ഉൾവനങ്ങളിലേക്ക് വിളിക്കുന്നോ വീണ്ടും. തോക്കിന്റെ നിഴലിലാണോ സഞ്ചാരം. കല്ലുവഴികളും മുള്ളുകളും കാതടപ്പിക്കുന്ന ആറിന്റെ അലർച്ചയും എന്നെ പിന്തിരിപ്പിക്കുന്നതെന്തിന്... ഓ! ഈ പൂവിന്റെ മണം വേട്ടയെന്നുള്ള ചിന്തയെ മാറ്റുമെന്നാണ് തോന്നുന്നത്. നോക്കിനിന്നു പോകും അത് വിരിഞ്ഞുനിൽക്കുന്ന പരിസര വെളിച്ചത്തെ. സഹയാത്രക്കാരാ അല്ല വേട്ടക്കാരാ...
ഉൾവനങ്ങളിലേക്ക്
വിളിക്കുന്നോ വീണ്ടും.
തോക്കിന്റെ നിഴലിലാണോ
സഞ്ചാരം.
കല്ലുവഴികളും
മുള്ളുകളും
കാതടപ്പിക്കുന്ന
ആറിന്റെ
അലർച്ചയും
എന്നെ
പിന്തിരിപ്പിക്കുന്നതെന്തിന്...
ഓ!
ഈ പൂവിന്റെ മണം
വേട്ടയെന്നുള്ള ചിന്തയെ
മാറ്റുമെന്നാണ് തോന്നുന്നത്.
നോക്കിനിന്നു പോകും
അത്
വിരിഞ്ഞുനിൽക്കുന്ന
പരിസര വെളിച്ചത്തെ.
സഹയാത്രക്കാരാ
അല്ല
വേട്ടക്കാരാ
തട്ടിവിളിച്ചത് നല്ലതായി.
അല്ലെങ്കിൽ
ഞാനീ
ഗന്ധത്തോടൊപ്പം
മറഞ്ഞുപോയേനെ...
ഇരുട്ടിന്റെ
അകത്തേക്ക്
വലിച്ചടുപ്പിക്കുന്തോറും
കൂടുതൽ
വലിഞ്ഞു മുറുകുന്നുണ്ടല്ലോ.
ഇരുളുമ്പോൾ അറിയാതെ
പുറത്തുവരുന്ന
മൃഗചിന്തക്ക്
ഉടൽ വരച്ചതാണോ
നിന്റെ മുഖം.
പണ്ടുപറഞ്ഞ
കഥകളിലെ
കാട്ടാളനായി തോന്നുന്നു
നിന്നെയെനിക്ക്.
പേടിയാക്കരുതേ എന്നെ...
നേരമെത്രയായെന്ന്
ഊഹം വല്ലതുമുണ്ടോ.
കാട് കറുക്കുന്നു
കാറ് കനക്കുന്നു...
വല്ലാത്തൊരു
കാറ്റ് വരുന്നു.
അതിന്റെ മുഴക്കത്തിൽ
ഉള്ളാകെ കറങ്ങുന്നുണ്ടല്ലോ.
അതാ
മേഘങ്ങളോടൊപ്പം
വരുന്നു
പെരും പ്രാവിൻ കൂട്ടം.
അവരുടെ
ചിറകിലാണോ
ദൂരമളക്കുന്ന
കണ്ണിലാണോ
തൂവലൊളിപ്പിച്ച
മാംസത്തിലാണോ
തോക്കിന്റെ കണ്ണ്...
നിന്റെ ഏകാഗ്രത
കനക്കുന്തോറും
ഒന്നും കാണാതെയാകുന്നു.
വിറയ്ക്കുന്നു ദേഹം.
തോക്കുള്ള നിന്റെ
കയ്യിൽ
പുളിയനുറുമ്പിന്റെ കൂട്
ഞെട്ടറ്റു വീഴ്ന്നെങ്കിൽ.
ഉന്നംപിഴച്ചു:
പാവം പക്ഷികൾ
പതറി പറന്നുപോയി.
പകരംവീട്ടലിന്
എന്റെ നേർക്ക്
ഇരട്ടക്കുഴൽ നീട്ടുന്ന
നായാട്ടുകാരാ,
തൊട്ടുപിറകിൽ
വഴിതെറ്റാതെ
വന്നുനിൽപ്പുണ്ടൊരു
വരയൻപുലി.
===============
പെരുംപ്രാവ്: അഗസ്ത്യാർകൂട മലനിരകളിൽ വൃശ്ചിക കാറ്റിനോടൊപ്പം വരുന്ന ദേശാടന പക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.