ആൻ കാഴ്സെന്റ രചനകൾ
എഴുത്തിനെയും കവിതകളെയും കുറിച്ചുള്ള പല പൊതുധാരണകളെയും പൊളിച്ചു കളയുന്നതാണ് നോബൽ സമ്മാന ജേതാവ് ആൻകാഴ്സണിന്റെ രചനകൾ. ആ രചനകളുടെ ചില സൂചനകളാണ് താഴെയുള്ളത്. ആദ്യ രണ്ടെണ്ണം കവിതകളാണെങ്കിൽ മറ്റുള്ളത് അവരുടെ ചിന്താവിചാരങ്ങളാണ്.1. ഇല്ല തുറമുഖമിപ്പോൾ മരണത്തിനെതിരെ ശ്വസനത്തിന്റെ പുരാതന സംഘർഷത്തിൽ, ഒരു നിദ്രകൂടി കൊടുത്തിരിക്കുന്നു. വീടിനുമേൽ നമ്മളൊരു തുകയുടെ വാഗ്ദാനം നേടിയിരിക്കുന്നു... തവണകളുടെ വ്യവസ്ഥയിൽ എവിടെയാണ് തവണകൾ? നിശ്ശബ്ദമായി (അവിടെ) ഇലകളും ജനലുകളും കാത്തിരിക്കുന്നു. നമ്മുടെ ശൂന്യമായ...
എഴുത്തിനെയും കവിതകളെയും കുറിച്ചുള്ള പല പൊതുധാരണകളെയും പൊളിച്ചു കളയുന്നതാണ് നോബൽ സമ്മാന ജേതാവ് ആൻകാഴ്സണിന്റെ രചനകൾ. ആ രചനകളുടെ ചില സൂചനകളാണ് താഴെയുള്ളത്. ആദ്യ രണ്ടെണ്ണം കവിതകളാണെങ്കിൽ മറ്റുള്ളത് അവരുടെ ചിന്താവിചാരങ്ങളാണ്.
1. ഇല്ല തുറമുഖമിപ്പോൾ
മരണത്തിനെതിരെ ശ്വസനത്തിന്റെ പുരാതന സംഘർഷത്തിൽ,
ഒരു നിദ്രകൂടി കൊടുത്തിരിക്കുന്നു.
വീടിനുമേൽ നമ്മളൊരു തുകയുടെ വാഗ്ദാനം നേടിയിരിക്കുന്നു...
തവണകളുടെ വ്യവസ്ഥയിൽ
എവിടെയാണ് തവണകൾ?
നിശ്ശബ്ദമായി (അവിടെ) ഇലകളും ജനലുകളും കാത്തിരിക്കുന്നു.
നമ്മുടെ ശൂന്യമായ അഴ ഭേദിക്കുന്നു, ചായുന്ന രാത്രിയെ.
ദിവ്യ പ്രകാശത്തിന്റെ നഷ്ടമായ ചമയത്തിനായി അവർ വിലപിക്കുന്നു.
ഇപ്പോഴും താഴിട്ടിരിക്കുന്ന നമ്മുടെ വീട്ടുപടി താണ്ടി ഒഴുകുമ്പോൾ
മാലാഖമാരും പാഴുകളും കൂവി വിളിക്കുന്നു.
2. ചില അപരാഹ്നങ്ങളിൽ അവൾ ഫോൺ എടുക്കാറില്ല
ഫെബ്രുവരിയാണ്. ഹിമക്കട്ടകൾ സാധാരണം.
മഞ്ഞിന്റെ/ പല ഭാവങ്ങൾ ശ്രദ്ധിക്കുന്നൊരാൾ.
അതിന്റെ നിറങ്ങൾ –നീല വെള്ള തവിട്ട് ചാരക്കറുപ്പ് വെള്ളി–വൈവിധ്യമാർന്നത്.
ചില ഹിമപാളികൾക്കകത്ത് ചെങ്കല്ലിന്റെയോ നിഴലുകളുടെയോ തരികൾ.
ചിലത് ഒരു ചീളുപോൽ മിനുപ്പാർന്നത് –നിങ്ങൾക്ക് അതിനുമേൽ നിൽക്കാനാവില്ല.
അതിന്മേൽ നിൽക്കുമ്പോൾ കാറ്റ് നേർത്ത് പോകുന്നു– ഇഴകളായി.
നാം ആഗ്രഹിച്ചതത്രയും തുണിത്തുണ്ടുകൾ.
കുഞ്ഞുങ്ങൾക്ക് അതിന്മേൽ നിൽക്കാനാവില്ല.
ഒരക്ഷരത്തിനും അക്ഷരത്തിന്റെ ഒരടയാളത്തിനുപോലും നിൽക്കാനാവില്ല.
കാഴ്ചയറുത്തുകൊണ്ട് –അവിടേക്ക് ലോകത്തിലൂടെ എന്തുവന്നുവോ– കത്തിയെരിയുന്നു.
ഫെബ്രുവരിയാണ്. മഞ്ഞുകട്ടകൾ സാധാരണം. മഞ്ഞിന്റെ പല ഭാവങ്ങൾ ശ്രദ്ധിക്കുന്നൊരാൾ.
