തക്ഷകൻ/ഡ്രാക്കുള മലയാള കവിതയെ ബാധിച്ച വിധം

എൻ.എൻ. കക്കാടിന്റെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കക്കാടിന്റെ കാവ്യലോകമെന്നും അദ്ദേഹത്തിന്റെ ദർശന പരിണാമം വൈചിത്ര്യങ്ങളുടേതാ​െണ ന്നും എഴുതുന്നു. ഒപ്പം, തക്ഷകബിംബങ്ങളു​െട ആവിഷ്‍കാരത്തെക്കുറിച്ചും എഴുതുന്നു. 1956ൽ പുറത്തിറങ്ങിയ ‘ശലഭഗീതം’ തൊട്ട് 1988ൽ അവസാന സമാഹാരമായി പുറത്തിറങ്ങിയ ‘പകലറുതിക്കുമുമ്പ്’ വരെയുള്ള മൂന്നു പതിറ്റാണ്ട് കാലത്തെ കവിതകൾ ബോധ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഓരോ കവിതയും ഖനിച്ചെടുക്കുന്ന മുഖ്യമായ ഒരു വഴിത്താരയുണ്ടാകും. അതായിരിക്കും തന്റെ കാലത്തിൽനിന്നും കവി പിടിച്ചെടുക്കുന്ന സുപ്രധാന ജീവിതതത്ത്വ...

എൻ.എൻ. കക്കാടിന്റെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കക്കാടിന്റെ കാവ്യലോകമെന്നും അദ്ദേഹത്തിന്റെ ദർശന പരിണാമം വൈചിത്ര്യങ്ങളുടേതാ​െണ ന്നും എഴുതുന്നു. ഒപ്പം, തക്ഷകബിംബങ്ങളു​െട ആവിഷ്‍കാരത്തെക്കുറിച്ചും എഴുതുന്നു.

1956ൽ പുറത്തിറങ്ങിയ ‘ശലഭഗീതം’ തൊട്ട് 1988ൽ അവസാന സമാഹാരമായി പുറത്തിറങ്ങിയ ‘പകലറുതിക്കുമുമ്പ്’ വരെയുള്ള മൂന്നു പതിറ്റാണ്ട് കാലത്തെ കവിതകൾ ബോധ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഓരോ കവിതയും ഖനിച്ചെടുക്കുന്ന മുഖ്യമായ ഒരു വഴിത്താരയുണ്ടാകും. അതായിരിക്കും തന്റെ കാലത്തിൽനിന്നും കവി പിടിച്ചെടുക്കുന്ന സുപ്രധാന ജീവിതതത്ത്വ മാർഗത്തെ പ്രതിനിധാനംചെയ്യുന്നത്. കലയിൽ അതുവരെയുണ്ടായിരുന്ന തുടർച്ചയിലെ വിച്ഛേദംകൂടിയായിരിക്കുമത്.

അത്തരത്തിൽ എൻ.എൻ. കക്കാടിന്റെ കാവ്യമണ്ഡലത്തിലേക്ക് കണ്ണോടിക്കുമ്പോൾ 1970ൽ പുറത്തിറങ്ങിയ ‘ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്’, 1971ൽ പ്രസിദ്ധീകരിച്ച ‘പാതാളത്തിന്റെ മുഴക്കം’, 1979ൽ പുറത്തുവന്ന ‘വജ്രകുണ്ഡലം’ എന്നീ സമാഹാരങ്ങളിലെ കവിതകളിൽ, കക്കാടിന്റെ കാവ്യഭാവനയുടെ സർപ്പസാന്നിധ്യം നമുക്ക് ബോധ്യപ്പെടും. പൂർവഗാമികളുടെ നിഴൽരൂപങ്ങളെ പരിപൂർണമായും വെട്ടിമാറ്റുകയും സ്വന്തം കാവ്യതുറമുഖം സൃഷ്ടിച്ചുകൊണ്ട്, മലയാളത്തിൽ ആധുനിക കവിതയിൽ വേറിട്ടൊരു ചാല് കൊത്തുകയും ചെയ്തതിന്റെ അടയാളം ഈ കവിതകളിൽ കാണാം.

കവിത ജഡരൂപമല്ല, ജീവരൂപമാണ് (Biological Species) എന്നാണ് പഴയ കാവ്യമീമാംസകർ കരുതിയിരുന്നത്. അതുകൊണ്ടാണ് കവിതയു​െട ശരീരം, ജീവൻ, ആത്മാവ്, ഗുണദോഷങ്ങൾ അതിന്റെ ആടയാഭരണങ്ങൾ തുടങ്ങിയവയൊക്കെ ചൊല്ലിയുള്ള കാര്യങ്ങൾ പൂർവികർ നിർണയിച്ചു​െവച്ചതെന്നു വിശ്വസിക്കുന്നു. കക്കാട് നിൽക്കുന്നത് പാരമ്പര്യത്തിന്റെ ഉറഞ്ഞ രൂപത്തിലായിരുന്നില്ല. മറിച്ച്, അതിനെ പുതുക്കിപ്പണിയുന്ന ആധുനികചിന്താപദ്ധതിക്കകത്തായിരുന്നു.

‘മറ്റു ജീവരൂപങ്ങൾക്കെന്നപോലെ പരിതസ്ഥിതികളുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന പരിണാമങ്ങൾക്ക് കവിതയും വിധേയമാകുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെവരുമ്പോൾ കാവ്യശരീരത്തിന്റെ ഒരംശമായ മർമസ്ഥാനീയമായ വൃത്തബന്ധം കവിതയോടൊപ്പം രൂപപ്പെട്ടുവരുന്ന ഒന്നാണ് എന്നും പറയേണ്ടിവരും. എല്ലാ ജീവരൂപങ്ങൾക്കും ഒരേതരത്തിലുള്ള ചർമം, ആവരണകല ഉണ്ടാവുക വയ്യ. അവയുടെ ജീവധർമങ്ങൾ വ്യത്യസ്തമായതുകൊണ്ട്.’ (എൻ.എൻ. കക്കാട്, പുതിയ കവിത). ആധുനികത തിളച്ചുമറിഞ്ഞ മലയാള കാവ്യരംഗത്ത് കക്കാട് സ്ഥാപിച്ചെടുത്ത വേറിട്ട സ്ഥിതിപ്രജ്ഞത്വത്തിന്റെ ഗുണങ്ങളെ പ്രതിനിധാനംചെയ്യുന്ന നിരവധി കാര്യങ്ങൾ കക്കാടിന്റെ കവിതയിൽ ഉണ്ടാകുമ്പോൾത്തന്നെ ശ്രദ്ധേയമായ -വേറിട്ടുനിൽപുമുണ്ട്.

പുരക്ഷേപണ കലയാണ് കവിത എന്ന ശൈലിവാദക്കാരുടെ ദർശനം കവിതയെ ഭാഷാവാഹകമാക്കിത്തീർത്ത ഒരു കാലത്ത് പലരീതിയിലുള്ള അവ്യവസ്ഥകളെ ആധുനികത പരിഹരിച്ചു. അതിന് ശാസ്ത്രങ്ങൾ മെനഞ്ഞു. ഭാഷയുടെ അനന്തവൈചിത്ര്യമേറിയ ആഹാര്യങ്ങളിലൂ​െട സഞ്ചരിച്ച് പലതരത്തിലുള്ള ആശയങ്ങൾ, അത് സൃഷ്ടിച്ചു. പുരാവൃത്തങ്ങൾക്ക് നവ്യമായ വ്യാഖ്യാനങ്ങൾ നൽകി. ജീവിതത്തിന്റെ ജടിലതയെ അതു തകർത്തു.

നഗരമനുഷ്യന്റെ അഹന്ത, ആസക്തി, ദുര എന്നിവ കൊണ്ടാടുന്ന ജീവിതക്രമത്തിന് പുരാവൃത്തങ്ങളുടെ ഗൂഢഭാഷാപദ്ധതിയെത്തന്നെ ആധുനികർ സൃഷ്ടിച്ചു. ഹൊറർ കഥകളിലും സിനിമകളിലും നാം കണ്ടിരുന്ന ഡിസ്റ്റോപ്പിയൻ യഥാർഥ്യങ്ങൾ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലേക്ക് മെല്ലെമെല്ലെ അരിച്ചിറങ്ങുന്നേയുണ്ടായിരുന്നുള്ളൂ, അറുപതുകളിലും എഴുപതുകളിലും. നഗരജീവിതത്തിന്റെ അപമാനവീകൃതമായ വ്യവസ്ഥയിൽനിന്നും കക്കാട് ആർജിച്ച ആസുരതക്കെതിരെയുള്ള രാഷ്ട്രീയബോധം തന്റെ കവിതകളിലാണ്, സമൃദ്ധമായ ബിംബശാസ്ത്രം തീർത്തത്.

