നീണ്ടയാത്ര കഴിഞ്ഞെത്തിയ കണ്ണിലെ ക്ഷീണം ചിരികൊണ്ടു മറികടക്കാനാണ് അവൾ ശ്രമിച്ചത്. ഇത്തവണ താഹിറക്ക് അബുവിനെ കാണാൻ കഴിഞ്ഞില്ല. ‘ചങ്ങായ്ക്ക് കൊണ്ടോയതാണ്, ഇനി ങ്ങൾ എടുത്തോളീ.’ ആ പൊതി ഹരിക്ക് നീട്ടി. അബൂന് ഏറെ ഇഷ്ടമുള്ള അവൽ വിളയിച്ചതാണ്. മൂന്നു ദിനം നീളുന്ന ട്രെയിൻയാത്രയും പിന്നെ കോടതിദിനവും കൂട്ടി നാലു ദിവസം കേടാകാതെ ഇരിക്കണമെങ്കിൽ ഉണങ്ങിയ തേങ്ങയിൽ അവൽ വിളയിച്ചെടുക്കണം. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ താഹിറക്ക് അഞ്ച് ദിവസത്തെ തയാറെടുപ്പാണ്. ഉണ്ണിയപ്പവും അവലും മാത്രമല്ല ജയിലിൽ കൂടെ കിടക്കുന്ന വിചാരണ തടവുകാരുടെ ജാമ്യത്തിനായുള്ള കടലാസ് തയാറാക്കാനുള്ള പണി വരെയുണ്ട്....
നീണ്ടയാത്ര കഴിഞ്ഞെത്തിയ കണ്ണിലെ ക്ഷീണം ചിരികൊണ്ടു മറികടക്കാനാണ് അവൾ ശ്രമിച്ചത്. ഇത്തവണ താഹിറക്ക് അബുവിനെ കാണാൻ കഴിഞ്ഞില്ല. ‘ചങ്ങായ്ക്ക് കൊണ്ടോയതാണ്, ഇനി ങ്ങൾ എടുത്തോളീ.’ ആ പൊതി ഹരിക്ക് നീട്ടി. അബൂന് ഏറെ ഇഷ്ടമുള്ള അവൽ വിളയിച്ചതാണ്. മൂന്നു ദിനം നീളുന്ന ട്രെയിൻയാത്രയും പിന്നെ കോടതിദിനവും കൂട്ടി നാലു ദിവസം കേടാകാതെ ഇരിക്കണമെങ്കിൽ ഉണങ്ങിയ തേങ്ങയിൽ അവൽ വിളയിച്ചെടുക്കണം. ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ താഹിറക്ക് അഞ്ച് ദിവസത്തെ തയാറെടുപ്പാണ്.
ഉണ്ണിയപ്പവും അവലും മാത്രമല്ല ജയിലിൽ കൂടെ കിടക്കുന്ന വിചാരണ തടവുകാരുടെ ജാമ്യത്തിനായുള്ള കടലാസ് തയാറാക്കാനുള്ള പണി വരെയുണ്ട്. ഓരോ കൂടിക്കാഴ്ചക്കും ഓരോരുത്തർക്കും ചെയ്യേണ്ട സഹായങ്ങളുടെ പട്ടിക അവൻ നൽകും. തയ്യൽ മെഷീൻ ചവിട്ടി കിട്ടുന്ന തുക ഈ പേപ്പറ് പണിക്ക് തികയില്ലെന്ന് പറയുമ്പോൾ അവളുടെ എല്ലാ പ്രതിരോധങ്ങളെയും തകർക്കുന്ന ഒരു ചിരിയാണ് അവന്റെ ആയുധം. നരവീണ താടിയിലേക്ക് നോക്കിയിരിക്കുമ്പോൾ മുകളിലേക്ക് നോക്കി ഒരു പറച്ചിലുണ്ട്. ‘അന്ക്ള്ള കൂലി പടച്ചോൻ തന്നോളും.’ വീണ്ടും ചിരി. എങ്ങനെയാണ്, ഇങ്ങനെ ചിരിക്കുന്നത് എന്ന് പലതവണ അവൾ ആലോചിച്ചിട്ടുണ്ട്.
