സിൻജെ
നനഞ്ഞ നോട്ടുപുസ്തകങ്ങളുടെ ഗന്ധം എനിക്കറിയില്ല മണ്ണെണ്ണ വിളക്ക് പ്രകാശിപ്പിക്കുന്ന ഇരുട്ടും ഇരുട്ടിനെ അതിജീവിക്കാൻ കേൾക്കേണ്ടിയിരുന്ന കഥകളും എനിക്കന്യം! ആൽബങ്ങൾ മങ്ങിത്തുടങ്ങുമ്പോഴും ഓർമയുടെ ആൽബത്തിൽ തിളക്കം മങ്ങാത്ത മുഖങ്ങൾ എനിക്ക് അപരിചിതം... പൂട്ടിയ ഓർമമുറിയുടെ താക്കോൽ ഞാൻ എവിടെയും സൂക്ഷിച്ചുവെച്ചിട്ടില്ല. എനിക്ക് തിരികെ കയറേണ്ടതില്ലല്ലോ! ബാല്യം... വളരെ കുറഞ്ഞ റെസല്യൂഷനിൽ മാത്രം റീ-ലോഡ് ആകുന്നു... പഴയൊരു ജന്മദിനത്തിന്റെ...
നനഞ്ഞ നോട്ടുപുസ്തകങ്ങളുടെ
ഗന്ധം എനിക്കറിയില്ല
മണ്ണെണ്ണ വിളക്ക്
പ്രകാശിപ്പിക്കുന്ന ഇരുട്ടും
ഇരുട്ടിനെ അതിജീവിക്കാൻ കേൾക്കേണ്ടിയിരുന്ന
കഥകളും എനിക്കന്യം!
ആൽബങ്ങൾ മങ്ങിത്തുടങ്ങുമ്പോഴും
ഓർമയുടെ ആൽബത്തിൽ
തിളക്കം മങ്ങാത്ത
മുഖങ്ങൾ എനിക്ക് അപരിചിതം...
പൂട്ടിയ ഓർമമുറിയുടെ താക്കോൽ
ഞാൻ എവിടെയും
സൂക്ഷിച്ചുവെച്ചിട്ടില്ല.
എനിക്ക് തിരികെ
കയറേണ്ടതില്ലല്ലോ!
ബാല്യം...
വളരെ കുറഞ്ഞ
റെസല്യൂഷനിൽ
മാത്രം റീ-ലോഡ് ആകുന്നു...
പഴയൊരു ജന്മദിനത്തിന്റെ
ഫിൽറ്റർ ചെയ്ത ചിത്രം മൊബൈൽ
സ്ക്രീനിൽ തെളിയുന്നു!
അന്ന് ഞാൻ ആഹ്ലാദത്തിലായിരുന്നോ
എന്നോർമിച്ചെടുക്കാൻ ആവുന്നില്ല.
ഫിൽട്ടർ ചെയ്ത ചിത്രങ്ങൾ
അന്നത്തെ
യഥാർഥ രൂപവും കാട്ടിത്തരുന്നില്ല.
മറക്കാൻ
ആഗ്രഹിച്ചവയൊക്കെ
ടാഗിങ്ങുകളായും
ബാക്കപ്പുകളായും
പിന്തുടരുന്നു!
സ്വയം അപ്ഡേറ്റ്
ചെയ്ത എന്നെ
ഭൂതകാലം
പിടിച്ചുനിർത്തി
വിചാരണ ചെയ്യാൻ
തുടങ്ങുമ്പോൾ
ഞാൻ വഴുതിമാറുന്നു!
എന്റെ ഓർമകൾക്ക്
തിളക്കങ്ങളേയുള്ളൂ
സുഗന്ധങ്ങളില്ല...
എന്റെ അടുക്കളയിൽ
വ്യഞ്ജനങ്ങളുടെ മണമില്ല!
പാക്കറ്റുകളിൽ എത്തുന്ന
ഭക്ഷണം എന്റെ
സ്റ്റൗവിനു ചുറ്റും
കഥകൾ സമ്മാനിക്കുന്നില്ല!
കൈകളുടെ ചൂടല്ല
മൈക്രോ വേവ് അവന്റെ
ചൂടാണ് എന്നെ തൊട്ടത്...
മുറിവുകളുടെ
വീരസ്യങ്ങളും
പൊടിമണ്ണിന്റെ
ചുംബനവുമില്ലാത്ത
കളികൾ..!
ഇൻസ്റ്റന്റ്
വിജയങ്ങൾ
എന്നെ ആഹ്ലാദിക്കാൻ പഠിപ്പിച്ചില്ല!
പുനഃപരിശ്രമ
സാധ്യതയുള്ള
തോൽവികൾ
മുറിപ്പെടാനും...
ഉപകരണങ്ങളില്ലാത്ത
സംഗീതവും
രംഗവേദിയില്ലാത്ത
അവതരണങ്ങളുമാണ് ഇഷ്ടങ്ങൾ!
കോർത്തുപിടിക്കുന്ന കൈകളില്ലാത്ത
സൗഹൃദങ്ങൾ...
വാതിലടച്ചിരുന്നുകൊണ്ടുള്ള
യാത്രകൾ...
വിരസതയുടെ വലിയ
പാഠം ഞാൻ പഠിച്ചില്ല...
പകരം സ്ക്രോളിങ് പഠിച്ചു!
പുറമേനിന്നുള്ള ശബ്ദങ്ങൾ
അപ്രതീക്ഷിത അതിഥികൾ
വിശദീകരണം ആവശ്യമുള്ള ചോദ്യങ്ങൾ...
എനിക്കിഷ്ടമല്ല!
ഏകാന്തത എപ്പോഴും
എന്നെ എന്നിൽ തന്നെ
കുഴിച്ചിട്ട് മാറിനിന്നു...
രാത്രികളിൽ
നിലാവെളിച്ചത്തെ
പുറത്തുനിർത്തി
നീലവെളിച്ചം ഞാൻ കോരിക്കുടിച്ചു...
ഉന്മാദത്തിന്റെ
ഊറ്റത്തിൽ
ചിലപ്പോഴൊക്കെ
അന്യഗ്രഹയാനം നടത്തി
എന്റെ പഴയ
പതിപ്പുകൾ
എങ്ങനെയായിരുന്നെന്ന്
എനിക്കറിയില്ല!
മടുപ്പ് എന്ന വേട്ടക്കാരന്റെ
ഇര എന്നതിനപ്പുറം
ഞാൻ ആരാണ്?
എനിക്കറിയില്ല...
ഒന്നെനിക്കറിയാം
കാഴ്ചകൾ
കേൾവികൾ
അനുഭവങ്ങൾ
ഇവകൊണ്ട്
ഇരുപതുകളിൽതന്നെ
ജീവിതചക്രം പൂർത്തിയാക്കി
വാർധക്യം വരിച്ച
ഞാൻ...
കൂട്ടത്തിൽ
തലതിരിഞ്ഞുപോയ
ഒരു ടിപ്പിക്കൽ
‘സിൻജെ’ അല്ലാതെ
ആരാവാൻ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.