേശം ഉപേക്ഷിക്കേണ്ടി വന്ന സൽമാൻ റുഷ്ദി ‘Shame’ എന്ന നോവലിൽ വിവരിച്ചത് ഇവിടെയും പ്രസക്തമാണ്. ‘‘ഗുരുത്വാകർഷണബലത്തിന്റെ ഉത്ഭവം എങ്ങനെയെന്ന് നാം ആലോചിക്കുന്നില്ല. ജന്മദേശവുമായി നാം എന്തിനാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദീകരിക്കാൻ നമ്മൾ മരങ്ങളാണെന്ന് നടിക്കുകയും വേരുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു’’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആഴ്ന്നിറങ്ങിയ വേരുകളെ മുറിച്ചുമാറ്റാനോ കണ്ടില്ലെന്നു നടിക്കാനോ സാധിക്കില്ലെന്ന് റുഷ്ദി പറയാതെ പറയുന്നുണ്ട്.
അതുപോലെതന്നെയാണ് ഈ നോവലിൽ ഇവായുടെ മനോഭാവവും. സ്വന്തം വീട് തിരികെ ലഭിക്കാനായി ഇവാ നടത്തുന്ന ‘പോരാട്ട’ത്തിന്റെ കഥകൂടിയായി ‘The Safekeep’ മാറുന്നു. ഭാഗ്യവശാൽ റെഡ്ക്രോസ് സംഘടന വഴി സ്വിറ്റ്‌സർലൻഡിൽ എത്തിച്ചേർന്ന ഒരു ദന്തരോഗവിദഗ്ധനും മകളും പിന്നീട് നെതർലൻഡ്സിൽ മടങ്ങിയെത്തിയപ്പോഴേക്കും അവരെ അധിവസിപ്പിച്ചതിനുള്ള തുക സ്വിസ് ഭരണകൂടം ആവശ്യപ്പെട്ട സന്ദർഭം ഇവായുടെ ഡയറിക്കുറിപ്പിലുണ്ട്. അവശയും ആലംബഹീനയുമായി ക്യാമ്പിൽനിന്ന് പുറത്തുവന്ന അമ്മയുടെ അനുഭവം അവൾ ഓർക്കുന്നു. ചുരുക്കത്തിൽ മാനുഷികത എന്തെന്നും മനുഷ്യരെ ചേർത്തുപിടിക്കേണ്ട ആവശ്യകത എത്രമാത്രമാണെന്നും ഓർമകളെ ശരീരാവയവമെന്നപോലെ കൊണ്ടുനടക്കണമെന്നുമുള്ള ബോധ്യം സൃഷ്ടിക്കുന്ന നോവലാണിത്.
പശ്ചിമ-പൂർവ ജർമനികളുടെ ഏകീകരണത്തിനുശേഷം പ്രിയപ്പെട്ട വസ്തുക്കൾ കൈപ്പിടിയിൽനിന്നൂർന്നു പോയ സങ്കടത്തിൽ കഴിയുന്നവരെ കുറിച്ച് ജെന്നി ഏർപെൻബെക്ക് സൂചിപ്പിച്ചത് പ്രസക്തമാണ്. നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വേദന, അത് തിരിച്ചുലഭിക്കുകയില്ല എന്ന് വരുമ്പോൾ അസഹ്യമാവുന്നു. ഓർമകളാൽ രൂപപ്പെടുന്ന വീടിന്റെ മാനസികഘടനയിൽമാത്രം അവർക്ക് ജീവിക്കാൻ കഴിയുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്. യുദ്ധവും കലാപവും വിഷാദമേഖലയിലേക്ക് അകപ്പെടുത്തുന്ന മനുഷ്യരുടെ മനോഭാവം എങ്ങും ഒരുപോലെയാണ്. അതുപോലെ ഭൂതകാലം എന്നത് നാമെല്ലാവരും കുടിയേറിയ ഒരു രാജ്യമാണെന്നും, അതിന്റെ നഷ്ടം നമ്മുടെ പൊതു മനുഷ്യത്വത്തിന്റെ ഭാഗമാണെന്നുമുള്ള സൽമാൻ റുഷ്ദിയുടെ വാദം ഈ സാഹചര്യത്തിൽ എടുത്തുപറയണം. ജനിച്ചുവളർന്ന വീടിന്റെ നഷ്ടം കൂടുതൽ തീവ്രമായ രൂപത്തിൽ നമ്മെ ബാധിച്ചേക്കാം. അതിന്റെ വിവിധ ദൃഷ്ടാന്തങ്ങളാണ് ‘ദ സേഫ്കീപ്പി’ൽ അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.