അഷ്ടകാന്തം:ബാനുവിന്റെ കഥാലോകം

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. യൂ​സ​ഫ് രാ​വി​ലെ ഏഴിന് വീ​ട്ടി​ൽനി​ന്ന് പ്രാ​ത​ൽപോ​ലും ക​ഴി​ക്കാ​തെ ഇ​റ​ങ്ങും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നേ പി​ന്നെ തി​രി​ച്ചെ​ത്തൂ. അ​ത്താ​ഴം അ​മ്മ​യു​ടെ കൂ​ടെ​യാ​ണ്. അ​മ്മ​യു​ടെ വാ​സം അ​ക​ലെ​യൊ​ന്നു​മ​ല്ല. ഒ​രേ കെ​ട്ടി​ട​ത്തി​ന്റെ​ ഒ​രുഭാ​ഗ​ത്ത് അ​മ്മ​യും മ​റു​ഭാ​ഗ​ത്ത് താ​നും ഭാ​ര്യ​യും താ​മ​സി​ക്കു​ന്നു; വ​ല​ത്തും എ​ട​ത്തും. അ​മ്മ ചെ​റു​പ്പ​ത്തി​ലേ വി​ധ​വ​യാ​യി. വ​ള​രെ​ പാ​ടു​പെ​ട്ടാ​ണ് മ​ക​നെ...

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.

യൂ​സ​ഫ് രാ​വി​ലെ ഏഴിന് വീ​ട്ടി​ൽനി​ന്ന് പ്രാ​ത​ൽപോ​ലും ക​ഴി​ക്കാ​തെ ഇ​റ​ങ്ങും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നേ പി​ന്നെ തി​രി​ച്ചെ​ത്തൂ. അ​ത്താ​ഴം അ​മ്മ​യു​ടെ കൂ​ടെ​യാ​ണ്. അ​മ്മ​യു​ടെ വാ​സം അ​ക​ലെ​യൊ​ന്നു​മ​ല്ല. ഒ​രേ കെ​ട്ടി​ട​ത്തി​ന്റെ​ ഒ​രുഭാ​ഗ​ത്ത് അ​മ്മ​യും മ​റു​ഭാ​ഗ​ത്ത് താ​നും ഭാ​ര്യ​യും താ​മ​സി​ക്കു​ന്നു; വ​ല​ത്തും എ​ട​ത്തും. അ​മ്മ ചെ​റു​പ്പ​ത്തി​ലേ വി​ധ​വ​യാ​യി. വ​ള​രെ​ പാ​ടു​പെ​ട്ടാ​ണ് മ​ക​നെ ​വ​ള​ർ​ത്തി​യ​ത്. മ​റ്റൊ​രു നി​ക്കാ​ഹ് ക​ഴി​ക്കാ​ൻ വേ​ണ്ട​പ്പെ​ട്ട​വ​രെ​ല്ലാം പ്രേ​രി​പ്പി​ച്ചി​രു​ന്നു.​ മെ​ഹ​ബൂ​ബ് ബി ആ​ വ​ഴി​യെ​പ്പ​റ്റി നി​ന​ച്ച​തേ​യി​ല്ല. ആ ആ​വ​ശ്യ​വുമാ​യി വ​രു​ന്ന ആ​ണു​ങ്ങ​ളെ ഓ​ടി​ച്ചു​വി​ട്ടു. അ​വ​നെ വ​ള​ർ​ത്താ​ൻവേ​ണ്ടി കി​ട്ടു​ന്ന ജോ​ലി​യെ​ല്ലാംചെ​യ്തു.

പ​ഴം വി​ൽ​ക്കു​ന്ന പ​ണി യൂ​സ​ഫും നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു. വീ​ട്ടി​ൽ വ​ള​ർ​ത്തി​യ പ​പ്പാ​യ​യും വെ​ള്ള​രി​ക്ക​യും മ​റ്റും മു​ഴു​വ​നാ​യി​ വി​ൽ​ക്കു​ക​യ​ല്ല; മു​റി​ച്ചു​ ക​ഷ​ണ​ങ്ങ​ളാ​ക്കി വി​ൽ​ക്കും. വെ​ള്ള​രി​ക്ക ക​ഷ​ണ​ങ്ങ​ളി​ൽ ഉ​പ്പും മു​ള​കും തേ​ച്ച് സ്വാ​ദു​റ്റ​താ​ക്കും. ക​ച്ച​വം വേ​ഗം​ വ​ള​ർ​ന്നു. സാ​മാ​ന്യം വ​ലി​യൊ​രു പ​ഴ​ക്ക​ട​യാ​യി; വ​രു​മാ​നം കൂ​ടി​ക്കൂ​ടി​വ​ന്നു. അ​ഖീ​ല​യെ ക​ല്യാ​ണം ക​ഴി​ച്ചു. അ​ഖീ​ല​ക്ക് യൂ​സ​ഫി​ന്റെ അ​മ്മ​യോ​ടി​ണ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​മ്മ​യോ​ട് ഒ​രു​​ പൈ​ക്കി​ടാ​വി​ന് ത​ള്ള​യോ​ടെ​ന്ന​പോ​ലെ​യു​ള്ള യൂ​സ​ഫി​ന്റെ ഒ​ട്ടി​പ്പി​ടിത്തം അ​വ​ളു​ടെ അ​സൂ​യ വ​ള​ർ​ത്തി. താ​നു​ണ്ടാ​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണം അ​യാ​ൾ​ക്ക് തൃ​പ്തി​യു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന​വ​ൾ​ക്ക​റി​യാം. അ​മ്മ​യു​ണ്ടാ​ക്കു​ന്ന അ​ത്താ​ഴം മൂ​ക്കു​മു​ട്ടെ ക​ഴി​ക്കും. ചി​ല​പ്പോ വ​യ​റു​നി​ഞ്ഞു വീ​ർ​പ്പു​മു​ട്ടി അ​വി​ടെ ത​ന്നെ കി​ട​ന്നു​പോ​വും.

അ​മ്മാ​യി​യ​മ്മ അ​ഖീ​ല​ക്ക് ബ​ദ്ധ​ശ​ത്രു​വാ​യി​ത്തീ​ർ​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞു കു​റ​ച്ചു​കാ​ലം അ​വ​രൊ​രു​മി​ച്ചാ​യി​രു​ന്നു. അ​മ്മ ഒ​റ്റ​ക്ക് മ​റ്റൊ​രു​ വീ​ട്ടി​ൽ ക​ഴി​യു​ന്ന​ കാ​ര്യം യൂ​സ​ഫി​ന് ചി​ന്തി​ക്കാ​നാ​വി​ല്ല. അ​ഖീ​ല​യു​ടെ കോ​പം കൂ​ടി​ക്കൂ​ടി​വ​ന്നു. അ​വ​ൾ​ക്ക് നാ​ല​ഞ്ചാ​ങ്ങ​ള​മാ​രു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ യൂ​സ​ഫും അ​ഖീ​ല​യും ത​മ്മി​ൽ അ​മ്മ​യു​ടെ പേ​രി​ൽ വ​ല്ലാ​തെ വ​ഴ​ക്കു​കൂ​ടി. അ​ഖീ​ല​യു​ടെ ഒ​ര​നി​യ​ൻ വ​ഴ​ക്കു​തീ​ർ​ക്കാ​നെ​ത്തി​യ​താ​ണ്.​ പ​ക്ഷേ, യൂ​സ​ഫി​നെ പ്ര​ഹ​രി​ക്ക​ലി​ലാ​ണ് ക​ലാ​ശി​ച്ച​ത്. അ​മ്മ അ​വ​നെ ആ​ശ്വസി​പ്പി​ച്ചു.​ പി​റ്റേ​ന്ന് ത​ന്നെ അ​വ​ർ​ ത​ന്റെ അ​നി​യ​ന്റെ​ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. യൂ​സ​ഫി​ന് ദേ​ഷ്യം ക​ത്തി​ക്ക​യ​റി. ഇ​വി​ടെനി​ന്ന് ഇ​റ​ങ്ങി​യാ​ൽ ഉ​റ​പ്പാ​ണ് താ​ൻ അ​ഖീ​ല​യെ​ ഉ​പേ​ക്ഷി​ക്കും. ഒ​ടു​വി​ൽ അ​ഖീ​ല​യു​ടെ സ​ഹോ​ദ​ര​ന്മാ​രും ജ​മാ​അ​ത്ത് മു​ഴു​വ​നും ഇ​ട​പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് വീട് ര​ണ്ടാ​ക്കി​പ്പകു​ക്കാ​ൻ തീ​ർ​ച്ച​പ്പെ​ടു​ത്തി​യ​ത്.

യൂ​സ​ഫ്‍ ര​ണ്ടു​പേ​ർ​ക്കും വേ​ണ്ടി അ​ധ്വാ​നി​ച്ചു. ര​ണ്ടു​ വീ​ട്ടി​ലേ​ക്കും തു​ല്യ​മാ​യി സാ​മാ​ന​ങ്ങ​ൾ വാ​ങ്ങി.​ ടി.​വി​യോ വ​സ്ത്ര​മോ സ്റ്റൗ ​ആ​യാ​ലും ത​ണ്ണി​മ​ത്ത​നാ​യാ​ലും അ​ഖീ​ല സ്വ​ന്തം വീ​ട്ടി​ലെ കോ​യ്മ​യാ​യി​ട്ടും​ തൃ​പ്തി​പ്പെ​ട്ടി​ല്ല. അ​സൂ​യ ജ്വ​ലി​ച്ചു. അ​വ​രു​ടെ​ ഈ മ​ത്സ​ര​ത്തി​ൽനി​ന്ന് മു​ത​ലെ​ടു​ത്ത​ത് നാ​ല് ആ​ൺ​മ​ക്ക​ളാ​ണ്. രാ​ജാ, മു​ന്ന, ബാബു, ഛോട്ടു. ​മെ​ഹ​ബൂ​ബ് ബി അ​ഖീ​ല​യെ​പ്പോ​ലെ ക​യ​ർ​ത്തു​നി​ന്നി​രു​ന്നെ​ങ്കി​ൽ അ​യാ​ൾ അ​ഖീല​യോ​ടു കൂ​ടു​ത​ൽ ചേ​ർ​ന്നേ​നെ. എ​ന്നാ​ൽ അ​ഖീ​ല എ​ത്ര​ ക​യ​ർ​ത്താ​ലും എ​ത്ര ചീ​ത്ത​വി​ളി​ച്ചാ​ലും ക​ലി​തു​ള്ളി​യാ​ലും അമ്മ ക്ഷോ​ഭി​ക്കാ​റി​ല്ല. മി​ണ്ടാ​തി​രി​ക്കും.​ അ​മ്മ​യു​ടെ അ​പാ​ര​മാ​യ ക്ഷ​മ യൂ​സ​ഫി​നെ അ​മ്മ​യോ​ട് കൂ​ടു​ത​ൽ അ​ടു​പ്പി​ച്ചു.

ഒ​രി​ക്ക​ൽ​ പ​ത്ത് വ​യ​സ്സു​കാര​ൻ മു​ന്ന അ​മ്മമ്മ​യു​ടെ​ വീ​ട്ടി​ൽനി​ന്ന് ചാ​യ​യും ന​ല്ല സ്വാ​ദു​ള്ള ബി​സ്ക​റ്റും ക​ഴി​ച്ചു​വ​ന്നി​ട്ട് ബി​സ്ക​റ്റി​ന്റെ സ്വാ​ദി​നെ​പ്പ​റ്റി പ​റ​ഞ്ഞു. അ​ത്‍ യൂ​സഫ് വാ​ങ്ങി​യ​ത​ല്ല. മെ​ഹ​ബൂ​ബ് ബി​യു​ടെ മ​രു​മ​ക​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു. യൂ​സ​ഫ് വാ​ങ്ങി​ക്കൊ​ടു​ത്ത​താ​ണെ​ന്ന് ക​രു​തി അ​ഖീ​ല വ​ല്ലാ​തെ ബ​ഹ​ള​മു​ണ്ടാ​ക്കി. അ​മ്മാ​യി​യ​മ്മ​യെ ക​ഠി​ന​മാ​യി ശ​കാ​രി​ച്ചു. ഒ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​കാ​തി​രു​ന്ന​പ്പോ​ൾ നെ​ഞ്ച​ത്ത​ടി​ച്ച് നി​ല​വി​ളി തു​ട​ങ്ങി. ഒ​രു ‘സ​വ​തി’​യെ​പ്പോ​ലെ (സപത്നി) ത​ന്റെ കു​ടും​ബം ക​ല​ക്കു​ന്നെ​ന്ന്‍ വി​ളി​ച്ചുകൂവി. കു​ട്ടി​ക​ൾ നാ​ലും അ​മ്മ​യെ വ​ട്ടമി​ട്ടു.​ അ​വ​ളു​ടെ ക​ര​ച്ചി​ൽ ഉ​ച്ചത്തി​ലാ​യി. ഭ​ർ​ത്താ​വ് അ​വ​ളെയും മു​ത്തു​മ​ണി​ക​ൾപോ​ലു​ള്ള മ​ക്ക​ളെ​യും സ്നേ​ഹി​ക്കു​ന്ന​തി​ലേ​റെ ആ ​കി​ഴ​വി​യെ സ്നേ​ഹി​ക്കു​ന്നു​വെ​ന്ന​ത് അ​വ​ൾ​ക്ക് സഹി​ക്കാ​നാ​യി​ല്ല.