നവോത്ഥാനകാല മലയാളകവിതയിൽ ആവേശമായി നിലകൊണ്ടിരുന്ന, കെട്ടുറപ്പുള്ള ജനാധിപത്യ രാഷ്ട്രകൂടത്തെക്കുറിച്ചുള്ള സങ്കൽപം കവിതയിൽ ശിഥിലമാകാൻ തുടങ്ങുന്നത് അമ്പതുകളോടെയാണ്. ഇടശ്ശേരിയും വൈലോപ്പിള്ളിയും എൻ.വി. കൃഷ്ണവാരിയരും അത് പല പ്രകാരത്തിലും ആകാരത്തിലും കവിതയിലേക്ക് കൊണ്ടുവന്നു. രാഷ്ട്രനിർമാണത്തിൽ പൗരന്റെ ശക്തമായ സാന്നിധ്യത്തെ സ്വപ്നംകാണുന്ന തലവും മധ്യവർഗബുദ്ധിജീവിയുടെ അകർമണ്യതയുടെ ആലസ്യം നിറഞ്ഞ തലവും വൈലോപ്പിള്ളി കവിതകളിൽ ഏറ്റുമുട്ടുന്നുണ്ട്.

നാടോടിജീവിതത്തിന്റെ ചെറുമാതൃകകളിലേക്ക് നഗരത്തിന്റെ വൻപാലങ്ങൾ കടന്നുവരുന്നത് ഇടശ്ശേരി, കുറ്റിപ്പുറം പാലത്തിലൂടെയാവിഷ്കരിച്ചു. എൻ.വിയാകട്ടെ, മലയാള കവിതയുടെ കാൽപനികയുക്തികൾക്കുള്ളിൽ കഠിനവും പരുഷവുമായ വിളുമ്പ് സൃഷ്ടിച്ചു. കെട്ടകാലത്തിന്റെ, ഭീഷണമായ സാംസ്‌കാരിക മുഖാവരണങ്ങളെ തന്റെ കവിതകളിൽ വലിച്ചുചീന്തി. എൻ.വിയുടെ ഈ പരുഷ സൗന്ദര്യശാസ്ത്രം എൻ.എൻ. കക്കാടിനെ കഠിനമായി ആകർഷിച്ചു. തന്റെ ആദ്യസമാഹാരമായ ‘ശലഭഗീത’ത്തിന് എൻ.വിയാണ് അവതാരിക എഴുതിയത്. മണ്ണിൽ കാലൂന്നിയും വിണ്ണിലേക്ക് കണ്ണുകളൂന്നിയും നിൽക്കുന്ന അരോഗാർജിതമായ ഒരു യുവാവിനെയാണ് ‘ശലഭഗീതങ്ങളിലെ കവിതകളിൽ എൻ.വി ദർശിച്ചത്.

 

‘‘താവകസ്പർശം കൊണ്ടി-

ശ്ശലഭത്തിനു നവ്യ-

ജീവിതം കൈവന്നല്ലോ

സ്നേഹസാമ്രാജ്യക്കൂമ്പേ!’’

തളർന്നുവീഴുന്ന ശലഭത്തിന് താങ്ങും തണലുമായ പൂവിനോടുള്ള സൗഹൃദം ദേശത്തിന്റെ കാവ്യനീതിയുമായി ബന്ധിപ്പിക്കുമ്പോൾ നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതികളെ മൃദുവായി ഓർമിപ്പിക്കുന്നു. സ്നേഹ ‘സാമ്രാജ്യം’ എന്ന പ്രയോഗം ശ്രദ്ധിക്കുമല്ലോ. ആശാന്റെ ‘വീണപൂവ്’ എന്ന കവിതയിൽനിന്നും വിഭിന്നമായ ഒരു ചിന്താധാരയാണിത്. ‘അഭിവാദ്യ’മെന്ന കവിതയിൽ ഇന്ത്യ-ചൈന ബന്ധത്തിന്റെ പഞ്ചശീലതത്ത്വങ്ങ​െള കാവ്യശരീരത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.

‘1963’ എന്ന കാവ്യസമാഹാരത്തി​െല പ്രധാന കവിതകളിലക്കെത്തുമ്പോൾ, ‘ശലഭഗീത’ത്തിലെ കവിതകളിൽനിന്നുള്ള നാഭീനാളബന്ധം മുറിഞ്ഞുപോകുന്നതു കാണാം. ഗ്രാമീണമായ വെള്ളിവെളിച്ചങ്ങൾ എല്ലാം കവിതയിൽ അവസാനിക്കുകയും ആസുരമായ നഗരജീവിതത്തിന്റെ പുരാവൃത്തങ്ങളെ അവ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ആധുനിക കവിതക്ക് മുഖമുദ്ര നൽകിയതിൽ നഗരഭാവനക്കുള്ള പങ്ക് ചെറുതല്ലല്ലോ. വൈലോപ്പിള്ളിയുടെ ‘ആസാം പണിക്കാർ’ രേഖപ്പെടുത്തിയ ജീവിതത്തിന്റെ പൊരുളല്ല ഈ നഗരഭാവനയുടെ ഉണ്മ.

പൈതൃകങ്ങളിൽ വിശ്വാസമർപ്പിച്ച നവോത്ഥാന വ്യവസ്ഥക്കുള്ളിലെ ആഖ്യാനരൂപങ്ങൾ, നിർമിച്ച ക്രമത്തെയാണ് ഈ നഗരഭാവന പരിക്കേൽപിച്ചത്. മൂല്യങ്ങളു​െട ഈ കുഴമറിച്ചിൽ അയ്യപ്പപ്പണിക്കരു​െട ‘കുരുക്ഷേത്രം’ എന്ന കവിത (1954-1957) അടയാളപ്പെടുത്തിയത് ആധുനിക കവിതയിലെ പ്രകടമായ സ്വരഭംഗത്തിനു വഴിതെളിച്ചു. എന്നാൽ, ടി.എസ്. എലിയറ്റിന്റെ കവിതയു​െട അനുകരണം എന്ന നിലക്ക് ഭാരതീയവും കേരളീയവുമായ ധർമസമസ്യകളെ ഒരു വിരുന്നുകാരനെപ്പോ​െല മാത്ര​േമ അവക്ക് അടയാളപ്പെടുത്താനായുള്ളൂ. എലിയറ്റിന്റെ ‘വേസ്റ്റ്ലാൻഡ്’ ഉയർത്തിയ കലാപസ്വരത്തെ ഇന്ത്യൻ നാഗരിക സന്ദർഭത്തിൽനിന്നുകൊണ്ട് അതി തീക്ഷണമായി മലയാളത്തിൽ ചിത്രീകരിച്ചത് എൻ.എൻ. കക്കാടിന്റെ കവിതയാണ്.

‘മി. ടി.എസ്. എലിയറ്റിനുള്ള കത്തിൽനിന്നുള്ള ഒരു ഭാഗം’ എന്ന കവിതയിൽ ഇങ്ങനെ കുറിച്ചിടുന്നു:

‘‘യുഗങ്ങൾക്കുശേഷം ഇന്ന് ഞാനറിയുന്നു

അമൃതകല ഉണരുന്നതിന്നു മുമ്പുള്ള ശാന്തി

ചൂടില്ലാത്ത, തണുപ്പില്ലാത്ത, ഇരുട്ടും വെളിച്ചവുമില്ലാത്ത

ഉദയവും അസ്തമയവുമില്ലാത്ത അവസ്ഥ

ഒരിടിമിന്നലിന്നു വേണ്ടി ഞാൻ തപസ്സ് തുടരുന്നു.

മി. എലിയറ്റ്,

താങ്കൾക്കിതു മനസ്സിലാകുന്നുണ്ടാവില്ല.

ഉരുകുന്ന അസ്ഥിയുടെ കടച്ചിൽ താങ്കൾക്കു മനസ്സിലാവും,

കരിയുന്ന നാഡികളുടെ അമൃതമൊഴുകുന്ന

ശാന്തി താങ്കൾക്കറിയാനിടയില്ല.’’

ഭാഷയുടെ സംസ്കൃതപ്രചുരമായ ഗാംഭീര്യവും ഭാരതീയ ഇതിഹാസത്തില കാളിമാ സ്വരൂപമാർന്ന മിത്തുകളും കൂടിക്കുഴഞ്ഞു മലയാള കാവ്യഭാഷയിലേക്ക് വിരുദ്ധമായ ഒരു സ്വരത്തെ -നിയോക്ലാസിക് പാരമ്പര്യത്തിൽനിന്നും വേറിട്ടുനിൽക്കുന്ന- ഒന്നിനെ കൊണ്ടുവന്നു, എന്നതാണ് കക്കാടിന്റെ കവിതയിലെ വ്യത്യാസം.

തനിക്ക് ലഭിച്ച വേദാധ്യയനവും ഇതിഹാസപഠനങ്ങളും അതിന് കക്കാടിനെ ഏറെ സഹായിച്ചിരിക്കാം. ബാല്യം, അക്കാലത്തെ മാറ്റാരുടെയുമെന്നപോലെ കക്കാടിന്റെ കവിതകളിലും ജീവബിംബം തന്നെയാണ്. നഗരവുമായി കൊമ്പുകോർക്കുന്ന സ്നേഹത്തിന്റെയും മാനവികതയുടെയും ആശയങ്ങളെ അദ്ദേഹം, കണ്ടെടുക്കുന്നത് ഒരുപക്ഷേ ബാല്യത്തിന്റെ ക്രീഡാ ജീവിത മുഖത്തുനിന്നു തന്നെയാവാം. ജീവിതത്തിന്റെ വെണ്ണപ്പാടാശ്രേണികളിൽനിന്നുമെത്തുന്ന ആധുനിക കവികളിലൊക്കെ ഈ പ്രവണതയുണ്ടായിരുന്നു. എന്നാൽ, അമാനവീകരണ ത്വരക്കെതിരെ ബാല്യത്തെയും അവയിലൂടെ സ്വായത്തമാക്കിയ ക്രീഡാമൂല്യങ്ങളെയും കവിതയുടെ മുഖ്യഭാവവുമായി കാക്കാട് കൂട്ടിയിണക്കിയ രീതി ഇതരരിൽനിന്നും ഭിന്നമായിരുന്നു.

