നിങ്ങൾ ഏത് ജാതിക്കാരനാണ് സഹോദരാ?
നിങ്ങൾ ഏത് ജാതിക്കാരനാണ് സഹോദരാ?
ദലിതനാണ് സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
ഏതിൽ വരുമെന്നാണ്..?
നിങ്ങളുടെ
തെറി വാക്കുകളിൽ വരും,
വൃത്തികെട്ട ഓടയിൽ വരും,
പിന്നെ
മാറ്റിെവയ്ക്കപ്പെട്ട
എച്ചിൽ പാത്രത്തിൽ വരും സർ.
എനിക്ക്... തോന്നി...
ഹിന്ദുവിൽ വരുമെന്ന്.
അതേ സർ,
വരും...
പക്ഷേ താങ്കളുടെ തെരഞ്ഞെടുപ്പിൽ.
നിങ്ങൾ
എന്താണ് കഴിക്കുന്നത് സഹോദരാ..?
ഒരു ദലിതൻ കഴിക്കുന്നതുതന്നെ സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
എന്തെല്ലാം തിന്നുമെന്ന്?
നിങ്ങളുടെ മർദനം, കുടിശ്ശികയുടെ ഭാരം, പിന്നെ,
പട്ടിണിയിൽനിന്ന്
രക്ഷപ്പെടാൻ
വല്ലപ്പോഴും അച്ചാർ കഴിക്കും സർ.
അല്ല...
എനിക്ക് തോന്നി കോഴിയിറച്ചി
കഴിക്കുമെന്ന്...
അതേ
കഴിക്കും സർ.
പക്ഷേ...
അതും നിങ്ങളുടെ തെരഞ്ഞെടുപ്പിൽ.
നിങ്ങൾ
എന്ത് കുടിക്കും സഹോദര?
എന്താണോ
ഒരു ദലിതൻ കുടിക്കുന്നത് അത് സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
എന്തൊക്കെ കുടിക്കുമെന്ന്..?
തൊട്ടുകൂടായ്മയുടെ വേദന,
പൊട്ടിത്തകർന്ന ആഗ്രഹങ്ങളുടെ ശക്തി, പിന്നെ
നഗ്നനേത്രങ്ങളാൽ കണ്ട എല്ലാ മായയും... സർ.
എനിക്ക് തോന്നി
കള്ള് കുടിക്കുമെന്ന്...
അതേ,
കുടിക്കും.
പക്ഷേ, നിങ്ങളുടെ തെരഞ്ഞെടുപ്പിൽ സർ.
നിങ്ങൾക്കു എന്ത് കിട്ടി സഹോദരാ?
ദലിതർക്കു കിട്ടുന്നതൊക്കെ കിട്ടി സർ...
വിവേചനപരമായ ജീവിതം,
നിങ്ങളുപേക്ഷിച്ച അഴുക്കുകൾ...
കൂടാതെ നിങ്ങളെപ്പോലുള്ള
പരാന്നഭോജികളുടെ സേവനം... സർ.
എനിക്ക് തോന്നി...
വാഗ്ദാനങ്ങൾ കിട്ടിയെന്ന്..?
കിട്ടുമല്ലോ... സർ
അതും
നിങ്ങളുടെ തെരഞ്ഞെടുപ്പിൽ.
നിങ്ങൾ...
എന്ത് ചെയ്‌തു സഹോദരാ?
ദലിതൻ
ചെയ്യുന്നതെന്തോ...
അത് ചെയ്‌തു സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
എന്തൊക്കെ
ചെയ്തുവെന്നാണ്..?
വിയർപ്പിൽ കുളിച്ച്,
പ്രഭാതത്തെ പ്രദോഷമാക്കി
നൂറു ദിവസം തടാകത്തിൽ പണിയെടുത്തു,
വന്നുപോകുന്ന തമ്പ്രാക്കളെ സലാം െവച്ചു.
എനിക്കു തോന്നി...
എന്തോ
വലിയ ജോലി ചെയ്തെന്ന്...
അതേ,
ചെയ്തല്ലോ സർ...
നിങ്ങളുടെ തെരഞ്ഞെടുപ്പിന്റെ പ്രചാരകനായി.
മൊഴിമാറ്റം: മിനി അനാമിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.