ഈ ​നി​ല​വി​ളി​യും നാ​ട​ക​വു​മൊ​ക്കെ നോ​ക്കി​ക്കൊ​ണ്ട് യൂ​സ​ഫ് പി​ന്നി​ൽ നി​ന്നി​രു​ന്നു. മാ​നം​കെ​ട്ടു​പോ​കു​ന്ന ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​വ​ൾ​ക്ക് ന​ല്ല പ്ര​ഹ​രം കൊ​ടു​ക്കാ​ന​യാ​ൾ​ക്ക് തോ​ന്നാ​റു​ണ്ടാ​യ​ി​രു​ന്നു. എ​ങ്കി​ലും അ​മ്മ​യു​ടെ ശാ​ന്ത​സ്വ​ഭാ​വം​ കു​റ​ച്ച് അ​യാ​ൾ​ക്കും കി​ട്ടി​യി​രു​ന്ന​തു​കൊ​ണ്ട് അ​യാ​ൾ മി​ണ്ടാ​തെ വി​രലി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ​ നോ​ക്കി​ക്കൊ​ണ്ട് ക​സാ​ല​യി​ലി​രി​ക്കും. അ​യാ​ളു​ടെ മു​സ്‍ലിം സു​ഹൃ​ത്തു​ക്ക​ൾ അ​വ​യു​ടെ ​പേ​രി​ൽ അ​യ​ാളെ ക​ളി​യാ​ക്കാ​റു​ണ്ട്. പ​ട്ടു​വ​സ്ത്ര​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​സ്‍ലാ​മി​ൽ ആ​ണു​ങ്ങ​ൾ​ക്ക്‍ വി​ധി​ച്ച​ത​ല്ല. യൂ​സ​ഫ് ​പച്ച​ക്ക​ല്ലു​വെ​ച്ച ഒ​രു വ​ലി​യ മോ​തി​ര​വും ഒ​രു ക​പാ​ലി​മോ​തി​ര​വും പ​തി​വാ​യി അ​ണി​ഞ്ഞി​രു​ന്നു.

ഇ​ട​ത്തെ​ കൈ​യി​ൽ മോ​തി​ര​വും തി​രി​ച്ചു​കൊ​ണ്ട് അ​ന്നും അ​യാ​ൾ മാ​നം​കെ​ട്ടു​ മി​ണ്ടാ​തി​രു​ന്ന​തേ​യു​ള്ളൂ. ‘സവ​തി’​യെ​ന്ന് അ​മ്മ​യെ അ​വ​ൾ ചീ​ത്തി​വി​ളി തു​ട​ർ​ന്നു. സ​ഹി​കെ​ട്ട് ക്ഷ​മ​യു​ടെ അ​ണ​ക്കെ​ട്ട് പൊ​ട്ടി അ​യാ​ൾ അ​ല​റി.​ ആ​രാ​ണ് നി​ന്റെ സ​വ​തി! ‘‘എ​ന്റെ​ കു​ടും​ബം ക​ല​ക്കു​ന്ന​വ​ൾ ത​ന്നെ എ​ന്റെ സ​വ​തി –എ​ന്റെ കെ​ട്ടി​യ​വ​നെ പ​റി​ച്ചെ​ടു​ത്ത് എ​ന്റെ കു​ടും​ബം ന​ശി​പ്പി​ക്കു​ന്ന​വ​ൾ ത​ന്നെ എ​ന്റെ സ​വ​തി.’’

അ​വ​ളോ​ട് ത​ർ​ക്കി​ച്ചി​ട്ടു​ കാ​ര്യ​മി​ല്ല. അ​യാ​ൾ വാ​തി​ൽക്കലേ​ക്ക് ന​ട​ന്നു. അ​വ​ളെ ഇ​ട്ടെ​റി​ഞ്ഞു​പോ​കു​ന്ന അ​യാ​ളു​ടെ പി​ന്നാ​ലെ ചെ​ന്ന് ഷ​ർ​ട്ടി​ന് പി​ടി​ച്ച് അ​വ​ൾ അ​ല​റി. ‘‘അ​വ​ളു​ടെ​ കൂ​ടെ പൊറുത്താ​ൽ മ​തി​യാ​യി​രു​ന്നി​ല്ലേ? എ​ന്തി​നെ​ന്നെ കെ​ട്ടി​വ​ലി​ച്ചു!’’ അ​യാ​ൾ​ക്ക് ക​ലി ക​യ​റി. ‘‘മി​ണ്ടി​പ്പോ​വ​രു​ത്.​ അ​ടി​ച്ചു പ​ല്ലു​കൊ​ഴി​ക്കും ഞാ​ൻ; ഇ​മ്മാ​തി​രി തെ​റി പ​റ​ഞ്ഞാ​ൽ.’’ അ​വ​ൾ അ​ട​ങ്ങി​യി​ല്ല; ഷ​ർ​ട്ട് പി​ടി​ച്ച് വ​ലി​ച്ചു​കൊ​ണ്ട് അ​ല​റി. ‘‘അ​ടി​ക്കു​മോ? അ​ടി​ക്ക്! ആ ​പു​ല​യാ​ടി​ച്ചി പ​റ​ഞ്ഞി​ട്ടു​ണ്ടാ​വും.’’ എ​ല്ലാ നി​യ​ന്ത്ര​ണ​വും ത​ക​ർ​ന്നു. അ​യാ​ൾ അ​വ​​ളെ പ്ര​ഹ​രി​ച്ചു. പു​റ​ത്തു​ക​ട​ന്നു. രാ​ത്രി അ​യാ​ൾ തി​രി​ച്ചു​ ചെ​ന്നി​ല്ല. അ​ത്താ​ഴം അ​മ്മ​യു​ടെ കൂ​ടെ ക​ഴി​ച്ചു. അ​വി​ടെ ത​ന്നെ കി​ട​ന്നു​റ​ങ്ങി. യൂ​സ​ഫ്‍ രാ​വി​ലെ മ​ക​ൻ രാ​ജ​യെ വി​ളി​ച്ച് അ​മ്പ​തു​ ക കൊ​ടു​ത്തു, അ​ന്ന​ത്തെ ചെ​ല​വി​ന്. അ​ന്നു വൈ​കു​ന്നേ​ര​വും അ​യാ​ൾ തി​രി​ച്ചു​ ചെ​ന്നി​ല്ല.​ അവ​ൾ ര​ണ്ടാം മ​ക​ൻ മു​ന്ന​യെ സ്കൂളി​ല​യ​ക്കാ​തെ​ മ​റ്റെ വീ​ട്ടി​ലി​രു​ത്തി, അ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്തെ​ന്ന് നോ​ക്കി​ക്ക​ണ്ടു റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ. അ​വ​ൻ അ​വി​ടെ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​യി. പി​റ്റേ​ന്നും ചെ​ല​വി​ന് കാ​ശു​കൊ​ടു​ത്ത​യ​ച്ച് യൂ​സ​ഫ് ക​ട​യി​ലേ​ക്കു പോ​യി. മു​ന്ന​യെ ഒ​രാ​ഴ്ച മു​ഴു​വ​ൻ അ​വ​ൾ അ​വി​ടെ കാ​വ​ലി​രു​ത്തി, സ്കൂ​ളി​ലേ​ക്ക്‍ വി​ടാ​തെ.

ഒ​ടു​വി​ൽ തോ​റ്റടി​ഞ്ഞ അ​വ​ൾ ബാ​ബു​വി​നെ​യും കൂ​ട്ടി ക​ട​യി​ൽ ചെ​ന്നു.​ യൂ​സ​ഫ് കു​റ​ച്ചൊ​ന്ന് ത​ണു​ത്തി​രു​ന്നു. അ​ഖീ​ല അ​വ​ളു​ടെ ആ​ങ്ങ​ള​മാ​രെ​യുംകൂ​ട്ടി പ​ട​ക്കെ​ത്തു​മോ എ​ന്ന് അ​യാ​ൾ​ക്ക് ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, മൂ​ക്കു​ചീ​റ്റി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്ന​തു​ക​ണ്ട​പ്പോ​ൾ അ​വ​ളു​ടെ ത​ന്ത്രം അ​ത​ല്ലെ​ന്ന് മ​ന​സ്സി​ലാ​യി. അ​ങ്ങാ​ടി​യി​ലെ മ​റ്റു​ള്ള​വ​ർ വി​വ​ര​ങ്ങ​ള​റി​യു​ന്ന​ത് ന​ന്ന​ല്ല. അ​യാ​ൾ ഉ​ച്ച​യൂ​ണി​ന് ത​ന്നെ അ​ഖീ​ല​യു​ടെ വീ​ട്ടി​ലെ​ത്തി. അ​വ​ൾ മീ​ൻ പൊ​രി​ച്ചുവെ​ച്ചി​രു​ന്നു. അ​യാ​ൾ സ്വാ​ദോടെ ക​ഴി​ച്ചു. അ​യാ​ളു​ടെ മു​ഖം പ്ര​സ​ന്ന​മാ​യി​രു​ന്നു. ര​ണ്ടു​പേ​രും ഒ​രു​ കു​ഴ​പ്പ​വു​മു​ണ്ടാ​യി​ല്ലെ​ന്ന​പോ​ലെ പെ​രു​മാ​റി.

അ​ത്താ​ഴ​ത്തി​ന് അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തു​മ്പോ​ൾ കാ​ക്കാ​യു​ടെ ക​ട​യി​ൽനി​ന്ന് ര​ണ്ടു​ മീ​ൻപൊ​രി​ച്ച​ത് അ​യാ​ൾ പൊ​തി​ഞ്ഞു​വാ​ങ്ങി​യി​രു​ന്നു. അ​മ്മ​ക്ക് കൊ​ടു​ത്തി​ട്ടു പ​റ​ഞ്ഞു, ‘‘ക​ഴു​കി പൊ​രി​ക്കാ​നൊ​ക്കെ മെ​ന​ക്കേ​ടാ​ണ്. അ​തു​കൊ​ണ്ട് പൊ​രി​ച്ച​ത് ക​ട​യി​ൽനി​ന്നു​ വാ​ങ്ങി. അ​ഖീ​ല ഉ​ച്ച​യൂ​ണി​ന് മീ​ൻ പൊ​രി​ച്ച​തു​ണ്ടാ​ക്കിയി​രു​ന്നു. ന​ല്ല രു​ചി. എ​ന്നി​ട്ടും എ​നി​ക്ക​ത് തൊ​ണ്ട​യി​ൽനി​ന്നി​റ​ങ്ങി​യി​ല്ല. ര​ണ്ടു ക​ഷ​ണം അ​മ്മ​ക്കും കൊ​ടു​ത്ത​യ​ച്ചി​രു​ന്നെ​ങ്കി​ൽ അ​വ​ൾ​ക്കെ​ന്താ​ണ് ചേ​തം?’’

മെ​ഹ​ബൂ​ബ് ബി ​പ​റ​ഞ്ഞു, ‘‘പോ​ട്ടെ മോ​നേ. നി​ങ്ങ​ളു​ പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​യു​ന്ന​താ​ണ് പ്ര​ധാ​നം. മീ​നോ ഇ​റ​ച്ചി​യോ ഒ​ന്നു​മ​ല്ല. ക​യ്യും വാ​യും​ എ​ല്ലാം ഇ​റ​ച്ചി ത​ന്നെ​യ​ല്ലേ? എ​ന്തി​നാ​ണ് ഈ​വ​ക​യൊ​ക്കെ കാ​ര്യ​മാ​ക്കു​ന്ന​ത്? നീ ​അ​വ​ളോ​ടു പൊ​രു​ത്ത​പ്പെ​ട്ടു​ ക​ഴി​ഞ്ഞുകൂ​ട​ണം. എ​ല്ലാം പെ​രു​വ​ഴി​യി​​ലെ​ത്തി​ക്ക​രു​ത്’’, ന​ല്ല ഉ​പ​ദേ​ശം കൊ​ടു​ത്തു​കൊ​ണ്ട് അ​മ്മ മീ​ൻ തി​ന്നു.

മു​ന്ന ഒ​രു പു​സ്ത​കം വാ​യി​ക്ക​യാ​ണെ​ന്ന് ന​ടി​ച്ചു​കൊ​ണ്ട് അ​വി​ടെ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നെ​ന്ന് അ​വ​ർ ഓ​ർ​ത്തി​ല്ല. മീ​ൻ പൊ​രി​ച്ച​തി​ന്റെ ഒ​രു ക​ഷ​ണം അ​വ​ർ അ​വ​നു​ കൊ​ടു​ത്തി​രു​ന്നെ​ങ്കി​ൽ അ​വ​ൻ അ​വ​രു​ടെ ഭാ​ഗം പി​ടി​ച്ചേ​നേ.​ അ​വ​ർ ത​ന്നെ മ​റ​ന്നെ​ന്നു ക​ണ്ട​പ്പോ​ൾ മു​ന്ന പ​തു​ക്കെ ഇ​റ​ങ്ങി അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി. അ​ഖീ​ല കി​ട​ക്ക​വി​രി​ച്ച് മു​റു​ക്കാ​ൻ ച​വ​ച്ച് ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. മു​ന്ന​യെ മ​ടി​യി​ലി​രു​ത്തി അ​വ​ൾ ചോ​ദി​ച്ചു, അ​വി​ടെ​ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന്. അ​വ​ൻ മീ​ൻ പൊ​രി​ച്ച​തി​ന്റെ ക​ഥ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല അ​മ്മ​ക്ക് പ്രാ​ന്താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഖീ​ല ഭ​ർ​ത്താ​വി​നൊപ്പമെത്താൻ നി​ന​ച്ചി​രു​ന്നു. മോ​ൻ പ​റ​ഞ്ഞ​തു​കേ​ട്ട് അ​വ​ൾ സ്വ​യം മ​റ​ന്നു. പു​റ​ത്തി​റ​ങ്ങി മു​റു​ക്കി​യ​ത് തു​പ്പി. ആ​വു​ന്ന​ത്ര ഉ​ച്ച​ത്തി​ൽ അ​ല​റി​ക്ക​ര​ഞ്ഞു. അ​വ​രെ ര​ണ്ടു​പേ​രെ​യും ചീ​ത്തവി​ളി​ച്ചു. യൂ​സ​ഫ് അ​മ്പ​ര​ന്ന് പു​റ​ത്തി​റ​ങ്ങി. അ​യ​ൽ​ക്കാ​ർ ചി​ല​രും പു​റ​ത്തു​വ​ന്നി​രു​ന്നു. മീ​ൻപൊ​രി​ച്ച​ത്, കാ​ക്ക​ായു​ടെ ക​ട എ​ന്നൊ​ക്കെ കേ​ട്ട​തും മു​ന്ന ഒ​ന്നു​മ​റി​യാ​ത്ത​പോ​ലെ അ​വി​ടെ നി​ന്നി​രു​ന്ന​തും ക​ണ്ട​പ്പോ​ൾ അ​യാ​ൾ ഉ​ണ്ടാ​യ​തെ​ന്തെ​ന്ന് ഊ​ഹി​ച്ചു. അ​യാ​ൾ​ ചെ​ന്ന് അ​ഖീ​ല​യെ വീ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു ക​ത​ക​ട​ച്ച് അ​വ​ളെ കി​ട​ക്ക​യി​ലി​രു​ത്തി. അ​ടു​ത്തി​രു​ന്ന് അ​വ​ളെ മ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