‘തീർഥാടനം’ എന്ന കവിതയിൽത്തന്നെ ഇതിന്റെ താത്ത്വികമായ അടിത്തറയുണ്ട്. തീർഥവും തീർഥാടകനും തമ്മിലുള്ള ബന്ധത്തെ ജാതകർമ സങ്കൽപംകൊണ്ട് ഒന്നിപ്പിക്കുന്നു, ഈ കവിതയി​െല ആശയം. അപ്പോഴും, ബാല്യത്തിന്റെ തുടർച്ചകളും ഇടർച്ചകളും പിണഞ്ഞുചേരുന്ന കമനീയമായ ഒരു ജീവിതസങ്കൽപത്തെ ഈ കവിത നൽകുന്നു. കാളിമ പടർന്ന കാലത്തിന്റെ ആയുധങ്ങളെ നേരിടാനുള്ള രക്ഷാകവചമാണ് കക്കാടിന് ബാല്യം. അക്കിത്തത്തിലും സുഗതകുമാരിയിലുമെന്നപോലെ കേവലം ഗൃഹാതുരമായ ഒരോർമയായി അവയാവർത്തിക്കുന്നില്ല. തന്റെ നഗരകാല കവിതകളിൽ അവയൊട്ടുമില്ല.

 

നഗരത്തെക്കുറിച്ചുള്ള വിദൂഷക ഭാവന

‘1963’, ‘പാതാളത്തിന്റെ മുഴക്കം’, ‘വജ്രകുണ്ഡലം’ എന്നീ കാവ്യസമാഹാരങ്ങളിൽ കക്കാടിന്റെ നഗരാഖ്യാനങ്ങളുടെ കിടിലൻശക്തി ബോധ്യപ്പെടും. നഗരത്തിൽ, പ്രാണനും കൈയിലേന്തിയാണ് നടത്തം എന്ന എൻ.വി. കൃഷ്ണവാരിയരുടെ ഉക്തി കക്കാടിനെ കാര്യമായി പ്രചോദിപ്പിച്ചിട്ടുണ്ട്. ജോലിസംബന്ധമായി നഗരത്തിലേക്ക് കുടിയേറേണ്ടിവന്ന കവിക്ക്, വിധ്വംസകമായ അതിന്റെ യാഥാർഥ്യത്തെ ജീവിതത്തിലുടനീളം അഭിമുഖീകരിക്കേണ്ടിവന്നു. അനുഭവങ്ങളിലെ ഈ അട്ടിമറി കവിതയിലെ പഴയ കുപ്പായങ്ങളെ ഉപേക്ഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. മലയാളത്തി​െല ആധുനികത, ഇളംചൂടുള്ള അതിന്റെ ദർശനരോമക്കുപ്പായത്തെ ഉപേക്ഷിക്കുന്നത് നഗരാനുഭവങ്ങളുടെ നടുവിലാണെന്നു കാണാം. ഇടപ്പള്ളിയുടെ കവിതകളെപ്പറ്റി എൻ.എൻ. കക്കാടിന്റെ സവിശേഷ വായന തന്റെ കാവ്യഭാവുകത്വത്തിന്റെ വേറിട്ട ചില സൂചനകൾ മുമ്പേ നൽകിയിട്ടുണ്ട്.

‘സർവഭക്ഷകവും സർവവ്യാപിയുമായി വളർന്നുവരുന്ന സാമ്പത്തികസമൂഹത്തിൽ ഞെരിഞ്ഞമരുന്ന വ്യക്തിയുടെ ആദ്യരോദനം ആണ് ഇടപ്പള്ളിയുടേത്’ എന്ന് കക്കാട് നിരൂപിച്ചപ്പോൾ കാൽപനിക കവിത എന്നു പേരിട്ടുവളർത്തിയ കാവ്യസങ്കൽപം തന്നെ വിയർത്തുപോകുകയുണ്ടായി.

കാൽപനികത സൃഷ്ടിച്ച ദൗർബല്യങ്ങളുടെയും ദുരന്തങ്ങളുടെയും കാവ്യവിചാരത്തെ ഒഴിവാക്കി ഇടപ്പള്ളി കവിതകളി​െല സാമൂഹികശാസ്ത്രപരമായ ഇടത്തെ പരിഗണിക്കുന്നു, അദ്ദേഹം. ദുരന്തങ്ങൾ വ്യക്തിസാക്ഷ്യങ്ങളല്ലെന്നും സാമൂഹികസാക്ഷ്യങ്ങളാണെന്നുമുള്ള ഒരുറപ്പ് നൽകുന്നതിൽ ഇടപ്പള്ളിയിലൂടെ ആധുനിക കവിതയിലേക്കുള്ള ദൂരത്തെ കക്കാട് അളന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘രാമൻനായർ മരിച്ചു’ എന്ന കവിതയെ മുൻനിർത്തി ‌ഭാവുകത്വത്തിൽ വന്ന മാറ്റത്തെ കക്കാട് കാണുകയുണ്ടായി.

‘ഇതിന്റെ തുടർച്ചയാണ് പുതിയ കവിതയിലെ വിക്ഷോഭകരമായ ഭാവവും ഒന്നിലും വിശ്വാസമില്ലായ്മയും. ലോകനാശത്തെക്കുറിച്ചുള്ള ഭീതി പൊള്ളയായ മാന്യമന്യതയോടുള്ള രൂക്ഷമായ പ്രതികരണം, അർഥമില്ലാത്ത യാന്ത്രികപരിഷ്കാരത്തിലുള്ള വൈരസ്യം ഇവയെല്ലാം കൂടിച്ചേർന്ന് ആലംബനോദ്ദീപകങ്ങളുടെ അകംപുറം മറിച്ചുകളഞ്ഞിരിക്കുന്നു.

(എൻ.എൻ. കക്കാട്, പുതിയ കവിതയും പാരമ്പര്യവും)

പാരമ്പര്യവും കവിതയും തമ്മിലുള്ള ബന്ധത്തെ വീക്ഷിക്കുമ്പോൾ സംസ്കാരവും സർഗാത്മകതയും തമ്മിലുള്ള ബന്ധത്തിന് അദ്ദേഹം അടിവരയിട്ടിട്ടുണ്ട്. സ്വന്തമായുള്ളതിനെ പരിഷ്കരിക്കാതെ അന്യമായതിനെ പിന്തുടരുന്ന ശീലത്തെ അദ്ദേഹം വിമർശിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരം മുന്നോട്ടുവെക്കുന വിജ്ഞാനീയങ്ങൾ, സംസ്കാരങ്ങളുടെ പാശ്ചാത്ഗമനത്തെ എത്രമാത്രം എളുപ്പമാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. സാമ്പത്തികമായി തളർന്നും വിദ്യാഭ്യാസപരമായി വളർന്നും ജനസംഖ്യാ ഭാരംകൊണ്ട് ഞെരിഞ്ഞും കിടക്കുന്ന നഗരങ്ങളിൽ നിലനിൽപിനു വേണ്ടി നടക്കുന്ന പന്തയത്തിൽ ‘അന്യൻ നരകമാകുന്നു’ (Other is Hell) എന്ന ചിന്താധാരക്ക് വളരെ വേഗം വേരോട്ടമുണ്ടാകുന്നു.

ഫ്രോയ്‌ഡിന്റെയും അഡ്‌ലറിന്റെയും സിദ്ധാന്തങ്ങൾ മനുഷ്യാത്മാവിലെ ദേവതാസങ്കൽപത്തെ നേരത്തേതന്നെ തകർത്തെറിയുകയും അവിടത്തെ രതിവൈകൃതങ്ങളുടെ അധികാരദാഹത്തെ കുടിയിരുത്തുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം കൂടിച്ചേർന്ന്, മനുഷ്യാവസ്ഥ​െയ അതിസങ്കീർണമായ ഒരു പ്രഹേളികയാക്കി മാറ്റിക്കളഞ്ഞു. മറ്റൊരു തരത്തിൽ അദ്ദേഹം ഇങ്ങ​െന പറഞ്ഞു. ‘സ്വാതന്ത്ര്യത്തിന്റെ ദിവ്യമൂർത്തിയായി പ്രൊമിത്യൂസിനെ (Prometheus unbound) കണ്ട ഷെല്ലി മുതൽ ദുബലനും നിസ്സാരനുമായ ടെലമാക്കസിനെ (സ്റ്റീഫൻ സെഡാലസ്- യൂളിസസ്) കഥാനായകനാക്കിയ ജയിംസ് ജോയ്‌സിൽ വരെയെത്തുമ്പോഴേക്കും സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച കവി സമൂഹഭ്രഷ്ടനായിത്തീരുന്നു.’

