പടർപ്പ്

​പൊലീസുകാരൻ നായുടെ ബെൽറ്റിൽ കൈ കുരുക്കിയതോടെ അത് പെട്ടെന്നു നിന്നു. തന്റെ വൈദഗ്ധ്യത്തെ ചോദ്യംചെയ്തെന്നവണ്ണം അത് പൊലീസുകാരനെ ഒന്ന് നോക്കി. പിന്നീട് പുല്ലിലും മൺവഴിയിലുമായി മാറിമാറി മണംപിടിച്ചു. ബെൽറ്റൊന്ന് അയച്ചതും പൊലീസുകാരന്റെ കൈകളിൽനിന്നും കുതറി മുന്നിൽ കണ്ട വീട്ടുപടിക്കലേക്ക് കിതച്ചോടി. അകത്തേക്ക് നോക്കി ഉറക്കെ കുരച്ചു. പിന്നെ വീട് വലംവെച്ചു. കൂടിനിന്നവർ ഒരു നാടുവാഴിക്കെന്നപോലെ നായക്ക് വഴിയൊരുക്കി. ​അപ്പോൾ മാത്രമായി പുന്നെല്ലിൻ കാവിലേക്ക് വടക്കുനിന്നും മുതുമലയും കടന്ന് കാറ്റ് തെക്കോട്ട് പാഞ്ഞു. ആ പാച്ചിലിൽ തെങ്ങുകളും മരങ്ങളും വയലുകളിലെ നെൽക്കതിരുകളും തെക്കോട്ടാഞ്ഞു....

​പൊലീസുകാരൻ നായുടെ ബെൽറ്റിൽ കൈ കുരുക്കിയതോടെ അത് പെട്ടെന്നു നിന്നു. തന്റെ വൈദഗ്ധ്യത്തെ ചോദ്യംചെയ്തെന്നവണ്ണം അത് പൊലീസുകാരനെ ഒന്ന് നോക്കി. പിന്നീട് പുല്ലിലും മൺവഴിയിലുമായി മാറിമാറി മണംപിടിച്ചു. ബെൽറ്റൊന്ന് അയച്ചതും പൊലീസുകാരന്റെ കൈകളിൽനിന്നും കുതറി മുന്നിൽ കണ്ട വീട്ടുപടിക്കലേക്ക് കിതച്ചോടി. അകത്തേക്ക് നോക്കി ഉറക്കെ കുരച്ചു. പിന്നെ വീട് വലംവെച്ചു. കൂടിനിന്നവർ ഒരു നാടുവാഴിക്കെന്നപോലെ നായക്ക് വഴിയൊരുക്കി.

​അപ്പോൾ മാത്രമായി പുന്നെല്ലിൻ കാവിലേക്ക് വടക്കുനിന്നും മുതുമലയും കടന്ന് കാറ്റ് തെക്കോട്ട് പാഞ്ഞു. ആ പാച്ചിലിൽ തെങ്ങുകളും മരങ്ങളും വയലുകളിലെ നെൽക്കതിരുകളും തെക്കോട്ടാഞ്ഞു. കാവിലെ കുളത്തിലെ ഓളങ്ങളും കാറ്റിനൊപ്പം ചേർന്നു. എവിടെ നിന്നോ ഒരു കുരവ നാദം വിണ്ണിലേക്കുയർന്നു. ​ചാത്തന്റെ ഉള്ളിൽ പൂരം കൊടിയേറി...

​നായക്കൊപ്പം ഓടിയ ആളുകൾ കിണറ്റിൻകരക്ക് ചുറ്റിലും സ്ഥാനംപിടിച്ചു. നായുടെ ശൗര്യം കിണറ്റിൽനിന്നും പ്രകമ്പനമായി ആകാശത്തേക്കുയർന്നു. അത് ചാത്തന്റെ ഉള്ളിലെ കതീനക്ക് തിരികൊളുത്തി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടവരമ്പിലൂടെ മണം പിടിച്ചുകൊണ്ട് ഒരു നാട് മുഴുവൻ നായക്കൊപ്പം കിതച്ചോടിക്കൊണ്ടിരുന്നു. ഒടുവിൽ പാടവരമ്പും കഴിഞ്ഞ് നായ ഇരുളിലേക്ക് ഓടിക്കയറി. കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരിടം. കരിയിലകൾക്കിടയിലൂടെ സാവധാനം അത് മണംപിടിച്ചു നടന്നു. മുന്നിൽ കണ്ട ഒരു കല്ലിൽ മൂക്കുതൊടീച്ച് എന്തോ പരതി. മെല്ലെ പിൻകാലിലിരുന്നുകൊണ്ട് പൊലീസുകാരനെ നോക്കി നാവ് പുറത്തേക്കിട്ട് കിതച്ചു. കിതപ്പോടെ പൊലീസുകാരൻ തന്റെ പിന്നിലുള്ളവരെ നോക്കി. അയാളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.