ലഖ്നോവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് ഒന്ന് മിണ്ടീം പറഞ്ഞും ഇരിക്കുക. മൂത്തമകൻ കോളജിൽ പോകാൻ തുടങ്ങിയതും ഇളയവൾ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും പശു പ്രസവിച്ചതും അപ്പുറത്തെ തൊടിയിൽ ഇല വീഴുന്നതുകൊണ്ടു മഹാഗണി വെട്ടാൻ അയൽക്കാരി നബീസ പറഞ്ഞതും കഴിഞ്ഞ തവണ പറഞ്ഞതാണ്. ഞരമ്പുകൾ തുടിച്ചുനിൽക്കുന്ന അവന്റെ വലത് കൈ അവളുടെ ഇരു കൈകൊണ്ടും പൊതിഞ്ഞു വെച്ചായിരുന്നു സംസാരം. സന്തോഷം പങ്കുവെക്കുമ്പോഴും സ്വന്തം വിഷമം താഹിറ മൂടിവെച്ചു. നമസ്കാരം കഴിഞ്ഞ് സലാം ചൊല്ലി പിരിഞ്ഞു നിസ്‌കാര കുപ്പായവും പെട്ടിയിലാക്കി കഴിഞ്ഞാൽ പിന്നെ പടച്ചോനോടുള്ള നീണ്ട സംസാരമാണ്. ഏങ്ങിക്കരഞ്ഞും കണ്ണടച്ചിരുന്നുമുള്ള ഈ വർത്തമാനം കഴിയുമ്പോൾ നാളെ ചെയ്യേണ്ട കാര്യങ്ങൾ പോലും ഉള്ളിൽ സിനിമപോലെ തെളിഞ്ഞുവരും.
ചെറിയ കുറ്റമൊന്നുമല്ല അബുവിന് ചാർത്തപ്പെട്ടിരിക്കുന്നത്, കുറ്റങ്ങളിൽ രാജ്യദ്രോഹം കൂടിയുണ്ട്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനാണ് അന്ന് പോയത്. വാർത്ത റിപ്പോർട്ട് ചെയ്യുക എന്നതിന് അപ്പുറമോ ഇപ്പുറമോ ഒന്നുമുണ്ടായിരുന്നില്ല. ഒപ്പം സഞ്ചരിച്ചവർ പല സമരങ്ങളിലും പങ്കെടുത്തവരെന്ന പേരിലാണ് അബുവിനെയും ആദ്യം പൊലീസ് പിടികൂടിയത്. പിന്നീട് പൊലീസ് എഴുതിയ കഥയിൽ സൂത്രധാരൻ അബുവായി. അവന്റെ നിഷ്കളങ്കത വേഗം തിരിച്ചറിഞ്ഞ പൊലീസുകാരിൽ ഒരാൾ അയാളുടെ ഫോൺ നൽകി. ആരെയെങ്കിലുംകൊണ്ട് മുകളിൽ വിളിച്ചുപറയിപ്പിച്ചാൽ ഇപ്പോൾ രക്ഷപ്പെടാം. കാണാതെ ആകെ അറിയാവുന്ന ഫോൺ നമ്പറുകൾ താഹിറയുടേതും ഹരിയുടേതും മാത്രം. അബുവിന്റെ ഫോണിലാണ് ബാക്കി നമ്പറുകൾ സേവ് ചെയ്തിരിക്കുന്നത്. സ്വന്തം ഫോൺ എടുക്കാൻ അനുവാദമില്ല.