(പുതിയ കവിത -കവിതയും പാരമ്പര്യവും)

കവിതയിൽ, ആധുനികത കൊണ്ടാടിയ ഒരു രസഘടനയുണ്ട്. നാട്യശാസ്ത്രയുക്തികളെ നിരാകരിക്കുന്ന ഒരുതരം രസാഭാസം. നാഗരികമനുഷ്യനെക്കുറിച്ചുള്ള സങ്കീർണമായ അസ്തിത്വവിചാരത്തിൽനിന്നാണ് അംഗിയായ രസമെന്ന സങ്കൽപത്തെ കവിതയിൽ നിരോധിക്കാനുള്ള പ്രേരണ കവിക്കുണ്ടാകുന്നത്. ഈ താളംഭംഗംപോലും പാശ്ചാത്യൻ ആധുനികതയുടെ അനുകരണമായി കരുതുന്നവരുണ്ട്. യുദ്ധങ്ങളിലൂടെ നാശോന്മുഖമായ മനുഷ്യജീവിതം സൃഷ്ടിച്ച ദൈന്യതകളും അസ്തിത്വപ്രതിസന്ധികളും യൂറോപ്യൻ നാഗരികത​െയ ലാക്കാക്കി, ടി.എസ്. എലിയറ്റ് മുതൽക്കുള്ളവരുടെ കവിതകളിൽ അടയാളപ്പെട്ടു കിടക്കുന്നതു കാണാം. എക്സ്പ്രഷനിസവും ക്യൂബിസവും ദാദായിസവും ജാസ് സംഗീതവും ഹിപ്പിയിസവും അലസവിലസിതവും അന്യവത്കൃതവുമായ ഒരു ജീവിതപ്രകൃതിയുടെ എപ്പിക് ബോധമായി യൂറോപ്യൻകല കൊണ്ടാടി.

അമ്പതുകളിലും അറുപതുകളിലുമാണ് മലയാള കവിതയിൽ ഈ ത്രാസനത്തിന്റെ അലയടികൾ ശക്തമായത്. ഗ്രാമീണവും സൗമ്യവുമായ ഓടക്കുഴൽ നാദങ്ങളിൽനിന്നും വ്യത്യസ്തമായി നഗരാസക്തികളിലൂന്നിയ കടുംതുടിപോലെ (ജാസ് സംഗീതമായല്ല) മലയാളകവിതയിൽ അതു മുഴങ്ങി. (എം. ഗോവിന്ദനെ ഓർക്കാം).

നാടകീയത നിറഞ്ഞ ആഖ്യാനങ്ങൾ, വികടമായ ഉക്തികൾ നാടോടിശീലുകളുടെ പാരഡികൾ എന്നിവകൊണ്ട് നഗരജീവിതത്തിന്റെ കാളിമയാർന്ന അധികാരപഥങ്ങളെ ഇരുണ്ടതും അയഞ്ഞതുമായ ഗദ്യരൂപങ്ങളിലൂടെ ഈ കവിതകൾ പരിഭാഷപ്പെടുത്തുകയുണ്ടായി. യൂറോപ്പിലെന്നപോ​െല നമ്മുടെ സമൂഹത്തിലും അതു നിർമിക്കുന്ന കലയിലും ഭഗ്നബിംബങ്ങളുടെ ആസുരവും പ്രചണ്ഡവുമായ വിളയാട്ടം സംഭവിക്കാൻ കാരണമുണ്ടോ എന്നെങ്കിലും ചിലർ അതിശയിച്ചു. എന്നാൽ, മൂല്യവ്യവസ്ഥയു​െട പ്രതിസന്ധി​െയ കവിതകളിൽ അടയാളപ്പെടുത്തിയ ഏറ്റവും മുന്തിയ കവിതകൾ എൻ.എൻ. കക്കാടിൽനിന്നാണ് മലയാളത്തിനു ലഭിച്ചത്. ടി.എസ്. എലിയറ്റ് അദ്ദേഹത്തെ ബാധിക്കുന്നത് ഈ മൂല്യവ്യവസ്ഥയുടെ കുഴമറിച്ചിലുകളിലേക്ക് തന്റെ, കാവ്യലാവണ്യയുക്തി കടന്നുകയറുന്നതിനാലാണ്.

കല ത്രാസനത്തിനുള്ള (Shock treatment) ഉപാധിയാകണമെന്നുള എക്സ്പ്രഷനിസ്റ്റ് സിദ്ധാന്തത്തെ നവോത്ഥാന കാലഘട്ടത്തിൽത്തന്നെ കേസരി ബാലകൃഷ്ണപിള്ള മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയമായ ഫലം വിളഞ്ഞത് കക്കാടിനെപ്പോലെയുള്ളവരുടെ കവിതകളിലാണെന്നു കാണാം. അതേസമയം, നവമുതലാളിത്തത്തിന്റെ അടങ്ങാത്ത ആസക്തിയുടെയും സമൂഹനിരാകരണത്തിന്റെയും എന്തിനധികം കോർപറേറ്റ്-ചങ്ങാത്ത മുതലാളിത്തത്തിന്റെയും അതിഭീഷണമായ സാങ്കേതിക കീഴടക്കലിനോടും കക്കാടിന്റെ ഡിസ്റ്റോപ്പിയൻ നഗരഭാവനയെ ഇന്ന് വായിച്ചെടുക്കാവുന്നതാണ്.

ആധുനിക കവിതയുടെ പൊതുഗുണങ്ങളിൽ ശ്രദ്ധിക്കേണ്ട ഒന്ന് അത് നിർമിച്ചു​െവച്ച ഉള്ളടക്കത്തേക്കാൾ പ്രകോപനപരമായിരുന്നു, അതിന്റെ താളക്രമം എന്നതുതന്നെയാണ്. രസമെന്ന ആശയത്തെക്കുറിച്ച് കക്കാട് പുതിയ കവിതകളെ മുൻനിർത്തി ചിന്തിക്കുന്നതിപ്രകാരമാണ്: ‘എന്താണീ വികാരം? കരുണത്തിന്റെ സ്ഥായിയായ ശോകമാണോ? ബീഭത്സത്തിന്റെ സ്ഥായിയായ ജുഗുപ്സയാണോ? അതോ ശാന്തസ്ഥായിയായ നിർവേദമോ? ആലങ്കാരികന്മാരുടെ ഒരു ഭാവത്തോടും ഇതിനെ താരതമ്യപ്പെടുത്തുക വയ്യ. ശോകം, ജുഗുപ്സ, ശൂന്യത, ഭീതി, ഏകാകിത, നിസ്സഹായത തുടങ്ങിയ പല ഭാവങ്ങളുടെ സങ്കീർണരൂപമാണ്. അവിശ്വാസജന്യമായ പരിഹാസംകൊണ്ട് മൂർച്ച കൂടിയ സങ്കീർണരൂപം’ (എൻ.എൻ. കക്കാട് –കോലായ).

ഒരുപക്ഷേ, കക്കാടിന്റെ സ്കൂളിൽപ്പെടുന്ന അക്കിത്തം, വിഷ്ണുനാരായണൻ നമ്പൂതിരി, എം.എൻ. പാലൂർ തുടങ്ങിയവർ ആരും അന്നത്തെ നവോത്ഥാന-സാമുദായിക ചട്ടക്കൂടിലിരുന്നുകൊണ്ട് ഇത്ര ‘ഗർഹണീയമായ’ മട്ടിൽ ചിന്തിച്ചിരുന്നവരല്ല. ഭാരതീയ രസദർശനത്തിന്റെ തോളിലിരുന്ന് പാടിയത് ഏറ്റുപറയാതെ നഗരജീവിതംകൊണ്ട് അനുഭവിച്ച മറുരസത്തെയാണ് കക്കാടിന്റെ കവിതയുടെ ആന്തരതാളമായി വർത്തിച്ചത്. പാരമ്പര്യം തനിക്കുനൽകിയ വ്യവസ്ഥാപിതമായ ഭാഷാരസക്രമത്തെ നെടുകെ പിളർക്കുന്നതായിരുന്നു തന്റെ കവിതകളിലൂടെ അദ്ദേഹം പകർത്തിനൽകിയ താളം, എന്നുപറയുന്നതാവും ശരി.

 

തക്ഷകൻ/ഡ്രാക്കുള

അജ്ഞാനത്തിന്റെയും മൂല്യച്യുതിയുടെയും കാളിമ കാളുന്ന, അധികാരപ്രമത്തതയുടെ ഉന്മാദം നിറഞ്ഞ തക്ഷകബിംബങ്ങളുട സമൃദ്ധിയാണ് എൻ.എൻ. കക്കാട് തന്റെ കവിതകളിൽ ആവിഷ്കരിച്ച ആസുരകാലത്തിന്റെ പ്രത്യേകത. ഈ ബിംബപ്രതിനിധാനങ്ങൾ കവിയുടെ വൈയക്തികജീവിതത്തിന്റെ സ്മൃതിയുണർത്തുന്ന വെറും ആരവങ്ങളോ അതോ സാമൂഹികചരിത്രത്തിന്റെ നേരുകളെ പ്രകാശിപ്പിക്കുന്നതോ എന്ന ചിന്തക്ക് പ്രസക്തിയുണ്ട്! വൈലോപ്പിള്ളിയെപ്പോ​െല, കെട്ടജീവിതത്തെക്കുറിച്ച് അസ്വാരസ്യപ്പെടുമ്പോഴും മന്നിൽ മറ്റൊരു കാവ്യജീവിതത്തെക്കുറിച്ചുള്ള സങ്കൽപം ​െവച്ചുപുലർത്തുകയും ചെയ്യുന്നു.