​കാവിലെ ആൽത്തറയിൽ കിടന്ന് ചാത്തൻ മെല്ലെ ഓർമയുടെ മയക്കത്തിലേക്കാഴ്ന്നു. ഏകാന്തതയുടെ മൂന്നു ദിവസങ്ങൾ മറന്ന് ചാത്തൻ തന്റെ നിഴലിനെയൊന്നു തപ്പിനോക്കി. ഇടക്കാരോ വന്നു വിളിച്ചു. ചാത്തനപ്പോൾ അവറാനു പാതിയായി. പഷ്ണി കഥകളിൽ തുടങ്ങി ഇക്കാലമത്രയും ആടിയും പാടിയും പറഞ്ഞും നടന്നിരുന്നവർ. അവറാന്റെ ബൈത്തുകൾ ചാത്തന്റെ ഇടതുകാതിൽ വന്നു തറച്ചു.

 

​‘‘ആബ്രാന്റെ തൊടീന്ന് പൂളയും ചേമ്പും കട്ടതിന് ചാട്ടവാറുകൊണ്ട് ഏറ്റംപുറം പൊളിഞ്ഞത് മുഴുമൻ അവറാനാണ്. പള്ളക്ക് പൈച്ചിട്ടാ ന്ന് അലറിക്കരഞ്ഞാലും ഓല്ക്ക് അതൊരു ഹരാർന്നു... ആമ്പ്രാക്കളോടുള്ള ഓന്റെ പക മുതുകിലേറെ ഇരട്ടിയിൽ ഓന്റെ കൂരിൽ മൊഴച്ചു. ഓന് പൊള്ളുമ്പോ അതേന് അതിലേറെ നോവും. ഏന്റേം അവറാന്റേം ഒരേ ചോരയാണെന്ന് ആരൊക്കെയോ അടക്കം പറഞ്ഞു ഏൻ കേട്ടിട്ടുണ്ട്. ഏനും അവറാനും ഒരേ പകർപ്പാണ്.’’

​അവറാന്റുമ്മ കഞ്ഞിപ്പാത്രത്തിലേക്ക് അവറാനോളം സ്നേഹം ഏനും പകർന്നു. ഏന്റമ്മ ചാകുമ്പോ ഏനു രണ്ടു ബയസ്സ്. അവറാന്റുമ്മടെ മൊലക്കല് ഏങ്ങള് രണ്ടാളും കടിച്ചു തൂങ്ങിയത് ഏനു ഇന്നലെ കഴിഞ്ഞ മാതിരി. ഈ പാട വരമ്പും പറമ്പും ചാത്തനും അവറാനും കണ്ണ് കജ്ജാണ്.

​“ചാത്താ... ഞമ്മക്ക് പോയാലോ”

​ഉറക്കത്തിൽനിന്നും ഉണർന്ന് വാതിൽ തുറന്നു ഉമ്മറത്തേക്ക് വരുമ്പോഴേക്കും അവൻ നടന്നു തുടങ്ങിയിട്ടുണ്ടാവും. അവറാന്റെ പിന്നിലുമായി രണ്ടടി അകലത്തിൽ ഒന്നും ഉരിയാടാതെ ചാത്തനും നടക്കും. പാടവരമ്പിൽനിന്നും കാട്ടുപാതയിലേക്ക് കയറും.

