സല്യൂട്ട്
ശരീരത്തെ കീഴ്പ്പെടുത്താൻ കഴിവുള്ള
ഒരു പദം
തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ
ഞാനെടുക്കുക
മരണം എന്ന പദമല്ല.
ഒരേ സമയം
ചങ്ങലകൊണ്ട്
കാലുകൾ കൂട്ടിക്കെട്ടി,
കീഴ്ത്താടിയെ
ലാത്തികൊണ്ട് കുത്തിയുയർത്തി,
നെഞ്ചിൻ കൂടിനെ ഞെരുക്കിപ്പോകുന്ന
ആ പദമാണ്.
അപ്പോഴുണ്ടാകുന്ന മിന്നൽ വിറയൽ
ശരീരത്തെ
ഒന്നു പൊക്കി
താഴെയിടും.
വലതു കൈപ്പത്തി
അതോടെ നെറ്റിയിലെത്തും.
വിരലുകളെല്ലാം
വെറുങ്ങലിക്കും.
കൈവെള്ളയിലെ
ആശ്രിതരേഖ വെളിയിലേയ്ക്ക്
പ്രകാശിക്കും.
മനുഷ്യത്വത്താൽ
കുതിച്ചുപാഞ്ഞിരുന്ന ഒരാൾ
അതോടെ
പ്രതിമപ്പെടും.
തലച്ചോറിൽ വിരിഞ്ഞുകൊണ്ടിരുന്ന
ഒരാലോചന
പെട്ടെന്ന് കല്ലിക്കും.
അദൃശ്യമായ
ഒരു നിമിഷം
ആ ശരീരത്തെ ഒന്നുഴിഞ്ഞ്
അപമാനിക്കും.
മനുഷ്യരെ നിശ്ചലരാക്കുന്ന
മന്ത്രങ്ങൾ
നാടോടിക്കഥകളിൽ മാത്രമല്ല.
ആധുനികമായ
മുഹൂർത്തങ്ങളിലുമുണ്ട്,
എന്നത്
ആഴത്തിൽ രേഖപ്പെടുത്തും.
ഭാഗ്യം.
മലയാളത്തിൽ അതിനൊരു പദമില്ല.
അത്രയെങ്കിലും അന്തസ്സ്
ഒരു ഭാഷയെന്ന നിലയിൽ
അതിനിരിക്കട്ടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.