അതിനുശേഷമുള്ള കവികളിൽ ഈ പ്രത്യേകത കാണുന്നില്ല. നഗര കവിതകളിലൂടെയാണ്, ഇതവർ ബോധ്യപ്പെടുത്തിയത്. നടേ സൂചിപ്പിച്ചപോ​െല, ‘1963’, ‘പാതാളത്തിന്റെ മുഴക്കം’, ‘വജ്രകുണ്ഡലം’ തുടങ്ങിയ സമാഹാരങ്ങളിലെ ശ്രദ്ധേയമായ കവിതകളിൽ കക്കാട് ഇതു തെളിയിച്ചുതന്നു. തീർഥാടനത്തിൽ പതിഞ്ഞുകിടക്കുന്ന മൂല്യാരാധനയുടെ, സ്ത്രീ-പുരുഷ ബന്ധത്തിന്റെ പരിശുദ്ധിയുടെ വിചാരധാര പിൽക്കാല കവിതകളിൽ തക്ഷകബിംബങ്ങളാൽ അപഹരിക്കപ്പെടുന്നതായാണ് അനുഭവം.

പരീക്ഷിത്തും തക്ഷകനും ഭാരതീയമൂല്യവിചാരങ്ങളിൽ വിരുദ്ധ മൂല്യഘടനയെ പ്രതിനിധാനം ചെയ്യുന്നു. ഉത്തമനിലൂടെ. തലമുറകളിലേക്ക് പ്രസരിക്കുന്ന കുഴഞ്ഞുമറിഞ്ഞ ഈ മൂല്യഘടനയെ തന്റെ കവിതകളിൽ ആവർത്തിക്കുന്നു. നഗരത്തിനകത്തെ ചെറിയൊരു സ്ഥലത്ത് അന്ധതമസ്സിന്റെ മഹാകാലത്തെ ചിത്രീകരിച്ചുകൊണ്ടാണ് ‘1963’ തൊട്ടുള്ള കവിതകളുടെ തുടക്കം. മഹാഭാരതത്തിലെ ഉത്തങ്കോപാഖ്യാനത്തിൽ (ആദിപർവം) നിന്നെടുത്തുചേർത്ത

‘‘ത്രീണ്യർപ്പിതാന്യത്ര ശതാനിമദ്ധ്യേ

ഷഷ്ടിശ്ച നിത്യം ചരതി ധ്രുവ്യെസ്മിൻ

ചക്രേ ചതുർവിംശതി പർവ്വയോഗേ

ഷഡ്വൈ കുമാരാ പരിവർത്തയന്തി.’’

ഇതേ ശക്തിയോട് ‘പാർക്കിൽ’ പോലുള്ള കവിതകളിലും കവി ആവർത്തിക്കുന്നുണ്ട്. നഗരോന്മത്തനായവന്റെ ബോധത്തിന് വന്നുഭവിക്കുന്ന തിമിരമാണ് മഹാശൂന്യത. ഒരു കൂറ്റൻപട്ടയിൽ സദാ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന അസംഖ്യം പൽച്ചക്രങ്ങളോടുകൂടിയ ഒരു യന്ത്രസംഘാതമാണ് നഗരജീവിതം എന്ന കവിയുടെ കാഴ്ചപ്പാട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തിനും ബാധകമാണോ?

‘‘തെരുവിൽ കടകളിലെല്ലാം നിരത്തിവയ്ക്കുന്നു.

ആറ്റംബോംബുകൾ റോക്കറ്റുകൾ

ജറ്റുകൾ യന്ത്രത്തോക്കുകളെല്ലാം

അവക്കു മീതേ കദ്രു പൊരുന്നയിരിക്കുന്നു.

നിണമിറ്റും ചുണ്ടുപിളർത്തി

ചുറ്റി നടക്കുനടക്കുന്നു കണ്ടപ്പൻ,

ടാറുരുകിയ തെരുവിൽ; പിന്നിൽ

ഇഴഞ്ഞുനീങ്ങും ശിഷ്യമാരും:

‘എനിക്കു പിന്നിലീ ലോകം

മുടിഞ്ഞു കള്ളി പൊന്തട്ടെ.’ ’’ (1963)

‘‘മാനസമണിവാപിയിൽനി-

ന്നുഴറി വരുന്നൂ ഹംസങ്ങൾ,

മോർട്ടാറുകളും കൈ ബോംബുകളും കൊത്തി

തുടുത്ത കണ്ണിൽ തീപ്പാറും ഹംസങ്ങൾ

നേഫായിലും ലദ്ദാഖിലുമവ

കത്തിപ്പൊട്ടിത്തീയെരിയുന്നു...’’ (1963)

ശാസ്ത്രനേട്ടത്തിന്റെ അനിവാര്യമായ വളർച്ച യുദ്ധങ്ങളെ ഉൽപാദിപ്പിക്കുന്നതിന്റെയും ആഗോള മനുഷ്യജീവിതത്തെ ഏറെ സങ്കീർണമാക്കിത്തീർക്കുന്നതിന്റെയും ചിത്രം ഇങ്ങന കവിതയിൽ പല സ്ഥലങ്ങളിലും ആവർത്തിച്ചു വരുന്നുണ്ട്. കലാപങ്ങളും രാഷ്ട്രീയവും ബോംബും ദേശീയതയും തമ്മിലുള്ള ബന്ധം ധ്വനിപ്പിക്കപ്പെടുന്നു എന്നതും പ്രസ്താവ്യമാണ്. പടക്കോപ്പുകളും ബോംബുകളും കദ്രുവിന്റെ അന്തമില്ലാത്ത മുട്ടകളായി നിരൂപണം ചെയ്യപ്പെടുന്ന ഈ കാവ്യസന്ദർഭം ശാസ്ത്രത്തിന്റെ ചൂടിൽ തഴച്ചുവളരുന്ന യന്ത്രസംസ്കൃതി വഹിക്കുന്ന നഗരത്തെ ഒരാഗോള രാഷ്ട്രീയ രൂപകമാക്കിത്തീർക്കുന്നുണ്ട്. ‘ബീറ്റ്’ എന്ന കവിതയിൽ, നഗരാധിപനായ രക്ഷസ്സ് സെക്കൻഡ് ഷോ കഴിഞ്ഞുവരുന്ന ഭീതനായ യുവാവിനെ ബീറ്റ് ചെയ്യുന്നത് നാടകീയമായി അവതരിപ്പിക്കുന്നുണ്ട്.

‘‘കരുതീട്ടില്ലേ കൈയിൽഗ്ഗുളിക,

യുറക്കം കിട്ടാൻ?’’

എന്നവസാനിക്കുന്ന ഈ കവിത ക്ഷോഭ്യമായ യന്ത്രസംസ്കൃതിയിൽ മുച്ചൂടും മാനസികമായിത്തകർന്ന ഒരു മനുഷ്യനെയാണ് അവതരിപ്പിക്കുന്നത്.

പാതാളത്തിന്റെ മുഴക്കം

ഏഴു ഖണ്ഡങ്ങളിലായി എഴുതപ്പെട്ട ഒരു കവിതയാണ്, ‘പാതാളത്തിന്റെ മുഴക്കം’. പാതാളം, കൗമാരം, യൗവനം, പൗരൻ, വാർധക്യം, മരണം, പുനർജന്മം എന്നിങ്ങനെ. ഒരു പൗരൻ നഗരജീവിതത്തിന്റെ അവസ്ഥകളിലൂടെ കടന്നുപോകുന്നതാണ് ഈ കവിതയുടെ വിഷയം. 360 പല്ലുകളും 24 പർവങ്ങളും ആറു കുമാരന്മാരാൽ തിരിച്ചുകൊണ്ടിരിക്കുന്നതുമായ സംവത്സരചക്രത്തെ, നഗരമധ്യത്തിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ടാണ് ഈ കവിതകളിലെ സ്ഥലകാലങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. പരീക്ഷിത്തും തക്ഷകനും തമ്മിലുള്ള പോരിൽ തക്ഷകൻ ജയിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം നഗരവ്യവസ്ഥയെ ലാക്കാക്കി ഈ കവിതകളിലൂടെ നിരന്തരം ചോദിക്കപ്പെട്ടു നഗരയക്ഷനായും കദ്രുവായും ദാരികനായും രാക്ഷസനായും കണ്ടപ്പനായും മാറി മാറി വേഷം ധരിച്ചെത്തുന്ന ശക്തികൾ ഒരേ ചരിത്രദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നത് കക്കാടനുഭവിച്ച ആധുനികന്റെ ധർമസമസ്യയെ നിരന്തരം ഓർമിപ്പിക്കുന്നു.