​‘‘ഒരു നാൾ നടയടച്ച അമ്പലത്തിൽ ആരുമറിയാതെ കയറിയതിന്, നെലവറേലെ ഇരുട്ടിലേക്ക് ഏങ്ങളെ തള്ളിയിട്ടു. എത്രനാൾ ഏനും അവറാനും ആടെ കെടന്നെന്ന് ഏനോർമയില്ല. അന്നവറാന്റുമ്മ ഏനേം അവറാനേം ചേർത്തു ഏങ്ങലടിച്ചു കരഞ്ഞു. പള്ള നെറയെ ചക്കരച്ചോറ് തന്നു. ഏനിന്നുവരെ അങ്ങനെ ഒരു രുസി അറിഞ്ഞിട്ടില്ല. പക്കെ ഏനൊന്നറിയാം ഏനും അവറാനും രണ്ടമ്മ പെറ്റോണ്ടാണ് അവറാൻ മാപ്പളയും ഏൻ ചെറുമനുമായത്. ഓൻ ബൈത്തു പാടി ഏൻ ഞാട്ടുപാട്ടും. അല്ല എങ്ങക്ക് രണ്ടാക്കും രണ്ടും ഒരുപോലാ... പൂരത്തിനും നീർച്ചക്കും ഏങ്ങൾ ഒന്നിച്ചുപോയി. അവറാനങ്ങനെ ഏറെ വർത്താനം പറയൂല. സദാ സമയം പുകവിട്ട് മിണ്ടാണ്ടിരിക്കും. ഓന്റെ ഉള്ളിലെ തിജ്ജ് ഓന്റ കണ്ണ് പറയും.’’

​‘‘അന്തിക്കള്ള് മോന്തിക്കൊണ്ട് പാട്ടും പാടിക്കൊണ്ട്... പോയിവരാലോ... ചെങ്ങായി... ആമ്പ്രാന്റെ മുമ്പിച്ചെന്ന് നാലും കൂട്ടി മുറുക്കിത്തുപ്പണ കാലം വരുമെന്റെ ചെങ്ങായി...”

​ഓർമയുടെ കനലടുപ്പിൽ പലതും നീറ്റുന്നതിനിടയിൽ ചാത്തന്റെ തോറ്റം കാറ്റ് അലിയിച്ചുകളഞ്ഞു. കതീനക്കുറ്റികൾ ആകാശത്തേക്കുയർന്നു പൊട്ടുന്ന ശബ്ദംകേട്ട് ചാത്തൻ ഒരുനിമിഷം സ്തംഭിതനായി. അവന്റെ ഉള്ളിൽ പൂരത്തിന്റെ ആരവമുയർന്നു. കാറ്റിന്റെ താളത്തിൽ ചെണ്ടമേളത്തിന്റെ മുറുക്കം ഒഴുകി. ഒരു ചെറു ചിരിയോടെ ആൽത്തറയിൽ നിന്നും ചാത്തൻ താഴെയിറങ്ങി.

​കയ്യിലെടുത്ത ബീഡി കത്തിച്ചു തന്റെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചു. അതിന്റെ ലഹരിയിൽ ഏറെനേരം അങ്ങനെതന്നെ നിന്ന് വീണ്ടും ആൽത്തറയിൽ കേറി ഇരുപ്പുറപ്പിച്ചു. മേളത്തിന്റെ മുറുക്കത്തിനൊപ്പം ചാത്തൻ തലകുലുക്കി. ഇടക്ക് കൈവിരലുകൾക്കൊണ്ട് തന്റെ കാൽത്തുടയിൽ താളംപിടിച്ചു... ആളുകളുടെ ആവേശവും ആഹ്ലാദവും മേളശബ്ദത്തേക്കാൾ ഉയരാൻ തുടങ്ങി. ചുണ്ടിൽ ചേർത്തുവെച്ച ബീഡി കത്തി വിരലിനോടടുക്കുമ്പോൾ ഒന്നമർത്തി പുകയെടുത്ത ചാത്തൻ ആ ബീഡിക്കുറ്റിയെ ആൽത്തറയിലെ കൽപ്പടവുകൾക്കുള്ളിലേക്കെറിഞ്ഞു. അതവിടെ അമർന്ന് അന്ത്യശ്വാസം വലിച്ചു. ഒരു ജന്മലക്ഷ്യം സഫലമാക്കി അതവിടെനിന്നും താഴെ മണ്ണിലേക്ക് പതിച്ചു. ചാത്തൻ പതിയെ മയക്കത്തിലേക്കും. മേളത്തിന്റെ മുറുക്കം മെല്ലെ മെല്ലെ ചീവീടുകളുടെ ശബ്ദത്തിലേക്ക് ലയിച്ചു.

