ഈ വർഷത്തെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിന് അർഹയായ, യാങ് ഷ്വാങ് സിയുടെ എഴുത്തുജീവിതത്തിലൂടെയും പുരസ്കാരത്തിന് അർഹമായ ‘തായ്‌വാൻ ട്രാവലോഗ്’ എന്ന കൃതിയിലൂടെയും സഞ്ചരിക്കുകയാണ് നോവലിസ്റ്റും നിരൂപകയുമായ ലേഖിക.
ഒരു നോവലിനുള്ളിൽ മറ്റൊരു നോവലുമായി, ഏതാണ് യാഥാർഥ്യമെന്നുള്ള സന്ദേഹം വായനക്കാരിലുളവാക്കിയാണ് 2026ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിന് അർഹമായ ‘തായ്‌വാൻ ട്രാവലോഗ്’ എന്ന കൃതി 2020ൽ മാൻഡറിൻ ചൈനീസ് ഭാഷയിൽ പ്രസിദ്ധീകൃതമാകുന്നത്. തായ്‌വാനീസ് എഴുത്തുകാരിയായ യാങ് ഷ്വാങ് സിയാണ് ‘തായ്‌വാൻ ട്രാവലോഗ്’ രചിച്ചിരിക്കുന്നത്. തായ്‌വാനീസ്-അമേരിക്കൻ എഴുത്തുകാരിയും പരിഭാഷകയുമായ ലിൻ കിങ് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു.
ശീർഷകത്തിലും ഉള്ളടക്കത്തിലുമടക്കം ആദ്യ കാഴ്ചയിൽ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന നോവലിന്റെ തുടർവായനയിൽ അനാവൃതമാകുന്ന അനേകം അടരുകളാണ് ‘തായ്‌വാൻ ട്രാവലോഗ്’ എന്ന കൃതിയെ ഏറെ സമ്പന്നവും വ്യത്യസ്തവുമാക്കുന്നത്. സ്ഥലവിവരണങ്ങളും വിവിധതരം ഭക്ഷണങ്ങളുടെ രസക്കൂട്ടുകളും രണ്ടു സ്ത്രീകൾ തമ്മിലുണ്ടാകുന്ന സഫലമാകാതെപോയ പ്രണയവും വിഷയങ്ങളാകുന്ന ആഖ്യാനത്തിന് പശ്ചാത്തലമാകുന്നത് ശക്തമായ രാഷ്ട്രീയബോധ്യമാണ്.
ജപ്പാനിൽനിന്നുള്ള യുവ എഴുത്തുകാരിയായ അയോമ ചിസൂക്കോ എന്ന സാങ്കൽപിക കഥാപാത്രം 1970ൽ എഴുതിയ നോവലിനെ 1977ൽ അവരുടെ തായ്‌വാനിലെ ദ്വിഭാഷിയും സുഹൃത്തുമായിരുന്ന, ചി-ചാൻ എന്ന് അവർ സ്നേഹത്തോടെ വിളിച്ചിരുന്ന, വാങ് ചെൻ ഹോ മാൻഡറിൻ ചൈനീസിലേക്ക് പരിഭാഷപ്പെടുത്തിയെന്നും നിലവിൽ ലഭ്യമല്ലാതിരുന്ന ഈ പുസ്തകത്തിന്റെ പ്രതി അന്വേഷിച്ചു കണ്ടെത്തി യാങ് ഷ്വാങ് സി 2020ൽ വീണ്ടും മാൻഡറിൻ ചൈനീസിൽ പ്രസിദ്ധീകരിച്ചുവെന്നുമാണ് നോവലിൽ പറയുന്നത്.
മാത്രമല്ല, യഥാർഥ ‘തായ്‌വാൻ ട്രാവലോഗ്’ 2020ൽ പ്രസിദ്ധീകരിച്ചപ്പോൾ പുറംചട്ടയിൽ എഴുത്തുകാരിയുടെ പേര് അയോമ ചിസൂക്കോ എന്നും വിവർത്തകയുടെ പേര് യാങ് ഷ്വാങ് സി എന്നുമാണ് കൊടുത്തിരുന്നത്. ഇത് വിവാദങ്ങൾക്കു കാരണമാകുകയും ജാപ്പനീസ് പുസ്തകത്തിന്റെ പരിഭാഷയെന്ന പേരിൽ നോവൽ വാങ്ങിയ ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് പിന്നീടുവന്ന പതിപ്പുകളിൽ യാങ് ഷ്വാങ് സിയുടെ പേരുതന്നെ എഴുത്തുകാരിയുടേതായി കൊടുത്തുതുടങ്ങുകയും ചെയ്തു.
‘ഇരട്ടകൾ’ എന്നർഥം വരുന്ന യാങ് ഷ്വാങ് സി എന്നത് നോവലിസ്റ്റിന്റെയും അവരുടെ ഇരട്ടസഹോദരിയുടെയും സംയുക്തമായ തൂലികാനാമമാണ്. സഹോദരിയുടെ വിയോഗശേഷം എഴുത്തുകാരി ഈ തൂലികാനാമം തന്റെ പേരായി സ്വീകരിച്ചു. യാങ് ര്വോ ഹുയി എന്ന ഈ സഹോദരിക്കാണ് യാങ് ഷ്വാങ് സി നോവൽ സമർപ്പിച്ചിരിക്കുന്നത്.