രാധേടത്തിയുടെ ചുവന്ന ബ്ലൗസ് തയ്ക്കുന്നതിനിടയിൽ സൂചികൊണ്ട് കൈവിരലിൽ നിന്നും ചോര പൊടിഞ്ഞിരിക്കുമ്പോഴാണ് താഹിറക്ക് അബുവിന്റെ വിളി എത്തുന്നത്. തുണിയുടെ ചുവപ്പും, ഉതിർന്നുവീഴാൻ തുടങ്ങിയ ചോരത്തുള്ളിയും നോക്കി അവൾ ഫോണെടുത്തു. പൊലീസ് പിടിച്ചെന്നും പേടിക്കേണ്ടെന്നും ഹരിയെ വിളിച്ച് എല്ലാം ശരിയാക്കാമെന്നും ഒറ്റശ്വാസത്തിൽ അബു പറഞ്ഞു. വിളിച്ചു കിട്ടാതിരിക്കുമ്പോൾ വിഷമിക്കേണ്ടെന്നും രാവിലെ തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് ഫോൺവെച്ചു. പിന്നീട് രാത്രി വാർത്ത ടി.വിയിൽ കാണുമ്പോഴാണ് അബു അറസ്റ്റിലായെന്നും കുറ്റം രാജ്യദ്രോഹമാണെന്നുമൊക്കെ താഹിറ കേൾക്കുന്നത്... കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയ അവൾ നിലത്ത് ഇരുന്നുപോയി. അന്ന് ആകെ തകർന്നു പോയെങ്കിലും കുറ്റിക്കാട്ടൂരിന് പുറത്തുപോകാതിരുന്ന താഹിറയുടെ അന്തമില്ലാ യാത്രകളുടെ തുടക്കമായി. ആദ്യമായി തീവണ്ടിയിൽ കയറി, കാൽ ഹിന്ദിയിലും പാതി ഇംഗ്ലീഷിലും കാൽ തമിഴിലും ഭാഷയെ പൂർത്തിയാക്കി വക്കീലന്മാരോട് സംസാരിച്ചു. ജയിലിലും കോടതിയിലും പോയി. റെയിൽവേ സ്റ്റേഷനിൽ ഇരുന്നുറങ്ങാനും ടി.ടി.ആറിന് ഇരുനൂറിന്റെ നോട്ട് തിരുകി നൽകി സീറ്റ് ഒപ്പിക്കാനും പഠിച്ചു. സത്യവാങ്മൂലത്തിലെ നുണകളെ പൊളിക്കാൻ നിയമപുസ്തകങ്ങൾ തേടി.
സഹായിക്കാനെന്ന തരത്തിൽ എത്തിയ പലരുടെയും ലക്ഷ്യം വേറെയെന്നു നിമിഷംകൊണ്ട് അളന്നറിയാനും അകലം പാലിക്കാനും കഴിഞ്ഞു. പാല് വിറ്റും തൊഴിലുറപ്പിനു പോയും പുലർച്ചയോളം തയ്യൽ മെഷീനിൽ ഇരുന്നും 12 വർഷമായി പണിയുന്ന വീടിന് തന്റെ ഓഹരികൂടി കണ്ടെത്തുന്ന താഹിറയല്ല ഇപ്പോഴെന്നു ഹരിക്ക് അറിയാം. നോട്ടമൊന്നു തെറ്റുമ്പോൾ മറുനോട്ടത്തിൽ നിലക്ക് നിർത്തുന്നവളാണ്. പൊലീസിനോട് പേടി തീർന്നവൾകൂടിയാണ്. കൂസാത്തവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു അറിയാത്തവരാണ് പൊലീസുകാർ. കാക്കിയോട് പേടിയില്ലാത്തവരെ പൊലീസിന് നല്ല ഭയമാണ്.