​മണ്ണ് തരിക്കുന്ന ശബ്ദത്തിൽ ചാത്തന്റെ കാതിൽ കതീന പൊട്ടി. ആൽത്തറയിൽനിന്നും അവൻ ചാടി എണീറ്റു. ചുറ്റിലും നോക്കി. എന്നിട്ട്

‘‘അവറാ...’’ എന്നലറി.

അവന്റെ തല പെരുത്തു. കണ്ണ് മുറുകെ ചിമ്മിത്തുറന്നു.

​മുന്നിലിപ്പോൾ കരിയിലകളാലും പുല്ലുകളാലും മൂടിയ വിജനമായ ക്ഷേത്രമുറ്റം.. ആഘോഷങ്ങളോ ആൾത്തിരക്കോ അവിടെ ഇല്ല. ഇരുൾമൂടിയ നിശ്ശബ്ദമായ ഇടം. കരിയിലകളിലൂടെ ഇഴജന്തുക്കൾ നീങ്ങുന്ന നേരിയ ശബ്ദം കേൾക്കാം. ആൽത്തറയുടെ പടവുകളിൽനിന്നും ചാത്തൻ സാവധാനം ഇറങ്ങി. ചുറ്റിലും നോക്കി. വീണ്ടും ഒന്ന് പുകച്ചു, കാവിന് മുന്നിലെ കൽവിളക്കിനടുത്തേക്ക് നടന്നു. ഇരുൾമൂടിയ കാവിനു മുന്നിൽ ചാത്തനങ്ങനെ നിന്നു.

​വലിയ ശബ്ദത്തിൽ എന്തോ വെള്ളത്തിൽ വീണു. നായ കാതുകൾ കൂർപ്പിച്ചുകൊണ്ട് ചുറ്റിലും ശ്രദ്ധിച്ചു. കൈകൾ മണ്ണിലുറപ്പിച്ച് മൂരിനിവർന്നുകൊണ്ട് എണീറ്റു. ഇരുളിന്റെ തേരാളികൾ മേഘങ്ങൾക്ക് മുകളിലൂടെ പാഞ്ഞുപോയി. പൊലീസുകാരൻ നായെ നോക്കി. നായ ശബ്ദം കേട്ടിടം നോക്കി കുരച്ചു. പിന്നെ പൊലീസുകാരനെ നോക്കി കുരച്ചു. വഴിതെളിയാതെ ഇരുട്ടുമൂടി കിടക്കുന്ന വനമധ്യത്തിൽ താനും നായും മാത്രമെന്ന സത്യം അയാളിലെ ഭയം ഇരട്ടിച്ചു. നായ നാലടി മുന്നോട്ടുവെച്ചു, പിന്നെ കിതപ്പോടെ വേഗത്തിൽ മുന്നോട്ടുപാഞ്ഞു. ഇരുളിൽ ഇരുണ്ടുകിടക്കുന്ന കൽപ്പടവുകളുള്ള കുളക്കരയിൽ നിന്നുകൊണ്ട് നായ ഉറക്കെ കുരച്ചുകൊണ്ടിരുന്നു.

​കയ്യിലുണ്ടായിരുന്ന വിസിൽ ഊതിക്കൊണ്ട് പൊലീസുകാരൻ ചുറ്റിലും നോക്കി. അകലെനിന്നും ഒരു തീപ്പന്തം വരുന്നതുകണ്ട് നായ ഉറക്കെ കുരച്ചു. ആ തീപ്പന്തം പിന്നെ വലിയ വെളിച്ചമായി. ആ വെളിച്ചം പിന്നെ ആളുകൾ കയ്യിലെന്തിയ പന്തവും ടോർച്ചുമായി പരിണമിച്ചു. രണ്ടു പൊലീസുകാർ ഓടിവന്ന് നായക്കരികിൽനിന്നു.

​“ഇനി എന്താ പ്ലാൻ? നേരം ഇത്രയായ സ്ഥിതിക്ക്...” ഒന്നാമൻ മറ്റു രണ്ടുപേരോടായി ചോദിച്ചു.

ആ സമയം പൊലീസ് നായ വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് കുരച്ചു. ആൾക്കൂട്ടം വെളിച്ചമായി പൊലീസുകാർക്കരികിലായി നിലകൊണ്ടു.

