നിശ്ശബ്ദത

ഇടയ്ക്കുണർന്ന നേരം

ആ അന്തർദേശീയ ദാർശനികരെക്കണ്ടു

എന്‍റെ മേശക്കു ചുറ്റിലുമായിരിക്കുന്ന

ആറുപേർ

ഒരുവന്‍റെ മുടിപോയ തലമണ്ടയിൽ

സൂചികൾ തറഞ്ഞുനിന്നു

ഒന്നര ലക്ഷം സൂചികളിൽനിന്നു

ചുവന്ന പുകനാരുകളുയർന്നു

പച്ചക്കണ്ണുകളായിരുന്നു ഒരുവന്

ഓളമിളകിക്കൊണ്ടേയിരുന്നു അവയിൽ

രണ്ടുപേർ പെണ്ണുങ്ങളായിരുന്നു

അവരുടെ മറവില്ലാത്ത

മുലകളിൽനിന്നു

ചുരന്നുകൊണ്ടേയിരുന്നു

വീഞ്ഞും ലാവയും

ഒരുവൻ അഗാധമായ് ചുരുട്ടു വലിച്ചു

മേശമേൽ മലർത്തിവെച്ചിരുന്നു

അവന്‍റെ ഇടതുകൈപ്പടം അതിൽ

കാടിന്‍റെ തിങ്ങലും ജീവജാലങ്ങളും അനുഭവപ്പെട്ടു

ഒരുവനു മുന്നിൽ

ഊണുപാത്രത്തിന്‍റെ വലിപ്പമുള്ളാരു കോമ്പസ്

അതിനു ചുറ്റും സൂക്ഷ്മമായ കരവേലകളുണ്ടായിരുന്നു

അതവന്‍റെ കരവലയത്തിൽ മിടിച്ചു

ചൂണ്ടിനിന്നു

കിഴക്കോട്ട്

ചുവന്ന സൂചിമുന

ആദ്യം

പ്രാചീനരായ മന്ത്രവാദികളോ

കിറുകിറുക്കൻ പ്രവാചകരോ

ചിറകുപോയ അവധൂതരോ എന്നേ വിചാരിച്ചൂ

ഒന്നുമായിരുന്നില്ല

എനിക്കു മനസ്സിലാവാത്ത ഭാഷയിൽ

ഗൗരവത്തോടെ സംസാരിച്ചു

അവർ

പവർ

നോളജ്

ഹിസ്റ്ററി

ഹേറ്റ്നസ് ഫിയർ റെസിസ്റ്റൻസ്

വാർപൊളിറ്റിക്സ് ഫ്രോഫിറ്റ് നിയോട്രൂത്ത്‌സ്

അങ്ങനെ കുറേ വാക്കുകൾ എനിക്കു തടഞ്ഞു

അവയും ചുമന്ന്

എന്‍റെ മിച്ചരാത്രിയലഞ്ഞു

ജീവിതം വലിയൊരു

കോട്ടുവായയായ് വീണ്ടുമുണർന്നു

ചായ കുടിക്കാനായ് തൊട്ടടുത്ത

കവലയിലേക്കു നടന്നു

അനന്തം തന്നെയാണ്

പ്രശ്നവശാൽ

ഇത്തരം ചെറുസഞ്ചാരവും.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.