“അട്ടേ…, അട്ടേ…”
ഓമനക്കുഞ്ചിയമ്മയുടെ ഭർത്താവു മരിച്ചു, മക്കളില്ല. ഭാർഗവിക്കുഞ്ചിയമ്മ കല്യാണം കഴിച്ചിട്ടുമില്ല. എൺപതും എഴുപത്തഞ്ചും വയസ്സായ ഇവർ ‘കേനാത്ത് പഴയവീട്ടിൽ’ ഒറ്റക്കു താമസിക്കുന്നു... ചേച്ചി-അനുജത്തിമാരാണ്. “ഇത് പഴയ വീടൊന്ന്വല്ല, പുതിയ വീടന്ന്യാ” എന്നാണ് അവർ പറയുക! പക്ഷേ നാട്ടുകാർ പഴയവീടെന്നേ പറയൂ! ഉദ്യോഗാർഥം അന്നാട്ടിൽ വന്ന ഞാൻ വീടിന്റെ ഔട്ട്ഹൗസിൽ വാടകക്കാരനായി. ഔട്ട്ഹൗസ് എന്നു പറഞ്ഞാൽ... പണ്ടത്തെ തീണ്ടാരിപ്പുര! എെന്റ മധുവിധുകാലം...
ഓമനക്കുഞ്ചിയമ്മയുടെ ഭർത്താവു മരിച്ചു,
മക്കളില്ല.
ഭാർഗവിക്കുഞ്ചിയമ്മ കല്യാണം കഴിച്ചിട്ടുമില്ല.
എൺപതും എഴുപത്തഞ്ചും വയസ്സായ ഇവർ
‘കേനാത്ത് പഴയവീട്ടിൽ’ ഒറ്റക്കു താമസിക്കുന്നു...
ചേച്ചി-അനുജത്തിമാരാണ്.
“ഇത് പഴയ വീടൊന്ന്വല്ല, പുതിയ വീടന്ന്യാ”
എന്നാണ് അവർ പറയുക!
പക്ഷേ നാട്ടുകാർ പഴയവീടെന്നേ പറയൂ!
ഉദ്യോഗാർഥം അന്നാട്ടിൽ വന്ന ഞാൻ
വീടിന്റെ ഔട്ട്ഹൗസിൽ വാടകക്കാരനായി.
ഔട്ട്ഹൗസ് എന്നു പറഞ്ഞാൽ...
പണ്ടത്തെ തീണ്ടാരിപ്പുര!
എെന്റ മധുവിധുകാലം ആ
തീണ്ടാരിപ്പുരയിലായിരുന്നു!
വയൽക്കരെയായിരുന്നു വീട്;
വയലിനപ്പുറം കാടാണ്.
ഒരിക്കൽ ഉച്ചക്ക് വീട്ടിൽ വന്ന ഞാൻ
ഉണ്ണാനിരുന്ന മേശക്കടുത്ത് ഒരു പാമ്പിനെ കണ്ടു;
വയൽക്കരെ സാധാരണ കാണുന്ന
പാമ്പാണത്രേ അത്-തേവി!
അതുകണ്ട ഇളംപ്രായക്കാരിയായ എന്റെ ഭാര്യ
പേടിച്ചു നിലവിളിച്ചത് ഓർക്കുന്നു.
ആ പേടി മാറ്റാൻ നോക്കിയ എനിക്ക്
ഉച്ചക്കു ലീവെടുക്കേണ്ടിവന്നു...
അങ്ങനെയാണെനിക്ക് മകനുണ്ടായത്!
വയലിന്റെ ഭാഗത്ത് കുളമുണ്ടായിരുന്നു.
കുളത്തിനു ചുറ്റുമുള്ള പൊന്തയിൽനിന്ന്
കുളക്കോഴികളുടെ ഒച്ച ഉയരും;
കാട്ടിൽനിന്ന് മറ്റു പലതരം ജീവികളുടെ ഒച്ചയും.
അതിൽ “അട്ടേ.., അട്ടേ...” എന്നു നീട്ടിവിളിക്കുന്ന
ഒരു പ്രത്യേക ഈണത്തിലുള്ള ഒച്ച
രാത്രിയിൽ വേറിട്ടു കേൾക്കാമായിരുന്നു...
അതെന്തിന്റെയാണെന്നറിഞ്ഞുകൂടാ;
അതിന്റെ അർഥവും.
നാൽപത്തൊന്നു വർഷത്തിനുശേഷം
ആദ്യമായി ഞാനവിടെ ഒറ്റക്ക് എത്തി:
ആ വീട് ഇരുന്നയിടം ഒഴിഞ്ഞുകിടക്കുന്നു.
തീണ്ടാരിപ്പുരയുടെ പിൻവശത്തുണ്ടായിരുന്ന
കിണറും
സിമന്റുകൊണ്ടുണ്ടാക്കിയ വെള്ളംടാങ്കും
മുച്ചൂടും നശിച്ച മട്ടിൽ കിടക്കുന്നു.
ആ സിമന്റുടാങ്ക് വൃത്തിയാക്കാൻ എന്റെ ഭാര്യ
എത്രയോ കഷ്ടപ്പെട്ടിട്ടുണ്ട്!
അതിനെപ്പറ്റിപ്പറഞ്ഞ്,
ആ വീട് എനിക്കു വാടകക്കുതന്ന,
കുഞ്ചിയമ്മമാരുടെ ബന്ധുവായ
ബോംബെക്കാരനോട്
ഞാൻ എത്രയോ തവണ തർക്കിച്ചിട്ടുണ്ട്!
കുളം തൂർന്നിരിക്കുന്നു; പൊന്തക്കാടുകളുമില്ല;
കുളക്കോഴികളും അപ്രത്യക്ഷമായിരിക്കുന്നു;
വയലിൽ ഇപ്പോൾ കൃഷിയിറക്കുന്നില്ല.
വീടിനടുത്ത മുക്കിലുണ്ടായിരുന്ന,
ഗോപാലേട്ടന്റെ ഓലമേഞ്ഞ ചായക്കടയും
കാണാനില്ല;
ഇഡ്ഢലിക്ക് ഇരുപത്തഞ്ചു പൈസയായിരുന്നു
അന്നവിടെ വില!
ഇന്ന് ഇരുപത്തഞ്ചു പൈസതന്നെയില്ല!
ശ്രദ്ധിച്ചപ്പോൾ, “അട്ടേ.., അട്ടേ…” എന്ന
അജ്ഞാതമായ ആ പഴയവിളി മാത്രം
ഇപ്പോഴും കേൾക്കാനുണ്ട്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.