ആ യുവാവിനെ
ഇന്നു കണ്ടിരുന്നെങ്കിൽ
ഒരു സ്വീകരണം നൽകുമായിരുന്നു.
ജയിലിൽനിന്നിറങ്ങിയവൻ.
അവൻ വനപാലകരോട് എതിർത്തു.
പട്ടയം എല്ലാവർക്കും തരാത്തതെന്ത് എന്നു ചോദിച്ചു.
അവൻ കുടിയിറക്കിനെ വിമർശിച്ചു
ഇത് ചുരുളി-കീരിത്തോടിെന്റ*
മണ്ണാണെന്നു പറഞ്ഞു.
അവൻ പൊലീസുകാർക്കു മുന്നിൽ
ഓടാതെ നിന്നു.
അവൻ എന്തുകൊണ്ട് ഓടിപ്പോയില്ല
കുടിയേറ്റക്കാർ ചോദിച്ചു.
കുടിയിറക്കരുത്
എന്നുപറഞ്ഞതെന്തിന്?
ജനപ്രതിനിധികൾ പ്രതിഷേധിച്ചു.
പട്ടയമേളയിൽ
അവനു പട്ടയം കിട്ടിയില്ല
ജപ്തി പിൻവലിച്ചപ്പോൾ
അവന്റെ പേരുണ്ടായില്ല
കുടിയിരുത്തിയ ലിസ്റ്റിൽ
അവന്റെ വീട്ടുപേര് കണ്ടില്ല
മുന്നണി മര്യാദകൾ മാറിമാറി വന്നു.
ജയിലിൽനിന്നിറങ്ങിവന്ന
അവനെ
സമരക്കാരനായോ
കർഷകനായോ
ആരും കണ്ടില്ല.
തൊഴിലാളികൾ മുഖം കൊടുത്തില്ല
കുടിയിറക്കിയിടത്തേയ്ക്ക്
അവൻ നട്ടവിളകൾ തിരഞ്ഞ്
പോകുന്നതായി കണ്ടു.
ഭയം എന്നെ അവനിൽനിന്നും മാറ്റി.
ഞങ്ങളുടെ കുടുംബം അവിടം ഉപേക്ഷിച്ചുപോയി.
അവനുവേണ്ടി അവിടെ
പുതിയ പൊലീസ് സ്റ്റേഷൻ തുറന്നു
വാഹനങ്ങളും വ്യൂഹവും
ഇരട്ടിയാക്കി
ഔട്ട് പോസ്റ്റിന്റെ എണ്ണം കൂട്ടി.
അവനെ പഠിക്കുവാൻ
ഒന്നിൽ കൂടുതൽ എൻ.ജി.ഒക്കാർ
രജിസ്റ്റർ ചെയ്തു.
താൻ പോറ്റിയവയെ
തിരഞ്ഞ് അവൻ മലകയറിപ്പോയത് കണ്ടവരുണ്ട്.
ഭയം അവരെ അവനിൽനിന്നകറ്റി.
മനോരോഗമായി അഭിനയിക്കുന്നുവെന്നും
വിശപ്പുള്ളതായി നടിക്കുന്നെന്നും
വീടുണ്ടാക്കാൻ ശ്രമിച്ച് പ്രകോപിപ്പിക്കുന്നെന്നും
ഇരുമ്പായുധങ്ങളായ
തൂമ്പ, വാക്കത്തി, കോടാലി
തുടങ്ങിയവ
സൂക്ഷിക്കുന്നുവെന്നും
കേസുകൾ രജിസ്റ്റർ ചെയ്തു.
ഭയം അവരെക്കൊണ്ട്
അതൊക്കെ ചെയ്യിച്ചു.
ഭൂരഹിതരായ കുടിയേറ്റക്കാരെല്ലാം
അവിടെനിന്നും ഉപേക്ഷിതരായി.
ഞാനിവിടം വിട്ടുപോകുന്നില്ല
ഞങ്ങളോട്
അവൻ പറഞ്ഞ വാക്കുകൾ
കാലങ്ങൾക്കുശേഷവും മുഴങ്ങി.
---------------
*ചുരുളി-കീരിത്തോട്: ഇടുക്കി ജില്ലയിൽ കർഷകരുടെ ഭൂസമരം നടന്ന സ്ഥലങ്ങളിൽ ചിലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.