‘ടൈറ്റാനിക്’ എന്നുപേരുള്ള ഈ ബഹുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന ‘വൈറ്റ് സ്റ്റാർ’ എന്ന മാർജിൻ ഫ്രീ ഷോപ്പിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഞങ്ങൾ നാട്ടുകാർ ‘സ്റ്റാർ ഉണ്ണി’ എന്ന് ആരാധനാപൂർവം വിളിച്ചിരുന്ന വി.ഡി. ഉണ്ണികൃഷ്ണനിപ്പോൾ.
ഒരിക്കൽ ഈ ഉണ്ണിച്ചേട്ടൻ ഞങ്ങളുടെ നാട്ടിലെ നക്ഷത്രത്തിളക്കമുള്ള ഒരു വീഡിയോഗ്രാഫർ ആയിരുന്നു. ചിങ്ങവും വിഷുവുമൊക്കെയായാൽ അയാൾക്ക് നീണ്ട നാലു കൈയും കാലുമൊക്കെ വെച്ചതായി ഞങ്ങൾക്ക് തോന്നും. ആ ഫ്രെയിമിനുള്ളിൽ ഒന്ന് കടന്നുകൂടാൻ ആത്മാനുരാഗമുള്ള, ഉള്ളിൽ അൽപം തരളിതപ്പച്ചയുള്ള ഏതൊരു മനുഷ്യനും കൊതിക്കും. അതായത്, കല്യാണക്കാലമെന്നാൽ സ്റ്റാർ ഉണ്ണിയുടെ പുഷ്‍കല സുരഭില കാലം എന്നർഥം.
കങ്കാരു കുഞ്ഞുങ്ങൾ തല പുറത്തിട്ടിരിക്കുന്നതുപോലെ വിവിധയിനം കാമറ ലെൻസുകൾ തല നീട്ടിയിരിക്കുന്ന കീഴ് പോക്കറ്റുകൾ ഉള്ള ഓവർ കോട്ട്. പറ്റെവെട്ടി മെഴുകിട്ട് മിനുക്കിയ ‘റ’ മീശ. നാലോ ആറോ പോക്കറ്റും പിന്നെ കെട്ടും പൂട്ടും ഒക്കെയുള്ള കാർഗോ പാന്റ്സ്. വേട്ടക്കാരന്റെ കറുത്ത കൂർമ്പൻ തൊപ്പി. ചുണ്ടിൽ എരിയുന്ന വെളുത്ത പഞ്ഞി സിഗരറ്റ്. കാതിൽ ചരട് തൂങ്ങുന്ന കണ്ണട. പ്രതാപങ്ങളായി നീട്ടിവളർത്തിയ ചെമ്പൻ മുടി. വിരലുകളിൽ പച്ചയും ചുവപ്പും കല്ലുെവച്ച മോതിരങ്ങൾ. അങ്ങനെ...
കാമറയുടെ വ്യൂ ഫൈൻഡൻ എന്ന തൊപ്പിക്കണ്ണിലൂടെ അയാൾ നോക്കുമ്പോൾ, ഏതു ലോകമാണ് കാണുന്നതെന്നറിയാതെ ഞങ്ങൾ അത്ഭുതപ്പെടുമായിരുന്നു. ഏതാനും ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാൽ നമ്മുടെ നാട് എഴുപത്തിയേഴാമത് സ്വാതന്ത്യദിനം ആഘോഷിക്കുന്നതിന്റെ തലേ ദിവസം, അന്നാണ് ഞാൻ അയാളെ ഏകദേശം രണ്ടര വർഷത്തിനുശേഷം വീണ്ടും അവിടെ െവച്ച് കാണുന്നത്.
ഇടുങ്ങിയ പാർക്കിങ് ഏരിയയിൽ വണ്ടിയൊതുക്കി തിരിയുമ്പോൾ അയാൾ പറഞ്ഞു:
‘‘സർ, സ്കൂട്ടറിന്റെ കീ അതിൽ തന്നെ വച്ചിരുന്നാൽ മതി. ഞാൻ നോക്കിക്കൊള്ളാം.” തിരിഞ്ഞുനോക്കുമ്പോൾ തൊട്ടു പിന്നിൽ അതാ, പരിചയഛായയുള്ള ഒരാൾ വെടിപ്പു കുറഞ്ഞ ചിരിയോടെ നിൽക്കുന്നു!
ചീട്ട് കശക്കുംപോലെ ഓർമകളെ ഇഴതെറ്റാതെ ചിക്കി നിൽക്കവെ ഒരൊറ്റ കൊത്തിൽ ജാതകവും ഭാവിയും പറയുന്ന ഒരു തത്തയുടെ വിചാര വേഗത്തിൽ അയാൾ തലയിൽ ധരിച്ചിരുന്ന തൊപ്പി ഊരിമാറ്റി എന്റെ മുന്നിൽ കൂനിനിന്നു. തെളിച്ചമില്ലാത്തയിടത്തേക്ക് വെളിച്ചം അടിക്കുമ്പോൾ സ്വയം വെളിച്ചമായി മാറുന്ന ചില ഭൗതിക വസ്തുക്കളില്ലേ, അതു പോലെയായിരുന്നു പിന്നീട് അയാളുടെ വെളിപ്പെടുത്തലുകളെല്ലാം.
ജനങ്ങൾ വന്നും പോയീം ഇരുന്ന ആ നടവഴിയിൽ തന്നെ നിന്നയാൾ തന്റെ ദുരിതങ്ങളുടെ കല്ലും മണ്ണും നിറഞ്ഞ അവൽപ്പൊതി അഴിച്ചു. അതെല്ലാം അങ്ങനെ ഒറ്റയൊറ്റ നിശ്വാസത്തിലും ഇരട്ടപ്പെരുക്കത്തിലും കേട്ടുനിൽക്കെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ച് ആയിരത്തി അഞ്ഞൂറോളം യാത്രക്കാർ മുങ്ങിമരിച്ച ആ കപ്പൽ എന്റെ കൺമുന്നിലെന്നോണം പതിയെ ആടിയുലഞ്ഞു. അതിൽ ഒരാളായി ഞാനും പിന്നെ അയാളും. ഒപ്പം ഈ പ്രപഞ്ചവും.
പിന്നെ ആ കപ്പൽ അങ്ങനെ നടുക്കടലിൽ മുങ്ങാൻ തുടങ്ങിയപ്പോൾ ആത്മവിശ്വാസത്തിന്റെ ഒരു നേർത്ത ചരട് എറിഞ്ഞുകൊടുത്ത് ഞാൻ ഇങ്ങനെ പറഞ്ഞു:
“പോട്ടെ ഉണ്ണിച്ചേട്ടാ... എല്ലാം മാറും. എല്ലാം ശരിയാകും. പഴയതിലും കരുത്തോടെ നിങ്ങൾ മടങ്ങിവരും. തൽക്കാലം ഈ തൊഴിൽ നല്ലതാണ്. വെറുതെ എല്ലാരേം കാണുമ്പോൾ ഇങ്ങനെ കൂനണ്ട. വിനയം മതി വിധേയത്വം വേണ്ട. പുറമേ അൽപംകൂടി ഉഷാറായി നിൽക്കണം. കാഴ്ചയിൽ ഒരു മേജർ ജനറൽ ആണെന്നൊക്കെ തോന്നിക്കണം. അത്രയൊക്കെ മതി.’’