ജോലിചെയ്തിരുന്ന ചാനൽ പൂട്ടിപ്പോയപ്പോഴാണ് ചിരിയില്ലാത്ത മുഖത്തോടെ അബുവിനെ കണ്ടത്. വാർത്തയെ ഒരുതരം ഭ്രാന്ത് ആയി കൊണ്ടുനടന്നിരുന്ന അവൻ വാർത്താ സമ്മേളനങ്ങളിൽനിന്നും മാറിനിന്നു. സഹതാപം ഒട്ടുമേ ഇഷ്ടമായിരുന്നില്ല. ഒടുവിൽ കേരളത്തിലേക്ക് വണ്ടികയറി. നാട്ടിലെത്തി ചാനലുകളിലും പത്രങ്ങളിലും തൊഴിലന്വേഷിച്ചു മടുത്തപ്പോൾ ഹരിയാണ് ഡൽഹിക്ക് വീണ്ടും വിളിച്ചത്. താമസവും ഭക്ഷണവും ഓഫർ ചെയ്തുള്ള ആ വിളിയിൽ ട്രെയിൻ കയറിയതാണ്.
ഏതെങ്കിലും േബ്രക്കിങ് വാർത്തകൾ നൽകിയാൽ കൃത്യമായി ശമ്പളം നൽകുന്ന സ്ഥാപനം ജോലി നൽകുമെന്ന ഒറ്റപ്രതീക്ഷയിലായിരുന്നു ആ യാത്ര. ഹരിയുടെ അമ്മ കൊടുത്തുവിട്ട കടുക്മാങ്ങാ അച്ചാറും ചെമ്മീൻ ചമ്മന്തിയും കൃത്യമായി ഡൽഹിയിൽ എത്തിച്ചു, അവൽപ്പൊതി ഒഴികെ. അവൽ എവിടെയെന്നു ചോദിച്ചാൽ ആ ചിരി തന്നെയാകും മുഖത്തുണ്ടാകുക എന്ന് ഹരിക്ക് നന്നായി അറിയാം. കൃഷ്ണന്റെ അവൽപ്പൊതികൂടി അകത്താക്കിയ കുചേലന്റെ കഥ നിനക്ക് അറിയാമല്ലോ എന്ന് മാത്രമാണ് ചോദിച്ചത്. തമിഴ്നാട് കടന്ന് കേരള എക്സ്പ്രസ് ആന്ധ്രയിൽ എത്തുമ്പോൾ അവലിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് അമ്മക്ക് അറിയാമായിരുന്നു.
രണ്ടാഴ്ച നാട്ടിൽ പോയ സമയത്താണ് ഡൽഹിയിൽനിന്നും അബുവിന്റെ വിളി ഹരിക്ക് എത്തുന്നത്. യു.പിയിൽ ബലാത്സംഗ കൊല റിപ്പോർട്ട് ചെയ്യാൻ പോകണം. വണ്ടിക്കൂലി ആയിരം രൂപ വേണം. ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞെങ്കിലും മറന്നു. കിട്ടിയ കാറിൽ കയറി, കൂടെ ആരെന്നു പോലും നോക്കാതെ ഷെയറിട്ട് അബു തിരിച്ചു. ബിഹാറിയായ ഓട്ടോക്കാരൻ ദിനേശ് പാണ്ഡെയിൽനിന്നും വാങ്ങിയ 500 രൂപ മാത്രമായിരുന്നു കൈമുതൽ. നവംബർ 5നായിരുന്നു യാത്ര. ദിവസം ഓർത്തിരിക്കാൻ കാരണം ഹരിയുടെ പിറന്നാൾ ആയിരുന്നു അന്ന്. മാത്രമല്ല, മറ്റൊരു കാര്യംകൂടിയുണ്ട്. അമ്പലത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ ഹരിയുടെ ഫോണും പിടിച്ചുനിൽക്കുന്ന അർച്ചനയുടെ മുഖം കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. ആരാണ് മാഗി എന്ന ഒറ്റ ചോദ്യത്തിൽ, അവളുടെ വാട്സ്ആപ് ചാറ്റ് മുഴുവൻ ഭാര്യ വായിച്ചെന്നു മനസ്സിലായി.