ജാപ്പനീസ് ചരിത്ര ഗവേഷകയായ ഹിയോഷി സാഗാകോയുടെ ആമുഖവുമായാണ് ‘തായ്‌വാൻ ട്രാവലോഗ്’ ആരംഭിക്കുന്നത്. 1977ലെ ആദ്യ മാൻഡറിൻ പതിപ്പിന്റെ പ്രതികൾക്കായി യാങ് ര്വോ ഹുയി നടത്തിയ അന്വേഷങ്ങളാണ് തന്നെ ഈ പുസ്തകവുമായി ബന്ധിപ്പിച്ചതെന്ന് സാങ്കൽപിക കഥാപാത്രമായ ഹിയോഷി സാഗാകോ ആമുഖത്തിൽ പറയുന്നു. 2020ലെ പുതിയ മാൻഡറിൻ ചൈനീസ് പതിപ്പിനെന്ന രീതിയിൽ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ഈ ആമുഖവും സാങ്കൽപികമാകയാൽത്തന്നെ നോവലിന്റെ ഭാഗമായാണ് വായിക്കേണ്ടത്. അയോമ ചിസൂക്കോയുടെ ദ്വിഭാഷിയായിരുന്ന ചി-ചാൻ യഥാർഥ വ്യക്തിയായിരുന്നുവോ അതോ സാമ്രാജ്യത്തിനെതിരായുള്ള തന്റെ ആശയങ്ങൾ അവതരിപ്പിക്കാനായി നോവലിസ്റ്റ് കണ്ടെത്തിയ ഒരു ഉപായംമാത്രമായിരുന്നുവോ എന്ന സന്ദേഹം ഈ ആമുഖത്തിൽ പങ്കുവെക്കപ്പെടുന്നുണ്ട്.
പിന്നീട്, ചി-ചാനെ പലപ്പോഴും അയോമ ചിസൂക്കോക്കൊപ്പം കണ്ടതായി പലരും പറഞ്ഞുകേട്ടുവെന്നും അതിനാൽ, അവർ സാങ്കൽപിക കഥാപാത്രമല്ലെന്നും ഹിയോഷി സഗാകോ ഉറപ്പിച്ചുപറയുന്നു. എന്നാൽ, അയോമ ചിസൂക്കോയുടെ കാര്യത്തിൽ അവർ സംശയങ്ങളൊന്നും പ്രകടിപ്പിക്കുന്നുമില്ല. ഇത്തരത്തിൽ അയോമ ചിസൂക്കോ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്ന് തുടക്കത്തിൽത്തന്നെ സ്ഥാപിച്ചുകൊണ്ടാണ് ‘തായ്‌വാൻ ട്രാവലോഗി’ന്റെ ആഖ്യാനം ആരംഭിക്കുന്നത്.
തായ്‌വാൻ ട്രാവലോഗ് അയോമ ചിസൂക്കോയാണ് എഴുതിയതെന്ന വാദത്തിനു ശക്തിപകരാനായി അവരുടെ മകൾ അയോമോ യോകോ എഴുതിയതെന്ന് അവകാശപ്പെടുന്ന പിൻകുറിപ്പും നോവലിൽ ചേർത്തിരിക്കുന്നു. കൂടാതെ, ചി-ചാൻ എന്ന വാങ് ചെൻ ഹോയുടേതായി പരിഭാഷകയുടെ സന്ദേശവും അവരുടെ മകളുടേതായി എഡിറ്ററുടെ ഭാഷ്യവും തുടർന്നു വായിക്കാം. കൂടാതെ, 2020ൽ യാങ് ഷ്വാങ് സി ഈ നോവൽ മാൻഡറിൻ ചൈനീസിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു എന്ന രീതിയിൽ യാങ്ങിന്റെ വകയായി വിവർത്തകയുടെ കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കുറിപ്പുകളെല്ലാം സാങ്കൽപികങ്ങളും അയോമ ചിസൂക്കോ എന്ന കഥാപാത്രം യാഥാർഥ്യമാണെന്ന് സ്ഥാപിക്കാനായി ചേർത്തിരിക്കുന്നവയുമാണ്.
പുസ്തകത്തിൽ ഏറ്റവും അവസാനം ചേർത്തിരിക്കുന്ന 2024ൽ യാങ് ഷ്വാങ് സി എഴുതിയ യഥാർഥ ‘തായ്‌വാൻ ട്രാവലോഗി’ന്റെ ഇംഗ്ലീഷ് പരിഭാഷക ലിൻ കിങ്ങിന്റെ കുറിപ്പ് മാത്രമാണ് ആഖ്യാനത്തിന്റെ ഭാഗമല്ലാതെ വായനക്കാരോട് സംവദിക്കുന്നത്. അയോമ ചിസൂക്കോ എഴുതിയ നോവലാണ് തങ്ങൾ വായിക്കുന്നതെന്ന് വായനക്കാർക്ക് തോന്നലുണ്ടാകും വിധം നോവൽ ജാപ്പനീസിൽനിന്ന് മാൻഡറിനിലേക്ക് മൊഴിമാറ്റം ചെയ്ത (സാങ്കൽപികം) യാങ്ങിന്റെയും മാൻഡറിനിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത കിങ്ങിന്റെയും അടിക്കുറിപ്പുകളും നോവലിൽ വെവ്വേറെ കൊടുത്തിരിക്കുന്നു.
