ഒപ്പം ബാബൂക്ക

1. ചായമക്കാനി ചായ തണുക്കും മു- മ്പൂതിക്കുടിച്ചൊരാ ചായമക്കാനി തൻ ചായ്പിൽ തോരാമഴയിലായ് ചോരുന്ന സന്ധ്യയിൽ ചീറിയലയ്ക്കുന്ന കാറ്റിൽ ചാരെയെത്തും മഴ- ത്തൂളലിൻ നേർമയിൽ ചാറിയിരുന്നാരോ പാടും സ്നേഹസദിരിലായ് മുങ്ങിയിരുന്നു നാ- മൂതിക്കുടിച്ചതാം വേവിൽ രാവലിയുമ്പോൽ മധുരവുമോർമയും നേർത്തലിഞ്ഞാർദ്രം വിഷാദം. ചായക്കടയിലെ ​െബഞ്ചും കിനാക്കളും ഏതോ വിദൂര സ്മൃതിയായ് മാഞ്ഞകന്നെങ്കിലു- മോർമയിലുണ്ടെന്നും ബാബൂക്കയായ് രാഗശാന്തം: താമസമെന്തേ വരുവാൻ... 2. പാതിരാ ഷാപ്പ് പാതിരാ ഷാപ്പിൽ പടിഞ്ഞിരുന്നൂറുന്ന രാഗവിഷാദിയാം ഗ്ലാസിൽ താനേ പതഞ്ഞൊഴു- കീടുന്ന കുപ്പി തൻ ദാഹനീർത്തൊണ്ടയിൽ നിന്നും ഏതോ...

1. ചായമക്കാനി

ചായ തണുക്കും മു-

മ്പൂതിക്കുടിച്ചൊരാ

ചായമക്കാനി തൻ

ചായ്പിൽ

തോരാമഴയിലായ്

ചോരുന്ന സന്ധ്യയിൽ

ചീറിയലയ്ക്കുന്ന

കാറ്റിൽ

ചാരെയെത്തും മഴ-

ത്തൂളലിൻ നേർമയിൽ

ചാറിയിരുന്നാരോ

പാടും

സ്നേഹസദിരിലായ്

മുങ്ങിയിരുന്നു നാ-

മൂതിക്കുടിച്ചതാം

വേവിൽ

രാവലിയുമ്പോൽ

മധുരവുമോർമയും

നേർത്തലിഞ്ഞാർദ്രം

വിഷാദം.

ചായക്കടയിലെ

​െബഞ്ചും കിനാക്കളും

ഏതോ വിദൂര

സ്മൃതിയായ്

മാഞ്ഞകന്നെങ്കിലു-

മോർമയിലുണ്ടെന്നും

ബാബൂക്കയായ്

രാഗശാന്തം:

താമസമെന്തേ

വരുവാൻ...

2. പാതിരാ ഷാപ്പ്

പാതിരാ ഷാപ്പിൽ

പടിഞ്ഞിരുന്നൂറുന്ന

രാഗവിഷാദിയാം

ഗ്ലാസിൽ

താനേ പതഞ്ഞൊഴു-

കീടുന്ന കുപ്പി തൻ

ദാഹനീർത്തൊണ്ടയിൽ

നിന്നും

ഏതോ നിലാവി-

ന്നലിവിലപാരമാം

സ്നേഹവിഷാദിയാം

നോവിൽ

പാടുന്നതാരത്ര

കണ്ഠം മറന്നൊരു

മോഹക്കലിപ്പിൻ

ലഹരി

പാതിരയെന്ന-

തോർക്കാതെ, പക-

ലെരിവൂറുന്ന

നാദമോർക്കാതെ

കൊട്ടിക്കയറുന്ന

ജീവന്‍റെ സങ്കട-

മുൾച്ചൂടിൽ കെട്ടി

നിർത്താതെ

വിട്ടെങ്ങോ പോയൊരാ

പാർവണമാം മുഖ-

മുറ്റു നോക്കും ഗൂഢ-

നോവിൽ

സൂക്ഷിച്ചു വെച്ചൊരാ

പുഷ്പമൊന്നാത്മാവിൽ

വാടാതെ ചൂടിക്കും

ഗാനം

ബാബൂക്ക തൻ സ്മിതം

നേരില്‍പ്പകരുന്നു

പാതിപ്പുളിപ്പിൽ

ലയാത്മം.

3. സംഗീതമാടം

മാടത്തിന്മേലെ

നിലാവുദിക്കും ചില്ലു

ജാലകമൊട്ടടയാതെ

താനേയിരിക്കും പതിവ്

ഹാർമോണിയം

താണുയരും രാഗവായ്പിൽ

തൊണ്ടയടഞ്ഞെന്നായ്

പാടുന്നു തംബുരു-

വെന്നപോലാത്മശ്രുതിയിൽ

പാതിരാവായില്ലെ-

ന്നപ്പോഴും പാതിര

താളമയഞ്ഞു വീഴുമ്പോൽ.

നിത്യമിരുളിൻ

മതില്‍ക്കെട്ടു ചാടി നാ-

മെത്തുമ്പൊഴേക്കുമുസ്താദിൻ

നഗ്നവിരലിൻ ത്രസിപ്പിൽ

തബലയിൽ കെട്ടുപൊട്ടും

വിസ്മയത്തിൽ

കത്തിച്ച ബീഡിയോ

കൈമാറിയെത്തുന്നൊ-

രിത്തിരി ശ്വാസക്കുരുക്കിൽ

പാടാതെ മൂളും

മധുരിതമാമൊരു

രാഗവിശ്രാന്തിയിൽ ശാന്തം

ബാബൂക്കയെന്നേ

പടിയിറങ്ങുന്നോർമ

പതിനേഴോ പതിനെട്ടോ കാലം.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.