ഡൽഹിയിലെ ഏകാന്തതയും വിസ്കി നൽകിയ ധൈര്യവും ഒത്തുചേർന്നപ്പോഴാണ് കോളജ് ബാച്ചിന്റെ കൂട്ടായ്മയിൽനിന്നും നമ്പർ എടുത്തു മാഗിയുമായി പേഴ്സനൽ ചാറ്റ് തുടങ്ങിയത്. ഒരിക്കൽ പ്രണയം നിരസി ച്ചവളെ വേട്ടയാടി പിടിക്കുന്ന ആണഹന്ത ഹരിയുടെ ഉള്ളിൽ ഉണർന്നുതുടങ്ങിയതോടെ ചാറ്റ് പുലരി വരെ നീണ്ടു. വിവാഹബന്ധം വേർപെട്ട് നിൽക്കുന്ന പെണ്ണിനെ ഓടിക്കയറാനുള്ള ചാഞ്ഞമരമാക്കരുതെന്നു തോമസിന് കഴിഞ്ഞദിവസം ഉപദേശം നൽകിയിരുന്നു. അതെല്ലാം ഹരി സൗകര്യപൂർവം മറന്നു. മണിക്കൂറുകൾ നീണ്ട ചാറ്റ്, വിളിയിലേക്കും വിഡിയോ കോളിലേക്കും നീണ്ടു.
സംസാരം നീണ്ടപ്പോൾ അവനും മടുപ്പ് തോന്നിതുടങ്ങി. ആദ്യമൊക്കെ അവളുടെ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ നൽകിയവൻ പിന്നീട് വലിയ കാര്യങ്ങളിൽ ഒരു കാതുപോലും നൽകിയില്ല. മൂഡ്സ്വിങ്ങിന്റെ കാലത്ത് ഏറെ സംസാരിക്കാൻ മാഗി കൊതിയോടെ വിളിച്ചപ്പോൾ ‘മീറ്റിങ്ങിൽ ആണ്’ എന്ന പതിവ് നുണ തട്ടിവിട്ടു. രാത്രി പതിനൊന്നു മണിയാണെന്ന് ഓർക്കാതെയായിരുന്നു ആ മറുപടി.
എല്ലാ ആണുങ്ങളെയും പോലെയാണ് നീയുമെന്ന ഒറ്റവരി മെസേജിൽ അവൾ ബന്ധം അവസാനിപ്പിച്ചു. സോറി പറഞ്ഞും നേരിട്ട് കാണാമെന്നൊക്കെ പറഞ്ഞെങ്കിലും അവൾ അടുത്തതേയില്ല. അവിഹിതങ്ങളുടെ ആയുസ്സ് ആറുമാസം മുതൽ ഒന്നര വർഷം വരെയാണ്. അതിലേറെ അതൊന്നും കൊണ്ടുപോകാൻ കഴിയില്ല. പിണക്കം സൗകര്യമായെടുത്ത് അവനും അവിടെ നിർത്തി.
ഈ മെസേജുകൾ ഡിലീറ്റ് ചെയ്യപ്പെടാത്ത ഭാവിയിലേക്കുള്ള തൊണ്ടിമുതലായി കിടക്കുമെന്നും ഭാര്യ പിന്നീട് ഫോൺ നോക്കി കണ്ടുപിടിക്കുമെന്നും ഓർത്തതേയില്ല. ഹരിയുടെ കണ്ണിൽ നോക്കിക്കൊണ്ട് മാർബിൾ തറയിലേക്ക് ഫോൺ ഒറ്റയേറായിരുന്നു. തടുക്കാനോ അതിന്റെ പേരിൽ ദേഷ്യപ്പെടാനോ ഹരിക്ക് കഴിഞ്ഞില്ല. പിടിക്കപ്പെട്ട കള്ളന്റെ നെഞ്ചിടിപ്പോടെ ചിതറിത്തെറിച്ച ഫോൺ നോക്കിനിന്നു. ആ ദിവസമാണ് പൊലീസുകാരന്റെ ഫോണിൽനിന്നും അബു വിളിച്ചത്. ഫോണിനൊപ്പം തകർന്നുപോയത് അബുവിന്റെ ജീവിതംകൂടിയായിരുന്നു. അന്ന് ആ കോൾ കിട്ടിയിരുന്നെങ്കിൽ ഒന്നോ രണ്ടോ വിളിയിലൂടെ കഴുകൻ കൈകളിൽനിന്നും കൂട്ടുകാരനെ ഊരിയെടുക്കാമായിരുന്നു. എങ്കിൽ എന്ന വാക്ക് പരിചിതമല്ലാത്ത ഭൂതകാലം ഹരിയെ നോക്കി നെടുവീർപ്പിട്ടു.