അയോമ ചിസൂക്കോയുടെ ആദ്യ നോവലിന്റെയും അതിന്റെ ചലച്ചിത്രാവിഷ്‍കാരത്തിന്റെയും വിജയത്തിനെ തുടർന്നാണ് തായ്‌വാനിലെ ജപ്പാൻ സൈനിക ഭരണകൂടം അവരെ തായ്‌വാൻ സന്ദർശിക്കാനായി ക്ഷണിക്കുന്നത്. തായ്‌വാനിലെത്തിയ അവർ തദ്ദേശീയമായ ജീവിതം അനുഭവിക്കാനും അവിടത്തെ തനതായ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും താൽപര്യപ്പെട്ടു.
തുടക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ മിഷിമയാണ് അവരുടെ വഴികാട്ടിയായി എത്തുന്നത്. തായ്‌വാനിലെ രുചികൾക്കായുള്ള അവരുടെ ആവശ്യങ്ങളൊന്നും നിറവേറ്റാൻ അയാൾ മുൻകൈയെടുക്കുന്നില്ല. എന്നാൽ, പിന്നീട് അവരെക്കാൾ നാലുവയസ്സ് കുറഞ്ഞ, ആകർഷകമായ വ്യക്തിത്വമുള്ള ചി-ചാൻ അവരുടെ ദ്വിഭാഷിയായി വരുന്നു. സമാനമനോഭാവക്കാരിയായ ചി-ചാനോട് അയോമ ചിസൂക്കോക്ക് സൗഹാർദവും പ്രണയവും തോന്നുന്നുണ്ടെങ്കിലും അജ്ഞാതമായ ഏതോ കാരണത്താൽ ചി-ചാൻ ഒരു ദിവസം അവരെ വിട്ടുപോകുന്നു. ആ വേർപിരിയലിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് അയോമ ചിസൂക്കോ.
നോവലിൽ 1938ലാണ് അയോമ ചിസൂക്കോ തായ്‌വാൻ സന്ദർശിക്കുന്നത്. രാഷ്ട്രീയപരമായി നിർണായകമാണ് ഈ വർഷമെന്ന് ഓർക്കേണ്ടതുണ്ട്. 1937ൽ ചൈനയും ജപ്പാനുമായുള്ള രണ്ടാം സിനോ-ജാപ്പനീസ് യുദ്ധം ആരംഭിച്ചിരുന്നു. 1895ൽ അവസാനിച്ച ഒന്നാം സിനോ- ജാപ്പനീസ് യുദ്ധത്തെ തുടർന്നാണ് ചൈന തായ്‌വാനെ ജപ്പാനു കൈമാറുന്നത്. അങ്ങനെ ജപ്പാന്റെ ആദ്യ ഔദ്യോഗിക കോളനിയായി തായ്‌വാൻ മാറി. 1945ൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം വരെ 50 വർഷക്കാലം ആ നില തുടർന്നു.
അധിനിവേശ സർക്കാർ തായ്‌വാനിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയും വിയോജിപ്പുകളെ കർശനമായി അടിച്ചമർത്തുകയും ചെയ്തു. തായ്‌വാന്റെ സാംസ്കാരിക ലയനവും പട്ടാളഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായി തായ്‌വാനിലെ ജനങ്ങളെ ജാപ്പനീസ് ഭാഷ ഉപയോഗിക്കാൻ നിർബന്ധിക്കുകയും പ്രാദേശിക ഭാഷകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേലും കടന്നുകയറ്റങ്ങളുണ്ടായി. ജാപ്പനീസ് പേരുകൾ സ്വീകരിക്കാൻ അവരെ സർക്കാർ പ്രോത്സാഹിപ്പിച്ചു.
ചി-ചാനെ ആദ്യമായി, അവിചാരിതമായി, കാണുന്ന നേരം അവർ ജാപ്പനീസ് ഭാഷ സംസാരിക്കുന്നതുകേട്ട് ‘ദേശീയ’ ഭാഷ അറിയുമോ എന്ന് അയോമ ചിസൂക്കോ ചോദിക്കുന്നുണ്ട്. ചി-ചാന്റെ മാൻഡറിൻ പേര് വാങ് ചെൻ ഹോ എന്നും തായ്‌വാനീസ് പേര് ഓങ് ഷിയാൻ-ഹോ എന്നും ജാപ്പനീസ് പേര് ഓ ചിസുരു എന്നുമാണെന്ന് ഓർക്കേണ്ടതുണ്ട്. എന്നാൽ, സാമ്രാജ്യത്വശക്തിയായ ജപ്പാനിൽനിന്നുള്ള അയോമ ചിസൂക്കോക്ക് പല പേരുകൾ ഉപയോഗിക്കേണ്ടിവരുന്നുമില്ല.
