ആകാശങ്ങൾക്കിടയിൽ
പ്രിയപ്പെട്ടവനേ,
നിന്നോടുള്ള പ്രണയംകൊണ്ടാണ്
ആകാശത്തെ കുറിച്ച് ഞാൻ
കവിതയെഴുതി തുടങ്ങിയത്
രാത്രി വന്നപ്പോഴും
എഴുതിക്കൊണ്ടിരിക്കുന്നു
നീലിച്ചും
കറുത്തും നീയതിലങ്ങനെ
നിറഞ്ഞുനിന്നു
നീയിപ്പോൾ പഴയതുപോലെ
ആകാശം നോക്കിയിരിക്കുന്നുണ്ടോയെന്ന്
എനിക്കറിഞ്ഞുകൂടാ
ഞാൻ കാണുന്ന ആകാശം
നീ കാണുന്നുണ്ടോയെന്നും
അറിയില്ല
എന്നാലും
ഞാൻ എഴുതുന്നു
ആകാശത്തിലൂടെ
എനിക്ക് നിന്നെ കാണാം
അതിനീ പ്രപഞ്ചം മുഴുവൻ
വേണമെന്നില്ല
ആകാശത്തിന്റെയൊരു
കീറുമതി
അതുവരെ
മതിലുകൾകൊണ്ട്
നിങ്ങളെന്റെ ആകാശത്തെ
തടഞ്ഞുവെക്കരുത്
പ്രിയപ്പെട്ടവളേ,
ഞാനൊരു ജയിലിലാണ്
കൃത്യമായ ഇടവേളകളിലിവിടെ
മനുഷ്യശരീരങ്ങൾ
അനങ്ങുന്നു
ഉറങ്ങുന്നു
കഴിക്കുന്നു
നിന്നെ കുറിച്ച്
കവിതയെഴുതണമെന്ന്
കുറേനാളായി വിചാരിക്കുന്നു
എഴുതുവാൻ തോന്നുമ്പോൾ
പേപ്പറും പേനയും
കിട്ടുന്നില്ല
ദയവുതോന്നി
ആരെങ്കിലുമത് എത്തിച്ചാൽ
അപ്പോൾ കവിതയും
ഉണ്ടാകില്ല
ഞാനിപ്പോൾ കവിത
ചൊല്ലിച്ചൊല്ലി
ഹൃദിസ്ഥമാക്കുകയാണ്
നമ്മളിനി കാണുമ്പോൾ
നിന്നെ കെട്ടിപ്പിടിച്ചുനിന്നു–
വേണമെനിക്കതു
പൂർത്തിയാക്കാൻ
മറിച്ചെങ്കിൽ,
നിന്റെ ആകാശത്തേക്ക്
ഞാനെന്റെ
കവിതകളെ പറഞ്ഞയക്കും
അതുവരെ നീ
ആകാശത്തേ കുറിച്ച്
എഴുതിക്കൊണ്ടിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.