കണ്ണീർപ്പാഠം

സഹധർമിണിയൊത്തു

നിൽപ്പുണ്ടു, വൈലോപ്പിള്ളി

ഇഹലോകത്തിൻ കണ്ണീർ-

പ്പാടം* കടന്നേ പോകാൻ!

വഴുക്കും വരമ്പിന്റെ

നിർദയാശ്ലേഷം, ജല-

ച്ചുഴിയിൽ പിടയ്ക്കുന്ന

സ്നേഹത്തിൻ പരലുകൾ,

കാറുമൂടിയ വിണ്ണിൻ

ദുർമുഖം, മുറിവിനാൽ

നീറിനിൽക്കുന്നു പൂർവ-

ദിക്കിലെ ജ്യോതിർഗ്ഗോളം,

വെള്ളത്തിൽ മുങ്ങിച്ചത്ത

കൊറ്റിയെപ്പോലെ, നുര-

ത്തള്ളലിൽ കാണാം കൈത-

പ്പൂവിന്റെ ശവമഞ്ചം!

അക്കരെക്കടക്കണ,-

മവിടെ ശ്രീകോവിലിൽ

അഷ്ടബന്ധത്താൽ ബന്ധി-

ച്ചിരിപ്പുണ്ടൊരു ദുർഗ!

എത്ര വേഷങ്ങൾ മുന്നിൽ

വിസ്തരിച്ചുപോയ് ക്രമാൽ

ക്ഷേത്രദർശനത്തിന്റെ

പേരിലും, വഴക്കിലും!

ഓർമകൾക്കെന്നും കാണും

മറ്റൊരു കര പക്ഷേ,

പ്രേമമത്രമേൽ ദയാ-

ശൂന്യമാണെന്നും വരാം

അൻപിയന്നൊരു ഹൃത്തിൻ

കൽപനയുണ്ടാമെങ്കിൽ

അമ്പലത്തിലേയ്ക്കെങ്ങാൻ

പോകണോ, മാനുഷ്യകം!

 

കാലമേ, നിൻ കണ്ണീരിൻ

വരിഷപ്പാടം നീന്താൻ

ലോലമാം ഹൃദയത്തിൻ

കാവ്യകൽപനയ്ക്കാമോ?

കലക്കത്തിലെങ്ങാനും

കാണുവാൻ കഴിയുമോ

വയലിന്നടിത്തട്ടിൻ

വേരുക,ളതേപോലെ-

പിണക്കം, ദാമ്പത്യത്തിൻ

വേരുകൾ ദ്രവിപ്പിക്കും;

കണക്കോർത്തുപോയ് മഹാ-

കവിതൻ കാവ്യാലാപം!

മുറിവിൽ പുരട്ടുവാ-

നിത്തിരി,യുപ്പെന്നപോൽ

മറവിയത്രേ സ്നേഹ-

വൈകൃതത്തിൽ ഭേഷജം!

ഒന്നു പുഞ്ചിരിക്കുവാ-

നിത്തിരിപ്പൊറുക്കുവാ-

നഗ്നിയെപ്പോലെ ദുഃഖ-

മാഹരിക്കാനായെങ്കിൽ-

ഉമിയാൽ മിനുക്കിയ

പിച്ചളപ്പാത്രംപോലെ

ശമത്താൽ ദാമ്പത്യവും

തിളക്കം വരിച്ചേനെ

വെട്ടിയും തിരുത്തിയു-

മെഴുതാം കാവ്യം, കൊല്ലൻ

വെട്ടിരുമ്പിനെപ്പണി-

യായുധമാക്കുന്നപോൽ

പൊരുത്തം പിഴച്ചുപോം

ജീവിതമഹാകാവ്യം

തിരുത്താനാമോ, ഗത-

കാലമേ നമസ്കാരം!

കാഞ്ചനമെന്നേ തോന്നൂ;

നെഞ്ചോടു ചേർക്കുന്നേരം

കാചമായ് മങ്ങും ജാല-

വിദ്യയാണിജ്ജീവിതം

ദുർജ്ഞേയ വ്യാപാരത്തി-

ന്നിരയായ്ത്തീരും ജന്മം,

ദുർഗമപഥങ്ങളിൽ

കാഴ്ചയും മാഞ്ഞേ പോകും!

കലമ്പിക്കുഴയുന്ന

ചിന്തയിൽ വൈലോപ്പിള്ളി

കലക്കംമാറാ കണ്ണീർ

പാടത്തേക്കിറങ്ങുന്നു

സാകൂതമവരെത്താൻ

നോക്കുന്നുണ്ടൊരു കൊച്ചൻ

ആകിലുമീനിർദയ

ലോകദൃഷ്ടാന്തംപോലെ!

അകലെയാകാശത്തി-

ലന്നേരമൊരു മേഘം

അകമേ ദുഃഖം പെയ്ത

കണ്ണീരു തുടയ്ക്കുന്നു.

=========================

*മഹാകവി വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ എന്ന കവിതയുടെ പുനർവായന

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 05:00 GMT
access_time 2026-03-02 04:45 GMT
access_time 2026-02-23 04:15 GMT
access_time 2026-02-23 02:30 GMT
access_time 2026-02-23 02:15 GMT
access_time 2026-02-22 07:04 GMT