സാംസ്‌കാരിക അധിനിവേശം സംഭവിക്കുമ്പോൾത്തന്നെ കൊറിയപോലുള്ള പ്രദേശങ്ങളിൽ നടന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ജപ്പാൻ സൈനികഭരണകൂടത്തിന്റെ ഭീകരതയും അടിച്ചമർത്തലുകളും തായ്‌വാനിൽ കുറവായിരുന്നു. മാത്രമല്ല, തായ്‌വാന്റെ വികസനകാര്യങ്ങളിൽ ജപ്പാൻ ഊന്നൽകൊടുക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിലും ക്രമസമാധാന പരിപാലനത്തിലും രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിലും തായ്‌വാനിലെ സൈനിക ഭരണകൂടം ശ്രദ്ധിച്ചു. കൂടാതെ, അവർ വൈദ്യുതി ഉപയോഗം വ്യാപിപ്പിക്കുകയും റെയിൽവേ ലൈനുകൾ വികസിപ്പിക്കുകയും ഹൈവേകളും പാലങ്ങളും നിർമിക്കുകയും തുറമുഖങ്ങൾ നവീകരിക്കുകയും ചെയ്തു. ജപ്പാൻ ഭരണത്തിന് കീഴിൽ തായ്‌വാനിലെ കാർഷിക ഉൽപാദനം വർധിച്ചു. തായ്‌വാനിലെ ജനങ്ങൾ പൂർണമായും ജപ്പാൻ ഭരണത്തെ എതിർക്കാത്തതിന്റെ കാരണവും ഈ വികസന നയങ്ങളായിരുന്നു.
‘‘കൊറിയയും തായ്‌വാനും ഒരുകാലത്ത് ജപ്പാൻ സാമ്രാജ്യത്തിന്റെ കോളനികളായിരുന്നു, എന്നാൽ, കൊറിയയിലെല്ലാവർക്കും ഒരേപോലെ ആ ചരിത്രത്തോട് നീരസമുള്ളതായാണ് തോന്നുന്നത്. എന്നാൽ, തായ്‌വാനിലെ ജനങ്ങൾ അനിഷ്ടത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഒരു വൈരുധ്യാത്മക സങ്കലമായാണ് ആ ചരിത്രത്തെ കാണുന്നത്’’ എന്നാണ് ‘തായ്‌വാൻ ട്രാവലോഗി’ന്റെ എഴുത്തുകാരി യാങ് ഷ്വാങ് സി ഇതേപ്പറ്റി ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.
ജപ്പാൻ തായ്‌വാനിൽ നടത്തിയ വികസനങ്ങൾ യഥാർഥത്തിൽ തായ്‌വാൻ ജനത ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യം നിലനിൽക്കുന്നു. തങ്ങളുടെ സാമ്പത്തിക- സൈനിക ഉപയോഗങ്ങൾക്കുതകുന്ന വിധത്തിൽ തായ്‌വാനെ പരിവർത്തനം ചെയ്യുന്നതിനുവേണ്ടിയായിരുന്നു ജപ്പാൻ ശ്രമിച്ചുകൊണ്ടിരുന്നത്. സമാനമായ രീതിയിൽ, അയോമ ചിസൂക്കോ ചി-ചാനെ സന്തോഷിപ്പിക്കാനായി നൽകുന്ന സമ്മാനങ്ങളിലും വിരുന്നിലും അവർക്കിടയിലെ സമത്വമല്ല, പകരം അയോമ ചിസൂക്കോയുടെ അധികാരഭാവമാണ് കാണാൻ കഴിയുന്നത്. സ്വയം സാധൂകരിക്കാൻ ചെയ്യുന്ന നന്മയെക്കാൾ നിരസിക്കാൻ ബുദ്ധിമുട്ടുള്ളതായി ലോകത്ത് മറ്റൊന്നും തന്നെയില്ല എന്നാണ് നോവലിന്റെ അവസാനഭാഗത്തെ മിഷിമയുടെ തുറന്നുപറച്ചിലിൽ ഇതേപ്പറ്റി പരാമർശിക്കുന്നത്.
ഒരിക്കൽ അയോമ ചിസൂക്കോയുടെ താമസസ്ഥലം വൃത്തിയാക്കുന്ന സഹായി ചി-ചാൻ ഒരു സഹായിയാണോ അതോ ദ്വിഭാഷിയാണോ എന്ന് സംശയമുണ്ടാകുന്നെന്നും അത്രമാത്രം ജോലികൾ അവർ അയോമ ചിസൂക്കോക്കുവേണ്ടി ചെയ്യുന്നുണ്ടെന്നും പറയുന്നു. അതുകൊണ്ടുതന്നെ രണ്ടു ശമ്പളം അവർ അർഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഉടൻതന്നെ അയോമ ചിസൂക്കോ താൻ സുഹൃത്തായി കാണാനാഗ്രഹിക്കുന്ന ചി-ചാനെ ഒരു പരമ്പരാഗത ജാപ്പനീസ് ഭക്ഷണശാലയിലേക്ക് വരുത്തി സാധ്യമായ എല്ലാ വിഭവങ്ങളും നൽകി സൽക്കരിക്കുന്നു. എന്നാൽ, ഏറക്കുറെ നിർവികാരതയോടെ, ഇതുപോലൊരു ആഡംബര വിരുന്ന് തനിക്കായി പാഴാക്കേണ്ടതില്ലായിരുന്നു എന്നാണ് ചി-ചാൻ പ്രതികരിക്കുന്നത്.
