പോകവേ ഒരാൾ വഴിതടഞ്ഞു
പോകവേ ഞാനപ്രത്യക്ഷനായി
ഞാനെങ്ങനെ അപ്രത്യക്ഷനായി
ഞാനെന്നെ അപ്രത്യക്ഷനാക്കി
ഞാനെന്നെ തിരഞ്ഞ് പുറകോട്ട്നോക്കി
അടഞ്ഞമുറികൾ തുറന്നുനോക്കി
വരികൾക്കിടയിൽ പരതിനോക്കി
ഫോണുകൾ ശബ്ദിച്ചു
പരസ്പരം ശബ്ദിച്ചു
തരികളിൽ തരികളായി എന്നെ തിരഞ്ഞുനോക്കി
ലെൻസുകൾ വച്ച് തിരഞ്ഞുനോക്കി
പ്രതലങ്ങളിൽ തൊട്ടുനോക്കി
മണത്തുകൊണ്ട് തിരഞ്ഞുനോക്കി
രുചികളിൽ ഞാനെന്നെ തിരഞ്ഞു
പത്രവാർത്തകളിലെ കുനു കുനുത്ത അക്ഷരങ്ങളെ ഞാൻ പറഞ്ഞു വലുതാക്കി
വിസർജ്യങ്ങളിൽ മാലിന്യങ്ങളിൽ ശബ്ദങ്ങളിൽ ഞാനെന്നെ തിരഞ്ഞു
അനേകായിരം വായകളിൽ ഞാൻ തിരഞ്ഞുനോക്കി
വീടുകൾ കയറിയിറങ്ങി ഞാൻ ചോദിച്ചു
ശൂന്യതകളിൽ ഞാനെന്നെ തിരഞ്ഞു
പ്രാർഥനകളിൽ ഞാനെന്നെ തിരഞ്ഞു
കല്ലറകൾ തുറന്ന് കുരിശടയാളങ്ങളെ വകഞ്ഞുമാറ്റി
ഉയർന്നുനിൽക്കുന്നു പുണ്യവാളന്റെ
പിറകിൽ ഞാൻ തിരഞ്ഞുനോക്കി
അന്വേഷണത്തിൽ മരിച്ചുവെന്നും
കടലാസുരേഖയിൽ ആത്മഹത്യയെന്നും
വാമൊഴിയിൽ കൊലപാതകമെന്നും
ഇനി നടുവെട്ടി കുഴിയെടുത്തതാണോ
അതോ പക നീട്ടി കഴുത്തറത്തതോ
ചിലപ്പോൾ നീർവിഴുത്തി
കൊരലറുത്തതാകാം
അതുമല്ലെങ്കിൽ
ഞെരിച്ചമർത്തി നാക്കറുത്തതാകാം
നടപടിക്രമങ്ങൾ പൂർത്തിയാകാത്ത അളിഞ്ഞ
മൃതദേഹത്തിൽ ഞാനെന്നെ തിരഞ്ഞുനോക്കി
അലപോലെ പുഴുക്കൾ
ഞാൻ സൂക്ഷ്മതയോടെ തിരഞ്ഞുനോക്കി
കൈമടക്കിൽനിന്ന് വിരലുകളെ വേർപെടുത്തി
ഞാനെന്നെ തിരഞ്ഞു
ഞാൻ മുകളിലേക്ക് നോക്കി
ആകാശഗർത്തങ്ങളിൽ ഞാനെന്നെ തിരഞ്ഞു
പ്രളയപ്പെയ്ത്തിൽ ഞാൻ നടന്നു
വേഗത്തിൽ ചുറ്റും കണ്ണോടിച്ച്
തിരിഞ്ഞ്
ചുറ്റുംതിരിഞ്ഞ് ഞാൻ നടന്നു
ഞാൻ ഓടിയോടി
ഞാൻ മാഞ്ഞു
ശരീരത്തിന്റെ തെയ്യ്മാനത്തിൽ
ഞാനപ്രത്യക്ഷനായി
പിറ്റേന്ന് നടപ്പാതയിൽ ഒരാൾ പോകവേ
ഞാനൊരാളെ വഴിതടഞ്ഞു
അയാൾ അപ്രത്യക്ഷനായി
അയാളെങ്ങനെ അപ്രത്യക്ഷനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.