1. ഞെട്ടൽ നാലുംകൂടുന്നൊരു വഴിയിൽ ഓർക്കാപ്പുറത്തൊരൊച്ച നായയുടെ മുതുകിൽ മിന്നലൊട്ടിച്ച് മായുന്നു. തലയേഴുദിക്കിൽത്തിരിഞ്ഞ് നാലുകാലൂന്നി ജീവനിൽക്കൊതിയുള്ള പേടി. ആളനക്കം പിടിച്ചോ ആധിപൂണ്ടോ കുഞ്ഞുനാളിലെയേതോ ക്രൂരവിനോദകരുടെ ഓർമകൊണ്ടോ വന്നതേതു മിന്നലെന്ന് കൊണ്ടതേതു പേടിയെന്ന് തിട്ടമേതുമില്ല മുന്നിൽ. ഞെട്ടുന്നു, മീനുകൾ തൊണ്ടയിൽ തൊടുംമുൻപ് ചൂണ്ടകൾ ഞെട്ടുന്ന,രിപ്രാവുകൾ ഞെട്ടുന്നെലികൾ, ഞാഞ്ഞൂളുകൾ ഞെട്ടുന്നു, കിളികൾ കൊറ്റികൾ ഞെട്ടുന്നു, പൈക്കൾ പിടക്കോഴികൾ ഞെട്ടുന്നു, മരങ്ങൾ മലകൾ ഞെട്ടുന്നു, പൊയ്കകൾ പുഴകൾ ഞെട്ടുന്നനേകം തെരുവുകൾ നാടുകൾ നഗരങ്ങൾ. ഞെട്ടലൊരു ഭാഷ, യതിൽ...
1. ഞെട്ടൽ
നാലുംകൂടുന്നൊരു വഴിയിൽ
ഓർക്കാപ്പുറത്തൊരൊച്ച
നായയുടെ മുതുകിൽ
മിന്നലൊട്ടിച്ച് മായുന്നു.
തലയേഴുദിക്കിൽത്തിരിഞ്ഞ്
നാലുകാലൂന്നി
ജീവനിൽക്കൊതിയുള്ള
പേടി.
ആളനക്കം പിടിച്ചോ
ആധിപൂണ്ടോ
കുഞ്ഞുനാളിലെയേതോ
ക്രൂരവിനോദകരുടെ
ഓർമകൊണ്ടോ
വന്നതേതു മിന്നലെന്ന്
കൊണ്ടതേതു പേടിയെന്ന്
തിട്ടമേതുമില്ല മുന്നിൽ.
ഞെട്ടുന്നു, മീനുകൾ തൊണ്ടയിൽ
തൊടുംമുൻപ് ചൂണ്ടകൾ
ഞെട്ടുന്ന,രിപ്രാവുകൾ
ഞെട്ടുന്നെലികൾ, ഞാഞ്ഞൂളുകൾ
ഞെട്ടുന്നു, കിളികൾ കൊറ്റികൾ
ഞെട്ടുന്നു, പൈക്കൾ പിടക്കോഴികൾ
ഞെട്ടുന്നു, മരങ്ങൾ മലകൾ
ഞെട്ടുന്നു, പൊയ്കകൾ പുഴകൾ
ഞെട്ടുന്നനേകം തെരുവുകൾ
നാടുകൾ നഗരങ്ങൾ.
ഞെട്ടലൊരു ഭാഷ,
യതിൽ തിട്ടമില്ലാത്തൊരാന്തല,
തിൻ വ്യാകരണം.
ഞെട്ടാൻ മറന്നൊരാൾ
എന്നോ മരിച്ചതാം
ജീവച്ഛവമേറ്റി നടപ്പവർ.
ചോരകല്ലിച്ച
തൊലി.
ഘനശൈത്യ,
മുറയുമിറച്ചി.
2. എളാപ്പന്റെ വരുത്തുപോക്കുകൾ
പയങ്കുറ്റിമലയ്ക്ക് വടക്കോ
ചൊവ്വാപ്പുഴയ്ക്ക് തെക്കോ
കോട്ടപ്പള്ളിക്ക് കിഴക്കോ
പടിഞ്ഞാറ് പുറങ്കരക്കടാപ്പുറം വിട്ടോ
എളാപ്പൻ പോയിട്ടില്ല.
ആണ്ടിലൊരിക്കൽ
തിറയാട്ടത്തിനോ
കുറിക്കല്യാണത്തിനോ
ചാവടിയന്തിരത്തിനോ
ചമഞ്ഞൊരുങ്ങിപ്പോകും.
മടങ്ങുംവഴി
അന്തിക്കള്ളിന്റെ
അകച്ചൊരുക്കിൽ
ആകാശംമുട്ടെപ്പാടും,
ആർത്താത്തു വരുന്നുണ്ടൊരു മഴ
കാലം തീർത്ത പെരുത്ത മഴ*
അപ്പോൾ മാത്രം
എളാപ്പൻ
എടുപ്പുകുതിരപോൽ
തുള്ളും
അപരഭാഷയിൽ
അമറും.
കണ്ണുചോക്കും
കാലത്തൊരുനാൾ
മലകേറിപ്പോയ
എളാപ്പൻ പിന്നെ
തിരികെയിറങ്ങിയില്ല
നേരം വെളുത്തിട്ടും
കാലം കുമിഞ്ഞിട്ടും
എളാപ്പന്റെ പാട്ട്
കാറ്റുപിടിച്ച കവുങ്ങുംതോപ്പുപോലെ
തലയറഞ്ഞ് തിമിർക്കുന്നു
കണ്ണിമാങ്ങാ പൂക്കും
വെയിൽക്കാലങ്ങളിൽ
എളാപ്പന്റെ ചെങ്കൺതിറകൾ
മലയിറങ്ങിവരുന്നു.
എട്ടുദിക്കും
അലഞ്ഞെത്തിയ
എളാപ്പന്റെ
എടുപ്പുകുതിരകൾ
വട്ടം വട്ടം കെട്ടിയാടുന്നു
കള്ളുതൊണ്ടയിലാർത്തുപാടുന്നു
കാലം തീർത്ത
പെരുമഴ നനയുന്നു.
കുടിവിട്ട് പോകാൻ
ഇടമില്ലാത്തൊരാൾ
എളാപ്പന്റെ വരുത്തുപോക്കുകൾ
കാണുന്നു.
വരവിൽപ്പെട്ട്
വഴിച്ചുറ്റിലുഴറുന്നു.
തെക്കുവടക്കുകിഴക്കുപടിഞ്ഞാറെന്ന്
ഉള്ളംകാലിൽ
വട്ടം വട്ടം ചുറ്റുന്നു.
===========
*തൊണ്ണൂറുകളിൽ തെരുവുനാടകസംഘങ്ങളിൽ കേട്ട മനോജ് പാമ്പാക്കുടയുടെ കവിതയിൽനിന്നുള്ള വരികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.