‘‘​നോ​ക്ക്, അ​ഖീ​ല. ആ​രും നി​ന്നെ​പ്പ​റ്റി ചീ​ത്ത പ​റ​ഞ്ഞി​ട്ടി​ല്ല. അ​വ​രെ​ന്റെ​ അ​മ്മ​യ​ല്ലേ? നി​ന​ക്ക് ഒ​ന്ന​ല്ല നാ​ല് ആ​ൺ​മ​ക്ക​ളു​ണ്ട്. അ​മ്മ​ക്ക് ഞാ​നൊ​രു​വ​ന​ല്ലാ​തെ മ​റ്റാ​രു​മി​ല്ല. മ​റ്റൊ​രു മ​ക​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ഒ​ഴി​ഞ്ഞേ​നേ –നി​ന്റെ മ​ക്ക​ൾ നി​ന്നോ​ട് ഊ​ണു​ക​ഴി​ച്ചോ വ​ല്ലാ​യ്മ വ​ല്ല​തു​മു​ണ്ടോ എ​ന്നൊ​ക്കെ ചോ​ദി​ച്ചാ​ൽ അ​ത് തെ​റ്റാ​ണോ? പ​റ നി​നക്കെ​ന്താ​ണ് വേ​ണ്ട​ത്. എ​നി​ക്ക് നി​ന്നെ വേ​ദ​നി​പ്പി​ക്കാ​നാ​വി​ല്ല –ഞാ​​െനാ​രു ഇ​ര​പ്പാ​ളി​യാ​യാ​ൽപോ​ലും നി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്തും. നീ ​അ​മ്മ​ക്കെ​തി​രെ അ​ല​റ​രു​ത്!’’

അ​ഖീല തേ​ങ്ങി​ക്ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ‘‘എ​നി​ക്കൊ​ന്നും വേ​ണ്ട. പ​ണ്ട​ങ്ങ​ൾ വേ​ണെ​ന്നോ പ​ട്ടു​പു​ട​വ വേ​ണെ​ന്നോ വ​ലി​യ ക​ട്ടി​ലു​ വേ​ണെ​ന്നോ ഞാ​ൻ പ​റ​ഞ്ഞോ! എ​നി​ക്ക് ഇ​ത്തി​രി സ്നേ​ഹം മാ​ത്രം മ​തി. അ​താ​ണ് എ​നി​ക്ക് ​കിട്ടാ​ത്ത​ത്!’’ അ​യാ​ൾ അ​വ​ളെ താ​ലോ​ലി​ച്ചു. മോ​തി​രം ഊ​രി അ​വ​ളു​ടെ വി​ര​ലി​ലി​ട്ടു. പ​തു​ക്കെ​പ്പ​തു​ക്കെ അ​വ​ർ ഇ​ണ​ക്ക​ത്തി​ലാ​യി. രാ​വി​ലെ അ​ഖീ​ല ഉ​ണ​രാ​ൻ വൈ​കി. അ​യാ​ൾ മോ​തി​ര​ങ്ങ​ളൂ​രി സ്വ​ന്തം വി​ര​ലി​ലി​ട്ട് ക​ട​യി​ലേ​ക്ക് പോ​യി.

അ​ഖീ​ല പ​തി​വു​പോ​ലെ വീ​ട്ടു​പ​ണി​ക​ളിൽ മു​ഴു​കി. എ​ങ്കി​ലും ഒ​രു​ ക​ണ്ണ് അ​മ്മാ​യി​യ​മ്മ​യു​ടെ വീ​ട്ടി​നു​ നേ​രെ​യാ​യി​രു​ന്നു. ഏ​താ​ണ്ട് പ​തി​നൊ​ന്നു മ​ണി​ക്ക് മെ​ഹ്ബൂ​ബ് ബി ​പു​റ​ത്തി​റ​ങ്ങു​ന്ന​ത് ക​ണ്ടു. ന​ല്ലൊ​രു വോ​യ്ൽ സാ​രി​യു​ടു​ത്തി​രു​ന്നു. കൈ​യി​ൽ ബാ​ഗു​ണ്ട്. ച​പ്പ​ലു​ക​ളി​ട്ട് അ​വ​ർ പോ​യി. യൂ​സ​ഫ് എ​ന്താ​ണ് ഉ​ച്ച​യൂ​ണി​ന് വ​രാ​ൻ വൈ​കു​ന്ന​തെ​ന്നോ​ർ​ത്ത് വാ​തി​ൽ തു​റ​ന്നു നോ​ക്കു​മ്പേ​ാൾ അ​മ്മ​യും മ​ക​നും ഒ​രു ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങു​ന്നു.

അ​വ​ൾ​ക്ക് ദേ​ഷ്യം വ​ന്നു. അ​യാ​ൾ ഒ​രു ത​ണ്ണി​മ​ത്ത​ൻ അ​മ്മ​യു​ടെ വീ​ട്ടി​ൽ കൊ​ണ്ടു​വെ​ച്ചു. അ​തേ​പോ​ലെ മ​റ്റൊ​ന്ന് അ​ഖീ​ല​യു​ടെ വീ​ട്ടി​ലേ​ക്കും. അ​തു കൈ​യി​ൽ കൊ​ടു​ത്ത​പ്പോ അ​വ​ള​ത് നി​ല​ത്തി​ട്ട് ഊ​ക്കി​ൽ കാ​ൽകൊ​ണ്ട് ത​ട്ടി. അ​ത് ഭി​ത്തി​മേ​ൽ ത​ട്ടി​പ്പൊ​ളി​ഞ്ഞു ചിതറി. ചു​രു​ട്ടി​യ കൈ ​ത​രി​ച്ചെ​ങ്കി​ലും അ​യാ​ൾ മി​ണ്ടാ​തെ ക​സേ​ര​യി​ലി​രു​ന്നു. ആ ​മൗ​നം അ​വ​ളെ​ കൂ​ടു​ത​ൽ ദു​ഷ്ട​യാ​ക്കി.​ അ​വ​ൾ ചു​മ​രി​ൽ ത​ല​യി​ടി​ക്കാ​ൻ തു​ട​ങ്ങി. ഒ​രു നാ​ട​കം കാ​ണും​പോ​ലെ നോ​ക്കി​യി​രു​ന്ന​ത​ല്ലാ​തെ അ​യാ​ൾ അ​ന​ങ്ങി​യി​ല്ല. അ​യാ​ൾ പ്ര​തി​മ​പോ​ലെ ഇ​രി​ക്കുന്ന​ത് അ​വ​ളു​ടെ ദേ​ഷ്യം ആ​ളി​ക്ക​ത്തി​ച്ചു.​ അ​വ​ൾ നി​ല​ത്തു​വീ​ണ് അ​ല​റി​ക്ക​ര​യാ​ൻ തു​ട​ങ്ങി. പി​ന്നെ നെ​ഞ്ച​ത്ത​ടി​ച്ച് അ​യാ​ളെ​യും ത​ള്ള​യെ​യും ചീ​ത്ത പ​റ​ഞ്ഞു.​ ഒ​ടു​വി​ൽ ചോ​ദി​ച്ചു, ‘‘വ​ല്ല​പ്പോ​ഴും നി​ങ്ങ​ളെ​​െന്ന​ പു​റ​ത്തു​കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ? രാ​വി​ലെ മു​ത​ൽ ഇ​ന്നേ​രം വ​രെ ത​ള്ള​യേ​യുംകൊ​ണ്ടു വി​ല​സിന​ട​ന്നി​ല്ലേ? നാ​ണ​മു​ണ്ടോ​ നി​ങ്ങ​ൾ​ക്ക്?’’

ഒ​ടു​വി​ല​യാ​ൾ മി​ണ്ടി: ‘‘​നോ​ക്ക്, നീ ​ഈ കാ​ണി​ക്കു​ന്ന​തൊ​ക്കെ വെ​റു​തെ​യാ​ണ്. ത​ണ്ണി​മ​ത്ത​ൻ നീ ​ത​ട്ടി​യെ​റി​ഞ്ഞു, എ​ന്നെ​യും ച​വി​ട്ടി​ക്കോ, അ​മ്മ​യെ പ​റ​യ​രു​ത്. അ​വ​ർ​ക്ക് വി​ഷ​മ​ങ്ങ​ളു​ണ്ട്. മു​ട്ടു​വേ​ദ​ന, രാ​ത്രി ഉ​റ​ങ്ങിയി​ല്ല.​ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ഞാ​ൻ​ പ​റ​ഞ്ഞു.​ പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ മു​ട്ടു​വേ​ദ​നയും വെ​ച്ച് ന​ട​ന്ന്‍ ​വീട്ടി​ൽ പോ​കാ​ൻ പ​റ​യാ​മോ? അ​തു​കൊ​ണ്ടാ​ണ് ഓ​ട്ടോ​ പി​ടി​ച്ച​ത്.​ അ​തി​നെ​ന്താ​ണ് ​തെറ്റ്.​ ഞാ​ൻ നാ​ലാ​ളെ​ കൊ​ണ്ടു​വ​രാം​ അ​വ​ർ പ​റ​യ​ട്ടെ, ഞാ​നെ​ന്ത് ​െത​റ്റ്ചെ​യ്തെ​ന്ന്.​’’ അ​യാ​ൾ പ​റ​ഞ്ഞ​തൊ​ന്നും അ​വ​ളു​ടെ ത​ല​യി​ൽ കേ​റി​യി​ല്ല. ‘‘എ​ന്നെ​ ക​ളി​പ്പി​ക്കാ​ൻ നോ​ക്ക​​ണ്ട; ഇ​പ്പ​റ​​ഞ്ഞ​തൊ​ക്കെ ഞാ​ൻ വി​ശ്വ​സി​ക്ക​ണം അ​ല്ലേ? അ​വ​ർ​ക്കൊ​രു​ രോ​ഗ​വു​മി​ല്ല. ഒ​രു ച​ണ്ഡാ​ലി​​െയ​പ്പോ​ലെ എ​ന്നെ​യും മ​ക്ക​ളെ​യും വി​ഴു​ങ്ങ​ണം അ​ത്ര​ത​ന്നെ.’’

യൂ​സ​ഫ് എ​ണീ​റ്റു.​ താ​ൻ തോ​റ്റു​ തു​ന്നം​പാ​ടി​യി​രി​ക്കു​ന്നു.​ നി​ന്നോ​ടു ന​ല്ല​തു​പ​റ​യു​ന്ന​ത്​ വെറു​തെ. എ​ന്തു​ വേ​ണ​മെ​ങ്കി​ൽ ചെ​യ്യ്.​ അ​യാ​ളു​ടെ ശാ​ന്ത​ത പൊ​റു​ക്കാ​നാ​യി​ല്ല അ​വ​ൾ​ക്ക്.​ അ​വ​ൾ​ ചീ​റി, ‘‘നി​ങ്ങ​ൾ വേ​ശ്യക​ളു​ടെ കൂ​ടെ പൊ​റു​ത്താ​ലും എ​നി​ക്കൊ​ന്നു​മി​ല്ല; പ​ക്ഷേ ഈ ​പു​ല​യാ​ടി​ച്ചി​യാ​യ സ​വ​തി...’’ അ​വ​ൾ മു​ഴു​മി​ക്കും മു​മ്പ് അ​യാ​ൾ പ്ര​ഹ​രം കൊ​ടു​ത്തു. ‘‘തെ​മ്മാ​ടി​ത്തം നി​ർ​ത്ത്. ഇ​നി അ​മ്മ​യെ​പ്പ​റ്റി പ​റ​ഞ്ഞാ​ൽ നി​ന്നെ ഞാ​ൻ​ കൊ​ല്ലും. നി​ന്റെ​ രോ​ഗം അ​സൂ​യ​യാ​ണ്.​ അ​വ​ർ​ക്ക് ഞാ​നൊ​രു​ സാ​രി വാ​ങ്ങി​ക്കൊ​ടു​ക്കുന്നതുപോലും നിനക്ക് പൊറുക്കാൻ വയ്യ. നോക്ക്, ഞാനവർക്ക് ഒരു നല്ല പഞ്ചാബി ഉടുപ്പ് വാങ്ങിക്കൊടുക്കും; പ​ണ്ട​ങ്ങ​ൾ കൊ​ടു​ക്കും, ഒ​രു ഷാ​മി​യാ​ന കെ​ട്ടും, ക​ല്യാ​ണം ചെ​യ്തു​കൊ​ടു​ക്കും.’’ ‘‘പ​ഞ്ചാ​ബി ഉ​ടു​പ്പ്‍ വാ​ങ്ങു​മ​​േത്ര; ക​ല്യാ​ണം ന​ട​ത്തു​മ​​േത്ര; ആ​ണ​ത്ത​മു​ണ്ടെ​ങ്കി​ൽ ചെ​യ്ത് കാ​ണി​ക്ക്.’’ അ​ഖീ​ല പ​രി​ഹ​സി​ച്ചു. ‘‘നോ​ക്ക്, പ​റ​ഞ്ഞ​പോ​ലെ ക​ല്യാ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഞാ​നെ​ന്റെ മീ​ശ​വ​ടി​ക്കും’’, അ​യാ​ൾ ആ​ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു.