അതുകേൾക്കെ മുഖത്ത് വലിഞ്ഞുകൂടിയ എല്ലാ ദുരിത കാർമേഘക്കോളുകളും അയച്ച് അയാൾ ഒന്നു ചിരിച്ചു.
സത്യത്തിൽ ഭീകരമായ ഒരു അതിവൈകാരികതയുടെ ചെളിക്കുണ്ടിലേക്ക് കഴുത്തറ്റം ആഴ്ന്നുപോകാൻ സാധ്യതയുള്ള ഒരു നിമിഷമായിരുന്നു അത്. കെട്ടിപ്പിടിച്ച് കരയാനും സങ്കട പ്രബോധനങ്ങൾ കേട്ട് ബോറടിക്കാനും പരാധീനതകളിൽ ഒന്നും സഹായിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ‘വിധി’, ‘ഈശ്വരൻ’ എന്നിത്യാദി ഉപദംശങ്ങൾ വിളമ്പി വെറുതെ എനിക്കൊരു ഉപദേശിയാകാമെന്നല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് മറ്റാരെക്കാളും എനിക്കറിയാമായിരുന്നതുകൊണ്ടാണ് ആ തോന്നലിനെ ഇത്തരം ഭംഗിവാക്കുകളാൽ അലങ്കരിച്ച് ലഘുവായി നേരിട്ടത്.
വേലി കെട്ടിയതുപോലുള്ള ആ ഫ്രെയിമിനുള്ളിൽനിന്നും പുറത്തു കടക്കാനാകാതെ നിൽക്കുമ്പോൾ, ശരിക്കും തന്തക്കും തള്ളക്കും വിളിക്കാൻ തോന്നിയത് നാട്ടിലെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെയായിരുന്നു. അത്താഴത്തിന് കഴിച്ച മീനും അത് പാകംചെയ്ത കറിച്ചട്ടിയും അഞ്ചു വിരലും ഈമ്പി പാത്രം നക്കിത്തുടക്കുന്നതുവരെ വീഡിയോയായും ചിത്രങ്ങളായും ഇട്ട് മനുഷ്യരെ വെറുപ്പിക്കുന്നവരാരും തന്നെ ഇതുവരെ ഈ മനുഷ്യന്റെ തകർച്ചയോ ഇത്തരമൊരു ഗതികേടോ ഗ്രൂപ്പിനുള്ളിൽ വിളമ്പിയിട്ടില്ല. എന്നെപ്പോലെ നാടുവിട്ട് മാറിപ്പോയവരെ കൂട്ടിപിടിക്കാനെന്ന് പറഞ്ഞ് തുടങ്ങിയ പുതിയ ക്ലോസ്ഡ് ഗ്രൂപ്പിലും ഇക്കാര്യമൊന്നും വന്നിട്ടുണ്ടായിരുന്നില്ല.
ഞാൻ ആ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ തന്ത പ്രമാണിമാരെയും അവരുടെ പിതൃപരമ്പരകളെയും പൂരപ്പാട്ടിന്റെ താളത്തിൽ മനസ്സാ സ്മരിച്ചുകൊണ്ട് ഉണ്ണിച്ചേട്ടന്റെ മുന്നിൽ ഔട്ട് ഓഫ് ഫോക്കസ് ആകാത്ത സ്ക്രീൻ പ്രസൻസോടെ കട്ടക്ക് നിന്നു. അപ്പോഴും പറുദീസയിൽനിന്ന് നരകവാരിധിയിലേക്ക് ആ മനുഷ്യൻ എങ്ങനെയാണ് കേവലം ഒന്നോ രണ്ടോ വർഷത്തിനിടയിൽ വീണുപോയതെന്ന് തിരിച്ചറിയാത്ത എന്റെ പതുങ്ങലിനൊരു ഇരുണ്ട ദുഃഖത്തിന്റെ ഛായ ഉണ്ടായിരുന്നു.
2
ഭൂതസ്മരണകൾ ഇരമ്പുന്ന ‘ടൈറ്റാനിക്’ എന്ന കൂറ്റൻ കപ്പലിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ വലിയ കെട്ടിടത്തിനരികിലൂടെ പോകുമ്പോഴെല്ലാം പണ്ടൊരു ഗ്രീഷ്മത്തിൽ ഇംഗ്ലണ്ടിൽനിന്ന് ന്യൂയോർക്കിലേക്ക് ആറു ദിവസത്തെ യാത്രക്കായി പുറപ്പെട്ട ആ ആഡംബര കപ്പലായി ഈ കെട്ടിടത്തെയും അതിനുനേരെ ഒളിച്ചും പതുങ്ങിയും എത്തിയ മഞ്ഞുപാളിയായി ഈ നഗരത്തെയും ഞാൻ പലപ്പോഴും രസകരമായി സങ്കൽപിക്കാറുണ്ട്.
പുറത്തുനിന്ന് കണ്ടാൽ കടലാഴങ്ങളിലേക്ക് ഇറങ്ങിനിൽക്കുന്ന ആ കപ്പലിന്റെ ഭാഗമാണെന്ന് തോന്നിച്ചിരുന്ന ഒരു മാർജിൻ ഫ്രീ ഷോപ്പായിരുന്നു, അത്. കപ്പലിൽ വെള്ളം കയറിയാൽ ആദ്യംതന്നെ മുങ്ങിപ്പോകുന്ന ഒരു കമ്പാർട്ട്മെന്റ്. ഒരിക്കൽ ഇതേ നഗരത്തിന്റെ മറ്റൊരു കോണിലായിരുന്നു ഡബിങ്ങും എഡിറ്റിങ്ങും മിക്സിങ്ങുമൊക്കെ ചെയ്തിരുന്ന ഉണ്ണിച്ചേട്ടന്റെ ‘ബ്ലൂസ്റ്റാർ’ എന്ന സ്റ്റുഡിയോ. ചില സിനിമാതാരങ്ങൾ, ഡബിങ് ആർട്ടിസ്റ്റുകൾ, സംവിധായകർ എന്നിവരെയൊക്കെ ഞങ്ങൾ ആദ്യമായി കണ്ടത് ആ മുറ്റത്തുെവച്ചാണ്.
ശരിക്കും ഞങ്ങൾക്കത് പുതുമയുള്ളൊരു കാഴ്ചയായിരുന്നു. ഒന്നോ രണ്ടോ മുറുക്കാൻ കടയും അത്രതന്നെ പലവ്യഞ്ജന കടകളും ‘കവിത ടെക്സ്റ്റയിൽസ്’ എന്നൊരു തുണിക്കടയും മീൻ തലക്കറി സ്പെഷ്യൽ കിട്ടുമായിരുന്ന ഒരു കള്ള് ഷാപ്പും തെറ്റിയാറിന്റെ തീരത്തായി ഗണപതിയണ്ണന്റെ സൈക്കിൾക്കടയുമൊക്കെയായി ഒതുങ്ങിനിന്നിരുന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൽ ഇങ്ങനെയൊരു സ്ഥാപനം അലങ്കരിച്ച കേക്കിനു മുകളിൽ െവച്ച കുഞ്ഞ് ചെറിപ്പഴംപോലെയായിരുന്നു.
നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ അതിനോടു ചേർന്നുതന്നെ വീഡിയോ കാസറ്റുകൾ വാടകക്ക് കൊടുക്കുന്ന ‘ബേബി മൂൺ’ എന്ന ഒരു കടയും ഉണ്ണിച്ചേട്ടൻ തുടങ്ങി. പത്ത് രൂപ മുതൽ ഇരുപത്തിയഞ്ച് രൂപക്ക് വരെ ദിവസ വാടകക്ക് കാസറ്റുകൾ കിട്ടിയിരുന്ന ആ വീഡിയോ കടക്ക് മുന്നിലൂടെ പോകുമ്പോൾ രജനികാന്തിന്റെയും കമൽഹാസന്റെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ചിത്രങ്ങൾ സെവന്റി എം.എം സ്ക്രീനിൽ കിടന്ന് തുള്ളിത്തുടിക്കും.
എപ്പോഴും തിരക്കായിരുന്ന അയാൾക്ക് യുദ്ധസമാനമായ വേഗത്തിൽ പായുന്ന ഒരു ഓമ്നി വാനും പിൻ സീറ്റുകൾക്ക് വിസ്താരമുള്ള ടവേര എന്ന കാറും ഉണ്ടായിരുന്നു. അങ്ങനെ ആർക്കും എളുപ്പത്തിൽ ഓവർടേക്ക് ചെയ്തു കയറാൻ കഴിയാത്ത റേറ്റിങ് കൂടിയ ഒരു സംഭവമായിരുന്നു സ്റ്റാർ ഉണ്ണിയും അയാളുടെ സംരംഭങ്ങളും. അയാളുടെ ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള കാരണങ്ങളെ ചുരുക്കിപ്പറഞ്ഞാൽ, സംഭവിച്ചത് ഇത്രയുമായിരുന്നു.
അങ്ങോളം ഇങ്ങോളമുള്ള പാച്ചിലിനിടയിൽ എപ്പോഴോ ശ്വാസകോശങ്ങളിൽ ക്ഷയരോഗം കടന്നൽക്കൂടൊരുക്കി. ഇടിമുഴക്കമിട്ട് ഇടവേളകളിൽ വന്നിരുന്ന ചുമ അതിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാനായില്ല. എല്ലാം വൈകി. നെഞ്ചിൽ മുഴങ്ങിയ അപശബ്ദങ്ങൾക്ക് പിന്നിൽ സൂക്ഷ്മമായി എഡിറ്റ് ചെയ്യാത്ത ഉപേക്ഷയും ഉണ്ടായിരുന്നു. നാലഞ്ച് ചിങ്ങവും കല്യാണക്കാലവും കഴിഞ്ഞപ്പോൾ നെഞ്ചിലെ കടന്നൽക്കൂട് മുഴുത്തു. ഓരോ ചുമയും ഓരോ ഫ്രീ കിക്കിന്റെ മുഴക്കമായി.
ഇരുട്ടും നിഴലും വീണ നീണ്ട ആശുപത്രിവാസം തൊഴിലിന്റെ ഫ്ലാഷ് ലൈറ്റുകളെ ഒന്നൊന്നായി കെടുത്തി. എഡിറ്റിങ് ടേബിളിൽ ജീവിതം അങ്ങനെ വെട്ടിക്കൂട്ടിയ മട്ടിൽ കിടന്നു. പിന്നാലെ വന്ന കൊറോണകൂടിയായപ്പോൾ ചിത്രം പൂർത്തിയായി. അയാളുടെതന്നെ ഭാഷയിൽ പറഞ്ഞാൽ, ‘ഉടൽ ഒരു കുറ്റിപ്പെൻസിൽ പോലെയായി’. അതോടെ, ആ കപ്പൽ അപായമണി മുഴക്കി മുങ്ങാൻ തുടങ്ങി.
അത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ, അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട ആ ആഡംബര കപ്പലിനുള്ളിലായി കഴിഞ്ഞിരുന്നു. അതുകൊണ്ടാകണം, അപ്പോഴത്തെ ആ നിൽപിന് ഇണങ്ങുന്ന വിധം ഉണ്ണിച്ചേട്ടൻ ഇങ്ങനെ പറഞ്ഞത്:
“മൂടൽമഞ്ഞ് കാരണം ഭീകരമായ ആ മഞ്ഞുമലയെ ടൈറ്റാനിക്കിൽ ഉണ്ടായിരുന്നവർക്ക് കാണാൻ കഴിഞ്ഞില്ലല്ലോ. തിരക്കുകൾക്കിടയിൽ വന്നുപോയിരുന്ന ചുമയും ഏതാണ്ട് അതുപോലെയായിരുന്നു. ഒരു ചുക്കുകാപ്പിയോ താലീസ് മിഠായിയോ കുരുമുളകിട്ട ഒരു മുട്ടയോ നാരങ്ങ ചേർത്ത ഒരു പൈന്റോ ഒക്കെ കഴിക്കുമ്പോൾ ചെറിയൊരു ആശ്വാസം തോന്നും. അന്നേരം കാമറയും എടുത്തുകൊണ്ട് പായും. ഒടുവിൽ കപ്പൽ തകർന്നു. ആ രാത്രിയിൽ കടലിൽ ചന്ദ്രന്റെ പ്രകാശവുമില്ലായിരുന്നു.’’ ഞാൻ ആ ആടിയുലയുന്ന കപ്പലിലും കടലിലും ഇല്ലെന്ന് അന്നേരം അയാളെ ബോധ്യപ്പെടുത്തേണ്ടത് എന്റെ ആവശ്യമാണെന്ന് തോന്നി. കാരണം, ഇങ്ങനെ ചില രോഗങ്ങൾക്ക് ഏതാനും ഒറ്റമൂലികൾ കഴിച്ചുകൊണ്ട് ഞാനും എന്റെ കപ്പൽ അങ്ങനെ ഓടിക്കുകയാണ്. തിരയും ചുഴിയും തള്ളി ആ മുങ്ങുന്ന കപ്പലിൽനിന്ന് പുറത്തേക്ക് ചാടിക്കൊണ്ട് ഞാൻ പറഞ്ഞു:
‘‘ശ്രദ്ധിക്കണമായിരുന്നു. അമിത വിശ്വാസമായിരുന്നു എല്ലാത്തിനും കാരണം. അതുകൊണ്ടാണ് കപ്പലിന്റെ അടിത്തട്ടിൽ തിരമാലകൾക്കൊപ്പം മഞ്ഞുപാളി അടിക്കുന്നത് കാണാനാകാതെ പോയത്.’’ പെട്ടെന്ന് വർത്തമാനത്തെ ഒന്നു മുറിച്ചിട്ട് അയാൾ ആ ടൈറ്റാനിക്കിന്റെ മുൻവശത്തായി പാർക്ക് ചെയ്യാൻ ഇഴഞ്ഞ് ഇഴഞ്ഞ് എത്തിയ ഒരു കാറിന് സൈഡ് പറഞ്ഞു കൊടുക്കാൻ ചെറിയ മൂന്ന് പടിക്കെട്ടുകൾ ഇറങ്ങിപ്പോയി. അതേ ജാഗ്രതയോടെ വേഗം മടങ്ങിവന്ന് വർത്തമാനത്തിന്റെ ഒരു ഇഴപോലും പൊട്ടാതെ ഇങ്ങനെ കൂട്ടിച്ചേർത്തു:
‘‘അപകടത്തിൽനിന്ന് ഒരു മൈൽ മാത്രം അകലെയുള്ളപ്പോഴാണല്ലോ ക്യാപ്റ്റൻ ആ മഞ്ഞുമല കണ്ടത്. അന്നേരം അലാറം മുഴക്കിയിട്ടോ സിഗ്നലുകൾ അയച്ചിട്ടോ കാര്യമില്ലായിരുന്നു. പിന്നെ ടൈറ്റാനിക് പോലെ അത്രയും വലുപ്പമുള്ള ഒരു കപ്പലിന്റെ ഗതിമാറ്റാൻ അത്രയും സമയവും പോരായിരുന്നു. ഒരു വേള എന്റെ ജീവിതത്തിന്റെയും. എല്ലാം വളരെ വൈകിപ്പോയി. കേവലം ഒരു ചുമയിൽ തുടങ്ങിയ പ്രയാസങ്ങൾ കോവിഡ് കാലവും കൂടിയായപ്പോൾ മുങ്ങിത്താണു.’’
