മധുരഘാതകി
അച്ഛനോർമകളെന്ന്
കണ്ണീരിൽക്കുതിർന്നൊരെഴുത്തും
പടവുമായമവക്കടെ സ്റ്റാറ്റസ്
കണ്ടുമ്മച്ച്
ചിരിച്ചുമറിയുമൊരു
മോന്തപ്പടം മറുപടിയായിട്ടവള്ക്കയച്ചപ്പോ
തെരക്കാണെന്ന്
നെനക്കെത്ര തന്തയുണ്ടെടീന്ന്
ചോദിക്കുമ്പ
ആണ്ടുവലിയ്ക്ക്
വന്നോർക്ക്
വിരുന്നൊരുക്കലാണെന്ന്
ആ അമ്മായിയപ്പൻ കെളവനെ
നീ എന്നാണെടീ നിന്റെയച്ഛൻ
കേശവമ്പിള്ളയ്ക്കൊപ്പം വെച്ചതെന്ന്
വീണ്ടുമൊന്ന് കൊത്തിയപ്പൊ
വൈകുന്നേരമൊളിച്ച് കാണുമ്പ വെച്ചിട്ടൊണ്ടെന്ന്
തിരിച്ച് കിട്ടി,
കൂടെ കൊറേ ഉമ്മയും.
വന്നിട്ട് തന്നാ മതീന്ന്
കണ്ണിറുക്കി കാണിക്കുകേം
ചെയ്തു ഞാൻ
കൊച്ചിലേയൊള്ള കൂട്ടാണവള്
ഞാമ്പടിക്കാനിച്ചിരെ
പൊറകോട്ടായോണ്ട്
പള്ളിക്കൂടത്തിലെ
കഞ്ഞിപ്പെരേലെ പണിക്കൊള്ള
നേരത്തേ കേറാനൊത്ത്
പപ്പനാവന്റെ പത്തുകാശും
പിന്നെ ശനീം ഞായറും
കാടുവെട്ടലും
എടക്ക് ഷാപ്പിലെ കറിവെക്കലും...
കഴിഞ്ഞ്;
ഒറ്റാന്തടി
സൊഖം.
കെട്ടാത്തതെന്തെന്ന്
ചോദിക്കാനോരോരുത്തര്
വന്നാരുന്നെങ്കിലും
കാടുവെട്ടാനും
കറിയ്ക്കൊരുക്കാനും
മാത്റമല്ലല്ലോ കത്തി
എല്ലാരുമതങ്ങ്
നിറ്ത്തി.
അവള് മിടുക്കിയാ
കോർപ്പറേഷനില്‍
ക്ലർക്കത്തിയാ
പക്ഷേ കൊറേവർഷം
കെടന്ന് പെടച്ചിട്ടാ...
കെട്ടിയോന്റവടുത്തെ
അടുക്കളേല്,
തൊഴുത്തില്‍,
ആദ്യം പശൂന്റെ
പിന്നെ വീട്ടിലാ
തള്ള കെടപ്പായപ്പോ
അവരടെ
തീട്ടോം മൂത്രോം
കോരീട്ട്.
പണ്ട്
വീട്ടീനടുത്തൂന്നായോണ്ട്
ഒരുമിച്ചാരുന്ന്
പള്ളിക്കൂടത്തിപ്പോക്ക്
അവക്കടെ വീട്ടുകാര്ടെ
കണ്ണീപ്പെടാണ്ടെ
ഞങ്ങളങ്ങൊരുമിച്ച് നടന്ന്.
കണക്കില്‍ കുരുങ്ങി
പെരേലെ പണീലും പെട്ട്
ഞാനെട്ടില് പൊട്ടി
പിന്നെത്തട്ടീം മുട്ടീം
പത്തിലെങ്ങനോ ചാടിക്കടന്ന്
ലവള് പക്ഷേ രണ്ട് വർഷം
കോളേജുങ്കൂടെ നെരങ്ങി
പൊന്നും പറമ്പുമിച്ചിരിയെന്താണ്ടോ
കൊടുത്ത് കെട്ടിച്ചയക്കാനാവതുണ്ടാർന്ന
കുടുംബമാർന്നവക്കടെ
ഞങ്ങടെ കൂട്ടും
കൊറച്ച് കൂടുതലാണെന്നവടത്തെ
തള്ളയ്ക്കന്നേ
തോന്നിയാർന്ന് പോലും
ഞങ്ങള്‍ തമ്മില്‍ തീണ്ടലും തൊടീലും
പണ്ടേ തീർന്നതാന്നാ
തള്ളയോട് പറയാമ്മേലല്ലോ...