യഥാർഥത്തിൽ തന്റെ സുഹൃത്തായാണ് അയോമ ചിസൂക്കോ ചി-ചാനെ കണ്ടിരുന്നതെങ്കിൽ അവർ ചെയ്യേണ്ടിവരുന്ന അധികജോലികളെപ്പറ്റി മനസ്സിലാക്കുമ്പോൾ ആഡംബര വിരുന്നിലൂടെ അവക്ക് പ്രതിഫലം നൽകാനായിരുന്നോ അയോമ ചിസൂക്കോ ശ്രമിക്കേണ്ടിയിരുന്നതെന്ന് ചിന്തിക്കേണ്ടതാണ്. രണ്ടാംതരം പരിഗണന ഭയന്നുതന്നെയാണ് അയോമോ ചിസൂക്കോയോടൊപ്പം ഒരുമിച്ചൊരു മേശയിൽ ഭക്ഷണം കഴിക്കാനും ഒരേ വീട്ടിൽ അന്തിയുറങ്ങാനുമുള്ള ക്ഷണങ്ങളോട് തുടക്കത്തിൽ ചി-ചാൻ വിമുഖത കാണിച്ചതെന്ന് അവർതന്നെ വ്യക്തമാക്കുന്നുമുണ്ട്.
തായ്‌വാൻ സമൂഹത്തിലെ ഉന്നതനും ധനികനുമായ ഒരാളുടെ ഉപഭാര്യയുടെ മകളാണ് ചി-ചാൻ. അത്തരമൊരു കുട്ടിക്ക്, പ്രത്യേകിച്ച് പെൺകുട്ടി കൂടിയായതിനാൽ, കുടുംബസ്വത്തിൽ അവകാശമില്ലാത്തതുകൊണ്ടുതന്നെ ചി-ചാന്റെ ബാല്യം ദരിദ്രസാമാനമായ സാഹചര്യത്തിലായിരുന്നു. മറ്റൊരാളുമായി അവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും അയോമ ചിസൂക്കോ പ്രണയപൂർവം അവരെ തന്റെയൊപ്പം ജപ്പാനിലേക്ക് ക്ഷണിക്കുന്നുണ്ട്. എഴുത്തിൽനിന്നുള്ള വരുമാനമില്ലെങ്കിൽപോലും ധനികരായ അയോമ കുടുംബത്തിന്റെ ഒരു ശാഖയുടെ അവകാശിയായ തന്റെയൊപ്പം കഴിയാൻ ചി-ചാന് ബുദ്ധിമുട്ടുകളുണ്ടാവില്ലെന്ന് അവർ പറയുന്നു. ഇവിടെ തന്റെ രാജ്യം, സമൂഹം, കുടുംബം എന്നിവയെല്ലാം ഉയർന്ന നിലവാരത്തിലുള്ളവയെന്ന് അയോമ ചിസൂക്കോ കരുതുകയും സ്വയമറിയാതെ തന്നെ അവരത് ചി-ചാനു മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
താൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അതേപടി പകർത്തി ‘തായ്‌വാൻ ട്രാവലോഗ്’ എന്ന പേരിൽത്തന്നെ യാത്രാവിവരണങ്ങളാക്കി അയോമ ചിസൂക്കോ ജപ്പാനിലെ പത്രങ്ങൾക്കും മാസികകൾക്കും അയക്കുന്നുണ്ട്. അധിനിവേശത്തെത്തുടർന്ന് തായ്‌വാന്റെ തനതുസംസ്കാരം എന്നന്നേക്കുമായി ഇല്ലാതാകുന്നതിനു മുമ്പായി താൻ അവയെ എഴുതി സൂക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇതേപ്പറ്റി അവർ പറയുന്നത്. സാംസ്‌കാരിക അധിനിവേശത്തെത്തുടർന്ന് ദ്വീപുകാരുടെ ജീവിതരീതികൾ ഒരിക്കൽ വിസ്മൃതമായേക്കാമെന്ന് ചി-ചാൻ പറയുന്നു.
എന്നാൽ, ചരിത്രം പരിശോധിക്കുമ്പോൾ ചിങ് (Qing) രാജവംശം തായ്‌വാനെ ചൈനയോട് ചേർക്കുമ്പോൾ അവിടെയുണ്ടായിരുന്ന തദ്ദേശീയരോടും ഇതേകാര്യമാണ് ചെയ്തതെന്നും ഇത്തരം ക്രൂരതകളോർത്തു വിലപിക്കാനാണെങ്കിൽ ചരിത്രത്തിൽ എത്രത്തോളം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരുമെന്നും അവർ ആകുലപ്പെടുന്നു. പക്ഷേ, അനുഭവിക്കുന്നവർക്കു മാത്രമേ ആ വേദന മനസ്സിലാകുകയുള്ളൂ എന്നതാണ് മനുഷ്യകുലത്തിന്റെ യുക്തിഹീനത എന്നും അവർ പറയുന്നു. ചി-ചാന്റെ ഉള്ളിലുള്ള ആ വേദന തന്നെയാണ് അയോമ ചിസൂക്കോ കാണാതെ പോകുന്നതും.
