രാത്രിക്കരയിൽ
1
രാത്രിനിലാക്കടലരുകിൽ
പലവുരി പുരികക്കപ്പൽ താളമിടുന്നു
ചാരേ നെറുകിൽ വട്ടപൊട്ടിൻ ചന്ദ്രനുദിച്ചു
പൗർണമി തോണ്ടി വിളിച്ച രസങ്ങൾ
കണ്ണിൽ തിരയായാടി മയങ്ങി.
2
വിസ്മയമെന്ന് വിളിക്കുന്നവരിൽ
വിളക്കുകൾ കെട്ടു പലകുറിയവിടെ
ഇതിലെന്തിത്രയിരിക്കുന്നാശയമെന്ന്
ചിരിക്കും ചിലരിൽ വിളക്കും മിന്നി
രാത്രിയിതൾക്കരയങ്ങനെയാണ്
പിടികൂടില്ലിവരാരും തന്നെ.
3
ചെടികളിൽ കാറ്റ് തളർന്ന് കിടക്കേ
ഇലകളിലാകെ വഴിയും രാഗം
കാറ്റ് തുടങ്ങും നേരമതൊഴിയും
രാത്രി വിഭാവരി തനിയെ പാടും.
4
ഒരിടത്തൊരിടത്തൊഴിഞ്ഞ പറമ്പിൽ
ജീവനഴിച്ചൊരു ദേഹംപോലെ
വിയർപ്പു പതിഞ്ഞൊരു കട്ടിൽ ചാഞ്ഞു
രാത്രിമഴക്കരയൊന്നത് ചെയ്തു
ഉള്ളിലെ വെട്ടം താഴ്ത്തി താഴ്ത്തി
ഇരുളിൻ വിരലാൽ
കട്ടിൽക്കാൽ വരെ
ഓർമയുഴിഞ്ഞു.
5
കാറ്റിൽ പഞ്ഞികളൊഴുകും പോലെ
ശലഭക്കൂട്ടം പാറി പാറി
രാത്രിവഴിക്കരയാകെ നിറഞ്ഞു
അവിടന്നാണവരോരോ വഴിയായ്
ഓരോ വീടിൻ മുറികളിലിതളായ്
ചില നേരങ്ങൾ ചില കാലങ്ങളിൽ
രാത്രിക്കരയൊന്നാകെ മെലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.