പിഞ്ഞിപ്പോയ അക്കപ്പേറുകൾ

ഇതാണ് ഞങ്ങളുടെ കുടുംബഫോട്ടോ.

അപ്പനുമമ്മയും

മാടനും മറുതയും മല​ദൈവങ്ങളും നിറഞ്ഞ്,

ഏറെ പഴകിപ്പോയത്.

ഉയരെനിന്ന് നോക്കുമ്പോൾ

കാടുകൊണ്ട് കൂടുകെട്ടുംപോലെ,

വീട്

കാറ്റത്തുലയുന്നത് കാണാം.

തേനോ, കിളിയോ

നോക്കി പോണവർ

ഉയരങ്ങളിലേക്ക്

വലിഞ്ഞുകേറി,

അടക്കോ, കിളിക്കൂക്കിനോ

കുതിക്കുമ്പോൾ

ഞങ്ങൾ

കുരിപ്പകൾ

വേരുകളിൽ നോക്കി

മണ്ണിന്റെയനക്കം ശ്രദ്ധിക്കും.

അമ്മേടെ വീർത്തവയറിൽ ചെവിചേർത്ത്

അപ്പൻ ചിരിക്കുംപോലെ,

ഞങ്ങൾ കളി തുടരുകയാവും.

പട്ടിഞ്ചയോ,

കാട്ടുതാളിയോ ഒടിച്ച്

കുളിച്ചീറൻ വരും ചേച്ചിമാർക്കൊപ്പം

നനഞ്ഞൊട്ടി

മെല്ലെ

നടക്കുമ്പോൾ

മുളങ്കാടുകളിൽ മറഞ്ഞിരിക്കും കാറ്റ്

അവരെ നോക്കി ചൂളംകുത്തുന്നത് കേൾക്കാം.

മാനം നോക്കി,

മലഞ്ചൂര് നോക്കി

മഞ്ഞുതൂർന്ന

കാട്ടുതാരയും പോക്കി

കാർന്നോമ്മാര് കയറിപ്പോയ

വടക്കൻ മല.

തുണവെച്ച്

തറവെച്ച്

പെരുങ്കാടുവാഴും

പതിക്കും, പാട്ടാലക്കും

പതിനാറ് പാപ്പൻമാർക്കും

തിരിനീട്ടി

തുടി കൂട്ടി

തെറിപ്പിച്ച ചോര,

ചുടലക്കു പാറ്റി

മരിച്ചവന്നേ ചാവേറ്റുപാടി

കടത്തിവിട്ടെ നരകക്കടമ്പ.

പനിച്ചും പടച്ചും തടുത്തും തെറിച്ചേ

പശിക്കുന്ന കാലം തുറുക്കിട്ടു ഞങ്ങൾ.

എത്ര പെട്ടെന്നാണ് കാര്യങ്ങൾ ലളിതമായത്..?

വലിയ പഠിത്തമുള്ളവർ

കാട്ടുചുരങ്ങൾ

കയറിവന്ന്

ഞങ്ങളെ സ്നേഹിച്ചതും,

ഉമ്മറത്തു ചാരി​െവച്ച അവരുടെ തോക്കുകൾ

വെളിച്ചം നിറച്ച ഹൃദയംപോലെ,

ഇടയ്ക്കൊക്കെ ഒളികണ്ണിട്ടു

നോക്കിക്കൊണ്ടേയിരുന്നതും

ഇന്നലെക്കണ്ടോരിടിപ്പടം പോലെ.

കാടുകൾ മതം മാറുന്നതും

കുന്നുകൾ യാത്രപോകുന്നതും,

അരുവികൾ ഒഴുക്കു മറന്ന്

മലർന്നു കിടന്നതും

പുതുമയുള്ള കളികളായി.

അകലെയുള്ള പട്ടണങ്ങളിൽ പഠിച്ചും

കാറോടിച്ചും വിമാനം പറത്തിയും

യുദ്ധങ്ങൾ നയിച്ചും കവിതയെഴുതിയും

കമ്പ്യൂട്ടറിൽ ലോകം നിയന്ത്രിച്ചും

കാമിച്ചും ഭോഗിച്ചും ഞങ്ങൾ വമ്പുകാട്ടി.

ജീവിതത്തേക്കാള്‍

വലിയ ചരിത്രംകൊണ്ട്

ഞങ്ങൾ ഞങ്ങളെത്തന്നെ പൊതിഞ്ഞു.

മടുത്തപ്പോൾ ഉരിഞ്ഞെറിഞ്ഞു.

പുതിയ പാഠങ്ങൾ വരുന്നൂ, പോകുന്നു.

നന്ദിയുള്ളവരാകയാൽ വിവരമുള്ളവരോട്

കൂറുള്ളവരാകണമെന്ന പാഠം എവിടെയും

എഴുതിവെച്ചിട്ടില്ലെങ്കിലും.

പറഞ്ഞുവന്നത്,

ആ കുടുംബഫോട്ടോയെ കുറിച്ചാണ്.

അത് ഓർമകളുടെ ചാറ്റ് ജിപിറ്റികളിൽ

നിന്നും

എന്നേ മാഞ്ഞുപോയിരിക്കുന്നു.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.