അന്നേരം സൈഡ് പറഞ്ഞുകൊടുത്ത വണ്ടിക്കാരി പുറത്തേക്ക് ഇറങ്ങിവന്ന് നന്ദിസൂചകമായി അയാളെ നോക്കി ഒന്നുചിരിച്ചു. പ്രായമേറിയിട്ടും കവിളിൽ നുണക്കുഴികൾ ഉണ്ടായിരുന്ന ഒരു പ്രൗഢ. ആ ചിരിയുടെ ഒരു തുണ്ട് എനിക്കുകൂടി പകർന്ന ശേഷം അവർ മുകളിലേക്ക് കയറിപ്പോയി. അന്നേരമാണ് എനിക്കും ആ രണ്ടാമത്തെ നിലയിലേക്കാണല്ലോ പോകേണ്ടതെന്ന വിചാരമുണ്ടായത്.
“ഇതൊന്നും അറിയാതിരിക്കാൻ എത്ര വർഷമായടാ വികാസേ, നീ നാട്ടിൽ നിന്നെല്ലാം പോയിട്ട്? നാലോ അതോ അഞ്ചോ?”
ഉണ്ണിച്ചേട്ടൻ എന്റെ ഷർട്ടിന്റെ കോളറിലൂടെ അകത്തേക്ക് നൂഴ്ന്നുകൊണ്ടിരുന്നു ഒരു പച്ചപ്പുഴുവിനെ ചൂണ്ടുവിരൽകൊണ്ട് നിലത്ത് തട്ടിയിട്ട് ഷൂസുകൊണ്ട് ചതച്ചരച്ചു. ഞാൻ ഒരു നിമിഷം ആ പുഴു ഒരു നേർത്ത രേഖയായി മാറുന്നതും നോക്കിനിന്ന ശേഷം പതുക്കെ പറഞ്ഞു:
‘‘ഏയ്... നാലും അഞ്ചും ഒന്നും അല്ല. അച്ഛൻ മരിച്ചിട്ട് മൂന്ന്. മൂന്നു വർഷം!”
അയാൾ ഭൂതകാലത്തിന്റെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു കഴുതയെപ്പോലെ കുറച്ചുനേരം തൊപ്പി ഊരി പിടിച്ചുനിന്നു.
അയാളെ ആ പണിക്ക് ഏർപ്പാടാക്കിയ ‘വൈറ്റ് സ്റ്റാർ ലൈൻ’ എന്ന കമ്പനിയുടെ പേര് മറ്റെന്തിനെക്കാളും ശ്രദ്ധയാകർഷിക്കത്തക്ക വിധം സുവർണനൂലിൽ തുന്നിയ ഒരു മുദ്രയായി തൊപ്പിയിലും ഷർട്ടിന്റെ ഇരു ഭുജങ്ങളിലും പതിപ്പിച്ചിട്ടുണ്ടായിരുന്നു.
3
ജെയിംസ് കാമറൺ സിനിമയായ ‘ടൈറ്റാനിക്കി’ന്റെ ഒരു പോസ്റ്റർ മഞ്ഞ വെളിച്ചം ചിതറുന്ന ഒരു നിയോൺ ഗ്ലാസ് പെട്ടിയുടെ പുറത്ത് പതിപ്പിച്ച് ആ കെട്ടിടത്തിന്റെ ഉയരമുള്ള പ്രവേശന കവാടത്തിൽ തൂക്കിയിരുന്നു. ലിയോനാർഡോ ഡി കാപ്രിയോയും കേറ്റ് വിൻസ്ലെറ്റും വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ആ ചിത്രം കണ്ടുനിൽക്കെ സിനിമയിൽ അവർ ചേർന്ന് അനശ്വരമാക്കിയ ‘Nearer My God to Thee’ എന്ന പ്രണയഗാനത്തിന്റെ അലയടികൾ മറ്റൊരു തിരപ്പാട്ടായി എന്റെ പിൻകഴുത്തിലൊരു കൂർമ്പൻ മുത്തമിട്ടു.
ഇടക്കിടെ ഞാൻ ആ വെളിച്ചംകൊണ്ട് അലങ്കരിച്ച സിനിമാ ബോർഡിൽ മിഴികൾ കോർത്തു കെട്ടുന്നത് കണ്ടിട്ടാകണം ഉണ്ണിച്ചേട്ടൻ “മുബീനയെ നിനക്കറിയില്ലേ?” എന്നു ചോദിച്ചു. ഞാൻ ഒരു വൈഡ് ഷോട്ടിൽനിന്നും പെട്ടെന്ന് ഒരു മിഡ് ഫ്രെയിമിലേക്ക് ചാടി.
