തീവണ്ടിയെന്ന ആപേക്ഷികതാവാദി (തീവണ്ടിക്കൊപ്പം, ഐൻസ്റ്റീനൊപ്പം )
തീവണ്ടിയിലിപ്പോഴും
നേരം വെളുത്തിട്ടില്ല
അകത്ത് രാത്രിയെ
ഖരീഭവിപ്പിച്ചുനിർത്താൻ
പല സ്റ്റേഷനുകളിൽനിന്നും
കയറിയ
ഉറക്കങ്ങൾ
കിണഞ്ഞുശ്രമിക്കുന്നു.
വെളുപ്പിന്
അങ്കമാലിയിൽനിന്നും
തീവണ്ടികയറിയ
അമ്മ,
നിരന്നുകിടക്കുന്ന
ഈത്തയുറക്കങ്ങളിലേക്ക്
കുളിച്ചുകുറിയിട്ട
പ്രഭാതത്തെ
ഉണർത്താൻ ശ്രമിക്കുന്നു
‘‘അമ്മ ഗുരുവായൂരേക്കാ?’’
കോട്ടുവായ്ചോദ്യംകൊണ്ട്
തീവണ്ടിയിലെ
ഒരു മൗഢ്യം
തന്റെ ഉറക്കത്തെ കഴുകിക്കളയാൻ
ശ്രമിക്കുന്നു.
‘‘ഉറക്കവും പ്രഭാതവും
ഒന്നിക്കുന്ന ഈ തീവണ്ടിയകം-
മോനെ, ഇത്
ഓക്സിമോറോണോ
പാരഡോക്സോ’’
റെയിൽവേ സ്റ്റേഷനിൽ
അമ്മയെ കാത്തിരിക്കുന്ന
എഞ്ചിനീയറിങ് മകന്റെ
തൊണ്ടയിൽ
പഴംപൊരി കുരുങ്ങുന്നു
‘‘അമ്മേ, it is the coupling or hybridization of...’’
ഫോണിലൂടെ
മകൻ അമ്മയോട് വിക്കിവിക്കി
മറുപടി ശ്രമിക്കുന്നു.
പാഞ്ഞുപോകുന്ന
ഉറക്കത്തിന്റെ ഒരു ഗുഹയായി
തീവണ്ടി,
വേഗതയും ഇരുട്ടും കൊണ്ട്
ഓരോ സ്റ്റേഷനിലേക്കും
തുളഞ്ഞുകയറി
ഓരോന്നിനെയും ഓരോരോ
വിന്റേജ് ദൃശ്യമാക്കാൻ
ശ്രമിക്കുന്നു.
പ്രഭാതമായിട്ടും
പ്രഭാതമാവാത്ത
തീവണ്ടിയിൽ
തന്റെ അപ്രസക്തിയുടെ
നിമിഷങ്ങൾ
പ്രഭാതം സ്വയം തിരിച്ചറിയാൻ
ശ്രമിക്കുന്നു.
തീവണ്ടിയുടെ വേഗവും
ഉറക്കത്തിന്റെ ലാസ്യവും
ഒന്നിക്കുന്ന ഈ യാത്ര,
പാളത്തിന്റെ നിശ്ചലാവസ്ഥയും തീവണ്ടിയുടെ
ചലനാവസ്ഥയും ഒന്നിക്കുന്ന ഈ യാത്ര,
തീവണ്ടി ടണലിനുള്ളിലേക്കോ
ടണൽ തീവണ്ടിക്കുള്ളിലേക്കോ..?
ഈ സന്ദേഹങ്ങൾ രണ്ടും
ഒന്നിക്കുന്ന ഈ യാത്ര,
ഓട്ടത്തിന്റെ സ്വാതന്ത്ര്യവു-
മെന്നാൽ പാളത്തിന്റെ നിയന്ത്രണവും
ഒന്നിക്കുന്ന ഈ യാത്ര,
കൂടുന്ന സമയവു-
മെന്നാൽ കുറയുന്ന ദൂരവും
ഒന്നിക്കുന്ന ഈ യാത്ര..
‘‘ഡാ മോനെ പറ, ഇത് ഓക്സിമോറോണോ
പാരഡോക്സോ’’
‘‘അമ്മ
ഗുരുവായൂർ സ്റ്റേഷനിലെത്തിയോ?’’
മകൻ
വിശ്രമത്തിൽ നിന്ന്
ചലനത്തിലേക്ക്
‘കീ’ തിരിക്കാൻ ശ്രമിക്കുന്നു.
അമ്മ
രാവിലെ
മണിയെട്ടരയോടെ
തീവണ്ടിയിലെ ഭൗതികതയിൽനിന്നും
സ്റ്റേഷന്റെ ആത്മീയതയിലേക്ക്
കാലുകുത്താൻ ശ്രമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.