കരഞ്ഞുവിളിക്കാനൊന്നും പോയില്ല
പക്ഷേ അതിന്റടുത്താഴ്ച ലവള്
കരഞ്ഞു വിളിച്ചാണ് വന്നത്
കൊടുത്തതൊന്നും
പോരെന്നാ തന്തേം തള്ളേം
അവര്‍ പണിക്കാരത്തിയെ പറഞ്ഞുവിട്ട്
പറഞ്ഞ പണിയെല്ലാം കഴിഞ്ഞ്
വെളക്കുവെക്കുമ്പോ
അതുവരേമൊള്ള കുറ്റം പറച്ചിലും
കിഴുക്കലും കഴിഞ്ഞിട്ട്
തള്ള രാമായണം ചൊല്ലും
അതിന്റെ പെറകേ പിന്നെ
കെടക്കണേടം വരേം
തന്തേടെ ഭരണിപ്പാട്ട്
വേറേം
കെട്ടിയവനാണെങ്കി
തന്തേടെ വാലാട്ടിയൊരു
കോന്തനും
ഇനി തിരിച്ചു പോണില്ലെന്ന്
കാറിയിട്ടുമിതിന്റെടേലെങ്ങനാണ്ടോ
കുളിതെറ്റിയോണ്ടവളെ
പിന്നേമങ്ങോട്ട് തന്നെ
പറഞ്ഞ് വിട്ട്
കൊച്ചൊണ്ടായിപ്പോയോണ്ട്
പിന്നേമാ മാരണം
രാ... മായണം തന്നെ
ശരണമെന്നവള്
എന്നാലും
അതിന്റെടേക്കൂടെങ്ങനോ
കോർപ്പറേഷനാപ്പീസിലവള്
പ്യൂൺ പണിയൊപ്പിച്ച്
പുറത്ത് പണിക്ക് വിടൂലന്ന്
പറഞ്ഞപ്പൊ
കരഞ്ഞ് കാല് പിടിച്ച്
പിന്നെ സ്ത്രീധനക്കണക്ക്
കടം തീർത്തൊപ്പിക്കാമെന്ന്
വീട്ടുപണിയെല്ലാം തീർത്തിട്ട്
പൊയ്ക്കോളാമെന്നൊറൊപ്പ്
കൊടുത്തിട്ടാണ് പോലുമൊടുക്കം
പോവാനൊത്തത്.
പിന്നെയെടയ്ക്കവള് വരും
ജോലിക്കാരിയായോണ്ട്
പോണേനും വരണേനും
വീട്ടുകാർക്കും തന്തോയം
അപ്പൊ ഞങ്ങളുമെടയ്ക്കൊന്നു കൂടലാക്കി
ഞാന്നല്ല വാറ്റ് മേടിക്കും
അപ്പൊഴവള്‍ പണ്ട്
കോളേജിപ്പോയപ്പോ വായിച്ച
ഏതാണ്ട് നീർമാതളോം
ചന്നനമരങ്ങടെ മണോം
ഒക്കെ പൊക്കിക്കോണ്ട് വരും
ആയമ്മതയിതെന്തെരിന്നാണ്
എഴുതിവെച്ചേക്കണതെന്നുമ്പറഞ്ഞ്
ഞാഞ്ചിരിക്കും
ആപ്പീസിലെ പെണ്ണുങ്ങടൊക്കെ കഥേം
ഞാങ്കേക്കണം
അവക്കടെ മണത്തിനായിട്ട്
ഞാനങ്ങ് കേട്ട് കൊടുക്കും
ആ വീട്ടിലാരും കേക്കാനില്ലാത്തേന്റെ
കേടങ്ങ് തീരട്ടേന്ന് വെക്കും
പിന്നെയവളൊരു ദെവസം
വെറച്ചോണ്ട് കേറി വന്ന്
പോതോം പൊക്കണോം കെട്ട്
കെടപ്പിലായ തള്ളേനെ
കുളിപ്പിക്കാൻ നേരം
കെട്ടിയവന്റെ തന്ത
പെറകീന്ന് പിടിച്ചെന്ന്
കറിക്കത്തിയെടുത്ത്
കൊടുത്തപ്പോ
കൊച്ചുമോളെയോർത്തിട്ട്