1683 ലാണ് ചിങ് രാജവംശം തായ്‌വാനെ ഔദ്യോഗികമായി ചൈനയുമായി ചേർക്കുന്നത്. അതുവരെ തദ്ദേശീയരായ നാട്ടുരാജ്യങ്ങളും ചൈനീസ്, യൂറോപ്യൻ കുടിയേറ്റക്കാരുമാണ് അവിടെയുണ്ടായിരുന്നത്. ജപ്പാൻ ഭരണകാലത്ത് തായ്‌വാനെ ദ്വീപ് (Island) എന്നും ജപ്പാനെ വൻകര (Mainland) എന്നുമാണ് വിളിച്ചിരുന്നത്. ജപ്പാൻ സാമ്രാജ്യത്തിന്റെ ആദ്യ കോളനിയായ തായ്‌വാൻ, സാമ്രാജ്യത്വ-പ്രാദേശിക സംസ്കാരങ്ങൾ തമ്മിലുള്ള പരസ്പരവ്യവഹാരങ്ങൾ നിരീക്ഷിക്കാൻ ആകർഷകമായ സ്ഥലമാണെന്ന് അയോമ ചിസൂക്കോ കരുതുന്നു.
ജപ്പാനിൽ താമസിക്കുന്ന വൻകരക്കാർ, ദ്വീപിലേക്ക് താമസം മാറിയ വൻകരക്കാർ, ദ്വീപിൽ ജനിച്ച വൻകരക്കാർ, സാമ്രാജ്യത്തിന്റെ ആധുനിക നാഗരികതയിൽ വളർന്ന ദ്വീപുവാസികൾ, വൻകരയിൽ സ്കൂൾ വിദ്യാഭ്യാസമോ ജോലിയോ ചെയ്ത ദ്വീപുവാസികൾ എന്നിവർക്കിടയിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും അവ അവർ വളർന്ന സാഹചര്യങ്ങളെയും അവരുടെ പെരുമാറ്റരീതികളെയും വെളിപ്പെടുത്തുന്നുവെന്നും അവർ പറയുന്നു.
ഈ ചിന്തകളിലെല്ലാം തന്നെ ജപ്പാൻ വൻകരയിലുള്ളവർ മുന്തിയ നിലവാരം പുലർത്തുന്നവരാണെന്ന ചിന്ത അന്തർലീനമായിരിക്കുന്നുവെന്ന് കാണാം. അയോമ ചിസൂക്കോയുടെ ഈ കാഴ്ചപ്പാട് ഒരു അധിനിവേശ ശക്തിയുടെ പ്രതിനിധിയുടേതാണെങ്കിൽ ഇത്തരമൊരു അസമത്വത്തിന്റെ മറുപുറം, നോവലിന്റെ ആമുഖത്തിൽ ഹിയോഷി സഗാകോ സൂചിപ്പിക്കുന്നുണ്ട്.
തന്നെ ജാപ്പനീസ് ഗവേഷക എന്ന് വിളിക്കുന്നതിലെ പൊരുത്തക്കേടിനെപ്പറ്റിയാണ് അവർ പറയുന്നത്. തായ്‌വാനിൽ ജനിച്ച ജപ്പാൻകാരുടെ തലമുറയിൽപ്പെട്ടവരാണവർ. വാൻ ഷെങ് (Wan sheng) എന്നറിയപ്പെട്ട ഇക്കൂട്ടർ ജപ്പാൻ വംശജരാണെങ്കിലും ജപ്പാനിൽ ജനിച്ചവർ അവരെ തങ്ങൾക്കൊപ്പം പരിഗണിച്ചില്ല. തായ്‌വാൻകാരെ അക്കാലത്ത് രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ചെയ്തുപോന്നു. ഈ രണ്ടുതട്ടിനുമിടയിൽ, രണ്ടിടങ്ങളിലുമില്ലാതെ, ജപ്പാൻകാർക്കും തായ്‌വാൻകാർക്കും മധ്യത്തിലായായിരുന്നു തായ്‌വാനിൽ ജനിച്ച ജപ്പാൻ വംശജരുടെ സ്ഥാനം. ഇത്തരത്തിൽ, അധിനിവേശത്തിന്റെ അനന്തരഫലമായുണ്ടാകുന്ന സാമൂഹിക അസമത്വങ്ങളെ ആഖ്യാനം കൃത്യമായി പ്രതിഫലിപ്പിക്കുന്നു.
ജപ്പാന്റെ ദക്ഷിണ വികസന നയത്തെ (Southern Expansion Policy) അയോമ ചിസൂക്കോ പിന്തുണക്കുന്നില്ല. പസഫിക് സമുദ്രത്തെയും തെക്കുകിഴക്കൻ ഏഷ്യയെയും സാമ്രാജ്യത്തിന്റെ സാമ്പത്തികശേഷിയായി കണക്കാക്കി തങ്ങളുടെ വളർച്ചയും സമ്പദ്‌വ്യവസ്ഥയും നിലനിർത്താൻ ആവശ്യമായ അസംസ്‌കൃതവസ്തുക്കൾ ലഭ്യമാകുന്ന പ്രദേശങ്ങൾ സ്വന്തമാക്കുക എന്നതായിരുന്നു ദക്ഷിണ വികസന നയത്തിലൂടെ ജപ്പാൻ ലക്ഷ്യമിട്ടിരുന്നത്.
