വൈത്തിരിക്കടുവ
കറുത്തവാവ് പെറ്റിട്ട മുളങ്കാട്ടിൽ
കൂരിരുട്ടന്തിയുറങ്ങുന്ന നേരം,
ഒറ്റയാനവന്റെ കാടിറക്കം...
രാജകീയം!
ഓറഞ്ച് വർണക്കുപ്പായത്തിൽ
വീതിയിൽ രാവരച്ചുവച്ച ചന്തം.
നടനടയിൽ
കാട്ടരുവിക്കുണുക്കം, വശ്യതാളം
രണ്ടു പെണ്ണിണകളുമായുള്ള
പകൽവേഴ്ചയിൽ
കൊടുമ്പിരിക്കൊണ്ട ദാഹം,
ഒടുക്കത്തെ വിശപ്പ്..!
മ്ലാവോ മാനോ
മുന്നിൽവന്നെങ്കിലെന്നവൻ
ആശിച്ചുപോവുന്നു,
നോട്ടം കനക്കുന്നു.
നേരപ്പുലർച്ചയിൽ
ഇരുട്ടെണീറ്റു
തൊഴുത്തിലെത്തി നോക്കുന്നു.
കറവയ്ക്കൊരുങ്ങിയ
പൂവാലിയുടെ മുലത്തുമ്പിൽ
പാലിറ്റു നിൽക്കുന്നു.
ഇരുട്ടതിനെ
പകൽക്കുഞ്ഞിന്റെ വായിലേക്ക് തിരുകുന്നു...
വേണ്ടുവോളം കുടിച്ചവൻ
കൈകാലിളക്കുന്നു...
ഇരുട്ടൊരു കറവക്കാരൻ,
ലോകം ചുറ്റും സഞ്ചാരി...
കാട്ടുപുല്ലരിയാൻ
കുനിഞ്ഞിരിക്കുന്നു.
അവനിപ്പോൾ
വിശപ്പുമുറ്റിയ മാർജാരവമ്പന്
മാനോ, മുയലോ..?
കടിച്ചു കുടയുന്നൊരു
തുടക്കാമ്പ്;
കണ്ണടച്ചു നുണയുന്നു
തുടിക്കും ഹൃദയം.
ഹൊ!
കാടിറങ്ങിയതെന്തിവൻ,
കാടുകേറിയതെന്തിവൻ?
നാടും നഗരവും കുലുങ്ങുന്നു...
പതിവുപോൽ പിന്നെയും
പൂവാലി പെറുന്നു..
പകൽക്കുഞ്ഞു കരയുന്നു...
സ്വസ്ഥമല്ലല്ലോ ജീവിതം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.