(‘ഡീക്രിയേഷനി’ൽ നിന്ന്)
3. ഹോമോസാപ്പിയൻസിനെ കുറിച്ച്
ചെറുവെട്ടുകളാൽ ക്രോ-മാഗ്നൻ പുരുഷൻ അവന്റെ ആയുധങ്ങളുടെ പിടികളിൽ ചന്ദ്രന്റെ ക്ഷയവൃദ്ധികൾ അടയാളപ്പെടുത്തി. പണിയെടുക്കുമ്പോൾ അവനവളെ ഓർത്തിരുന്നു. മൃഗങ്ങൾ. ചക്രവാളങ്ങൾ. ഒരു താലം വെള്ളത്തിൽ തെളിയും മുഖം. അതിനപ്പുറത്തേക്ക് കടക്കാനാവാത്ത ഒരു ബിന്ദു ഉണ്ടാകും ഞാൻ പറയുന്ന എല്ലാ കഥയിലും. വെറുക്കുന്നു ഞാൻ, ആ ബിന്ദുവിനെ. അതുകൊണ്ടാണ് കഥ പറയുന്നവരെ അന്ധർ എന്നവർ വിളിക്കുന്നത് –ഒരു നിന്ദ.
4. പ്രതീക്ഷകളെ കുറിച്ച്
പെട്ടെന്ന് പൂർത്തീകരിച്ച ഒരു റബർ വീട്ടിൽ താമസിക്കാമെന്നു ഞാൻ പ്രതീക്ഷിച്ചു. ഒരു മുറിയിൽനിന്നു മറ്റൊന്നിലേക്ക് എത്ര പെട്ടെന്ന് എനിക്കു നീങ്ങാനാവും എന്ന് ചിന്തിച്ചു! ഒരു ചാട്ടം –നിങ്ങൾ അവിടെയെത്തും. യുദ്ധത്തിനിടയിൽ ഒരു തീഗോളത്താൽ കൈകൾ ഉരുകിപ്പോയ ഒരു ചങ്ങാതിയുണ്ടെനിക്ക്. ഇപ്പോൾ ഒരിക്കൽകൂടി തീൻമീശയിൽ റൊട്ടി കൈമാറാൻ അവൻ പഠിക്കും. പഠിക്കുന്നതാണ് ജീവിതം. യഥാർഥത്തിൽ, ഈ സായാഹ്നത്തിൽ അവനെ ക്ഷണിക്കാമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ അതേ നിറമാണ് പഠിക്കലിനും. അവൻ അതുപോലുള്ള കാര്യങ്ങൾ പറയും.
5. ഗെയ്ഷയെക്കുറിച്ച്
ഗെയ്ഷയെയും ലിംഗത്തെയും കുറിച്ചുള്ള ചോദ്യം എപ്പോഴും സങ്കീർണം. ചിലർ ചോദിക്കും. ചിലർ ചോദിക്കില്ല. യഥാർഥത്തിൽ നിങ്ങൾക്ക് അറിയാവുന്നതുപോലെ ആദ്യ ഗെയ്ഷെ പുരുഷന്മാരായിരുന്നു (വിദൂഷകന്മാരും വാദകരും). അവരുടെ സാഹസികമായ ചേഷ്ടകൾ അതിഥികളെ ചിരിപ്പിച്ചു. പക്ഷേ, 1780 ആയപ്പോഴേക്കും ഗെയ്ഷെ എന്നാൽ സ്ത്രീയായി. ചായപ്പുരകളുടെ മോഹിപ്പിക്കുന്ന കച്ചവടം സർക്കാർ നിയന്ത്രണത്തിൽ ആയി. ചില ഗെയ്ഷെ കലാകാരികൾ ആയിരുന്നു. അവർ തങ്ങളെ വെള്ള എന്നു വിളിച്ചു.
പൂച്ചയെന്നോ തമ്പേറെന്നോ ഇരട്ടപ്പേരുള്ള മറ്റുള്ളവർ വിസ്തൃതമായ നദീതടത്തിൽ രാവ് തോറും ചായ്പുകൾ തയ്യാറാക്കി- പുലരുമ്പോഴേക്കും അപ്രത്യക്ഷമാകും വിധത്തിൽ. അതാഗ്രഹിക്കാൻ ആരെങ്കിലുമുണ്ടായിരുന്നു എന്നതായിരുന്നു പ്രാധാന്യമുള്ള കാര്യം. കോസടി വലുപ്പമുള്ളതായിരുന്നോ; രാവ് ദൈർഘ്യമുള്ളതായിരുന്നോ; ഉറങ്ങാൻ നിങ്ങൾക്കീ സ്ഥലം തന്നിരുന്നോ; അതോ ആ സ്ഥലമാണോ തന്നത്- പുല്ല് അമരുകയും അവൾ വരുകയും ചെയ്യുവോളം കാത്തിരിക്കാൻ ആരെങ്കിലും. അവളുടെ കൈവെള്ളയിൽ ഒരു തക്കാളി.
6. എവിടേക്ക് സഞ്ചരിക്കണമെന്നതിനെ കുറിച്ച്
തകർന്ന ഒരു സ്ഥലത്തേക്ക് ഞാൻ യാത്ര പോയി. മൂന്ന് കവാടങ്ങൾ ഉയർന്നു നിന്നു. പൊളിഞ്ഞ ഒരു വേലിയും. പ്രത്യേകിച്ചൊന്നിന്റെയും അവശിഷ്ടമായിരുന്നില്ല. ഒരു സ്ഥലം അവിടേക്ക് വന്നു; തകർന്നടിഞ്ഞു. അതിനുശേഷം അത് തകർന്ന ഒരു സ്ഥലമായി തുടർന്നു. അതിനുമേൽ വെളിച്ചം വീണു.
(‘ഷോർട്ട് ടോക്സ്’ എന്ന കൃതിയിൽനിന്ന്)
മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.