അവൾ വരയ്ക്കുന്ന
ചിത്രങ്ങളെല്ലാം
അപൂർണങ്ങളായിരുന്നു.
അതിനാൽ,
അയാളവളെ
ഒരു ചിത്രകാരിയായി
അംഗീകരിച്ചിരുന്നില്ല.
ആദ്യമായി
അവൾ വരച്ച ചിത്രം
മഴവിൽ നിറത്തിലെ
ചിറകുകളുള്ള ഒരു
പൂച്ചയുടേത് ആയിരുന്നു.
ചിത്രം ഒട്ടും
റിയലിസ്റ്റിക് അല്ലെന്ന്
പറഞ്ഞു കളിയാക്കിയ
അയാൾക്കവൾ,
വെടിക്കെട്ടിൽ
തള്ളവിരൽ
മുറിഞ്ഞുപോയ
ശ്രീധരൻ ചേട്ടൻ
നടുവിരൽ കൊണ്ട്
ഒരു
‘കറുത്ത ശംഖുപുഷ്പം’
ഇറുക്കി നുള്ളുന്ന
പടം വരച്ചുനൽകി.
കറുത്ത പൂവ്
ലോകത്തില്ലെന്ന്
അയാൾ ദേഷ്യപ്പെട്ടപ്പോൾ,
വെളുവെളുത്ത
വെള്ളേപ്പം
ചുടുന്ന ദാസേട്ടൻ എട്ടുവയസ്സുകാരി
കുഞ്ഞമ്മുവിന്റെ മാറിലെ
മുല്ല മാല
ഞരടുന്ന ചിത്രം
അവൾ വരച്ചു.
അതു കണ്ട്
ഒറ്റ ചിത്രമായി
ഒരു ജീവിതം
വരയ്ക്കാൻ അയാൾ വെല്ലുവിളിച്ചു.
കുലുങ്ങി ചിരിച്ചുകൊണ്ട് അന്നേരമവൾ
നാട്ടിലെ ഷീലാമ്മയുടെ
വക്ക് കീറി
നൂല് തൊങ്ങലാടിയ പാവാട
ലാൻഡ്സ്കേപ്പിൽ വരച്ചു.
പാവാടയ്ക്കൊക്കെ
എന്ത് കഥയെന്നവൻ
ചിരിച്ചുകൊണ്ട്
പടി കടന്നുപോയി.
അവൾ
പക്ഷേ,
വര നിർത്തിയില്ല...
പടിഞ്ഞാറ് വീട്ടിലെ
തമ്പി ചേട്ടന്റെ
നീളമുള്ള
കാൽവിരലുകൾ ഉമ്മറത്തിണ്ണയിൽ
ചിത്രഗീതം
കാണാനിരുന്ന
പൂമ്പാറ്റയെ കാൽവിരലുകൊണ്ട്
ഇറുക്കി കൊന്നതും
മനക്കലെ വീട്ടിൽ
എന്നും പോയി
ഞൊണ്ടി കളിക്കുന്ന മഞ്ഞപ്പാവാടക്കാരിയുടെ ചുവന്ന റിബൺ,
തമ്പ്രാൻ കുഞ്ഞ്
കുളിമുറി വരെ
വലിച്ചുകൊണ്ടു പോയി
നനച്ച് പുറന്തള്ളിയതും...
അമ്മയ്ക്ക്
ദീനമായതിനാൽ, ഓട്ടമത്സരത്തിൽ
സമ്മാനം വാങ്ങാൻ
തനിച്ച് േപായ
കുഞ്ഞു മുയൽ കുട്ടിയ്ക്കു പ്രിയപ്പെട്ട
അധ്യാപകൻ നൽകിയ
പൊൻതൂവലും...
ഇടതടവില്ലാതെ
അവൾ വരച്ചുകൊണ്ടേയിരുന്നു...
അപൂർണമായ...
മറ്റാർക്കും തിരിയാത്ത
ഒരു ഭൂഖണ്ഡത്തെ വരയ്ക്കുന്നവളെന്നു
അവൻ
വീണ്ടും അവളെ
തുടയിൽ നുള്ളി വേദനിപ്പിച്ചു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.