എന്നില്‍ തുടിച്ചില്ല തുഞ്ചന്‍, എന്തോ
എന്നില്‍ നിവര്‍ന്നില്ല കുഞ്ചന്‍.
വീണു ഞാന്‍ പൂവായടര്‍ന്നു, തുണ–
യായില്ല നോവിലാശാനും.
ഞാനുഴലും മണ്‍നിളയില്‍, കേളി
കൊട്ടുയര്‍ത്തീല വള്ളത്തോള്‍.
ഞാന്‍ നൂണ പക്ഷിപാതാളം, കാക്ക
കൊത്തുവാനെത്താത്ത പിണ്ഡം.
നീളെ നടന്ന നിഴലിന്‍ തോളി,–
ലാരുടെ പൊള്ളും കരങ്ങള്‍?
സഹ്യാദി പുത്രനാണെന്നോ, ഗുരു
ശാപാഗ്നിയാളുവോനാരോ!
കുറ്റിപ്പുറം പാലമാരോ കുറ്റി–
യാട്ടുവാനാണെന്ന പോലെ
ചെട്ടിച്ചികളിരുണ്ടെങ്ങോ മഴ
ചെത്തമടക്കിയിരിപ്പൂ.
പൊന്നാനിയില്‍ കടലിപ്പോള്‍ വെറു
മുപ്പു പരലെന്നറിഞ്ഞു.
പോക്കുവെയിലറ്റു പോയ്, പോയോര്‍
കാറ്റായി കോഴിക്കോടായി.
കൂട്ടിലെ തത്തയോ കൊക്കില്‍
കതിര്‍ കൊത്തിയ ബാലയായില്ല.
കെട്ടഴിഞ്ഞുള്ള കഥകള്‍ പാതി
ബുര്‍ക്കയാലെങ്ങോ മറഞ്ഞു.
നിശ്ശബ്ദതാഴ്വര തന്നില്‍, കാലം
ദുസ്സഹം തീ കാഞ്ഞിരിപ്പൂ.
ആരൊരാളാകാട്ടുപൂവിന്‍ നേരെ
തോരാത്ത രാമഴയാകാന്‍?
ഞാനെരിക്കായ് പൂത്തില്ലെങ്ങും
ഞാനൊറ്റയാവില്ലതിനാല്‍.
ആരോ വരാനായുമില്ല, മൂക–
മാരിലും ഞാനാവതില്ല.
അക്ഷയമാമഗ്നിയാലെ തീര്‍ത്തൊ–
രക്ഷരമാണെന്‍റെ ഖഡ്ഗം.
ഞാനെന്‍ തെരുവിലാണിന്നും
മൂകഭാഷയിതെന്‍ മലയാളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.