“കണ്ടിട്ടുണ്ട്. പ്രാവ് വളർത്തിയിരുന്ന പീരുക്കണ്ണ് സായ്പിന്റെ ആറ് മക്കളിൽ ഇളയവൾ. പക്ഷേ... പരിചയപ്പെട്ടിട്ടില്ല. അല്ലെങ്കിലും നിങ്ങളെപ്പോലെയുള്ള ഒരാൾക്ക് മാത്രമല്ലേ അത്രയും ഉയരത്തിൽനിന്നൊക്കെ ഒരു തുടുത്ത പഴം പറിച്ചെടുക്കാൻ കഴിയൂ?’’ ഞാൻ ആ ഗാനത്തിന്റെ വയലിൻ കമ്പികളിൽ ഹൃദയം ചേർത്തുെവച്ച് കമ്പനംകൊള്ളുന്ന ഒരു താഴ്ന്ന ശ്രുതിയിൽ പറഞ്ഞു. പഞ്ഞിക്കായപോലെ തൂങ്ങിപ്പോയ അയാളുടെ കവിളുകളിൽ അന്നേരം അസ്തമയ സൂര്യന്റെ നേർത്ത സിന്ദൂരവർണം ഒരു തുടിപ്പായി പടർന്നുകയറി.
തോറ്റാലും ജയിച്ചാലും പ്രണയത്തിൽ ഒരാൾ ഒരിക്കൽ സാഹസികനായിരുന്നെങ്കിൽ പിന്നെ ഏതു പ്രായത്തിലും അയാൾ അങ്ങനെയായിരിക്കും. ആ ഓർമകൾ അയാളെ ഉന്മത്തനാക്കും. അതെ, അയാൾ സാഹസികനാണെങ്കിൽ മാത്രം..! അയാൾ ഒരു കസ്റ്റമറിനെ പടികയറാൻ സഹായിക്കാനായി ഇറങ്ങവേ ഞാൻ കേറ്റ് വിൻസ്ലെറ്റിന്റെ നീലക്കണ്ണുകളിൽ നോക്കിനിന്ന് ഓർത്തു. പടിക്കെട്ടുകൾ കയറിയ കിതപ്പോടെ അയാൾ കൂട്ടിച്ചേർത്തു:
“നമ്മൾ കാരണം മറ്റൊരാൾ ആവശ്യത്തിലേറെ ദുഃഖം അനുഭവിക്കുന്നതിൽപരം സങ്കടം വേറെയുണ്ടോ? കൂടുതൽ പ്രയാസം തോന്നിയത് മൈലാഞ്ചിയും കുപ്പിവളയും അണിഞ്ഞ് ചില നിലാവുള്ള രാത്രികളിൽ എനിക്കുവേണ്ടി മാത്രം അവൾ പാടുമായിരുന്ന കത്തുപാട്ടുകളിലെയും ഒപ്പനപ്പാട്ടുകളിലെയുമൊക്കെ നീണ്ട വരികൾ പലതും അവൾ ആ പിടപ്പുകൾക്കിടയിൽ മറന്നുപോയതിലാണ്!’’
ഉച്ചതിരിഞ്ഞ് മൂന്നുമണി നേരമായിരുന്നു അത്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ നഗരം സ്കൂൾ കുട്ടികളാലും അവരെയും കൊണ്ടുപോകുന്ന വാഹനങ്ങളാലും പൊട്ടിയൊഴുകുന്ന ഒരു ഉഷ്ണജല പ്രവാഹമാകും. തൊട്ടടുത്ത സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സൽ നടക്കുകയാണ്. ഇരുമ്പ് ബൂട്ടുകൾ ഒന്നിച്ചൊരേ താളത്തിൽ ഉരയുന്നതിന്റെയും ബാൻഡുകൾ മുറുകുന്നതിന്റെയും കമാൻഡുകൾ വലിഞ്ഞു മുറുകുന്നതിന്റെയും ഒച്ചയാണ് ചുറ്റിലും. സ്വാതന്ത്ര്യം എന്നാൽ അച്ചടക്കത്തിൽനിന്നും ഉരുവംകൊള്ളുന്ന ഭയം! എനിക്കാണെങ്കിൽ ആ തിരക്ക് പൊട്ടുന്നതിനുമുമ്പ് ഈ ബിൾഡിങ്ങിലെ തന്നെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒരു പുസ്തകശാലയിൽനിന്നും അതേ ദിവസംതന്നെ പ്രകാശനംചെയ്യുന്ന ഒരു പുസ്തകം വാങ്ങണമായിരുന്നു. ഈ നഗരത്തെക്കുറിച്ചുതന്നെയുള്ള ഒരു പത്രപ്രവർത്തക സുഹൃത്ത് എഴുതിയ വലിയ നോവൽ.
രണ്ട് പരിചയക്കാർ എന്നെ നോക്കി ചിരിച്ചുകൊണ്ട് അന്നേരം അതുവഴിയേ കടന്നുപോയി. ഞാൻ വെറുതെ ഓർത്തു. ഞാൻ ഉൾപ്പെടെയുള്ള പുരുഷന്മാർ എന്തിലും ഏതിലും ഒരു കണ്ണാടിക്കാഴ്ചയിലെന്നോണം തന്റെ ജീവിതപങ്കാളിയെ കണ്ടുതുടങ്ങുന്ന ഒരു പ്രായമുണ്ട്. അന്നറിയാം അയാളുടെ കപ്പലിന്റെ അടിപ്പലകയിളകിത്തുടങ്ങിയെന്ന്. അത്തരമൊരു മധ്യവയസ്കന്റെ ആകുലതകളോടെ അയാൾ എന്റെ മുന്നിൽ ഒരു നിശ്ചലചിത്രംപോലെ നിന്നു. ആ ജലം പൊടിഞ്ഞ കണ്ണുകളിൽ ഒരു മൈലാഞ്ചിപ്പാട്ടിന്റെ ഓളം വെട്ടി.
“വിധിയിലും ഭാഗ്യത്തിലുമൊക്കെ വിശ്വസിച്ചിരുന്ന, അമ്പലങ്ങളിൽ മുടങ്ങാതെ പോകുമായിരുന്ന അമ്മയെ എനിക്ക് എങ്ങനെയും കൊണ്ടുപോകാമായിരുന്നു. പക്ഷേ, എടുത്താൽ പൊങ്ങാത്ത ഒരു പുരോഗമനപ്പട്ടം മുതുകിൽ ചുമന്നു നടന്ന അച്ഛനായിരുന്നു എന്നെ വീട്ടിൽനിന്ന് അടിച്ച് പുറത്താക്കണമെന്ന വലിയ വാശി. എങ്കിൽ പിന്നെ ആ കള്ളനും പോലീസും കളിയിൽ തോറ്റുകൊടുക്കരുതെന്ന് എനിക്കും തോന്നി.’’
പണ്ട് സെക്രേട്ടറിയറ്റിന് മുന്നിലെ ഒന്നിലധികം യുവജന പ്രസ്ഥാനങ്ങളുടെ സമരവേദികളിൽനിന്ന് തരാതരംപോലെ മതേതര പൊങ്കാലയും ജനാധിപത്യ ബീഫും നവോത്ഥാന പെറോട്ടയും അടിക്കുന്ന പ്രഫസർ വാസുദേവനെന്ന ഉയരം കുറഞ്ഞ മനുഷ്യനെ ഞാൻ ഒരു വേഗക്കാഴ്ചയിൽ ഓർത്തുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു: “ചേട്ടാ... പലർക്കും പുരോഗമനം പുറത്തിറങ്ങുമ്പോൾ മാത്രം നിവർത്തിപ്പിടിക്കാനുള്ള ഒരു മുത്തുക്കുടയല്ലയോ? സ്വന്തം കാര്യം വരുമ്പോൾ പടിക്കുപുറത്ത് മടക്കിവയ്ക്കും. വീട്ടിനുള്ളിലേക്ക് കുനിഞ്ഞു കയറും. ഇത് ഞാൻ പറഞ്ഞതല്ല, പഴയൊരു മലയാളം അധ്യാപകൻ പറഞ്ഞതാണ്.’’