കരഞ്ഞോണ്ട് തിരിച്ചോടിയോളെ
പിന്നെ കാണുന്നത്
തള്ളേടയടിയന്തരത്തിനാണ്
പിന്നെ വരവൊക്കെയങ്ങ് കൊറഞ്ഞ്
കെട്ട്യോൻ കുടിയന്റെ
കടം തീർക്കാനെരട്ടിപ്പണി വേറെയുമെടുത്ത്
പെങ്കൊച്ചിനെപ്പഠിപ്പിക്കാൻ
ലോണിനൊള്ള
പേപ്പറ് ശരിയാക്കാന്നേരത്ത്
വന്ന ദെവസം
വീട്ടിലും വന്ന്
കെട്ടിപ്പിടിക്കണ നേരത്ത്
പിന്നൊന്നും
കേക്കാനുമൊത്തില്ല.
ഇന്നവള്‍ വന്ന്-
മൂത്ത കള്ള് മോന്തി
കോഴീം ചവച്ച്
നല്ല തരിപ്പായപ്പോ
കൊറേ കടലാസ്
കാട്ടിത്തന്ന്
ചത്തുപോയ
അമ്മായിയപ്പന്റെ
മരുന്നുകുറിപ്പടിയാണ് പോലും
ആ തന്തയോടെന്നു മൊതലാടി
നിനക്കിത്ര പൊന്നാരമായതെന്ന്
തോണ്ടിയപ്പോ
പറയുന്ന കേട്ട്
നാവെറങ്ങിപ്പോയി
അന്ന് തിരിച്ച് ചെന്നപ്പൊ
തൊട്ടവള്‍ കെട്ടിയോന്റെ കൂടെയേ നടക്കൂന്ന്
അയാളോട് കൊഞ്ചീട്ടമ്മാവനോട്
കൊഴഞ്ഞിട്ട്
തഞ്ചത്തീ മാറാൻ പഠിച്ചിട്ട്
പഞ്ചാര നല്ലോണം കലക്കി ചായയിട്ട്
പിന്നെ പലഹാരമൊണ്ടാക്കി
മധുരം കൊട്ടിത്തൂവിച്ചേർത്തങ്ങേർക്ക്
മാത്രം പ്റത്യേകം
പിന്നെ പതുക്കനെ പതുക്കനെ
പെട്ടെന്ന് തട്ടിപ്പോകാത്ത പലതും
ചെറുങ്ങനെ കൊടുത്തിട്ട്
ആപ്പീസിന്നും ലീവെടുത്തിട്ട്
ഡോക്ടറെക്കാണിക്കൽ
പതിവാക്കിയതുമവള് തന്നെ
പ്രമേഹം കൊണ്ടങ്ങ് കയറി
അങ്ങേർക്ക്
കണ്ണ് മങ്ങി
നല്ല ഷാപ്പുകറി പോലത്തെ
കിടുക്കാച്ചി കറീം ചോറും
കൊടുത്ത് നെയ്യും തേനും
ചേർത്ത് തടിപ്പിച്ച്
അറക്കാൻ പോണ
പന്നിയെപ്പോലങ്ങ്
പെരുപ്പിച്ച്
തന്തേടെയൊടുക്കത്തെ
ഉശിരും പവ്വറുമങ്ങ് പോയി
പ്രഷറങ്ങ് കൂടി
പിന്നെ പയ്യനെ പയ്യനെ
തന്തയങ്ങടങ്ങി
അവസാനം
ചോരേല് പഞ്ചാര കൂടിക്കൂടി
ഒരു കാലങ്ങ് മുറിച്ച്
പണ്ട് തെറിവിളിച്ച
നാവും കൂടി തളർന്ന്
കെടപ്പായപ്പോ
പഞ്ചാരയൊഴിച്ച്
കുടിപ്പിച്ചെന്ന്
മരുന്നൊക്കെ പൊടിച്ചിട്ട്
മണലിട്ടെന്ന്
വെള്ളം കേട്ടപ്പോ
മണ്ണെണ്ണകലക്കിക്കൊടുത്തെന്ന്
നാവില്‍ നഞ്ച് പോലത്തതെന്തരോ
തേച്ച് കൊടുത്ത് പൊള്ളിച്ച്...