മെ​ഹ​ബൂ​ബ് ബി ​ക​രു​തി​യ​ത് അ​വ​ർ പ​തി​വു​പോ​ലെ അ​ടി​കൂ​ടു​ക​ മാ​ത്ര​മാ​ണെ​ന്നാണ്.

യൂ​സ​ഫ് അ​മ്മ​യു​ടെ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി. സ്വ​ന്ത​മാ​യി​ പ്രായേണ ഒ​രി​ട​മി​ല്ലാ​ത്ത​ത് പെ​ണ്ണി​നാ​ണ്. ബാ​ല്യ​ത്തി​ൽ അ​മ്മ​വീ​ട്, യൗ​വ​ന​ത്തി​ൽ കണവന്റെ വീട്; വാ​ർ​ധ​ക്യ​ത്തി​ൽ മ​ക​ന്റെ വീ​ട്. ഇ​വി​ടെ ആ​​ണൊ​രു​ത്ത​നാ​ണ് ​വീടി​ല്ലാ​തെ​യാ​യി​രി​ക്കു​ന്ന​ത്. പാ​തി പെ​ൺ​വീ​ട്; പാ​തി അ​മ്മ​വീ​ട്. സ്വ​ന്ത​മാ​യി വീ​ടി​ല്ല. ഒ​രു​ പോം​വ​ഴി ക​ണ്ടെ​ത്തി​യേ പ​റ്റൂ.

എ​ന്തു​വേ​ണം? അ​ഖീ​ല​യെ മൊ​ഴി​ചൊ​ല്ല​ണോ? നാ​ല് മ​ക്ക​ളു​ടെ​ അ​മ്മ. അ​വ​ളെ അ​യാ​ൾ സ്നേ​ഹി​ച്ചി​രു​ന്നു.​ അ​മ്മ​യോ​ടു​ള്ള വെ​റു​​പ്പൊ​ഴി​കെ വേ​റെ കു​റ്റ​മൊ​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല ‘ത​ലാ​ഖ്’​ എ​ന്നു​കേ​ട്ടാ​ൽ അ​വ​ളു​ടെ ആ​ങ്ങ​ള​മാ​ർ മി​ണ്ടാ​തി​രി​ക്കി​ല്ല. സ്വ​ന്തം മ​ക്ക​ളു​ടെ അ​മ്മ. അ​വ​ളെ ഒ​ഴി​വാ​ക്കാ​വ​ത​ല്ല. മ​റ്റൊ​രു​വ​ളെ​ക്കൂ​ടി നി​ക്കാ​ഹ് ക​ഴി​ക്കാ​മെ​ന്നു​ നി​ശ്ച​യി​ച്ചാ​ലോ, അ​തോ​ർ​ത്ത​പ്പോ​ൾത​ന്നെ മേ​നി വിയ​ർ​ത്തു. അ​ഖീ​ല അ​വ​ളെ​​ക്കൊ​ന്ന്​ ജ​യി​ലി​ൽ പോ​കും.

ആ​ലോ​ചി​ച്ചാ​ലോ​ചി​ച്ച് അ​യാ​ൾ ത​ള​ർ​ന്നു. ഒ​ടു​വി​ൽ തീ​ർ​ച്ച​യാ​ക്കി, വാ​ശി​ക്ക് പ​റ​ഞ്ഞ​ത് ചെ​യ്യു​ക ത​ന്നെ. പ​ണ്ടേ അ​തു ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ഇ​പ്പോ​ഴും തീ​രെ വൈ​കി​യി​ട്ടി​ല്ല. അ​യാ​ൾ ക​ല്യാ​ണ ദ​ല്ലാ​ൾ ഹ​ായ​ത്ഖാ​നെ​ ക​ണ്ടു. യൂ​സ​ഫി​ന്റെ തീ​രു​മാ​നം അ​യാ​ളെ ന​ടു​ക്കി. ത​ന്റെ തൊ​ഴി​ലി​നെ അ​തു ബാ​ധി​ക്കു​മെ​ന്ന് ത​ന്നെ തോ​ന്നി. ജാ​മി​യ മ​സ്ജി​ദി​ലെ മൗ​ല​വി​യു​ടെ ഉ​പ​ദേ​ശം തേ​ടി. മൗ​ല​വി സ​ന്ദേ​ഹം തീ​ർ​ത്തു​കൊ​ടു​ത്തു. ‘‘ഒ​രു വി​ധ​വ​യെ നി​ക്കാ​ഹ് ന​ട​ത്തി​ക്കൊ​ടു​ത്തു ര​ക്ഷി​ക്കു​ന്ന​തി​നേ​ക്ക​ൾ വ​ലി​യ സ​ൽ​ക്കർ​മ​മെ​ന്തു​ണ്ട്. ന​മു​ക്ക​ത് ന​ട​ത്തി​ക്കൊ​ടു​ക്കാം.’’ പ​റ്റി​യ ഒ​രാ​ളെ ക​ണ്ടെ​ത്താ​ൻ ഹായ​ത്ഖാ​ൻ കൊ​ണ്ടു​പി​ടി​ച്ചു ശ്ര​മി​ച്ചു. അ​യാ​ൾ ആ​രോ​ടും പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ആ​ളു​ക​ൾ അ​റി​ഞ്ഞു.​ ചി​ല​ർ ചി​രി​ച്ചു. മ​റ്റു​ ചി​ല​ർ പ​റ​ഞ്ഞു: അ​തി​ലെ​ന്താ തെ​റ്റ്; ആ​ണു​ങ്ങ​ൾ ഇ​തു ചെ​യ്യു​ക പ​തി​വ​ല്ലേ? യൂ​സ​ഫി​ന്റെ ത​ല​ത​ി​രി​ഞ്ഞെ​ന്ന് വേ​റെ ചി​ല​ർ. യൂ​സ​ഫ്​ അമ്മ​യു​ടെ ന​ല്ലൊ​രു ക​ള​ർ​ ഫോ​ട്ടോ എ​ടു​പ്പി​ച്ചി​രു​ന്നു.​ ആ​ശു​പ​ത്രി​യി​ൽ പോ​കും​ മു​മ്പ്. അ​ന്ന് അ​വ​ർ ന​ന്നാ​യി ഡ്ര​സ് ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ലെ അ​മ്മ ന​ല്ല മൊ​ഞ്ചു​ള്ള​വ​ളാ​യി​രു​ന്നു. അ​മ്പ​തോ​ട​ടു​ത്തെ​ന്ന് ആ​രും പ​റ​യി​ല്ല.

ഹ​ഷീം സാ​ഹ​ബ് ഒ​രു ര​ണ്ടാം​കെ​ട്ടി​ന് ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു.​ ആ​റു​ മ​ക്ക​ളു​ടെ​യും ക​ല്യാ​ണം ക​ഴി​ഞ്ഞു. ഭാ​ര്യ പ​രാ​ലി​സി​സ് പി​ടി​പെ​ട്ടു കി​ട​പ്പി​ലാ​ണ്. സ​ഹാ​യ​ത്തി​നൊ​രു​വ​ൾ വേ​ണം. യൂ​സ​ഫ് അ​യാ​ളെ ഊ​ണി​നു​ ക്ഷണി​ച്ചു.​ അ​ഖീ​ല ന​ന്നാ​യി പാ​കംചെ​യ്തി​രു​ന്നു. എ​ങ്കി​ലും മൂ​പ്പുചെന്ന ആ​ടി​ന്റെ ഇ​റ​ച്ചി​യാ​ണ് പ​ാകം ചെ​യ്തി​രു​ന്ന​ത്. അ​തു ച​വ​ക്കാ​ൻ അ​യാ​ൾ പാ​ടു​പെ​ട്ടു. അ​തു ക​ണ്ട​പ്പോ​ൾ വാ​യി​ൽ അ​ണ​യ്ക്കപ്പല്ലി​ല്ലെ​ന്നു തോ​ന്നി. അ​തു മാ​ത്ര​മ​ല്ല; ആ​ലോ​ചി​ച്ച​പ്പോ​ൾ തോ​ന്നി, ‘‘ആ​യ​പ്പ​ണി​ക്ക് പോ​കാ​ൻ അ​മ്മ​യെ വി​ടു​ക​യോ! വ​യ്യ വ​യ്യ.’’

എ​ങ്കി​ലും അ​മ്മ​ക്ക് ഒ​രു തു​ണ​യു​ണ്ടാ​ക്കി​ കൊ​ടു​ക്കു​ന്ന​ത് പു​ണ്യം ത​ന്നെ​യെ​ന്ന തോ​ന്ന​ലു​റ​ച്ചു. അ​യാ​ൾ കാ​ര്യ​മാ​യി​ത്ത​ന്നെ ശ്ര​മി​ക്കു​ന്നുണ്ടെ​ന്ന് ക​ണ്ട​പ്പോ​ൾ അ​ഖീ​ല പോ​ര​ടി​ക്കു​ന്ന​ത് നി​ർ​ത്തി. പി​ന്നെ​ ക​ണ്ടെ​ത്തി​യ ആ​ൾ ക​രീം​ഖാ​ൻ. അ​യാ​ൾ ന​ല്ല ഉ​ത്സാ​ഹ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു ഭാ​ര്യ​മാ​ർ ഇ​പ്പോ​ഴു​ണ്ട്. വീ​ടു നി​റ​യെ കു​ട്ടി​ക​ളും, പോ​രാ​ത്ത​തി​ന് ഒ​രു പെ​ൺ​കോ​ന്ത​നെ​ന്ന ശ്രു​തി​യു​മു​ണ്ട്. ഒ​രു ക​ഥ​യും അ​യാ​ളെ​ പ​റ്റി കേ​ട്ടു. റ​സാ​ക്കി​ല്ലാ​ത്ത​പ്പോ​ൾ അ​യാ​ൾ റ​സാ​ക്കി​ന്റെ വീ​ട്ടി​ലെ​ത്തി. പ​ക്ഷേ റ​സാ​ക്ക് തി​രി​ച്ചെ​ത്തി. ക​രീം​ഖാ​ൻ വീ​ടി​ന്റെ പി​ൻ​ഭാ​ഗ​ത്തു​കൂ​ടെ പു​റ​ത്തു​ക​ട​ന്ന് മ​തി​ൽ​ചാ​ടി​യ​​പ്പോ​ൾ വീ​ണ​ത് ഒ​രു തു​റ​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ലാ​യി​രു​ന്ന​ത്രെ. ഈ ​ക​ഥ കേ​ട്ട​പ്പോ​ൾ ഇ​ത്ത​രം ഒ​രു മൃ​ഗ​ത്തി​ന്റെ കൂ​ടെ പ്രി​യ​പ്പെ​ട്ട അ​മ്മ​യെ അ​യക്ക​യോ? യൂ​സ​ഫി​ന്റെ ത​ല ക​റ​ങ്ങി. ഇ​ങ്ങ​നെ​ പ​ല​പ​ല ആ​ലോ​ച​ന​ക​ളും വ​ന്ന​തു​പോ​ലെ പോ​യി.

അ​ബ്ദു​ൽ ഗാ​ഫ​റെ​ന്ന ഒ​രാ​ളു​ടെ​ ആ​ലോ​ച​ന വ​ന്നു. അ​യാ​ളു​ടെ ര​ണ്ടു​ പെ​ൺ​മ​ക്ക​ളു​ടെ​യും ക​ല്യാ​ണം ക​ഴി​ഞ്ഞു. ഭാ​ര്യ കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ചു.​ ഒ​രു​ മ​ക​ൾ റോ​ഷ്നി കൂ​ടെ​യു​ണ്ട്.​ മെ​ഹ്ബൂ​ബ് ബിയു​ടെ ഫോ​ട്ടോ ക​ണ്ട് അ​ബ്ദു​ൽ ഗാ​ഫ​റി​ന് സ​മ്മ​ത​മാ​യി​രി​ക്കു​ക​യാ​ണ്. മ​ക്ക​ൾ​ക്കാ​ർ​ക്കുംത​ന്നെ അ​യാ​ൾ നി​ക്കാ​ഹ് ക​ഴി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല. എ​ങ്കി​ലും ആ​ർ​ഭാ​ട​ത്തോ​ടെ​യു​ള്ള ച​ട​ങ്ങ് വേ​ണ്ടെ​ന്ന​യാ​ൾ യൂ​സ​ഫി​നോ​ട് പറ​ഞ്ഞു.​ എ​ന്നാ​ലും യൂ​സ​ഫിന് അ​ത് ഒ​രു​ തെ​റ്റ് ചെ​യ്യും​പോ​ലെ ആ​രു​മ​റി​യാ​തെ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് തോ​ന്നി​യി​ല്ല.

അ​യാ​ൾ കൈ​യി​ൽ കി​ട​ന്നി​രു​ന്ന മോ​തി​ര​ങ്ങ​ളൂ​രി പോ​ളിഷ് ചെ​യ്ത അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചു. വേ​റെ​യും നാ​ല​​​െഞ്ച​ണ്ണം ഉ​രു​ക്കി. ഒ​രു ന​ല്ല നെ​ക്ലസ് അ​മ്മ​ക്കു​​വേ​ണ്ടി പ​ണി​യി​ച്ചു. പ​ല സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​ത് അ​ഖീ​ല ശ്ര​ദ്ധി​ച്ചു.

