അനക്കമറ്റ ഒരു പരമ്പര
ലോകത്തിന്റെ രണ്ട് കരങ്ങളിൽ ഇരുന്ന്
നമ്മൾ സ്വപ്നം കാണുകയാണ്.
നീ ഒരു നാടകം ഒരുക്കുന്നതും
ഞാനൊരു യാത്രചെയ്യുന്നതും
ഇപ്പോൾ നീയുള്ള നാട്ടിൽ സമയം പാതിര
എനിക്കിവിടെ നട്ടുച്ച
നിന്റെ നാടകത്തിൽ ഒരാൾ
സ്വന്തം ശവക്കുഴി സ്വയം കുഴിക്കുകയാണ്
ആ കുഴിക്ക് അയാൾ ‘‘ഇന്ത്യ’’
എന്ന് പേര് വിളിക്കുകയാണ്
ഞാൻ നടന്നുപോകുന്ന തെരുവുകളിൽ
തഴപ്പായകളിൽ പൊതിഞ്ഞ
ഉടലുകൾ കാണുന്നു.
നിരനിരയായി കാലുകൾ പുറത്തേക്ക് നോക്കുന്നു.
തഴമ്പിച്ച വിരലുകൾ
വരണ്ട പാദങ്ങൾ
നഖങ്ങൾ –മണ്ണറപോലെ വിണ്ട്...
അതിർത്തികൾ പിളർന്ന രാജ്യംപോലെ..!
ഏതു കാലെടുത്താലും കൂടെ പോരും
നടന്നു തീർത്ത ദൂരങ്ങൾ
നിന്നു ചെയ്ത സമരകാലങ്ങൾ
‘‘കാലുകളാണ് ആദ്യം മരിക്കുക’’
നിന്റെ നടൻ പറയുന്നു.
നടക്കാനിനിയുള്ള ദൂരങ്ങളെ കൊല്ലുന്നതിലും
എളുപ്പമാണത്.’’
ഓടാനോ നടക്കാനോ ആവാതെ
കാലത്തിന്റെ ഒറ്റ ബിന്ദുവിൽ
അനക്കമില്ലാതെ ഞാൻ നിൽക്കുന്നു
ലോകത്തിന്റെ രണ്ടറ്റങ്ങളിൽ നമ്മൾ!
നമുക്കിടയിൽ പാതിരയിൽനിന്ന്
നട്ടുച്ചയിലേക്കുള്ള ദൂരം ഇരട്ടിക്കുന്നു
നമ്മുടെ സ്വപ്നങ്ങൾ പരസ്പരം കലർന്നുപോകുന്നു
ഒരാൾ എന്റെ യാത്രയോട് ചോദ്യങ്ങൾ
ചോദിച്ചുകൊണ്ടേയിരിക്കുന്നു
‘‘എന്റെ ശവക്കുഴി മൂടാനുള്ള മണ്ണ് വേണം”
അയാൾ ഉറക്കെ ഉറക്കെ പറയുന്നു
ഞാൻ പുറപ്പെട്ടിടത്തേക്കുതന്നെ തിരിച്ചെത്തുന്നു.
എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ
മറന്നുപോകുന്നു.
അയാൾ കൈനീട്ടുന്നു
എന്റെ കാലുകൾക്കടിയിൽ മണ്ണിനുപകരം
ഇരുമ്പ് തരികൾ!
പിന്നിൽ അനക്കമറ്റ ഒരു പരമ്പര
അതിൽ എന്റെയും നിന്റെയും രക്തം,
മാംസം, ഓർമ!
‘‘നമുക്ക് ഒരുമിച്ച് നമ്മുടെ നാട്ടിലേക്ക് പോകാം’’
നീ പറയുന്നു
നിന്റെ നാടകത്തിൽ ശവക്കുഴികൾ പെരുകുന്നു
‘‘വേണ്ട’’ ഞാൻ പറയുന്നു
തെരുവിൽ മൂടിയിട്ട ശവശരീരങ്ങളിൽനിന്ന്
കാലുകൾ മാത്രം ഉയിർത്തെഴുന്നേൽക്കുന്നു
‘‘ഞങ്ങൾക്കൊപ്പം വരൂ’’ അവർ ക്ഷണിക്കുന്നു
നാം തിടുക്കപ്പെട്ട് അവരോടൊപ്പം നടക്കുന്നു
ചെങ്കുത്തായ
ഒരു മലയിലേക്ക്
നാം കയറിപ്പോകുന്നു
എന്റെയും നിന്റെയും സ്വപ്നങ്ങൾക്കിടയിൽ
പുകപടലങ്ങൾ മൂടുന്നു
ഉയരം കൂടുംതോറും
സൂര്യൻ മങ്ങുന്നു
നമ്മുടെ നാട് താഴെ ചെറുതായി വരുന്നു
ലോകത്തിന്റെ രണ്ട് അറ്റങ്ങളിലാണ്
നാമെന്നത് മറന്നുപോകുന്നു
കാലുകൾ നമ്മെ
മുകളിലേക്ക് നയിക്കുന്നു
ആകാശത്ത് പറക്കുന്ന പരുന്തുകൾ
നമുക്കറിയാത്ത ഭാഷയിൽ ചോദ്യങ്ങൾ
ചോദിക്കുന്നു
നമുക്ക് ഉത്തരങ്ങൾ തെറ്റുന്നു
നമ്മൾ ആരാണ്?
നമ്മൾ എവിടെയാണ്?
മുന്നിൽ നടക്കുന്ന കാലുകളോട്
ചോദിക്കാനായുന്നു
സമയമില്ല
ഇനിയും മനുഷ്യർ കൊല്ലപ്പെടാനുള്ള...
മനുഷ്യർക്ക് അറിയാത്ത ഭാഷയിൽ പാട്ടുപാടുന്ന
ദൈവങ്ങളുള്ള
നാട്ടിലേക്കാണ് പോകുന്നത്
കുതിച്ചുപോകുന്ന
കാലുകൾക്കൊപ്പമെത്താൻ
നാം പരസ്പരം ഉടലുകൾ വെട്ടിമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.