അധിനിവേശപ്രദേശങ്ങളിലെ സാമ്രാജ്യത്വ സ്വാംശീകരണ ഉപകരണങ്ങളായി രൂപപ്പെട്ടിരുന്ന ദക്ഷിണ വികസന നയവും ദേശീയ ചൈതന്യ സമാഹരണ പ്രസ്ഥാനവും തദ്ദേശീയ സംസ്കാരങ്ങൾ ഇല്ലാതാക്കുന്ന ക്രൂരമായ പ്രവൃത്തികളായിരുന്നുവെന്ന് അയോമ ചിസൂക്കോ അഭിപ്രായപ്പെടുന്നുണ്ട്. അവരുടെ അഭിപ്രായത്തിൽ യുദ്ധമുഖത്ത്, പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യാസമില്ല. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ കാര്യത്തിൽ, വൻകരയും ദ്വീപും തമ്മിൽ വ്യത്യാസമില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ കൃത്യമെന്നും അവർ പറയുന്നുണ്ട്. ഇത്തരം ഉയർന്ന ചിന്താഗതി പുലർത്തുമ്പോഴും തന്റെയുള്ളിലെ വംശീയ അഭിമാനം പൂർണമായി ഇല്ലാതാക്കാൻ അവർക്കു കഴിയുന്നുമില്ല.
തായ്‍വാൻ സൗന്ദര്യം –തായ്‍വാനിലെ ഒരു ടൂറിസ്റ്റ് സ്പോട്ട്
ദക്ഷിണ വികസന നയത്തെയും സാംസ്‌കാരിക അധിനിവേശങ്ങളെയും എതിർക്കുമ്പോഴും ഇത്തരം മാറ്റങ്ങൾ തായ്‌വാനെ ബാധിച്ചതെങ്ങനെയെന്ന് മനസ്സിലാക്കുന്നതിൽ അയോമ ചിസൂക്കോ പരാജയപ്പെടുന്നു. ഒരു അസംസ്കൃത കല്ലിനെ തിളങ്ങുന്ന രത്നക്കല്ലാക്കി മാറ്റുന്നതുപോലെ ജാപ്പനീസ് സാമ്രാജ്യം തായ്‌വാനിൽ ചില അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതായി ഒരിക്കൽ അവർ പറയുന്നുണ്ട്. ഒരു സഞ്ചാരിയായ എഴുത്തുകാരിയുടെ കൗതുകത്തിനപ്പുറം ദ്വീപിനെ മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ലെന്നത് വ്യക്തമാണ്. ജാപ്പനീസ് വസ്ത്രവും ഭക്ഷണവും നൽകി ചി-ചാനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന അവരുടെ മനോഭാവം ഈ അധിനിവേശ രാഷ്ട്രീയത്തിന്റെ വ്യക്തിതല പ്രതിഫലനമായി മാറുന്നു. അപ്രകാരം, പരസ്പരം പ്രണയമുണ്ടായിട്ടുപോലും അധിനിവേശത്തിൽനിന്നുടലെടുത്ത സാമൂഹിക അസമത്വങ്ങൾ ഈ രണ്ടു സ്ത്രീകൾക്കിടയിൽ മതിലുകൾ തീർക്കുന്നു.
ആഖ്യാനത്തിൽ പറഞ്ഞിരിക്കുന്ന രുചികളെക്കുറിച്ചും രസക്കൂട്ടുകളെക്കുറിച്ചും സൂചിപ്പിക്കാതെ തായ്‌വാൻ ട്രാവലോഗിന്റെ വായന പൂർണമാകില്ല. ഭക്ഷണ വിഭവങ്ങളുടെ പേരുകളാണ് നോവലിൽ അധ്യായങ്ങൾക്കു നൽകിയിരിക്കുന്നത്. ഓരോ കാലാവസ്ഥക്കും ഇണങ്ങുന്ന വിഭവങ്ങളുടെ വിവരങ്ങൾ ആഖ്യാനത്തിൽ കാണാം. അപ്രകാരം ഋതുക്കളെ അടയാളപ്പെടുത്താനും ഭക്ഷണത്തെ ഉപയോഗിച്ചിരിക്കുന്നു. അധിനിവേശത്തിന്റെ ഫലമായി ഇല്ലാതെയായേക്കാവുന്ന തായ്‌വാനീസ് ഭക്ഷണ സംസ്കാരത്തെ കൃത്യമായി പകർത്താനും ആ അറിവ് രേഖപ്പെടുത്തിവെക്കാനും അയോമ ചിസൂക്കോ ആഗ്രഹിക്കുന്നുണ്ട്. അവർ കഴിക്കാനാഗ്രഹിച്ച ഒരു പ്രത്യേകതരം തായ്‌വാനീസ് വിഭവത്തെപ്പറ്റി സംസാരിക്കുമ്പോൾ ഓരോ കുടുംബത്തിനും അവരുടെ സാമ്പത്തികനിലയും ഭക്ഷണ ശീലങ്ങളും അനുസരിച്ച് സ്വന്തമായ പാചകക്കുറിപ്പുകളുണ്ടെന്ന് ചി-ചാൻ പറയുന്നു. ഇവിടെ ഭക്ഷണം സാമൂഹിക വിഭജനത്തിന്റെ ഒരു പ്രതീകമായും മാറുന്നു.