എ​ല്ലാം പൂ​ട്ടി​വെ​ച്ച് താ​ക്കോ​ല​യാ​ൾ സൂ​ക്ഷി​ച്ചു.​ അ​തു​കൊ​ണ്ട് എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ളാ​ണെ​ന്ന് അ​വ​ൾ​ക്ക​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ബ്ദു​ൽ​ ഗാ​ഫ​റി​നോ​ട് നി​ശ്ച​യ​ത്തി​നെ​ പ​റ്റി പ​റ​യു​മ്പോ​ൾ തന്റെ ഏ​റ്റ​വും അ​ടു​ത്ത ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളോ​ടും യൂ​സ​ഫ് ആ​ലോ​ചി​ച്ചി​രു​ന്നു. ഒ​രു പി​ന്തു​ണ​ക്കുവേ​ണ്ടി. എ​ത്ര ര​ഹ​സ്യ​മാ​ക്കിവെ​ച്ചി​ട്ടും ആ​ളു​ക​ള​റി​ഞ്ഞി​രു​ന്നു. അ​മ്മ​യും അ​ഖീ​ല​യും യൂ​സ​ഫി​ന്റെ പെ​രു​മാ​റ്റ​ത്തി​ലെ നി​ഗൂ​ഢത ശ്ര​ദ്ധി​ച്ചി​രു​ന്നു. വി​ര​ലു​ക​ളി​ലെ മോ​തി​ര​ങ്ങ​ൾ കാ​ണാ​താ​യ​ത് ര​ണ്ടു​പേ​രെ​യും വി​ഷ​മി​പ്പിച്ചി​രു​ന്നു.​ അ​ഖീ​ല​ക്ക് അ​യാ​ളോ​ടും വാ​ക്കു​കൊ​ണ്ട് പോ​ര​ടി​ക്കാ​ൻ പ​ഴ​യ വീ​റി​ല്ലാ​താ​യി. മെ​ഹ​ബൂ​ബ് ബി​ക്ക് മ​ക​ന്റെ മ​നോ​ഗ​ത​ത്തി​ന്റെ ആ​പ​ത്ത് ശ​രി​ക്കും മ​ന​സ്സി​ലാ​യി. അ​വ​ർ ക​ര​ഞ്ഞു​കൊ​ണ്ട് നാ​ൾ പോ​ക്കി.

ഒ​രുദി​വ​സം രാ​വി​ലെ നാ​ല് ആ​ടു​ക​ളെ​ കൊ​ണ്ടുവ​ന്ന് മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടു. മൂ​ന്നു​പേ​രും അ​തി​നെ​പ്പ​റ്റി സം​സാ​രി​ച്ചി​ല്ല. അ​യാ​ൾ യാ​തൊ​ന്നും പറഞ്ഞുമില്ല...

എ​ന്തി​നാ​ണ് താ​ൻ ഒ​രു​ക്കം

കൂ​ട്ട​ുന്ന​തെ​ന്ന് അ​മ്മ​യോ​ട് പ​റ​യാ​ൻ അ​യാ​ൾ​ക്ക് മ​ന​സ്സു​റ​​പ്പോ ത​ക്ക​താ​യ സ​മ​യ​മോ കി​ട്ടി​യി​ല്ല. മ​രു​മ​ക​ൾ ഒ​ടു​വി​ൽ ഭ​ർ​ത്താ​വി​ന്റെ ‘ചെ​വീ​ലോ​ത്തി’​ൽ വി​ജ​യി​ച്ചു​വെ​ന്നും അ​വ​ർ ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ നി​ശ്ച​യി​ച്ചു​വെ​ന്നുമാ​ണ് അ​മ്മ എ​ത്തി​ച്ചേ​ർ​ന്ന നി​ഗ​മ​നം. എ​ന്തൊ​രാ​പ​ത്ത്! എ​​ന്താ​ണൊ​രു പോം​വ​ഴി! അ​മ്മ വ്യഥ​യി​ലാ​ണ്ടു. ‘‘ആ​ണ​ത്ത​മു​ണ്ടെ​ങ്കി​ൽ പ​റ​ഞ്ഞ കാ​ര്യം ചെ​യ്യ്’’ എ​ന്നൊ​ക്കെ ആ​ക്രോ​ശി​ച്ചെ​ങ്കി​ലും ക​ളി കാ​ര്യ​മാ​യ​പ്പോ​ൾ അ​വ​ൾ​ക്കും ഇ​നി​യെ​ന്തു​വേ​ണ്ടൂ എ​ന്ന പേ​ടി​യു​ണ​ർ​ന്ന് അ​മ്മാ​യി​യ​മ്മ​യെ ‘വേ​ശ്യ’, ‘സ​വ​തി’​ എ​ന്നൊ​ക്കെ പ്രാ​കി​യി​രു​ന്നെ​ങ്കി​ലും അ​ത് വേ​ണ്ടി​യി​രു​​ന്നി​ല്ലെ​ന്ന് ഇ​പ്പോ​ൾ ഓ​ർ​ത്തി​ട്ട് കാ​ര്യ​മി​ല്ല. ഭ​ർ​ത്താ​വ് അ​മ്മ​ക്ക് നെ​ക്ല​സും പ​ഞ്ചാ​ബി ഉ​ടു​പ്പു​മൊ​ക്കെ വാ​ങ്ങി​യി​ട്ടു​ണ്ടാ​വും. ആ ​ത​ള്ളമൂ​ങ്ങ ത​ന്നേ​ക്കാ​ൾ ഭാ​ഗ്യ​വ​തി​യാ​കാ​ൻ പോ​കു​ന്നു എ​ന്ന വി​ചാ​രം അ​വ​ൾ​ക്ക് വ​ല്ലാ​ത്ത പൊ​റു​തി​കേ​ടു​ണ്ടാ​ക്കി.

ആ​ടു​ക​ളെ മു​റ്റ​ത്തു​ കെ​ട്ടി​യി​ട്ട​ത് ക​ണ്ട​പ്പോ സ​ന്തോ​ഷി​ച്ച​ത് കു​ട്ടി​ക​ൾ, പ്ര​ത്യേ​കി​ച്ചും മു​ന്ന മാ​ത്ര​മാ​ണ്. ആ​രാ​ണ് അവ​രോ​ട് ആ​ടു​ക​ളെ​ന്തി​നെ​ന്ന് പ​റ​ഞ്ഞു​കൊ​ടു​ത്തി​രി​ക്കു​ക.​ അ​യ​ല​ത്തെ പി​​ള്ളേ​രു​മെ​ത്തി. ‘‘അ​ജ്ജീ​ടെ ക​ല്യാ​ണം, അ​ജ്ജീ​ടെ ക​ല്യാ​ണം’’ എ​ന്നു​​ പാ​ടി ആ​ടു​ക​ളു​ടെ ചു​റ്റും ആ​ടി. പാ​ട്ടു​കേ​ട്ട അ​ഖീ​ല മു​ന്ന​യെ​ പി​ടി​ച്ച് അ​തിക​ഠി​ന​മാ​യി പ്ര​ഹ​രി​ച്ചു. മു​ന്ന പു​ര​പ്പു​റം പൊളി​യ​ത്ത​ക്ക​വ​ണ്ണം അ​ല​റി നി​ല​വി​ളി​ച്ചു. പ​ത്തു​ വീ​ടു​ക​ൾ​ക്ക​പ്പു​റം വ​രെ​ എ​ത്തു​ന്ന നി​ല​വി​ളി. മെ​ഹ്ബൂ​ബ് ബി ​അ​വ​​ന്റെ നി​ല​വി​ളി കേ​ട്ടു. കു​റേ​നേ​രം വാ​തി​ല​ട​ച്ച് അ​ന​ങ്ങാ​തെ ത​ന്റെ വീ​ട്ടി​ലി​രു​ന്നു. ഭ​ക്ഷ​ണം​കൂ​ടി​ ക​ഴി​ക്കാ​തെ ഒ​രേ​യി​രി​പ്പാ​യി​രു​ന്നു. മ​ക​നോ​ടും മ​രു​മ​ക​ളോ​ടു​മുള്ള ഒ​ടു​ങ്ങാ​ത്ത ദേ​ഷ്യ​ത്തോ​ടെ അ​ട​ങ്ങാ​ത്ത വ്യ​ഥ​യോ​ടെ... മു​ന്ന​യു​ടെ നി​ല​വി​ളി​ കാ​തി​ല​ല​ച്ചു​കൊ​ണ്ടി​രു​ന്നു. വീ​ടി​ന്റെ വാ​തി​ല​ട​ച്ചെ​ങ്കി​ലും മ​ന​സ്സി​ന്റെ​ വാ​തി​ല​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഒ​ടു​വി​ൽ എ​ഴു​ന്നേ​റ്റു. അ​വ​ന്റെ ക​ര​ച്ചി​ൽ സ​ഹി​ക്കാ​നാ​വാ​തെ. ഒ​ര​മ്മ മ​ന​സ്സ് നി​റ​ഞ്ഞൊ​ഴു​കി. മു​ട്ടു​വേ​ദ​ന​യൊ​ക്കെ നി​സ്സാ​രം. അ​വ​ർ അ​ഖീ​ല​യു​ടെ വീ​ട്ടി​ലേ​ക്ക്​ ക​യ​റി. മു​ന്ന​ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. മ​റ്റു കു​ട്ടി​ക​ളും അ​ടി​കി​ട്ടു​മെ​ന്ന് പേ​ടി​ച്ചു ചൂ​ളി​യി​രി​പ്പാ​ണ്. അ​വ​രു​ടെ ക​ണ്ണു നി​റ​ഞ്ഞൊ​ഴു​കി​ക്കൊ​ണ്ടി​രു​ന്നു.

അ​ക​ത്തു ക​ട​ന്നു മ​രു​മ​ക​ളെ ത​ള്ളി​നീ​ക്കി കു​ട്ടി​യെ ചേ​ർ​ത്തു​​പി​ടി​ച്ചു: ‘‘നീ​യൊ​രു പെ​ണ്ണ​ാണോ? അ​തോ രാ​ക്ഷ​സി​യോ; എ​ന്തി​നാ​ണ് കു​ഞ്ഞി​നെ ത​ല്ല​ിച്ച​ത​ക്കു​ന്ന​ത്!’’ കു​ട്ടി​യെ​ സാ​രി​യു​ടെ ​ഞൊ​റി​യി​ൽ ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ൾ ഓ​ർ​ത്തു, ‘‘ഇ​വ​ൾ അ​ല​റി​പ്പൊ​ളി​ച്ച് അ​യ​ൽ​ക്കാ​രെ​യൊ​ക്കെ വി​ളി​ച്ചു​കൂ​ട്ടു​മോ?’’ പ​ക്ഷേ ഉ​ണ്ടാ​യ​ത് അ​ത​ല്ല, അ​ഖീ​ല തേ​ങ്ങി​ത്തേ​ങ്ങി​ക്ക​ര​ഞ്ഞു!​ അ​ഖീ​ല അ​മ്മാ​യി​യ​മ്മ​യു​ടെ നെ​​ഞ്ചി​ലേ​ക്ക് ചാ​ഞ്ഞു. ‘‘ബീ ​അ​മ്മാ ബീ ​അ​മ്മാ എ​ന്താ​ണി​നി ഉ​ണ്ടാ​വു​ക, ന​മ്മു​ടെ മാ​നം പോ​യി​ല്ലേ, എ​ല്ലാം എ​ന്റെ തെ​റ്റാ​ണ്. ചെ​രി​പ്പ​ഴി​ച്ച് എ​ന്നെ ത​ല്ലൂ. ഞാ​ൻ അ​മ്മ​യോ​ട് ചെ​യ്ത​തൊ​ക്കെ തെ​റ്റാ​ണ്.’’ അ​വ​ൾ ക​ണ്ണീ​ർ ചൊ​രി​ഞ്ഞു.

മെ​ഹ്ബൂ​ബ് ബി ​സ്ത​ബ്ധ​യാ​യി. ​എ​ന്തൊ​ര​ത്ഭു​ത​മാ​ണി​ത്? നേ​രോ ഈ ​കാ​ണു​ന്ന​ത്. ഇ​വ​ള​​ല്ലേ ഭ​ർ​ത്താ​വി​ന്റെ ചെ​വീ​ലോ​തി അ​വ​ന്റെ​ അ​മ്മ​യു​ടെ ക​ല്യാ​ണം നി​ശ്ച​യി​പ്പി​ച്ച​ത്. അ​മ്മ​യെ ​​േപ്ല​ഗു​പോ​ലെ വെ​റു​ത്ത​വ​ൾ! സ​വ​തി​യെ​ന്ന് നാ​ക്കെ​ടു​ത്താ​ൽ നാ​ന്നൂ​റ് ത​വ​ണ​ വി​ളി​ച്ച​വ​ൾ! ഇ​ത് ന​ല്ല​തി​നോ അ​തോ ഇ​നി​യും വ​ലി​യ പൊ​ല്ലാ​പ്പി​നോ... അ​ഖീ​ല താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രെ നി​ർ​ദോ​ഷ​യാ​ണെ​ന്ന് സ്ഥാ​പി​ക്കാ​ൻ​ എ​ല്ലാ അ​ട​വു​ക​ളും പ​യ​റ്റി. ‘‘ബീ​ അ​മ്മാ’’ എ​ന്ന് സ്നേ​ഹം കി​നി​യു​ന്ന ഈ ​വി​ളി കേ​ട്ടാ​ൽ ക​ല്ലു​മ​ലി​യും. നി​റ​ഞ്ഞ ഇ​ഷ്ടം ചൊ​രി​യു​ന്ന വാ​ക്കു​ക​ൾ കേ​ട്ട് മെ​ഹ്ബൂ​ബ് ബി ​കു​റ​ച്ചൊ​ന്നു ഉ​രു​കി. ‘‘ബീ​ അ​മ്മാ ചീ​ത്ത​ക്കാ​ലം എ​ന്നേ പ​റ​യാ​വൂ. അ​രു​താ​ത്ത​തൊ​ക്കെ ഉ​ണ്ടാ​യി​പ്പോ​യി; എ​ല്ലാം എ​ന്റെ കു​റ്റംകൊ​ണ്ട്.​ ഞാ​നൊ​രു പ​ട്ടി​യേ​പോ​ലെ കു​ര​ച്ചു. എ​ങ്കിലും അ​ങ്ങേ​ര് ഒ​രാ​ണ​ല്ലേ.

