നാല് കവിതകൾ
1 തീവണ്ടി
തീവണ്ടിയേറി
വീട്ടിലെത്തിയതിൻ ശേഷം
ഒരു പെട്ടി ട്രെയിൻ മണം
മുറിയാകെ!
എനക്കും കൂടെ
കൊഞ്ചം തന്ത് വിടുങ്കോ
എന്ന്
ഒരു ചെറു ഡപ്പ നീട്ടി
അയൽ വീട്ടിൽ വാടകയ്ക്കു
താമസിക്കും
തമിഴ് പയ്യൻ!
അവനും
നാട്ടിലേക്കു പോകണമത്രേ!
2 പൂക്കൾ
മുടി പോയ നിന്റെ തലയിൽ
തലോടുന്നതോർത്തുകൊണ്ട്
ഒരു പൂവിനെ തഴുകി.
പൂവ് നിലത്തു പോയി.
ഇപ്പോൾ
നിന്റെ തലയിൽ നിറയെ
പുതിയ മുടികൾ
മുളച്ചിരിക്കുന്നു!
ചെടിയിൽ
നിറയെ പൂക്കൾ!
3 സമയം ഉരുകുന്ന നേരം
ക്ലോക്ക്, വാച്ച് ബാറ്ററികൾ ഊരി
സമയത്തെ ഊരിയിട്ടു
സമയത്തിനു പുറത്തെ
സമയമാവണം
ഇപ്പോൾ
ആകാശത്ത്
അക്കസൂചികളില്ലാതെ
വട്ടത്തിൽത്തിളങ്ങുന്നത്.
അതുരുകി വീണു പൊള്ളിയ
അടയാളങ്ങൾ വീടിനുചുറ്റും!
4 കാലം
വിജനമായ തുറസ്സിൽ
കാറ്റുപിടിക്കും പോലെ
ഒരോർമ
മരത്തെ
ഉലച്ചുകളയുന്നു.
കാറ്റു കാലംതാണ്ടി
പൂർവസ്ഥിതിയിലാവുന്നു!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.