ഒറ്റപ്പോക്ക് പോകാതെ
ഇങ്ങനെ ഇഞ്ചിഞ്ചായിച്ചാവാനും
വേണ്ടേ ഒരുയോഗമെന്ന്
എടയ്ക്ക് ഇതൊക്കെ ഒന്നു നോക്കാൻ
അവിടെ വെച്ചാ ഒക്കാത്തോണ്ടിവിടെ
വെക്കാൻ കൊണ്ടുവന്നതാണ് പോലും
ഭീകരി!
തരിപ്പെറങ്ങി
എനിക്കങ്ങ് തലചുറ്റി
എടി പന്ന*മോളെ നീയിതെത്ര
കേമിയായതെന്നടീ
കുരിപ്പേന്ന്
ചോയിക്കുന്നേരം
പിന്നെന്റെ കുഞ്ഞുമോളെ
പിടിക്കാമ്മന്നോനെ
പൂശിക്കണാർന്നാന്ന്
അവള് ചീറുന്ന കണ്ടിട്ട്
ഞാന്തിരിഞ്ഞു കെടന്നു
പക്ഷേ
എടയ്ക്കിങ്ങനെയവള്
വരുമ്പളല്ലേ കാണാനൊക്കത്തൊള്ളുന്നോർത്തപ്പോ
നാലു മൊല
കൂടുമ്പൊഴൊള്ള
സൊഖമോർത്തപ്പൊ
വീണ്ടും ചെന്ന് പറ്റിപ്പിടിച്ച്
അവക്കടെ കാതിക്കടിച്ച്
ഞാമ്പറഞ്ഞ്
നീയൊരൊന്നാന്തരം
മൊതലാണെന്റെ
കാത കീ/കാത ലീ
അവളപ്പം പറയേണ്
എടീ മോളേ
കാത കി
അല്ലെടീ;
ഘാതകി,
ഞാൻ
മധുരഘാതകിയെന്ന് !
കെതച്ചാകെ
കിനിഞ്ഞ മതുരം
തൊടച്ചിട്ട്
ചോദിക്കാനും
പറയാനും
ആരുമില്ലോത്തോരിങ്ങനല്ലേടി
ഉത്തരം കിട്ടാത്ത
ചോദ്യമാവണതെന്നവൾ ...
ഈ പ്യൂൺ ബുദ്ധി പിൻബുദ്ധിയെന്ന്
സാറമ്മാരെ കൊത്തുനോട്ടോം കൊണ്ട് കളിവാക്കും
കേട്ട് വാശിക്ക് പഠിച്ചോണ്ട്
അവളിപ്പം
ക്ലർക്കത്തിയായി
രാവിലെ രണ്ട് കുറീം വരച്ച്
തൊളസിക്കതിരും വെച്ച്
മുടിയുവാട്ടിയങ്ങ് പോയാ മതി
ഇതിപ്പം കേട്ടപ്പോ മൊതല്
വെയർക്കണതും ഉച്ചക്കഞ്ഞീല്
വെന്ത് മലരണതും
ഉച്ചക്കടുപ്പിൽ അരിഞ്ഞേനൊപ്പം
എരിയണതും ഞാന്‍തന്നെ
അതാ, ആരോടെങ്കിലും
പറയാണ്ടേ വയ്യാത്തോണ്ടാ
ഈ വൈന്നേരം
ഷാപ്പുംങ്കറീക്കെടന്ന്
കണ്ണും തള്ളിത്തെളയ്ക്കണ
ഈ അയലത്തലയെല്ലാത്തിനോടും
ഇങ്ങനെ പൊറുപൊറുക്കണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.