ഉച്ചതിരിഞ്ഞ കടപ്പുറം
ഉപ്പുകാറ്റിന്റെ ശീതവാത്സല്യം
ഊഴംകാത്തുനിൽക്കുമാൾ-
ക്കൂട്ടത്തിലേക്ക് കുതിര മടങ്ങിയെത്തി
തടിയുള്ളൊരാളാ-
യാസപ്പെട്ടിറങ്ങുന്നു,
മനുഷ്യരുടെ ഭാരം, അവരുടെ മനസ്സിന്റെ ഭാരത്തേക്കാൾ എത്രയോ തുച്ഛം,
കുതിരയോളം മറ്റൊരു മൃഗവും അതറിഞ്ഞിട്ടില്ല.
മങ്ങിയ ചെമ്പൻ നിറം,
ഉടഞ്ഞ ശംഖ് പോലെ നെറ്റിയിൽ വെളുത്ത പുള്ളി,
കണ്ണുകൾ, കെട്ടുപോയ രണ്ടു നക്ഷത്രങ്ങൾ.
ചടച്ച ദേഹം.
നിസ്സംഗതയിൽ കൊത്തിയ
ശിൽപംപോലെ അതിന്റെ നിൽപ്
നേർത്ത കാറ്റുവന്നുവീണൊരില-
കണക്കെ കുതിരയൊന്നനങ്ങി
പുൽമേടുകളുടെ വിദൂരമായൊരോ-
ർമയതിനെച്ചൂഴെ, താഴെ പൂഴിമണ്ണിലതു
മണത്തു നോക്കുന്നു
വാസനിക്കാനൊന്നുമില്ലാതെ മണൽക്കൂനകളിൽനിന്നും
മുഖ,മൽപമൊന്നുയർത്തി,യിട-
ത്തോട്ടു കഴുത്ത് വെട്ടിച്ച,ലസം നോക്കുന്നു...
പിന്നെ മെല്ലെ വലത്തുമാറിയ അതിന്റെ
നിസ്സഹായ നോട്ടം; തിരിച്ചെടുത്ത്
ഇതു തന്റെ ലോകമേയല്ലെന്ന് ഹതാശമായ ആ കുതിരമുഖം പതിയെ പഴയപടിതന്നെ വന്നുനിൽക്കുന്നു.
(ഒരു കുരിശ് പൂർത്തിയായി,
വായുവിലത,ദൃശ്യം തങ്ങിക്കിടക്കുന്നു)
കൗതുകക്കണ്ണുകളതിനെ തൊട്ടുഴിഞ്ഞ് ഇതോ കുതിരയെന്ന് നിരാശമായിക്കൊണ്ട്
ഓർമകളിൽനിന്നുമവർ അവരുടെ-
യശ്വങ്ങളെ അഴിച്ചുവിടുന്നു:
മുൻകാലുകൾ, കൊത്താനായും രണ്ടു സർപ്പങ്ങൾ.
കണ്ണുകൾ, പുറംചാടാൻ വെമ്പുന്ന രണ്ടു തീഗോളങ്ങൾ.
പല്ലിളിച്ചുകാട്ടി പോർക്കളം വിറപ്പിക്കും ചിനപ്പ്.
കാറ്റിനെപ്പിന്നിലാക്കും ലക്ഷ്യവേഗം.
മൃഗീയമായ അഴക്!
സങ്കൽപത്തിലെ കുതിരയെ
ഒരു വാടകക്കുതിരയിൽ തിരഞ്ഞാൽ
ആർക്കു കാണാനാവും?
സവാരിയുടെ ചുവടുകൾ വീണ്ടും തെളിയുന്നു
കുതിരപ്പുറത്തിപ്പോൾ,
ആറും നാലും വയസ്സുള്ള രണ്ടു കുട്ടികൾ
പേടിമാറി, ഞൊടിനേരംകൊണ്ടാ-
കൂലിക്കുതിരയുമായിട്ടവരിണങ്ങി;
മറ്റൊരു ലോകത്തിലൂടെ ഒഴുകുന്നു
അവിടെയവർ,
നീന്താനോ പറക്കാനോ നിഷ്പ്രയാസം പഠിച്ചു
സ്നേഹമെന്നും അനുകമ്പയെന്നും പേര് സ്വീകരിച്ച്, പലതരം ജീവിവർഗങ്ങളായ് അനവധി വർഷങ്ങൾ ജീവിച്ചു!
കുതിരയുടെ ഏതാനും ചുവടുകൾകൂടി കഴിയുമ്പോൾ
ഭൂമിയിലേക്കവർ മടങ്ങും
പഴയ അതേ കുട്ടികളാവും
എങ്കിലും, അവരുടെ ഉള്ളിൽ
വീണു കിടപ്പുണ്ട് ഒരു വെളിച്ചം!
ഒരു മൃഗത്തിന്റെ ഔദാര്യം,
എത്ര സുതാര്യം!
ഏതളവുപാത്രത്തേയുമതു കവിയുന്നു;
കവിതപോലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.