നാഗരികതയ അതിന്റെ എല്ലാ ക്രൂരതകളോടും രാജിയാവുന്ന സംക്രമപുരുഷനെയാണ് (transitional man) ഈ കവിതകളിലൂട അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്. പഴയ പുരാവൃത്തങ്ങളുടെ ഇതിഹാസകാലത്തെ പൊടിതട്ടി അവതരിപ്പിക്കുന്ന കാവ്യയുക്തിയല്ല, നഗരം അധികാരത്തിന്റെ തന്നെ രാഷ്ട്രീയരൂപകമായി മാറുന്ന കാഴ്ചകളാണ് എല്ലായിടത്തും. നഗരാധിപനായ യക്ഷനെ വാഹനമാക്കി സ്വീകരിച്ചേടത്ത്, രാക്ഷസനെ വാഹനമാക്കിയ മനുഷ്യൻ അജയ്യമായ അധികാരപ്രമത്തതയെയും അവമൂല്യങ്ങൾക്ക് അടിപണിയുന്ന പരമവിധേയത്വത്തെയും, കവിതകളിലൂടെ ചിത്രീകരിക്കാനായി.

ദാരികവധം തോറ്റത്തില ഒരു സന്ദർഭം ‘വാഹനം’ എന്ന കവിതയുടെ ആശയബീജമാണെന്നു കാണാം. ശിവൻ കൊടുക്കുന്ന വേതാളത്തിന്റെ കഴുത്തിൽ കയറിവരുന്ന ഭദ്രകാളിക്ക് താനേറിയ വാഹനത്തിന്റെ പൊക്കംകൊണ്ട് പാതാളം, ഭൂമി, സ്വർഗം എന്നിവയുടെ കാഴ്ച കിട്ടാതെയായി. കാളി, വേതാളത്തോട് കുനിഞ്ഞു നടക്കാൻ കൽപിക്കുന്ന സന്ദർഭം ആസക്തിയാൽ ഉന്മത്തനായ നവനാഗരികന്റെ, വിധിവിപര്യയത്തെ പ്രകാശിപ്പിക്കുന്നു.

‘‘മുതുകാലഞ്ചുമൂന്നു മടക്കീട്ടും

മുഴങ്കാലു കുത്തിയും പോക വേതാളമേ,’’

എന്നിട്ട്,

‘‘ശരി പോക, ഞാൻ വിടില്ലിനി നിന്നെ.

നിന്റെ കണ്ണിലെ ക്രൂരവെളിച്ചം

എനിക്കായി തെളിച്ചാലും മാർഗം’’ (വാഹനം)

എന്ന് ഉന്മത്തനായി പറയുന്ന നാഗരികന്റെ കാവ്യനീതി പുതിയ രാഷ്ട്രകൂടത്തിന്റെ നീതിശാസ്ത്രത്തിലേക്കും പ്രസരിക്കുന്നതോടെ ഇതിഹാസകാലം കവിതക്കു വേണ്ട പുറംചട്ടയൊരുക്കുന്നു.

‘‘അത്ഭുതമേ നിയ്യിച്ചാരനിറം പൂണ്ട മഹാശൂന്യതവിട്ട്

പുറത്തുകടന്നു കഴിഞ്ഞെന്നോ!’’

ആധുനിക നാഗരികന്റെ പലയവസ്ഥകളിലേക്ക് കവിത വെളിച്ചം വീശുന്നു. കണ്വമുനിയെപ്പോലും ഈ നഗരമനുഷ്യന്റെ ചട്ടക്കൂടിലാണ് കവി തീർത്തിട്ടുള്ളത്.

‘‘ചൊല്ക ശകുന്തളയോ-

ടൊഴിവുള്ളപ്പോളിടയ്ക്ക് കത്തെഴുതാൻ.’’ (കണ്വൻ)

എന്ന് ചൊല്ലിയയക്കുന്ന കണ്വൻ പർണാശ്രമത്തിലെ ജ്ഞാനവൃദ്ധനും വാത്സല്യനിധിയുമായ പിതാവല്ല. മറിച്ച്, മൂന്നാം പുരുഷാർഥത്തിൽ മനസ്സ് പൂണ്ടുനടക്കുന്ന നഗരയക്ഷന്റെ തന്നെ നിഴൽരൂപമാണ്. ഒ.വി. വിജയന്റെ ‘ധർമപുരാണ’ത്തിലെ കണ്വന്റെ സന്ദർഭം ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. പട്ടാളക്കാരാൽ ബലാത്സംഗം ചെയ്യപ്പെട്ടനിലയിലാണ്, ‘ധർമപുരാണ’ത്തിലെ ശകുന്തള.

ഉത്തങ്കചരിതത്തെ വീണ്ടും വീണ്ടും ഉണർത്തുന്നതാണ് ‘വജ്രകുണ്ഡലം’. സ്വപ്തകന്യകയെ അണിയിക്കേണ്ട വജ്രകുണ്ഡലം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കും എന്ന പ്രഖ്യാപനത്തിനാണ് അതിൽ മുൻതൂക്കം. കണ്ടപ്പനും കൂട്ടുകാരും, പാടുന്ന മുടിഞ്ഞ പാട്ടിന്റെ പശ്ചാത്തലത്തിലും ധർമമൂല്യത്തിന്റെ വജ്രകുണ്ഡലം ഉരുകാതെ നിൽക്കുന്നതാണെന്ന വാശിയുടെ ഒരു സ്വരം ഇക്കാലമാകുമ്പോഴേക്കും കക്കാട്, കൈവരിച്ചിട്ടുള്ളതായി ടി.പി. സുകുമാരൻ (കക്കാടിന്റെ കവിത) നിരീക്ഷിച്ചിട്ടുണ്ട്.

തക്ഷകനും ഡ്രാക്കുളയും മലയാളത്തിലെ ആധുനിക കവിതയെ ബാധിക്കുന്നത്, കേവലം അസുര നഗരചരിതം എന്നതിനെക്കാൾ രാഷ്ട്രീയ സദാചാരത്തിന് വന്നുപെട്ട ഭവിഷ്യത്തെന്ന നിലയിലാണെന്നും നാം ഓർക്കേണ്ടതുണ്ട്. ഇതിഹാസത്തിലെ പരീക്ഷിത്ത് രാജാവിന്റെ കഥയും ചെകുത്താന്റെ സന്തതി എന്നർഥമുള്ള ഡ്രാക്കുള എന്ന ചെല്ലപ്പേരുണ്ടായിരുന്ന പതിമൂന്നാം നൂറ്റാണ്ടിലെ റുമേനിയയിലെ രാജാവായിരുന്ന വ്ലാദ് നാലാമന്റെ കഥയും കടന്നുവരുന്നു.

നിരവധി യുദ്ധങ്ങളും ആക്രമണങ്ങളുംകൊണ്ട് ഒരു ജനതക്കെതിരെയുള്ള രാക്ഷസീയമായ വേട്ട മധ്യകാലരാജാവിന്റെ കഥ നിറം പിടിപ്പിച്ച ഭാവനയോടെ ഡ്രാക്കുളയിലൂടെ നമുക്ക് കിട്ടുന്നു. ബ്രാംസ്റ്റോക്കർ, ക്ഷയോന്മുഖമായ ആധുനിക നാഗരികത ചാരം പടർത്തിയ ലണ്ടൻ നഗരിയുടെ പശ്ചാത്തലത്തലം ചിത്രീകരിക്കുകവഴി മധ്യകാലഘട്ടത്തി​െല ഇരുണ്ട ഐതിഹ്യത്തിന് നവീനമായ ഒരു വ്യാഖ്യാനം ചമക്കുകയാണ്. കക്കാടിന്റെ പുരാവൃത്ത സൂചകങ്ങളിലും പലതും കൂടിക്കുഴഞ്ഞുകൊണ്ട്, മിത്തോളജികൊണ്ട് ഡിസ്റ്റോപ്പിയൻ നില ചമക്കുന്നവയാണ് ഈ കവിതകൾ.

ആധുനിക കവിതാചരിത്രത്തെ തിരസ്കരിച്ച് ശിഥിലമായ ബിംബഘടനയിൽ അഭിരമിച്ചുവെന്ന് പഴിപറയുന്നവർക്ക് ചില ഉത്തരങ്ങൾ നൽകാൻ കക്കാടിന്റെ തക്ഷക കവിതകൾക്ക് കഴിയും.

‘‘ഇന്നലെ കാറിലിറങ്ങിപോൽ തക്ഷകൻ

സന്ധ്യ​െയ കുത്തിമലർത്തിയ ചോരക്കറയുമായി.’’

എൻ.വിയുടെ ‘ഗാന്ധിയും ഗോഡ്സെയും’ വായിക്കുമ്പോൾ ഇവ നമുക്കോർമ വരുന്നുണ്ടോ? തക്ഷക ബിംബത്തെ ആധുനിക ഇന്ത്യൻ രാഷ്ട്രീയചരിത്രവുമായി കൂടുതൽ സംയോജിപ്പിക്കുമ്പോൾ ഗോദ്സെയിലേക്കു നീളുന്ന കാലത്തിന്റെ അകപ്പൊരുൾ കുറെക്കൂടി വ്യക്തമാവും.