എ​നി​ക്ക് പ്രാ​ന്ത് മൂ​ത്ത​പ്പോ​ൾ ന​ല്ല ര​ണ്ട് തൊ​ഴി വെ​ച്ച​ുത​ന്നെ​ങ്കി​ൽ എ​ല്ലാം ശ​രി​യാ​കു​മാ​യി​രു​ന്നി​ല്ലേ! എ​ന്നോ​ടു പ​ക​പോ​ക്കാ​ൻ സ്വ​ന്തം അ​മ്മ​യെ കെ​ട്ടി​ച്ചു​കൊ​ടു​ക്കു​ക​യോ! നടാടെ കേ​ൾ​ക്കു​ക​യാ​ണ് ഇ​ങ്ങ​നൊ​ന്ന്. സി​നി​മ​യി​ൽപോ​ലും ഉ​ണ്ടാ​വു​മോ?’’ അ​ങ്ങ​നെ അ​വ​ൾ തെ​റ്റൊ​ക്കെ അ​യാ​​ളു​ടെ ​ത​ല​യി​ൽ കെ​ട്ടി​വെ​ച്ചു. അ​വ​ൾ അ​ടു​ക്ക​ള​യി​ലേ​ക്കേ​ാടി​പ്പോ​യി ചാ​യ​യു​ണ്ടാ​ക്കി ന​ല്ല​പോ​ലെ പാ​ലൊ​ഴി​ച്ച്. ചാ​യ​ക്ക​പ്പ് അ​മ്മാ​യി​യ​മ്മ​യു​ടെ കൈ​യി​ൽ കൊ​ടു​ത്തു. ഛീ ഛീ... ഈ ​ആ​ടു​ക​ളെ കൊ​ണ്ടു​വ​ന്നു കെ​ട്ടി​യി​ട്ട​തെ​ന്തി​നാ​ണ്! ഏ​തു വീ​ട്ടി​ലു​മു​ണ്ടാ​വി​ല്ലേ വ​ഴ​ക്കു​ക​ൾ! ഇ​റ​ച്ചി തി​ന്നെ​ന്നും വെ​ച്ച് ആ​രെ​ങ്കി​ലും ക​ഴു​ത്തി​ൽ എ​ല്ലു​കോ​ർ​ത്തു മാ​ല​യി​ട്ടു ന​ട​ക്കു​മോ? ഇ​ത്ര​ക്ക് വ​ലി​യ കു​റ്റ​മെ​ന്താ​ണ് ഞാ​ൻ ചെ​യ്ത​ത്.​ പ​ട്ടി​യേ​പ്പോ​ലെ കു​ര​ച്ചെ​ങ്കി​ലും ഞാ​ൻ ക​ടി​ച്ചി​ട്ടു​ണ്ടോ?

മെ​ഹ്ബൂ​ബ് ബി ​ക​പ്പ് പി​ടി​ച്ചി​രു​ന്ന​ത​ല്ലാ​തെ ചാ​യ കു​ടി​ച്ചി​ല്ല. അ​ഖീ​ല​യു​ടെ ഈ ​ആ​ൾമാ​റാ​ട്ടം അ​വ​ളെ വ​ല്ലാ​തെ അ​മ്പ​ര​പ്പി​ച്ചു. മോ​നോ​ട് ക​ടു​ത്ത കോ​പം ​തോ​ന്നി​യ നേ​ര​ത്തു​പോ​ലും അ​വ​നോ​ട് ക​യ​ർ​ത്തി​ട്ടി​ല്ല. എ​തി​ർ​ത്തൊ​രു വാ​ക്കു​പോ​ലും മി​ണ്ടി​യി​ട്ടി​ല്ല. ആ ​ക​രു​ത​ലു​ക​ളൊ​ന്നും ഇ​വ​ൾ​ക്ക് മ​ന​സ്സി​ലാ​വാ​റി​ല്ല. ഈ ​മാ​റ്റം​മ​റി​ച്ചി​ലി​ന​ർ​ഥം? ത​ല പു​ക​യു​ക​യാ​ണ്.

അ​ഖീ​ല പ​റ​യു​ന്നു: ‘‘ബീ​ അ​മ്മാ ചാ​യ കു​ടി​ക്കൂ. ഞാ​ൻ ഇ​പ്പവ​രാം.’’ അ​വ​ൾ പു​റ​ത്തേ​ക്ക് പോ​യി.

കൈയി​ലി​രു​ന്ന ചാ​യ ത​ണു​ത്തു. മെ​ഹ്ബൂ​ബ് ബി ​പ​ഴ​യ ചി​ല ഓ​ർ​മ​ക​ളി​ലേ​ക്കൂ​ളി​യി​ട്ടു. യൂ​സ​ഫ് കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ഴ​ത്തെ ചി​ല ക​ഷ്ട​പ്പാ​ടു​ക​ൾ. എ​പ്പോ​ഴും വി​ശ​പ്പ്. അ​വ​ന്റെ വി​ശ​പ്പ​ട​ക്കാ​ൻ താ​ൻ​പെ​ട്ട പാ​ട്! ഒ​ടു​വി​ലൊ​രു വ​ഴി ക​ണ്ടെ​ത്തി. പ്ലേ​റ്റ് നി​റ​ച്ച് മു​ന്നിൽ വെ​ച്ചു​കൊ​ടു​ത്ത് ക​ഥ പ​റ​യു​ക. ഹ​തീം താ​യി​യു​ടെ ക​ഥ കേ​ൾ​ക്കാ​നാ​ണേ​റെ​യി​ഷ്ടം. ‘‘പ​ണ്ടൊ​രു രാ​ജ​കു​മാ​രി​യു​ണ്ടാ​യി​രു​ന്നു. താ​ൻ വ​ലി​യ സു​ന്ദ​രി​യാ​ണെ​ന്ന​വ​ൾ ക​രു​തി. ക​ല്യാ​ണം ക​ഴി​ക്കാ​ൻ മോ​ഹി​ച്ചു​വ​ന്ന ഒ​രാ​ളെ​യും അ​വ​ൾ​ക്കി​ഷ്ട​മാ​യി​ല്ല. ആ​രെ​ക്കൊ​ണ്ടും ചെ​യ്യാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഏ​ൽ​പ്പി​ക്കും’’, ക​ഥ​കേ​ട്ട് യൂസ​ഫ് റൊ​ട്ടി മ​റ​ക്കും. താ​ൻ ക​ഥ തു​ട​രും. ‘‘സൈ​ന്യ​ത്ത​ല​വ​ൻ അ​വ​ളെ മോ​ഹി​ച്ച് എ​ത്തി. അ​വ​ൾ വ​ഴ​ങ്ങി​യി​ല്ല.’’ ‘‘നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​മ്മ​യു​ടെ ഹൃ​ദ​യം കൊ​ണ്ടു​വ​ന്നു ത​ന്നാ​ൽ ആ​ലോ​ചി​ക്കാം.’’ അ​യാ​ൾ ത​ന്റെ ഗ്രാ​മ​ത്തി​ൽ​ പോ​യി. അ​മ്മ​യു​ടെ മു​ഖ​ത്തു​ നോ​ക്കി​യ​പ്പോ​ൾ അ​യാ​ൾ ത​ള​ർ​ന്നു​വീ​ണു. അ​മ്മ എ​ങ്ങ​നെ​യോ വി​വ​ര​മ​റി​ഞ്ഞു.

മോ​​നോ​ട് പ​റ​ഞ്ഞു. ‘‘അ​യ്യോ മോ​നേ! വ​യ​സ്സാ​യ എ​നി​ക്ക് ഇ​നി​യും ജീ​വി​ക്ക​ണ​മെ​ന്ന മോ​ഹം ഇ​ല്ലേ​യി​ല്ല. നി​ന​ക്ക് വേ​ണ്ട​ത് ത​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​ൻ ജീ​വി​ക്കു​ന്ന​തെ​ന്തി​ന്! എ​ന്റെ ഹൃ​ദ​യം എ​ടു​ത്തോ​ളൂ.’’ ഇ​തു കേ​ട്ടി​ട്ടും അ​വ​ന് ന​ല്ല ബു​ദ്ധി തോ​ന്നി​യോ​​?.. ഇ​​​ത്ര​യു​മാ​വു​മ്പോ​ഴേ​ക്കും യൂ​സ​ഫി​ന്റെ ക​ണ്ണു​നി​റ​യു​മാ​യി​രു​ന്നു. മോ​ന് വ​യ​റു​നി​റ​യെ തി​ന്നാ​ൻ കൊ​ടു​ക്കാ​നാ​വാ​ത്ത​തി​ൽ മ​നംനൊ​ന്ത താ​ൻ പി​ന്നെ ക​ഥ തു​ട​രി​ല്ല. ക​ഥ വി​ഴു​ങ്ങും. അ​വ​നു​​ണ്ടോ വി​ടു​ന്നു? ‘‘പ​റ അ​മ്മാ പി​ന്നെ​ന്തു​ണ്ടാ​യി​?’’ ‘‘അ​യാ​ൾ അ​മ്മ​യെ കൊ​ന്ന്, ചൂ​ടാ​റാ​ത്ത ഹൃ​ദ​യം ക​യ്യി​ലേ​ന്തി രാ​ജ​കു​മാ​രി​യു​ടെ അ​ടു​ത്തേ​ക്കോ​ടി. ഓ​ട്ട​ത്തി​ൽ കാ​ലി​ട​റി വീ​ണു. വീ​ണ ഉ​ട​നെ അ​മ്മ​യു​ടെ ഹൃ​ദ​യം മി​ടി​ച്ചു​തു​ട​ങ്ങി: ഇ​ങ്ങ​നെ പ​റ​ഞ്ഞു: ‘‘അ​യ്യോ മോ​നേ! നി​ന​ക്കു വേ​ദ​നി​ച്ചോ​? പ​തു​ക്കെ പോ.’’ ഇ​ത്ര​യു​മെ​ത്തു​മ്പോ​ഴേ​ക്ക് ത​ന്റെ ക​ണ്ണു നി​റ​യു​മാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്ക് യൂ​സ​ഫി​ന് ചി​ന്ത ഹ​തീം​താ​യി​യെ​പ്പ​റ്റി​യ​ല്ല, രാ​ജ​കു​മാ​രി​യെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്ക​ണം എ​ന്നാ​ണ്...

അ​ഖീ​ല വ​ന്നു. കൂ​ടെ കു​റെ പേ​രു​ണ്ടാ​യി​രു​ന്നു –െമ​ഹ്ബൂ​ബ് ബി ​ഓ​ർ​മ​യു​ടെ ലോ​ക​ത്തു​നി​ന്നി​റ​ങ്ങിവ​ന്നു. ആ​ളു​ക​ളെ ക​ണ്ട് എ​ഴു​ന്നേ​റ്റു​നി​ന്നു. അ​ഖീ​ല ഇ​രി​പ്പി​ട​ങ്ങ​ളൊ​രു​ക്കി. എ​ല്ലാ​വ​രും ഇ​രു​ന്നു. ആ​രും മി​ണ്ടു​ന്നി​ല്ല. ഒ​ടു​വി​ൽ കൗ​ൺ​സി​ല​ർ മു​ഹ​മ്മ​ദി​ന്റെ ബീ​ഗം വാ ​തു​റ​ന്നു. കൂ​ട്ട​ത്തി​ൽ പ്രാ​യ​മേ​റി​യ ആ​ൾ എ​ന്ന​തു മാ​ത്ര​മ​ല്ല; സ്ത്രീ​ക​ളു​ടെ ഭാ​ഗം വാ​ദി​ക്കാ​ൻ ​എ​പ്പോ​ഴും മു​ൻ​​കൈയെ​ടു​ക്കാ​റു​ള്ള​വ​ളു​മാ​ണ്. അ​വ​ർ തു​ട​ങ്ങി:

‘‘​െമ​ഹ്ബൂ​ബ് ബീ ​വ​രൂ ഇ​രി​ക്കൂ.’’ അ​വ​ർ നി​ന്നേ​ട​ത്തു​നി​ന്നു. അ​ന​ക്ക​മി​ല്ലാ​തെ.

അ​വ​രെ​യൊ​ക്കെ അ​ങ്ങോ​ട്ടെ​ത്തി​ച്ച അ​ഖീ​ല ത​ന്നെ ഒ​ടു​വി​ൽ അ​ടു​ക്ക​ള​യു​ടെ ക​ർ​ട്ട​നു പി​ന്നി​ൽനി​ന്നുകൊ​ണ്ടു പ​റ​ഞ്ഞു: ‘‘അ​ള്ളാ എ​നി​ക്ക് മാ​പ്പുത​ര​ട്ടെ. ശെ​യ്ത്താ​ൻ എ​ന്റെ ത​ല​യി​ൽ ക​യ​റി​ക്കൂ​ടി. ഞാ​നെ​ന്റെ അ​മ്മാ​യി​യ​മ്മ​യോ​ട് പോ​ര​ടി​ച്ചു. എ​ന്റെ കെ​ട്ടി​യ​വ​ന് സ്വൈ​രം കൊ​ടു​ത്തി​ല്ല. ബീ ​അ​മ്മ ഒ​രി​ക്ക​ലും ഒ​രു വി​ഷ​മ​വു​മു​ണ്ടാ​ക്കീ​ട്ടി​ല്ല. ഞാ​ൻ അ​വ​ർ​ക്ക് സ്വൈ​രം കൊ​ടു​ത്തി​ല്ല. എ​നി​ക്ക് തെ​റ്റു​പ​റ്റി...’’