ഉണ്ണിച്ചേട്ടൻ മറ്റൊരു കപ്പൽച്ചേതത്തിന്റെ തിരക്കോളിൽനിന്ന് എന്തോ ഓർത്തെടുത്തതുപോലെ ചിരിച്ചു.
പിന്നെ അയാൾക്കുമാത്രം കേൾക്കാവുന്ന ഒരു ഒച്ചയിൽ നിശ്വസിച്ചുകൊണ്ട് പറഞ്ഞു: ‘‘മലയാളം അധ്യാപകൻ!’’
എനിക്കന്നേരം കടുപ്പത്തിൽ ചായ കുടിച്ചാൽ കൊള്ളാമെന്ന് തോന്നി.
4
പതിനഞ്ചോ പതിനാറോ നിലകളുള്ള ആ കെട്ടിടത്തിലേക്ക് മനുഷ്യർ അങ്ങനെ ആക്ഷനും കട്ടും ഇല്ലാത്ത ഒരു നീണ്ട ദൃശ്യം പോലെ ഇരമ്പിക്കൊണ്ടിരുന്നു. മുന്തിയ ഇനം വാച്ചുകൾ, തുണിത്തരങ്ങൾ, സുഗന്ധലേപനങ്ങൾ, ഗിഫ്റ്റ് ആർട്ടിക്കിളുകൾ, പുസ്തകങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ മുഖാമുഖം നോക്കിയിരിക്കുന്ന ഒന്നിലധികം കടകളും പകലും രാത്രിയും തിരിച്ചിട്ട് കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് യുദ്ധംചെയ്യുന്ന ഏതാനും ഐ.ടി കമ്പനികളും ഷോപ്പിങ് സെന്ററുകളുമൊക്കെ കഴിഞ്ഞാൽ മറ്റുനിലകളിൽ മനുഷ്യരും പാർത്തിരുന്നു. ഉയരങ്ങളിലേക്ക് പോകുന്തോറും തന്നിൽ തന്നെ വല്ലാതെ ചുരുങ്ങുകയും ഒതുങ്ങുകയും ചെയ്തിരുന്ന മനുഷ്യർ.
“ഒരിക്കൽ ആയിരവും പതിനായിരവും കൊണ്ട് അമ്മാനമാടിയിരുന്ന ഒരു വൈഡ് സ്ക്രീനിൽനിന്നും വെറും പന്ത്രണ്ടായിരം രൂപയിലേക്ക് ഞാൻ ജീവിതത്തെ സൂം ചെയ്ത് ഒതുക്കിയതെങ്ങനെയെന്ന് അറിയാമോ?’’ അയാൾ ചോദിച്ചു.
“മാസം പന്ത്രണ്ടായിരം ശമ്പളം. ഇവിടെ പണിക്ക് ഏർപ്പാടാക്കിയ ഏജൻസിക്ക് മാസം അഞ്ഞൂറ് രൂപ. എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷ്വറൻസ് സ്കീമിൽ ഇരുന്നൂറ്റി അൻപത്. ആൾ കേരള സെക്യൂരിറ്റി ജോബ് സഹകരണ സംഘത്തിൽ ഇരുന്നൂറ്റി അൻപത്. അങ്ങനെ ആയിരം.
ഒരു മാസം സൈക്കിളിൽ കാറ്റടിക്കുക, ബ്രേക്ക് മുറുക്കുക, പഞ്ചർ ഒട്ടിക്കുക, ബൾബ് ശരിയാക്കുക തുടങ്ങിയ ചെറിയ ചെറിയ പണികൾക്കായി മിനിമം ഇരുന്നൂറ് രൂപ. രാത്രി ജോലിയുള്ള ദിവസങ്ങളിൽ കൊതുകുതിരിക്കും ബീഡിക്കും സിഗരറ്റിനും നൂറോ നൂറ്റിയമ്പതോ. വല്ലപ്പോഴും ഒരു ചായയോ എണ്ണ പലഹാരമോ വാങ്ങിക്കഴിച്ചാൽ ഇരുന്നൂറു രൂപ.
രണ്ട് പെൺകുട്ടികൾ പഠിക്കുന്നു. അവരുടെ വിദ്യാഭ്യാസ ചെലവ്. അയ്യായിരം രൂപ വീട്ടുവാടക. രണ്ടായിരത്തോളം രൂപയുടെ മരുന്ന്. ബാക്കി മൂവായിരം രൂപയിലെ പിന്നിക്കീറിയ ജീവിതം. ഞങ്ങൾ രുചികൾ കുറയ്ക്കും. ഗന്ധങ്ങൾക്ക് ഷട്ടർ ഇടും. ആർഭാടങ്ങൾക്ക് മേൽ ഉരുക്കുവേലി കെട്ടും.’’
അയാൾ ഒരാളുടെ മുഖത്തേക്ക് തന്റെ കാമറ തിരിച്ചാൽ അത് ആ പരിസരമാകെ ഒപ്പിയെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് ആ മുഖമോ വസ്തുക്കളോ അവിടെ ഉണ്ടാകില്ല. അങ്ങനെയൊരു കാമറ അയാൾ എന്റെ മുഖത്തേക്കും ശ്രദ്ധയോടെ തിരിക്കുന്നതായി എനിക്ക് തോന്നി. എല്ലാം കേട്ടുകഴിയുമ്പോൾ പിന്നെ ഞാൻ എത്ര ഉണ്ടാകും? എന്നോർത്ത് ഞാൻ ഭയന്നു.
അന്നേരം അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബം ലിഫ്റ്റ് ഇറങ്ങി പുറത്തേക്ക് വന്നു. ഇരു കൈകളിലും പിന്നെ ഒരു ട്രോളിയിലുമായി കുത്തിനിറച്ച കുറേ സാധനങ്ങൾ. മുന്നിൽ നടന്ന കുട്ടിയുടെ കാലിലെ ചെരുപ്പിനുള്ളിൽനിന്നും ശൈത്യകാലത്ത് വരുന്ന ഒരു കിളിക്കുഞ്ഞ് കരയുന്നുണ്ടായിരുന്നു. പതിനായിരങ്ങൾ വില വരുന്ന ഒരു പാവക്കുട്ടി അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി കവിളിൽ ഉരുമ്മിക്കൊണ്ട് തോളിൽ കിടന്ന് മയങ്ങുന്നു. അവരുടെ നിലംപതിഞ്ഞോടുന്ന വാഹനത്തിന് മറ്റു വാഹനങ്ങളുടെ ഇടയിൽനിന്നും പുറത്തേക്ക് ഇറങ്ങാനുള്ള വഴിയൊരുക്കാൻ അയാൾ എന്നെ വിട്ട് പുറത്തോട്ടിറങ്ങി.