തക്ഷകൻ/ ഡ്രാക്കുളയു​െട പോസ്റ്റ് സ്ക്രിപ്റ്റ്,

കക്കാട് 1970കളിൽ രചിച്ച കവിതകളുടെ സമാഹാരമാണ് (മണ്ഡലം കഴിഞ്ഞപ്പോൾ എന്ന കവിത ഒഴിച്ച്) ‘1980’ എന്ന പേരിൽ പുറത്തിറങ്ങിയത്. പട്ടിപ്പാട്ട്, ചെറ്റകളുടെ പാട്ട്, കഴുവേറി പാച്ചന്റെ പാട്ടുകഥ, വാരിക്കുഴിപ്പാട്ട്, കുമ്മാട്ടി, വഴി വെട്ടുന്നവരോട്, പോത്ത്, രാമായണം കളി എന്നിവ ഈ സമാഹാരത്തിലെ കവിതകളാണ്. ‘വജ്രകുണ്ഡലം’ വരെയുള്ള കവിതകളിൽ പലയിടത്തും കക്കാട് സൂചിപ്പിച്ച കണ്ടപ്പൻ, കാളി, കൂളി എന്നീ പ്രാദേശിക തക്ഷകബിംബങ്ങളെ പ്രാധാന്യേന അടയാളപ്പെടുത്തുന്നവയാണ് ഈ കവിതകളിൽ അധികവും. കാവ്യശൈലിയിൽ മുഖ്യമായും സംസ്കൃതഭാഷാജന്യമായ രീതി മുച്ചുടും മാറുകയും നാടോടിപ്പാട്ടുകളുടെ തരത്തിൽ പ്രാദേശിക മിത്തോളജിയിൽ ചാലിച്ച് വ്യാജ സ്തുതിയുടെയും പരിഹാസത്തിന്റെയും ആഖ്യാനങ്ങളായി രൂപപ്പെടുത്തിയവയുമാണ് ഈ കവിതകൾ.

1975 മുതൽ 77 വരെയുള്ള കാലഘട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിന്റെ നാൾവഴികളെ അടയാളപ്പെടുത്തുന്നവയാണ്. ഈ രാഷ്ട്രീയസാഹചര്യത്തെ ഇത്രയധികം കവിതകളിലൂടെ അപ്രസ്തുത പ്രശംസയും വ്യാജസ്തുതിയും കൊണ്ടടയാളപ്പെടുത്തിയ വളരെക്കുറച്ചു കവികളേ മലയാളത്തിലുള്ളൂ. നഗരത്തിലെ തക്ഷകന്മാരെക്കുറിച്ച്, അതിലൂടെ പുകൾപ്പെറ്റ ധാർമികവും രാഷ്ട്രീയവുമായ അജ്ഞാത തമസ്സുകളെക്കുറിച്ച് നിതാന്ത ജാഗ്രത പൂണ്ട ഒരു കലാകാരന്റെ ധാർമികവും രാഷ്ട്രീയവുമായ ചിന്തകളുടെ പോസ്റ്റ് സ്ക്രിപ്റ്റാണ് ഇവ എന്നതിൽ തർക്കമില്ല. മൂല്യങ്ങളുടെ തകർച്ച, നഗരജീവിതത്തിന്റെ അസഹ്യത, സമൂഹത്തിന്റെ കാപട്യം, ഇവയുണർത്തുന്ന ആത്മരോഷവും മോഹഭംഗവുമായിരുന്നു കക്കാടിന്റെ ഇതുവരെ പുസ്തകരൂപത്തിൽ വെളിച്ചം കണ്ട ശ്രദ്ധേയമായ കവിതകളുടെ അന്തഃസത്ത.

ഇവിടെ സൂചിപ്പിച്ച കവിതകളിലെത്തുമ്പോൾ, ആ ആത്മരോഷം മൂർച്ഛിച്ച്, നിരർഥകഭാവിയുടെ പൊള്ളച്ചിരിയായി മാറിയിരിക്കുന്നു, എന്നപോലെയാണ് തോന്നുക. ഒരു കലാകാരൻ എന്ന നിലക്ക് അദ്ദേഹം പുലർത്തിയ നിതാന്തമായ രാഷ്ട്രീയജാഗ്രതയാണ്, ഇവയൊക്കെ. ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽനിന്നും പോക്കുവെയിലിന്റെ നിസ്സഹായതയിൽനിന്നും പരിഹാസത്തിലേക്ക് കക്കാടിന്റെ കവിത വൈകാരികതലത്തിൽ നീങ്ങിയിരിക്കുന്നു എന്ന് ആർ. വിശ്വനാഥൻ ഈ സമാഹാരത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തിയത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

‘‘പ്രിയ ചെറ്റേ,

നീ യീ കഥ കേട്ടിട്ടുണ്ടോ?

ഇല്ലെങ്കിൽ ചിറിയുമിളിച്ചിതു കേട്ടോ:

പണ്ടൊരു തന്തയ്ക്കന്തി-,

യ്ക്കല്പം ലഹരിയകത്തായപ്പോൾ

വാലു മുളച്ചെന്നൊരു തോന്നൽ.’’

(‌ചെറ്റകളുടെ പാട്ട്)

‘‘അതു തോളിതുതോൾ പലപല വഴിയിൽ

പല തുള്ളിപ്പെരുവെള്ളം വന്നിത്

കണ്ടവരല്ലേ നാമെല്ലാം

പെരുവെള്ളത്തിൻ പങ്കും പറ്റി

കൂടിത്തിന്നു കുടിച്ചു തിമർത്തവരല്ലേ

നാമെല്ലാരും കഴുവേറികളേ,

പലനാൾ പൊറുതികളൊരുനാൾ

കൊണ്ടുമറക്കാമോ?’’

(കഴുവേറിപ്പാച്ചന്റെ പാട്ടുകഥ)

‘‘നിന്റെ ജീവനിലഴുകിയ

ഭാഗ്യ,മെന്തൊരു ഭാഗ്യം!’’ (പോത്ത്)

‘‘കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും

ചത്തില്ലെങ്കിലും കൊന്നില്ലെങ്കിലും

തന്ത പിറന്നില്ലെങ്കിലും

തന്തേട തന്ത പിറന്നില്ലെങ്കിലും

പടിക്കലുണ്ടാ പട്ടി

അളിഞ്ഞു നാറുന്ന പട്ടി

തക തരികിട തക തരികിട

തക തരികിട തന്ത.’’

(പട്ടിപ്പാട്ട്)

‘‘ചക്കച്ചുളവീണ് കാലൊടിഞ്ഞു

കുമ്മാട്ടി നൊന്തു വിളിച്ചു പെറ്റു

കുമ്മാട്ടി പെറ്റതോ കുമ്പളങ്ങ.’’

(രാമായണം കളി)

1976 മുതൽ 1979 വരെയുള്ള കാലങ്ങളിൽ എഴുതപ്പെട്ട ഈ പാട്ടുകവിതകളിലെല്ലാം കേൾക്കുന്നത് വേറിട്ടൊരു സ്വരം. ആത്മരോഷം മൂർച്ഛിച്ചു തളർന്ന പൊള്ളച്ചിരിയായി മാത്രം, ഇവയെ കാണുന്നതിലർത്ഥമില്ല. മറിച്ച്, 60കളിലും 70കളുടെ ആദ്യപകുതിയിലും ഇന്ത്യയിൽ മൂർച്ഛിച്ചു വന്ന അധികാര രാഷ്ട്രീയത്തിന്റെ ഉന്മത്തമായ അവസ്ഥയുടെ ഫലപ്രാപ്തി 70കളുടെ രണ്ടാം പകുതിയിൽ നടപ്പിലായതിനോടുള്ള പ്രതികരണം കക്കാട് തന്റെ കാവ്യനീതിയിലേക്ക് ആവിഷ്കരിച്ചതാണ്.

നാടോടി ഈണവും പ്രാദേശിക പുരാവൃത്തങ്ങളും സരളമായ ഭാഷയും തെറിപ്പേച്ചുകളും എല്ലാം കൂടിക്കുഴഞ്ഞ ഈ പാരഡിക്കവിതകൾ അതിനുമുമ്പുള്ള കവിതകൾ രേഖപ്പെടുത്തിയപോലെ, അധികാരം നിർമിക്കുന്നവരുടെ ‘സബ്ജക്ട്’ എന്നതിൽനിന്നും അധികാരത്തിന് വിധേയരായി മാറുന്ന ജനതയുടെ സബ്ജക്ടായി പരിണമിക്കുന്നു. പാനേങ്കളിയിലെ കണ്ടപ്പന്റെയും ശിഷ്യന്മാരുടെയും അധികാരപ്രമത്തതയെ നിരന്തര വിഘ്നങ്ങൾക്ക് ഇരയാകുന്നവരുടെ തെറിപ്പാട്ടുകളായാണ് നാടോടി ഗൂഢഭാഷയിലൂടെ കക്കാട് ആവിഷ്കരിക്കുന്നത്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ഇക്കാലയളവിൽത്തന്നെയാണ് കേന്ദ്രീകൃത രാഷ്ട്രീയാധികാരത്തിനെതിരെ വിരുദ്ധോക്തി നിറഞ്ഞ ഹാസോക്തികൾ തങ്ങളുടെ കവിതയിലൂടെ ആവിഷ്കരിച്ചത്.