അ​വ​ൾ മു​ഴു​മി​പ്പി​ക്കു​മ്പോ​ഴേ​ക്ക് യൂ​സ​ഫ് ഒ​രു ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി, കു​റേ സാ​ധ​ന​ങ്ങ​ളോ​ടു​ കൂ​ടി. ആ​ളു​ക​ൾ കൂ​ടി​യി​രി​ക്കു​ന്ന​ത്; അ​മ്മ ചു​മ​ർ​ചാ​രി നി​ൽ​ക്കു​ന്ന​ത്; അ​ഖീ​ല സം​സാ​രി​ക്കു​ന്ന​ത്; അ​യാ​ളെ ക​ണ്ട​പ്പോ​ഴേ​ക്ക് മി​ണ്ടാ​ട്ടം നി​ർ​ത്തി​യ​ത്... എ​ല്ലാം ക​ണ്ട​പ്പോ​ൾ, അ​യാ​ൾ ഗ്ര​ഹി​ച്ചു. എ​ല്ലാ​ത്തി​നും പി​ന്നി​ൽ അ​വ​ളാ​ണ്. ക​ല്യാ​ണ​ക്കാ​ര്യ​മാ​യി​രി​ക്കു​മെ​ന്നും. അ​യാ​ൾ എ​ല്ലാ​രെ​യും അ​ഭി​വാ​ദ്യംചെ​യ്തു: ‘‘അ​സ്സ​ലാ​മു അ​ലൈ​ക്കും...’’ പി​ന്നെ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കിവെ​ച്ചു. ഓ​ട്ടോ​ക്കാ​ര​ന് പ​ണ​മെ​ണ്ണി​ക്കൊ​ടു​ത്തു.

ബീ​ഗം പ​റ​ഞ്ഞു, ‘‘യൂ​സ​ഫ് വ​രൂ. നി​ന്നോ​ട് ചി​ല​ത് സം​സാ​രി​ക്കാ​നു​ണ്ട്.’’ എ​ല്ലാ​രും ഇ​രി​ക്കു​ന്ന​തും അ​മ്മ നി​ൽ​ക്കു​ന്ന​തും ക​ണ്ട് അ​യാ​ൾ​ക്ക് ദേ​ഷ്യം വ​ന്നി​രു​ന്നു. ബീ​ഗം വി​ളി​ച്ച​തു കേ​ട്ടി​ല്ലെ​ന്ന് ന​ടി​ച്ചു. സ്വ​യം അ​ട​ക്കി അ​മ്മ നി​ൽ​ക്കു​ന്നു. താ​നും​നി​ന്നു. ഒ​രു ക​ട​യു​ട​മ​യാ​യ ബു​ദേ​ൻ സാ​ഹിബ് അ​വി​ടെ ത​ങ്ങ​ളെ​ത്തി​യ​തെ​ന്തി​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. ‘‘ഇ​വി​ടെ, വീ​ട്ടി​ലെ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് നി​ന്റെ ഭാ​ര്യ പ​റ​ഞ്ഞു.’’

‘‘ഓ​​ഹോ കു​ഴ​പ്പ​മോ! അ​വ​ളു​ടെ പ​രാ​തി തീ​ർ​ക്കാ​നാ​ണ് ഇ​തെ​ല്ലാം. ഇ​പ്പോ​ഴെ​ന്താ​ണ് പു​തി​യ​തൊ​ന്ന് എ​ന്ന് അ​വ​ൾ ത​ന്നെ പ​റ​യ​ട്ടെ.’’ അ​യാ​ളു​ടെ വാ​ക്കു​ക​ളി​ൽ വെ​ളി​പ്പെ​ട്ട പു​ച്ഛം അ​വ​ർ അ​റി​ഞ്ഞു. ‘‘അ​ഖീ​ല വ​രൂ. പ​റ​യാ​നു​ള്ള​തൊ​ക്കെ കെ​ട്ടി​യ​വ​ന്റെ മു​ന്നി​ൽ വെ​ച്ചുത​ന്നെ പ​റ​യൂ. അ​യാ​ളു​ടെ മ​നം​തെ​ളി​യ​ണം. അ​താ​ണ് പ്ര​ധാ​നം.’’ അ​വ​ൾ തു​ട​ർ​ന്നു. ‘‘നി​ങ്ങ​ൾ​ക്കെ​ല്ലാ​ർ​ക്കും കാ​ര്യ​മ​റി​യാം. എ​ല്ലാ​വ​രും എ​ന്നെ ഉ​പ​ദേ​ശി​ക്കാ​റു​മു​ണ്ട്. എ​ങ്കി​ലും എ​ന്റെ ബു​ദ്ധി നേ​രെ​യാ​യി​ല്ല. എ​ന്റെ പോ​രു​ പൊ​റു​ക്കാ​നാ​വാ​തെ എ​ന്റെ ഭ​ർ​ത്താ​വ് അ​മ്മ​യു​ടെ നി​ക്കാ​ഹ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചു. നാ​ളെ​യാ​ണ്... എ​നി​ക്ക് പ​റ്റി​യ തെ​റ്റ് തി​രു​ത്താ​ൻ ഞാ​നൊ​രു​ക്ക​മാ​ണ്. അ​വ​രെ ഞാ​നെ​ന്റെ പെ​റ്റ​മ്മ​യെ പോ​ലെ ക​രു​തി​ക്കൊ​ള്ളാം.

നി​ങ്ങ​ൾ എ​ല്ലാ​വ​രും പ​ഠി​പ്പു​ള്ള​വ​രാ​ണ്. ഇ​ൗ​ കു​ടും​ബ​ത്തെ നേ​ർ​വ​ഴി​ക്കാ​ക്കി​ത്ത​ര​ണം.’’ അ​വ​ൾ ക​ണ്ണീ​രൊ​ഴു​ക്കി. യൂ​സ​ഫ് ഷോ​ക്കേ​റ്റ പോ​ലെ​യാ​യി. ഇ​ത് ആ ​അ​ഖീ​ല ത​ന്നെ​യോ? നാ​ക്കെ​ടു​ത്താ​ൽ അ​മ്മ​യെ സ​വ​തി​യെ​ന്ന് ശ​കാ​രി​ച്ചി​രു​ന്ന അ​ഖീ​ല! തീ​തു​പ്പി​ക്കൊ​ണ്ടി​രു​ന്ന പെ​ണ്ണ്! ത​ന്റെ ഉ​റ​ക്കം​കെ​ടു​ത്തി​യ​വ​ൾ! അ​ഖീ​ല​യു​ടെ ‘നാ​ട​കം’ അ​യാ​ളെ സ്തബ്ധ​നാ​ക്കി. അ​മ്മ​യു​ടെ ഉ​ള്ളി​ലു​ള്ള​തെ​ന്താ​യി​രി​ക്കും? ഈ ​പു​ണ്യാ​ള​ത്തി ച​മ​യു​ന്ന അ​ഖീ​ല പു​തി​യ ഒ​രു​വ​ളാ​ണ്... പ​ഞ്ചാ​യ​ത്തു​കൂ​ടി​യ ഇ​വ​രെ​ല്ലാം ത​ന്റെ വീ​ട്ടി​ലെ വി​ള്ള​ല​ട​യ്ക്കാ​ൻ എ​ത്തി​യി​രി​ക്ക​യാ​ണ്. അ​മ്മ​യും മ​ക​നും അ​ന​ങ്ങാ​തെ നി​ന്നു. അ​ഖീ​ല തു​ട​ർ​ന്നു: ‘‘ഇ​നി​യെ​ന്തെ​ങ്കി​ലും തെ​റ്റ് എ​ന്നി​ൽനി​ന്നു​ണ്ടാ​യാ​ൽ എ​ന്തു ശി​ക്ഷ​യും ഞാ​നേ​റ്റോ​ളാം.’’

ബീ​ഗം തു​ട​ർ​ന്നു: ‘‘യൂ​സ​ഫ്, ഒ​രു വീ​ടാ​യാ​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​വും... അ​തൊ​ക്കെ മ​റ​ക്ക​ണം. ഭാ​ര്യ​യെ ഭ​രി​ക്ക​ണം അ​മ്മ​യെ സം​ര​ക്ഷി​ക്ക​ണം...’’ ബു​ദേ​ൻ സാ​ഹി​ബ് പൂ​രി​പ്പി​ച്ചു. ‘‘അ​താ​ണ് കാ​ര്യം. സ​വാ​രി ക്കാരന് കു​തി​ര​യെ മെ​രു​ക്കാ​ൻ ക​ഴി​യ​ണം.’’ മെ​ഹ​ബൂ​ബ് ബി ​ക​ണ്ണ് തെ​ല്ലൊ​ന്നു​യ​ർ​ത്തി മ​ക​ന്റെ നേ​രെ നോ​ക്കി. അ​വ​ന്റെ നെ​റ്റി​യി​ൽ​നി​ന്ന് ക​ണ്ണീ​രു​പോ​ലെ വി​യ​ർ​പ്പൊ​ഴു​കു​ന്നു​ണ്ട് എ​ന്ന് തോ​ന്നി. അ​വ​ന്റെ മ​ന​സ്സ് അ​മ്മ വാ​യി​ച്ചു. അ​വ​നൊ​രു പെ​ൺ​കോ​ന്ത​നാ​യി ഭാ​ര്യ​യു​ടെ ഏ​ഷ​ണി​കേ​ട്ട് അ​മ്മ​യെ ഓ​ടി​ക്കാ​ൻ ഒ​രു​ങ്ങി​യ​വ​നാ​യി എ​ല്ലാ​രും ക​രു​തു​ന്നു​വെ​ന്ന വി​ചാ​ര​ണം അ​വ​നെ അ​ല​ട്ടു​ന്നു​ണ്ട്. ‘അ​മ്മ ത​ന്റെ മു​ഖ​ത്തു തു​പ്പി അ​നു​ജ​ന്റെ വീ​ട്ടി​ലേ​ക്ക് പോ​വാ​ൻ തു​നി​ഞ്ഞാ​ലോ. അ​ത് എ​ന്നേ​ക്കു​മാ​യു​ള്ള വേ​ർ​പാ​ടാ​വി​ല്ലേ എ​ന്ന് അ​വ​ൻ ഓ​ർ​ക്കു​ന്നു​ണ്ടാ​വ​ണം.’

അ​യാ​ൾ നെ​റ്റി​യി​ൽനി​ന്നൊ​ഴു​കു​ന്ന വി​യ​ർ​പ്പ് തു​ട​ച്ചു​കൊ​ണ്ട് വി​ങ്ങിവി​ങ്ങി പ​റ​യു​ന്ന​ത് അ​വ​ർ ഉ​ള്ളി​ൽ​ കേ​ട്ടു. അ​മ്മാ അ​മ്മാ എ​ന്നെ നേ​രേ അ​റി​യൂ. ഞാ​ൻ അ​വ​ളു​ടെ ദ്രോ​ഹ​മൊ​ഴി​ക്കാ​ൻവേ​ണ്ടി അ​മ്മ​യെ പു​റ​ത്താ​ക്കു​ക​യ​ല്ല; അ​വ​ളോ​ട് പ​ക​രംവീ​ട്ടു​ക​യു​മ​ല്ല; അ​മ്മ​ക്ക് കു​റ​ച്ച് സു​ഖ​മു​ണ്ടാ​ക​ണ​മെ​ന്ന് ക​രു​തീ​ട്ടാ​ണ്... മ​റ്റൊ​ന്നു​മ​ല്ല അ​മ്മ...’’ അ​യാ​ളു​ടെ ഉ​ള്ളി​ലെ ഇ​ടി​വെ​ട്ടു​ക​ൾ അ​മ്മ​യു​ടെ ഉ​ള്ളി​ൽ മു​ഴങ്ങി. അ​വ​ൻ ത​ള​രു​ക​യാ​ണ്.

ആ​രും നി​ന​യ്ക്കാ​ത്ത വാ​ക്കു​ക​ളാ​ണ് പി​ന്നെ അ​വി​ടെ മു​ഴ​ങ്ങി​ക്കേ​ട്ട​ത്. ‘‘എ​ന്തി​നാ​ണീ വെ​​പ്രാ​ള​ങ്ങ​ളെ​ല്ലാം? എ​നി​ക്ക് മ​ന​സ്സിലാ​വു​ന്നി​ല്ല...’’ ഏ​ത് മാ​ലാ​ഖ​യു​ടെ ശ​ബ്ദ​മാ​ണി​ത്​? ശ​ബ്ദം തു​ട​ർ​ന്നു: ‘‘ശ​രി​യാ​ണ്. ഞാ​ൻ നി​ക്കാ​ഹ് ക​ഴി​ക്കാ​ൻ പോ​കു​ന്നു. അ​തി​ലെ​ന്താ​ണ് തെ​റ്റ്? എ​ന്റെ മോ​ൻ അ​തി​നുവേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു; എ​ന്നോ​ടു​ള്ള സ്നേ​ഹംകൊ​ണ്ട്. അ​വ​ൻ എ​ന്നെ ക​ല്യാ​ണപ്രാ​യ​മാ​യ ക​ന്യ​​യെപ്പോ​ലെ കാ​ണു​ന്നു. ഇ​തി​ൽ നി​ങ്ങ​ളാ​രും വേ​വ​ലാ​തി​പ്പെ​ട​ണ്ട. ഞാ​ൻ വേ​റൊ​രു കു​ടും​ബ​ത്തെ ന​ശി​പ്പി​ക്കാ​ൻ പു​റ​പ്പെ​ട്ടി​രി​ക്ക​യ​ല്ല. ഇ​തി​ലൊ​രു തെ​റ്റു​മി​ല്ല. നി​ങ്ങ​ളെ​ല്ലാ​രും ജ​മാ​അ​ത്ത് മു​ഴു​വ​നും ഞ​ങ്ങ​ളോ​ടൊ​പ്പം വേ​ണം. നാ​ളെ രാ​വി​ലെ എ​ല്ലാ​രും ക​ല്യാ​ണ​ത്തി​നെ​ത്ത​ണം.’’