അബുവിന് അബ്ദുള്ള എന്ന പേരാണ് വിനയായത്. ഹരി എന്ന കൂട്ടുകാരൻ ഇല്ലെങ്കിലും ആ പേരുകാരൻ കൂടെ ഉണ്ടായിരുന്നെങ്കിൽ കടുപ്പമാകില്ലായിരുന്നു എന്ന് ഒരിക്കൽ താഹിറ പറഞ്ഞപ്പോൾ ഉള്ളിലൊരു കുറ്റബോധം ഫണമുയർത്താൻ തുടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കാൻ അബുവിനെ പൊലീസിന്റെ നീല ബസിൽ കൊണ്ടുപോകണമെന്ന് അവൾ വാശിപിടിക്കുന്ന കാര്യം പറഞ്ഞപ്പോൾ ആദ്യമൊന്നും മനസ്സിലായില്ല. ജീപ്പിൽ കൊണ്ടുപോകുന്നവരെ വിലങ്ങഴിപ്പിച്ചു, ഓടാൻ അനുവദിച്ചു പിന്നിൽനിന്നും വെടിവെക്കുന്ന രാജേഷ് ചൗഹാൻ എന്ന പൊലീസ് ഓഫീസറെക്കുറിച്ച് അറിഞ്ഞപ്പോൾ മുതലാണ് അവൾക്ക് ഈ പേടി തുടങ്ങിയത്. ചായ കുടിക്കാൻപോലും നിൽക്കാതെ താഹിറ മുറിയിൽ നിന്നും ഇറങ്ങി. ഓട്ടോറിക്ഷ ഡ്രൈവറോട് സംസാരിക്കുന്ന താഹിറയെ നോക്കി വാതിൽപടിയിൽ ഹരി നിന്നു. ചോദിച്ച തുക പകുതിയാക്കാൻ തർക്കിക്കുകയാണെന്ന് നല്ല ഉറപ്പുണ്ടായിരുന്നു.
തടവ് രണ്ട് ആണ്ടു പിന്നിട്ടു. നിരാശയോട് അബുവും പോരാട്ടത്തോട് താഹിറയും പൊരുത്തപ്പെട്ടു. ഇടക്കിടെ അവൾ ഉത്തരേന്ത്യയിലേക്ക് ട്രെയിൻ കയറും ചിലപ്പോൾ അബുവിനെ കണ്ടെന്നും ഇല്ലെന്നും വരാം. ഇന്നലെ കാണാൻ കഴിയാത്ത നിരാശയല്ല ഇനിയും കാണാമെന്നുള്ള പ്രതീക്ഷയിലാണ് മടക്കം. ജാമ്യം കിട്ടി അവൻ പുറത്തുവന്നാൽ വീണ്ടും ഇവൾ സാധാരണ പെണ്ണ് ആകുമോ എന്നൊക്കെ ആലോചിച്ച് കസേരയിൽ ചാഞ്ഞിരുന്ന് നേരംപോയതറിഞ്ഞില്ല. പൊലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച തടവുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന വാർത്ത ഹരിയുടെ തലക്ക് മുകളിലെ ടി.വിയിൽ േബ്രക്കിങ് ന്യൂസ് ആയി പോയിക്കൊണ്ടിരുന്നതും അയാൾ അറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.