 

ഓർമകളിലൂടെ തിരിച്ചുപോക്ക്

ജീവിതത്തിന്റെ സായന്തനത്തിൽ, ഓർമയുടെ പഴയ രൂപങ്ങളിലേക്ക് തിരിച്ചുപോകുന്ന അനുഭവമാണ്, കക്കാടിന്റെ കവിത നൽകുന്നത്.

‘പകലറുതിയ്ക്ക് മുമ്പ്’, ‘സഫലമീയാത്ര’ എന്നീ സമാഹാരങ്ങളിൽ ശാന്തസ്വഭാവിയായ കാവ്യരസത്തിന് ഊന്നൽകൈവരുന്നു.

‘‘ഓർമകളുണ്ടായിരിക്കണം: അല്ലെങ്കി-

ലാതിര വരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?

ഇത്തിരിക്കൂടെ നടന്നവ, കിന്നാര-

മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-

ച്ചിരിച്ചു കവിളു തടിച്ചവ,

ഏറെക്കരഞ്ഞു കൺപോള കനത്തവ,

കെട്ടിപ്പുണർന്നു മുകർന്നവ,

കുത്തിപ്പിളർന്നു മരിച്ചവ, കൊന്നവ,

മൊട്ടായിപ്പുഴുതിന്നു, പാതി വിടർന്നു

പെരുവഴിയിൽ ഞെട്ടറ്റടർന്നു പതിച്ചവ,

വഴിപോക്കരിരുളിൽ ചവിട്ടിയരച്ചവ,

ഓരാതിരിക്കേച്ചവിട്ടടികളിൽപ്പുള-

ഞ്ഞുൽഫണമുയർന്നാടി നിന്നവ -ഒക്കെയും

ഒക്കെയുമോർമകളായിരിക്കാം,

ഓർക്കാൻ കഴിവീലവതൻ മുഖങ്ങൾ.’’

(സഫലമീയാത്ര)

ഓർമ കവിക്ക് ഫോസ്ഫറസ് പോലെ പൊള്ളുന്ന ഒരു കാലമാണിത്.

അറുപതുകളിലേയും എഴുപതുകളിലേയും അനുഭവങ്ങളും ജീവിതത്തിന്‍റെ ധർമരൂപവും തെളിഞ്ഞു കത്തുന്നത് കക്കാടിന്റെ കവിതകളിൽ കണ്ടു. സമൂഹത്തിന്റെ ഓർമയിലേക്ക് (Common Memory), തന്റെ ജീവനെ പകരുന്നതിനു തുല്യമാണത്. എന്നാൽ, എഴുപതുകളു​െട അവസാനമാകുമ്പോഴേക്ക് തന്നെ ബാധിച്ച അർബുദരോഗം കക്കാടിന്റെ ചിന്തകളിൽ മാറ്റം വരുത്തുന്നുണ്ട്. 1980കളിൽ, കക്കാടിന്റേതായി കൊണ്ടാടിയ കവിതകളിലെല്ലാം കരുണത്തിന്റെയും ശമത്തിന്റെയും രസത്തിലേക്ക് കവിത പിൻവാങ്ങുന്നു. ഉറക്കപ്പാട്ട്, സഫലമീയാത്ര, നന്ദി തിരുവോണമേ നന്ദി, പകലറുതിക്കു മുമ്പ്, മരണത്തെക്കുറിച്ചൊരു അപൂർവപഠനം, അതിരഥം, അവസാനത്തെ കവിത എന്നിവ ഉദാഹരണം. ബാക്കിയുള്ള ജീവന്റെ തുള്ളികൾകൊണ്ട് ഭൂമിയുടെ വേരുകൾക്ക് ഒഴിച്ചുകൊടുക്കുന്ന കാരുണ്യജന്യമായ ഒരനുഭവ ഖണ്ഡമായി വേണം ഈ കവിതകളെ കാണാൻ. കർമപരിപാകമറിഞ്ഞ മനസ്സിൽ തിണർത്തുകിടക്കുന്ന തളിർപോലെ.

‘‘ചിടകെട്ടിയ നിഴലുകളിൽപ്പല

നിറമൊഴുകിച്ചേർന്നൊന്നാകുന്നു

മരവിക്കുന്നൂ വെളിവിന്നുറവുകൾ

മധുരിക്കുന്നൂ പഴയ ചവർപ്പുകൾ...

സഖീ നമ്മൾക്കിത്തിരി നേരമിരിപ്പത്

നറുചിരിയാൽത്തന്നെ നിറയ്ക്കാം.’’

(പകലറുതിക്ക് മുമ്പ്)

സഖി, ഈ കവിതകളിൽ പലപ്പോഴും ആവർത്തിച്ചുവരുന്നുണ്ട്. ധർമപത്നിയാകാം, അല്ലെങ്കിൽ ബാല്യത്തിൽ തനിക്ക് കൂട്ടായി വന്ന ഏകാന്തവിചാരങ്ങളാവാം. ഏതായാലും, തന്റെ കലികാല കവിതകളിലെ സമൂഹം ഈ കാവ്യങ്ങളിൽനിന്ന് തീരെ അപ്രത്യക്ഷമാകുന്നുണ്ട്. ‘യാത്ര’ എന്ന രൂപകത്തിന് വേദാധ്യയനങ്ങളിൽ പഴയകാലത്ത് ഉറപ്പിച്ചെടുത്ത കാവ്യാർഥം രൂഢമൂലമാണിവിടെ. എന്നാൽ, ഒരു വേദാന്തിയു​െട മാനസികാനുഭവമായി ഇവ രൂപം മാറുന്നില്ല എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ നിസ്സാരതയോർത്ത് അതിനെ തള്ളിപ്പറയാനും ദുഃഖങ്ങളോർത്ത് അതിനെ വെറുക്കാനും ഒരു വേദാന്തിക്കാവും. എല്ലാ പൊരുളുകളോടും കൂടി അതിനെ മാറോടണക്കാൻ ഒരു കവിതന്നെ വേണം.

എം.ആർ. രാഘവവാര്യർ പകലറുതിക്കവിതകളെക്കുറിച്ച് പറയുന്നതിങ്ങനെ: ‘‘അന്യവൽകൃതവും ഭ്രഷ്ടവും വികടവുമായ ആഖ്യാനരീതി ഈ കവിതകളിൽ തീരെയുപേക്ഷിക്കുന്നു.’’

കക്കാടിന്റെ കവിതകൾ ആകപ്പാടെ നിരീക്ഷിക്കുമ്പോൾ ഒരു കാര്യമുറപ്പാണ്. അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കക്കാടിന്റെ കാവ്യലോകം. അദ്ദേഹത്തിന്റെ ദർശനപരിണാമം വൈചിത്ര്യങ്ങളുടേതാണ്. അതിനെക്കുറിച്ച് മാറ്റാര് എന്തു കരുതുന്നു എന്നത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല. സർവതന്ത്ര സ്വതന്ത്രനായ ഒരു കവിയുടെ കൊടിയടയാളമാണത്. ദർശനവും ജീവിതവും തമ്മിലുള്ള ദൂരത്തെയളക്കാൻ എഴുത്തിൽ അദ്ദേഹം ഭൂതകാലത്തിന്റെയും മിതോളജിയുടെയും സമൃദ്ധമായ ബിംബ-പ്രതീക വ്യവസ്ഥയെത്തന്നെ കൊണ്ടുവന്നു. ആധുനിക മനുഷ്യന്റെ ഭാഗധേയത്വത്തെ കവിതകൊണ്ട് കക്കാട് പരിഷ്കരിച്ചത് അങ്ങനെയാണ്. ആധുനികർതന്നെ കവിതകളിൽ ആഘോഷിച്ച കാൽപനികതയുടെ ചന്ദ്രികാചർച്ചിതമായ നിർമിതികളിൽനിന്നും ഇവയൊക്കെ ഏറെയകലത്താണ്.

====================

ഗ്രന്ഥസൂചി

കക്കാടിന്റെ കവിതകൾ സമ്പൂർണം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011.

എൻ.എൻ. കക്കാട്, കവിതയും പാരമ്പര്യവും, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1984.

എൻ.എൻ. കക്കാട്, കവിത, കേരള കവിത പബ്ലിക്കേഷൻസ്, പരപ്പനങ്ങാടി, 1960.

വിശ്വനാഥൻ, ആർ. എതിർക്കവിതയുടെ മാനങ്ങൾ, ആഖ്യാനവും അവസ്ഥയും, പി.കെ. ബ്രദേഴ്സ്, കോഴിക്കോട്, 2002.

എം.ആർ. രാഘവ വാരിയർ, കാക്കാടിന്റെ കവിത, വള്ളത്തോൾ വിദ്യാപീഠം, ശുകാപുരം, 2015

T.S. Eliot, The Sacred Wood: Essays on Poetry and Criticism, Methuen, London, 1920.

William K. Wimsatt Jr., Cleanth Brooks, Literary Criticism:A Short History, Routledge, 1957

Tags:    
News Summary - Analyzing Philosophy and Serpent Imagery in N.N. Kakkad’s Poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.