ഒ​രു തീ​മ​ല പൊ​ട്ടി​ത്തെ​റിക്കും​പോ​ലെ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നു​പ​ക​രം അ​മ്മ​യു​ടെ ഉ​ള്ളി​ൽ​നി​ന്ന് വാ​ക്കു​ക​ളു​ടെ ഒ​രു തേ​ന​രു​വി ഒ​ഴു​കി​യെ​ത്തി.

ഇ​നി ത​ങ്ങ​ളു​ടെ ‘ഇ​ട​പെ​ട​ൽ’ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​യാ​തെ പ​റ​യു​ന്ന ആ ​വാ​ക്കു​ക​ൾ അ​വ​ർ കേ​ട്ടു. മെ​ഹ്ബൂ​ബ് ബി ​അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു. യൂ​സ​ഫ് ബോ​ധം വീ​ണ്ടെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​നെ​ത്തി​യ​വ​ർ സ്ഥ​ലം വി​ട്ടി​ട്ടി​ല്ല. അ​യാ​ൾ പ​തു​ക്കെ പ​റ​ഞ്ഞു.

‘‘അ​ഖീ​ല, നി​ന്റെ മ​ക്ക​ൾ നി​ന്റെ നി​ക്കാ​ഹ് ന​ട​ത്തി​ത്ത​രു​ന്ന ഭാ​ഗ്യം നി​ന​ക്കും ഉ​ണ്ടാ​വ​ട്ടെ.’’

 

ബാനു മുഷ്താഖ്

അ​ഖീ​ല ഇ​ടിമി​ന്ന​ലേ​റ്റ​പോ​ലെ​യാ​യി. അ​വ​ൾ ക​ര​ഞ്ഞു. ‘‘അ​യ്യോ എ​ന്നെ അ​ങ്ങ​നെ ശ​പി​ക്ക​രു​തേ.’’ മു​ന്ന​യെ ​കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ട് അ​വ​ൾ തേ​ങ്ങി​ത്തേ​ങ്ങി ക​ര​യു​ക​യാ​യി​രു​ന്നു. ആ​ ശാ​പം ഫ​ലി​ച്ചാ​ലോ എ​ന്ന പേ​ടി​യാ​ൽ ഉ​ണ്ടാ​യ മു​റ​വി​ളി നാ​ട്യ​മാ​യി​രു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് കൂ​ടാ​നി​രു​ന്ന​വ​ർ അ​ന്യോ​ന്യം ക​ണ്ണു​കൊ​ണ്ട് സം​സാ​രി​ച്ചു. പ​തു​ക്കെ എ​ഴു​ന്നേ​റ്റ് ന​ട​ന്നു. യൂ​സ​ഫി​ന് അ​മ്മ പ​റ​ഞ്ഞു കൊ​ടു​ത്ത ക​ഥ​യി​ലെ ഹ​ത്തീം താ​യി​യെ ക​ഥ സ​മാ​പി​ക്കു​മ്പോ​ൾ ഓ​ർ​ക്കാ​തി​രി​ക്കാ​ൻ ന​മു​​ക്കു ക​ഴി​യു​മോ? ദേ​ഹം വെ​ടി​ഞ്ഞ ആ ​മാ​തൃ​ഹൃ​ദ​യം മ​ക​ൻ വീ​ണ​തു​ ക​ണ്ട​പ്പോ​ൾ ‘‘അ​യ്യോ മോ​നേ! നി​ന​ക്ക് വേ​ദ​നി​ച്ചോ’’ എ​ന്നു ചോ​ദി​ച്ച​ത് ഈ ​അ​മ്മ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ നാം ​വീ​ണ്ടും കേ​ൾ​ക്കു​ക​യല്ലേ? അ​ന്ന് ക​ഥ​കേ​ട്ട്, രാ​ജ​കു​മാ​രി​യെ കൊ​ല്ലാ​ൻ ത​രി​ച്ച കൈ​ക​ളും ക​ര​ളും ത​ന്നെ​യാ​ണ് അ​ഖീ​ല​യു​ടെ ത​ല​യി​ൽ ഇ​ടി​വെ​ട്ടു​പോ​ലെ വീ​ണ ആ ​ശാ​പവാ​ക്കു​ക​ളി​ലു​ള്ള​ത്.

ഒ​ര​മ്മ മ​ക​ന്റെ മ​നഃ​ശാ​ന്തി​ക്കു​വേ​ണ്ടി, അ​വ​ന്റെ മാ​നം കാ​ക്കാ​ൻവേ​ണ്ടി ഇ​തി​നേ​ക്കാ​ൾ വ​ലി​യൊ​രു ത്യാ​ഗം ചെ​യ്യാ​നു​ണ്ടോ? ക​ല്യാ​ണം ആ ​അ​മ്മ​ക്ക് ക​ര​ള​റു​ത്തു കൊ​ടു​ക്ക​ൽ ത​ന്നെ​യാ​യി​രു​ന്നു. ക​ല്യാ​ണം ആ​ത്മ​ഹ​ത്യ​യു​ടെ ബ​ദ​ലാ​ണ്. ഈ ​ക​ല്യാ​ണ​ക്കു​രു​ക്കി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻവേ​ണ്ടി ഒ​രു കു​രു​ക്കി​ൽ തൂ​ങ്ങാ​നാ​ണ​വ​ർ നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലോ? അ​ത് മ​ക​ന്റെ ക​ര​ളി​ലേ​ക്ക് ഒ​രു തീ​മ​ല ചൊ​രി​യ​ലാ​വു​മാ​യി​രു​ന്നി​ല്ലേ? ത​നി​ക്കെ​ന്തും വ​ര​ട്ടെ. മോ​ന് എ​ന്നേ​ക്കു​മാ​യി മ​നഃ​ശാ​ന്തി ന​ഷ്ട​പ്പെ​ട്ടു​കൂ​ടാ; അ​വ​ന്റെ മാ​നം കാ​ക്ക​ണം. ത​ന്നോ​ടു ചോ​ദി​ക്കാ​തെ അ​വ​ൻ ഒ​രാ​ൾ​ക്കു വാ​ക്കുകൊ​ടു​ത്ത​തി​ൽ ആ ​അ​മ്മ​യു​ടെ മ​ന​സ്സ് കോ​പംകൊ​ണ്ട് ആ​ളി​ക്ക​ത്തി​യി​രു​ന്നു. പ​ക്ഷേ, പ​ഞ്ചാ​യ​ത്തി​നെ​ത്തി​യ​വ​രു​ടെ മു​ന്നി​ൽവെ​ച്ച് അ​വ​ന്റെ നെ​റ്റി​യി​ൽനി​ന്നും ദേ​ഹ​ത്തി​ൽനി​ന്നും ഒ​ഴുകി​യ വി​യ​ർ​പ്പും ക​ണ്ണീ​രും ക​ണ്ട​പ്പോ​ൾ അ​മ്മമ​ന​സ്സ് അ​തി​ല​ലി​ഞ്ഞു.

അ​വ​ൻ കൊ​ടു​ത്ത വാ​ക്കി​ന് ത​ന്റെ നി​ല​നി​ൽ​പ്പി​നേ​ക്കാ​ൾ വ​ലി​യ വി​ല​യു​ണ്ടാ​വ​ണം. അ​വ​നെ പ​രി​ഹാ​സ​പാ​ത്ര​മാ​ക്കി​ക്കൂ​ടാ. അ​തി​ലേ​റെ ആ ​അ​മ്മമ​ന​സ്സി​നെ അ​ല​ട്ടി​യ​ത് അ​വ​ന്റെ മ​ന​സ്സിന്റെ പി​ട​ച്ച​ിലാ​ണ്. എ​ന്തു​വ​ന്നാ​ലും വേ​ണ്ടി​ല്ല അ​വ​ന്റെ മ​ന​സ്സിന് സ്വ​സ്ഥ​ത വീ​ണ്ടെ​ടു​ത്തു​കൊ​ടു​ക്ക​ണം. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു​ പ​ക​രം വീ​ട്ടി​ൽനി​ന്നി​റ​ങ്ങി സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന് നി​ശ്ച​യി​ച്ചാ​ലും അ​ത് അ​വ​ന്ന് മ​ന​ഃശാ​ന്തി​യു​ണ്ടാ​ക്കി​ല്ല. അ​വി​ടെ അ​മ്മാ​യി​യ​മ്മ​പ്പോ​ര​ല്ല നാ​ത്തൂ​ൻ പോ​രാ​ണ് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​രാ​വ​ുന്ന​ത് –അ​തോ​ർ​ത്ത് അ​വ​ന്റെ മ​ന​സ്സ് പി​ട​ച്ചു​കൊ​ണ്ടി​രി​ക്കും. ആ​ത്മ​ഹ​ത്യ​യോ ഇ​റ​ങ്ങി​പ്പോ​ക്കോ ഒ​ന്നും പ​രി​ഹാ​ര​മ​ല്ല.

കല്യാണം ക​ര​ള​റു​ത്തു കൊ​ടു​ക്ക​ൽ ത​ന്നെ. ഹ​ത്തീം​താ​യി​യെ​പ്പോ​ലെ താ​നും ആ ​വാ​ളി​ന്ന് ക​ഴു​ത്തുവെ​ച്ചു കൊ​ടു​ത്തേ പ​റ്റൂ. ക​ല്യാ​ണം ത​നി​ക്ക് അ​ഭി​മ​തം ത​ന്നെ​യെ​ന്ന നാ​ട​കം ക​ളി​ച്ചാ​ൽ അ​ത് അ​വ​ന്ന് മ​ന​സ്സി​ൽ കു​ളി​രു​ പ​ക​രും. ഈ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വ​ള​രെ​ക്കു​റ​ച്ചു നേ​ര​മേ വേ​ണ്ടിവ​ന്നു​ള്ളൂ. എ​ന്തെ​ന്നാ​ൽ ഒ​രാ​യു​സ്സു മു​ഴു​വ​ൻ അ​വ​ന്റെ സു​ഖ​ത്തി​നു​വേ​ണ്ടി മാ​ത്രം ജീ​വി​ച്ച​വ​ളാ​ണ് ആ ​അ​മ്മ. വി​ധ​വ​യാ​യ കാ​ല​ത്ത് ര​ണ്ടാം​കെ​ട്ടി​നെ​പ്പ​റ്റി പ​റ​ഞ്ഞ​വ​രു​ടെ നേ​ർ​ക്ക് അ​വ​ർ തീ​ തു​പ്പി. ആ ​തീ​ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ത​ണു​ത്ത നി​ലാ​വി​ന്റെ പാ​ലാ​യി ഒ​ഴു​കി​യ​ത്. ‘‘നാ​ഴൂ​രി പാ​ലുകൊ​ണ്ടു നാ​ടാ​കെ ക​ല്യാ​ണം.’’ ‘അ​മ്മ​യു​ള്ള​പ്പോ​ഴും നി​ലാ​വു​ള്ള​പ്പോ​ഴും പേ​ടി​വേ​ണ്ട’ എ​ന്ന പ​ഴംചൊ​ല്ലി​ൽ പ​തി​രൊ​ട്ടു​മി​ല്ല ത​ന്നെ.

ഒ​ര​മ്മ​യു​ടെ ആ​ത്മ​ത്യാ​ഗ സ​ന്ന​ദ്ധ​ത​യു​ടെ ചി​ത്ര​ത്തി​ൽ മേ​ളി​പ്പി​ച്ച വ​ർ​ണ​ങ്ങ​ളും വ​ര​ക​ളും വാ​ഴ്ത്ത​പ്പെ​ടേ​ണ്ട​വ ത​ന്നെ. അ​തി​ന് ആ​വ​ശ്യ​മാ​യ സ​ർ​ജ​ന​ശ​ക്തി അ​തു​ല്യ​വും അ​പാ​ര​വു​മാ​ണ്. ഈ ​അ​മ്മ മ​നു​ഷ്യ​രു​ണ്ടാ​ക്കി​യ ജാ​തി, മ​തം, വ​ർ​ഗം, വ​ർ​ണം മു​ത​ലാ​യ എ​ല്ലാ വി​ഭാ​ജ​കശ​ക്തി​ക​ൾ​ക്കും അ​തീ​ത​മാ​ണ്. മാ​യാ​ത്ത ഈ​യൊ​രൊ​റ്റ അ​മ്മ​ച്ചി​ത്രംകൊ​ണ്ട് അ​ത് വ​ര​ച്ച​വ​ൾ വി​ശ്വ​ചി​ത്ര​കാ​ര​ന്മ​ാരോ​ടൊ​പ്പ​മി​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യി​രി​ക്കു​ന്നു.

(തുടരും)

Tags:    
News Summary - Read the stories of Kannada writer Banu Mushtaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 05:30 GMT
access_time 2026-03-02 05:00 GMT
access_time 2026-03-02 04:45 GMT
access_time 2026-03-02 04:00 GMT
access_time 2026-03-02 03:45 GMT
access_time 2026-02-23 05:45 GMT
access_time 2026-02-23 04:15 GMT
access_time 2026-02-23 02:30 GMT