അഞ്ചാംതരത്തിൽ പഞ്ചാരമണലിൽ അപ്പൂപ്പൻതാടി തുന്നുമ്പോൾ അമ്മയോർമിപ്പിച്ചു; പത്തിലെ ഫുൾ ഏ പ്ലസ്! ഏഴാംക്ലാസിൽ പകൽപ്പൂരത്തിന്റെ മൈതാനത്ത് കാറ്റാടി പറത്തുമ്പോൾ അച്ഛൻ കടുപ്പിച്ചു, പത്തിൽ ‘പത്ത്’. ഒമ്പതിന്റെ നൊസ്റ്റാൾജിയപ്പുറത്ത് കാർട്ടൂൺ നെറ്റ് വർക്കിൽ കുരുങ്ങിക്കിടന്നപ്പോൾ ടീച്ചർമാർ കണ്ണുരുട്ടി അടുത്തകൊല്ലത്തെ ഫ്ലക്സ്ബോർഡ്! ‘പത്തിന്’ പത്തടി ദൂരത്തിൽ പനിച്ച് നിന്ന് പേടിച്ചപ്പോൾ കണക്കിനൊരേപ്ലസ്- ട്യൂഷൻമാഷ് പുലമ്പി. ഉറക്കപ്പായ ചുരുട്ടി വിശന്നവയറ്റത്തടിച്ച് മോണിങ് ക്ലാസ്. മടുത്ത് ചെടിച്ച് ഇഴഞ്ഞ് വലിഞ്ഞൊരീവനിങ്... നൈറ്റ്ക്ലാസിലോ നക്ഷത്രങ്ങൾ നിലാചാപം വീശി കിനാവിന്റെ...
അഞ്ചാംതരത്തിൽ
പഞ്ചാരമണലിൽ
അപ്പൂപ്പൻതാടി തുന്നുമ്പോൾ
അമ്മയോർമിപ്പിച്ചു;
പത്തിലെ ഫുൾ ഏ പ്ലസ്!
ഏഴാംക്ലാസിൽ പകൽപ്പൂരത്തിന്റെ മൈതാനത്ത്
കാറ്റാടി പറത്തുമ്പോൾ
അച്ഛൻ കടുപ്പിച്ചു,
പത്തിൽ ‘പത്ത്’.
ഒമ്പതിന്റെ നൊസ്റ്റാൾജിയപ്പുറത്ത്
കാർട്ടൂൺ നെറ്റ് വർക്കിൽ
കുരുങ്ങിക്കിടന്നപ്പോൾ
ടീച്ചർമാർ കണ്ണുരുട്ടി
അടുത്തകൊല്ലത്തെ ഫ്ലക്സ്ബോർഡ്!
‘പത്തിന്’ പത്തടി ദൂരത്തിൽ
പനിച്ച് നിന്ന് പേടിച്ചപ്പോൾ
കണക്കിനൊരേപ്ലസ്-
ട്യൂഷൻമാഷ് പുലമ്പി.
ഉറക്കപ്പായ ചുരുട്ടി
വിശന്നവയറ്റത്തടിച്ച് മോണിങ് ക്ലാസ്.
മടുത്ത് ചെടിച്ച്
ഇഴഞ്ഞ് വലിഞ്ഞൊരീവനിങ്...
നൈറ്റ്ക്ലാസിലോ നക്ഷത്രങ്ങൾ നിലാചാപം വീശി
കിനാവിന്റെ കോമ്പസിനെ ഒറ്റബിന്ദുവിലൊതുക്കി!
വിജയോത്സവങ്ങളുടെ വയ്യാവേലിപ്പുറത്ത്,
ഏപ്ലസ് മാരത്തണിന്റെ
ഫിനിഷിങ് പോയന്റിനിക്കരെ
കർക്കടകത്തിലും പെയ്യാത്ത മഴയോട്,
മീനത്തെളിവിലും തിളയ്ക്കാത്ത വെയിലിനോട്,
വസന്തമെത്തിയിട്ടും പൂക്കാത്ത ചെറിമരത്തോട്,
പുതുമഴപ്പെയ്ത്തിലും കരയാത്ത തവളച്ചിയോട്,
ഞാറ്റുവേലത്തിരിയിടാത്ത
കൊടിവള്ളിയോട്,
മകരത്തിന്റെ പടിക്കലും
തലപൊക്കാത്ത പുഞ്ചയോട്,
മാരിക്കോളിലും മയങ്ങിയാടാത്ത മയിൽപ്പേടയോട്,
കള്ളക്കണ്ടനു മുന്നിൽ
കുരച്ച് ചാടാത്ത
ശുനകശൂരനോട്,
നിനക്കൊന്നുമീ ഏ പ്ലസ് വേണ്ടേയെന്ന്
ഔട്ട്സ്റ്റാൻഡിങ് പെരുക്കപ്പട്ടികയ്ക്ക്
ഔട്ടായി നിന്നു ഞാൻ
വായപൊത്തിയൊച്ച വെച്ചു.
ഫുൾ ഏ പ്ലസ് പേടിപ്പുറത്ത്
ആലവട്ടപ്രാക്ടിക്കലും
വെഞ്ചാമരത്തിയറിയുമേന്തിയിരിക്കുമ്പോൾ
തനിച്ച് ‘തീർന്നു പോകാൻ’
മടിച്ച് മടിച്ച് ഞാൻ
ലോകാവസാനത്തിനായ്
ആത്മാർഥത്തിരി തെളിച്ച്
എന്റെ പിഞ്ചുഹൃത്തിന്റെ
പഞ്ചാരിമേളങ്ങളിൽ
ആണയിട്ട് പ്രാർഥിച്ചു!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.