ഞാൻ അയാളെത്തന്നെ ഒരു സ്കാനിങ് കാമറയിലെന്നോണം നോക്കിനിന്നു. പിന്നെ ഇങ്ങനെ വിചാരിച്ചു. ഒരു മനുഷ്യൻ ഒരിക്കൽ ചെയ്ത തൊഴിൽതന്നെയാണ് പിന്നെ മറ്റെന്തു തൊഴിൽ ചെയ്യുമ്പോഴും ചെയ്യുന്നത്. മൂന്നോ നാലോ കാമറകൾ വ്യത്യസ്ത ആംഗിളുകളിൽ െവച്ച് ഒരു രംഗം ചിത്രീകരിക്കുന്ന മികവോടെ അയാൾ ഓരോ വണ്ടിയെയും നിയന്ത്രിച്ചു. വിവിധ ഫ്രെയിമുകളിൽ വാഹനങ്ങളെ ഒതുക്കിനിറുത്തി. അതിനുള്ളിലേക്ക് സാധനങ്ങളെല്ലാം ഒരു എഡിറ്റിങ് സൂഷ്മതയോടെ എടുത്തുെവച്ചു. അന്നേരം ആദ്യം തോന്നിയ കൂന് അയാൾക്കില്ലായിരുന്നു.
അയാൾ വീണ്ടും വൈകാരിക പ്രക്ഷുബ്ധതയുടെ കടലിടുക്കിലേക്ക് വീഴാതിരിക്കാനുള്ള എല്ലാ ജാഗ്രതയോടുംകൂടി ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ കെട്ടിടത്തിന് മുന്നിൽ ചേട്ടൻ നിൽക്കുമ്പോൾ ശരിക്കും ടൈറ്റാനിക് കപ്പലിലെ എഡ്വേർഡ് ജോൺസ്മിത്ത് എന്ന കപ്പിത്താൻ തന്നെ.” അയാൾ അതു കേട്ടിട്ടൊന്നും അയഞ്ഞില്ല. കാറ്റു പിടിച്ചതുപോലെ മുറുകി നിന്നു.
പഴയ രൂപഭാവങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂമിശാസ്ത്രത്തിലേക്കുള്ള അയാളുടെ ഷിഫ്റ്റ് ശരിക്കും അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഇറക്കം കുറഞ്ഞ കടുംനീല നിറമുള്ള പാന്റും മഞ്ഞ നിറമുള്ള പരുക്കൻ കോട്ടൺ ഷർട്ടും. ഒരു അടിമവ്യാപാരിയുടെ തലക്കിണങ്ങുന്ന ഇളം നീല നിറമുള്ള ഒരു തൊപ്പി. അടിവശം ഒരു സോപ്പു കീറുപോലെ തേഞ്ഞുതീർന്ന ബ്രൗൺ ഷൂസ്. ഒരു ക്യാപ്റ്റന്റെ കുപ്പായത്തിലെന്നോണം തുന്നിപ്പിടിപ്പിച്ച ഏതാനും നക്ഷത്രങ്ങളും നീണ്ട തൊങ്ങലുകളും വലുപ്പം തീരെക്കുറഞ്ഞ രണ്ട് പോക്കറ്റുകളും ദയനീയമായ അലങ്കാരങ്ങളായി അതിൽ ഉണ്ടായിരുന്നു.
കേവലം മൂവായിരം രൂപയിൽ, മുതിർന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഒരു കുടുംബം ഒരുമാസം ഞെങ്ങിഞെരുങ്ങി കഴിയുന്നതിന്റെ ഭയാനക ദൃശ്യം ആ പുസ്തകശാലയിലേക്കുള്ള പടിക്കെട്ടുകൾ നടന്നു കയറുന്നതിനിടയിൽ ഒരു കണ്ണാടിച്ചിത്രം പോലെ എന്റെ മുന്നിൽ തെളിഞ്ഞുകൊണ്ടിരുന്നു. ആ മനുഷ്യനോടൊപ്പം ആ കുടുംബവും നേർത്ത് നേർത്ത് ഇല്ലാതായിത്തീരുന്ന കാഴ്ച എന്റെ കാൽക്കുഴകളെ തളർത്തി.
‘എനിക്കയാളെ അൽപമെങ്കിലും സന്തോഷിപ്പിക്കാൻ കഴിയുന്ന രണ്ട് വർത്തമാനങ്ങൾ പറയാൻ കഴിയുമായിരുന്നല്ലോ’ എന്ന് ഞാൻ പുസ്തക റാക്കുകൾക്കിടയിലൂടെ വെറുതെ നടക്കുമ്പോൾ ഓർത്തു. ഒന്ന്, എന്റെ വിവാഹത്തിനും വീഡിയോ എടുത്തത് അയാളായിരുന്നു. യാദൃച്ഛികമെന്നുതന്നെ പറയാം ആ വീഡിയോയിലെ പലയിടത്തും ടൈറ്റാനിക് എന്ന സിനിമയിലെ പ്രണയഗാനം ഇയാൾ ചേർത്തിട്ടുണ്ടായിരുന്നു. സിനിമയിലെന്നപോലെ ചില രംഗങ്ങൾ അന്ന് ചിത്രീകരിച്ചപ്പോൾ, നവവധുവിനെക്കാൾ ലജ്ജാലുവായി നിന്ന എന്നെ അയാൾ കളിയാക്കിയത് ചിത്ര എല്ലാ വിവാഹ വാർഷികദിനങ്ങളിലും ഓർത്ത് പറയാറുണ്ട്.
മാത്രമല്ല, ഇടക്കിടെ കാണാൻ തോന്നുന്ന മട്ടിൽ മനോഹരമാണ് ആ വീഡിയോ ഇപ്പോഴും. പിന്നെ മറ്റൊന്ന് സിനിമയോടുള്ള ആരാധന മൂത്ത് ഞാൻ ഒരിക്കൽ അയാൾക്ക് ശിഷ്യപ്പെടാൻ നടത്തിയ ഒരു ശ്രമമാണ്. പണ്ട്, ആദം അഷ്റഫ് എന്ന ഒരാൾ നഗരത്തിലെ ഒരു പൊളിഞ്ഞ ലോഡ്ജിന്റെ റൂഫ് ടോപ്പിൽ അടച്ചുമറയൊന്നും ഇല്ലാതെ നടത്തിയിരുന്ന ‘സത്യൻ ഫിലിം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന സ്ഥാപനത്തിൽനിന്നും സംവിധാനം, തിരക്കഥാ രചന, എഡിറ്റിങ് എന്നിവ ഉൾപ്പെടെയുള്ള ഒരു സിനിമാ കോഴ്സ് ആയിരം രൂപ മുടക്കി, മൂന്നുമാസംകൊണ്ട് പൂർത്തിയാക്കി കടുത്ത സിനിമാ മോഹവുമായി ഈ ഉണ്ണിച്ചേട്ടന്റെ അടുത്ത് ഞാൻ പോയിട്ടുണ്ട്.