“സാറേ ഇത് അമ്പലക്കുളമാണേ...” ആൾക്കൂട്ടത്തിൽനിന്നും ഒരാൾ വിളിച്ചുപറഞ്ഞു.

“ഇവിടെ ക്ഷേത്രമുണ്ടോ?” പൊലീസുകാരിലൊരാൾ ചോദിച്ചു.

“ഉവ്വ്” എന്നാരോ മറുപടി പറഞ്ഞു.

​ആൾക്കൂട്ടത്തിനിടയിലൂടെ ഏതാനും പൊലീസുകാർകൂടി വന്നു.

“ഇനിയിപ്പോ നാളെ നോക്കിയാൽ മതിയോ?”

എസ്.ഐ മറ്റു പൊലീസുകാരോടായി ചോദിച്ചു.

 

ആ സമയം കുളത്തിൽനിന്നും ഒരു ശബ്ദം ഉയർന്നു. കുളത്തിലേക്ക് എല്ലാ ടോർച്ചുകളും ഒരുമിച്ച് തെളിഞ്ഞു. കറുത്ത വെള്ളത്തിൽ വെളിച്ചം തട്ടിയപ്പോൾ വെള്ളം തിളങ്ങി. പെട്ടെന്ന് ഒരാൾരൂപം വെള്ളത്തിൽനിന്നും മുകളിലേക്കുയർന്നു. ഇരുളിൽനിന്നും ഭീതിപടർത്തി ഉയർന്നുവന്ന ആ മനുഷ്യരൂപത്തിലേക്ക് എല്ലാ കണ്ണുകളും ഒരേസമയം വിടർന്നു. ആൾക്കൂട്ടത്തിൽനിന്നും ആരൊക്കെയോ ഒരേ സ്വരത്തിൽ പറഞ്ഞു,

“ചാത്തൻ”.

​ഉയർന്നുവന്ന രൂപം ആ ഇരുണ്ട വെള്ളത്തിലേക്ക് മുങ്ങി മറഞ്ഞു. കരയിൽ നിൽക്കുന്ന ആളുകൾ പരിഭ്രാന്തരായി.

“എടോ നീന്തുന്നവരോ മുങ്ങിത്തപ്പുന്നവരോ ഇക്കൂട്ടത്തിലുണ്ടോ?” എസ്.ഐ ആൾക്കൂട്ടത്തോടായി ചോദിച്ചു.

‘‘ഇതമ്പലക്കുളമാണ് സാറേ, കാലങ്ങളായിട്ട് ആരും ഈ കുളം ഉപയോഗിക്കാറില്ല.’’

‘‘ഈ കുളത്തിൽ ഇറങ്ങി പരിചയമുള്ള ആരെങ്കിലും ണ്ടോ?”

​നാട്ടുകാരിൽ രണ്ടുപേർ മുന്നോട്ടുവന്നു. പൊലീസുകാരും നാട്ടുകാരിലെ രണ്ടുപേരും കുളത്തിൽ ഇറങ്ങി. എന്തോ കൈയിൽ തടഞ്ഞപ്പോൾ അവരുടെ മുഖത്തു ഭയവും അറപ്പും കൂടി വന്നു. പൊലീസുകാരൻ ആ ശരീരത്തെ വെള്ളത്തിലൂടെ കരയിലേക്ക് വലിച്ചു. ആകെ ദുർഗന്ധം വമിച്ചു. അഴുകിത്തുടങ്ങിയ ആ ശരീരം നോക്കി നായ നിർത്താതെ കുരച്ചു. ഒരു ടോർച്ചുകൊണ്ട് പൊലീസുകാരൻ ആ ശരീരത്തിന്റെ മുഖത്തേക്ക് വെളിച്ചമടിച്ചു.

​“ദേ നോക്ക് ഇത് മ്മളെ അവറാനല്ലേ?” ആൾക്കൂട്ടത്തിനിടയിൽ ഒരാൾ വിളിച്ചുപറഞ്ഞു.

‘‘ഏത്... കോയശ്ശേരി മനക്കലെ തമ്പുരാനെ കുത്തി കാട്ടിലൊളിച്ച രണ്ടു പേരിൽ ഒരാളോ?’’ എസ്.ഐ ചോദിച്ചു.