‘തായ്‌വാൻ ട്രാവലോഗി’ന് 2021ൽ ഗോൾഡൻ ട്രൈപോഡ് അവാർഡ് ലഭിച്ചു. ലിൻ കിങ്ങിന്റെ ഇംഗ്ലീഷ് വിവർത്തനം 2024ൽ ഗ്രേവോൾഫ് പ്രസ് ആണ് പ്രസിദ്ധീകരിച്ചത്. 2024 ൽ, ഇത് വിവർത്തന സാഹിത്യത്തിനുള്ള യു.എസ് നാഷനൽ ബുക്ക് അവാർഡ് നേടി. യാങ് ഷ്വാങ് സി ബുക്കർ പുരസ്കാരം നേടുന്ന ആദ്യത്തെ തായ്‌വാനീസ് എഴുത്തുകാരിയാണ്. മാത്രമല്ല, മാൻഡറിൻ ചൈനീസ് ഭാഷയിൽനിന്ന് വിവർത്തനം ചെയ്ത് ബുക്കർ പുരസ്കാരം നേടുന്ന ആദ്യകൃതിയാണ് ‘തായ്‌വാൻ ട്രാവലോഗ്’. ഒരേ സമയം പ്രണയകഥയായും മുറിപ്പെടുത്തുന്ന അധിനിവേശാനന്തര നോവലായും വിജയിക്കുന്ന ‘തായ്‌വാൻ ട്രാവലോഗി’ന്റെ പല തലങ്ങളെക്കുറിച്ചുള്ള സമ്പന്നമായ ചർച്ചകൾ തങ്ങൾ ആസ്വദിച്ചതായി ബുക്കർ പുരസ്‌കാര വിധികർത്താക്കളുടെ സമിതി അധ്യക്ഷ നടാഷ ബ്രൗൺ അഭിപ്രായപ്പെട്ടു. ആകർഷണീയവും തന്ത്രപരവുമായ ഒരു ആധുനിക നോവലാണ് ‘തായ്‌വാൻ ട്രാവലോഗ്’ എന്ന് അവർ കൂട്ടിച്ചേർത്തു.
അധികാര അസന്തുലിതാവസ്ഥ വ്യക്തികൾക്കിടയിലും രാഷ്ട്രങ്ങൾക്കിടയിലും സൃഷ്ടിക്കുന്ന സംഘർഷാവസ്ഥയാണ് ‘തായ്‌വാൻ ട്രാവലോഗ്’ എന്ന നോവലിന്റെ കാതൽ. അധികാരസ്ഥാനത്തുള്ളവർക്കല്ല, അധിനിവേശമനുഭവിക്കുന്നവർക്കാണ് അത്തരം അസന്തുലിതാവസ്ഥയുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. തായ്‌വാന്റെ ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിന്റെ രേഖപ്പെടുത്തൽകൂടിയാണ് ഈ നോവൽ.
നോവലിലെ കഥാപാത്രമായ എഴുത്തുകാരി അയോമ ചിസൂക്കോയെപ്പോലെ വൻകരയിലും ദ്വീപിലും വളർന്നവരുടെ പെരുമാറ്റരീതികളിലെ ഉപരിപ്ലവമായ വ്യതിയാനങ്ങൾ മനസ്സിലാക്കാനും അധിനിവേശത്തിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന തദ്ദേശീയ രുചികൾ രേഖപ്പെടുത്തിവെക്കാനുമല്ല യാങ് ഷ്വാങ് സി ശ്രമിക്കുന്നത്. മറിച്ച്, അധിനിവേശം ഒരു പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലുണ്ടാക്കുന്ന സംഘർഷങ്ങളെയും വിവേചനങ്ങളെയും മുൻവിധികളേയും തുറന്നുകാട്ടി ഇന്നും തർക്കപ്രദേശമായി നിലനിൽക്കുന്ന തായ്‌വാനിലെ ജനങ്ങളെ ഭാവിയെപ്പറ്റി ചിന്തിക്കാൻ ‘തായ്‌വാൻ ട്രാവലോഗി’ലൂടെ അവർ പ്രേരിപ്പിക്കുന്നു.
======================
*‘കുസുമേ കുസുമോത്പത്തി, ശ്രൂയതേ ന ദൃശ്യതേ’ (പൂവിൽനിന്ന് പൂവുണ്ടാകുക എന്നത് കേൾക്കുകയോ കാണുകയോ ഉണ്ടായിട്ടില്ല) എന്ന സമസ്യ മഹാകവി കാളിദാസൻ ‘ബാലേ തവ മുഖാംബുജേ ദൃഷ്ടം ഇന്ദീവര ദ്വയം’ (ബാലികേ നിന്റെ മുഖകമലത്തിൽ (കണ്ണുകളാകുന്ന) രണ്ടു കരിങ്കൂവളപ്പൂവുകൾ കാണപ്പെടുന്നു) എന്നു പൂരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.