പൊൻവെയിലെത്തുംമുമ്പേ
ഉമ്മറത്തിണ്ണയിൽ
എത്തിനോക്കുന്നു കണിക്കൊന്ന പൂവിതൾ.
ചെറുനോവാലാകാം വാടിയിട്ടുണ്ട്
വിഷാദമെന്നിലെ പകർന്നുവാങ്ങിച്ചവൾ
അന്നിതേക്കാലം
വെയിൽകായുവാനായി
കസേരമേലിരിക്കുന്നച്ഛൻ.
മുകളറ്റം വരെ തിരിയാ വെയിലും
നിന്റെ കനകപ്രഭയും പകർന്ന്
മുറ്റത്തെ കണിക്കൊന്ന ചുവട്ടിൽ.
മാലപ്പടക്കത്തിൽ ശബ്ദകോലാഹലവും
മത്താപ്പും കമ്പിത്തിരിയും
നിറമായ് ശബ്ദമായലിഞ്ഞുപോയതും
തെളിവാനത്തിൽ നീയുദിച്ചുനിന്നതും
വിഷുവോർമയിൽ
നീ പൊഴിച്ച പൂവർഷങ്ങളിൽ ഹർഷമണിഞ്ഞതും
തിരികെ
അടുത്ത വിഷുക്കാലത്തിലേക്ക്
കരുതിവച്ച കണിക്കാഴ്ചകൾ,
വിഷുക്കൈനീട്ടങ്ങൾ,
സന്ധ്യയിലച്ഛൻ പങ്കുവെച്ചതും
ഓർക്കുന്നുവോ നീ
തിടുക്കമില്ലാത്തച്ഛൻ,
നീ പൂവിടുമ്പോഴും കാത്തുനിന്നുവോ
വിഷുവിനായി.
പുറത്തുവരാതെ ഊന്നുവടിയിലച്ഛൻ,
നീ ചിരിച്ചുവോ! കുശലം പറഞ്ഞുവോ!
ഓർമതെളിയും നേരം
ജനാലക്കാഴ്ചകളിൽ നിന്നെ തിരഞ്ഞുവോ!
പരതി ഞാൻ നോക്കുമ്പോൾ
ചിരിക്കുന്നു ജനലഴികളിൽ ഒരു പൂവിതൾ.
ഇന്നിതാ തെക്കേപ്പുറത്തുണ്ട്
ഒരു തിരിനാളമായ്...
മനസ്സിലൊരു നോവായ്...
നിനക്ക് കൂട്ടായി.
ഉച്ചവെയിലാറുന്നതിനുമുമ്പേ
ചെറുകാറ്റിനെ തലോടി
നീയെത്തിനോക്കുന്നതു കണ്ടു ഞാൻ.
നീയെനിക്കെൻ സോദരി
അച്ഛന്റെ വളർത്തുപുത്രി.
ഓർമകൾ പൊള്ളിക്കുമ്പോൾ
വീണ്ടും വിഷുവെത്തുന്നു.
അകാലത്തിൽ നീ കൊഴിയുന്നതൊക്കെ
നിന്റെ
ബാഷ്പാഞ്ജലിയോ!
കണ്ണുനീർ പൂക്കളോ!
തിരിച്ചറിയുന്നു ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.