‘‘അതേ സാറേ, ഓന്റുമ്മാനെ പോരേലിട്ട് കത്തിച്ചേനാ...’’ പറഞ്ഞുതീരും മുമ്പ് എസ്.ഐ തടഞ്ഞു. ‘‘കാരണമൊന്നും ചോദിച്ചില്ല, എങ്ങനെ മനസ്സിലായി ഇത് അവറാനാണെന്ന്?”

“സാറേ അവറാന്റെ കഴുത്തിൽ ഈ ഏലസ്സ് എപ്പോഴും ഉണ്ടാവാറുണ്ട്.. കൈപ്പലേല് പണ്ട് വെട്ട് കിട്ടിയതിന്റെ പാട്ണ്ട്.”

​അവറാനും ചാത്തനും ഇവിടെവിടെയോ ഉണ്ടെന്ന ഇൻഫർമേഷന്റെ അടിസ്ഥാനത്തിൽ വന്നതായിരുന്നു പൊലീസ്.

“സാറമ്മാരേ... അപ്പോ, ചാത്തൻ?”

​ദേവതയുടെ കോവിലിൽ നിന്നും മണിമുഴക്കം കൂട്ടത്തോടെ ഉയരാൻ തുടങ്ങി. കടവാവലുകൾ ആൽമരത്തിൽ നിന്നും ചിറകടിച്ചു പറന്നുയർന്നു. ബീഡിയുടെ നേരിയ വെളിച്ചത്തിൽ ചാത്തന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ തിളങ്ങി. ക്ഷേത്രമുറ്റത്തുനിന്നും കരിയിലകൾ പാറി. ചാത്തൻ ഇരുളിനെ വകഞ്ഞുമാറ്റി കരിയിലകളെ ചവിട്ടിമെതിച്ചുകൊണ്ട് നടന്നു.

​നൂറ്റാണ്ടുകളായി പിന്തുടർന്നുപോന്നിരുന്ന തൊട്ടുകൂടായ്മയെ മറന്ന് സോപാനത്തിനരികിലേക്കായി ചാത്തൻ നടന്നു. ആൽത്തറവരെ മാത്രം വന്നു തൊഴുതുപോയിരുന്ന പൂർവികരെ ഓർത്ത് ചാത്തൻ കോവിലിന്റെ കൽപ്പടവിൽ തൊട്ടു. ബീഡിപ്പുക ദീർഘശ്വാസമായി വലിച്ചു പുറത്തേക്ക് തള്ളി. സോപാനത്തിന്റെ വാതിൽ തള്ളിത്തുറക്കുമ്പോൾ അകത്തുനിന്നും നരിച്ചീറുകൾ ആർത്തിരമ്പലോടെ പുറത്തേക്ക് പ്രവഹിച്ചു. ചാത്തൻ ആ വാതിൽപ്പടിയിലിരുന്നു.

​വിസ്മയത്തോടെ ചാത്തൻ കണ്ണുകൾ തുറന്ന് ഉള്ളിലേക്കുനോക്കി. ദേവതയെ കാണാത്തവിധം വള്ളിപ്പടർപ്പുകൾ മൂടിയിരിക്കുന്നു. ശ്രീകോവിലിലേക്ക് കാലുവെക്കാൻ തുടങ്ങവേ; ക്ഷേത്രമണികൾ കൂട്ടമായി അടിച്ചു.

​“ചാത്താ...”

​അവറാൻ വിളിക്കുന്നു. ഒരു ദീർഘനിശ്വാസം വലിച്ചുകൊണ്ട് ചാത്തൻ തന്റെ ഇടതുകാൽ അകത്തളത്തിലേക്ക് വെച്ചു. കാലുകൊണ്ട് നിലംതൊടാൻ കഴിയാതെ ചാത്തൻ അന്താളിച്ചുനിന്നു. ചുറ്റും ഒരു നീലനിറം വന്നുമൂടി. തുടക്കവും ഒടുക്കവുമില്ലാത്ത അനന്തതയിലേക്ക് ചാത്തൻ ഊർന്നിറങ്ങി.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-13 04:15 GMT
access_time 2026-04-13 03:00 GMT
access_time 2026-04-06 05:00 GMT
access_time 2026-04-06 04:30 GMT
access_time 2026-03-30 05:30 GMT
access_time 2026-03-30 05:00 GMT
access_time 2026-03-16 05:30 GMT
access_time 2026-03-16 03:15 GMT