അന്നേരം: “എടാ മോനേ, നീ വല്ല സത്യൻ അന്തിക്കാടിന്റെയോ ഐ.വി. ശശിയുടെയോ ലാൽ ജോസിന്റെയോ ഒക്കെ അസിസ്റ്റന്റായി പോ... ഇത് വെറും കല്യാണവും പിറന്നാളുമൊക്കെ ഷൂട്ട് ചെയ്യുന്ന ഡൂക്കിലി സെറ്റപ്പാ. ഇതിലൊന്നും നിന്നാൽ നീ രക്ഷപ്പെടില്ല” എന്ന് എന്നെ ഉപദേശിച്ച് ഇദ്ദേഹം മടക്കിവിട്ടിട്ടുണ്ട്.
‘റ’ മോഡൽ മീശയും പിന്നിലേക്ക് വളർത്തിയ മുടിയും ഒക്കെയായി വീട്ടുമുറ്റത്തുനിന്ന് ഒരു അമ്മാവൻ മട്ടിൽ സംസാരിച്ച ഇയാളോട് അങ്ങനെ ചോദിക്കേണ്ടിവന്നതിലും രണ്ടു മൂന്നു വർഷം അകാരണമായ വിരോധം കൊണ്ടുനടക്കേണ്ടി വന്നതിലുമെല്ലാം പിന്നീടെനിക്ക് എന്നോടുതന്നെ അവമതിപ്പ് തോന്നിയിരുന്നു.
അവസാനിക്കാത്ത ഒരു യാദൃച്ഛികതകൂടി എന്നെ ആ പുസ്തകശാലയിൽ കാത്തിരിപ്പുണ്ടായിരുന്നു. ടൈറ്റാനിക് എന്ന കപ്പലിന്റെ മുങ്ങിത്താഴലിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചില കണ്ടെത്തലുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ‘ടൈറ്റാനിക് -ദുരൂഹതകളുടെ ദുരന്തകാവ്യം’ എന്ന പുസ്തകമായിരുന്നു അത്. ആ പുസ്തകം ഒരുപക്ഷേ, അവിടെ നേരത്തേ ഉണ്ടായിരുന്നിരിക്കാം. വലിയൊരു ആകാംക്ഷയോടെ ഞാൻ അതിലെ ചില താളുകൾ മറിച്ച് വായിച്ചുനോക്കി:
‘‘കപ്പലിന് എന്തെങ്കിലും സംഭവിക്കുകയോ തകർക്കപ്പെടുകയോ ചെയ്താൽ വെള്ളം കയറുന്നതിനെ പ്രതിരോധിക്കുന്ന പതിനാറ് വാട്ടർടൈറ്റ് കമ്പാട്ട്മെന്റുകൾ ആ കപ്പലിൽ ഉണ്ടായിരുന്നു. എന്നാൽ, കപ്പൽ മഞ്ഞുമലയിൽ ഇടിച്ചതോടെ അവയും അവിശ്വസനീയമാം വിധം തകർന്നു. വെള്ളം ഉള്ളിലേക്കു കയറി.
3320 പേർ കപ്പലിൽ ഉണ്ടായിരുന്നിട്ടും ആവശ്യത്തിന് ലൈഫ് ബോട്ടുകൾ ആ കപ്പലിൽ കരുതിയിരുന്നില്ല. 1178 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന 20 ലൈഫ് ബോട്ടുകൾ മാത്രമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. അതായത് കപ്പലിലെ മൂന്നിലൊന്ന് ആളുകളെ മാത്രം ഉൾക്കൊള്ളുന്ന ലൈഫ് ബോട്ടുകൾ മാത്രം!’’
എത്ര വലിയ സുരക്ഷിതമാണെന്ന് കരുതുമ്പോഴും കാണാതെ പോകുന്ന ചെറുതും വലുതുമായ പിഴവുകളെ കുറിച്ചുള്ള ഒരു വിലപ്പെട്ട പുസ്തകമായിരുന്നു അത്.
ഞാൻ സ്നേഹിതന്റെ ‘തലസ്ഥാനം’ എന്ന രാഷ്ട്രീയ നോവലും കൂടെ ആ പുസ്തകവും വാങ്ങി പുറത്തേക്കിറങ്ങുമ്പോഴാണ് സ്വാതന്ത്ര്യദിന പതാകകൾ വിൽക്കുന്ന ഒരാൾ അവിടേക്ക് കയറിവന്നത്. മുഷിഞ്ഞ ഒരു മേൽമുണ്ടും നീട്ടിവളർത്തിയ താടിയും മുടിയും ഒക്കെയുള്ള ഒരു വൃദ്ധൻ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോളം അയാൾക്ക് പ്രായമുണ്ടാകും -എന്നെനിക്ക് ഒറ്റനോട്ടത്തിൽ തോന്നി. ഒരേ വലുപ്പത്തിലുള്ള അനേകം കൊടികൾ ദുർബലമായ ആ കൈക്കുള്ളിൽ മുറുകെ പിടിച്ചിരുന്നു.
അയാൾ എന്നോട് പറഞ്ഞു:
“ഒരു ഭാരതം വാങ്ങിക്കൂ മോനേ... വെറും പത്തുരൂപ. ഒരു ചായക്കാശ്...’’
ഞാൻ ആ മനുഷ്യന്റെ മുഖത്തേക്ക് ഉയർന്നുനോക്കി. പലരും കോടിക്കണക്കിന് വിൽക്കുമ്പോൾ കേവലം പത്തുരൂപക്ക് ഭാരതത്തെ വിൽക്കുന്ന ഒരാൾ! എനിക്കയാളോട് സഹതാപം തോന്നി. ആവശ്യം ഇല്ലെങ്കിലും ഞാൻ ഒരു ‘ഭാരതം’ വാങ്ങി. അയാൾ പല്ലില്ലാത്ത മോണകാട്ടി തനിക്കും ഗൂഗിൾ പേ ഉണ്ടെന്ന് പറഞ്ഞ് ചിരിച്ചു. ഓർത്താൽ ഉള്ളുലഞ്ഞു പോകുന്ന ഒരു അർധനഗ്നനായ മനുഷ്യനെ ഓർമയിലേക്ക് വലിച്ചിടുന്ന ചിരിയായിരുന്നു അത്!
ഈ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യനായി എനിക്കയാളെ തോന്നി. ഞാൻ അയാൾക്ക് നേരെ കൈകൾ വീശി പുറത്തേക്കിറങ്ങി. വണ്ടിയെടുത്ത് സെക്രേട്ടറിയറ്റിനരികിലൂടെ പോകുമ്പോൾ എവിടെനിന്നോ ചീഞ്ഞ പെരുച്ചാഴിയുടെ രൂക്ഷഗന്ധം മൂക്കിലേക്ക് ഇരച്ചുകയറി. സമയം അഞ്ചര കഴിഞ്ഞതിനാൽ താഴെ പ്രസ് ക്ലബ് ഹാളിലേക്ക് ഞാൻ വേഗത്തിൽ വണ്ടിയോടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.